ഫ്രാൻസിൽ നിന്ന് പുതിയ ഒരു വാക്‌സിൻ


ഡോ.യു.നന്ദകുമാർ 

അനേകം വാക്സിനുകൾ  എത്തിക്കഴിഞ്ഞെങ്കിലും ഇനിയും പുതിയ വാക്സിനുകൾക്ക് ഇടമുണ്ട് എന്ന് വേണം കരുതാൻ. എല്ലാരിലും വാക്സിൻ എത്തിക്കാനുള്ള കാലതാമസം തന്നെ ഒരു കാര്യം. മറ്റൊന്ന് കോവിഡ് ദീർഘകാലം നമ്മോടൊത്തു ഉണ്ടാകും എന്ന തിരിച്ചറിയൽ. ഭാവിയിൽ വരുന്ന പുതിയ വേരിയന്റുകളിൽ ചിലതിനെങ്കിലും വാക്സിൻ അതിജീവിക്കാനുള്ള കഴിവ് ആർജിച്ചുകൂടെന്നും ഇല്ല.

വാൽനേവ എസ് ഇ (Valneva SE) നിർമിച്ച വാക്സിൻ ഇപ്പോൾ മൂന്നാംഘട്ട പരീക്ഷണത്തിൽ പ്രവേശിക്കുന്നു. എന്താണ് പുതിയ വാക്‌സിൻ പുതുതായി നൽകുന്നത്? വാൽനേവ- കോവിഡ് വൈറസിനെ മുഴുവനായി ഉപയോഗിക്കുന്നു (Inactivated whole virus-vaccine). വീര്യം കെടുത്തിയ SARS-CoV-2 വൈറസ് കൊണ്ട് നിർമിച്ച വാക്സിൻ ശരീരത്തിൽ ശക്തമായ ഇമ്മ്യൂൺ റെസ്പോൺസ് ഉണ്ടാക്കും എന്നു കരുതപ്പെടുന്നു. മുഴുനീള വൈറസ് പദാർത്ഥം ഉപയോഗിക്കുന്നതിനാൽ പുതുതായി ഉണ്ടാകുന്ന വേരിയന്റുകൾക്കെതിരെയും ഫലപ്രദമാകും എന്നാണ് പ്രതീക്ഷ. കോവിഡ് നീണ്ടു നിൽകുമ്പോൾ ബൂസ്റ്റർ വാക്സിനുകൾ ആവശ്യമാകും. ഇത് ഒന്നാം ഘട്ട വാക്‌സിൻ ആയിമാത്രമല്ല, പിൽക്കാല ബൂസ്റ്ററിനും മെച്ചമാണെന്നുകരുത്തപ്പെടുന്നു.

വാൽനേവ നിർമ്മാണപ്രക്രിയ

താമസിച്ചെത്തിയ വാക്സിനായതിനാൽ ചില പ്രശ്നങ്ങളും സാധ്യതകളും അതിനുണ്ട്. ഒന്നാമതായി മറ്റു വാക്സിനുകൾ വിജയകരമായി മുമ്പോട്ടു പോകുന്നതിനാൽ ഇത് താരതമ്യം ചെയ്യപ്പെടേണ്ടത് നിലവിലുള്ള വാക്സിനുമായിട്ടാണ്. അതിനാൽ വാൽനേവ പഠനങ്ങൾ നിർദേശിച്ചിരിക്കുന്നത് ആസ്ട്രസെനേക്കാ വാക്‌സിനോ ചൈനീസ് വാക്‌സിനോ ആയിട്ടായിരിക്കും. അതിൽ മെച്ചമെന്നു കണ്ടാൽ മാത്രമേ വാക്സിൻ വിപണിയിലെത്തൂ. നിലവിൽ പഠനങ്ങളുടെ പോക്ക് കണ്ടിട്ട് മൂന്നാം ഘട്ട പരീക്ഷണങ്ങൾ വിജകരമാകാൻ സാധ്യത ഏറെയുണ്ട്. വാൽനേവയാകട്ടെ, ഇപ്പോഴുള്ള വാക്സിനുകളുടെ ഇടയിൽ സ്വന്തമായൊരു ഇടം കണ്ടെത്താൻ ശ്രമിക്കയാണ്. ഇമ്മ്യൂണിറ്റി കുറഞ്ഞ വ്യക്തികളിൽ പുതിയ വാക്സിൻ ഫലപ്രദമാകും. കൂടാതെ, ഗർഭിണികൾ, കുട്ടികൾ, കാൻസർ പോലുള്ള രോഗം ബാധിച്ചവർ, എല്ലാം വാക്‌സിൻ  സ്വീകരിക്കാൻ സാധ്യത മാറുന്നില്ല.

വിപണി ഒരുങ്ങിക്കഴിഞ്ഞു എന്നുവേണം കരുതാൻ. ബ്രിട്ടൻ വാക്സിൻ വാങ്ങാൻ കരാർ നല്കിക്കഴിഞ്ഞു. സ്കോട്ലൻഡിൽ ഫാക്ടറി തുടങ്ങാനുള്ള സൗകര്യവും ചെയ്തു. ബ്രിട്ടൻ 19 കോടി ഡോസ് വാങ്ങാൻ തയ്യാറായി കഴിഞ്ഞു. മറ്റു രാജ്യങ്ങളുമായി കമ്പനി ഉടൻ തന്നെ കോൺട്രാക്റ്റ് മുദ്രവെയ്ക്കും. ഓസ്ട്രേലിയ കാനഡ എന്നിവയും തൊട്ടു പിന്നിലുണ്ട്.


ലൂക്ക പ്രസിദ്ധീകരിച്ച വാക്സിൻപീഡിയ വായിക്കാം

Leave a Reply