Read Time:14 Minute

അമ്മതൻ പൊന്നുണ്ണിക്ക് അമ്മയുടെ അമ്മിഞ്ഞപ്പാൽ

മുലയൂട്ടലിന്റെ ആവശ്യകതയും ഗുണങ്ങളും ബോധവൽക്കരിക്കാനും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുവാനുമായി ആഗസ്റ്റ് 1മുതൽ 7വരെ എല്ലാ വർഷവും ലോക മുലയൂട്ടൽ വാരം (World Breastfeeding Week) ആയി ആചരിച്ചു വരുന്നു.1991ൽ WHO മുലയൂട്ടലിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ ആവിഷ്കരിച്ച “Baby Friendly Hospital Initiative”ന്റെ തുടർച്ചയായി ആണ് ഇത് നടത്തി വരുന്നത്.”തൊഴിലിടങ്ങള്‍ മുലയൂട്ടല്‍ സൗഹൃദപരമാക്കുക” എന്നതാണ് ഈ വർഷത്തെ പ്രമേയം.

  • 50 കോടിയിലധികം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പ്രസവാവധിയോ, അവരുടെ പ്രസവകാലയളവവിലെ തൊഴില്‍ സുരക്ഷയോ ഉറപ്പുവരുത്താന്‍ ആകുന്നില്ല
  • വെറും 20% രാജ്യങ്ങളിലെ തൊഴിലുടമകൾ മാത്രമേ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി നല്‍കുന്നുളളൂ.
  • മുലയൂട്ടുന്നതിനുള്ള അടിസ്ഥാന സൗകര്യം മിക്ക തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും ഇല്ല. 

ഒരമ്മയ്ക്ക് തന്റെ കുഞ്ഞിന് പകർന്നു നല്കാനാകുന്ന അമൃതാണ് മുലപ്പാൽ. അതുകൊണ്ടു തന്നെ കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ എത്രയും വേഗം മുലയൂട്ടാനുള്ള തയ്യാറെടുപ്പ് അമ്മമാർ ഗർഭകാലഘട്ടത്തിൽ തന്നെ എടുക്കേണ്ടിയിരിക്കുന്നു.പലപ്പോഴും മുൻകൂട്ടി തയ്യാറെടുക്കാത്തതിനാൽ മുലയൂട്ടൽ സുഗമമായി കൊണ്ടുപോകാൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന ഒട്ടേറെ അമ്മമാരെയും മുലപ്പാൽ കിട്ടാത്തതിനാൽ കഷ്ടപ്പെടേണ്ടി വരുന്ന കുഞ്ഞുങ്ങളെയും ധാരാളം കണ്ടിട്ടുണ്ട്. വളരെ സ്വാഭാവികവും സുന്ദരവുമായ ഒരു പ്രക്രിയയായ മുലയൂട്ടൽ ഇന്ന് പല അമ്മമാർക്കും വളരെ സങ്കീർണമായി തീർന്നിരിക്കുന്നു.ഗർഭ കാലത്തു തന്നെ അമ്മമാർക്ക് ഇക്കാര്യത്തിൽ ഹെൽത്ത്‌കെയർ കൗൺസിലിംഗ് നൽകുന്നത് ഇത്തരം സങ്കീർണതകൾ ഒഴിവാക്കുന്നതിനും കാഠിന്യം കുറയ്ക്കുന്നതിനും സഹായകരമാകും.

എത്ര കാലം മുലയൂട്ടണം

ആറുമാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രം മതി. മുലപ്പാലിന്റെ ഗുണങ്ങൾ ഏറ്റവും കൂടിയിരിക്കുന്നത് ആദ്യത്തെ ആറുമാസങ്ങളിലാണ്. ക്രമേണ പല പോഷകങ്ങളും കുറഞ്ഞുവരും. പ്രസവശേഷം രണ്ടാമത്തെ ആഴ്ച മുലപ്പാലിലെ പ്രോട്ടീന്റെ അളവ് ഏകദേശം 12.7ഗ്രാം/100ml ആണ്. രണ്ടാം മാസമാകുമ്പോഴേക്കും ഇത് 9ഗ്രാം/100ml ആയും നാലാം മാസമാകുമ്പോഴേക്കും 8ഗ്രാം/100ml ആയി കുറയുന്നു. പ്രോട്ടീൻ ഇതര നൈട്രജന്റെ അളവ് ആദ്യത്തെ മൂന്നുമാസത്തിനുള്ളിൽ 30%ത്തോളം കുറയുന്നു. അതുകൊണ്ട് തന്നെ ആദ്യത്തെ ആറുമാസത്തിനു ശേഷം കുഞ്ഞിനു നിർബന്ധമായും മറ്റു ആഹാരസാധനങ്ങൾ കൊടുത്തു തുടങ്ങണം. കാരണം മുലപ്പാലിൽ വിറ്റാമിൻ ഡി, അയൺ, സിങ്ക് എന്നിവ വളരെ കുറച്ചേ അടങ്ങിയിട്ടുള്ളൂ. ഇത് കുഞ്ഞിന്റെ ശാരീരികാവശ്യങ്ങൾക്കു മതിയാവുകയില്ല. ആദ്യമാസങ്ങളിൽ ഈ കുറവ് ഗർഭകാലത്തു അമ്മയിൽ നിന്നും കിട്ടിയ പോഷകങ്ങൾ പരിഹരിക്കുമെങ്കിലും തുടർന്നുള്ള മാസങ്ങളിൽ മറ്റു സ്രോതസുകളിലൂടെ ഇവ ലഭ്യമാക്കിയില്ലെങ്കിൽ കുഞ്ഞിനു ഇരുമ്പിന്റെ കുറവുകൊണ്ടുണ്ടാവുന്ന വിളർച്ചയും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.

മുലപ്പാലിനു തുല്യം മുലപ്പാൽ മാത്രം

മുലപ്പാലിൽ അടങ്ങിയിരിക്കുന്ന കാലറി ഒരൗൺസിന് 22കിലോ കാലറിയാണ്. കാലറി അളവ് ഓരോ മുലയൂട്ടലിലും വ്യത്യാസപ്പെട്ടേക്കാം. മുലപ്പാലിലെ കൊഴുപ്പിന്റെ അളവനുസരിച്ചാണിത്. സ്തനങ്ങൾ പാൽ നിറഞ്ഞിരിക്കുമ്പോൾ കൊഴുപ്പിന്റെ അളവ് കുറയും. മുലപ്പാലിലെ കൊഴുപ്പ് ഒരൗൺസിന് 1.2ഗ്രാമാണ്. അമ്മയുടെ ഭക്ഷണശീലങ്ങൾ കൊഴുപ്പിന്റെ ഈ ശരാശരി അളവിനെ ബാധിക്കയില്ലെന്നാണ് ഗവേഷണങ്ങൾ കാണിക്കുന്നത്. എന്നാൽ അമ്മയുടെ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ തരം കുഞ്ഞിന് കൊടുക്കുന്ന പാലിലെ കൊഴുപ്പിനെ ബാധിക്കാനിടയുണ്ട്. മുലപ്പാലിന് രണ്ട് ഭാഗങ്ങളുണ്ട്. കുഞ്ഞു കുടിച്ചു തുടങ്ങുമ്പോൾ ആദ്യം വരുന്ന മുൻപാലും(foremilk). രണ്ടാമത് വരുന്ന പിൻപാലും(hindmilk). മുൻപാലിൽ മുഖ്യമായും വെള്ളം, ലാക്ടോസ്, കുറച്ചു പ്രോട്ടീനുകൾ, വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ എന്നിവയാണ് അടങ്ങിയിരിക്കുന്നത്.

പിൻപാലിൽ ബാക്കി പ്രോട്ടീനുകളും മുഴുവൻ കൊഴുപ്പുകളും കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളും ധാതുക്കളുമാണ് അടങ്ങിയിരിക്കുന്നത്. മുൻപാലിൽ കൂടുതൽ ലാക്ടോസ് അടങ്ങിയിരിക്കുന്നു. ദഹിക്കാൻ കഴിക്കുന്നതിനേക്കാൾ കൂടുതൽ ലാക്ടോസ് ഉള്ളിൽ ചെല്ലുമ്പോൾ കൂടുതൽ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുന്നു. വയറ്റിൽ ഗ്യാസ് കെട്ടുന്നത് കുഞ്ഞിന് അസ്വസ്ഥതയുണ്ടാക്കുകയും ഞെളിപിരി കൊണ്ടു കരയുകയും ചെയ്യാനിടയുണ്ട്. ചിലപ്പോഴൊക്കെ ഛർദിച്ചെന്നും വരാം. ഈ കരച്ചിൽ കേട്ട് വിശപ്പാണെന്ന് കരുതി അമ്മമാർ വീണ്ടും വീണ്ടും മുലയൂട്ടും. അപ്പോഴും കുഞ്ഞു അല്പം മാത്രം കുടിക്കും.

അങ്ങനെ കുഞ്ഞിന് പിൻപാൽ ലഭിക്കാതെ വരുന്നു. പിൻപാൽ ആവശ്യത്തിന് ലഭിക്കാതിരുന്നാൽ കലോറി കൂടുതലടങ്ങിയ കൊഴുപ്പ് കുഞ്ഞിന് ലഭിക്കാതിരിക്കുന്നതിനാൽ കുഞ്ഞിന് വേണ്ടത്ര തൂക്കം വർദ്ധിക്കുന്നില്ല. ചുരുക്കത്തിൽ മുലയൂട്ടുന്ന അമ്മമാർ ഓരോ താവണ മുലയൂട്ടുമ്പോഴും ഓരോ വശത്തുനിന്നും കൊടുക്കാനും ഒരു വശത്തു 10-15 മിനിട്ടെങ്കിലും തുടർച്ചയായി കുടിപ്പിക്കാനും ശ്രദ്ധിക്കണം. അങ്ങനെ ചെയ്യ്താൽ കുഞ്ഞിന് ആവശ്യത്തിന് പിൻപാലും ലഭിക്കുമെന്ന് മാത്രമല്ല കുഞ്ഞു കൂടെ കൂടെ വിശന്നു കരയാതിരിക്കുകയും ചെയ്യും. ആദ്യമാസങ്ങളിൽ രണ്ടു മൂന്ന് മണിക്കൂർ ഇടവിട്ട് കുഞ്ഞിനെ മുലയൂട്ടാൻ ശ്രദ്ധിക്കണം. കാരണം ഈ പ്രായത്തിൽ കുഞ്ഞു കൂടുതൽ സമയം ഉറങ്ങാൻ സാധ്യതയുണ്ട്. ഓർക്കുക, കുഞ്ഞു കരയുന്നത് വിശപ്പു കൊണ്ട് മാത്രമല്ല. കുഞ്ഞു ഞെളിപിരികൊണ്ട് കരയുന്നുവെങ്കിൽ തോളിൽ കിടത്തി കുഞ്ഞിന്റെ പുറത്തു പതിയെ തട്ടി ഗ്യാസ് കളയാൻ ശ്രദ്ധിക്കണം.

ശരിയായ രീതിയിൽ മുലയൂട്ടുന്നതെങ്ങനെ?

കുഞ്ഞിന് കുടിക്കാൻ ആവശ്യത്തിന് പാലില്ല എന്ന പരാതി പല അമ്മമാരും പറയാറുണ്ട്. ഇതു പലപ്പോഴും തെറ്റിദ്ധാരണയാണ്. അമ്മ ആവശ്യത്തിന് സമീകൃതാഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുകയാണെങ്കിൽ സാധാരണ ഗതിയിൽ എല്ലാ അമ്മമാർക്കും കുഞ്ഞിന് ആവശ്യത്തിനുള്ള പാൽ ഉണ്ടായിരിക്കും. കുഞ്ഞിനെ ശരിയായ രീതിയിൽ മുലയൂട്ടാത്തതും മറ്റുചില തെറ്റിദ്ധാരണകളുമാണ് പലപ്പോഴും ആവശ്യത്തിന് പാൽ ഉണ്ടാകുന്നതിനു തടസ്സമാകുന്നത്. കുഞ്ഞിനെ ശരിയായ രീതിയിൽ പിടിച്ചു മുലയൂട്ടിയാലേ ആവശ്യത്തിന് പാൽ ലഭിക്കൂ. അമ്മ ഏറ്റവും സൗകര്യ പ്രദമായരീതിയിൽ ചാരിയിരുന്നു വേണം മുലയൂട്ടാൻ.

കുഞ്ഞിനെ അമ്മയുടെ മാറോടുചേർത്ത്‌ കുഞ്ഞിന്റെ വയർ അമ്മയുടെ ശരീരത്തിൽ മുട്ടിയിരിക്കുന്ന വിധത്തിൽ ചരിച്ചു പിടിക്കണം. അപ്പോൾ മുലക്കണ്ണും അതിന്റെ ചുറ്റുമുള്ള ഇരുണ്ടഭാഗവും(ഏരിയോള) കുഞ്ഞിന്റെ വായ്ക്കുള്ളിലായിരിക്കും. എന്നാൽ മാത്രമേ കുഞ്ഞു വലിച്ചു കുടിക്കുമ്പോൾ പാൽ കിട്ടുകയുള്ളൂ. ഇങ്ങനെ പിടിച്ചാൽ കുഞ്ഞിന് ശ്വാസതടസമുണ്ടാകുമെന്നു കരുതി കുഞ്ഞിനെ മലർത്തി കിടത്തി മുലയൂട്ടുന്നവരുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ കഴുത്തു പൂർണ്ണമായി ചരിച്ചുപിടിച്ചു പാൽ കുടിക്കാൻ കുഞ്ഞിന് ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല ഇങ്ങനെ പിടിക്കുമ്പോൾ മുലക്കണ്ണ് മാത്രമേ കുഞ്ഞിന്റെ വായിൽ ചെല്ലൂ. ഇങ്ങനെ മുലയൂട്ടിയാൽ കുഞ്ഞിന് പാൽ ലഭിക്കുകയില്ലെന്ന് മാത്രമല്ല അമ്മയുടെ മുലക്കണ്ണിന് വേദനയും പൊട്ടലുമുണ്ടാകാൻ സാധ്യതയുണ്ട്.ഇതിനുള്ള പരിഹാരം കുഞ്ഞിനെ ശരിയായ രീതിയിൽ പിടിച്ചു മുലയൂട്ടുന്നത് മാത്രമാണ്.മുലയൂട്ടൂന്ന സമയം അമ്മ കുഞ്ഞിന്റെ മുഖത്തേക്കും കണ്ണിലേക്കും വാത്സല്യത്തോടെ നോക്കുകയും തലോടുകയും ചെയ്‌യണം.ഒരു വശത്തു നിന്നും മുഴുവൻ കുടിച്ചു തീർത്തതിന് ശേഷം വേണം അടുത്തവശത്തുനിന്ന് കൊടുക്കാൻ.എത്ര പ്രാവശ്യം അമ്മ കുഞ്ഞിനെ മുലയൂട്ടുന്നുവോ അതിനനുസരിച്ചു പാലുൽപ്പാദനവും കൂടും.

സ്വന്തം കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുക എന്നത്‌ ഒരമ്മയുടെ ആഗ്രഹമാണ്, അവകാശമാണ്. മുലപ്പാൽ കുഞ്ഞിന്റെ ജന്മാവകാശവും. അമ്മയുടെ മാത്രമല്ല അച്ഛന്റെയും കുടുംബത്തിന്റെ തന്നെയും ആഗ്രഹവും ആനന്ദവും ആണ് കുഞ്ഞിനെ മുലയൂട്ടി വളർത്തുക എന്നത്‌. ഇത് സഫിലീകരിക്കാനുള്ള വഴി പ്രകൃതി തന്നെ നമുക്ക്‌ ഒരുക്കി തന്നിട്ടുണ്ട്. എന്നിരുന്നാലും കുടുംബത്തിന്റെ സഹകരണവും ചില അറിവുകളും അമ്മയ്ക്ക് മുലയൂട്ടാൻ സഹായകമാകും. മുലപ്പാൽ തന്നെയാണ് കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കാനുള്ള അമൃത്. അത്‌ തന്നെയാണ് നമുക്ക്‌ കുഞ്ഞിന് ആദ്യമായി നൽകാവുന്ന വിലപ്പെട്ട പ്രതിരോധശക്തിയും.


(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ)

കുരുന്നുകൾക്കായി കേരളത്തിലും പാൽബാങ്കുകൾ

Happy
Happy
25 %
Sad
Sad
13 %
Excited
Excited
44 %
Sleepy
Sleepy
6 %
Angry
Angry
0 %
Surprise
Surprise
13 %

Leave a Reply

Previous post ക്ലാസ്മുറിയിൽ നിന്ന് തെരുവിലേക്ക് – കെ.ടി രാധാകൃഷ്ണൻ / എം.എം.സചീന്ദ്രൻ
Next post പുരുഷന്മാർക്കും മുലയൂട്ടാം…
Close