ഡോ.ബി.ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ ലേഖനപരമ്പരയിൽ എമ്മാ ഡോനാഗിന്റെ ദി പുൾ ഓഫ് ദി സ്റ്റാർസ്
കോവിഡ് കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട മഹാമാരി സാഹിത്യത്തിൽ ഏറ്റവും ശ്രദ്ധേയമായ കൃതി പ്രസിദ്ധ ഐറിഷ് കനേഡിയൻ സാഹിത്യ പ്രതിഭ എമ്മാ ഡോനാഗ് എഴുതിയ ദി പുൾ ഓഫ് ദി സ്റ്റാർഴ് സ് (The Pull of the Stars: Emma Donoghue: Picador 2020) എന്ന നോവലാണ്. ഒന്നാം ലോക മഹായുദ്ധത്തിന്റെയും ഐറിഷ് സ്വാതന്ത്ര്യസമരത്തിന്റെയും 1919 ലെ ഫ്ലൂ ബാധയുടെയും പശ്ചാത്തലത്തിൽ രചിച്ചിട്ടുള്ള നോവലിൽ ജൂലിയ പവർ എന്ന നഴ് സിനെയും ഐറിഷ് വിപ്പ്ലവ പോരാളിയായ ഡോക്ടർ കാത് ലെൻ ലിന്നിനെയും പ്രധാനകഥാപാത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. ഫ്ലൂ ബാധിച്ച ഗർഭിണികളെ ചികിത്സിക്കുന്ന ഡബ്ലിനിലെ ആശുപത്രിയിലാണ് കഥനടക്കുന്നത്. ചില രോഗികളുടെ ജീവൻ നഷ്ടപ്പെടുന്നുണ്ടെങ്കിലും പലരുടെയും ജീവൻ രക്ഷപ്പെടുത്താനും പ്രസവം സുഖമമായി നടത്തി നവജാത ശിശുക്കളെ രക്ഷപ്പെടുത്താനും അവർക്ക് കഴിയുന്നുണ്ട്. രോഗികളുടെ ദരിദ്രമായ സാമൂഹ്യ ചുറ്റുപാടുകൾ അവരുടെ രോഗാവസ്ഥ രൂക്ഷമാക്കുന്നതും കുടുംബജീവിതത്തെ തകർക്കുന്നതുമെല്ലാം പലരുടെ അനുഭവങ്ങളിലൂടെ നോവലിൽ ചിത്രീകരിക്കപ്പെടുന്നുണ്ട് മഹാമാരിയുടെ ഭീകരതയും പ്രത്യാശഭരിതമായ ഭാവിയുടെ സാധ്യതയും ജനാധിപത്യാവകാശങ്ങൾക്കായുള്ള രാഷ്ടീയ പോരാട്ടത്തിന്റെയും ലോകമഹായുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് എമ്മാ ഡോനാഗ് നോവലിന്റെ പ്രത്യേകത.
ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലം നോവലിന്റെ ചരിത്രപരതയിലേക്ക് വെളിച്ചം വീശുന്നുണ്ട്. എല്ലാ മഹാമാരികളും വലിയ രാഷ്ടീയ പ്രകമ്പനങ്ങളോടൊപ്പമോ രാഷ്ടീയ മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടോ ആണ് കടന്ന് പോയിട്ടുള്ളത്. ഫ്ലൂ ബാധക്കിടെ ബോംബു വീണ് കൊല്ലപ്പെട്ട മകളെ ഓർത്ത് വേദനിക്കുന്ന ഒരമ്മ ആശുപത്രിയിലെത്തുന്നു. യുദ്ധവും ഒരു മഹാമരിയാണെന്നും മഹാമാരി ഒരു യുദ്ധമാണെന്നും നോവലിസ്റ്റ് പരോക്ഷമായി സൂചിപ്പിക്കുകയാണിവിടെ. അതോടൊപ്പം ആശുപത്രിയിൽ പ്രസവിക്കാനെത്തുന്നവരുടെ ദരിദ്രാവസ്ഥയും എല്ലാ മഹാമരികളും സാമൂഹ്യസാമ്പത്തിക പിന്നാക്കവസ്ഥയിലുള്ളവരെയാണ് കൂടുതൽ പ്രതികൂലമായി ബാധിച്ച് കടന്നു പോയിട്ടുള്ളതെന്ന് സത്യം നമ്മെ ബോധ്യപ്പെടുത്തും.