Read Time:17 Minute
<strong>പ്രൊഫ.കെ. പാപ്പൂട്ടി</strong> പ്രൊഫ.കെ. പാപ്പൂട്ടി

ഗ്രഹണ കാരണം പ്രാചീന ഭാരതീയർക്ക് അറിയാമായിരുന്നോ? ഗ്രഹണവുമായി ബന്ധപ്പെട്ട് ഇത്രയേറെ അന്ധവിശ്വാസങ്ങൾ എങ്ങനെ ഇവിടുണ്ടായി? 

ഗ്രഹണ കാരണം പ്രാചീന ഭാരതീയർക്ക് അറിയാമായിരുന്നോ? അറിയാമായിരുന്നു എന്നു വേണം ഊഹിക്കാൻ, പ്രത്യേകിച്ചും പുരോഹിതർക്ക് . കാരണം അവർ നല്ല വാനനിരീക്ഷകരായിരുന്നു. രാവും പകലും അവർ സമയമളന്നത് സൂര്യന്റെയും നക്ഷത്രങ്ങളുടെയും സ്ഥാനം നിരീക്ഷിച്ചിട്ടായിരുന്നു. മാസം നിർണയിച്ചത് ചന്ദ്രനെ നിരീക്ഷിച്ചും. കറുത്തവാവു നാളിലേ സൂര്യഗ്രഹണം സംഭവിക്കൂ എന്നും വെളുത്ത വാവിനേ ചന്ദ്രഗ്രഹണം നടക്കൂ എന്നും ഉള്ള കാര്യം അവർ തീർച്ചയായും ശ്രദ്ധിച്ചിരിക്കും. ഗ്രീസുമായി അവർക്ക് കച്ചവട, സാംസ്ക്കാരിക ബന്ധങ്ങളുണ്ടായിരുന്നു. ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നത് എപ്പോഴും വൃത്ത ഖണ്ഡത്തിന്റെ രൂപത്തിലാണെന്നും അതുകൊണ്ട് ഭൂമി ഉരുണ്ടതാണെന്നും‌’ ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ സ്ഥാപിച്ചത് നമ്മുടെ ജ്യോതിഷികളും അറിയാതിരിക്കില്ല ( ബിസി 384-322). അതിനും മുമ്പേ ബാബിലോണിയർക്കും ഈജിപ്തുകാർക്കും ‘ഗ്രഹണ കാരണം അറിയാമായിരുന്നു. ഗ്രഹണം പ്രവചിക്കാനുള്ള സാരോസ് ചക്രം അവരുടെ കണ്ടെത്തലായിരുന്നല്ലോ. ‘ അവരുമായി സിന്ധു നദീതട സംസ്ക്കാര കാലത്തു തന്നെ ഇന്ത്യയ്ക്ക് ബന്ധമുണ്ടായിരുന്നു. എന്നിട്ടും ഗ്രഹണവുമായി ബന്ധപ്പെട്ട് ഇത്രയേറെ അന്ധവിശ്വാസങ്ങൾ എങ്ങനെ ഇവിടുണ്ടായി? അത് ബോധപൂർവം പുരോഹിതർ സൃഷ്ടിച്ചെടുത്തതാകണം. ലക്ഷ്യം ധനസമ്പാദനം തന്നെ എന്നും കരുതണം.

കടപ്പാട് : വിക്കിപീഡിയ

സ്വർഭാനു കഥ

ഋഗ്വേദകാലത്ത് സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കഥ ഇതാണ്: സ്വർഭാനു എന്നൊരു ഭൂതം തന്റെ മാന്ത്രിക ശക്തി കൊണ്ട് സൂര്യതേജസ്സിനെ കെടുത്തിക്കളയുന്നു. ഭൂമിയിലാകെ ഇരുട്ടു പരക്കുന്നു . ജനങ്ങൾ പരിഭ്രാന്തരായി അത്രി മഹർഷിയെ അഭയം പ്രാപിക്കുന്നു . അത്രിയുടെ കൈവശം പ്രതി മന്ത്രങ്ങളുണ്ടെന്ന് അവർക്കറിയാം. അത്രി മന്ത്രം ചൊല്ലിത്തുടങ്ങുന്നതോടെ സ്വർഭാനുവിന്റെ ശക്തി ക്ഷയിക്കുന്നു, സൂര്യൻ തേജസ്സ് വീണ്ടെടുക്കുന്നു. അത്രിക്കും സഹായികൾക്കും ധാരാണം പശുക്കളും സ്വർണവും പാരിതോഷികമായി കിട്ടുന്നു. സർവം ശുഭം.

അക്കാലത്ത് ജീവിച്ചിരുന്ന ഒരു ജോതിഷ കുലം ആയിരുന്നിരിക്കണം അത്രി . അത്രിമാർ തലമുറകളായി ഗ്രഹണ നിരീക്ഷണം നടത്തിവന്നവരാകാം. അത്രിക്കു മാത്രമല്ല, മന്ത്രോച്ചാരണത്തിൽ പങ്കെടുത്ത പുരോഹിതർക്കെല്ലാം ഗ്രഹണം നല്ല വരുമാനമാർഗമായിരുന്നു.

കടപ്പാട് : വിക്കിപീഡിയ

രാഹു-കേതു കഥ.

വേദകാലം കഴിഞ്ഞ് പുരാണങ്ങളുടെ കാലമായപ്പോഴേക്കും കഥ മാറി. ദുർവാസാവ് ദേവന്മാരെ ശപിച്ച് ജരാനരകൾ ഉള്ളവരാക്കി മാറ്റുകയും (എന്തൊരു നീതി! ദേവേന്ദ്രൻ ചെയ്ത തെറ്റിന് ശിക്ഷ കിട്ടിയത് ദേവന്മാർക്കാകെ ) ശാപമോക്ഷമായി പാലാഴി കടഞ്ഞു കിട്ടുന്ന അമൃത് കഴിക്കാൻ നിർദേശിക്കുകയും ചെയ്യുന്നു. തുടർന്ന് അസുരരെയും ചേർത്ത് മന്ഥര പർവതം കടകോലാക്കി, വാസുകി സർപ്പത്തെ കയറാക്കി പാലാഴി മഥനം നടക്കുന്നു. ധന്വന്തരി ഒടുവിൽ അമൃതകുംഭവുമായി പൊങ്ങി വരുന്നു. അസുരന്മാർ അതു തട്ടിയെടുത്ത് ഓടുന്നു.( അവർക്കുമില്ലേ അമൃതരാകാൻ കൊതി ) .വിഷ്ണു മോഹിനി വേഷത്തിൽ അസുരലോകത്തെത്തി ഗംഭീര ചതിപ്രയോഗം നടത്തുന്നു.(ദൈവങ്ങൾക്ക് ചതിയും ഭൂഷണം. മഹാബലിയെ ചതിച്ചത് അതിനു മുമ്പോ പിമ്പോ? ) നിങ്ങൾ കണ്ണടച്ചിരുന്നോളൂ, ഞാൻ അമൃത് വിളമ്പാം . ഒടുവിൽ കണ്ണു തുറക്കുന്ന ആളെ കല്യാണം കഴിക്കാം എന്നാണ് വാഗ്ദാനം.അവർ കണ്ണടച്ച തക്കം നോക്കി മോഹിനി സ്ഥലം വിട്ടു. 

അടുത്ത എപിസോഡ് ദേവലോകത്താണ്. അമൃത് വിളമ്പിക്കഴിഞ്ഞു. അപ്പഴാണ് കാവൽ നിന്ന, സുര്യ ചന്ദ്രന്മാർ കണ്ടത് ഒരസുരൻ സർപ്പ വേഷത്തിൽ അകത്തെത്തി അമൃത് കഴിക്കുന്നു. അവരത് പറയേണ്ട താമസം, വിഷ്ണുവജ്രായുധം കൊണ്ട് സർപ്പത്തെ രണ്ടായി മുറിക്കുന്നു. അമൃത് കഴിച്ചതുകൊണ്ട് രണ്ടു കഷണവും മരിച്ചില്ല.അവരാണ് രാഹുവും കേതുവും. പക തീർക്കാൻ അവർ ഇടയ്ക്കിടെ സൂര്യചന്ദ്രന്മാരെ വിഴുങ്ങും അതാണ് ഗ്രഹണം. എന്തൊരു മണ്ടൻ കഥ ,അല്ലേ?

കടപ്പാട് ശാസ്ത്രകേരളം

യഥാർഥത്തിൽ ഈ കഥ സ്വർഭാനു കഥയിൽ നിന്നുള്ള ഒരു മുന്നേറ്റമാണ് കാണിക്കുന്നത്. ഗ്രഹണം സൂര്യനും ചന്ദ്രനും ഭൂമിയും ചേർന്നു നടത്തുന്ന ഒരു നിഴൽ നാടകമാണെന്ന് അന്നേ അറിയാമായിരുന്നെങ്കിലും എന്തുകൊണ്ട് എല്ലാ കറുത്ത / വെളുത്ത വാവിനും അതു സംഭവിക്കുന്നില്ല എന്ന് അന്നറിയുമായിരുന്നില്ല. ക്രമേണ നിരന്തരഗ്രഹണ നിരീക്ഷണത്തിലൂടെ അതു മനസ്സിലായി.
മാനത്ത് രാഹു, കേതു എന്ന രണ്ട് സ്ഥാനക്കൾ ഉണ്ടെന്നും അവ ഭൂമിയുടെ ഇരുവശത്തും ആണെന്നും സൂര്യചന്ദ്രന്മാർ ഒന്നിച്ച് അവയിൽ ഒന്നിൽ എത്തുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നതെന്നും ഒന്നിൽ സൂര്യനും മറ്റതിൽ ചന്ദ്രനും വരുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുന്നതെന്നും മനസ്സിലായതിന്റെ സൂചനയാണ് രാഹുകേതു കഥ. എന്നാൽ ഇക്കാര്യവും പുരോഹിതർ (ജ്യോതിഷികളും) രഹസ്യമായി സൂക്ഷിച്ചു. എന്നു മാത്രമല്ല ഗ്രഹണ മോചനത്തിനുള്ള മന്ത്രോച്ചാരണവും പൂജകളും ഒക്കെ പൂർവാധികം ശക്തിയോടെ തുടരുകയും ചെയ്തു. കരണം ഗ്രഹണത്തോളം വരുമാനമുണ്ടാക്കാൻ പറ്റിയ വേറെന്തുണ്ട് !

കടപ്പാട് : വിക്കിപീഡിയ

സാരോസ് ചക്രവും ഗ്രഹണ പ്രവചനവും.

ഏതാണ്ട് ഈ കാലഘട്ടത്തിൽത്തന്നെയാവും ഗ്രഹണം പ്രവചിക്കാനുള്ള വിദ്യയും ജ്യോതിഷികൾ നേടിയെടുത്തത്. അങ്ങനെയാണ് അവർ ദൈവജ്ഞരായത്. ഗ്രഹണം പാമ്പ് വിഴുങ്ങുന്നതാണെങ്കിൽ അതെങ്ങനെ മുൻകൂട്ടി അറിയാൻ പറ്റും എന്നു ചോദിക്കാനുള്ള യുക്തിബോധമോ ധൈര്യമോ അന്ന് ആളുകൾക്ക് ഉണ്ടായില്ല. പുരോഹിതരെ ചോദ്യം ചെയ്യുന്നത് അന്നും ഇന്നും വിശ്വാസ വിരുദ്ധമാണല്ലോ.

സാരോസ് ചക്രം (Saros cycle ) എന്ന് ഗ്രീക്കുകാർ വിളിച്ച ഒരാശയമാക്കണം.. ഗ്രഹണ പ്രവചനത്തിന് അന്നുപയോഗിച്ചത്.ഇവിടെ അതിന് പ്രത്യേകം പേരുണ്ടായിരുന്നോ എന്നറിയില്ല. ഗ്രീക്കുകാർക്കു മുമ്പേ അതു കണ്ടെത്തിയത് ബാബിലോണിയർ ആണെന്നും തെയ് ലിസ് എന്ന ഗ്രീക്കു പണ്ഡിതനാണ് അത് ഗ്രീസിൽ എത്തിച്ചത് എന്നും കരുതപ്പെടുന്നു. ഇന്ത്യക്കാർ അത് നിരീക്ഷണത്തിലൂടെ കണ്ടെത്തിയതോ കടം കൊണ്ടതോ എന്നറിയില്ല.

18 കൊല്ലവും 11 1/3 ദിവസവും ചേർന്ന ഒരു കാലയളവാണ് ഒരു സാരോസ്. സാധാരണ ഗതിയിൽ രണ്ടു സമീപഗ്രഹണങ്ങൾക്കിടയിലെ ഇടവേളയോ അവ ദൃശ്യമാകുന്ന സ്ഥാനമോ കണ്ടെത്താൻ അക്കാലത്ത് മാർഗമുണ്ടായിരുന്നില്ല. ഇടവേള ചിലപ്പോൾ ഏതാനും ആഴ്ചകളാകാം, മാസങ്ങളാകാം. എന്നാൽ ഒരു സാരോസ് കാലത്ത് നടക്കുന്ന എല്ലാ ഗ്രഹണങ്ങളും അടുത്ത സാരോസിലും അതേപടി, അതേ ഇടവേളകളോടെ ആവർത്തിക്കും; സ്ഥാനം മാത്രം മാറും. അതിനു കാരണം വഴിയേ ‘

ഇനി എന്താണ് സാരോസ് ചക്രത്തിനു കാരണം എന്നു നോക്കാം.

ആദ്യം നമുക്ക് രാഹുകേതുക്കളെ പരിചയപ്പെടാം. പണ്ടത്തെ ആകാശചിത്രമാണ് എളുപ്പം ചന്ദ്രൻ ഭൂമിയെ 27  1/3 ദിവസം കൊണ്ട് ചുറ്റുന്ന ഒരു പഥമുണ്ട് ആകാശത്ത് – ചന്ദ്രപഥം. കൂടാതെ സൂര്യൻ ഭൂമിക്കു ചുറ്റും പോകുന്നതായി തോന്നുന്ന (ശരിക്കും ഭൂമി സൂര്യനു ചുറ്റുമാണ് പോകുന്നത് ) ഒരു പഥവുമുണ്ട് – ക്രാന്തി പഥം. രണ്ടും തമ്മിൽ 5 ഡിഗ്രി ചരിവുണ്ട്.രണ്ടു വൃത്തങ്ങളും തമ്മിൽ അന്യോന്യം കടന്നു പോകുന്ന രണ്ടു സ്ഥാനങ്ങളാണ് രാഹുവും കേതുവും. ചന്ദ്രപഥം സൂര്യപഥത്തെ തെക്കുനിന്ന് വടക്കോട്ട് മുറിച്ചു കടക്കുന്ന സ്ഥാനം രാഹുവും തിരിച്ചുള്ളത് (മറുവശത്ത് ) കേതുവും.) സൂര്യചന്ദ്രന്മാർ അവിടെ എത്തിയാലേ ഗ്രഹണം നടന്ന് ഇരുട്ടുണ്ടാകൂ എന്നതുകൊണ്ട് ജ്യോതിഷികൾ അവയെ തമോഗ്രഹങ്ങൾ എന്നു വിളിച്ചു.

അക്ഷങ്ങളുടെ 5 ഡിിഗ്രി ചരിവ് കാരണം മറ്റൊരു സ്ഥാനത്തും സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേർരേഖയിിൽ വരില്ല. ചന്ദ്രൻ ഒന്നുകിൽ ക്രാന്തി തലത്തിന് അല്ലം വടക്ക് അല്ലെങ്കികിൽ അല്പം തെക്ക് മാറിയാകുംം നിൽക്കുക..

കടപ്പാട് : NASA

ഇനി സാരോസിനു കാരണം എളുപ്പം മനസ്സിലാകും.

 

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ഒരു ദീർഘവൃത്തത്തിലാണല്ലോ. ദീർഘവൃത്തത്തിന് ഒരു ദീർഘ അക്ഷം (major axis ) ഉണ്ടായിരിക്കും. ചന്ദ്രനിൽ പ്രയോഗിക്കപ്പെടുന്ന സൂര്യന്റെയും     ഭൂമിയുടെയും ഗുരുത്വബലത്തിലെ ചില അസമമിതികൾ കാരണം ചന്ദ്രന്റെ പഥവും ,തന്മൂലം ദീർഘാക്ഷവും പ്രദക്ഷിണദിശയിൽ പതുക്കെ കറങ്ങാൻ ഇടയാകുന്നു.. ഒരു വർഷം ഏകദേശം 19 ഡിഗ്രി വരും ഈ കറക്കം .ഇത് രാഹുകേതുക്കളെയും പ്രദക്ഷിണദിശയിൽ കറങ്ങാൻ ഇടയാക്കുന്നു. ഗ്രഹങ്ങൾ കറങ്ങുന്നത് അപ്രദക്ഷിണദിശയിൽ (പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ) ആണെങ്കിൽ രാഹുവും കേതുവും എതിർ ദിശയിൽ ആണെന്നോർക്കുക. ഗ്രഹ ചലനം ക്രമഗതിയിലും (Prograde motion)  രാഹുകേതു ചലനം വക്രഗതിയിലും (retrogrademotion) ആണെന്നു പറയും.

കടപ്പാട് ശാസ്ത്രകേരളം
ഒരു നാൾസൂര്യൻ രാഹുവിലെത്തി ഒരു ഗ്രഹണം നടന്നു എന്നിരിക്കട്ടെ. സൂര്യൻ അടുത്ത തവണ രാഹുവിലെത്താൻ എത്ര ദിവസം വേണം. രാഹു 19 ഡിഗ്രിയോളം എതിർ ദിശയിൽ നീങ്ങിയതു കൊണ്ട് 346.62ദിവസം മതി. ഇതാണ് ഒരു ഗ്രഹണ വർഷം (eclipse year ). ഒരു സാരോസ് കാലം കൊണ്ട് സൂര്യൻ ഇങ്ങനെ 19 തവണ രാഹുവിലൂടെ ( കേതുവിലൂടെയും ) കടന്നു പോകും.ഇത്രയും കാലം കൊണ്ട് ചന്ദ്രൻ 223 തവണ അവയിലൂടെ കടന്നു പോകും. രണ്ടും പൂർണ സംഖ്യകളായതുകൊണ്ട് ഇത് ഗ്രഹണങ്ങളുടെ ഒരു പൂർണ ചക്രമാണ്. സാരോസ് ചക്ര കാലത്തിലെ 1/3 ദിവസം എന്നത് ഒരു പ്രശ്നമുണ്ടാക്കുന്നുണ്ട്. ആ 8 മണിക്കൂർ കൊണ്ട് ഭൂമി 120 ഡിഗ്രി കറങ്ങുന്നതിനാൽ ഗ്രഹണം അടുത്ത സാരോസിൽ ദൃശ്യമാവുക 120 ഡിഗ്രി പടിഞ്ഞാറു മാറിയുള്ള ഇടങ്ങളിലായിരിക്കും.
ആര്യഭടന്റെ ചതി
രാഹുകേതുക്കളുടെ ശാസ്ത്രം ജനങ്ങളോടു പറയാതെ അന്ധവിശ്വാസം പ്രചരിപ്പിച്ച പുരോഹിതവർഗത്തിന് ആദ്യമായൊരു പ്രഹരം കിട്ടിയത് ആര്യഭടനിൽ നിന്നാണ്. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ അദ്ദേഹം പറഞ്ഞു രാഹുവും കേതുവും പാമ്പൊന്നും അല്ല, ഗ്രഹണമുണ്ടാക്കുന്ന സ്ഥാനങ്ങളാണ്. അവയുടെ സ്ഥാനമാറ്റവും സൂര്യചന്ദ്രന്മാരുടെ കോണിയ വലുപ്പവും കോണീയ വേഗവും എല്ലാം പരിഗണിച്ച് ഗ്രഹണ സമയവും സ്ഥാനവും കണക്കാക്കാനുള്ള ഗണിത സൂത്രങ്ങൾ അദ്ദേഹം വികസിപ്പിച്ചെടുത്തു.ഇത് ആര്യഭടനെ പുരോഹിതരുടെ ശത്രുവാക്കി മാറ്റി. അവർ അദ്ദേഹത്തെ തമസ്ക്കരിച്ചു. തുടർന്നു വന്ന വരാഹമിഹിരനും ബ്രഹ്മ ഗുപ്തനുമെല്ലാം അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ആര്യഭടന് ഒരു നല്ല ശിഷ്യ പരമ്പര ഉണ്ടായത് കേരളത്തിൽ മാത്രമാണ്.
കടപ്പാട് : വിക്കിപീഡിയ

ഗ്രഹണം ചർച്ച ചെയ്യുമ്പോൾ കേരളീയർ മറക്കാൻ പാടില്ലാത്ത ഒരു വ്യക്തിയാണ് വടശ്ശേരി പരമേശ്വരൻ. 55 വർഷം തുടർച്ചയായി അദ്ദേഹം ഗ്രഹണ നിരീക്ഷണം നടത്തി. ആര്യഭടന്റെ കാലത്തെ നിരീക്ഷണ പരിമിതി മൂലം ഉണ്ടായ ചെറിയ പിശകുകൾ ഈട്ടം കൂടി വന്ന്, ഇപ്പോൾ ഗണിച്ചു കിട്ടുന്ന സമയത്തിനും വളരെ മുമ്പേ ഗ്രഹണം നടക്കുന്നു എന്നദ്ദേഹം കണ്ടെത്തി. അതു തിരുത്താൻ ദൃഗ്ഗണിതമെന്ന ഗണന രീതി അദ്ദേഹം അവതരിപ്പിച്ചു (1430). സിദ്ധാന്തവും നിരീക്ഷണ ഫലവും തമ്മിൽ പൊരുത്തമില്ലാതെ വരുമ്പോൾ സിദ്ധാന്തം തിരുത്താൻ മടിക്കരുതെന്നും നാളെ തന്റെ സിദ്ധാന്തവും തെറ്റുന്നു എന്നു കണ്ടാൽ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു വെച്ചു. ശാസ്ത്രത്തിന്റെ രീതിയുടെ പ്രഖ്യാപനമായി അതിനെ കണക്കാക്കാം.

കടപ്പാട് ശാസ്ത്രകേരളം
ഗ്രഹണ നാളിൽ ക്ഷേത്രനട അടയ്ക്കുന്ന പുരോഹിതർ ഇന്നും തുടരുന്നത് പഴയ കാപട്യം തന്നെയാണ്. ഗ്രഹണ ദിനത്തിൽ പുറത്തിറങ്ങരുതെന്നും ഭക്ഷണം കഴിക്കരുതെന്നും അവർ ഇപ്പോഴും പറയുന്നു. അതിനൊക്കെ ശാസ്ത്രീയ ന്യായീകരണങ്ങളുമായി കപടശാസ്ത്ര സംഘവുമുണ്ട് ഒപ്പം. അതിനെ വെല്ലുവിളിക്കുന്നതാകണം ഡിസംബർ 26 ലെ സൗരോത്സവം.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആരാണ് ഇന്ത്യക്കാർ ? – ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മനുഷ്യരുടെ ജനിതകചരിത്രം
Next post പ്ലേറ്റോണിക് ഘനവസ്തുക്കൾ (Platonic solids)
Close