ആമുഖം
നാം വസിക്കുന്ന ഭൂമി എന്ന ഗ്രഹത്തിന്റെ പ്രതലം 71 ശതമാനവും സമുദ്രമാണ്. ഒപ്പം ഈ ഗ്രഹത്തിൽ ലഭ്യമായിട്ടുള്ള ആകെ ജലത്തിന്റെ 97 ശതമാനവും സമുദ്രത്തിലാണുള്ളത്. അതുകൊണ്ടായിരിക്കാം ആംഗലേയ ശാസ്ത്ര എഴുത്തുകാരിൽ പ്രമുഖനായ ആർതർ സി ക്ലാർക്ക് ഒരിക്കൽ ഇങ്ങനെ എഴുതുകയുണ്ടായി, ”ഈ ഗ്രഹത്തിന്റെ മുഖ്യ സ്വഭാവം വ്യക്തമായും സമുദ്രം ആണെന്നിരിക്കെ അതിനെ ഭൂമി എന്നു വിളിക്കുന്നത് എത്രമാത്രം അനുചിതമാണ്.”
കാലാകാലങ്ങളായി കരയിൽ വസിക്കുന്ന മനുഷ്യർ ഉപഭോഗ ആവശ്യങ്ങൾക്കായി ഈയടുത്ത കാലം വരെയും പ്രധാനമായും കരഭൂമിയിലെ പ്രകൃതിവിഭവങ്ങളെയാണ് ഉപയോഗപ്പെടുത്തിയിരുന്നതെന്ന് നമുക്കറിയാം. അജൈവ ഖനിജങ്ങളായാലും (ധാതുക്കൾ) എണ്ണ, പ്രകൃതിവാതകം തുടങ്ങിയ പെട്രോളിയമായാലും ഇവയ്ക്കായി ഏറെ നൂറ്റാണ്ടുകൾ മനുഷ്യർ ആശ്രയിച്ചിരുന്നത് കരഭൂമി മാത്രമായിരുന്നു. ഭക്ഷ്യ ആവശ്യത്തിനായി മനുഷ്യർ കൃഷി ആരംഭിച്ചപ്പോഴും അത് കരഭൂമിയിൽ ഒതുങ്ങിനിന്നിരുന്നു.
അതേസമയം, സമുദ്രത്തിലെ ഒരു ജൈവ പുനരുജ്ജീവന വിഭവമായ (natural renewable resource) മത്സ്യം ഭക്ഷ്യ ആവശ്യങ്ങൾക്കായി ആദികാലം മുതൽ മനുഷ്യർ ഉപയോഗപ്പെടുത്തിയിരുന്നു. അങ്ങനെ നോക്കുമ്പോൾ വേട്ടക്കാരായ മനുഷ്യരോളം പഴക്കവും ചരിത്രവും മീൻപിടുത്തക്കാർക്കും ഉണ്ടെന്നു പറയാം. സമുദ്രം ഉപയോഗിച്ചിരുന്ന മറ്റൊരു പ്രധാന ജനവിഭാഗമാണ് സഞ്ചാരികളും നാവികരും. വിദൂരദേശങ്ങൾ തമ്മിലുള്ള വാണിജ്യ-വ്യാപാരം ഏറെക്കാലം മുഖ്യമായും നടന്നിരുന്നത് സമുദ്രങ്ങളിലൂടെ കപ്പലുകൾവഴി ആയിരുന്നു.
എന്നാൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിലുണ്ടായ ശാസ്ത്ര വളർച്ച കരഭൂമിയിലുണ്ടാക്കിയ സമ്മർദ്ദവും, പ്രകൃതി വിഭവങ്ങളുടെ ലഭ്യത കുറഞ്ഞതും, പ്രത്യേകിച്ച് വികസിത രാജ്യങ്ങളെ, സമുദ്രത്തിലെ മറ്റു പ്രകൃതിവിഭവങ്ങളുടെ ചൂഷണ (ഉപയോഗ) സാധ്യതകളുടെ അന്വേഷണത്തിലേക്ക് നയിച്ചു.
കരഭൂമിയിലേതിനേക്കാൾ കൂടുതൽ അമൂല്യമായ വിഭവങ്ങൾ, പെട്രോളിയവും പ്രകൃതിവാതകവും ഉൾപ്പെടെ, സമുദ്ര മേഖലയിൽ ഉണ്ടെന്ന് കണ്ടെത്തിയതോടെ സമുദ്രങ്ങളുടെ അധികാര-അവകാശങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളായി മാറി. അങ്ങനെ യു.എൻ ഇടപെടലുകൾക്കും നീണ്ട ചർച്ചകൾക്കുംശേഷം ഒടുവിൽ 1982-ൽ ആഗോള സമുദ്ര നിയമങ്ങളും (Law of the Seas) ഉണ്ടായി. എന്നാൽ മറ്റു ചില രാജ്യങ്ങളുടെ മാതൃക പിന്തുടർന്ന് ഇന്ത്യ 1976ൽ തന്നെ തീരത്തുനിന്നും 200 മൈൽ വരെയുള്ള സമുദ്രത്തിന്റെ അവകാശം സ്ഥാപിച്ചുകൊണ്ട് നിയമനിർമ്മാണം നടത്തിയിരുന്നു (EEZ Act). 1997 ജൂണിൽ ഇന്ത്യ യു.എൻ സമുദ്ര നിയമം അംഗീകരിക്കുകയും ചെയ്തു. ഇതോടെ 200 മൈൽ വരെയുള്ള കടലിലെ മത്സ്യ സമ്പത്ത് മാത്രമല്ല, എല്ലാ പ്രകൃതി വിഭവങ്ങളും നമ്മുടെ രാജ്യത്തിന് അവകാശപ്പെട്ട സ്വത്തായി മാറി.
ഇന്ത്യയിലെ നീക്കങ്ങൾ
ഇന്ത്യയും സമുദ്ര മേഖലയിലെ എണ്ണ പര്യവേക്ഷണവും ഉൽപ്പാദനവും 1970-കളിൽ ആരംഭിച്ചിരുന്നു. 1974-ൽ പൊതുമേഖലയിൽ ആരംഭിച്ച ബോംബേ ഹൈ ഓയിൽ ഫീൽഡാണ് ഇപ്പോഴും ഈ രംഗത്ത് പ്രതിദിനം 2 ലക്ഷം ബാരൽ എണ്ണ ഉൽപ്പാദനവുമായി മുന്നിട്ടുനിൽക്കുന്നത്. തുടർന്ന് ആന്ധ്രയിലെ കൃഷ്ണാ ഗോദാവരി ബേസിനിലെ പ്രകൃതി വാതകം, പന്നാ-മുക്ത ഓയിൽ ഫീൽഡ്, റവ്വാ ഓയിൽ ഫീൽഡ് എന്നിവയും നിലവിൽ വന്നു. ആദ്യമൊക്കെ കേന്ദ്ര സർക്കാരിന്റെ ഓ.എൻ.ജി.സി മാത്രമായിരുന്നു ഈ രംഗത്ത് പ്രവർത്തിച്ചിരുന്നത്. എന്നാൽ പിന്നീടത് അംബാനിയുടെ റിലയൻസ്, നോർവേ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചില ബഹുരാഷ്ട്ര കമ്പനികളുമായി കൂട്ടുചേർന്നുള്ള ചില സംയുക്ത സംരംഭങ്ങളായി രൂപാന്തരം പ്രാപിച്ചു. ഇപ്പോൾ ഓ.എൻ.ജി.സി പോലും വിറ്റഴിക്കാനുള്ള കമ്പനികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നറിയുന്നു.
ആദ്യമൊക്കെ എണ്ണ, പ്രകൃതിവാതക സ്രോതസ്സുകൾ ചൂഷണം ചെയ്യാനായിരുന്നു കൂടുതൽ ശ്രമങ്ങളും നടന്നതെങ്കിൽ അടുത്ത കാലത്തായി മറ്റ് അമൂല്യ ധാതുക്കൾക്കായുള്ള ഖനനം പല രാജ്യങ്ങളുടെയും പരിഗണനയിൽ വന്നിട്ടുള്ളതു പോലെ ഇന്ത്യയിലും ഇത് സംബന്ധിച്ച സാധ്യതകൾ ആരായാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇങ്ങനെയാണ് ബ്ലൂ ഇക്കോണമി നയം ഇന്ത്യയിൽ എന്തായിരിക്കണം എന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലെ സാമ്പത്തിക കാര്യ ഉപദേശക സമിതി പഠനവിധേയമാക്കിയത്.
ഏഴ് വർക്കിംഗ് ഗ്രൂപ്പുകൾ വിവിധ വിഷയങ്ങളിലായി തയ്യാറാക്കിയ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് രൂപം നൽകിയ ബ്ലൂ ഇക്കോണമി കരടു നയരേഖ 2021 ഫെബ്രുവരി 17-നാണ് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചത്. ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 10 ദിവസത്തിനകം ഇ-മെയിൽ വഴി അറിയിക്കണമെന്നും കേന്ദ്ര സർക്കാർ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി ആവശ്യപ്പെട്ടത് പല പത്ര മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. സമുദ്ര പരിസ്ഥിതിയെ മാത്രമല്ല സമുദ്ര സമ്പത്തിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിനാളുകളെയും അവരുടെ വാസസ്ഥലങ്ങളെയും നേരിട്ട് ബാധിക്കാവുന്ന ഒരു നയരേഖ ഇംഗ്ലീഷ് ഭാഷയിൽ മാത്രം പ്രസിദ്ധീകരിച്ചുകൊണ്ട് പത്ത് ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ കാണിച്ച തിടുക്കം പ്രതിഷേധാർഹമാണ്. കടലോര സംസ്ഥാന ഗവൺമെന്റുകളുമായി ഇക്കാര്യത്തിൽ വേണ്ടത്ര കൂടിയാലോചനകൾ പോലും നടന്നിട്ടില്ലെന്നാണ് കേരളത്തിലെ ഫിഷറീസ് മന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ ബ്ലൂ ഇക്കോണമി കരടു നയം എന്താണ് മുഖ്യമായും പറയുന്നത്?
കേന്ദ്ര സർക്കാർ ഇപ്പോൾ പുറത്തിറക്കിയ 43 പേജ് വരുന്ന രേഖ വായിച്ചാൽ, നമ്മുടെ രാജ്യത്തെ കടൽ മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും ജീവിതത്തെയും ഗുരുതരമായി ബാധിക്കാൻ പോകുന്ന കാര്യങ്ങളാണ് അതിൽ എഴുതിവച്ചിരിക്കുന്നതെന്ന് കാണാനാകും.
ഇനി ആഴക്കടലിന്റെ അടിത്തട്ടിലുള്ള എണ്ണയും (പെട്രോളിയം) പ്രകൃതിവാതകവും മാത്രമല്ല, തീരമെന്നോ, തീരക്കടലെന്നോ ആഴക്കടലോ എന്ന വ്യത്യാസമില്ലാതെ പണത്തിന്റെ അടിസ്ഥാനത്തിൽ വിലപിടിപ്പുള്ള നിരവധി ഖനിജങ്ങൾ ചൂഷണം ചെയ്യാൻ പോകുന്നു എന്ന് ഈ രേഖയിൽ വ്യക്തമാക്കുന്നു. ഈ ബ്ലൂ ഇക്കോണമി നയത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ഇന്ത്യയുടെ ആഭ്യന്തര വരുമാനം (GDP) ഇരട്ടിയാക്കണം എന്നതാണ് പ്രഖ്യാപിത ലക്ഷ്യം.
ബ്ലൂ ഇക്കോണമിയിൽ മത്സ്യ മേഖല ഇനി എങ്ങനെയാണ് വികസിപ്പിക്കേണ്ടത് എന്ന കാര്യവും വിഷയമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഇതിനകം ദേശീയ സമുദ്ര മത്സ്യ നയത്തിൽ ഏറെ പ്രതിപാദിച്ചു കഴിഞ്ഞതിനാൽ അതിന് വലിയ പുതുമ ഒന്നുമില്ല. എങ്കിലും ഈ നയരേഖയിലും ആഴക്കടലിലെ മത്സ്യ ഉൽപ്പാദനം കൂട്ടുന്നതിന് നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ തീവ്രമായ സാങ്കേതിക വിദ്യകൾ ആവിഷ്‌കരിക്കാനും നടപടികൾ വേണമെന്ന് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ സമുദ്രത്തിൽ ലഭ്യമായ മത്സ്യസമ്പത്ത് ഇപ്പോൾ തന്നെ അമിത ചൂഷണം നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം എന്നറിയേണ്ടതുണ്ട്.
കടൽ ഖനനം തന്നെയാണ് ബ്ലൂ ഇക്കോണമി നയരേഖയിലെ സുപ്രധാന വിഷയം. കൂടാതെ കടൽ ടൂറിസം, തീരമേഖലയിലെ വ്യവസായങ്ങൾ, പോർട്ടുകളുടെ വികസനം എന്നീ വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട്. മറ്റൊരു വിഷയം തീരമേഖലകളിലെ ഭൂ ഉപയോഗ ആസൂത്രണമാണ് (spatial planning). മീൻപിടുത്തക്കാരെയും കടലോരത്ത് വസിക്കുന്നവരെയും സംബന്ധിച്ചിടത്തോളം ഏറ്റവും ആപൽക്കരമായത് തീരത്തെയും കടലിലെയും ഖനനവും പോർട്ടുകളുടെ വികസനവും കടലോരത്ത് വരാൻ പോകുന്ന വ്യവസായങ്ങളും അത് സൃഷ്ടിക്കാൻ പോകുന്ന മലിനീകരണവുമാണ്.
ഖനനത്തെ പറ്റി രേഖയിൽ ശീർഷകമായി പറയുന്നതുപോലും തീരക്കടലിലും ആഴക്കടലിലുമുള്ള ഖനനം എന്നാണ് (Coastal and Deep sea Mining and Energy). കടലിന്റെ അടിത്തട്ടിലുള്ള നിക്കൽ, യൂറേനിയം, കോപ്പർ, തോറിയം, പോളി-മെറ്റാലിക് സൾഫൈഡുകൾ, പോളിമെറ്റാലിക് മാംഗനീസ് നോഡ്യൂളുകൾ, തീരത്തുള്ള ഇൽമനൈറ്റ്, ഗാമെറ്റ്, സിർക്കോൺ എന്നിവ ഇന്ത്യയുടെ കടലിന്റെ അടിത്തട്ടിൽ സുലഭമായി ലഭിക്കുമെന്നാണ് ഈ നയരേഖയിൽ പറയുന്നത്.
അതേ സമയം നിലവിലുള്ള തീരനിയന്ത്രണ വിജ്ഞാപനത്തിലെ (CRZ) വ്യവസ്ഥകൾ അറ്റോമിക് ധാതുക്കൾ ഒഴികെ (നമ്മുടെ ആലപ്പാട് നടക്കുന്നത്) മറ്റ് ധാതുക്കളുടെ ഖനനം നടത്തുന്നതിന് തടസ്സമാണെന്നും അതുകൊണ്ട് ഉചിതമായി തിരുത്തേണ്ടി വരുമെന്നും രേഖ പറയുന്നു.
ഇത് വളരെ നിർണ്ണായകമാണ്. വികസിത രാജ്യങ്ങൾ പോലും തീരക്കടലിന്റെ പരിസ്ഥിതി പ്രാധാന്യം തിരിച്ചറിഞ്ഞ് പരമാവധി ആഴക്കടലിലാണ് ഖനന പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുള്ളത്. നമ്മുടെ രാജ്യത്ത് നിലവിലുള്ള തീര നിയന്ത്രണ നിയമം, 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വകുപ്പ് 3 പ്രകാരം, കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം 1991ൽ വിജ്ഞാപനം ചെയ്ത് നിലവിൽ വന്നതാണ്. ആദ്യം തീരക്കടൽ ഈ നിയമത്തിന്റെ പരിധിയിൽ ഉണ്ടായിരുന്നില്ല. ഡോ. എം.എസ് സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള ഒരു വിദഗ്ദ്ധസമിതിയുടെ ശുപാർശ അംഗീകരിച്ചു കൊണ്ട് പിന്നീടാണ് തീരത്തുനിന്നും 12 മൈൽ വരെയുള്ള കടൽ മേഖല കൂടി CRZന്റെ പരിധിയിൽ ഉൾപ്പെടുത്തിയത്. അതാണിപ്പോൾ ബ്ലൂ ഇക്കോണമിയുടെ പേരിൽ മാറ്റണമെന്ന് ഈ കരടു രേഖയിൽ പറയുന്നത്. ഈ തീരക്കടൽ തന്നെയാണ് നമ്മുടെ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഏറ്റവും പ്രധാനം എന്നതാണ് മനസ്സിലാക്കേണ്ട വസ്തുത.
ഇന്ത്യയിലെ രണ്ട് പ്രധാന കോർപ്പറേറ്റുകൾക്കായി ഈ കടൽ സമ്പത്ത് വീതം വയ്ക്കാനുള്ള ഒരുക്കമാണ് യഥാർത്ഥത്തിൽ ബ്ലൂ ഇക്കോണമിയിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. എണ്ണ, പ്രകൃതി വാതകങ്ങൾ (പെട്രോളിയം) എന്നിവ അംബാനി ഗ്രൂപ്പിനും, ധാതു സമ്പത്തിന്റെ ഖനനം അദാനിക്കുമായാണ് വീതംവയ്പ് നടത്താൻ പോകുന്നത്. അദാനി ആസ്‌ട്രേലിയയിൽ കടലിൽ നിന്നും കൽക്കരി ഖനനം ചെയ്യാനുള്ള വലിയൊരു പദ്ധതി തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ആസ്‌ട്രേലിയയിൽ നടക്കുന്നുമുണ്ട്. ഗ്രേറ്റ് ബാരിയർ റീഫിന്റെ നാശം ഈ ഖനനത്തിലൂടെ സംഭവിക്കുമെന്ന് ലോകമൊട്ടാകെ പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ആഗോള ബാങ്കുകൾ അദാനിയുടെ ഖനന പദ്ധതിക്ക് വായ്പ നിഷേധിച്ചതോടെ നമ്മുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നാണ് അദാനി ഇതിനുള്ള വായ്പ തേടിയിട്ടുള്ളത്.
കേന്ദ്ര സർക്കാരിന്റെ ഷിപ്പിംഗ് മന്ത്രാലയം 2015 ജൂലായിൽ അംഗീകരിച്ച ഒരു വമ്പൻ വികസന പദ്ധതിയാണ് സാഗർമാല. രാജ്യമൊട്ടാകെ നിരവധി പുതിയ തുറമുഖങ്ങൾ നിർമ്മിക്കാനും അവയുടെ അടുത്തായി കയറ്റുമതി ലക്ഷ്യത്തോടെ വൻ വ്യവസായങ്ങളുടെ സാമ്പത്തിക മേഖലകളും (Coastal Economic Zone) അവയെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡ്-റെയിൽ സൗകര്യങ്ങളും അടങ്ങുന്ന ഒരു ബൃഹത് പദ്ധതിയാണത്. ഈ പദ്ധതി ഏതാണ്ട് മുഴുവനായും ബ്ലൂ ഇക്കോണമിയിൽ ഉൾപ്പെടുത്തിയതായി കാണുന്നു. സ്‌പെഷ്യൽ ഇക്കണോമിക് സോണുകളുടെ ചുവടുപിടിച്ച് വൻ നികുതി ആനുകാല്യങ്ങളും നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നതാണിത്.
എന്നാൽ തീരദേശ ജനങ്ങളെ കബളിപ്പിക്കാനെന്നോണം കോസ്റ്റൽ ഇക്കണോമിക് സോണിന്റെ സ്ഥാനത്ത് ബോധപൂർവം കോസ്റ്റൽ എംപ്ലോയ്‌മെന്റ് സോൺ എന്ന് ബ്ലൂ ഇക്കോണമി നയ രേഖയിൽ ഒരു മാറ്റം കാണുന്നുണ്ട്. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ പേരിലെ മാറ്റമെന്ന് വ്യക്തം. കേരളത്തിലെ പരമ്പരാഗത മത്സ്യ തൊഴിലാളികളെ ഉന്മൂലനം ചെയ്യാനിടയുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ ബ്ലൂ ഇക്കോണമി കരടു നയരേഖ എന്ന് ചുരുക്കം. ഈ കാര്യം സംസ്ഥാനത്തുനിന്നുള്ള പാർലമെന്റംഗങ്ങൾ ഗൗരവത്തിലെടുത്തു കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാത്രമല്ല ബ്ലൂ ഇക്കോണമിയെക്കുറിച്ചുള്ള വ്യാപകമായ ചർച്ചകൾ ജനങ്ങൾക്കിടയിലും രാഷ്ട്രീയ കക്ഷികൾക്കിടയിലും നടക്കേണ്ടതുണ്ട്. ശാസ്ത്രസാഹിത്യ പരിഷത് പോലെയുള്ള സംഘടനകൾ ഇതിനായി മുൻകയ്യെടുക്കണം.
നിയന്ത്രണമേതുമില്ലാതെ സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രമായി സമുദ്രം ചൂഷണം ചെയ്യുന്നത് വൻ പരിസ്ഥിതി ദുരന്തങ്ങളിലേക്ക് നയിക്കുമെന്ന ആശങ്ക ആഗോളതലത്തിൽ ഇന്ന് ഏറെ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്നുണ്ട്. സമുദ്രത്തിന് അതിരുകളില്ലാത്തതിനാൽ സമുദ്ര സംരക്ഷണം രാജ്യങ്ങളുടെ കൂട്ടായ സഹകരണത്തിലൂടെ മാത്രമേ സാധ്യമാകൂ. ഈ ലക്ഷ്യത്തോടെ ചില പാശ്ചാത്യരാജ്യങ്ങൾ ഒത്തു ചേർന്നുള്ള സംവിധാനങ്ങളും നിലവിൽ വന്നിട്ടുണ്ട്. ഇതിൽ നിന്നും ഒഴിഞ്ഞുമാറിയാണ് ആഗോള തലത്തിൽ ചൈനയുടെ ബ്ലൂ ഇക്കോണമി മുന്നേറുന്നത്. ഇന്ത്യയയും ഇക്കാര്യത്തിൽ ചൈനയെ അനുകരിക്കാനാണ് ശ്രമിക്കുന്നതെന്നും ഒപ്പം വൻ കോർപ്പറേറ്റുകളുടെ ലാഭ താൽപ്പര്യങ്ങൾക്ക് വേണ്ടി സമുദ്ര പരിസ്ഥിതി നശിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നുമുള്ള സംശയമാണ് ഈ രേഖ ഉയർത്തുന്നതെന്ന് പറയാതെ വയ്യ.
പ്രിപബ്ലിക്കേഷൻ – പുസ്തകം