ബാലചന്ദ്രൻ ചിറമ്മൽ എഴുതുന്ന സയൻസ് ഫിക്ഷൻ സിനിമകളെ പരിചയപ്പെടുത്തുന്ന പംക്തിയിൽ അലക്സ് ഗാർലാന്റ് സംവിധാനം ചെയ്ത “ആനിഹിലേഷൻ” എന്ന സിനിമയെക്കുറിച്ചു വായിക്കാം
ആകാശത്തിന്റെ അനന്തതയിൽ എവിടെയെങ്കിലും ജീവന്റെ തുടിപ്പുകൾ ഉണ്ടായിരിക്കും. ജീവന്റെ ആ തുടിപ്പുകളെ പറ്റി എല്ലായ്പ്പോഴും ഉത്കണ്ഠാകുലരാണ് മനുഷ്യർ. ഭൂമിക്ക് പുറത്തുള്ള ജീവനെക്കുറിച്ച് ശാസ്ത്രം അന്വേഷിക്കാൻ തുടങ്ങിയിട്ട് എത്രയോ കാലമായി. പക്ഷെ വെറും കെട്ടുകഥകൾക്കപ്പുറം ശാസ്ത്രീയമായ തെളിവുകൾ ഒന്നും ഇത് വരെ ലഭിച്ചിട്ടില്ല. അത് കൊണ്ട് തന്നെ മനുഷ്യഭാവനകൾ ഇഷ്ടം പോലെ കഥകൾ മെനെഞ്ഞെടുത്ത് മനുഷ്യന്റെ കാത്തിരിപ്പുകളെ തൃപ്തിപ്പെടുത്തുന്നു. പറക്കും തളികകളായും മറ്റും അവ നമ്മുടെ മുന്നിൽ എത്രയോ കാലമായി പ്രചരിപ്പിക്കപ്പെടുന്നു. അതോടൊപ്പം അന്യഗ്രഹജീവികൾ കഥാപാത്രങ്ങളായി വരുന്ന നിരവധി സിനിമകളും നമുക്ക് സുപരിചിതമാണ്. അവയിൽ മിക്കവയിലും അന്യഗ്രഹജീവികൾ ദുഷ്ടകഥാപാത്രങ്ങളായിരിക്കും. അങ്ങിനെയല്ലാത്തവ അപൂർവം മാത്രം. അത് മാത്രമല്ല മനുഷ്യനേക്കാൾ ബുദ്ധിപരമായി മികവ് പുലർത്തുന്നവയാണ് ഈ ജീവികളിൽ പലതും. അത് കൊണ്ട് തന്നെ ഈ സിനിമകൾ മനുഷ്യനെ അന്യഗ്രഹജീവികളുടെ ശത്രക്കളാക്കുകയാണ് ചെയ്യുന്നത്. മാർസ് അറ്റാക്ക്, പ്രിഡേറ്റർ, ഏലിയൻ മുതലായവ ഉദാഹരണങ്ങളാണ്.
അലക്സ് ഗാർലാന്റ് സംവിധാനം ചെയ്ത “ആനിഹിലേഷൻ” അന്യഗ്രഹത്തിൽ നിന്നും ഭൂമിയിൽ എത്തുന്ന ഒരു ഉൽക്കയുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ഒരു ചിത്രമാണ്. പക്ഷെ ഇതിൽ ജീവനല്ല അജ്ഞാതമായ ഒരു പ്രതിഭാസമാണ് ഭൂമിയിൽ എത്തുന്നതും ഭൂമിയെ അപ്പാടെ മാറ്റാൻ ശ്രമിക്കുന്നതും. അതിന് അത് സ്പർശിക്കുന്ന എല്ലാത്തിന്റെയും ഡി എൻ എ യെ പരിവർത്തനം ചെയ്യാനും അത് വഴി എല്ലാത്തിനെയും മാറ്റിമറിക്കാനുമുള്ള ശേഷിയുണ്ട്. അതോടൊപ്പം തന്നെ ഒരു കാൻസർ പോലെ അതിന്റെ പ്രഭാവലയം നിരന്തരം വികസിപ്പിക്കാനും അതിന് ശേഷിയുണ്ട്.
അനന്തതയിൽ നിന്നും വന്ന് ഭൂമിയിലെ ഒരു ദീപസ്തംഭത്തിൽ ഇടിച്ച് വീണൂ തകർന്ന ഒരു ഉൽക്ക അത് വീണതിന് ചുറ്റും ഒരു പ്രഭാവലയം തീർക്കുന്നു. അതിന് “ഷിമ്മർ” എന്ന് ശാസ്ത്രസമൂഹം പേരിടുന്നു. നിരന്തരം വികസിക്കുന്ന അതിനെ പറ്റി പഠിക്കാൻ അധികൃതർ ആദ്യം അങ്ങോട്ട് അയച്ചത് ഒരു സൈനിക ഗ്രൂപ്പിനെയാണ്. എന്നാൽ പോയവരിൽ ആരും തിരിച്ച് വന്നില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ അവരിലൊരാൾ – കെയിൻ തിരിച്ച് വരുന്നു. സെല്ലുലാർ ബയോളജിസ്റ്റ് ലീനയുടെ ഭർത്താവാണ് കെയിൻ. ലീനയും മുൻപ് മിലിട്ടറിയിൽ ജോലി ചെയ്തിട്ടുണ്ട്. കെയിൻ തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന് തന്റെ യാത്രയിൽ നടന്ന ഒരു കാര്യവും ഓർമയില്ല. താൻ കെയിൻ തന്നെയാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് പോലും അദ്ദേഹം സംശയിക്കുന്നുണ്ട്. തിരിച്ചെത്തിയ കെയിനിന്റെ ആരോഗ്യം മോശമാവുകയും അദ്ദേഹം വളരെ പെട്ടെന്ന് രോഗിയായി മാറുകയും ചെയ്യുന്നു. രോഗബാധിതനായ കെയിനിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടയിൽ ആർമി അവരെ തടഞ്ഞ് ലീനയെയും കെയിനിനെയും ഒരു രഹസ്യസങ്കേതത്തിലേക്ക് മാറ്റുന്നു. അവിടെ വെച്ചാണ് കെയിനിന്റെ യഥാർഥദൌത്യം എന്തായിരുന്നു എന്ന് ലീന അറിയുന്നത്. “ഏരിയ എക്സ്” എന്ന പേരിൽ അറിയപ്പെട്ട ആ സ്ഥലം വളരെ രഹസ്യമായി നിർത്തിയ സ്ഥലമാണ്. അവിടെ നിന്ന് നിരന്തരം വികസിക്കുന്ന ഷിമ്മർ കാണാനാവും. അവിടെ എത്തിയ കെയിനിനെ ഉടൻ തന്നെ അവിടെ സജ്ജമാക്കിയ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നു. ലീനക്ക് പോലും അവിടെ പ്രവേശനം നിഷേധിച്ചിരുന്നു. അവിടെ വെച്ച് ലീന കുറച്ച് വനിതകളുമായി പരിചയപ്പെടുന്നു. അവരൊക്കെ ഷിമ്മറിലേക്കുള്ള അടുത്ത മിഷന് തെരെഞ്ഞെടുക്കപ്പെട്ടവരാണ് എന്ന് ലീനക്ക് മനസ്സിലായി. അടുത്ത ടീം മൊത്തം സ്ത്രീകൾ മാത്രമടങ്ങുന്നവർ മതി എന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. സെല്ലുലർ ബയോളജിസ്റ്റും പഴയ മിലിട്ടറിക്കാരിയും ഷിമ്മറിൽ നിന്നും തിരിച്ച് വന്ന ഒരേ ഒരാളുടെ ഭാര്യയും ഒക്കെയായ ലീനയെയും സർക്കാർ ടീമിൽ ഉൾപ്പെടുത്തുന്നു, ലീനയുടെ സമ്മതമില്ലാതെ തന്നെ. എങ്കിലും ലീന അത് നിഷേധിക്കുന്നില്ല.
അങ്ങനെ അഞ്ച് പേരടങ്ങുന്ന സംഘം ഷിമ്മറിനകത്ത് പ്രവേശിക്കുന്നു. മനഃശാസ്ത്രജ്ഞയായ വെന്റ്രസ്സ്, ഭൌതികശാസ്ത്രജ്ഞ ജോസീ റാഡെക്, ഭൌമ ശാസ്ത്രജ്ഞ കാസ് ഷെപ്പേഡ്, പാരാമെഡിക്കായ അന്യ തോറെൻസൺ എന്നിവരടങ്ങുന്ന സംഘത്തിന്റെ തലവൻ വെന്റ്രസ്സ് ആയിരുന്നു. ആവശ്യമായ എല്ലാ സങ്കേതങ്ങളുമായി സംഘം ഷിമ്മറിലേക്ക് കടക്കുന്നു.
ഷിമ്മറിനകത്ത് പ്രവേശിച്ച ഉടൻ തന്നെ സംഘത്തിന് ബോധം നഷ്ടപ്പെട്ടു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ബോധം തിരിച്ച് കിട്ടിയ അവർക്ക് ഷിമ്മറിനകത്ത് പ്രവേശിച്ചതിന് ശേഷമുള്ള ഒരു കാര്യവും ഓർമ്മിക്കാനായില്ല. മാത്രമല്ല അവരുടെ എല്ലാ ഇലക്ട്രോണിക്ക് ഉപകരണങ്ങളും പ്രവർത്തനരഹിതമാവുകയും ചെയ്തു.
ഷിമ്മറിനകത്ത് മിക്ക ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും മ്യൂട്ടേഷൻ സംഭവിച്ച കാഴ്ചയാണ് സംഘം കണ്ടത്. അവരെ ആദ്യം ആക്രമിച്ചത് ഒരു ആല്ബിനോ മുതലയായിരുന്നു. അതിന് സ്രാവിന്റെ പല്ലുകളായിരുന്നു ഉണ്ടായിരുന്നത്. മരങ്ങളൊക്കെ മനുഷ്യരൂപം പൂണ്ടിരുന്നു. അവിടെ കണ്ടെത്തിയ ഒരു മെമ്മറി കാർഡിൽ നിന്നും കിട്ടിയ വീഡിയോയിൽ നേരത്തെ വന്ന സംഘത്തിലെ ഒരു അംഗത്തിന്റെ വയർ കീറുന്നതും അതിനകത്ത് സ്വതന്ത്രമായി ചലിക്കുന്ന ആന്തരിക അവയവങ്ങളുമാണ് അവർ കണ്ടത്. ഒരു സൈനികന്റെ ശരീരത്തിൽ അവയവങ്ങളൊക്കെ ആൽഗകളായി വളർന്നതും അവർ കണ്ടു. അതിനിടയിൽ കാസ്സ് ഷെപ്പേർഡിനെ ഒരു കരടി ആക്രമിച്ച് കൊന്നു. പിന്നീട് അത് കാസിന്റെ ശബ്ദത്തിൽ അലറുകയും അത് വഴി അന്യയെ ആകർഷിച്ച് അവളെ ആക്രമിച്ച് കൊല്ലുകയും ചെയ്യുന്നു. അതോടെ സംഘത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു, ഡോക്ടർ വെന്റ്രസ് അവരെ ഉപേക്ഷിച്ച് ദീപസ്തംഭം ലക്ഷ്യമാക്കി നടന്ന് മറഞ്ഞു. അതിനിടയിൽ ജോസി റാഡെക് ഒരു പൂമരമായി മാറുകയും ചെയ്തു. ഒടുവിൽ ലീന മാത്രം ബാക്കിയായി. ഒറ്റപ്പെട്ട ലീന ലൈറ്റ് ഹൌസ് ലക്ഷ്യം വെച്ച് നടന്നു. ലൈറ്റ് ഹൌസിന് ചുറ്റുമുള്ള സ്ഥലത്തൊക്കെ മ്യൂട്ടേഷൻ സംഭവിച്ചതിന്റെ ഫലമായി പല രൂപത്തിലുള്ള സുതാര്യമായ സ്തൂപങ്ങൾ ദൃശ്യമായിരുന്നു.
ലീന ലൈറ്റ് ഹൌസിനകത്ത് പ്രവേശിച്ചപ്പോൾ അവളെ ഞെട്ടിച്ച് കൊണ്ട് കെയിനിന്റ് മൃതദേഹം അവിടെ ഉണ്ടായിരുന്നു. അതിനു നേരെ നിർത്തിവെച്ച ഒരു ക്യാമെറയിൽ ഷൂട്ട് ചെയ്ത ദൃശ്യം അവളെ അമ്പരപ്പിച്ചു. യഥാർഥ കെയിൻ ആൽമഹത്യ ചെയ്യുന്ന ദൃശ്യമായിരുന്നു അത്. പകരം അയാളുടെ ഒരു “ഡ്യൂപ്ലിക്കേറ്റ്” ആ സ്ഥാനം ഏറ്റെടുക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. കെയിൻ ഉപയോഗിച്ച അതേ മാർഗം ഉപയോഗിച്ച് ലീനയും ഷിമ്മറിൽ നിന്നു രക്ഷപ്പെട്ടു. അതിനിടയിൽ ഷിമ്മർ തകർന്ന് വീണു. രക്ഷപ്പെട്ട് വന്ന ലീനയെ ആർമിയും ശാസ്ത്രജ്ഞരും ചോദ്യം ചെയ്യുന്നിടത്ത് നിന്നാണ് സിനിമ ആരഭിക്കുന്നത്. കെയിനിനെ കാണാൻ ലീനയെ അധികൃതർ അനുവദിക്കുകയും അവർ പരസ്പരം കണ്ട് മുട്ടുകയും ചെയ്യുമ്പോൾ അവർ പരസ്പരം ചോദിക്കുന്നത് ‘നിങ്ങൾ തന്നെയാണോ കെയിൻ/ലീന?”എന്നാണ്.