Read Time:28 Minute

മൂളൽകുരുവിയുടെ കഥ

ഹമ്മിങ്ബേര്‍ഡ് അഥവാ മൂളല്‍ കുരുവിയെ അറിയില്ലേ? ലോകത്തെ ഏറ്റവും ചെറിയ പക്ഷി. പക്ഷികളിലെ നിസ്സാരനായ ഈ മൂളല്‍ കുരുവിയെക്കുറിച്ചുള്ള പഴയ ഒരു നാടോടിക്കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? പ്രതിസന്ധികളില്‍ നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചുള്ള സുപ്രധാനമായ ഒരു ഗുണപാഠം ആ കഥയിലുണ്ട്.

പണ്ട് പണ്ട് ഒരു കാട്ടില്‍ ഒരു തീപിടിത്തമുണ്ടായി. മൃഗങ്ങളെല്ലാം പ്രാണരക്ഷാർത്ഥം ഓടി. തീജ്വാലകളെ ഭീതിയോടെയും സങ്കടത്തോടെയും നോക്കി അവർ തീയുടെ അരികിൽ നിന്നു. അപ്പോള്‍ അവരുടെ തലയ്ക്ക് മുകളിൽ, ഒരു മൂളല്‍ കുരുവി തീയിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും പറന്നുകൊണ്ടിരുന്നു, മൃഗങ്ങള്‍ അത്ഭുതത്തോടെ അവളെ നോക്കി. അത് ശ്രദ്ധിക്കാതെ അവള്‍ വീണ്ടും വീണ്ടും പറന്നു. മൃഗങ്ങൾ കുരുവിയോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. “തീ അണയ്ക്കാൻ വെള്ളമെടുക്കാൻ ഞാൻ തടാകത്തിലേക്ക് പറക്കുന്നു.” വലിയ മൃഗങ്ങൾ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, “നിസ്സാരനായ നിനക്ക് ഇങ്ങനെ കൊണ്ട് വരുന്ന ചെറു വെള്ളത്തുള്ളികള്‍ കൊണ്ട് ഈ വലിയ തീ കെടുത്താൻ കഴിയില്ല!” ആ കൊച്ചു പക്ഷി മറുപടി പറഞ്ഞു, “എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഞാൻ ചെയ്യുന്നു”.
കൊച്ചു കുരുവി തനിക്ക് മുന്നിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നു. ഒരു സമയം ഒരു തുള്ളി. വലിയ തീയണയ്ക്കാന്‍ തന്നാലാവത് അവള്‍ സംഭാവന ചെയ്യുന്നു. അവൾ ലോകത്ത് കാണാൻ ആഗ്രഹിക്കുന്ന മാറ്റമായി അവള്‍ സ്വയം മാറുന്നു. സ്വയം മാറ്റത്തിന്‍റെ ഉദാഹരണമാകുന്നു.

നിങ്ങൾക്കും ഒരു മൂളല്‍ കുരുവിയാകാം.

ഇപ്പോൾ ലോകം ഒരു ജല-ശുചിത്വപ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. നമ്മൾ അന്തംവിട്ട് നിൽക്കുകയും പ്രതിസന്ധിയെ നിസ്സഹായതയോടെ തുറിച്ചുനോക്കുകയും ചെയ്യണോ? അല്ല മൂളല്‍ കുരുവിയെ പോലെ പ്രതിസന്ധി പരിഹരിക്കാന്‍ നമുക്കാവും വണ്ണം പ്രവർത്തിക്കണോ?

നമ്മള്‍ സ്വീകരിക്കുന്ന പ്രവർത്തനങ്ങൾ, എത്ര ചെറുതാണെങ്കിലും, ജലക്ഷാമം പരിഹരിക്കാൻ സഹായിക്കും.ശുചിത്വ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കും. ലോകത്ത് നാം കാണാന്‍ ആഗ്രഹിക്കുന്ന മാറ്റമായി നമുക്ക് സ്വയം മാറാം.

മാറ്റമായ് മാറാം വെല്ലുവിളി ഏറ്റെടുക്കാം

ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ (SDG-കൾ) കുറിച്ചുള്ള പ്രചരണത്തിന് “സ്വയം മാറ്റമായിത്തീരുക എന്ന സംരംഭത്തിലൂടെ നമുക്ക് മികച്ച ഒരു അവസരം ലഭിക്കുകയാണ്, നമുക്ക് ചുറ്റുമുള്ള ആളുകളെ കൂടുതൽ സുസ്ഥിരമായി ജീവിക്കാൻ പ്രേരിപ്പിക്കാന്‍ ഈ അവസരം സഹായിക്കും.

നമ്മുടെ ഉപഭോഗ രീതികൾ മാറ്റിയും, ജലഉപഭോഗം പരിമിതപ്പെടുത്തിയും, സൈക്ലിംഗ് പോലുള്ള ഗതാഗതമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും, പ്രാദേശിക ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചും ജോലിസ്ഥലത്തും വീട്ടിലും കൂടുതൽ സുസ്ഥിരമായി ജീവിക്കാൻ ഈ സംരംഭം നമ്മെ  പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതില്‍ പങ്കെടുക്കാൻ നിങ്ങള്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. ഓരോ ചെറിയ ചുവടും മുഖ്യമാണ് – നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സമൂഹത്തേയും അവരുടെ ദൈനംദിന ജീവിതത്തിൽ സ്വീകരിക്കാൻ കഴിയുന്ന ലളിതമായ പ്രവർത്തനങ്ങളെക്കുറിച്ച് അറിയിക്കുക.

വ്യക്തിഗത പ്രവർത്തനങ്ങള്‍ക്കപ്പുറം “സ്വയം മാറ്റമായിത്തീരുക”  എന്നതിനെക്കുറിച്ചുള്ള  ഏകദിന പരിപാടിയോ വാരാഘോഷമോ സംഘടിപ്പിക്കാനുള്ള ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങളും പഠനസാമഗ്രികളും ഈ ടൂൾകിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം, സമൂഹത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ നിങ്ങള്‍ക്കോ നിങ്ങളുടെ സംഘടനയ്ക്കോ സ്കൂളിനോ ഈ ടൂള്‍ കിറ്റ് സഹായകരമാകും!


ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ

“സ്വയം മാറ്റമായിത്തീരുക”-ഈ പരിപാടി ആർക്കുവേണ്ടിയാണ്?

എല്ലാവര്‍ക്കും വേണ്ടി! കാരണം ഓരോ ചെറു ചുവടും പ്രധാനമാണ്. നിങ്ങളുടെ സഹപ്രവർത്തകർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ SDG-കൾ നേടാൻ സഹായിക്കുന്നതിന് അവരുടെ ദൈനംദിന ജീവിതത്തിൽ സ്വീകരിക്കാവുന്ന ലളിതമായ പ്രവർത്തനങ്ങളെക്കുറിച്ച് അറിയിക്കുക. അടുത്ത കുറച്ച് പേജുകളില്‍ നിന്ന്, നിങ്ങളുടെ പരിപാടികള്‍ എങ്ങനെ ആസൂത്രണം ചെയ്യാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങള്‍ക്ക് അറിയാന്‍ സാധിയ്ക്കും. 

 “സ്വയം മാറ്റമായിത്തീരുക” എന്തുകൊണ്ട്?

  • വ്യക്തിഗതമായ പ്രവർത്തനങ്ങൾ പ്രധാനമാണ്. SDG-കളുടെ വ്യക്തിപരമായ ഏറ്റെടുക്കല്‍ അവ നേടുന്നതിലേക്ക് ലോകത്തെ കൂടുതൽ അടുപ്പിക്കുന്നു.
  • ചെറിയ മാറ്റങ്ങൾ പോലും വലിയ മാറ്റങ്ങളുണ്ടാക്കും. സുസ്ഥിരമായി ജീവിതരീതി  മെച്ചപ്പെട്ട വ്യക്തിഗത ആരോഗ്യത്തിലേക്ക് നയിക്കുന്നു, അത് നമ്മുടെ സമൂഹത്തെ കൂടുതൽ ആരോഗ്യകരമായ അന്തരീക്ഷത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്നു.
  • “സ്വയം മാറ്റമായിത്തീരുക” എന്ന സംരംഭം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും  ബിസിനസ്സിനും പ്രാദേശിക സമൂഹത്തിനും ലോകത്തിനുതന്നേയും നന്മ ചെയ്യുന്നതിനുള്ള ഒരു രസകരമായ മാർഗമാണ്.
  • സുസ്ഥിരമായി ജീവിക്കുന്നത് എളുപ്പവും രസകരവുമാണ്! വീടിനും ഓഫീസിനും ചുറ്റും ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയും, അതിന് വളരെയൊന്നും ബുദ്ധിമുട്ടേണ്ടതില്ല, പക്ഷേ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും!

എന്താണ് SDG 6?

ശുദ്ധജലം, വൃത്തി  ശുചിത്വം എന്നിവ മനുഷ്യാവകാശങ്ങളാണ്. ആരോഗ്യം, അന്തസ്സ്, വികസനം എന്നിവയുടെ അടിസ്ഥാനഘടകങ്ങളാണവ. പക്ഷേ, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളം ഇന്ന് ലഭ്യമല്ല. ജനസംഖ്യാ വർദ്ധനവ്, നഗരവൽക്കരണം, കാർഷിക-ഊർജ്ജ മേഖലകളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന സമ്മർദ്ദം എന്നിവ കാരണം ജലത്തിന്‍റെ ആവശ്യകതയും അതിവേഗം ഉയരുകയാണ്.

എന്താണ് UN 2023 ജല സമ്മേളനം?

യുഎൻ 2023 ജല സമ്മേളനം കിംഗ്ഡം ഓഫ് ദി നെതർലാൻഡ്‌സും റിപ്പബ്ലിക് ഓഫ് താജിക്കിസ്ഥാനും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന അന്തരാഷ്ട്ര സമ്മേളനമാണ്.  ജല അവബോധം വളർത്തുന്നതിനും റോഡ്മാപ്പ് നിർവചിക്കുന്നതിനും ജല അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള തലമുറയിലൊരിക്കല്‍ മാത്രം ലഭിച്ചേക്കാവുന്ന  സുപ്രധാനമായ ഒരവസരമാണ് ഈ സമ്മേളനം.

സുസ്ഥിര വികസനത്തിനും ദാരിദ്ര്യവും പട്ടിണിയും തുടച്ചുനീക്കുന്നതിനും ജലം നിർണായകമാണ്. ആരോഗ്യത്തിനും ക്ഷേമത്തിനും പുരോഗതിക്കും അത് ഒഴിച്ചുകൂടാനാവാത്തതുമാണ്. മാർച്ച് 22 മുതൽ 24 വരെ ന്യൂയോർക്കിൽ നടക്കുന്ന സമ്മേളനം ജലസംബന്ധിയായ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് എല്ലാ മേഖലകളിലെയും പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള അവസരമാണ്.

ജലം ഏവരുടെയും വ്യവഹാരമാണ്, ജലവും ശുചിത്വവും എല്ലാവര്‍ക്കും ഉറപ്പാക്കുന്നതിന് ഓരോരുത്തരുടേയും ഓരോ പ്രവർത്തനങ്ങളും നിര്‍ണ്ണായകമാകുന്നു. വരാനിരിക്കുന്ന സമ്മേളനത്തിനത്തേ കുറിച്ചും ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേ കുറിച്ചും അവബോധം വളർത്തുന്നതിനുള്ള അവസരമാണ് “സ്വയം മാറ്റമായിത്തീരുക” എന്ന പരിപാടി. നിങ്ങളുടെ പരിപാടികള്‍ സമ്മേളനത്തിന് മുമ്പോ സമ്മേളനസമയത്തോ നടത്താനായി ആസൂത്രണം ചെയ്യാവുന്നതാണ്.

വിവര സ്രോതസ്സുകള്‍ 

പ്രത്യേക പതിപ്പ്

ലോക ജലദിനം ലൂക്ക പ്രത്യേക പതിപ്പ് സ്വന്തമാക്കാം

പോസ്റ്ററുകൾ, വീഡിയോകൾ, സ്ലൈഡുകൾ എന്നിവയ്ക്ക്

പരിഗണിക്കേണ്ട 2023-ലെ പ്രധാന തീയതികൾ

മാർച്ച് 3

ലോക വന്യജീവി ദിനം

മാർച്ച് 21

വനദിനം

മാർച്ച് 22

ജലദിനം

മാർച്ച് 22-24

UN ജല സമ്മേളനം

മാർച്ച് 23

ലോക കാലാവസ്ഥാദിനം



ജലത്തിനായി “സ്വയം മാറ്റമായിത്തീരുക” എന്ന പരിപാടി എങ്ങനെ സംഘടിപ്പിക്കാം?

ഇനിയുള്ള 3 മാസം – റെഡി, സെറ്റ്, പ്ലാൻ!

ലോജിസ്റ്റിക്

ക്രമീകരണങ്ങൾ

ജലവാരാഘോഷത്തിന്‍റെ ദൈര്‍ഘ്യവും തീയതികളും തീരുമാനിക്കുക, ഓരോ ദിവസത്തെയും തീമുകളായി SDG 6 ഏതെല്ലാം ലക്ഷ്യങ്ങള്‍ വേണമെന്ന് തീരുമാനിക്കുക.

ടീം:

ഏതെല്ലാം മേഖലകളെ ഉള്‍പ്പെടുത്താം, സാധ്യതയുള്ള പങ്കാളികള്‍ ആരൊക്കെയായിരിക്കും എന്നെല്ലാം കണ്ടെത്തുക, കൂടാതെ ഓരോ ടീമിൽ നിന്നും അംബാസഡർമാരെ തിരഞ്ഞെടുക്കുക, റോളുകളും ഉത്തരവാദിത്തങ്ങളും തീരുമാനിക്കുക, എങ്ങനെ ആശയവിനിമയം നടത്തണമെന്നും പരിപാടി ആസൂത്രണം ചെയ്തു തുടങ്ങണമെന്നും തീരുമാനിക്കുക.

പങ്കാളികളുടെ ഇടപെടല്‍:

പറ്റിയ പ്രഭാഷകരെ കണ്ടെത്തുന്നതിനും സുസ്ഥിര വികസന സമ്പ്രദായങ്ങളെ കുറിച്ചും ബോധവത്കരണ ആശയങ്ങളേക്കുറിച്ചും പഠിക്കാനും  പ്രാദേശിക സംഘടനകളുടെ പങ്കാളിത്തം തേടുക.

സ്പോൺസർഷിപ്പ്:

സേവനങ്ങളോ സാധനങ്ങളോ നൽകാൻ കഴിയുന്ന സ്പോൺസർമാരെ കണ്ടെത്തുക (ഉദാ. പുനരുപയോഗിക്കാവുന്ന വാട്ടർ ബോട്ടിൽ, സൗജന്യ ശുചിത്വ ഉത്പന്നങ്ങള്‍ മുതലായവ). പരിപാടികളുടെ ഭാഗമാകുമ്പോള്‍  അവർക്ക് എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് വിശദീകരിക്കുക (പരസ്യം, വിജ്ഞാനം, ധാര്‍മ്മികമായ ആത്മസംതൃപ്തി).

ഔട്ട്റീച്ച്

➔ ബ്രാൻഡിംഗ്:

നിങ്ങൾക്ക് ബ്രാൻഡിംഗ് മെറ്റീരിയലുകൾ (ബാനറുകൾ, പിന്നുകൾ, കാർഡുകൾ) ഉണ്ടെന്ന് ഉറപ്പാക്കുക. ഓൺലൈൻ പങ്കിടൽ പ്ലാറ്റ്‌ഫോമായ ട്രെല്ലോയിൽ ലഭ്യമായ ഔദ്യോഗിക ലോഗോയും മറ്റ് മെറ്റീരിയലുകളും ഉപയോഗിക്കുക.

പ്രോഗ്രാം

➔ പ്രവർത്തനങ്ങൾ:

ഒരു നിർദ്ദിഷ്‌ട തീമിൽ ആളുകള്‍ക്ക് ഇടപഴകാൻ സഹായിക്കുന്ന പ്രവർത്തനങ്ങള്‍ (ഉദാ. ശില്പശാലകള്‍, പ്രദർശനങ്ങൾ, ബ്രൗൺ ബാഗ് ലഞ്ചും സിനിമയും, ഒരു ഫീൽഡ് വിദഗ്‌ദ്ധനുമായുള്ള സംഭാഷണം, പാനൽ ചര്‍ച്ചകള്‍  അല്ലെങ്കിൽ ആളുകൾക്ക് സംവദിക്കാൻ കഴിയുന്ന അനൗപചാരിക അന്തരീക്ഷമുള്ള അനുഭവങ്ങള്‍ പങ്കിടാന്‍ കഴിയുന്ന മറ്റേതെങ്കിലും പരിപാടികള്‍).

പ്രഭാഷകര്‍/മോഡറേറ്റർമാർ:

പരിപാടികള്‍ക്ക് അനുയോജ്യരായ പ്രഭാഷകരെ/മോഡറേറ്റർമാരെ തിരിച്ചറിയുക.

അനുബന്ധപരിപാടികള്‍:

നിങ്ങളുടെ പ്രദേശത്തെ നിലവിലുള്ള പരിപാടികളുമായി നിങ്ങളുടെ “സ്വയം മാറ്റമായിത്തീരുക” പരിപാടിയെ ബന്ധിപ്പിക്കുക (ഉദാ. ഒരു പ്രാദേശിക ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ചന്തയില്‍ പോയി അവിടെയുള്ള ഉൽപ്പന്നങ്ങൾ എങ്ങനെ ഉണ്ടാക്കിയെന്നതിനെക്കുറിച്ച് ഒരു ഹ്രസ്വ വിവരണം നിർമ്മാതാക്കളോട് ചോദിക്കുക, പങ്കെടുക്കുന്നവരെ പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കുക).

മൂല്യനിർണ്ണയം

➔ പരിപാടിയുടെ ട്രാക്കിംഗ് ആക്‌റ്റിവിറ്റിയും വിലയിരുത്തലും നിങ്ങൾ എങ്ങനെ പരിപാടിയിലുട നീളം ഇടപഴകിയെന്നും ഭാവിയിൽ നിങ്ങൾക്ക് എങ്ങനെ മെച്ചപ്പെടാമെന്നും അറിയാനുള്ള മികച്ച മാർഗമാണ്.

➔ നിങ്ങളുടെ പരിപാടി കൊണ്ടുണ്ടായ മാറ്റത്തിന്‍റെ വ്യാപ്തി ഫലപ്രദമായി ട്രാക്ക് ചെയ്യാനും അളക്കാനും നിങ്ങളെ സഹായിക്കുന്ന ഒരു മൂല്യനിർണ്ണയ രീതി കണ്ടെത്തുക, ഉദാ., പരിപാടിക്ക് മുമ്പും ശേഷവുമുള്ള സർവേകൾ. നിങ്ങളുടെ പ്രവർത്തനങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനായി മൾട്ടിമീഡിയ മെറ്റീരിയൽ ശേഖരണം.

ആദ്യ 2 മാസങ്ങള്‍: ആവേശഭരിതരാകുക!

ലോജിസ്റ്റിക്

➔ വാരാഘോഷങ്ങള്‍ക്കും അനുബന്ധപരിപാടികള്‍ക്കും എന്താണ് ആവശ്യമുള്ളതെന്ന് (സ്ഥലം, ഉപകരണങ്ങൾ) തീരുമാനിക്കുക.

➔ പങ്കെടുക്കുന്നവരുടെ ഡാറ്റാബേസ് ഉണ്ടാക്കാന്‍ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം സജ്ജീകരിക്കുക.

➔ പ്രാദേശിക വിഭവസമാഹരണത്തിന്നായുള്ള കൈപുസ്തകം തയ്യാറാക്കുക (ഉദാ. ആളുകൾക്ക് ഉച്ചഭക്ഷണത്തിനായി ഒരു ഡിസ്പോസിബിൾ പാത്രങ്ങള്‍ക്ക് പകരം വീണ്ടും ഉപയോഗിക്കാവുന്ന ഭക്ഷണ പാത്രങ്ങള്‍ താല്‍ക്കാലികമായി ലഭിക്കുന്ന സ്ഥലം).

പ്രോഗ്രാം

➔ ചർച്ചകൾക്ക് പ്രസക്തമായ വിഷയങ്ങൾ നിർണ്ണയിക്കുക (പുതിയ പ്രവണതകള്‍, പങ്കെടുക്കുന്നവരെ/പ്രാദേശിക സമൂഹത്തെ സംബന്ധിച്ചു പ്രശ്നത്തിന്റെ പ്രാധാന്യം);

➔ പ്രഭാഷകരെ തിരഞ്ഞെടുക്കുക. SDG 6 മായി ബന്ധപ്പെട്ട സ്ഥാപനങ്ങളേയോ വക്താക്കളേയോ വ്യക്തികളെയോ വെച്ച് പരിപാടി ആരംഭിക്കാം (ഉദാ. പ്രാദേശിക ഗവൺമെന്റിന്റെ പരിസ്ഥിതി വകുപ്പ്, ജല സംഘടനകൾ. പരമാവധി  യുവാക്കളെ ഉൾപ്പെടുത്തുക).

➔ പരിപാടിക്ക് മുമ്പും സമയത്തും പങ്കെടുക്കുന്നവരുടെ ഓൺലൈൻ ഇടപഴകൽ ഉറപ്പാക്കുക: ഓൺലൈൻ ചർച്ചയ്‌ക്കായി വിഷയങ്ങൾ സൃഷ്‌ടിക്കുക, ചർച്ചകളിൽ പ്രേക്ഷകരിൽ നിന്നുള്ള ചോദ്യങ്ങൾക്ക് സമയം അനുവദിക്കുക.

➔ പരിപാടിക്ക് മുമ്പായി പ്രമോഷണല്‍ പരിപാടികള്‍ സംഘടിപ്പിക്കാം. 

ഔട്ട്റീച്ച്

ഓൺലൈൻ: ഒരു വെബ്സൈറ്റ് നിർമ്മിക്കുക, പങ്കെടുക്കുന്നവർക്കായി ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പ് ആരംഭിക്കുക, നിങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിൽ (ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം മുതലായവ) പരിപാടിയുടെ ടീസറുകള്‍ ആരംഭിക്കുക.

വ്യാപന പട്ടിക: യുഎൻ സംവിധാനം, പങ്കാളികൾ, മാധ്യമങ്ങൾ, ജലപ്രശ്നങ്ങളിൽ സജീവമായ പ്രാദേശിക ഗ്രൂപ്പുകൾ.

അറിയിപ്പുകളും അപ്‌ഡേറ്റുകളും: “സ്വയം മാറ്റമായിത്തീരുക” എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ സൃഷ്‌ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, പങ്കെടുക്കുന്നവരുമായിനിങ്ങളുടെ പദ്ധതികള്‍  പങ്കിടുക, ഉദാ. നിങ്ങളുടെ പങ്കാളികളുടെ പട്ടികയിലേക്ക് “സേവ് ദ ഡേയ്റ്റ്” അറിയിപ്പ് നല്കുക.

അനുബന്ധ ഉൽപ്പന്നങ്ങളും വ്യാപനവും: പ്രചാരണ സാമഗ്രികള്‍ വികസിപ്പിക്കുക, ഉദാ., പിന്നുകൾ, ഫ്ലയറുകൾ, ഡിജിറ്റൽ കാർഡുകൾ, വീഡിയോ സന്ദേശങ്ങൾ. #BeTheChangeUN എന്ന ഹാഷ്‌ടാഗ് പ്രൊമോട്ട് ചെയ്യാൻ ആളുകളെ ക്ഷണിക്കുക.

➔ മൾട്ടിമീഡിയ: പരിപാടിയില്‍ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനുള്ള ഉപകരണങ്ങളും അതിനായി ഉത്തരവാദിത്വം നല്കിയ വ്യക്തിയും നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക.

അവസാന ഒരു മാസം മുമ്പ്: വിശദാംശങ്ങൾ അന്തിമമാക്കുക!

ലോജിസ്റ്റിക്

➔ നിങ്ങളുടെ മാസ്റ്റർ പ്ലാനിലെ എല്ലാ വിശദാംശങ്ങളും (ക്രമീകരണങ്ങൾ, ക്ഷണങ്ങൾ, പ്രോഗ്രാം) സ്ഥിരീകരിക്കുക, ഏത് സാഹചര്യത്തിനും ബാക്കപ്പ് പ്ലാനുകൾ ഉറപ്പാക്കുക (മഴ, പ്രദര്‍ശനം മുടങ്ങുക മുതലായവ)

➔ രജിസ്ട്രേഷൻ, അനുബന്ധപരിപാടികള്‍, പ്രവേശന ക്രമീകരണങ്ങൾ എന്നിവ പരിശോധിക്കുക.

➔ എല്ലാ പ്രചാരണ സാമഗ്രികളും തയ്യാറാണെന്ന് ഉറപ്പാക്കുക (ബാനറുകൾ, പോസ്റ്ററുകൾ).

➔ പരിപാടിയുടെ സംഘാംഗങ്ങളെ ബന്ധപ്പെടാനുള്ള കൃത്യമായ വിശദാംശങ്ങൾ ശേഖരിക്കുക.

➔ വേഗത്തിലുള്ള ആശയവിനിമയത്തിനും സൗകര്യത്തിനുമായി WhatsApp അല്ലെങ്കിൽ സമാനമായ പ്ലാറ്റ്ഫോം ഉപയോഗിക്കുക

പ്രോഗ്രാം

➔ കാര്യപരിപാടികള്‍ നിങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക.

➔ എല്ലാ പ്രവർത്തനങ്ങളും സംവേദനാത്മകമാണെന്ന് ഉറപ്പാക്കുക.

➔ പ്രവര്‍ത്തന മേഖലയില്‍ പോസ്റ്റുചെയ്യുന്നതിന് പരിപാടിയുടെ മുഖ്യസവിശേഷതകള്‍  എടുത്തുകാട്ടുന്ന പ്രൊമോ ഫ്ലയറുകൾ സൃഷ്ടിക്കുക, പങ്കെടുക്കാൻ ആളുകളെ ക്ഷണിക്കുക.

ഔട്ട്റീച്ച്

➔ സോഷ്യൽ മീഡിയയിലൂടെ വ്യാപിക്കൂ! ഒരു മാസത്തിൽ താഴെ സമയമേ ഉള്ളൂ — നിങ്ങളുടെ പങ്കാളി ഗ്രൂപ്പിലും പൊതു ചാനലുകളിലും ഇടയ്‌ക്കിടെ പരിപാടിയെ കുറിച്ച് പോസ്റ്റുചെയ്യുകയും പങ്കിടുകയും ചെയ്യുക. പരിപാടിയുടെ അന്തിമ കൗണ്ട്‌ഡൗണിലാണ് നിങ്ങളെന്ന് എല്ലാ പങ്കാളികളെയും ഓർമ്മപ്പെടുത്തുന്ന ഒരു ഇമെയിൽ അയയ്‌ക്കുക.

➔ എല്ലാവരെയും അപ്‌ഡേറ്റും ആവേശവും നിലനിർത്തുക! ക്ഷണിക്കപ്പെട്ടവരുടെ പ്രാഥമിക ലിസ്റ്റ് പങ്കിടുക, പരിപാടിയില്‍ പങ്കെടുക്കുന്നവരെ (മുഖ്യ പ്രഭാഷകർ, വിഐപികൾ മുതലായവ) കുറിച്ചുള്ള ഹ്രസ്വ അറിയിപ്പുകൾക്കൊപ്പം സോഷ്യൽ മീഡിയയ്‌ക്കായി ഡിജിറ്റൽ കാർഡുകൾ സൃഷ്‌ടിക്കുക ഉദാ: “നിങ്ങൾക്ക് അറിയാമോ?” സുസ്ഥിരമായി ജീവിക്കുന്നതിനുള്ള നുറുങ്ങുകൾ മുതലായവ.

➔ അറിയിപ്പുകളും അപ്‌ഡേറ്റുകളും: ചര്‍ച്ചകള്‍  സൃഷ്‌ടിക്കുകയും പരിപാടിയുടെ തീമിനെക്കുറിച്ച് പ്രചരിപ്പിക്കുകയും ചെയ്യുക. ഇമെയിലിലൂടെയോ സോഷ്യൽ മീഡിയ സ്റ്റോറിയിലൂടെയോ പങ്കാളികളുമായും പരിപാടിയില്‍ സംബന്ധിക്കുന്നവരുമായും നിങ്ങളുടെ പ്രോഗ്രാം പങ്കിടുക, നിങ്ങളുടെ പ്രചരണ ലിസ്റ്റുകളിലേക്ക് “സേവ് ദ ഡേയ്റ്റ്” എന്ന അറിയിപ്പ് അയയ്ക്കുക.

➔ വാരാഘോഷത്തിനിടയില്‍ ഫോട്ടോ, അഭിമുഖ അവസരങ്ങൾ ഉണ്ടായിരിക്കണം.

➔ “സ്വയം മാറ്റമായിത്തീരുക” എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കാളികളുമായും പരിപാടിയില്‍ സംബന്ധിക്കുന്നവരുമായും പങ്കിടുന്നത് തുടരുക.

പരിപാടി നടക്കുമ്പോള്‍: ശ്രദ്ധ കേന്ദ്രീകരിക്കുക!

ലോജിസ്റ്റിക്

➔ വാരാഘോഷം ആരംഭിക്കുന്നതിന്‍റെ തലേദിവസം “ഉഷാറാകൂ” എന്ന ഇമെയിൽ അയയ്‌ക്കുക.

➔ ഓരോ ദിവസവും അടുത്ത ദിവസത്തെ പ്രോഗ്രാമും വെല്ലുവിളികളും ഓര്‍മ്മപ്പെടുത്താനായി ഒരു ഇമെയിൽ  അയയ്ക്കുക.

➔ ദൈനംദിന പ്രവർത്തനങ്ങൾ ശരിയായ വഴിയിലാണെന്ന് ഉറപ്പാക്കുക, ഉപകരണങ്ങളും ദൃശ്യ സാമഗ്രികളും പ്രവര്‍ത്തന സജ്ജമാണെന്ന് പരിശോധിക്കുക.

പ്രോഗ്രാം

നിങ്ങൾ ഒരു പൂർണ്ണ പ്രോഗ്രാം ആസൂത്രണം ചെയ്തു കഴിഞ്ഞു – ഇനി നിങ്ങളുടെ പ്രവർത്തനങ്ങൾ ആസ്വദിക്കൂ!

ഔട്ട്റീച്ച്

➔ നിങ്ങളുടെ പരിപാടികളില്‍ നിന്നുള്ള ഫോട്ടോകൾ/വീഡിയോകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ സന്ദേശങ്ങൾ തയ്യാറാക്കി പങ്കിടുക (#BeTheChange എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കാൻ മറക്കരുത്). സഹപ്രവർത്തകരുടെ സജീവ പങ്കാളിത്തം കാണിക്കാൻ നിങ്ങളുടെ ദൈനംദിന ഇമെയിലുകളിൽ അവ പങ്കിടുക.

➔ പരിപാടിയുടെ ഭാഗമാകുന്നവര്‍ കുടുംബത്തിനോടൊപ്പമോ സഹപ്രവര്‍ത്തകര്‍ക്കോ  സമൂഹത്തിനോ ഒപ്പമോ  വീട്ടിലോ ഓഫീസിലോ പരിപാടിയുടെ ഭാഗമാകുന്നതിന്‍റെ ഒരു ചെറുവീഡിയോ തയ്യാറക്കട്ടെ. അതിനായി അവരെ പ്രോത്സാഹിപ്പിക്കുക.

➔ ഓൺലൈനിലുംഅല്ലാതെയുമുള്ള ചർച്ചകളിൽ പ്രേക്ഷകരുടെ ഇടപെടൽ പ്രോത്സാഹിപ്പിക്കുക/ക്രമീകരിക്കുക.

പ്രോഗ്രാമിന് ശേഷം: നേടിയ ഊര്‍ജ്ജം നഷ്‌ടപ്പെടുത്തരുത്!

നന്ദി

➔ പരിപാടിയുടെ വിജയത്തിന് നിങ്ങളുടെ ജീവനക്കാർ, പങ്കാളികൾ, പരിപാടിയുടെ ഭാഗമായവര്‍, പൊതു സമൂഹം എന്നിവരോട് നന്ദി അറിയിക്കുക.

➔ നിങ്ങളുടെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയയിലും ഹൈലൈറ്റുകൾ (ഉദാ. ജനപ്രിയ സോഷ്യൽ മീഡിയ പോസ്റ്റുകൾ, അനുഭവങ്ങൾ, നേട്ടങ്ങൾ) പ്രോത്സാഹിപ്പിക്കുക.

ആ മാറ്റം നമുക്കാകാം!നിങ്ങളുടെ പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഞങ്ങളുമായി പങ്കിടുക! നിങ്ങളുടെ പരിപാടി ഞങ്ങളുടെ വെബ്‌സൈറ്റിലോ സോഷ്യൽ മീഡിയയിലെ @GlobalGoalsUN അക്കൗണ്ടുകളിലോ ഞങ്ങൾ ഫീച്ചർ ചെയ്‌തേക്കാം.


 ജലദിനം – ലൂക്ക പോസ്റ്ററുകൾ

Happy
Happy
33 %
Sad
Sad
67 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാർച്ച് 21 – ഇന്ന് ലോക വനദിനം
Next post ഇന്ദ്രിയങ്ങളുടെ പരിണാമം
Close