വന പുനസ്ഥാപനം : വീണ്ടെടുക്കലിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള വഴി
ഭൂമിയിലെ ബഹുഭൂരിപക്ഷം ജൈവവൈവിധ്യത്തിന്റെയും ഉറവിടമാണ് കാടുകൾ. ഏകദേശം 160 കോടി ജനങ്ങൾ അവരുടെ ഭക്ഷണം, താമസം, ഊർജ്ജം, മരുന്ന് എന്നിവയ്ക്കായി കാടിനെ ആശ്രയിക്കുന്നുവെങ്കിലും ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന വനനശീകരണത്തിന്റെ തോത് വളരെയധികം ഭീതിയുണർത്തുന്നതാണ്. ഒരു വർഷം ശരാശരി ഒരു കോടി ഹെക്ടർ വനമേഖലയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 1990 ന് ശേഷം മാത്രം 42 കോടി ഹെക്ടർ വനം നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പൂർണമായും നഷ്ടപ്പെട്ടതോ നശിപ്പിക്കപ്പെട്ടതോ ആയ വന ആവാസ വ്യവസ്ഥയുടെ പുനസ്ഥാപനം എന്നത്തെക്കാളുമേറെ പ്രാധാന്യമർഹിക്കുന്നതായി മാറിയിരിക്കുന്ന ഈ അവസരത്തിലാണ് 2023 വനദിനത്തിന്റെ പ്രാധാന്യം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മനുഷ്യന്റെയും നമുക്കൊപ്പം ജീവിക്കുന്ന ജീവജാലങ്ങളുടെയും ഭൂമിയുടെ തന്നെയും ആരോഗ്യത്തിനും സുസ്ഥിരതയ്ക്കും വന ആവാസ വ്യവസ്ഥയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കോവിഡാനന്തരം ഏകലോകം ഏകാരോഗ്യം (One Health One World) പോലുള്ള ആശയങ്ങൾ പ്രതീക്ഷതരുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നുണ്ട്.
വനവും ആരോഗ്യവും – റിപ്പോർട്ടിന്റെ സംഗ്രഹം
ഐക്യരാഷ്ട്ര സഭ പ്രസിദ്ധീകരിച്ച Forests for human health and well-being റിപ്പോർട്ട് സംഗ്രഹം വായിക്കാം
അന്താരാഷ്ട്ര വനവർഷം 2011 നോട് അനുബന്ധിച്ചാണ് ഐക്യരാഷ്ട്ര സഭ മാർച്ച് 21 നെ അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചത്. ഇന്നത്തെയും ഭാവിതലമുറയുടെയും അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി വനത്തിന്റെയും വനത്തിനു പുറമെയുള്ള ജൈവ വൈവിധ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്തുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ പരിപാടികൾ വനദിനത്തോടനുബന്ധിച്ച് നടപ്പിലാക്കി വരുന്നു.
ഈ വർഷത്തെ വനദിന സന്ദേശം ഐക്യരാഷ്ട്ര ആവാസ വ്യവസ്ഥ പുനസ്ഥാപിക്കൽ (2021-2030) ദശകത്തോട് വളരെയധികം ചേർന്ന് നിൽക്കുന്നതാണ്. ജനങ്ങളുടെയും പ്രകൃതിയുടെയും അഭിവൃദ്ധിക്കായി എല്ലാതരം ആവാസ വ്യവസ്ഥകളുടെയും സംരക്ഷണവും പുനരുജ്ജീവനവും മുന്നിൽ കണ്ടുകൊണ്ടാണിത്. ഇങ്ങനെ ആവാസ വ്യവസ്ഥാ നശീകരണത്തിനെ തടയാനും പുനസ്ഥാപിക്കാനും അതുവഴി സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്നും പ്രത്യാശിക്കുന്നു. ഭക്ഷണം , പാർപ്പിടം, തൊഴിൽ എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്കായി മനുഷ്യൻ കാടിനെ ആശ്രയിക്കുന്നതോടൊപ്പം വനവും വനേതര വൃക്ഷങ്ങളും മനുഷ്യനാവശ്യമായ ഊർജ്ജം , വായു, ജലം, മറ്റു ഉൽപന്നങ്ങൾ എന്നിവ പ്രദാനം ചെയ്യുകയും പ്രതിവർഷം 86 ദശലക്ഷം തൊഴിൽ നൽകുകയും ചെയ്യുന്നു. ഇതിലൂടെ വനങ്ങൾ ജനങ്ങളുടെ , പ്രധാനപ്പെട്ടും വനത്തോട് ചേർന്ന് ജീവിക്കുന്ന ജനങ്ങളുടെ ദാരിദ്ര നിർമാർജ്ജനത്തിലും പ്രധാന പങ്ക് വഹിക്കുന്നു.
സമഗ്രമായ സമീപനത്തോടുകൂടെ മാത്രമേ വനസംരക്ഷണവും വികസനവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുകയുള്ളൂ. ഇതിനായി നിലവിലുള്ള പല നയങ്ങളും നമുക്ക് പുനർവിചിന്തനം നടത്തേണ്ടതായും സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതായി വരികയും ചെയ്യും. കൃത്യമായ ഭരണ നിർവ്വഹണത്തിലൂടെയും വിവിധ മേഖലകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയും തനത് ജനതയുടെ അറിവുകളിലൂടെയും നൂതന ആശയങ്ങളിലൂടെയും നമുക്ക് പ്രകൃതിയുമായുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കാം. അതു വഴി നമുക്ക് വനത്തെയും ജൈവ വൈവിധ്യത്തെയും ഭാവിതലമുറകൾക്കു വേണ്ടിയും കൂടെ സംരക്ഷിക്കാം.
One thought on “മാർച്ച് 21 – ഇന്ന് ലോക വനദിനം”