നൊച്ചാടിന്റെ കോവിഡ് അനുഭവം, കേരളത്തിന്റെയും


പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ

കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് കാലത്ത് നടന്ന പ്രവർത്തനങ്ങളും പഞ്ചായത്തിലെ ജനങ്ങൾ കോവിഡിനെ എങ്ങനെ അതിജീവിച്ചത് എന്നതും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭ്യർത്ഥന പ്രകാരം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല പഠനവിധേയമാക്കുകയും പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. കോവിഡും ജീവിതവും നൊച്ചാടിന്റെ നേർക്കാഴ്ചകൾ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് നൊച്ചാട്. 1955-ലാണ് നൊച്ചാട് പഞ്ചായത്ത് നിലവിൽ വന്നത്. ഈ പഞ്ചായത്തിൽ കോവിഡ് കാലത്ത് എന്തൊക്കെ നടന്നു; ഒരു മഹാമാരിയെ നിയന്ത്രിക്കാനായി വിവിധ ജനവിഭാഗങ്ങൾ എന്തൊക്കെ ചെയ്തു; വിവിധ സർക്കാർ, അർധസർക്കാർ, സന്നദ്ധസംവിധാനങ്ങൾ ഏത് രീതിയിൽ പ്രവർത്തിച്ചു? എന്തൊക്കെയാണ് അനന്തരഫലങ്ങൾ? ഭാവിയിൽ എന്തൊക്കെ ചെയ്യണം? എന്നിങ്ങനെ വിശദമായൊരു അന്വേഷണം നടത്താൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പേരാമ്പ്ര മേഖലാ കമ്മിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു. ഇരുകൂട്ടരും ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു പഠനസമിതി രൂപീകരിച്ചു. മെയ് ആദ്യവാരം മുതൽ നവംബർ ആദ്യവാരം വരെ നീണ്ട കൂട്ടായ പ്രവർത്തനങ്ങളിലുടെ ഗ്രാമപഞ്ചായത്തിലെ അനുഭവങ്ങളെല്ലാം ക്രോഡീകരിച്ച് ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നു. “കോവിഡും ജീവിതവും – നൊച്ചാടിന്റെ നേർക്കാഴ്ചകൾ‘ എന്നാണ് ഗ്രന്ഥത്തിന്റെ പേര്. 2020 നവംബർ 4-ന് ബഹു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഗ്രന്ഥം പ്രകാശ നം ചെയ്തു. അദ്ദേഹത്തിന്റെ അറിവിൽ ഇന്ത്യയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് ഈവിധം ഒരു പ്രവർത്തനം നടത്തുന്നത്. 

ഉള്ളടക്കം

ഏഴുതരം വിശകലനങ്ങളാണ് ഈ ഗ്രന്ഥത്തെ സമ്പുഷ്ടമാക്കുന്നത്. 

  1. ജനങ്ങളുടെ അതിജീവനത്തിനായി ഔദ്യോഗിക സംവിധാനങ്ങൾ (ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അംഗൻ വാടി, ധനകാര്യസ്ഥാപനങ്ങൾ, റേ ഷൻകടകൾ എന്നിങ്ങനെ) നടത്തിയ പ്രവർത്തനങ്ങൾ.
  2. പഞ്ചായത്തിലെ അനൗപചാരിക സംവിധാനങ്ങൾ (കുടുംബശ്രീ, ആർആർടി, ആശാപ്രവർത്തകർ, പെയിൻ ആൻഡ് പാലിയേറ്റീവ് എന്നിങ്ങനെ) ഇക്കാലത്ത് നട ത്തിയ ഇടപെടലുകൾ. 
  3. പഞ്ചായ ത്തിൽ നടന്ന സന്നദ്ധ (ലൈബ്രറി, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷൻ എന്നിങ്ങനെ) പ്രവർത്തനങ്ങൾ 
  4. ക്വാറന്റൈൻ നടപടികൾ 
  5. വിവിധ വിഭാഗം ജനങ്ങളുടെ ജീവിതാനുഭവങ്ങൾ ഒപ്പിയെടുക്കുന്ന അഭിമുഖങ്ങൾ 
  6. പഞ്ചായത്തിലെ കുലിത്തൊഴിലാളികളുടെ തൊഴിൽ-വേതന നഷ്ടം 
  7. ഭാവിയിലേക്കുള്ള ചർച്ചാ കുറിപ്പുകൾ എന്നിവ. 

14 പേർ അടങ്ങുന്ന പഠനസമിതിയുടെ ആറു മാസം നീണ്ടുനിന്ന പ്രവർത്തനങ്ങളുടെ പരിസമാപ്തിയാണ് ഈ ഗ്രന്ഥം. രാഷ്ട്രീയ, പ്രാദേശിക, പ്രായ, സ്ത്രീപുരുഷ വ്യത്യാസമില്ലാതെ തികച്ചും ജനാധിപത്യപരവും സെക്യുലറുമായി നടത്തിയ അന്വേഷണ പ്രക്രിയകളാണ് ഈ പ്രവർത്തിയെ വേറിട്ടുനിർത്തുന്നത്. 

എന്തൊക്കെ ഉണ്ടായി? 

11 പേർക്കാണ് ഈ പഞ്ചായത്തിൽ കോവിഡ് (ഒക്ടോബർ 10 വരെ) പോസിറ്റീവായത്. ഇതിൽ 61 പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു. 4 പേർ അന്യരാജ്യങ്ങളിൽ നിന്നും 4 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും 2 പേർ അന്യജില്ലകളിൽ നിന്നും വന്നവരായിരുന്നു. ഇവരേയും ക്വാറന്റൈനിൽ നിന്ന് പോസിറ്റീവാകാത്ത ധാരാളം പേരേയും കോവിഡിനേക്കാൾ പ്രയാസകരമായ മറ്റ് രോഗികളെയുമെല്ലാം ശുശ്രൂഷിക്കാനും പ്രത്യേകം പ്രത്യേകം പരിഗണിക്കാനും കഴിഞ്ഞിരുന്നു. പാലിയേറ്റീവ് സംവിധാനവും, ആശാ-അംഗനവാടി പ്രവർത്തകരും ആർആർടിക്കാരും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ ഇക്കാര്യങ്ങളിൽ സ്തുത്യർഹമായി പ്രവർത്തിച്ചു. ആയുർവേദ, ഹോമിയോ സംവിധാനങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു.

വിദ്യാഭ്യാസ രംഗത്ത് എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ ലഭിക്കാനായി ഒരു ഗ്രാമം ചെയ്ത പ്രവർത്തനങ്ങളും വേറിട്ട് വിശദീകരിക്കുന്നു. പഠനസാമഗ്രികൾ, സ്മാർട്ട് ഫോൺ, ടിവി, ഭക്ഷ്യക്കിറ്റുകൾ, മാസ്ക് എന്നിവയെല്ലാം നൽകി കുട്ടികളെ പ്രത്യേകം സജ്ജമാക്കി. സ്കൂളുകൾ, സാമൂഹ്യ അടുക്കളയിലേക്ക് ഭക്ഷ്യപദാർഥങ്ങൾ എത്തിച്ചു. “ബ്രയ്ക്ക് ദ് ചെയിൻ’ പ്രവർത്തനങ്ങളുടെ ഭാഗമായി പരമാവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും ശ്രമിച്ചു.  കുട്ടികൾക്കുള്ള പോഷകാഹാര വിതരണ കാര്യങ്ങൾ അംഗനവാടികൾ പ്രത്യേക താൽപ്പര്യമെടുത്ത് പ്രവർത്തിച്ചു. ഈ പഞ്ചായത്തിലെ 11 റേഷൻ ഷാപ്പുകളിലൂടെ ഏപ്രിൽ, മെയ്മാസങ്ങളിൽ മാത്രം 1,97,583 കി.ഗ്രാം അരിയും 27385 കി.ഗ്രാം ഗോതമ്പും 6367 കി.ഗ്രാം ആട്ടയും 7377 പലവ്യഞ്ജനക്കിറ്റുകളും വിതരണം ചെയ്തു. നീല, വെള്ള കാർഡുകാർക്ക് 15 കി.ഗ്രാം അരി സൗജന്യമായി വിതരണം ചെയ്തു. കേരള ഗ്രാമീൺ ബാങ്കിന്റെ ഒരു ശാഖയും മൂന്ന് സഹകരണ സ്ഥാപനങ്ങളുമാണ് ഇവിടുത്തെ പ്രധാന ധനകാര്യസ്ഥാപനങ്ങൾ. കുടുംബശ്രീ അംഗങ്ങൾക്ക് പ്രത്യേക വായ്പ നൽകുകയും ബാങ്കിൽ നിന്ന് വായ്പകൾ സ്വീകരിക്കുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ അഭ്യസ്ത വിദ്യരായ യുവതീ യുവാക്കൾ ആവേശത്തോടെ പങ്കാളികളായി.

320 അതിഥി തൊഴിലാളികളാണ് ഗ്രാമപഞ്ചായത്തിൽ ഉണ്ടായിരുന്നത്. അവർക്ക് വേണ്ട ഭക്ഷ്യപദാർഥങ്ങളും പലവ്യഞ്ജനങ്ങളും (51 ദിവസത്തേയ്ക്ക്) താമസസ്ഥലത്ത് എത്തിച്ചു. സാമൂഹ്യ അടുക്കള വഴി 1723 പേർക്കാണ് വീടുകളിൽ ഭക്ഷണം എത്തിച്ചത്. മാർച്ച് 27 മുതൽ മെയ് 16 വരെയാണ് പഞ്ചായത്ത് സാമൂഹ്യഅടുക്കള പ്രവർത്തിപ്പിച്ചു. ഏതാണ്ട് 2.65 ലക്ഷം രൂപ ഇതിന് ചെലവായതായി കണക്കാക്കുന്നു. 11 വായനശാലകൾ നൊച്ചാട് പഞ്ചായത്തിലുണ്ട്. അവയെല്ലാം കോവിഡ് കാലത്ത് പുസ്തകം എത്തിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ശ്രമിച്ചു. നാല് റസിഡന്റ്സ് അസോസിയേഷനുകളും ഇതേ രീതിയിൽ തന്നെ പ്രവർത്തിച്ചു. ഭക്ഷണം, മരുന്ന്, മുഖാവരണം എന്നിവ എത്തിക്കുന്നതിൽ യുവജന സംഘടനകൾ വ്യാപൃതരായി. കരിങ്കല്ല് ചുമന്നും ആക്രി പെറുക്കിവിറ്റും അവരിൽ ചില സംഘടനകൾ സംസ്ഥാനത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്തി. പൊതുജനങ്ങൾക്കായി 17 ഇടങ്ങളിൽ “ബ്രയ്ക്ക് ദ ചെയിൻ’ കൈകഴുകൽ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു.

 

കോവിഡ് കാലത്ത് നേരത്തെ നിശ്ചയിച്ച 54 വിവാഹങ്ങളും 28 ഗൃഹപ്രവേശനങ്ങളും 40 പണംപയറ്റും മാറ്റിവെയ്ക്കേണ്ടിവന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൽ പഞ്ചായത്ത്തല കൺട്രോൾ റൂം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു. ഒരു ജീവനക്കാരനും ഏതാനും സന്നദ്ധപ്രവർത്തകരും ചേർന്നാണ് ഇത് നടത്തിയത്. സിഎഫ് എൽടിസി തയ്യാറാക്കിയെങ്കിലും ഇതുവരെ പ്രവർത്തിക്കേണ്ടിവന്നിട്ടില്ല. ഇക്കാലത്ത് പഞ്ചായത്ത് നിവാസികളായ 288 പേർ വിദേശത്ത് നിന്ന് വന്നിരുന്നു. ഇതര സംസ്ഥാനങ്ങളിൽ പണിയുള്ള 300-ഓളം പേർ ഇക്കാലത്ത് തിരിച്ചെത്തി. ഇതിൽ 87 പേർ തമിഴ് നാട്ടിൽനിന്നും 97 പേർ കർണാടകത്തിൽനിന്നുമായിരുന്നു. തൊഴിൽ-വേതനനഷ്ടം ഒരു പ്രത്യേക സർവെയിലൂടെ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചുകൊണ്ട്, നൊച്ചാട് പഞ്ചായത്തിലെ നിത്യ കൂലിക്കാരായ തൊഴിലാളികളുടെ തൊഴിൽ-വേതന നഷ്ടം കണക്കാക്കാനും പഠനസമിതി പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി.

ലോക്ഡൗൺ ആരംഭിച്ച മാർച്ച് അവസാനത്തെ ആഴ്ച മുതൽ മെയ് മൂന്നാംവാരം വരെ അതായത് എട്ട് ആഴ്ചയിലെ തൊഴിൽ-കൂലി നഷ്ടമാണ് കണക്കാക്കിയത്. നവംബറിൽപ്പോലും തൊഴിൽ പുനരാരംഭിക്കാൻ കഴിയാത്ത തൊഴിലാളികൾ -ബസ്, ഹോട്ടൽ പാചകം, ബ്യൂട്ടിഷ്യൻ- തുടങ്ങിയ രംഗങ്ങളിലെല്ലാമുണ്ട്. അതുകൊണ്ടുതന്നെ പഠനസമിതിയുടെ കണക്കുകൾ വളരെ കുറഞ്ഞ തോതിലുള്ളതാണ്. 11 ശതമാനം വീടുകളിലാണ് സർവെ നടത്തിയത്. 2020-ലെ കണക്കുകളനു രിച്ച് പഞ്ചായത്തിൽ 7140 വീടുകളിലായി 27,726 പേരാണുള്ളത്. ഇതിൽ 14323, സ്ത്രീകളും 13403 പുരുഷന്മാരുമാണ്. സർവെ നടത്തിയത് 782 വീടുകളിലാണ്. അതിൽ 1692 പുരുഷന്മാരും 1709 സ്ത്രീകളുമടക്കം 3401 പേരാണുള്ളത്. പുരുഷന്മാരിൽ 52 ശതമാനം പേരാണ് ഏതെങ്കിലും ജോലിക്ക് പോകുന്നത്. സ്ത്രീകളിൽ ഇത് 22 ശതമാനവും; ശരാശരി 37 ശതമാനം. കോവിഡ് കാലത്ത് 65 ശതമാനം തൊഴിലും നഷ്ടപ്പെട്ടതായി തൊഴിലാളികൾ പറയുകയുണ്ടായി. എന്നാൽ തൊഴിലുറപ്പ്, ഗൾഫ്, ഏതെങ്കിലും രീതിയിൽ തൊഴിൽ ചെയ്തവർ എന്നിവരെയൊക്കെ ഒഴിവാക്കി കണക്കാക്കിയപ്പോൾ 135 പേർക്കാണ് തൊഴിൽ നഷ്ടം ഉണ്ടായിരിക്കുന്നത്. സാധാരണയായി ഇവർ 59 തരം തൊഴിലുകൾ ചെയ്യുന്നു. അവരുടെ തൊഴിൽ, കൂലിനഷ്ടം യഥാക്രമം 2.3 ലക്ഷം തൊഴിൽ ദിനങ്ങളും 11 കോടി രൂപയുമാണ്. എന്നാൽ മുകളിൽ സൂചിപ്പിച്ചതുപോലെ നവംബർ മാസമായിട്ടും തൊഴിലില്ലാതെ കഴിയുന്നവർ ഏറെ ഉണ്ടെന്ന കാര്യം പ്രത്യേകം ഓർക്കണം. അതുകൊണ്ടുതന്നെ യഥാർഥ നഷ്ടം ഇതിനേക്കാൾ എത്രയോ കൂടുതലാകാനാണ് സാധ്യത.

 മറ്റൊരുകാര്യം കൂടി സൂചിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. സ്ഥിരം വരുമാനമില്ലാത്തവർ ജീവിതചെലവിന്റെ ഏതാണ്ട് മുക്കാൽപങ്കും സംഘടിപ്പിക്കുന്നത്, ഫിബ്രവരി മുതൽ മെയ് വരെയുള്ള “സീസൺ കാലത്താണ്. അക്കാലത്തെ നീക്കിയിരിപ്പാണ് മറ്റ് കാലങ്ങളിലെ ജീവിതത്തിന്നാധാരം. ഇത് കാണിക്കുന്നത് “സീസൺ’ കാലത്തിന്റെ തൊഴിൽ പ്രാധാന്യമാണ്. മിക്കവരും ഇക്കാലത്തെ വരുമാനം കണക്കാക്കിയാണ് വായ്പ വാങ്ങുന്നതും സാധനസാമഗ്രികൾ സംഘടിപ്പിക്കുന്നതും. വാടകസ്റ്റോറുകാർ, സദ്യയ്ക്കുള്ള പാചകക്കാർ, കല്യാണ ദല്ലാൾമാർ, ബ്യൂട്ടീഷ്യന്മാർ, ഉത്സവകലാകാരന്മാർ എന്നിവർക്കെല്ലാം ഇത് വളരെ പ്രധാനമാണ്. നമ്മുടെ നാട്ടിലെ അനൗപചാരിക സാമ്പത്തിക ക്രയവിക്രയങ്ങൾ പ്രധാനമായും നടക്കുന്നതും ഇക്കാലത്താണ്. അവയിൽ പ്രധാനമാണ് വിവാഹത്തലേന്നത്തെ “കവർ’ സംഭാവനകളുമെല്ലാം. കോവിഡ് കാലത്ത് ഇവ രണ്ടും അപ്പാടെ നിലച്ചുപോയിരുന്നു. ദുരന്തകാലത്തെ സംസ്ഥാന സർക്കാരിന്റെ സഹായവും തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ഇടപെടലുമാണ്  ജനജീവിതം തകരാതെ പിടിച്ചുനിർത്തിയത്. എല്ലാറ്റിനേയും അഭിമുഖീകരിക്കാൻ കഴിവുള്ള ഒരു ജനകീയ കൂട്ടായ്മ കേരളത്തിന് ഉണ്ടെന്ന് ഇതിനകം ബോധ്യപ്പെട്ടിരിക്കുന്നു. ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ വികസിച്ചുവന്ന ഈയൊരു ജനാധിപത്യ സെക്യൂലർ ഇടത്തെ പരമാവധി പ്രയോജനപ്പെടുത്തിയും പരിസ്ഥിതിയെ കണക്കിലെടുത്തും കേരളത്തിലെ പ്രാദേശിക സമ്പദ്ഘടനയെ വളർത്തുകയും ശക്തിപ്പെടുത്തുകയുമാണ് ഇനി വേണ്ടത്.

നൊച്ചാടിന്റെ ഭാവി 

കോവിഡ് ഭാവിയിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നം തൊഴിൽ നഷ്ടത്തിന്റേയും അതുണ്ടാക്കുന്ന സംഘർഷ ങ്ങളുടേതുമായിരിക്കും. അതിനാൽത്തന്നെ, സ്ഥായിയായി വരുമാനം ലഭിക്കുന്ന പുതിയ തൊഴിലവസരങ്ങൾ ഉണ്ടായേ മതിയാകൂ. ഇന്നത്തെ കേരളം കോവിഡാനന്തരം മാത്രമല്ല; പ്രളയാനന്തരം കൂടിയാണ്. അതിനാൽ ഇ നിയത്തേത് ഇത് രണ്ടും ചേർന്നുള്ള ഒരു ദുരന്താനന്തര കേരളമാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതിക്ഷോഭങ്ങൾ ഇനിയും ആവർത്തിക്കും. അതിനാൽ തൊഴിൽ കണ്ടെത്താനുള്ള എല്ലാ പ്രവർത്തനങ്ങളും പരിസ്ഥിതിയെ സംരക്ഷിക്കുന്നതു കുടിയാകണം. എങ്കിൽ മാത്രമേ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിയൂ. ഇതിനുള്ള പ്രവർത്തനങ്ങൾ ഉത്പാദനത്തിലും ആസൂത്രണത്തിലും അധിഷ്ഠിതമായിരിക്കണം. അതിൽ പഞ്ചായത്തിൽ ലഭ്യമാകുന്ന മനുഷ്യാധ്വാനം, പ്രകൃതി വിഭവം, ധാതുക്കൾ പണസമ്പത്ത് എന്നിവയെല്ലാം സ്വരൂപിച്ച് അനുയോജ്യമാംവിധം സമന്വയിപ്പിക്കാൻ കഴിയണം.

കേരളത്തിലെ സാമൂഹ്യജീവിതം ഇപ്പോൾ താറുമാറായിരിക്കുകയാണ്.  അതിനാൽത്തന്നെ ജനജീവിതം പൂർവസ്ഥിതിയിലാകാൻ വേണ്ട ജനകീയ കൂട്ടായ്മകൾ, കലാസാംസ്കാരിക പ്രവർത്തനങ്ങൾ, കൂട്ടായ്മകൾക്കുള്ള പൊതുഇടങ്ങൾ എന്നിവയും മതേതരത്വ ജനാധിപത്യ ഇടങ്ങളും വിപുലപ്പെടുത്തേണ്ടതുണ്ട്. കക്ഷിരാഷ്ടീയത്തിന്നതീതമായി മാനവസൗഹൃദം ശക്തിപ്പെടുത്തുംവിധം വികസന സംസ്കാരവും വിശാലമായ വികസനരാഷ്ട്രീയവും സാധ്യമാകണം; ഈയൊരു സാഹചര്യത്തിലാണ് നൊച്ചാട് ഗ്രാമപഞ്ചായത്തിലടക്കം, കേരളത്തിൽ പുതിയ തദ്ദേശഭരണ സമിതിയിൽ അധികാരങ്ങൾ വരുന്നത്. മുകളിൽ സുചിപ്പിച്ച അനുഭവങ്ങളെല്ലാം കണക്കിലെടുത്ത് തികച്ചും പുതിയൊരു കേരളത്തിന്റെ സൃഷ്ടിയിലേക്ക് നൊച്ചാട് പഞ്ചായത്തിനും അതിന്റേതായ സംഭാവന ചെയ്യാൻ കഴിയുന്ന ഒരു വികസന സമീപനവും പ്രവർത്തനപരിപാടിയും ഉണ്ടായിവരണം. ഏറ്റക്കുറച്ചിലുകൾ കണ്ടക്കാമെങ്കിലും കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾക്കെല്ലാം ഇത് ബാധകമാണെന്നാണ് പഠനസമിതിയുടെ നിരീക്ഷണങ്ങൾ കാണിക്കുന്നത്


നൊച്ചാട് പഠനറിപ്പോർട്ട് പ്രകാശനച്ചടങ്ങ്

Leave a Reply