Read Time:16 Minute

മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്. പുതുതായി കണ്ടെത്തിയ ധൂമകേതു നിഷിമുറ സൂര്യനെ മറികടക്കുന്നതും ഈ മാസമാണ്.

സൗരരാശികൾ

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം തുലാം, വൃശ്ചികം, ധനു, മകരം, കുംഭം എന്നീ രാശികളെ സെപ്തംബർ മാസം നിരീക്ഷിക്കാം. കന്നിരാശി സന്ധ്യയോടെ പകുതി അസ്തമിച്ചിട്ടുണ്ടാകും. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

രാശിചക്രം

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18° വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള സാങ്കല്പിക നാടായാണ് രാശിചക്രം. രാശിചക്രത്തെ 12 ഭാഗങ്ങളാക്കി വിഭജിച്ച്, ആ ഭാഗങ്ങള്‍ക്ക് അവിടെയുള്ള നക്ഷത്രഗണങ്ങളുടെ പേരു നൽകിയിരിക്കുന്നു. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് നിരീക്ഷിക്കാനാകും.

തുലാം

പടിഞ്ഞാറ്-തെക്കുപടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും 25°-40° മുകളിലായി തുലാം (Libra) രാശി കാണാം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാല്‍ മഴക്കാറുള്ളപ്പോഴും നിലാവുള്ളപ്പോഴും തിരിച്ചറിയാന്‍ പ്രയാസമാണ്.

വൃശ്ചികം

തെക്കുപടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും 30°-40° മുകളിലായി സെപ്തംബർ മാസത്തില്‍ വൃശ്ചികം രാശി (Scorpius) കാണാം. തേളിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന ഇതിലെ തിളക്കമേറിയ നക്ഷത്രം തൃക്കേട്ട (Antares) ആണ്. ഇതൊരു ചുവപ്പ് ഭീമന്‍ (Red giant) നക്ഷത്രമാണ്. ഈ ചുവപ്പ് ഭീമന്‍ നക്ഷത്രവും ഇരുവശവുമുള്ള പ്രഭകുറഞ്ഞ രണ്ടു നക്ഷത്രങ്ങളും ഉള്‍പ്പെട്ടതാണ് തൃക്കേട്ട എന്ന ചാന്ദ്രഗണം. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം. തൃക്കേട്ടയ്ക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം. സെപ്തംബറിൽ തെക്കേ ചക്രവാളത്തിനു മുകളിലായി വൃശ്ചികം രാശിയെ യാതൊരു പ്രയാസവും കൂടാതെ തിരിച്ചറിയാം. വൃശ്ചികത്തിന്റെ വാൽ ഭാഗത്തുനിന്നും വടക്ക് കിഴക്കുദിശയിലായി ആകാശഗംഗയെയും (Milky way) നിരീക്ഷിക്കാവുന്നതാണ്.

ധനു

സെപ്തംബർ മാസത്തില്‍ സന്ധ്യയ്ക്ക തെക്കെ ആകാശത്ത് ചക്രവാളത്തില്‍ നിന്നും 40°-60° മുകളിലായി ധനു രാശി (Sagittarius) കാണപ്പെടുന്നു. വില്ലിന്റെ (ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണിത്. ആകാശ ഗംഗയുടെ കേന്ദ്രം ധനുരാശിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ ധനു രാശിടെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയും. ഇതിന്റെ പടിഞ്ഞാറേ പകുതി ചാന്ദ്രഗണമായ പൂരാടവും ബാക്കി ഉത്രാടവും ആണ്.

മകരം

ധനുരാശിക്കും കിഴക്കായി തെക്കുകിഴക്കേ ചക്രവാളത്തിൽ നിന്നും 40°- 50° മുകളിലായാണ് മകരം രാശിയെ (Capricorn) സെപ്തംബർ മാസത്തിൽ സന്ധ്യയ്ക്കു കാണാൻ കഴിയുക. മകരമത്സ്യത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്ര രാശിയാണിത്. രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. ഈ രാശിയിൽ പ്രഭകൂടിയ നക്ഷത്രങ്ങൾ ഇല്ല.

കുംഭം

കുടമേന്തിയ മനുഷ്യന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്രരാശിയാണ്‌ കുംഭം (Aquarius). സാമാന്യം വലിപ്പമുള്ളതാണെങ്കിലും പ്രത്യേകതകളുള്ള നക്ഷത്രങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതാണ് ഈ വ്യൂഹം. സെപ്തംബർ മാസത്തിൽ കിഴക്ക്-തെക്കുകിഴക്കെ ചക്രവാളത്തില്‍ നിന്നും 20° മുതല്‍ 50° വരെ മുകളിൽ ആകാശത്ത് കുംഭം രാശിയെ കാണാം.

മറ്റുള്ള നക്ഷത്രഗണങ്ങൾ

അവ്വപുരുഷന്‍ (Bootes)

പടിഞ്ഞാറ്-വടക്കുപടിഞ്ഞാറു ദിശയിൽ ചക്രവാളത്തിൽ നിന്നും 20°- 40°യ്ക്കും മുകളിലായി (ചിത്രയ്ക്കും വടക്ക് മാറി) അവ്വപുരുഷന്‍ (Bootes) എന്ന നക്ഷത്രഗണം കാണാം (ചിത്രം നോക്കുക). ഇതിലെ തിളക്കമുള്ള നക്ഷത്രമാണ് ചോതി (Arcturus). ഇളം ചുവപ്പ് നിറമാണിതിന്. ഈ സമയത്ത് പടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് ചോതി. അതിനാൽ തന്നെ ചിത്രയ്ക്കു വടക്കുഭാഗത്തായി തിളങ്ങിനില്ക്കുന്ന ചോതിയെ തിരിച്ചറിയാൻ പ്രയാസമില്ല. രാത്രിയാകാശത്ത് കാണാൻ കഴിയുന്ന നക്ഷത്രങ്ങളിൽ തിളക്കത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനമാണ് ചോതിക്കുള്ളത്.

ഗരുഡന്‍ (Aquila)

ശീർഷബിന്ദുവിനോട് ചേർന്ന്, അവിടെനിന്നും ഏകദേശം 25° വരെ തെക്കുകിഴക്കായി കാണുന്ന നക്ഷത്രഗണമാണ് ഗരുഡൻ (Aquila). ഈ നക്ഷത്രഗണത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രമാണ് ശ്രവണൻ (Altair). ശീർഷബിന്ദുവിൽ നിന്നും ഏകദേശം 15° കിഴക്കായാണ് ശ്രവണനെ കാണാനാകുക. ശ്രവണനും അതിന്റെ ഇരുഭാഗത്തായി കാണുന്ന മറ്റു രണ്ടു നക്ഷത്രങ്ങളും കൂടി ചേർന്നതാണ് തിരുവോണം എന്ന ചാന്ദ്രനക്ഷത്രഗണം. മൂന്നു നക്ഷത്രങ്ങള്‍ ഒരു വരിയിലെന്ന പോലെ കാണാം – അതാണ് തിരുവോണം. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം’ എന്നൊരു ചൊല്ലുണ്ട്.

ഭാദ്രപദം (Pegasus)

സെപ്തംബറിൽ, കിഴക്കന്‍ ചക്രവാളത്തിനു മുകളിൽ (അല്പം വടക്കായി) രാത്രി ഏഴരയോടെ പൂര്‍ണമായും ഉദിച്ചുയരുന്ന നക്ഷത്ര ഗണമാണ് ഭാദ്രപദം (Pegasus). ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു ചതുരം തീര്‍ക്കുന്നു. വാനനിരീക്ഷകർക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകുന്ന നക്ഷത്രരൂപങ്ങളിലൊന്നായ ഇതിനെ ഭാദ്രപദചതുരം എന്നുവിളിക്കുന്നു. ഇവയില്‍ മുകളിലുള്ള രണ്ട് നക്ഷത്രങ്ങള്‍ ചേര്‍ന്ന് പൂരുരുട്ടാതി, താഴെയുള്ള രണ്ടെണ്ണം ചേര്‍ന്ന് ഉത്രട്ടാതി എന്നീ ചാന്ദ്രഗണങ്ങള്‍ ഉണ്ടാകുന്നു. ഈ ചതുരത്തിലെ വടക്കുകിഴക്കെ മൂലയിലെ സിർറ (Alpheratz) എന്ന നക്ഷത്രം മിരാൾ (Andromeda) എന്ന നക്ഷത്രഗണത്തിലുൾപ്പെട്ടതാണ്.

മറ്റുപ്രധാന നക്ഷത്രങ്ങളും നക്ഷത്ര ഗണങ്ങളും

വടക്കൻ ആകാശത്തു കാണാവുന്ന പ്രഭയേറിയ രണ്ടു നക്ഷത്രങ്ങളാണ് വേഗ (Vega), ദെനബ് (Deneb) എന്നിവ. ശീര്‍ഷ ബിന്ദുവിൽ നിന്നും ഏകദേശം 30° വടക്കായി കാണുന്ന പ്രഭയേറിയ നക്ഷത്രമാണ് വേഗ. ലൈറ (Lyra) എന്ന നക്ഷത്രഗണത്തിലെ അംഗമാണിത്. ശീർഷബിന്ദുവിൽ നിന്നും 45° വടക്ക്-വടക്കുകിഴക്കു ദിശയിൽ കാണുന്ന തിളക്കമുള്ള നക്ഷത്രമാണ് ദെനബ്. ജായര (Cygnus) എന്ന നക്ഷത്രഗണത്തിലെ അംഗമാണ് ദെനബ്.

ഗ്രഹങ്ങൾ

ആകാശത്ത് നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണു ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്. 2023 സെപ്തംബറിലെ സന്ധ്യാകാശത്ത് ശനിയെ മാത്രമാണ് കാണാനാകുക. രാത്രി പത്തുമണിക്ക് ശേഷം വ്യാഴത്തെയും പുലർച്ചെ ബുധൻ, ശുക്രൻ എന്നിവയെയും കാണാനാകും.

ശനി

സന്ധ്യയ്ക്ക് കിഴക്ക്-തെക്കുകിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 30° മുകളിലായി ശനിയെ കാണാം. കുംഭം രാശിയിലായാണ് സ്ഥാനം. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്.

വ്യാഴം

രാത്രി 10 മണിയോടെ കിഴക്കൻ ചക്രവാളത്തിൽ അല്പം വടക്കായി വ്യാഴം ഉദിച്ചുയരും. മേടം രാശിയിലാണ് സ്ഥാനം. രാത്രി മൂന്ന് മണിയോടെ തലയ്ക്കുമുകളിൽ എത്തും. പുലർച്ചെ നിരീക്ഷിക്കുന്നവർക്ക് ശീർഷബിന്ദുവിൽ നിന്നും അല്പം പടിഞ്ഞാറായി തിളങ്ങി നില്ക്കുന്ന വ്യാഴത്തെ കാണാം. വ്യാഴത്തിന്റെ പരിക്രമണകാലം 12 വർഷമാണ്. അടുത്തവർഷം ഇടവം രാശിയിലാകും വ്യാഴം ഉണ്ടാവുക.

ശുക്രൻ

വളരെ വേഗം തിരിച്ചറിയാന്‍ കഴിയുന്ന ഖഗോള വസ്തുവാണ് ശുക്രന്‍ (Venus). രാത്രിയാകാശത്ത് ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ള വസ്തുവും ശുക്രനാണ്. മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചത് ഈ ഗ്രഹത്തെയാണ്.

മാസാദ്യത്തിൽ പുലർച്ചെ നോക്കിയാൽ കിഴക്കെ ചക്രവാളത്തിനുമുകളിൽ ശുക്രനെ കാണാം. കർക്കിടകം രാശിയിലാണ് കാണപ്പെടുന്നത്. മാസാവസാനത്തോടെ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. കിഴക്കൻ ചക്രവാളത്തിനുമുകളിൽ കാണാൻ കഴിയുന്ന ഏറ്റവും തിളക്കമേറിയ നക്ഷത്രസമാനമായ വസ്തുവാണ് ശുക്രൻ. അതിനാൽ തിരിച്ചറിയാൻ പ്രയാസമില്ല.

ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്.

ബുധൻ

സൂര്യസമീപകമായിരിക്കുന്നതിനാൽ ആദ്യത്തെ മൂന്നാഴ്ചവരെ ബുധനെ നിരീക്ഷിക്കാനാകില്ല. എന്നാൽ നാലാം വാരത്തോടെ പുലർച്ചെ കിഴക്കെ ചക്രവാളത്തിനു മുകളിലായി ബുധനെ കാണാനാകും

ചൊവ്വ

സൂര്യസമീപകമായിരിക്കുന്നതിനാൽ ദൃശ്യമാകില്ല.

ധൂമകേതു ‘നിഷിമുറ’

മാനംനോക്കികളുടെ മനം കുളിർപ്പിക്കാനായി മറ്റൊരു ധൂമകേതു (Comet) കൂടി എത്തിക്കഴിഞ്ഞു. സൗരപ്രഭയിൽ ഒളിച്ചിരിക്കുകയായിരുന്ന ഈ ധൂമകേതുവിനെ ഇക്കഴിഞ്ഞ ആഗസ്റ്റ് 11ന് ജപ്പാനിലെ അമച്വർ അസ്ട്രോണമറായ ഹിഡയോ നിഷിമുറയാണ് (Hideo Nishimura) തിരിച്ചറിഞ്ഞത്. വളരെ വേഗത്തിൽ വാനനിരീക്ഷകരുടെ ശ്രദ്ധയാകർഷിച്ച, C/2023 P1 (Nishimura) എന്നുപേരിട്ട ഈ ധൂമകേതുവിനെ ഒരു പക്ഷെ സെപ്തംബർ പകുതിയോടെ ബൈനോക്കുലറിലൂടെ നമുക്കും കാണാനായേക്കാം.

നിഷിമുറ ഭൂമിയോട് ഏറ്റവും അടുത്താകുന്നത് 2023 സെപ്തംബർ 12നും സൂര്യനോടടുക്കുന്നത് സെപ്തംബർ 17നും ആണ്.

കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല. സ്വതന്ത്ര സോഫ്റ്റുവെയറുകളായ സ്റ്റെല്ലേറിയം ഉപയോഗിച്ചാണ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
  • സെപ്തംബർ 15 സന്ധ്യയ്ക്ക് 7.30 നു മദ്ധ്യകേരളത്തിലെ ആകാശക്കാഴ്ച കണക്കാക്കിയാണ് (പ്രത്യേകം സൂചിപ്പിക്കാത്ത പക്ഷം) വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.

അന്താരാഷ്ട ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച 88 നക്ഷത്രഗണങ്ങളുടെ മലയാളം, ഇംഗ്ലീഷ് പേരുകൾ കാണാം : താരാഗണങ്ങളുടെ പട്ടിക


Happy
Happy
80 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സോളാർ റേഡിയോ തരംഗങ്ങൾ
Next post ആത്മഹത്യകൾ തടയാൻ
Close