ജുറാസിക്ക് പാർക്കിലെ കൊതുക്
ജുറാസ്സിക്ക് പാർക്കിലൊരു കൊതുകുണ്ട്. അതൊരു ജീവനുള്ള കൊതുകല്ല. ഡൈനസോറിന്റെ ചോര കുടിച്ച ഫോസ്സിൽ കൊതുകാണ്.
ആംബർ കൊതുകുകൾ
കൊതുക് തന്നെയെന്ന് അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ട ആദ്യത്തെ ആംബർ കൊതുകിനെ ലഭിച്ചത് രണ്ടായിരാമാണ്ടിൽ കാനഡയിൽ നിന്നാണ്. ജുറാസ്സിക്ക് പാർക്കിറങ്ങി ഏഴു വർഷങ്ങൾക്ക് ശേഷം മാത്രം! പാലിയോക്യൂലിസിസ് മൈന്യൂട്ടസ് (Paleoculicis minutus) എന്ന് പേരിട്ട ഈ കൊതുക് 79 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളതാണ്. 2004 ൽ മിയാൻമറിൽ കണ്ടെത്തിയ ബർമാക്യൂലക്സ് ആന്റിക്വസ് (Burmaculex antiquus) 100 ദശലക്ഷം വർഷങ്ങൾ മുൻപ് ജീവിച്ചിരുന്നവയാണ്. ഈ പൌരാണിക കൊതുകുകൾ രക്തപാനികളായിരുന്നുവെങ്കിൽ തീർച്ചയായും ഡൈനസോറുകളെ കടിച്ചിടുണ്ടാകും. വയറുനിറയെ ചോര കുടിച്ച ഒരു കൊതുകിന്റെ ഫോസ്സിൽ അമേരിക്കയിലെ മൊണ്ടാനയിൽ നിന്ന് കണ്ടെത്തിയത് 2013 ലാണ്. അത് ജീവിച്ചിരുന്നത് ഏകദേശം 46 ദശലക്ഷം വർഷങ്ങൾ മുൻപാണ്. അപ്പോഴേക്കും ഡൈനസോറുകളുടെ വംശനാശം സംഭവിച്ചു കഴിഞ്ഞിരുന്നല്ലോ.
സിനിമയിലെ കൊതുക്
സിനിമയിൽ കാണിച്ച കൊതുകാണ് ചിത്രത്തിലുള്ളത്. അതിന്റെ സ്പർശനികൾ (antennae) ശ്രദ്ധിക്കൂ. നിറയെ രോമങ്ങളുള്ള, തൂവൽപ്പരുവത്തിലുള്ള സ്പർശനികളാണ്. അതിന്റെ അർഥം അതൊരു ആൺകൊതുകാണെന്നാണ്! ആൺകൊതുകുകൾ രക്തം കുടിക്കില്ലെന്നറിയാമല്ലോ. രസം അവിടംകൊണ്ടും തീർന്നില്ല. ടോക്സോറിങ്കയിറ്റിസ് റൂട്ടിലസ് (Toxorhynchites rutilus) എന്ന കൊതുകിനെയാണ് സിനിമാക്കാർ ഉപയോഗിച്ചത്. ആണായാലും പെണ്ണായാലും രക്തം കുടിക്കാത്ത കൊതുകുകളാണ് ടോക്സോറിങ്കയിറ്റിസ് കൊതുകുകൾ! സാധാരണ കൊതുകുകളേക്കാൾ വലുപ്പം കൂടിയവയാണ് ടോക്സോറിങ്കയിറ്റിസുകൾ. സിനിമയിൽ ഉപയോഗിക്കാൻ കാരണം ഈ വലുപ്പമാണത്രേ.