Read Time:7 Minute

ഓർമകൾക്കും മണത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ഇലയിൽ പൊതിഞ്ഞ ചോറിന്റെ മണം യാത്രകളെ ഓർമകളിൽ മടക്കിക്കൊണ്ടുവരുന്നില്ലേ? സ്ട്രോബറി ഐസ്ക്രീമിന്റെ മണം ആറാം ക്ലാസ്സിലെ കൂട്ടുകാരിയെ ഓർമിപ്പിക്കുന്നില്ലേ? ശരിക്കും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum chamber

ഓർമകൾക്കെന്ത് സുഗന്ധം എന്നാത്മാവിൻ നഷ്ടസുഗന്ധം – എന്ന് പാടിയിട്ട് കവിക്ക് ഒരു പോക്ക് പോയാൽ മതി. അതും കേട്ടുവരുന്ന ശാസ്ത്രജ്ഞയ്ക്ക് പിന്നെ പണിയോട് പണിയാണ്! യഥാർഥത്തിൽ ഓർമകൾക്കും മണത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇലയിൽ പൊതിഞ്ഞ ചോറിന്റെ മണം യാത്രകളെ ഓർമകളിൽ മടക്കിക്കൊണ്ടുവരുന്നില്ലേ? സ്ട്രോബറി ഐസ്ക്രീമിന്റെ മണം ആറാം ക്ലാസ്സിലെ കൂട്ടുകാരിയെ ഓർമിപ്പിക്കുന്നില്ലേ? ശരിക്കും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

Image: Sam Falconer

ഓർമകൾക്കും മണത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

മണങ്ങൾ ഓർമകളെ മുളപ്പിക്കുന്നില്ലേ ? മണങ്ങൾ ഓർമകളെ മുളപ്പിക്കുന്നത്ര ശക്തമായി ശബ്ദങ്ങൾ ഓർമ്മകളെ മുളപ്പിക്കുന്നില്ലല്ലോ! ശാസ്ത്രലോകം ഈ രഹസ്യത്തിന്റെ ചുരുളഴിക്കാൻ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. നമ്മൾ ഒരു ശബ്ദം കേട്ടാൽ അത് ചെവിയിൽ നിന്നു തലച്ചോറിന്റെ തണ്ട് വഴി, തലാമസ് എന്ന് പറയുന്ന തലച്ചോറിന്റെ ഭാഗം വഴി ചുറ്റിയാണു ശബ്ദം തിരിച്ചറിയുന്ന കോർട്ടെക്സിൽ എത്തുന്നത്. അതേസമയം മണത്തിന്റെ ന്യൂറോണുകളാകട്ടെ മൂക്കിൽ നിന്നും നേരിട്ട് തലച്ചോറിന്റെ ഘ്രാണകേന്ദ്രത്തിലേക്ക് കയറിയങ്ങനെ കിടക്കുകയാണ്. അവിടെനിന്ന് ഓർമകളെ അടുക്കി വച്ചിരിക്കുന്ന ഭാഗത്തേക്കുകൂടി പടർന്നു. കിടക്കുകയും ചെയ്യുന്നു. മണങ്ങൾ ഓർമകളെ വിളിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു കാരണമിതാകും.

Image: Sam Falconer

ഓർമ ന്യൂറോണുകൾ

എത്ര രൂക്ഷമണമായാലും കുറച്ച് നേരം അതിൽ മുങ്ങിനിന്നാൽ പിന്നെ ആ മണം തിരിച്ചറിയാതിരിക്കുന്നത് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ കാരണക്കാർ ഹ്രസ്വകാലസ്മരണാ ന്യൂറോണുകളാണെന്നു (short-term neural memories) കണ്ടെത്തിയത് ഈയിടെയാണ്. ഒരു മണം കിട്ടികഴിഞ്ഞാൽ അതിന്റെ ചുമതലയുള്ള ജീൻ സജീവമാകും. എന്നിട്ട് ആ മണം തിരിച്ചറിയാനുള്ള കഴിവ് കുറയ്ക്കും. ഇനി ദീർഘകാല സ്മരണകളാണെങ്കിലോ? അവരാണു ചെറുപ്പത്തിൽ നമ്മൾ അനുഭവിക്കുന്ന മണങ്ങളെ തലച്ചോറിലെ കോർട്ടെക്സിൽ ഒരോരോ ഓർമച്ചെപ്പുകളിലാക്കി സൂക്ഷിച്ചുവെക്കുന്നത്. അതായത്, “ഇത് അമ്മവീട്ടിലെ പായസത്തിന്റെ മണം – ഓർമ സ്ഥലം – 1′, “ഇത് ഉപ്പാന്റെ വീട്ടിലെ മട്ടൻ ബിരിയാണിയുടെ മണം- ഓർമ സ്ഥലം -2′. എന്നിങ്ങനെ നമ്മുടെ മണത്തിന്റെ ഓർമകളെ അടയാളപ്പെടുത്തി വെക്കുന്നതുപോലെ. വ്യത്യസ്ത ആളുകൾക്ക് ഈ അടയാളപ്പെടുത്തലുകൾ അവരുടെ മണങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടുമിരിക്കും. അതായത് ഓർമ ന്യൂറോണുകളാണു നമ്മുടെ മണങ്ങളുടെ യഥാർത്ഥ കാവൽക്കാർ.

Image: Sam Falconer

കോവിഡ് നമ്മുടെ മണങ്ങളെ അടിച്ചു മാറ്റിയപ്പോൾ ഗന്ധങ്ങളെക്കുറിച്ചുള്ള ഗവേഷണവും (olfactory research) ചൂടുപിടിച്ചിരിക്കുകയാണ്. തീരെ ചെറിയ വാവകൾ അമ്മയെ മണംകൊണ്ട് തിരിച്ചറിയുന്നതെങ്ങനെ? സന്തോഷകരമായ കാര്യങ്ങൾ മാത്രമല്ല മാനസികാഘാതങ്ങളും ഓർമകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ഇത്തരം സന്ദർഭങ്ങളിൽ മണങ്ങൾ ചികിത്സക്കായി ഉപയോഗിക്കാമോ? അൾഷെമേഴ്സ് പോലെ ഓർമ നഷ്ടപ്പെടുന്ന അസുഖങ്ങളിൽ ഇത്തരം പഠന ങ്ങൾ എങ്ങനെ സഹായിക്കും തുടങ്ങി അനവധി പഠനങ്ങളുടെ റിപ്പോർട്ടുമായാണു ഇത്തവണത്തെ നേച്ചർ ഔട്ട് ലുക്ക് (Nature Outlook) ഇറങ്ങിയിരിക്കുന്നത്.


കടപ്പാട് : ശാസ്ത്രകേരളം 2022

സെപ്റ്റംബർ ലക്കം


Happy
Happy
35 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
5 %
Angry
Angry
5 %
Surprise
Surprise
5 %

Leave a Reply

Previous post തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നതു കൊണ്ടാണോ സൂറത്തിൽ പ്ലേഗ് വന്നത് ?
Next post ജെയിംസ് വെബ് ടെലിസ്കോപ്പിനെന്താ ചൊവ്വയിൽ കാര്യം ?
Close