കമ്പ്യൂട്ടറുകൾ നമുക്ക് സുപരിചിതമാണ്. അവയുടെ പുറം ‘മോടി’ മാത്രമല്ല അകം ‘മോടിയും’ ഇപ്പോൾ മിക്ക ആളുകൾക്കും അറിയാം. അതിന്റെ പ്രവർത്തനത്തെ കുറിച്ചും ആളുകൾക്ക് നല്ല ധാരണയുണ്ട്. കമ്പ്യൂട്ടറുകൾ പ്രധാനമായും വിവരങ്ങൾ ശേഖരിക്കാനും അവ വിശകലനം ചെയ്യാനുമാണ് ഉപയോഗിക്കുന്നത്. ഓരോ നിമിഷവും നാം ശേഖരിക്കുന്ന വിവരങ്ങൾ കമ്പ്യൂട്ടറുകൾ അതിന്റെ “മെമ്മറിയിൽ” സൂക്ഷിച്ച് വെക്കുന്നു. നമുക്കാവശ്യമുള്ളപ്പോൾ ആ വിവരങ്ങൾ നമുക്ക് തിരിച്ചെടുക്കാൻ സാധാരണ പ്രയാസമൊന്നും നേരിടാറുമില്ല, ഹാർഡ് വെയർ തകരാറുകൾ ഒന്നും സംഭവിച്ചില്ലെങ്കിൽ. മാത്രമല്ല, ഈ വിവരങ്ങൾ മുഴുവൻ നമുക്ക് മറ്റൊരു ഹാർഡ് ഡിസ്കിലേക്ക് പകർത്തുകയുംചെയ്യാം. ആവശ്യമില്ലാത്തത് “ഡിലീറ്റ്” ചെയ്യാം. ഒക്കെ വളരെ എളുപ്പമാണ്.
മനുഷ്യന്റെ തലച്ചോറ് ഏകദേശം ഒരു കമ്പ്യൂട്ടറിന്റെ ധർമം തന്നെയാണ് നിർവഹിക്കുന്നത്. നമ്മുടെ ഓർമകളും അറിവുകളും ഒക്കെ ഒരു കമ്പ്യൂട്ടറിൽ എന്ന പോലെ നമ്മുടെ തലച്ചോർ ശേഖരിച്ച് വെക്കുന്നു. ആവശ്യമുള്ളപ്പോൾ നമുക്ക് ഒരു പരിധി വരെ അത് തിരിച്ചെടുക്കാനാവും. ഒരോരുത്തർക്കും ഇതിനുള്ള കഴിവ് വ്യത്യസ്ഥമായിരിക്കും എന്ന് മാത്രം. ചിലപ്പോൾ നമ്മെ വേദനിപ്പിക്കുന്നവയും വിഷമിപ്പിക്കുന്നതുമായ ഓർമകളുമുണ്ടാകും ഈ കൂട്ടത്തിൽ. നമ്മുടെ അനുവാദമില്ലാതെ തന്നെ ഈ കാര്യങ്ങൾ ചിലപ്പോൾ നമ്മുടെ ബോധത്തിൽ വന്ന് കൊണ്ടിരിക്കും. അവ നിരന്തരം നമ്മെ പീഡിപ്പിച്ച് കൊണ്ടിരിക്കും.
പക്ഷെ നമ്മുടെ തലച്ചോറിൽ നാം ശേഖരിച്ച് വെക്കുന്ന വിവരങ്ങൾ നമുക്ക് കോപ്പി ചെയ്യാനോ “ഡിലീറ്റ്” ചെയ്യാനോ ഇന്നത്തെ നിലക്ക് സാധ്യമല്ല. അങ്ങിനെ സാധ്യമാവുമായിരുന്നെങ്കിൽ നമുക്ക് ആവശ്യമില്ലാത്ത, നമ്മെ വേദനിപ്പിക്കുന്ന ഓർമകൾ എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യുകയോ അല്ലെങ്കിൽ കോപ്പി എടുത്ത് സൂക്ഷിക്കുകയോ ചെയ്യാമായിരുന്നു.
എന്നാൽ നമ്മുടെ ഓർമകളെ “കട്ട് ആന്റ് പെയിസ്റ്റ്” ചെയ്ത് സൂക്ഷിക്കാവുന്ന സാങ്കേതിക വിദ്യ കണ്ട് പിടിച്ച് ഒരു കാലത്തിന്റെ കഥ പറയുകയാണ് ലെസ്റ്റെ ചെൻ എന്ന തയ്‌വാനീസ് സംവിധായകൻ “ബാറ്റിൽ ഓഫ് മെമ്മറീസ്” എന്ന ത്രില്ലർ സിനിമയിലൂടെ.
ജിയാങ്ങ് ഫെങ് എന്ന എഴുത്തുകാരനാണ് സിനിമയിലെ നായകൻ. അതോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ഴാങ് ഡൈചെൻ, ഡിറ്റക്റ്റീവ് ഷെൻ ഹാൻക്കുയാങ്, പോലീസ് മെഡിക്കൽ ഓഫീസർ ചെൻ ഷാൻഷാൻ, അസിസ്റ്റന്റ് ലെ റ്റ്സി എന്നിവരും സിനിമയിലുണ്ട്.
സ്വന്തം ഭാര്യയുമായി പിരിയാനുള്ള തയ്യാറെടുപ്പിലായിരുന്നു ഫെങ്. ഓർമകൾ ഡിലീറ്റ് ചെയ്ത് അവയെ പ്രത്യേകം ഉപകരണങ്ങളിൽ സൂക്ഷിച്ച് വെക്കുന്ന ഒരു കമ്പനിയിൽ ജിയാങ്ങ് ഫെങ് പോവുകയും അവിടെ വെച്ച് അദ്ദേഹം ഭാര്യ ഴാങ് ഡൈചെന്നുമായി ബന്ധപ്പെട്ട പഴയകാല ഓർമകൾ മുഴുവൻ നീക്കം ചെയ്യുകയും ചെയ്യുന്നു. അവയൊക്കെ വളരെ ഭദ്രമായി കമ്പനി സൂക്ഷിക്കും എന്നും ആവശ്യമുള്ളപ്പോൾ അവയെ ഒരു തവണ റീഇമ്പ്ലാന്റ് ചെയ്യാം എന്നുമുള്ള കമ്പനിയുടെ ഉറപ്പിൽ അയാൾ വിശ്വസിക്കുകയും ചെയ്യുന്നു. ഓർമ്മകൾ മാറ്റിയ ശേഷം കമ്പനി ജിയാങ്ങ് ഫെങിന് ആവശ്യമുള്ളപ്പോൾ മെമ്മറി തിരിച്ചെടുക്കാനാവശ്യമുള്ള എലെക്ട്രോണിക് താക്കോൽ നൽകുകയും ചെയ്തു. എപ്പോഴെങ്കിലും സ്വന്തം ഓർമകൾ തിരിച്ച് വേണം എന്ന് തോന്നുന്ന പക്ഷം ഈ താക്കോലുമായി കമ്പനിയിൽ വന്നാൽ മതി. കമ്പനി അയാളുടെ ഓർമ്മകൾ തിരിച്ച് നൽകും. പക്ഷെ പ്രോസെസ്സ് കഴിഞ്ഞ് ഫെങ് പുറത്തിറങ്ങിയപ്പോൾ അവിടെ ഒരു ചെറിയ “അടിപിടി” നടക്കുകയും അതിൽ പെട്ടുപോയ ജിയാങ്ങ് ഫെങിന്റെ കയ്യിൽ നിന്നും തെറിച്ച് വീണ് എലെക്ട്രോണിക് താക്കോൽ തകർന്ന് പോവുകയും ചെയ്യുന്നു.
വീട്ടിൽ തിരിച്ചെത്തിയ ഫെങ് ഭാര്യയുമായി വിവാഹമോചനത്തിന്റെ കാര്യം സംസാരിക്കുന്നു. അവൾ അത് സമ്മതിക്കുന്നു. പക്ഷെ ഒരു നിബന്ധന അവൾ മുന്നോട്ട് വെച്ചു. ഫെങ് അയാളുടെ മെമ്മറി റീസ്റ്റോർ ചെയ്യണം. അതിന് ശേഷം കരാറിൽ ഒപ്പിടാം. നിബന്ധന പാലിക്കാതെ വിവാഹമോചനം സാധ്യമല്ല എന്ന് മനസ്സിലാക്കിയ ഫെങ് വീണ്ടും കമ്പനിയെ സമീപിച്ചു. എലെക്ട്രോണിക് താക്കോൽ ഇല്ലെങ്കിലും കമ്പനി അയാളുടെ മെമ്മറി വീണ്ടെടുത്ത് റീഇമ്പ്ലാന്റ് ചെയ്യുന്നു. പക്ഷെ റീഇമ്പ്ലാന്റ് ചെയ്യുമ്പോൾ ചെറിയ (വലിയ) ഒരു അബദ്ധം സംഭവിച്ചു. ഫെങിന്റെ ഓർമക്ക് പകരം ഒരു കൊലപാതകിയുടെ ഓർമകളാണ് ഇമ്പ്ലാന്റ് ചെയ്ത് പോയത്. പകരം അയാളുടെ ഓർമകൾ മറ്റൊരാളിലും റീഇമ്പ്ലാന്റ് ചെയ്തു. ആ ഓർമകൾ ഒരു കൊലപാതകിയുടേതായിരുന്നു. അതിലൂടെ ഒരു സ്ത്രീയുടെ കൊലപാതകത്തിന്റെ നാൾവഴികൾ ഫെങിന്റെ ഓർമയിലേക്ക് സാവകാശം കടന്നു വന്നു.
ഫെങ് ഉടനെ പോലീസുമായി ബന്ധപ്പെട്ടു. പക്ഷെ ആദ്യം പോലീസ് ഇത് വിശ്വസിക്കാൻ തയ്യാറായില്ല. എന്നാൽ ഫെങിന്റെ പല വെളിപ്പെടുത്തലുകളും അവർ അന്വേഷിച്ച് കൊണ്ടിരിക്കുന്ന ഒരു കൊലപാതകവുമായുള്ള ബന്ധം കണ്ടെത്തിയ പോലീസ് ഫെങിനെയാണ് അറസ്റ്റ് ചെയ്യുന്നത്. അയാളെ അവർ ജയിലിലടക്കുന്നു.
അപ്പോഴാണ് ഭീതിജനകമായ ഒരു കാര്യം ഫെങിന്റെ മനസ്സിൽ ഉദിച്ചത്. തന്റെ ഓർമകൾ കൊലപാതകിയിൽ ഉണ്ട് എന്ന വസ്തുത. അത് വെച്ചു അയാൾ തന്റെ ഭാര്യയെ അപായപ്പെടുത്തുമോ എന്ന് അയാൾ ശങ്കിക്കുന്നു. ഭാര്യയെ രക്ഷിക്കാൻ ഫെങ് ജയിൽ ചാടിയെങ്കിലും പിടിക്കപ്പെടുന്നു.
പക്ഷെ പോലീസിന്റെ ഒളിച്ച്കളികളിൽ ഫെങിന് സംശയം തോന്നുന്നു. നിലവിലുള്ള ഓർമ്മകളിൽ നിന്നും കൊല്ലപ്പെട്ട സ്ത്രീയുടെ അടുത്ത സ്നേഹിതയാവും കൊലപാതകി എന്ന് ഫെങ് സംശയിക്കുന്നു. അത് പോലീസ് മെഡിക്കൽ ഓഫീസർ ചെൻ ഷാൻഷാനിലേക്കായിരുന്നു വിരൽ ചൂണ്ടിയത്. തന്റെ ഭാര്യയും ചെൻ ഷാൻഷാനും അടുത്ത സുഹൃത്തുക്കളാണ് എന്ന് ഇതിനിടയിൽ ഫെങ് മനസിലാക്കുന്നു. അതോടെ അയാളുടെ ഭയം ഇരട്ടിച്ചു. പക്ഷെ സ്വന്തം ഓർമകളിലൂടെ വീണ്ടും പരതി നടന്ന ഫെങിന് ഒടുവിൽ ഈ കേസ് അന്വേഷിക്കുന്ന ഡിറ്റക്റ്റീവ് ഷെൻ ഹാൻക്കുയാങിലേക്ക് സംശയം നീളുന്നു. അപകടം മണത്തറിഞ്ഞ ഷെൻ ഫെങിനെ കൊല്ലാൻ ശ്രമിച്ചുവെങ്കിലും ഫെങിന്റെ ഭാര്യ അത് തടയാൻ ശ്രമിക്കുന്നു. ഫെങിന്റെ ഓർമകൾ മനസ്സിൽ സൂക്ഷിക്കുന്ന അയാൾക്ക് അവളുടെ ഇച്ഛയെ മറികടന്ന് ഫെങിനെ വധിക്കാൻ കഴിഞ്ഞില്ല.
മനുഷ്യന്റെ ഓർമകൾ കോപ്പിയെടുക്കാനാവുമോ എന്നതല്ല അത്തരം സാധ്യതകളെ നമുക്ക് തള്ളിക്കളയാവുന്നതല്ല എന്നത് ഒരേ സമയം ഭീതിജനകവും സന്തോഷകരവും ആണ്. ഭാവിയിൽ ഇത് സാധ്യമായാൽ കുറ്റം തെളിയിക്കാൻ പിന്നെ മൂന്നാം മുറയുടെ ആവശ്യമേ ഇല്ലാതാവും. അന്വേഷണങ്ങളും ശാസ്ത്രീയമായ തെളിവ് ശേഖരിക്കലും പഴങ്കഥയാവും. കുറ്റവാളി എന്ന് സംശയം തോന്നുന്ന ആളുടെ ഓർമ്മകളുടെ കോപ്പിയെടുത്ത് അത് കമ്പ്യൂട്ടറിൽ അനലൈസ് ചെയ്താൽ എല്ലാ വിശദാംശങ്ങളുമടക്കം കുറ്റം തെളിയിക്കാം. പക്ഷെ ഇതിന്റെ ദുരുപയോഗം നമ്മുടെ ഭാവനക്ക് അപ്പുറത്തായിരിക്കും. ഇത് ഓരോ മനുഷ്യന്റെ രഹസ്യങ്ങളുടെ അന്ത്യമായിരിക്കും. ഓരോ മനുഷ്യനും പുറത്ത് പറയാൻ കൊളളാത്ത എത്രയധികം രഹസ്യങ്ങൾ സൂക്ഷിക്കുന്നുണ്ടാവും അതൊക്കെ പുറത്താകുന്നത് പോലെ ‘അപകടകരമായ” മറ്റെന്തുണ്ട്?. എന്തായാലും ശാസ്ത്രത്തിന്റെ വികാസത്തെ നമുക്ക് തടയാനാവില്ല. അതിന്റെ ദുരുപയോഗത്തെ ഒരു പരിധി വരെ തടയാനുമാവും.