ജീവനെ സൃഷ്ടിക്കാനുള്ള മനുഷ്യന്റെ അദമ്യമായ ആഗ്രഹത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അരിസ്റ്റോട്ടിൽ അദ്ദേഹത്തിന്റെ പ്രശസ്തമായ “ഓൺ ദ ജനറേഷന്‍ ഓഫ് ലൈഫ്” എന്ന പുസ്തകത്തിൽ കീടങ്ങളെയും എലികളെയും ഒക്കെ സൃഷ്ടിച്ചതായി പറയുന്നുണ്ടത്രെ. ജീവൻ സൃഷ്ടിക്കാൻ മനുഷ്യന് ഇത് വരെ സാധ്യമായിട്ടില്ല. പക്ഷെ മനുഷ്യന്റെ ആഗ്രഹങ്ങൾ കഥയായി പ്രത്യക്ഷപ്പെട്ടിട്ട് രണ്ട് നൂറ്റാണ്ട് കഴിഞ്ഞു. അതാണ് മേരി ഷെല്ലി എഴുതിയ 1818 ലെ നോവൽ “ഫ്രാങ്കെൻസ്റ്റൈൻ ഓർ ദ മോഡേൺ പ്രോമിത്യൂസ്”. മനുഷ്യൻ ജീവനെ സൃഷ്ടിച്ചതിന്റെ കഥയാണ് അത് പറയുന്നത്, അതിന്റെ ദുരന്തങ്ങളെയും. ഈ നോവലിനെ ആധാരമാക്കി നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. പോൾ മക്ഗ്യൂഗന്റെ 2015 ലെ ചിത്രം “വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ“ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ “ഫ്രാങ്കെൻസ്റ്റൈൻ“ ചിത്രമാണ്.
കഥ നടക്കുന്നത് 1890ൽ ലണ്ടനിലാണ്. വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് ഇതിലെ മുഖ്യ കഥാപാത്രം. അദ്ദേഹം ഒരു സർക്കസ് കണ്ടുകൊണ്ടിരിക്കെ അപകടത്തിൽപ്പെട്ട ലോറെലി എന്ന ട്രപ്പീസ് കളിക്കാരിയെ മരണത്തിൽ നിന്നും രക്ഷിക്കുന്നു. ആ രക്ഷാപ്രവർത്തനത്തിൽ പേരറിയാത്ത ഒരു കൂനൻ അയാളെ സഹായിക്കുന്നു. അനാട്ടമിയെ കുറിച്ച് അവനുള്ള അറിവ് വിക്റ്റർ ഫ്രാങ്കെൻസ്റ്റൈനെ അൽഭുതപ്പെടുത്തുന്നു. സർക്കസുകാർ അടിമയാക്കി വെച്ചിരുന്ന അവനെ വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ രക്ഷിക്കുകയും അവന്റെ കൂന് ചികിത്സിച്ച് മാറ്റുകയും ചെയ്തു. എന്നിട്ട് വിക്റ്റർ ഫ്രാങ്കെൻസ്റ്റൈന്റെ വല്ലപ്പോഴും മാത്രം വരുന്ന സുഹൃത്ത് ഇഗോർ സ്റ്റ്രോസ്സ്മാന്റെ പേര് അവന് നൽകുകയും ചെയ്തു. വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ കൃത്രിമമായി ജീവൻ സൃഷ്ടിക്കാനുള്ള പരീക്ഷണത്തിലായിരുന്നു. ആ പരീക്ഷണത്തിൽ ഇഗോറിനെയും അയാൾ ചേർക്കുന്നു. രണ്ട് പേരും കൂടി ഗോർഡൻ എന്ന് പേരുള്ള ഒരു ചിമ്പാൻസിയെ സൃഷ്ടിക്കുന്നുവെങ്കിലും അതിനെ അവർക്ക് തന്നെ കൊല്ലേണ്ടി വന്നു.
ഇതിനിടയിൽ രണ്ട് തടസ്സങ്ങൾ വന്നു. ഒന്ന് വിക്റ്റർ ഫ്രാങ്കെൻസ്റ്റൈനെ കോളേജിൽ നിന്നും പുറത്താക്കി. രണ്ട് റോഡ്രിക്ക് ടർപിൻ എന്ന രഹസ്യപ്പോലീസ് ഉദ്യോഗസ്ഥൻ അവരുടെ ഉദ്യമത്തെ ദുർമന്ത്രവാദമായി ചിത്രീകരിച്ച് അയാൾക്കെതിരെ നടപടി തുടങ്ങി. പക്ഷെ വിക്റ്റർ ഫ്രാങ്കെൻസ്റ്റൈന്റെ സഹപാഠിയും പണക്കാരനുമായ ഫിന്നെഗൻ അയാളുടെ ദൌത്യത്തിന് സാമ്പത്തിക പിന്തുണ നൽകാമെന്നേറ്റത് അവർക്ക് വലിയ ആശ്വാസമാണ് നൽകിയത്. അതിനിടെ ടർപിൻ വിക്റ്റർ ഫ്രാങ്കെൻസ്റ്റൈന്റെ പരീക്ഷണശാല റെയ്ഡ് ചെയ്തത് കൊണ്ട് ഫ്രാങ്കെൻസ്റ്റൈന് അവിടെ നിന്ന് ഫിന്നെഗന്റെ കുടുംബവീട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നു. അവിടെ വെച്ച് ഫ്രാങ്കെൻസ്റ്റൈന് അയാളുടെ പരീക്ഷണം വിജയിപ്പിക്കാൻ കഴിഞ്ഞുവെങ്കിലും അവർ ജീവൻ നൽകിയ “പ്രോമിത്യൂസ്” അപകടകാരിയാണ് എന്ന് കണ്ടെത്തിയ അവർക്ക് അതിനെ നശിപ്പിക്കേണ്ടി വന്നു. ആ കഥയാണ് സിനിമ നമ്മോട് പറയുന്നത്.
ലോകത്ത് ഒരു നോവലിന് ഏറ്റവുമധികം സിനിമാ ഭാഷ്യം വന്നിട്ടുണ്ടെങ്കിൽ അതിന്റെ ഖ്യാതി ബ്രോം സ്റ്റോക്കറിന്റെ വിഖ്യാതമായ പ്രേതകഥ “ഡ്രാക്കുള”ക്കായിരിക്കും. ഹൊറർ സിനിമ തൊട്ട് കോമഡി സിനിമ വരെ ഡ്രാക്കുളയെ ആധാരമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. ലോകപ്രശസ്ത സംവിധായകൻ എഫ് ഡബ്ല്യൂ മുർണൊയുടെ 1922 ലെ ഡ്രാക്കുള തൊട്ട് റയാൻ സി സെക്സ്റ്റന്റെ 2015ലെ “ഡ്രാക്കുള നൌ” വരെ നൂറുകണക്കിന് ചിത്രങ്ങളാണ് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംവിധായകർ നിരവധി ഭാഷകളിൽ നിർമ്മിച്ചത്. ക്രിസ്റ്റഫർ ലീ മുതൽ ഗാരി ഓൾഡ്മാൻ വരെ അഭിനയിച്ചിട്ടുണ്ട് ഡ്രാക്കുളയായിട്ട്. ഡ്രാക്കുള കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികം സിനിമകൾ വന്നിട്ടുള്ളത് “ഫ്രാങ്കെൻസ്റ്റൈൻ ഓർ ദ മോഡേൺ പ്രോമിത്യൂസ്” നെ അധികരിച്ചായിരിക്കും.
1910 ലാണ് ആദ്യത്തെ ഫ്രാങ്കെൻസ്റ്റൈൻ സിനിമ പുറത്തിറങ്ങിയത്. ജെയിംസ് സേൾ ഡാർളി സംവിധാനം ചെയ്ത ഈ 12 മിനുട്ട് ദൈർഘ്യമുള്ള നിശ്ശബ്ദ-വർണരഹിത ചിത്രം അന്നത്തെ സിനിമകൾ വെച്ച് നോക്കുമ്പോള്‍ മനോഹരമാണ്. ഏറ്റവും മികച്ച ഫ്രാങ്കെൻസൈറ്റ്ൻ ചിത്രമായി പല നിരൂപകരും ഈ ചിത്രത്തെ വാഴ്തിയിട്ടുണ്ട്. പിന്നീട് 1915 ൽ ജോസെഫ് ഡബ്ല്യു സ്മൈലിയുടെ ഒരു 70 മിനുട്ട് ചിത്രം “ ലൈഫ് വിത്തൌട്ട് സോൾ ” പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ കോപ്പി ഇന്ന് ലഭ്യമല്ല. 1920 ൽ ഇറങ്ങിയ ഇറ്റാലിയൻ ചിത്രമാണ് അടുത്ത ഫ്രാങ്കെൻസ്റ്റൈൻ ചിത്രം: “ദ മോൺസ്റ്റർ ഓഫ് ഫ്രാങ്കെൻസൈറ്റ്ൻ“. നിശബ്ദ കാലഘട്ടത്തിൽ ഇറങ്ങിയ അപൂർവം ഇറ്റാലിയൻ ഹൊറർ സിനിമകളിലൊന്നായിരുന്നു ഇത്. മുസ്സോളിനി ഹൊറർ സിനിമകൾ നിരോധിച്ചതിനാൽ പിന്നീട് ഇറ്റലിയിൽ ഹൊറർ സിനിമകൾ മുസ്സോളിനിയുടെ കാലം കഴിയുന്നത് വരെ പുറത്തിറങ്ങിയിട്ടില്ല. ഈ ചിത്രത്തിനു തന്നെ സെൻസറുടെ കയ്യിൽ നിന്നും പുറത്തിറങ്ങുമ്പോൾ വെറും 39 മിനുട്ട് മാത്രമേ ദൈർഘ്യമുണ്ടായിരുന്നുള്ളൂ എന്നാണ് പറയപ്പെടുന്നത്. ബാക്കി ഭാഗം നീക്കം ചെയ്തുവത്രെ.
പിന്നീട് എടുത്ത് പറയത്തക്കവിധം മികച്ച ചിത്രം 1931 ലെ ജെയിംസ് വെയിൽ സംവിധാനം ചെയ്ത “ഫ്രാങ്കെൻസൈറ്റ്ൻ“ ആണ്. ഈ സിനിമ മേരി ഷെല്ലിയുടെ നോവലിനെയും പെഗ്ഗി വെബ്ലിങ്ങിന്റെ അതേ പേരിലുള്ള നാടകത്തെയും അടിസ്ഥാനമാക്കി ഫ്രാൻസിസ് എഡ്വേർഡ് ഫരഗോയും ഗാരറ്റ് ഫോർട്ടും സംയുക്തമായി എഴുതിയ തിരക്കഥയെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചത്. ഈ ചിത്രമാണ് ഫ്രാങ്കെൻസ്റ്റൈന്റെ “മോൺസ്റ്ററെ” പറ്റിയുള്ള ഒരു സങ്കല്പത്തെ നമ്മുടെ മുൻപിൽ രൂപപ്പെടുത്തിയത്. ബോറിസ് കാർലോഫിന്റെ “ഫ്രാങ്കെൻസൈറ്റ്ൻ ഭീകരൻ“ സിനിമാ ആസ്വാദകരുടെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞ് പോകില്ല. കാർലോഫ് പിന്നീട് മറ്റ് ഫ്രാങ്കെൻസൈറ്റ്ൻ ചിത്രങ്ങളിലും ഇതേ വേഷം ചെയ്തിട്ടുണ്ട്. 1973 ൽ പുറത്തിറങ്ങിയ “സ്പിരിറ്റ് ഓഫ് ദ ബീഹൈവ്” എന്ന ചിത്രത്തിൽ പോലും ഈ “ഭീകരൻ” പ്രത്യക്ഷപ്പെടുന്നുണ്ട്.
ഈ കഥയിൽ വലിയ മാറ്റമൊന്നും ഇല്ലാത്തതാണ് പോൾ മക്ഗ്യൂഗന്റെ 2015 ലെ ചിത്രം “വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ“. വിശദാംശങ്ങളിൽ ചെറിയ ചില വ്യത്യാസങ്ങളൊഴിച്ചാൽ ജെയിംസ് വെയിലിന്റെ ചിത്രത്തിന്റെ റീമെയ്ക്ക് ആണ് ഇത് എന്ന് തോന്നും. പിന്നെ സാങ്കേതിക വിദ്യയുടെ മികവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എങ്കിലും താരതമ്യം ചെയ്യുമ്പോൾ ജെയിംസ് വെയിൽ സംവിധാനം ചെയ്ത “ഫ്രാങ്കെൻസ്റ്റൈൻ“ ആണ് മികച്ച് നിൽക്കുന്നത്. 2015ൽ തന്നെ ബെർണാർഡ് റോസിന്റെ സംവിധാനത്തിൽ ഒരു “ഫ്രാങ്കെൻസ്റ്റൈൻ“ പുറത്തിറങ്ങിയിട്ടുണ്ട്. ഇത് പക്ഷെ “മോൺസ്റ്ററിന്റെ” വീക്ഷണ കോണിൽ നിന്ന് പറയുന്ന സിനിമയാണത്രെ.
ജെയിംസ് വെയിൽ സംവിധാനം ചെയ്ത “ഫ്രാങ്കെൻസ്റ്റൈനു” ശേഷം നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഇവയിൽ എടുത്ത് പറയത്തക്കവിധം മികച്ചവ “ബ്രൈഡ് ഓഫ് ഫ്രാങ്കെൻസൈറ്റ്ൻ” (1935), “സൺ ഓഫ് ഫ്രാങ്കെൻസൈറ്റ്ൻ” (1939), “ദ സ്പിരിറ്റ് ഓഫ് ഫ്രാങ്കെൻസൈറ്റ്ൻ” (1973), “യങ്ങ് ഫ്രാങ്കെൻസൈറ്റ്ൻ” (1974) എന്നിവയാണ്. കാർട്ടൂണുകൾ, ഷോർട് മൂവികൾ അങ്ങനെ നിരവധി ചിത്രങ്ങൾ ഇതിനു പുറമേ വേറെയുമുണ്ട്. ഇത് കൂടാതെ നാടകങ്ങളും ടെലിവിഷൻ സീരിയലുകളും നിരവധി.
ജീവനെ പറ്റിയുള്ള മതത്തിന്റെയും ശാസ്ത്രത്തിന്റെയും സങ്കല്പങ്ങളുടെ ഏറ്റുമുട്ടലായി വേണം ഫ്രാങ്കെൻസൈറ്റ്ൻ എന്ന കഥയെ സമീപിക്കാൻ. ജീവൻ ദൈവത്തിന്റെ സൃഷ്ടിയാണെന്നും മനുഷ്യൻ ദൈവത്തിന്റെ ശേഷി കയ്യാളാൻ ശ്രമിക്കുന്നത് അപകടമാണ് വരുത്തുക എന്നുമുള്ള മതസങ്കൽപത്തോടുള്ള ശാസ്ത്രത്തിന്റെ വെല്ലുവിളിയായി നമുക്ക് ഈ കഥയെ കാണാം. ജീവൻ നിർമിക്കാനുള്ള ശാസ്ത്രത്തിന്റെ പരീക്ഷണം പരാജയപ്പെട്ടുപോയെങ്കിലും ശാസ്ത്രം അവിടെ നിർത്തുന്നില്ല. അധികം വൈകാതെ ജീവൻ തന്നെ പരീക്ഷണശാലയിൽ നിർമിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ക്ലോണിങ് വഴി ജീവന്റെ കോപ്പി നിർമ്മിക്കാനുള്ള ശ്രമത്തിന്റെ വിജയം ശാസ്ത്രം ആഘോഷിച്ച് കഴിഞ്ഞു. ക്ലോണിങ്ങ് കഥാതന്തുവായി നിർമിച്ച ഒരു സിനിമയെ കുറിച്ച് പിന്നീട് എഴുതാം.