അപകടം കുറയ്കുന്ന നിയമം !

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരായ നിയമം കര്‍ശനമാക്കിയപ്പോള്‍ അപകടങ്ങള്‍ കുറഞ്ഞതായി ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയുടെ പഠനം തെളിയിക്കുന്നു. വാഹനാപകടങ്ങളിലെ മാരകമായ കൂട്ടിയിടികളും ആംബുലന്‍സ് വിളികളും ആശുപത്രിപ്രവേശത്തിന്റെ നിരക്കും ഒക്കെ നിയമം മൂലം കുറയ്കാന്‍ കഴിഞ്ഞെന്നാണ് അവിടെ നിന്നുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Japanese car accident

ചെയ്തത് ഇത്രയും മാത്രം; മുന്‍പുണ്ടായിരുന്ന നിസ്സാര പിഴശിക്ഷകള്‍ക്കുപകരം, ഡ്രൈവറുടെ മദ്യപാനത്തിന്റെ അളവിനനുസരിച്ച് ശിക്ഷ കര്‍ശനമാക്കി. രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് (BAC) .05 ശതമാനത്തിനും .08 ശതമാനത്തിനും ഇടയിലാണെങ്കില്‍ ലൈസന്‍സ് മൂന്നു ദിവസം തടഞ്ഞുവെയ്കും. 600 ഡോളര്‍ പിഴയുമീടാക്കും. വാഹനം മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡയിലുമെടുക്കാം. .08 ന് മുകളിലാണ് കുടിയെങ്കില്‍ ശിക്ഷ ഗുരുതരവുമാകും.

ഫലം: വാഹനാപകടങ്ങളുടെ നിരക്ക് 21 ശതമാനം കുറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട ആശുപത്രി പ്രവേശനം 8 ശതമാനം കുറഞ്ഞു. റോഡപകടവുമായി ബന്ധപ്പെട്ട ആംബുലന്‍സ് വിളികളുടെ എണ്ണം 7.2 ശതമാനം കുറഞ്ഞു. മാരകമായ റോഡപകടങ്ങളുടെ എണ്ണം പഠനവര്‍ഷത്തില്‍, മുന്‍വര്‍ഷത്തേക്കാള്‍ 84 എണ്ണം കുറവായിരുന്നത്രേ.

ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയിലെ ഡോ. ബ്രുബാക്കറും സംഘവുമാണ് 2010 – ല്‍ പരിഷ്കരിച്ച ട്രാഫിക് നിയമങ്ങളുടെ സ്വാധീനം പഠന വിഷയമാക്കായത്. നിയമത്തില്‍ വരുത്തിയ പരിഷ്കാരങ്ങളും അവയുടെ കര്‍ശനമായ നടപ്പാക്കലും അവയ്ക് ലഭിച്ച മാദ്ധ്യമ ശ്രദ്ധയുമാണ് ഈ ഫലം സൃഷ്ടിച്ചതെന്നും പഠനം വെളിപ്പെടുത്തുന്നു.

പിന്‍കുറിപ്പ് : കുടിച്ചിട്ട് ഓടിച്ചാലും ഇല്ലെങ്കിലും വാഹനാപകടം ഉണ്ടാകാം. പക്ഷേ, കുടിച്ചുള്ള ഇടിയില്‍ മാരകമായ കൂട്ടിയിടികള്‍  കൂടും. എല്ലാ ഇടിയും ആശുപത്രിയിലേക്കെത്താറില്ല. നിസ്സാര പരിക്കോ വാഹനത്തിന്റെ പരിക്കോ ഒക്കെയായി പ്രശ്നം പറഞ്ഞ് തീര്‍ത്ത് പിരിയാം. ചിലപ്പോള്‍ ഓടിച്ച വണ്ടിയിലോ മറ്റ് വാഹനങ്ങളിലോ ആശുപത്രിയിലെത്തിക്കാം. ആംബുലന്‍സ് വിളിക്കേണ്ടിവരില്ല… ഇങ്ങനെ ഒട്ടനവധി സവിശേഷതകള്‍ വാഹനാപകടങ്ങളിലുണ്ടെന്നും മനസ്സിലാക്കണം !

[divider]

സ്രോതസ്സ് : അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്.

Leave a Reply