Read Time:24 Minute
ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം

പരിണാമ ജീവശാസ്ത്രത്തിൽ ആൾട്രൂയിസം എന്ന പദം സൂചിപ്പിക്കുന്നത് ഒരു ജീവി സ്വയം നഷ്ടം സഹിച്ചു കൊണ്ട് മറ്റു ജീവികൾക്ക് ഗുണകരമായ പ്രവർത്തനത്തിൽ ഏർപ്പെടുന്നതാണ്. “അപരൻ’ എന്നർഥം വരുന്ന “ആൾട്രൂയി’ എന്ന ഇറ്റാലിയൻ പദത്തിൽ നിന്നാണ് ആൾട്രൂയിസം എന്ന വാക്കിന്റെ നിഷ്പത്തി. മനുഷ്യവ്യവഹാരത്തെക്കുറിച്ചു പരാമർശിക്കുമ്പോൾ “പരക്ഷേമകാംഷ’ എന്ന അർഥത്തിലാണ് ഈ പദം ഉപയോഗിക്കുന്നത്.

അപരന്റെ ക്ഷേമത്തെ ബോധപൂർവം ലക്ഷ്യമാക്കുന്ന, അഥവാ അപരന്റെ ക്ഷേമം പ്രധാന പ്രേരണയാകുന്ന പ്രവൃത്തികൾ മാത്രമാണ് മനഃശാസ്ത്രത്തിൽ ആൾട്രൂയിസത്തിന്റെ ദൃഷ്ടാന്തമായി കണക്കാക്കപ്പെടുന്നത്. എന്നാൽ പരിണാമ ജീവശാസ്ത്രത്തിൽ ആൾട്രൂയിസത്തിന്റെ അർഥം സാങ്കേതികതകളാൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു ജീവിയുടെ പ്രജനനക്ഷമതയെ അടിസ്ഥാനമാക്കിയാണ് പരിണാമ ജീവശാസ്ത്രത്തിൽ ജീവികൾക്കുണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും കണക്കാക്കുന്നത്.

സ്വയം സന്താനോത്പാദനത്തിനുള്ള സാധ്യതകൾ കുറച്ചുകൊണ്ട് മറ്റു ജീവികളുടെ സന്താനോത്പാദന സാധ്യതകൾ വർധിപ്പിക്കുവാനുള്ള സാഹചര്യമൊരുക്കുന്ന പെരുമാറ്റത്തെ ആൾട്രൂയിസമായി കണക്കാക്കാം. മറ്റ് ജീവികളുടെ ക്ഷേമം ലക്ഷ്യമാക്കുന്ന ബോധ പൂർവമായ പ്രേരണ ഇവിടെ ആവശ്യമില്ല. പ്രവൃത്തിയുടെ അനന്തരഫലങ്ങൾ, പ്രത്യേകിച്ച് ജീവൻ നഷ്ടപ്പെടാനുള്ള സാധ്യതകളും പ്രജനനക്ഷമതയിലെ വ്യതിയാനങ്ങളും ആസ്പദമാക്കിയാണ് ഒരു പ്രവൃത്തി ആൾട്രൂയിസത്തിന്റെ ദൃഷ്ടാന്തമാണോ എന്ന് തീരുമാനിക്കുന്നത്.

ജന്തുലോകത്ത് ആൾട്രൂയിസത്തിന്റെ ദൃഷ്ടാന്തങ്ങൾ ധാരാളമായി കാണാവുന്നതാണ്. സങ്കീർണമായ സാമൂഹ്യ ഘടനകൾ നിലനില്ക്കുന്ന ജന്തു സ്പീഷീസുകളിലാണ് ഇത്കൂടുതലായി കാണപ്പെടുന്നത്. ഉദാഹരണമായി തേനീച്ചകൾ, ഒരു റാണി ഈച്ചയും കുറെ ആണീച്ചകളും ആയിരക്കണക്കിന് വേലക്കാരി ഈച്ചകളും ഉൾപ്പെടുന്ന സമൂഹമായാണ് ജീവിക്കുന്നത്. വ്യക്തമായ തൊഴിൽ വിഭജനം ഈ സമൂഹത്തിന്റെ പ്രത്യേകതയാണ്. പ്രത്യുത്പാദന ശേഷിയുള്ള ഏക അംഗമായ റാണിയെ കേന്ദ്രീകരിച്ചാണ് ഓരോ സമൂഹവും നിലനില്ക്കുന്നത്. പ്രത്യുത്പാദന ശേഷിയില്ലാത്ത വേലക്കാരി ഈച്ചകൾ മെഴുക് ഉത്പാദനം, അട നിർമിക്കൽ, പുഴു പരിപാലിക്കൽ, തേനും പൂമ്പൊടിയും ശേഖരിക്കൽ, കൂടു വൃത്തിയാക്കൽ, കൂടുകളുടെ സുരക്ഷ ഉറപ്പുവരുത്തൽ തുടങ്ങി, കോളനികളുടെ നിലനില്പിനു ആവശ്യമായതെല്ലാം ചെയ്യുന്നു. തേനീച്ച സമൂഹത്തിന്റെ പൊതുവായുള്ള ക്ഷേമത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന വേലക്കാരി ഈച്ചകളുടെ പ്രവർത്തനം ആൾട്രൂയിസത്തിന്റെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ഇവയുടെ കൊമ്പിൽ മുള്ളുള്ള, കൊളുത്തുപോലുള്ള ഭാഗം കാണപ്പെടുന്നു. കൂട്ടിൽ അതിക്രമിച്ചു കയറുന്ന ജീവികളെ വേലക്കാരി ഈച്ച കുത്തുമ്പോൾ, ഈ കൊളുത്തു ശത്രുവിന്റെ ദേഹത്ത് ഉടക്കിയിരിക്കുന്നു. കൊമ്പ് പിൻവലിക്കുവാനുള്ള ശ്രമത്തിൽ തേനീച്ചയുടെ ദേഹം പിളരുകയും മരണം സംഭവിക്കുകയും ചെയ്യും. കൂടിന്റെ സംരക്ഷണത്തിനായി വേലക്കാരി ഈച്ചകൾ നടത്തുന്ന ഈ സ്വയംഹത്യയും ആൾട്രൂയിസമായി കണക്കാക്കാം. തേനീച്ചകളിൽ മാത്രമല്ല ഉറുമ്പുകൾ, ചിതലുകൾ തുടങ്ങിയവയിലും വേലക്കാർ എന്ന പ്രത്യേക വിഭാഗം നിലനില്ക്കുന്നുണ്ട്.

ചിലയിനം കടവാതിലുകളുടെയും (Vampire bats) കുരങ്ങുകളുടെയും സമൂഹങ്ങളിലും ആൾട്രൂയിസത്തിന്റെ ദൃഷ്ടാന്തങ്ങൾ കാണാം. സസ്തനികളുടെ രക്തമാണ് കടവാതിലുകളുടെ പ്രധാന ആഹാരം. രണ്ടോ മൂന്നോ ദിവസം ആഹാരം ലഭിച്ചില്ലെങ്കിൽ കടവാതിലിന് മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. കൂട്ടമായി ചേക്കേറുന്ന ഈ ജീവികളിൽ അതിനാൽ ഓരോ രാത്രിയിലും ആഹാരം കഴിച്ചെത്തുന്നവ, ആഹാരം ലഭിക്കാത്തവയ്ക്ക് രക്തം തികട്ടിയെടുത്തു നല്കുന്നു.

വെർവെറ്റ് കുരങ്ങന്മാർ

വെർവെറ്റ് കുരങ്ങന്മാർ ശത്രുക്കളെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നതിനായി ശബ്ദം പുറപ്പെടുവിക്കാറുണ്ട്. ഇപ്രകാരം ശബ്ദമുണ്ടാക്കുന്ന കുരങ്ങുകൾ ശത്രുവിന്റെ ശ്രദ്ധ ആകർഷിച്ചേക്കാമെങ്കിലും മുന്നറിയിപ്പു ലഭിക്കുന്നതു മൂലം കൂട്ടത്തിലെ മറ്റു കുരങ്ങുകൾ രക്ഷപ്പെടുവാനുള്ള സാധ്യത വർധിക്കുന്നു.

സ്വന്തം ജീവൻ നഷടപ്പെടുത്തുവാനോ പ്രത്യുത്പാദനക്ഷമത കുറയ്ക്കുവാനോ ഇടയാക്കുന്ന സ്വഭാവവിശേഷങ്ങൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് പ്രകൃതി നിർധാരണ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രത്യക്ഷത്തിൽ തോന്നാം. ആൾട്രൂയിസം പോലെയുള്ള സ്വഭാവവിശേഷങ്ങളുടെ പരിണാമം വിശദീകരിക്കുന്നതിന്, ഗ്രൂപ്പ് തലത്തിൽ നിർധാരണം നടക്കുന്നതായി കണകാക്കേണ്ടതാണ് എന്നൊരു വാദം ഡാർവിൻ തന്നെ അവതരിപ്പിച്ചിരുന്നു. നിരവധി ആൾട്രൂയിസ്റ്റുകളുള്ള ഒരു ഗ്രൂപ്പിന് സ്വാർഥരായ അംഗങ്ങൾ കൂടുതലായുള്ള ഒരു ഗ്രൂപ്പിനെക്കാൾ നിലനില്ക്കാനുള്ള സാധ്യത കൂടുതലാണ്. ഉദാഹരണമായി ശത്രുവിന്റെ സാന്നിധ്യത്തെക്കുറിച്ച് കൂട്ടാളികൾക്കു മുന്നറിയിപ്പ് നല്കുന്ന അംഗങ്ങൾ കുറവായുള്ള വെർവെറ്റ് കുരങ്ങുകളുടെ സംഘങ്ങൾക്ക്, അത്തരം അംഗങ്ങൾ കൂടുതലുള്ള സംഘങ്ങളെയപേക്ഷിച്ച് വളരെ വേഗം നാശം സംഭവിക്കുന്നു. ഓരോ ഗ്രൂപ്പിനുള്ളിലും സ്വാർഥതാത്പര്യങ്ങളെ അനുകൂലിക്കുന്ന വിധത്തിലാണ് നിർധാരണം നടക്കുന്നതെങ്കിലും ഗ്രൂപ്പ് തലത്തിലുള്ള നിർധാരണം വെർവെറ്റ് കുരങ്ങുകളിൽ ശത്രുവിനെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്ന സ്വഭാവസവിശേഷതയെ അനുകൂലിക്കുന്നു.

കൂട്ടത്തിലെ മറ്റ് അംഗങ്ങൾക്കായി ആഹാരം സംഭരിക്കുന്ന തേനുറുമ്പുകൾ

എന്നാൽ പരിണാമജീവശാസ്ത്രത്തിൽ ഗ്രൂപ്പ് നിർധാരണം എന്ന ആശയത്തിന് പൂർണ അംഗീകാരം ലഭിച്ചില്ല. ഗ്രൂപ്പ് നിർധാരണം ആൾട്രൂയിസത്തിന്റെ പരിണാമത്തെ അനുകൂലിക്കുമെന്ന് തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടെങ്കിലും പരിണാമ പ്രക്രിയയിലെ ഒരു പ്രവിധി എന്ന നിലയിൽ ഇതിനുള്ള പ്രാധാന്യം ചോദ്യം ചെയ്യപ്പെട്ടു. പരിണാമപ്രക്രിയയിൽ ഗ്രൂപ്പ് നിർധാരണത്തെക്കാൾ സ്വാധീനം ചെലുത്തുന്നത് വ്യഷ്ടിതലത്തിലുള്ള നിർധാരണമാണ്. ആൾട്രൂയിസ്റ്റുകൾ കൂടുതലുള്ള ഗ്രൂപ്പുകളിലുണ്ടാകുന്ന ഒന്നോ രണ്ടോ സ്വാർഥരായ അംഗങ്ങളുടെ സാന്നിധ്യം നിർധാരണ പ്രക്രിയയെ തകിടം മറിക്കുവാനുള്ള സാധ്യതയുണ്ട്. ഇതിനെ റിച്ചാർഡ് ഡോക്കിൻസ് “ആന്തരികമായ അട്ടിമറി’ (subversion from within) എന്നു വിശേഷിപ്പിക്കുന്നു. ആൾട്രൂയിസ്റ്റുകളുടെ സംഘത്തിലെ സ്വാർഥരായ അംഗങ്ങൾ, സ്വയം നഷ്ടങ്ങൾ വരുത്താൻ സാധ്യതയുള്ള പ്രവൃത്തികളിൽ ഏർപ്പെടാതിരിക്കുന്നതിനോടൊപ്പം തന്നെ മറ്റു സംഘാംഗങ്ങളുടെ ആൽട്രൂയിസത്തിന്റെ ഗുണ ഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. ഇത്തരം ജീവികൾക്ക് കൂടുതൽ കാലം ജീവിക്കുവാനും പ്രത്യുത്പാദനം നടത്തുവാനും സാധിക്കുന്നു. ക്രമേണ സ്വാർഥ ജീവികൾ എണ്ണത്തിൽ വർധിക്കുകയും, ആൾട്രൂയിസ്റ്റുകൾ നാമാവശേഷമാകുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇപ്രകാരമുള്ള ആന്തരികമായ അട്ടിമറി ഗ്രൂപ്പ് നിർധാരണത്തിന്റെ ക്ഷമതയെ സാരമായി ബാധിക്കും.

2007ൽ ഡി.എസ്.വിൽസൺ, ഇ.ഒ. വിൽസൺ എന്നിവർ രചിച്ച ഒരു പ്രബന്ധത്തിൽ ഗ്രൂപ്പ് നിർധാരണം ചില പ്രത്യേക സാഹചര്യങ്ങളിൽ പരിണാമ പ്രക്രിയയിൽ നിർണായകസ്വാധീനം ചെലുത്തുന്നുണ്ടെന്നും, ആൾട്രൂയിസത്തിന്റെ പരിണാമത്തിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും പറയുകയുണ്ടായി. ഇതേത്തുടർന്ന് ഗ്രൂപ്പ് നിർധാരണത്തിന്റെ പരിണാമ പ്രസക്തിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുന്നു.

ഗ്രൂപ്പ് നിർധാരണം എന്ന ആശയം ഉപയോഗിക്കാതെ തന്നെ ആൾട്രൂയിസം വിശദീകരിക്കുന്നതിനായി വ്യത്യസ്ത സിദ്ധാന്തങ്ങൾ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. വ്യക്തിഗത ലാഭങ്ങളും ആൾടൂയിസത്തിനോടൊപ്പം ഉണ്ടാകുന്നതിനാലാണ് അത് നിലനില്ക്കുന്നത് എന്നാണ് ഒരു സിദ്ധാന്തം. ചില സന്ദർഭങ്ങളിൽ മറ്റു ജീവികളുമായി സഹകരിക്കുന്നത് മൂലം ഒരു ജീവിക്ക് ഗുണം ലഭിക്കും. കൂട്ടമായി നീങ്ങുമ്പോൾ സുരക്ഷിതത്വം വർധിക്കുന്നതും, ഒരുമിച്ച് ഇരതേടുമ്പോൾ കൂടുതൽ ഭക്ഷണം ലഭിക്കുന്നതും മറ്റും ഇത്തരം ഗുണങ്ങൾക്കുദാഹരണമാണ്. കബളിപ്പിക്കപ്പെടുന്നതിന്റെ ഫലമായും ആൾട്രൂയിസം ഉളവാകാം എന്നാണ് മറ്റൊരു സിദ്ധാന്തം. ചില പക്ഷികൾ (ഉദാ. കുയിൽ)

മറ്റു പക്ഷികളുടെ കൂട്ടിൽ അവയറിയാതെ മുട്ടയിടുകയും മുട്ട വിരിയുമ്പോൾ കൂടിന്റെ ഉടമയായ പക്ഷി സ്വന്തം കുഞ്ഞുങ്ങളെയും അതിഥിയെയും ഒരുപോലെ പരിപാലിക്കുകയും ചെയ്യുന്നു. സ്വന്തം പ്രജനനക്ഷമതയെ ദോഷകരമായി ബാധിക്കുന്ന ആതിഥേയപക്ഷിയുടെ ഈ പെരുമാറ്റം ആൾട്രൂയിസത്തിന്റെ ദൃഷ്ടാന്തമായി കാണാവുന്നതാണ്.

ജീവികളിലെ ആൾട്രൂയിസം പരസ്പരപൂരകമാണെന്ന് (reciprocal) റോബർട്ട് ട്രിവേർസ് (Trivers) എന്ന ശാസ്ത്രജ്ഞൻ സിദ്ധാന്തിക്കുന്നു. ഒരു ജീവി മറ്റൊന്നിനെ സഹായിക്കുകയാണെങ്കിൽ, സഹായ സ്വീകർത്താവായ ജീവി പിന്നീടൊരവസരത്തിൽ തിരിച്ചും സഹായിക്കുമെന്നാണ് പരസ്പരപൂരകമായ ആൾട്രൂയിസം എന്ന പദം കൊർഥമാക്കുന്നത്. രണ്ട് ജീവികൾ തമ്മിൽ ആവർത്തിച്ചുള്ള പരസ്പര പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും, ഒരു ജീവിക്ക് മറ്റൊന്നിനെ തിരിച്ചറിയാൻ സാധിക്കുമെന്നും ഉള്ള അനുമാനങ്ങളെ ആസ്പദമാക്കിയാണ് ഈ സിദ്ധാന്തം അവതരിപ്പിച്ചിട്ടുള്ളത്. ആൾട്രൂയിസത്തിന്റെ ദൃഷ്ടാന്തമായി നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ട കടവാതിലുകളിലെ രക്തദാനം’ പരസ്പര പൂരകമാണ്. ഒരു കടവാതിലിൽ നിന്ന് രക്തം സ്വീകരിക്കുന്ന മറ്റൊരു കടവാതിൽ, പിന്നീട് അവസരം വരുമ്പോൾ രക്തം തിരിച്ചും ദാനം ചെയ്യുക പതിവാണ്. സഹായം തിരിച്ചു നല്കാത്ത കടവാതിലുകൾക്ക് രക്തം ആവശ്യമായി വരുമ്പോൾ അത് നല്കുവാൻ മറ്റു കടവാതിലുകൾ തയ്യാറാകാറില്ല.

കൂട്ടത്തിന് കാവൽനിൽക്കുന്ന മീർക്യാറ്റ്

ആൾട്രൂയിസത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിൽ ഏറ്റവും കൂടുതൽ അംഗീകാരം ലഭിച്ചിട്ടുള്ളത് സാകല്യക്ഷമത (inclusive fitness)യെ ആസ്പദമാക്കി ആൾട്രൂയിസത്തിന് വിശദീകരണം നല്കുന്ന സിദ്ധാന്തത്തിനാണ്. ഫിഷർ, ഹാൽഡേൻ തുടങ്ങിയ ശാസ്ത്രകാരന്മാർ ഇത് ചർച്ച ചെയ്തിട്ടുണ്ടെങ്കിലും, ഹാമിൽട്ടൺ ആണ് സാകല്യക്ഷമത എന്ന ആശയം ഉപയോഗിച്ച് ആൾട്രൂയിസത്തിന് വ്യക്തമായ വിശദീകരണം ആദ്യമായി നല്കിയത്. വാഹക ജീവിയുടെ ക്ഷമതയിൽ ഉളവാക്കുന്ന സ്വാധീനം മാത്രമല്ല ഒരു ജനിതക അലീലിന്റെ ആവൃത്തി (frequency) വർധിക്കുന്നതിനോ, കുറയുന്നതിനോ ഇടയാക്കുന്നത്. അതേ അലീലിന്റെ പകർപ്പുകൾ വഹിക്കുന്ന മറ്റു ജീവികളുടെ ക്ഷമതയിൽ അതുളവാക്കുന്ന സ്വാധീനം കൂടി അലീലിന്റെ ആവൃത്തിയെ നിയന്ത്രിക്കുന്നു. ഇതാണ് സാകല്യക്ഷമതയുടെ അടിസ്ഥാന തത്ത്വം. ഒരേ അലീലിന്റെ പകർപ്പുകൾ വഹിക്കുന്ന ജീവികൾ സാധാരണയായി രക്തബന്ധമുള്ളവയായിരിക്കുമെന്നതിനാൽ സാകല്യക്ഷമതയെ അടിസ്ഥാനമാക്കി നടക്കുന്ന നിർധാരണത്തെ ബന്ധുത്വ നിർധാരണം (kin selection) എന്നു വിശേഷിപ്പിക്കുന്നു.

ബന്ധുത്വ നിർധാരണത്തിലൂടെ പരിണമിക്കുന്ന സവിശേഷതകളുടെ ഏറ്റവും ലളിതമായ ഉദാഹരണം മാതൃനിർവിശേഷസ്വഭാവമാണ്. A എന്ന അലീൽ ജനിതകഘടനയിലുള്ള സ്ത്രീ ജീവികൾ കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും അവയുടെ അതിജീവനം ഉറപ്പാക്കുകയും ചെയ്യുമെന്നും ഈ അലീൽ ഇല്ലാത്ത സ്ത്രീ ജീവികൾ കുഞ്ഞുങ്ങളെ അവഗണിക്കുമെന്നും സങ്കല്പിക്കുക. കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുമ്പോൾ A അലിൽ ഉള്ള ജീവികളുടെ വ്യക്തിപരമായ ക്ഷമതയിൽ കുറവ് സംഭവിക്കാമെങ്കിലും A യുടെ പകർപ്പുകൾ വഹിക്കുന്ന സന്തതികൾ സംരക്ഷിക്കപ്പെടുന്നതിനാൽ, ജീവസമഷ്ടിയിൽ A യുടെ ആവൃത്തി വർധിക്കുന്നു.

ഒരു ജനിതക രൂപത്തിന്റെ സാകല്യക്ഷമത, അത് വഹിക്കുന്ന ജീവിയുടെ അടിസ്ഥാന ക്ഷമത പ്രവർത്തനങ്ങളുടെ അഭാവത്തിൽ ഉണ്ടാകുന്ന ശരാശരി ക്ഷമതയോടൊപ്പം, പരസ്പര പ്രവർത്തനങ്ങളുടെ ഫലമായി ആ ജീവിയിലും സഹജീവികളിലും ഉളവാകുന്ന ക്ഷമതയുടെ ഏറ്റക്കുറച്ചിലുകളും കൂടി കണക്കിലെടുത്തു കൊണ്ടാണ് നിർണയി ക്കപ്പെടുന്നത്. ഉദാഹരണമായി i എന്ന ജീവി j എന്ന മറ്റൊരു ജീവിയെ സഹായിക്കുകയാണെങ്കിൽ, i യുടെ ജനിതകരൂപത്തിന്റെ സാകല്യക്ഷമതയായ Wi താഴെക്കാണുന്ന സമവാക്യത്തിലൂടെ കണ്ടെത്താവുന്നതാണ്

Wi = ai-cii +Σrij  bij

ai എന്നത് i യുടെ അടിസ്ഥാന ക്ഷമതയും, cii യും bij  യും യഥാക്രമം i യുടെ ക്ഷമതയിലുളവാകുന്ന നഷ്ടവും j യുടെ ക്ഷമതയിലുളവാകുന്ന നേട്ടവും, rij  i യും j യും തമ്മിലുള്ള ജനിതകബന്ധത്തെ സൂചിപ്പിക്കുന്ന സ്ഥിരാങ്കവും (coefficient of relationship) ആണ്. ഗ സഹായിക്കുന്ന എല്ലാ ജീവികളെയും കണക്കിലെടുത്തു കൊണ്ടാണ് i യുടെ ജനിതക രൂപത്തിന്റെ സാകല്യക്ഷമത കണക്കാക്കേണ്ടതെന്ന് Σ എന്ന ചിഹ്നം സൂചിപ്പിക്കുന്നു.

സാകല്യക്ഷമത കൂടുതലായുള്ള ജനിതക രൂപങ്ങളുടെ ആവൃത്തിയിൽ വർധനവുണ്ടാകുന്നു. സാകല്യക്ഷമതയെ ആസ്പദമാക്കിയുള്ള Hamilton’s rule ഇപ്രകാരം പ്രസ്താവിക്കാം. “ആൾട്രൂയിസം പ്രകടിപ്പിക്കുന്ന ജീവിയുടെ ബന്ധുക്കൾക്ക് ഉണ്ടാകുന്ന നേട്ടവും (b) അവയുടെ ബന്ധുത്വത്തിന്റെ കരുത്തും (r) ആൾട്രൂയിസ്റ്റായ ജീവിക്കുണ്ടാകുന്ന നഷ്ടത്തെ (c) അധികരിക്കുന്ന പക്ഷം, ഒരു സ്വഭാവ സവിശേഷത എന്ന നിലയിൽ ആൾട്രൂയിസത്തിന്റെ ആവൃത്തിയിൽ വർധനവുണ്ടാകുന്നു.  അതായത് bc>c എന്ന അവസ്ഥയിൽ, ആൾട്രൂയിസം ജീവസമഷ്ടിയിൽ വ്യാപകമാകാൻ സാധ്യതയുണ്ട്.

യഥാർഥത്തിൽ ജനിതക സാമ്യത്തെയാണ് സൂചിപ്പിക്കുന്നത്. മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലും സഹോദരങ്ങൾ തമ്മിലും വളരെയധികം ജനിതക സാമ്യമുള്ളതിനാൽ, ഇവർക്കിടയിൽ ആൾട്രൂയിസത്തിലധിഷ്ഠിതമായ പരസ്പര പ്രവർത്തനങ്ങൾ നടക്കുമ്പോൾ, ആൾട്രൂയിസത്തിന്റെ വ്യാപനം നടക്കുവാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അകന്ന ബന്ധുക്കൾ തമ്മിലാകുമ്പോൾ, അതായത് ജനിതക സാമ്യത്തിൽ കുറവ് വരുമ്പോൾ സ്വീകർത്താവിന് വളരെയധികം നേട്ടങ്ങൾ ഉണ്ടാകുകയാണെങ്കിൽ മാത്രമേ ആൾട്രൂയിസം വ്യാപിക്കുകയുള്ളു.

മനുഷ്യരിൽ, ജനിതക-പാരിസ്ഥിതിക ഘടകങ്ങളുടെ പരസ്പര പ്രവർത്തനത്തിലൂടെയാണ് ആൾട്രൂയിസം സാക്ഷാത്കരിക്കപ്പെടുന്നത്. ജനിതകസാംസ്കാരിക പരിണാമങ്ങളെക്കുറിച്ചുള്ള വിശദീകരണത്തിൽ റിച്ചാർഡ് ഡോകിൻസ് അവതരിപ്പിച്ച “മീം എന്ന ആശയം ശ്രദ്ധേയമാണ്. സാംസ്കാരിക കൈമാറ്റങ്ങളുടെ (Cultural transmission) അടിസ്ഥാന ഏകകമാണ് മീമുകൾ. ആശയങ്ങൾ, ഈണങ്ങൾ, വസ്ത്ര ഫാഷനുകൾ തുടങ്ങിയവ മീമുകൾക്ക് ഉദാഹരണങ്ങളാണ്. ഒരു ശരീരത്തിൽ നിന്ന് മറ്റൊന്നിലേക്ക്, പും/സ്ത്രീ ബീജങ്ങളിലൂടെ ജീനുകൾ കൈമാറ്റം ചെയ്യപ്പെടുന്നത് പോലെ തന്നെയാണ് അനുകരണ പ്രക്രിയയിലൂടെ ഒരു മസ്തിഷ്കത്തിൽ നിന്ന് മറ്റൊരു മസ്തിഷ്കത്തിലേക്ക് മീമുകൾ കൈമാറ്റം ചെയ്യപ്പെടുന്നത്. സാംസ്കാരിക പരിസ്ഥിതിയെ ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്ന മീമുകളെയാണ് നിർധാരണം അനുകൂലിക്കുന്നത്. ദീർഘവീക്ഷണത്തിനുള്ള (capacity for conscious foresight) മനുഷ്യന്റെ പ്രത്യേക കഴിവ് ഡോക്കിൻസ് ചൂണ്ടിക്കാട്ടുകയുണ്ടായി. സ്വാർഥതയുളവാക്കുന്ന ജീനുകളുടെയും മീമുകളുടെയും സ്വാധീനം നിരാകരിക്കുവാനുള്ള കരുത്ത് മനുഷ്യനുണ്ട്. അപരന്റെ ക്ഷേമം മാത്രം ലക്ഷ്യമാക്കിയുള്ള “ശുദ്ധ പരമകാംക്ഷ (pure altruism) ബോധപൂർവം വികസിപ്പിക്കാനുള്ള കഴിവ് മനുഷ്യന്റെ പ്രത്യേകതയാണെന്നും ഡോക്കിൻസ് പ്രസ്താവിക്കുന്നു.


വെബ്സൈറ്റ് സന്ദർശിക്കാം
Happy
Happy
25 %
Sad
Sad
0 %
Excited
Excited
42 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

One thought on “ആൾട്രൂയിസം അഥവാ അന്യജീവിനുതകി സ്വജീവിതം…

Leave a Reply

Previous post ക്ഷയരോഗചികിത്സ: വിജയവും തിരിച്ചടിയും 
Next post ലൂക്ക ജീവപരിണാമം കോഴ്സ് ഏപ്രിൽ 1 ന് ആരംഭിക്കും
Close