കേരളത്തിൽ അറോറ കണ്ടാൽ ലോകാവസാനം ആണോ?
എന്താണീ അറോറ ?
സൂര്യനിൽനിന്നു വരുന്ന ശക്തമായ ചാർജിതകണങ്ങളുടെ പ്രവാഹമാണ് ധ്രുവദീപ്തി എന്ന അറോറയ്ക്കു കാരണമാകുന്നത്. ഭൂമിയുടെ കാന്തികമണ്ഡലം ഇത്തരം സൗരക്കാറ്റുകളിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്നുണ്ട്.
എന്നാൽ ധ്രുവപ്രദേശങ്ങളോടു ചേർന്ന ഇടങ്ങളിൽ ചാർജിതകണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കുറച്ചൊക്കെ കടക്കും. അത് അന്തരീക്ഷത്തിലെ ഓക്സിജനുമായും നൈട്രജനുമായും മറ്റും ഇടിയുണ്ടാക്കിയാണ് വിവിധ നിറങ്ങൾ ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. വിവിധ ഉയരങ്ങളിൽ വിവിധ നിറങ്ങളാവും സൃഷ്ടിക്കപ്പെടുന്നത്.
ധ്രുവപ്രദേശങ്ങളിൽ ഇത് സാധാരണമാണെങ്കിലും ഭൂമധ്യരേഖയോടു ചേർന്ന് ധ്രുവദീപ്തി കാണപ്പെടാറില്ല. സൂര്യനിലെ സൗരക്കാറ്റ് ചില സമയങ്ങളിൽ കൂടുതലാകും. അത്തരം ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്കെത്തുമ്പോൾ ധ്രുവപ്രദേശത്തുനിന്ന് അകലെയുള്ള പ്രദേശങ്ങളിലേക്കും ധ്രുവദീപ്തി വ്യാപിക്കും.. സൗരക്കാറ്റിന്റെ ശക്തിയനുസരിച്ചാവും ധ്രുവപ്രദേശത്തുനിന്ന് എത്ര അകലത്തേക്ക് അറോറ കാണുമെന്ന് തീരുമാനിക്കപ്പെടുന്നത്.
സൗരക്കാറ്റ് ആളത്ര നിസ്സാരമല്ല. ചാർജുള്ള കണങ്ങളുടെ പ്രവാഹമായതിനാൽ ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്ക് ചെറിയ കേടുപാടുകൾ വരുത്താൻ അതിനു കഴിയും. എന്നാൽ അതിനെക്കാൾ കൂടുതൽ മറ്റൊരു പ്രശ്നമുണ്ട്. സാധാരണഗതിയിൽ ഭൂമിയുടെ കാന്തികമണ്ഡലം സൗരക്കാറ്റിനെ വഴിതിരിച്ചു വിടുന്നതിനാൽ ഭൂമിക്ക് പ്രശ്നമാവാറില്ല. എന്നാൽ സൗരക്കാറ്റിന്റെ ശക്തി കൂടിയാൽ, പ്രത്യേകിച്ച് അതിലെ ചാർജിതകണങ്ങളുടെ ഊർജം അധികമാണെങ്കിൽ,കാന്തികമണ്ഡലത്തെയും മറികടന്ന് ഭൗമോപരിതലത്തിൽവരെ അത് എത്തിച്ചേരാം. മാത്രമല്ല കാന്തികമണ്ഡലത്തിന് ഉണ്ടാവുന്ന താത്ക്കാലികവ്യതിയാനം വൈദ്യുതവിതരണശൃംഖലകളെയും ബാധിക്കാം. ആധുനികലോകത്തെ ഒരു വിധം ഇലക്ട്രോണിക് ഇലക്ട്രിക്കൽ ഉപകരണങ്ങൾക്കൊക്കെ കേടുപാടുകൾ വരാനുള്ള സാധ്യത കൂടുതലാണ്.
ഭൂമധ്യരേഖക്കടുത്ത് അറോറ കാണാനാകുമോ ?
ഭൂമധ്യരേഖയ്ക്കടുത്ത് കിടക്കുന്ന കേരളത്തിൽ അറോറ കാണണമെങ്കിൽ സാധാരണ സൗരക്കാറ്റൊന്നും പോരാ. അതിതീവ്രമായ, അത്യപൂർവമായ തരം സൗരക്കാറ്റൊക്കെ വരണം. അത് ഭൂമിയിലെ ഇലക്ട്രോണിക്ക് ഉപകരണങ്ങളെ ഏതെല്ലാം തരത്തിൽ ബാധിക്കും എന്ന് പറയാനാവില്ല. കാന്തികമണ്ഡലത്തിൽ കുറച്ചു സമയത്തേക്ക് പെട്ടെന്നുള്ള വ്യതിയാനങ്ങളും വരുത്താം. രണ്ടുംകൂടി ഉപഗ്രഹങ്ങളടക്കം പലതിനെയും ബാധിച്ചേക്കാം. അങ്ങനെ ഭയപ്പെടുന്നപോലെയൊക്കെ സംഭവിച്ചാൽ ഒരു പവർ ബ്ലാക്ക്ഔട്ട് വരെ ഉണ്ടായേക്കാം.
അതുകൊണ്ട് കേരളത്തിൽ അറോറ കാണണമെന്ന് ആഗ്രഹിക്കാതിരിക്കുന്നതാവും നല്ലത്. പിന്നെ, ലോകാവസാനമാണെന്നൊന്നും പേടിക്കേണ്ടതില്ല. സൗരക്കാറ്റ് മാറുന്നതോടെ പ്രശ്നങ്ങളൊക്കെ കെട്ടടങ്ങും.