Read Time:19 Minute

കേൾക്കാം

സെപ്തംബർ 10 ആത്മഹത്യാ പ്രതിരോധ ദിനം. ആത്മഹത്യയെക്കുറിച്ച് പൊതുവിലുള്ള തെറ്റിദ്ധാരണകൾ , ആത്മഹത്യയിലേക്ക് നയിക്കുന്നതോ ആത്മഹത്യാസാധ്യത കൂട്ടുന്നതോ ആയ കാര്യങ്ങൾ, ആത്മഹത്യാമനസ്ഥിതിയുള്ളവരെ എങ്ങനെ സഹായിക്കാം ?, എന്തൊക്കെ ചെയ്യരുത് ? ഫാത്തിമ മുസ്ഫിന, ഡോ.സി.ചിഞ്ചു എന്നിവർ എഴുതിയ ലേഖനം അവതരണം : നീതി റോസ്

രിക്കണം എന്ന ഉദ്ദേശത്തോടെ ഒരാൾ സ്വയം മുറിവേൽപ്പിക്കുകയോ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുകയും അത് മരണത്തിലേക്ക് എത്തുകയും ചെയ്യുന്നതിനെയാണ് ആത്മഹത്യ എന്ന് പറയുന്നത്. ശാരീരിക, മാനസിക, സാമൂഹിക ഘടകങ്ങൾ കൂടിച്ചേർന്നാണ് ആത്മഹത്യകൾ സംഭവിക്കുന്നത്. ആത്മഹത്യയും ആത്മഹത്യാ പ്രവണതയും കുറച്ചു സങ്കീർണ്ണമായതും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമായ കാര്യമാണ്. ആളുകൾക്കിടയിലെ തെറ്റിദ്ധാരണകൾ മാറ്റുവാനും ആത്മഹത്യയിലേക്ക് നയിക്കാവുന്നതും, അതിൽ നിന്നും സംരക്ഷിക്കുന്നതുമായ ഘടകങ്ങൾ തിരിച്ചറിയാനും ആത്മഹത്യയെപ്പറ്റി ആരോഗ്യകരമായ, തുറന്ന ചർച്ചകൾ ഉണ്ടാകേണ്ടതുണ്ട്.

ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നത് ഒരു വ്യക്തിയുടെ പിൽക്കാല ജീവിതത്തെ മുഴുവനായി നിർവചിക്കുന്ന കാര്യമല്ല, അവർക്ക് ആരോഗ്യകരമായ ഉല്ലാസകരമായ ജീവിതത്തിലേക്ക് മടങ്ങി വരാനാവും എന്നും മനസ്സിലാക്കേണ്ടതുണ്ട്.

ചില സ്ഥിതി വിവരക്കണക്കുകൾ 

  • പ്രായപൂർത്തിയായവരിൽ 25% പേർക്കെങ്കിലും ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ആത്മഹത്യ സംബന്ധിച്ച തോന്നലുകൾ ഉണ്ടാകാൻ ഇടയുണ്ട് എന്ന് പഠനങ്ങൾ പറയുന്നു.
  • ലോകത്താകെ ഏകദേശം 8 ലക്ഷത്തോളം ആളുകൾ വർഷംതോറും ആത്മഹത്യ ചെയ്യുന്നു.  ഇന്ത്യയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ അത് 2,50,000വും കേരളത്തിൽ ഏകദേശം 8,000 വും ആണ്.  
  • ആത്മഹത്യയുടെ എണ്ണം പരിശോധിച്ചാൽ ഇന്ത്യയിൽ കേരളം ആറാം സ്ഥാനത്താണ്. 2021ൽ മാത്രമായി 9549 ആളുകൾ കേരളത്തിൽ  ആത്മഹത്യ ചെയ്തിരുന്നു. 
  • കേരളത്തിൽ ഒരു വർഷം 80,000 പേരെങ്കിലും ഗൗരവമായി ആത്മഹത്യാ ശ്രമങ്ങൾ നടത്തുന്നു. ഒരാളുടെ ആത്മഹത്യയോ ആത്മഹത്യാ ശ്രമങ്ങളോ കുറഞ്ഞത് 10 പേരെ ബാധിക്കുന്നു എങ്കിൽ ഈ കണക്കുപ്രകാരം ഒരു വർഷം 8,00,000 ആളുകളെങ്കിലും കേരളത്തിൽ ആത്മഹത്യ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.

ആത്മഹത്യയെക്കുറിച്ച് പൊതുവിലുള്ള തെറ്റിദ്ധാരണകൾ 

ആത്മഹത്യയെക്കുറിച്ച് ചോദിക്കുന്നതും സംസാരിക്കുന്നതും ആത്മഹത്യയ്ക്ക്  പ്രേരണയാകും 

ആത്മഹത്യയ്ക്കു ശ്രമിച്ച ഭൂരിഭാഗം പേരും പറയുന്നത് ആരോടെങ്കിലും എനിക്ക് ആത്മഹത്യ ചെയ്യണമെന്ന ചിന്തയുണ്ടെന്ന് പറയണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്നാണ്. അതുകൊണ്ടുതന്നെ അതിനെ പറ്റി ചോദിക്കുന്നത് അവരുടെ മനസ്സിലുള്ള ചിന്തകൾ പുറത്തു കൊണ്ടുവരുന്നതിനും ചർച്ച ചെയ്യുന്നതിനും  സഹായകരമാകും. 

ആത്മഹത്യ ചെയ്യുന്നവരെല്ലാം മാനസിക രോഗികളാണ്

വിഷാദം, മതിഭ്രമം (സൈക്കോസിസ്) തുടങ്ങിയ മാനസിക രോഗങ്ങളുടെ ഭാഗമായും  ആത്മഹത്യാപ്രവണത ഉണ്ടാവാം. എന്നാൽ ആത്മഹത്യ ചെയ്യുന്ന, ആത്മഹത്യക്ക് ശ്രമിക്കുന്ന  എല്ലാവർക്കും മാനസികരോഗം ഉണ്ടാവണമെന്നില്ല. മാനസിക രോഗങ്ങളോളമോ അവയേക്കാൾ കൂടുതലോ മറ്റു ഘടകങ്ങളും ആത്മഹത്യാ ചിന്തകളിലേക്ക് നയിക്കാം.

ആത്മഹത്യ ചെയ്യുന്നവർ സ്വാർത്ഥരാണ്. അവർ അവരെ പറ്റി മാത്രം ചിന്തിക്കുന്നു 

ആത്‌മഹത്യയ്ക്ക് ശ്രമിക്കുന്നവർ വലിയ തോതിലുള്ള വികാര വിക്ഷോഭങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ചിന്തിക്കുന്നതോ  പ്രവർത്തിക്കുന്നതോ മുഴുവൻ ബോധപൂർവ്വം ആവണമെന്നില്ല എന്നു  മാത്രമല്ല പലപ്പോഴും അവർ വലിയ ആശയക്കുഴപ്പത്തിലുമായിരിക്കും. ചിലപ്പോൾ തങ്ങൾക്കു വേണ്ടപ്പെട്ടവരെ കുറിച്ചുള്ള ഉത്കണ്ഠയും ആത്മഹത്യാ ചിന്തയ്ക്ക് ആക്കം കൂട്ടാം.

മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനാണ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്, ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളാണ്

ആത്മഹത്യ എന്നത് ജൈവശാസ്ത്രപരവും മാനസികവും സാമൂഹികവുമായ പല ഘടകങ്ങളുടെയും ഒരുമിച്ചുള്ള പ്രവർത്തനം മൂലം സംഭവിച്ചേക്കാവുന്ന ഒരു കാര്യമാണ്. അതിന് ധൈര്യവുമായി ബന്ധമില്ല. ഏതൊരാളിലും ചില സാഹചര്യങ്ങളിൽ സ്വന്തം ജീവിതം നിസ്സഹായമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത് എന്ന് തോന്നുമ്പോൾ ആത്മഹത്യാ ചിന്ത ഉടലെടുക്കാം. 

ആത്മഹത്യയിലേക്ക് നയിക്കുന്നതോ ആത്മഹത്യാസാധ്യത കൂട്ടുന്നതോ ആയ കാര്യങ്ങൾ

ഒറ്റപ്പെടൽ, വൈകാരികബന്ധങ്ങളിലെ  പ്രശ്നങ്ങൾ, മറ്റുള്ളവർ എന്നെ എങ്ങനെ വിലയിരുത്തുന്നു എന്നതിനെ കുറിച്ചുള്ള ആധി, ജോലി, വരുമാനം തുടങ്ങിയവയിൽ ഉണ്ടാവുന്ന പ്രതിസന്ധികൾ, വിഷാദം, മറ്റു  മാനസികരോഗങ്ങൾ, മനസ്സിനെ ഉലയ്ക്കുന്ന തരത്തിലുള്ള പരാജയങ്ങൾ, രോഗാവസ്ഥകൾ, സാമ്പത്തിക നഷ്ടങ്ങൾ, അപമാനം, മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും ഉപയോഗം, അപ്രതീക്ഷിതമായ നഷ്ടങ്ങൾ മുതലായവ ആത്‌മഹത്യാ ചിന്ത ഉണ്ടാക്കാം. സ്വയം ശിക്ഷിക്കാനായും തൻറെ മരണത്തിലൂടെ മറ്റൊരാളിൽ കുറ്റബോധം ഉണ്ടാക്കണമെന്ന് ആഗ്രഹത്താലും ചിലർ ആത്‌മഹത്യാ ശ്രമം നടത്താറുണ്ട്

സമൂഹത്തിലെ എല്ലാ വിഭാഗക്കാരിലും ആത്മഹത്യ നടക്കുന്നുണ്ട് എന്നതാണ് വസ്തുത. അതിൽ ദിവസക്കൂലിക്കാരും തൊഴിലില്ലാത്തവരും സ്വയം തൊഴിൽ ചെയ്യുന്നവരും വിദ്യാർത്ഥികളും കർഷകരും, പണക്കാരും പല പ്രായത്തിലുള്ളവരും പെടുന്നു. 

കുട്ടികളിലും കൗമാരപ്രായക്കാരിലും കാണുന്ന ആത്മഹത്യാപ്രവണതയുടെ പൊതുവായ കാരണങ്ങൾ:

രക്ഷിതാക്കളുടെ ശാസന,  പിണക്കം, പരീക്ഷപ്പേടി/തോൽവി, ലൈംഗിക ചൂഷണങ്ങൾ,  പ്രണയനൈരാശ്യം, പീഡനം, കുടുംബത്തിലെ പ്രശ്നങ്ങൾ, മാനസികബുദ്ധിമുട്ടുകൾ, മൊബൈൽ/ ഇന്റർനെറ്റ് അഡിക്ഷൻ, ആത്മഹത്യ അനുകരണം 

മധ്യവയസ്കരിലെ ആത്മഹത്യാപ്രവണതയുടെ പൊതുവായ കാരണങ്ങൾ:

വിഷാദം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ബന്ധങ്ങളിലെ വിള്ളലുകൾ, ലഹരി ഉപയോഗം, ആരോഗ്യപ്രശ്നങ്ങൾ 

പ്രായമായവരിലെ ആത്മഹത്യാപ്രവണതയുടെ പൊതുവായ കാരണങ്ങൾ: 

ശാരീരികവൈകല്യങ്ങൾ, സാമൂഹികമായ ഒറ്റപ്പെടൽ, വിഷാദം, പ്രവർത്തന പരിമിതികൾ, മറ്റുള്ളവർക്ക് താനൊരു ഭാരമാണ് എന്നുള്ള തോന്നൽ, അവഗണന, പീഡനം

പുരുഷന്മാരിലെ ആത്മഹത്യാപ്രവണതയുടെ പൊതുവായ കാരണങ്ങൾ: 

മദ്യത്തിന്റെയും മറ്റു മയക്കുമരുന്നുകളുടെയും ഉപയോഗം, താൻ നേരിടുന്ന അല്ലെങ്കിൽ തനിക്ക് സംഭവിച്ച ദുരിതത്തിന്റെ സാമൂഹിക സ്വീകാര്യതയെ സംബന്ധിച്ച തെറ്റായ വിലയിരുത്തൽ, മാനസിക സമ്മർദ്ദത്തെ നേരിടുന്നതിലെ വ്യത്യാസങ്ങൾ (പൊതുവേ പുരുഷന്മാർ വിഷമങ്ങളും സങ്കടങ്ങളും പുറമേ കാണിക്കരുതെന്ന തെറ്റായ വിശ്വാസം), സഹായം തേടലിനുള്ള (help seeking)  മടി, ഉത്തരവാദിത്തങ്ങൾ, തകരുന്ന  പ്രതീക്ഷകൾ.

സ്ത്രീകളിലെ ആത്മഹത്യപ്രവണതയുടെ പൊതുവായ കാരണങ്ങൾ:

അനിഷ്ടത്തോടെയുള്ള വിവാഹം, ചെറുപ്രായത്തിലെയുള്ള/ തയ്യാറെടുപ്പുകളില്ലാത്ത അമ്മയാവൽ, പ്രസവാനന്തര വിഷാദം (postpartum depression), സാമൂഹിക സാമ്പത്തിക നിലവാരത്തിലെ പിന്നോക്കാവസ്ഥ, സ്ത്രീധനപീഡനങ്ങൾ, ഗാർഹിക പീഡനങ്ങൾ, സാമ്പത്തിക ഭദ്രതയില്ലായ്മ

സൂചനകൾ 

ആത്മഹത്യയാണ് തൻറെ മുന്നിലുള്ള ഏക വഴി എന്ന് ഒരാൾ ചിന്തിക്കുന്ന അവസ്ഥയെ ‘ആത്മഹത്യമനസ്ഥിതി’ എന്ന് പറയുന്നു. ഇത് പല വിധത്തിൽ പ്രകടമാവാം.   

ചിന്തകൾ: “ഇവിടെ ഞാനില്ലാത്തതാണ് നല്ലത്”, “ഞാൻ പോയാൽ എല്ലാം ശരിയാവും”, “എൻറെ ജീവിതം ഒരു പരാജയമാണ്”, “ഇനിയൊന്നും ശരിയാവില്ല”, “എനിക്ക് ഭാവിയിൽ ഒന്നും നല്ലത് പ്രതീക്ഷിക്കേണ്ടതില്ല”, “ഞാനൊരു ഭാരമാണ്” 

വികാരം: കടുത്ത സങ്കടം, അസ്വസ്ഥത, നിസ്സഹായവസ്ഥ, ഉത്കണ്ഠ, കുറ്റബോധം, പരിഭ്രാന്തി, ദേഷ്യം, പലതരം വികാരങ്ങളുടെ വേലിയേറ്റങ്ങൾ ശാരീരികലക്ഷണങ്ങൾ: വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ഉയർന്ന ഹൃദയമിടിപ്പ്, വിയർക്കൽ, കിതപ്പ്, കാര്യങ്ങൾ ചെയ്യുന്നതിൽ പൊതുവേയുള്ള മന്ദത പെരുമാറ്റങ്ങൾ: നിത്യജീവിതത്തിലെ കാര്യങ്ങളിൽ നിന്നുമുള്ള ഉൾവലിയൽ, നിത്യകൃത്യങ്ങളിലുള്ള ഉത്സാഹക്കുറവ്, ഊർജ്ജക്കുറവ്, മരിക്കാനുള്ള വഴികളുടെ അന്വേഷണം, മരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയോ അത്തരത്തിലുള്ള ആശയങ്ങൾ സോഷ്യൽമീഡിയയിലോ അല്ലാതെയോ പങ്കുവെക്കുക. 

ഇവ ചില ഉദാഹരണങ്ങൾ മാത്രമാണ്. ആത്മഹത്യാമനസ്ഥിതി പലതരത്തിൽ ചിന്തകളിലും വികാരങ്ങളിലും ശാരീരികലക്ഷണങ്ങളിലും പെരുമാറ്റങ്ങളിലും പ്രതിഫലിക്കാം എന്നു മനസ്സിലാക്കേണ്ടതുണ്ട്.

സംരക്ഷക ഘടകങ്ങൾ 

ആത്മഹത്യാ മനസ്ഥിതി ഒഴിവാക്കാനും ആത്‌മഹത്യാ ചിന്തകളെ ഫലപ്രദമായി നേരിടാനും നമ്മെ സഹായിക്കുന്ന കാര്യങ്ങളെ പൊതുവിൽ സംരക്ഷക ഘടകങ്ങൾ (Protective Factors) എന്ന് വിളിക്കാം. ഇവ ഉറപ്പു വരുത്തുന്നത് ആത്‌മഹത്യാ പ്രവണതയും ആത്‌മഹത്യാ ശ്രമങ്ങളും തടയാൻ സഹായിക്കും.

  • ഫലപ്രദമായി പ്രശ്നങ്ങളെയും ബുദ്ധിമുട്ടുകളെയും നേരിടാനുള്ള കഴിവ്
  • തൻറെ ജീവിതത്തിന് മതിയായ കാരണങ്ങളുണ്ടെന്ന തിരിച്ചറിവ് (ഉദാ: കുടുംബം, കൂട്ടുകാർ, വളർത്തു മൃഗങ്ങൾ) 
  • ജോലി, പങ്കാളി, സുഹൃത്തുക്കൾ, കുടുംബം തുടങ്ങിയവരിൽ നിന്നുമുള്ള പിന്തുണ 
  • സമൂഹത്തിലെ വിവിധ ഘടകങ്ങളുമായുള്ള നല്ല ബന്ധങ്ങൾ
  • ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ സൗകര്യങ്ങളുടെ ലഭ്യത
  • അന്തസ്സുള്ള ജീവിതത്തിന് സഹായകമായ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങൾ

ആത്മഹത്യാമനസ്ഥിതിയുള്ളവരെ എങ്ങനെ സഹായിക്കാം ?

1. തുറന്നു സംസാരിക്കാനുള്ള ഇടമൊരുക്കുക:

ആത്മഹത്യാപ്രവണത കാണിക്കുന്നവരിൽ ഒരു തരത്തിലുള്ള ആശയറ്റ,  നിസ്സഹായമായ അവസ്ഥ കാണാറുണ്ട്, അതുപോലെ പെരുമാറ്റങ്ങളേക്കാൾ ചിന്തകളിലാണ് കൂടുതൽ പ്രശ്നങ്ങളുണ്ടാവുക. അതുകൊണ്ടുതന്നെ അതറിയാൻ തുറന്നു സംസാരിക്കുക എന്നതാണ്  ഏറ്റവും നല്ല പോംവഴി. 

2.നിങ്ങൾക്ക് ആ വ്യക്തിയുടെ ജീവിതത്തിൽ, അവരുടെ ക്ഷേമത്തിൽ താല്പര്യമുണ്ട്, അയാളെ മനസ്സിലാകുന്നുണ്ട്, അയാൾക്കൊപ്പം ഉണ്ട്, എന്ന തിരിച്ചറിവ് അയാളിൽ ഉണ്ടാക്കാൻ ശ്രമിക്കുക. 

അവരുടെ വികാരങ്ങളെയും പ്രശ്നങ്ങളെയും അസാധുവാക്കുന്നതോ (invalidating) നിസ്സാരവൽക്കരിക്കുന്നതോ ആയ സംസാരമോ പെരുമാറ്റമോ ഒഴിവാക്കുക.

3. അവരുടെ പ്രശ്നം തീർക്കാൻ സാധിച്ചെന്നു വരില്ല, എങ്കിലും മാനസിക പിന്തുണ നൽകുക, അവരെ കേട്ടിരിക്കുക എന്നത് തന്നെ പ്രധാനമാണ്.

അവരുടെ വികാരങ്ങളെയും അനുഭവങ്ങളെയും മാനിക്കുക,  കരുതലും സ്നേഹവുമുള്ള വാക്കുകൾ ഉപയോഗിക്കുക, അവരെ അംഗീകരിക്കുക തുടങ്ങിയവയും പ്രധാനമാണ്. 

5. ആത്മഹത്യ പ്രതിരോധവുമായി ബന്ധപ്പെട്ട വിദഗ്ധരുമായി ബന്ധപ്പെടാൻ സഹായിക്കുക 

ലഭ്യമായ സഹായങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകുക (ഹെൽപ്പ് ലൈൻ, ആത്മഹത്യവിഷയത്തിൽ പ്രത്യേകപരിശീലനം നേടിയിട്ടുള്ള മാനസികാരോഗ്യവിദഗ്ധർ, കൗൺസലിംഗ്, സൈക്യാട്രിസ്റ്റുകൾ), കഴിയുമെങ്കിൽ ആത്മഹത്യാ പ്രവണത കാണിക്കുന്നവരെ അവരുടെ സ്വകാര്യത മാനിച്ചുകൊണ്ട് ശ്രദ്ധിക്കുകയോ അല്ലെങ്കിൽ       വിശ്വാസയോഗ്യരായ ആളുകളെ ചുമതലപ്പെടുത്തുകയോ ചെയ്യുക. 

6.ആവശ്യമെങ്കിൽ നിങ്ങളെ ഭാവിയിൽ ഇനിയും സമീപിക്കാം എന്ന് അവരെ അറിയിക്കുക,  അവരുമായി നല്ല ബന്ധം നിലനിർത്തുക.

എന്തൊക്കെ ചെയ്യരുത് ?

ആത്മഹത്യാ പ്രവണതയുള്ള, അല്ലെങ്കിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടെന്ന് അറിയാവുന്ന ഒരാളോട് ഇടപെടുമ്പോൾ ചെയ്യരുതാത്ത ചില കാര്യങ്ങൾ നാമെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

1. അവരെ കുറ്റപ്പെടുത്തുന്ന രീതിയിലോ അവരുടെ വികാരങ്ങളെ മാനിക്കാത്ത രീതിയിലോ സംസാരിക്കുന്നത്:

“ഇതിനേക്കാൾ വലിയ വിഷമങ്ങൾ ഉള്ളവരെ പറ്റി ചിന്തിച്ചു നോക്കൂ”, “നീ എത്ര പേരെ വേദനിപ്പിക്കും എന്ന് ആലോചിക്കൂ”, “നിങ്ങൾ ഈ പറയുന്നത് വിഡ്ഢിത്തരമാണ്”, “നിങ്ങളുടെ മാതാപിതാക്കളെ/കുട്ടികളെ/ പറ്റി ചിന്തിച്ചു കൂടെ”

2. വ്യക്തിയുടെ അവസ്ഥ മനസ്സിലാക്കാതെ ഉടനടി പരിഹാരങ്ങൾ നിർദ്ദേശിക്കുക:

“ഒന്ന് പുറത്തു പോയി വന്നാൽ എല്ലാം ശരിയാകും”, “ഇപ്പോൾ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കൂ”, “ബ്രോ ഒന്നു ചില്ലായാൽ എല്ലാ പ്രശ്നവും തീരും”

3. അവരുടെ വികാരങ്ങളെയും പ്രശ്നങ്ങളെയും അസാധുവാക്കുന്നതോ (invalidating) നിസ്സാരവൽക്കരിക്കുന്നതോ ആയ സംസാരമോ പെരുമാറ്റമോ “ഇതൊക്കെ മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാൻ ചെയ്യുന്നതല്ലേ”, “ഇതൊക്കെ പറയാൻ എളുപ്പമാണ് ചെയ്യാൻ ധൈര്യം വരില്ല”, “നീ എന്തു ചെയ്യാനാണ് അതൊന്നു കാണണമല്ലോ”  “എല്ലാം നിങ്ങളുടെ തോന്നലാണ്” 

4. കാര്യങ്ങളെ ആവശ്യത്തിൽ കൂടുതൽ ഗൗരവമുള്ളതാക്കി തീർക്കുക 

“നീ എന്തൊക്കെയാണീ വിളിച്ചു പറയുന്നത്”, “ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തന്നെ പാപമാണ്”, “ഇതൊക്കെ തെറ്റാണ്”. 

5. പ്രായോഗിക സഹായങ്ങൾ നൽകാതെ സംസാരിച്ചു മാത്രം ശരിയാകുമെന്ന ധാരണ 

പ്രഭാഷണം, ഉപദേശം, ആത്മഹത്യ ചെയ്താൽ ഉണ്ടാകുന്ന അനന്തരഫലങ്ങളെ പറ്റി വിവരിക്കൽ ഇതൊന്നും ആത്മഹത്യാ പ്രവണത കാണിക്കുന്ന ഒരാളുടെ ആ സമയത്തെ മനോവേദന കുറയ്ക്കാൻ സഹായകരമല്ല എന്ന് മനസ്സിലാക്കുക. 

ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അയാൾ അതിയായ പ്രയാസങ്ങളിലൂടെയും മാനസികസമ്മർദ്ദങ്ങളിലൂടെയും കടന്നു പോവുകയായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. അതേസമയം പ്രത്യക്ഷത്തിൽ അവർ നിങ്ങളുടെ സഹായം തേടിയില്ലെങ്കിലും അവർക്ക് നിങ്ങളുടെ സഹായം അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ് പെരുമാറുക.

കൂടുതൽ പഠിക്കാനും ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും താൽപര്യമുള്ളവർക്ക് Suicide Prevention Online Training (spot.inmind.in), QPR Gatekeeper Training പോലെയുള്ള കോഴ്‌സുകൾ പരീക്ഷിക്കാവുന്നതാണ്.


വീഡിയോ കാണാം

അനുബന്ധ ലേഖനങ്ങൾ

Happy
Happy
50 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
17 %

2 thoughts on “ആത്മഹത്യകൾ തടയാൻ

  1. Post partum depression is one of the leading causes of suicide in new mothers.. nothing is mentioned about it here..

Leave a Reply

Previous post 2023 സെപ്തംബറിലെ ആകാശം
Next post സൗര നക്ഷത്രത്തിന്റെ സവിശേഷതകൾ
Close