Read Time:37 Minute
രിത്രബോധവും ധാരണകളും നിരന്തരം പുതുക്കലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പുനർവായനകളുടെയും പുനർവിചിന്തനങ്ങളുടെയും അടിസ്ഥാനത്തിൽ ജനങ്ങൾ പല ചരിത്രപുരുഷന്മാരെയും അവരുടെ പ്രവൃത്തികളെയും ചോദ്യം ചെയ്തിട്ടുണ്ട്. ഉദാഹരണമായി അമേരിക്കൻ ചരിത്രത്തിൽ വീരപരിവേഷമുള്ള വ്യക്തിയായിരുന്നു ഇറ്റാലിയൻ പര്യവേഷകനായ ക്രിസ്റ്റഫർ കൊളംബസ്. 1492 മുതൽ സ്പാനിഷ് രാജാവിനുവേണ്ടി മൂന്നു സമുദ്രപ്രയാണങ്ങൾ നടത്തിയ കൊളംബസ് കരീബിയൻ ദ്വീപുകളിലും തെക്കേ അമേരിക്കയിലും എത്തിച്ചേർന്നിരുന്നു. നിരവധി തദ്ദേശീയ ജനവിഭാഗങ്ങളാണ് ഈ യൂറോപ്യൻ അധിനിവേശത്തിന്റെ ഭാഗമായി അടിമകളാക്കപ്പെട്ടതും വധിക്കപ്പെട്ടതും. വംശീയ ആക്രമണത്തിന്റെ ഭാഗമായി 2020ൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരൻ പോലീസിനാൽ കൊലചെയ്യപ്പെട്ടതിനുശേഷം അമേരിക്കയിൽ കൊളോണിയൽ അധിനിവേശത്തിന്റെ പ്രതീകങ്ങളായി തലയുയർത്തിനിൽക്കുന്ന നിരവധി കൊളംബസ് പ്രതിമകളാണ് തകർക്കപ്പെട്ടത്. പലതിനെയും പൂർണമായി വലിച്ചു താഴെയിടുകയും ശിരച്ഛേദം ചെയ്യുകയും ചുവന്നനിറത്തിലുള്ള ചായത്തിൽ മുക്കുകയും ചെയ്തു.

പ്രാചീന ഗ്രീസിലും റോമിലും നിലനിന്നിരുന്ന സ്വവർഗ ലൈംഗികതയെ ആദ്യകാല ചരിത്ര രചനയിൽ അങ്ങേയറ്റം അസാന്മാർഗികമായ പ്രവൃത്തിയായാണ് പല ചരിത്രകാരന്മാരും കണ്ടിരുന്നത്. ഈ സംസ്കാരങ്ങളുടെ പതനത്തിനുകാരണമായി വരെ ഇത് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ലിംഗനീതിയുമായി ബന്ധപ്പെട്ട ശാസ്ത്രീയവും സാമൂഹികവുമായ പഠനങ്ങൾക്ക് പ്രസക്തിയേറിയ സമകാലികലോകത്ത് അരാജക പ്രവൃത്തിയായല്ല മറിച്ച് വ്യക്തി സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പിനുള്ള അവകാശവും നിലനിന്നതിന്റെ സൂചനയായാണ് പല ചരിത്രകാരന്മാരും ഇതിനെ കാണുന്നത്.

ഇരുപതാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് വായനകളാണ് ഗ്രീക്ക് പുരാവൃത്തത്തിലെ മെഡൂസയെ വീണ്ടും ചർച്ചകൾക്ക് വിധേയമാക്കിയത്. തലയിൽ നിറയെ വിഷസർപ്പങ്ങളുള്ള, മുഖത്തേക്കു നോക്കിയാൽ ആരും കല്ലായിപ്പോകുന്ന ദുഷ്ടരാക്ഷസിയായാണ് മെഡൂസ് ചിത്രീകരിക്കപ്പെട്ടിരുന്നത്. ഗ്രീക്ക് ദേവതയായ അഥീനയുടെ ക്ഷേത്രത്തിൽ കഴിഞ്ഞിരുന്ന തരുണിയായ മെഡൂസയെ സമുദ്രദേവനായ പോസിഡോൺ ബലാത്സംഗത്തിനിരയാക്കുന്നു. ഈ പ്രവൃത്തിയിലൂടെ തന്റെ ക്ഷേത്രം അശുദ്ധമായതിന്റെ രോഷത്തിൽ മെഡൂസയുടെ സുന്ദരമായ മുടി വിഷസർപ്പങ്ങളായി പോകട്ടെ എന്നും മെഡൂസ ഒരു രാക്ഷസിയായിപ്പോകട്ടെ എന്നും അഥീന ശപിക്കുന്നു. കുറ്റകൃത്യത്തിന്റെ ഇരയായ ഒരു സാധു സ്ത്രീയാണ് ഇവിടെ ശിക്ഷിക്കപ്പെട്ടത്. പിന്നീട് ഗ്രീക്ക് വീരനായകനായ പേഴ്സസ് ഗർഭിണിയായ മെഡൂസയെ തല വെട്ടിയെടുത്ത് വധിക്കുന്നതായാണ് കഥ. ഗ്രീക്ക് പുരാവൃത്തങ്ങളിലൂടെ ഇത്തരത്തിൽ തിന്മയുടെ പ്രതീകമായി നിലകൊണ്ട മെഡൂസ പിന്നീട് സ്ത്രീരോഷത്തിന്റെയും ശക്തിയുടെയും പ്രതീകമായിമാറുന്ന കാഴ്ചയാണ് ഉണ്ടായത്.

ബെൻ വനൂറ്റൊ ചെല്ലീനി നിർമിച്ച മെഡൂസയുടെ തലയുമായി നിൽക്കുന്ന പേഴ്സസ്’ (Perseus with the Head of Medusa) കടപ്പാട് : വിക്കിപീഡിയ

ലോകമെമ്പാടും മീടു മൂവ്മെന്റ് (Me too Movement) കത്തിപ്പടർന്നകാലത്ത് ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടിട്ടും ശാപമേൽക്കേണ്ടിവരികയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത മെഡൂസയെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ പുനർനിർമിച്ചു. വിഖ്യാത ഇറ്റാലിയൻ നവോത്ഥാന ശില്പി ബെൻ വനൂറ്റൊ ചെല്ലീനി നിർമിച്ച മെഡൂസയുടെ തലയുമായി നിൽക്കുന്ന പേഴ്സസ്’ (Perseus with the Head of Medusa) എന്ന പ്രശസ്ത വെങ്കലശില്പത്തിനു ബദലായി പുതിയൊരു ശില്പം നിർമിക്കപ്പെട്ടു. ഹോളിവുഡ് സിനിമാ നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയിൻ അടക്കമുള്ള ലൈംഗിക കുറ്റവാളികളെ മീടു വെളിപ്പെടുത്തലുകളുടെ ഭാഗമായി ശിക്ഷിച്ച അമേരിക്കയിലെ ന്യൂയോർക്ക് കൺട്രി ക്രിമിനൽ കോർട്ട്ഹൗസിന് അഭിമുഖമായി പേഴ്സസിന്റെ വെട്ടിയെടുത്ത തല കയ്യിലേന്തി നിൽക്കുന്ന മെഡൂസയുടെ അർജന്റീനിയൻ-ഇറ്റാലിയൻ ശില്പി ലൂസിയാനോ ഗർബാത്തി നിർമിച്ച ഏഴടി പൊക്കമുള്ള വെങ്കലശില്പം (Medusa with the Head of Perseus) തലയുയർത്തി നിൽക്കുന്നു.

പേഴ്സസിന്റെ വെട്ടിയെടുത്ത തല കയ്യിലേന്തി നിൽക്കുന്ന മെഡൂസയുടെ അർജന്റീനിയൻ-ഇറ്റാലിയൻ ശില്പി ലൂസിയാനോ ഗർബാത്തി നിർമിച്ച ഏഴടി പൊക്കമുള്ള വെങ്കലശില്പം (Medusa with the Head of Perseus) കടപ്പാട് : The New York Times

ഈ വാദങ്ങളും നവീകരണങ്ങളുമെല്ലാം പുരോഗമനാശയങ്ങളെയും സ്വാതന്ത്ര്യവാഞ്ഛയെയും സമത്വബോധത്തെയും അടിസ്ഥാനപ്പെടുത്തിയുള്ളവയാണെന്നു കാണാനാകും. എന്നാൽ അങ്ങേയറ്റത്തെ സങ്കുചിത വർഗീയചിന്താഗതിയോടെയും അപരനോടുള്ള വെറുപ്പോടെയും ഒരു വിഭാഗം യുക്തിരഹിതമായി, അശാസ്ത്രീയമായ രീതിയിൽ ചരിത്രത്തെ പുനർനിർമിക്കാൻ ശ്രമിച്ചാൽ അത് അത്യന്തം അപകടകരമാണ്.

അന്നത്തെ ചരിത്രത്തിന്റെ പുനർരചനക്ക് വലിയ രീതിയിലുള്ള ശ്രമങ്ങൾ നടന്ന ഒരു രാജ്യമാണ് അമേരിക്ക. 2020 സെപ്റ്റംബറിൽ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ഡൊണാൾഡ് ട്രംപ് 1776 റിപ്പോർട്ട്’ (The 1776 Commission Report) അഥവാ ‘1776 പ്രോജക്ട് എന്നറിയപ്പെട്ട ഉപദേശകസമിതി രൂപീകരിക്കുകയുണ്ടായി. ദേശാഭിമാനപരമായ വിദ്യാഭ്യാസം (Patriotic Education) എന്ന ലക്ഷ്യത്തിനായി രൂപീകരിച്ച ഒരു സമിതിയായിരുന്നു അത്. അമേരിക്കൻ ചരിത്രത്തിൽ പാണ്ഡിത്യം ഉള്ള ഒരു വ്യക്തിപോലും ഇല്ലാതിരുന്ന ഈ 18 അംഗ കമ്മിറ്റിയുടെ റിപ്പോർട്ട് ട്രംപിന്റെ പ്രസിഡണ്ട് കാലാവധി തീരുന്നതിന് രണ്ട് ദിവസം മുൻപാണ് പുറത്തുവിട്ടത്. വ്യാപകമായ രീതിയിൽ വിമർശനം നേരിട്ട ഈ റിപ്പോർട്ട് നിരവധി തെറ്റുകൾ നിറഞ്ഞതും പക്ഷപാതിത്തപരമായ രാഷ്ട്രീയത്തെ ഉൾക്കൊള്ളുന്നതും ആയിരുന്നു. ന്യൂയോർക്ക് ടൈംസിന്റെ 1619 പ്രോജക്റ്റ്’ എന്ന ദീർഘലേഖനത്തിന് എതിരായിട്ടാണ് ഇത് പുറത്തിറക്കിയത്. അമേരിക്കൻ സ്കൂളുകളിലെ ചരിത്രപുസ്തകങ്ങളിൽ വംശീയതയുമായി ബന്ധപ്പെട്ട നുണകളാണ് പഠിപ്പിക്കുന്നത് എന്നും അത് കുട്ടികൾക്ക് മേലുള്ള പീഡനമാണ് എന്നുമായിരുന്നു ട്രംപിന്റെ വാദം. അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപകരെ വില്ലന്മാരാക്കി ചിത്രീകരിക്കുന്ന, വിപ്ലവവത്കരിക്കപ്പെട്ട അമേരിക്കൻ ചരിത്രത്തിന് അന്ത്യംവരുത്തുക എന്നതായി രുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. അമേരിക്കയിലെ സിവിൽ റൈറ്റ് മൂവ്മെന്റിനെയും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെയുമെല്ലാം ഈ റിപ്പോർട്ട് വിമർശിക്കുന്നുണ്ട്.

അമേരിക്കൻ മാധ്യമപ്രവർത്തക നിക്കോൾ എന്ന ജോൺസിന്റെ നേതൃത്വത്തിൽ പുറത്തിറങ്ങിയ 1619 പ്രോജക്ട് ന്യൂയോർക്ക് ടൈംസിലും ദ ടൈംസ് മാഗസിനിലും വന്ന എഴുത്തുകാരുടെ രചനകളെ ഉൾക്കൊള്ളുന്നു. അടിമത്തത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അമേരിക്കൻ ദേശീയചരിത്രത്തിൽ കറുത്തവർഗക്കാരുടെ പങ്കിനെക്കുറിച്ചും ഇത് വിവരിക്കുന്നുണ്ട്. ബ്രിട്ടീഷ് കോളനിയായ വിർജീനിയയിൽ ആദ്യത്തെ ആഫ്രിക്കൻ അടിമ വന്നെത്തിയതിന്റെ നാനൂറാം വാർഷികത്തിന്റെ ഭാഗമായാണ് ഈ രചന പ്രസിദ്ധീകരിച്ചത്. റിവിഷനിസ്റ്റ് ഹിസ്റ്റോറിയോഗ്രാഫിക്കൽ വർക്ക് (Revisionist Historiographical Work) എന്ന വിഭാഗത്തിലാണ് 1619 പ്രോജക്ടിനെ പലരും ഉൾപ്പെടുത്തിയിരിക്കുന്നത്. ചരിത്രസംഭവങ്ങളെയും വ്യക്തികളെയും പുനർവ്യാഖ്യാനത്തിന് വിധേയമാക്കുകയും പരമ്പരാഗതവീക്ഷണങ്ങളെ തള്ളിക്കളയുകയും ചെയ്യുന്ന ഒന്നാണിത്. അങ്ങേയറ്റം പ്രതിലോമകരമായ ഈ റിപ്പോർട്ട് അടുത്ത പ്രസിഡണ്ടായി ജോബൈഡൻ അധികാരത്തിലേറിയ ഉടനെ തള്ളിക്കളയുകയായിരുന്നു.

ഭൂതകാല യാഥാർത്ഥ്യങ്ങളെ ബോധപൂർവം നിഷേധിച്ചുകൊണ്ട് ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്നതിന്റെ ദീർഘകാല ചരിത്രമുള്ള നാടാണ് ജപ്പാൻ. ഈ രാജ്യത്തിന്റെ യുദ്ധ സൈനികചരിത്രത്തിലെ തീർത്തും അപലപനീയമായ സംഭവങ്ങളെ നീക്കം ചെയ്തുകൊണ്ട് സ്വന്തം ചരിത്രത്തെക്കുറിച്ച് അജ്ഞരായ ഒരു തലമുറയെ വാർത്തെടുക്കാനാണ് ഒരുവിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നിരവധി മനുഷ്യാവകാശലംഘനങ്ങളും കുറ്റകൃത്യങ്ങളും നടത്തിയ ചരിത്രം ജപ്പാനുണ്ട്. നിരവധി ഏഷ്യൻ രാജ്യങ്ങളിൽ ഹീനമായ കടന്നുകയറ്റവും അതിക്രമങ്ങളും ജപ്പാൻ നടത്തിയിട്ടുണ്ട്. മൂന്നുലക്ഷത്തോളം ആളുകളുടെ ജീവനപഹരിച്ച നാൻജിംഗ് കൂട്ടക്കൊല ഇന്നും നടുക്കുന്ന ഒരോർമയാണ്. നാല് ലക്ഷത്തോളം പെൺകുട്ടികളും സ്ത്രീകളുമാണ് കംഫർട്ട് വുമൺ എന്ന പേരിൽ രണ്ടാംലോകമഹായുദ്ധകാലത്ത് ജാപ്പനീസ് പട്ടാളക്കാർക്കായി നിർബന്ധിത വേശ്യാവൃത്തിയിലേർപ്പെടേണ്ടി വന്നത്. എന്നാൽ ഇത്തരം സംഭവങ്ങളെയെല്ലാം ചരിത്രപാഠങ്ങളിൽനിന്നും നീക്കം ചെയ്തുകൊണ്ട് പുരാതന കെട്ടുകഥകൾ യാഥാർത്ഥ്യമാണെന്ന് വരുത്തിത്തീർത്ത് ചക്രവർത്തി കേന്ദ്രീകൃതമായ ഒരു കപട ദേശീയബോധം വളർത്തിയെടുക്കാനാണ് ജപ്പാനിലെ പ്രതിലോമ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ചരിത്ര പുനർരചന ഇന്ത്യയിൽ

ഇന്ത്യ എന്ന രാജ്യം ബഹുസ്വരതയുടെ ഭൂമികയാണ്. ഭാഷയിലും ക്ഷണത്തിലും വിശ്വാസ പ്രമാണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും വസ്ത്രധാരണത്തിലും ജീവിതരീതികളിലുമെല്ലാം അത് പ്രകടമാണ്. നൂറ്റാണ്ടുകൾ നീണ്ട കൊടുക്കൽ വാങ്ങലുകളിലൂടെയും അധിനിവേശങ്ങളിലൂടെയും കുടിയേറ്റങ്ങളിലൂടെയുമെല്ലാം വിഭാഗങ്ങളും ഇന്ത്യയിൽ എത്തിച്ചേരുകയും ഈ മണ്ണിലെ അവിഭാജ്യഭാഗമായി മാറുകയും ചെയ്തു. ഇന്ത്യയിലെ സംഗീതത്തിലും ഭാഷയിലും ഭക്ഷണരീതികളിലും നിർമാണശൈലികളിലും വസ്ത്ര ധാരണത്തിലും ശില്പകലയിലുമെല്ലാം ഈ കൂടിച്ചേരലുകൾ വളരെ പ്രകടമാണ്. ഇത്തരം സാംസ്കാരിക സമന്വയങ്ങളുടെ വൈവിധ്യ മേറിയ കലവറയാണ് ഇന്ത്യൻ

ചരിത്രം, 1947 ഓഗസ്റ്റ് 15 ന് “വിധിയുമൊത്തൊരു മുഖാമുഖം’ എന്ന വിഖ്യാതമായ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പ്രസ്താവിച്ചത് “ദുരിതങ്ങളുടെ മുൾപ്പടർപ്പുകളിൽനിന്നും നമുക്ക് റോസാദളങ്ങൾ പറിച്ചെടുക്കാം’ എന്നായിരുന്നു. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ഓരോ സ്ഥാപനങ്ങളും സംവിധാനവും കെട്ടിപ്പടുത്തത്. വിദ്യാഭ്യാസരംഗത്തും ഇത് പ്രകടമായിരുന്നു. വർഗീയ-മതചിന്തകളിൽ നിന്നും മോചിപ്പിച്ചുകൊണ്ടും ബ്രിട്ടീഷ് ഭരണത്തിനെ അനുകൂലിച്ച് എഴുതപ്പെട്ട ചരിത്രത്തെ തള്ളിക്കളഞ്ഞു കൊണ്ടുമാണ് ദേശീയപ്രസ്ഥാനകാലം മുതൽ ഇങ്ങോട്ട് ഇന്ത്യൻ ചരിത്രരചന സഞ്ചരിച്ചത്. എന്നാൽ 75 വർഷങ്ങൾ പിന്നിട്ട സ്വതന്ത ഇന്ത്യയിൽ മറ്റു പല രാജ്യങ്ങളിലെയും പോലെ ശക്തമായ വെല്ലുവിളികൾ നേരിടുന്ന ഒരു വിജ്ഞാനമേഖലയാണ് ചരിത്രം. ഇന്ത്യയെ അതിന്റെ വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും പരിഗണിക്കാതെ ഏകത്വത്തിലേക്ക് വെട്ടിച്ചുരുക്കാനാണ് ചരിത്രം പുനർരചിക്കുന്നതിലൂടെ വർഗീയശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

എല്ലാ ഫാസിസ്റ്റുകളുടെയും സ്വേച്ഛാധിപതികളുടെയും കയ്യിലുള്ള ഒരായുധമാണ് ചരിത്രം. ഭൂതകാലത്തെ തങ്ങൾക്ക് അനുകൂ ലമാക്കി മാറ്റി എഴുതുക എന്നത് ഫാസിസ്റ്റുകളുടെ എക്കാലത്തെയും തന്ത്രവുമാണ്. ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്.

അടുത്തകാലത്ത് മാത്രം തുടങ്ങിയതല്ല വ്യാജ ചരിത്രനിർമിതിയ്ക്കുള്ള ശ്രമങ്ങൾ, ചരിത്രത്തെ വർഗീയവത്കരിക്കാനുള്ള നീക്കങ്ങൾ അതിനും ഏറെ മുൻപേത്തന്നെ തുടങ്ങിയിരുന്നു. 1964ൽ പുരുഷോത്തം നാഗേഷ് ഓക്ക് എന്ന സ്വയം പ്രഖ്യാപിത ചരിത്രകാരൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റീ റൈറ്റിംഗ് ഹിസ്റ്ററി (Institute for Rewriting Indian History) എന്ന ഒരു സ്ഥാപനം ആരംഭിച്ചു.

ഇദ്ദേഹമാണ് താജ് മഹൽ ശിവക്ഷേത്രമായ തേജോ മഹാലയ ആണെന്ന് പ്രസ്താവിച്ചത്. ഇതിഹാസ പ്രതിക എന്നൊരു പ്രസിദ്ധീകരണവും ഈ സ്ഥാപനം പുറത്തിറക്കിയിരുന്നു. യുക്തിരാഹിത്യത്തിന്റെയും അശാസ്ത്രീയതയുടെയും കുത്തൊഴുക്കാണ് പിന്നീട് കാണാൻ സാധിച്ചത്. ക്രിസ്ത്യാനിറ്റി എന്നാൽ കൃഷ്ണനീതി ആണെന്നും മക്കയിലെ കഅബ ഉജ്ജയിനിയിലെ രാജാവായിരുന്ന വിക്രമാദി ത്യൻ സ്ഥാപിച്ചതാണെന്നും ചെക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രേഗ് പ്രാഗ്ജ്യോതിഷപുർ ആയിരുന്നെന്നും ലാത്വിയയിലെ റിഗ എന്ന നഗരം ഋഗ്വേദവുമായി ബന്ധപ്പെട്ടതാണെന്നും ഇദ്ദേഹം പ്രസ്താവിച്ചു. തീവ്ര ഹിന്ദുത്വ സംഘടനകൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഇദ്ദേഹത്തിന് ലഭിച്ചത്.

സനാതന ഹിന്ദുധർമത്തിന്റെ വക്താവായ, വേദകാലഗ്രന്ഥങ്ങളെമാത്രം ഗവേഷണ ഉറവിടമായി എടുത്തിരുന്ന, ഒട്ടും ഗവേഷണമികവു തെളിയിക്കാത്ത അധ്യാപകനായ വൈ. സുദർശൻ റാവുവിനെ ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ (ICHR) തലവനാക്കി 2014ൽ നിയമിക്കുകയുണ്ടായി. ചരിത്രഗവേഷകർക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിന് ഈ നിയമനം തിരികൊളുത്തി.. ആർ.എസ്.എസ് അനുകൂല സംഘടനയായ അഖില ഭാരതീയ ഇതിഹാസ് സങ്കലൻ യോജനയിലെ അംഗം കൂടിയാണിദ്ദേഹം. പുരാ വസ്തുക്കളും മറ്റ് ശാസ്ത്രീയ തെളിവുകളും ഇല്ലെങ്കിൽ പോലും രാമായണത്തെയും മഹാഭാരതത്തെയും ചരിത്രമായി കണക്കാ ക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

2016ൽ കേന്ദ്ര സാംസ്കാരികവകുപ്പ് ഇന്ത്യാചരിത്രം പഠിക്കാൻ കെ എൻ ദീക്ഷിത്തിന്റെ നേതൃത്വത്തിൽ പന്ത്രണ്ട് അംഗ സമിതിയെ നിയമിക്കുകയുണ്ടായി. 12000 വർഷം പഴക്കമുള്ള ഭാരതീയ സംസ്കാരത്തിന്റെ ഉത്ഭവത്തെയും വികാസത്തെയും സമഗ്രമായി പഠിക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ഇന്ത്യയിലെ ആദിമനിവാസികളുടെ പിൻതലമുറക്കാരാണ് ആര്യന്മാർ എന്ന സംഘപരിവാർ സിദ്ധാന്തത്തെ അരക്കിട്ടുറപ്പിക്കലും, പുരാണങ്ങളും ഇതിഹാസങ്ങളും കെട്ടുകഥകൾ അല്ലെന്ന് സ്ഥാപിക്കലും ആയിരുന്നു ഇതിന്റെ ആത്യന്തികമായ ലക്ഷ്യം. ചരിത്രവും കെട്ടുകഥകളും തമ്മിലുള്ള വിടവ് നികത്താനും ഇന്ത്യ ഹിന്ദുരാഷ്ട്രം ആയിരുന്നു എന്ന് തെളിയിക്കാനും ഉള്ള കൃത്രിമ തെളിവുകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമായിരുന്നു. മനുസ്മൃതിയിൽ ചില കാലഗണനകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. 4800, 3600, 2400, 1200 എന്ന വിഭജനത്തിലൂടെ 12000 വർഷം എന്ന് ഇന്ത്യ ചരിത്ര കാലാവധിയെ സമർത്ഥിക്കാനുള്ള ശ്രമമായിരുന്നു അത്

മിത്തുകളും യാഥാർത്ഥ്യവും യുക്തിയും തമ്മിലുള്ള സംഘർഷം പ്രാചീന ഇന്ത്യൻ ചരിത്രരചനയിൽ ആധികാരികതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും സംശയങ്ങൾക്കും എല്ലായ്പ്പോഴും വഴി തെളിച്ചിട്ടുണ്ട്. കഥകൾക്കും യാഥാർത്ഥ്യങ്ങൾക്കും ഇടയിലുള്ള ശാസ്ത്രീയമായി അപഗ്രഥിക്കപ്പെടാത്ത സംശയങ്ങൾ നൽകുന്ന സാഹചര്യം മുതലെടുത്തുകൊണ്ട് പല മിത്തുകളെയും യാഥാർത്ഥ്യത്തിന്റെ പരിവേഷമണിയിക്കാനുള്ള ശ്രമം എല്ലാകാലത്തും പാരമ്പര്യസംസ്കാരവാദികളും ഹിന്ദുത്വവാദികളും നടത്തിയിട്ടുണ്ട്. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളോല്പത്തി കഥയും രാമസേതുവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. അക്കാദമികതലത്തിലുള്ള ഗവേഷണങ്ങളും പഠനങ്ങളും ആണ് അത്തരത്തിലുള്ള എല്ലാ ശ്രമങ്ങളെയും ഒരു പരിധിവരെ ചെറുത്തുനിർത്തിയിട്ടുള്ളത്.

കെട്ടുകഥകളെ യാഥാർത്ഥ്യവത്കരിക്കാൻ ഉള്ള ശ്രമങ്ങളിൽ അക്കാദമിക കടന്നുക ശക്തമായ രാഷ്ട്രീയ പിൻബലത്തോടൊപ്പം അക്കാദമിത കടന്നുകയറ്റങ്ങൾ കൂടിയാകുമ്പോൾ ഇത് സൃഷ്ടിക്കുന്ന അവസ്ഥ അങ്ങേയറ്റം ആശങ്കാജനകമാണ്. സാംസ്കാരിക ചരിത്രരചനയുടെ കുത്തകാവകാശം ഏറ്റെടുത്തുകൊണ്ട് വസ്തുതകളെയും ശാസ്ത്രീയ അപഗ്രഥനങ്ങളെയും നോക്കുകുത്തികളാക്കിയവർ കൂടുതൽ തീവ്രമായി ചരിത്രവസ്തുതകളെ നിരാകരിക്കുന്ന കാഴ്ചയ്ക്കാണ് ഇന്ത്യ സാക്ഷ്യംവഹിക്കുന്നത്.

മലബാർ കലാപം എന്നത് കേവലം മതപരിവർത്തനവുമായി ബന്ധപ്പെട്ടതാണെന്നും അതിന് ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധമില്ലെന്നും കേന്ദ്ര സാംസ്കാരികവകുപ്പും ചരിത്ര ഗവേഷണകൗൺസിലും പ്രഖ്യാപിച്ചിരിക്കുന്നു.. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്ലിയാരുമടക്കം 387 സമരപോരാളികളെയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമര ത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും, എടുത്തുമാറ്റിയത്. ഇന്ത്യയുടെ ചരിത്രപരമായ മുന്നേറ്റത്തിൽ മുസ്ലിം മത വിഭാഗത്തിൽപ്പെട്ടവർക്ക് യാതൊരു പങ്കുമില്ല എന്ന് വരുത്തിത്തീർക്കലാണ് ഇതിന്റെ ലക്ഷ്യം. ബ്രിട്ടീഷുകാരോട് നേരിട്ട് പടവെട്ടി മൃത്യുവരിച്ച മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനെ മതഭ്രാന്തനും ദേശദ്രോഹിയുമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും ഇതേ അജണ്ടയുടെ ഭാഗമാണ്.

എന്തുകൊണ്ടാണ് വർഗീയവാദികൾ ചരിത്രത്തെ ഭയക്കുന്നതും എപ്പോഴും അതിനെ ആക്രമണങ്ങൾക്ക് വിധേയമാക്കുന്നതും?.  വർഗീയത ഒരു ആശയസംഹിതയാണെന്ന് മറ്റെല്ലാവരെക്കാളും നന്നായി അറിയാവുന്നത് വലതുപക്ഷ ഹിന്ദു തീവ്രവാദികൾക്കാണ്. അത് കുരുന്നുമനസ്സുകളിൽ കുത്തിവെക്കാൻ വേണ്ടി അവർ നടത്തിയ ഇടപെടൽ ആയിരുന്നു 1998 മുതൽ 2004 വരെയുള്ള കാലത്ത് എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിൽ ഹിന്ദുത്വ ആശയങ്ങളും തീവ ചിന്തകളും സ്വാഭാവികതയോടെ അവതരിപ്പിക്കാൻ നടത്തിയ ശ്രമം. ഹിന്ദുമതം എന്നത് മതമല്ല എന്നും അത് ഒരു സംസ്കാരമാണന്നും, സഹിഷ്ണുതയാണ് അത് പ്രകടിപ്പിക്കുന്നത് എന്നും ഇവിടുത്തെ പല ഹിന്ദുത്വവാദികളും അക്കാലത്ത് വാദിച്ചിരുന്നു. അതിനാൽത്തന്നെ നമ്മുടെ സംസ്കാരത്തെക്കുറിച്ച് അറിയാൻ കുട്ടികൾക്ക് കൂടുതൽ അവസരം ഇത് നൽകുമെന്ന വിചിത്രവാദമാണ് മുന്നോട്ടുവയ്ക്കപ്പെട്ടത്.

അക്കാദമികലക്ഷ്യങ്ങളെ മാറ്റിനിർത്തി, തീർത്തും സങ്കുചിത വർഗീയ രാഷ്ട്രീയ താൽപര്യങ്ങളെ മുന്നിൽ വെച്ചുകൊണ്ട് ചരിത്രം പുനർനിർമിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. ചരിത്ര-സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്നും ചില പ്രധാന ഭാഗങ്ങൾ നീക്കം ചെയ്യാൻ കേന്ദ്രഗവൺമെന്റ് തീരുമാനമെടുത്തിരുന്നു. 6 മുതൽ 12 വരെയുള്ള സി.ബി.എസ്.ഇ പാഠപുസ്തകങ്ങളിൽ നിന്നും മുഗൾ രാജഭരണത്തിന്റെ സംഭാവനകൾ, ഗുജറാത്ത് കലാപം, അടിയന്തരാവസ്ഥ, ദളിത് എഴുത്തുകാരുടെ രചനകൾ, നക്സലൈറ്റ് മുന്നേറ്റങ്ങൾ, സമത്വത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ എന്നീ ഭാഗങ്ങൾ നീക്കം ചെയ്തു. അപ്രസക്തവും അനാവശ്യവുമായവയെ നീക്കം ചെയ്ത് സിലബസ്സ് യുക്തി പരമാക്കുകയാണ് ലക്ഷ്യം എന്ന് സി.ബി.എസ്.ഇ പ്രസ്താവിക്കുകയുണ്ടായി. ഒരു പ്രത്യേക ആശയത്തിന് സാധുത നൽകാൻ ചരിത്രപരമല്ലാത്ത വസ്തുതകളെ വളച്ചൊടിക്കുന്നതിനെതിരെ നൂറിലധികം ചരിത്രകാരന്മാരാണ് പാർലമെന്ററി കമ്മിറ്റിക്ക് എഴുതിയത്.

വര : കെ സതീഷ്

കേട്ടുകേൾവികളെയും പുരാണകഥകളെയും ചരിത്രം എന്ന മട്ടിൽ അവതരിപ്പിച്ചും ചരിത്രത്തിൽ ഉണ്ടായ സംഭവങ്ങളെ വർഗീയവത്കരിച്ചും മുസ്ലിം ഭരണാധികാരികളെ അധിക്ഷേപിച്ചുമാണ് ചരിത്രപഠനം നടത്താൻ ഇക്കൂട്ടർ ശ്രമിച്ചത്. വ്യത്യസ്ത സംസ്കാരധാരകൾ ഉണ്ട് എന്ന വസ്തുത വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളും ഉപയോഗരീതികളും നിലനിൽക്കുന്നുണ്ട് എന്ന അറിവും അവയുടെ പ്രചാരണവും വർഗ്ഗീയവാദികൾക്ക്  വലിയ വെല്ലുവിളികൾ ഉയർത്തും. അതു കൊണ്ടുതന്നെയാണ് പ്രശസ്ത പണ്ഡിത നും അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായിരുന്ന എ.കെ.രാമാനുജന്റെ ‘മുന്നൂറ് രാമായണങ്ങൾ (Three Hundred Ramayanas: Five Examples and Three Thoughts on Translation) എന്ന രചന ഡൽഹി യൂണിവേഴ്സിറ്റി സിലബസ്സിന്റെ ഭാഗമാക്കിയതുമായി ബന്ധപ്പെട്ടു. നടന്ന അക്രമങ്ങൾ. 2006 ലാണ് ഈ ലേഖനം ബി എ ചരിത്ര സിലബസ്സിന്റെ ഭാഗമാക്കിയത്. ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന കാരണത്താൽ ഈ പാഠഭാഗം ഡൽഹി യൂണിവേഴ്സിറ്റി നീക്കം ചെയ്യുകയായിരുന്നു. ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട റോഹിൻസൺ മിസ്ത്രിയുടെ സച്ച് എ ലോങ്ങ് ജേർണി’ എന്ന പുസ്തകം ശിവാജിയെ അപമാനിക്കുന്നു എന്ന കാരണം പറഞ്ഞുകൊണ്ട് ഭാരതീയ വിദ്യാർത്ഥിസേനയുടെ പ്രതിഷേധം മൂലം മുംബൈ സർവകലാശാലക്ക് പിൻവലിക്കേണ്ടി വന്നു. ഇത്തരത്തിൽ ഒട്ടും അക്കാദമികമല്ലാത്ത ആൾക്കൂട്ട വിചാരണകളും വിധികല്പനകളും ചരിത്രംപോലെയുള്ള സാമൂഹിക ശാസ്ത്രവിഷയങ്ങളെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാസ്യമല്ല.

ഏകമാന ഹിന്ദു എന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്ന ആശയസംഹിതയ്ക്ക് നേരെ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഏകമാനമല്ല ചരിത്രം എന്ന അറിവും അതിനുള്ള തെളിവുകളും. ഇന്ത്യയിൽ ഇത്തരം ഒരു പ്രത്യയശാസ്ത്ര പരിസരം ഒരുക്കി വർഗീയതയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുത്തത് ബ്രിട്ടീഷ് ചരിത്രകാരന്മാരായിരുന്നു എന്ന് നിസ്സംശയം പറയാനാകും. ഇന്ത്യക്കാർക്ക് ചരിത്രബോധമില്ലെന്ന് ആരോപിച്ചുകൊണ്ട് പതിനെട്ടാം നൂറ്റാണ്ടിൽ ആരംഭിച്ച കൊളോണിയൽ ചരിത്രരചന ടർക്കിഷ് അഫ്ഗാൻ – പേർഷ്യൻ കാലാനുസൃത അറിവുകളെ ഒരു ഭാഗത്തേക്ക് മാറ്റിനിർത്തിക്കൊണ്ട് പൂർണമായും സംസ്കൃതഗ്രന്ഥങ്ങളെ ആശ്രയിച്ചാണ് പുരോഗമിച്ചത്. ബുദ്ധ-ജൈന-ഇസ്ലാമിക സാന്നി ധ്യത്തെ മനഃപൂർവം അവഗണിച്ച് ഹിന്ദുസംസ്കാരം എന്ന് പേരിട്ട അതിനെ ഉയർത്തിപ്പിടിച്ചുകൊണ്ട് ചരിത്രരചന നിർവഹിച്ചവർ വർഗീയ സംഘർഷങ്ങൾക്ക് വഴിയൊരുക്കുകയാണ് ചെയ്തത്. വാൽമീകിയുടെയും വ്യാസന്റെയും എഴുത്തുകളിലൂടെ രാജ്യത്തിന്റെ ചരിത്രം തീരുമാനിക്കുന്നതിന് വിശ്വാസികൾക്ക് കാരണങ്ങളും ന്യായീക രണങ്ങളും ഉണ്ടാകാം. പക്ഷേ സംരക്ഷിക്ക പ്പെടേണ്ടതും പിന്തുടരേണ്ടതുമായ ചരിത്രങ്ങൾ ഇതുമാത്രമാണ് എന്ന് തീരുമാനിക്കാൻ ഒരു ജനാധിപത്യ-മതേതരരാജ്യത്ത് ആർക്കും അധികാരമില്ല. ഇന്നത്തെ രാഷ്ട്രീ ന്യായീകരിക്കാനായി നിങ്ങൾക്ക് ഇന്നലെകളെ മാറ്റാനാവില്ല എന്ന വിഖ്യാത ചരിത്രപണ്ഡിത റൊമില ഥാപ്പറിന്റെ പ്രസ്താവനക്ക് ഈ സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ട്.

പ്രമുഖ ചരിത്രകാരനായ ഇർഫാൻ ഹബീബ് ഒരിക്കൽ പ്രസ്താവിക്കുകയുണ്ടായി: ‘ഇന്ത്യയുടെ വൈജാത്യം എന്നത് ഒരു ചരിത്രവസ്തുതയാണ്. വ്യത്യസ്ത മതങ്ങൾ, വംശങ്ങൾ, സംസ്കാരങ്ങൾ എന്നിവ നൂറ്റാണ്ടുകളായി ഇഴുകിച്ചേർന്നു കൊണ്ട് ഇന്ത്യൻ അസ്തിത്വത്തിന്റെ ഭാഗമായവയാണ്. പക്ഷേ ഹിന്ദുത്വ ആശയക്കാർ ആരാണ് ഇന്ത്യക്കാർ എന്നും ആരാണ് ഇന്ത്യക്കാർ അല്ലാത്തത് എന്നും പ്രഖ്യാപിച്ചു കൊണ്ട് അവരുടെ കാഴ്ചപ്പാടിലുള്ള ചരിത്രം പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഫലമായി വരും തലമുറകൾ അവരുടെ ഇന്ത്യയിലെ ബഹുസ്വരതയെക്കുറിച്ച് അറിവില്ലാത്തവരായിട്ടാണ് വളരാൻ പോകുന്നത്.

ഇത്തരമൊരു അവസ്ഥയെ മറികടക്കാനായി ശാസ്ത്രബോധത്തിലൂന്നിയതും വസ്തുനിഷ്ഠവും യുക്തിപരവുമായ ഒരു ചരിത്ര ബോധത്തെ നിർമിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. വൈജാത്യങ്ങൾ ഉൾക്കൊള്ളുന്നതും അപരനോടുള്ള വെറുപ്പിൽ അധിഷ്ഠിതമല്ലാത്തതും ജനാധിപത്യമൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമായ ഒരു ചരിത്ര വിജ്ഞാനമേഖലയാണ് സമകാലികലോകം ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ “ഭൂതകാലത്തെ സംബന്ധിച്ച വിവരങ്ങളോടും വസ്തുതകളോടും ഉള്ള ജിജ്ഞാസ അല്ല ചരിത്രം; മറിച്ച് ഇപ്പോഴും സംഭവിക്കുന്നത് എന്ത് എന്ന് ചരിത്രപരമായി ചോദ്യം ചെയ്യാനുള്ള ഉത്തരവാദിത്തമാണത്‘ എന്ന പ്രസ്താവനക്ക് ഏറെ പ്രസക്തിയുണ്ട്


“ഭൂതകാലത്തെക്കുറിച്ചുള്ള വിവരം മാത്രമാണ് ചരിത്രം എന്നാണ് ആളുകൾ ഇപ്പോഴും കരുതുന്നത് എന്നതാണ് ഖേദകരം, ചരിത്രത്തിലേക്ക് ഗവേഷണം നടത്തുമ്പോൾ, ഈ സമീപനം ഇപ്പോൾ വളരെ പരിമിതികളുണ്ടാക്കുന്നതായി കാണപ്പെടുന്നു. അറിയപ്പെടുന്ന സ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ നേടുന്നതിനു മാത്രമല്ല നാം ഊന്നൽ നൽകുന്നത്. മറിച്ച് വിവിധതരങ്ങളിലുള്ള പുതിയ സ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ സംഭരിക്കുന്നതിനും ഭൂതകാലത്തെ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതിനായി ആ വിവരങ്ങളെ ഉപയോഗപ്പെടുത്തുന്നതിനുമുമ്പായി തെളിവുകളുടെ വിശ്വസനീയത മുമ്പത്തേക്കാൾ കൂടുതൽ ശ്രദ്ധാപൂർവം പരിശോധിക്കുന്നതിനും കൂടി നാം ഊന്നൽ നൽകുന്നുണ്ട്. വിവരങ്ങൾക്കു വേണ്ടി ഭൂതകാലത്തിൽ പര്യവേഷണം നടത്തുകയും ഭൂത കാലത്ത് എന്താണ് സംഭവിച്ചതെന്ന് തുടർന്ന് വിശദീകരിക്കുകയും ചെയ്യുന്ന ഈ രണ്ട് വശങ്ങൾ, ചരിത്രപരമായ രീതി എന്ന് നാമിന്ന് വിളിക്കുന്ന പദ്ധതിയിൽ വലിയ പങ്കുവഹി ക്കുന്നുണ്ട്. ഞങ്ങൾ വിദ്യാർത്ഥികളായിരുന്ന കാലത്ത് ഇതല്ല ഞങ്ങളെ പഠിപ്പിച്ചിരുന്നത്. കാരണം ഈ വിധത്തിൽ ചിന്തി ച്ചിരുന്നവർ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്നി പ്പോൾ അത് തികച്ചും അനിവാര്യമായിത്തീർന്നിരിക്കുന്നു.”

— റൊമില ഥാപ്പർ

ഡോ. മൈത്രി പി.യു എഴുതിയ ചരിത്രപഠനത്തിന്റെ ശാസ്ത്രം എന്ന പുസ്തകത്തിൽ നിന്നും


ചരിത്ര പഠനത്തിന്റെ ശാസ്ത്രം

ഡോ.മൈത്രി പി.യു

ഐതിഹ്യങ്ങളും കെട്ടുകഥകളും വീരകൃത്യങ്ങളും ചരിത്രമായി അവതരിപ്പിക്കപ്പെടുന്ന വർത്തമാന കാലത്ത് എന്താണ് ചരിത്രമെന്നും ചരിത്രപഠനത്തിന്റെ രീതിശാസ്ത്രം എന്താണെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. മതമൌലികവാദികളും സങ്കുചിത ദേശീയവാദികളും ചരിത്രം മാറ്റിയെഴുതാനും ദുർവ്യാഖ്യാനം ചെയ്യാനും ശ്രമിക്കുമ്പോൾ എന്താണ് ചരിത്രമെന്നും എങ്ങനെയാണ് ചരിത്രം പഠിക്കേണ്ടതെന്നും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം. പ്രസാധനം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, വില : 100 രൂപ


Happy
Happy
75 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post റോബോട്ടുകളുടെ ചരിത്രം – ഭാഗം 1
Next post നവംബർ 23 – ഫിബനാച്ചി ദിനം
Close