2016 ഒക്ടോബറിലെ ആകാശം

[author title=”എന്‍ സാനു” image=”http://luca.co.in/wp-content/uploads/2016/10/Sanu-N.jpg”][/author]

 

ശുക്രന്‍, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളും ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും 2016 ഒക്ടോബറിലെ ആകാശ കാഴ്ചകളാണ്. പുലര്‍ച്ചെ നോക്കുന്നവര്‍ക്ക് ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങളെയും കാണാന്‍ കഴിയും. രാശിപ്രഭ (zodiac light) എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസവും പുലര്‍കാല വാനനിരീക്ഷകര്‍ക്ക് ദൃശ്യവിരുന്നേകുന്നു.

sky-map-10_2016
ഒക്ടോബറിലെ ആകാശം | വര : Stellarium.org, Sanu N

പ്രധാന രാശികളും നക്ഷത്രഗണങ്ങളും.

സൂര്യന്റെ സഞ്ചാരപാതയില്‍ വരുന്ന നക്ഷങ്ങളെ 12 നക്ഷത്രഗണങ്ങളാക്കി വിഭജിച്ചവയാണ് നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും. ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയാണ് ഈ രാശികള്‍. സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം തുലാം, വൃശ്ചികം, ധനു, മകരം, കുംഭം എന്നീരാശികളാണ് ദൃശ്യമായിട്ടുളളത്. തെക്ക് പടിഞ്ഞാറുമുതല്‍ തെക്ക് കിഴക്കായാണ് സൂര്യപാത അഥവാ രാശിചക്രം ഈ മാസം കാണപ്പെടുന്നത്. വൈകിട്ട് 7 മണിയോടുകൂടി തന്നെ തുലാംരാശി അസ്തമിച്ചുതുടങ്ങും. തുലാം രാശിയിലാണ് ശുക്രന്‍ ഈ മാസം പകുതി വരെ കാണപ്പെടുന്നത്. ഇതോടൊപ്പമുള്ള നക്ഷത്രമാപ്പ് ഉപയോഗിച്ച് നക്ഷത്രഗണങ്ങളെ തിരിച്ചറിയാവുന്നതാണ്. തെക്ക് പടിഞ്ഞാറേ ആകാശത്താണ് വൃശ്ചികം രാശിയുള്ളത്. പ്രയാസം കൂടാതെ തന്നെ തിരിച്ചറിയാന്‍ സാധിക്കുന്ന നക്ഷത്രസമൂഹമാണ് വൃശ്ചികം. വൃശ്ചികത്തിലെ തൃക്കേട്ട ഒരു ചുമപ്പ് ഭീമന്‍ നക്ഷത്രമാണ്. വൃശ്ചികത്തിന്റെ തലഭാഗത്തുള്ള മൂന്ന് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് അനിഴം, വാല്‍ ഭാഗത്തുള്ള നക്ഷത്രങ്ങള്‍ ചേര്‍ന്ന് മൂലം എന്നീ ചാന്ദ്രഗണങ്ങള്‍ രൂപപ്പെടുന്നു. വൃശ്ചികത്തിനും ഇടത് മാറി തെക്കേ ആകാശത്ത് സന്ധ്യയ്ക്ക് ധനുരാശി കാണാം. ചൊവ്വ ഗ്രഹം ധനുരാശിയിലായി ഈ മാസം കാണപ്പെടുന്നു. ധനുവിന്റെ വലത്തേ (പടിഞ്ഞാറേ ) പാതി പൂരാടവും ഇടത്തേ പാതി ഉത്രാടവുമാണ്. ധനുവിന് കിഴക്ക് മാറി മകരം, അതിനും കിഴക്കായി കുംഭം എന്നീരാശികളാണ്. മീനം രാശി രാത്രി 8 മണിയോടെ ഉദിച്ചുയരും.

south west sky - october 2016
2016 ഒക്ടോബറിലെ തെക്കുപടിഞ്ഞാറന്‍ ആകാശം | വര : എന്‍. സാനു

സൗരരാശികള്‍ കഴിഞ്ഞാല്‍ സന്ധ്യാകാശത്തുള്ള പ്രധാനപ്പെട്ട നക്ഷത്രഗണമാണ് ഭാദ്രപഥം, പറക്കുംകുതിര എന്നൊക്കെ അറിയപ്പെടുന്ന പെഗാസസ് (Pegasus). ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു ചതുരം തീര്‍ക്കുന്നു. സന്ധ്യയ്ക്ക് കിഴക്ക് ദിശയില്‍, ചക്രവാളത്തില്‍ നിന്നും അല്പം മുകളിലായി ,അല്പം വലതുമാറിയാണ് ഇതിന്റെ സ്ഥാനം. ഇതില്‍ മുകളിലുള്ള (പടിഞ്ഞാറ് )  രണ്ട് നക്ഷത്രങ്ങള്‍ ചേര്‍ന്ന് പൂരുരുട്ടാതി, താഴെയുള്ള രണ്ടെണ്ണം ചേര്‍ന്ന് ഉത്രട്ടാതി എന്നീ ചാന്ദ്രഗണങ്ങള്‍ ഉണ്ടാകുന്നു.

Pegasus constellation map.png
പെഗാസസ് | commons.wikimedia.org

ഉത്രട്ടാതിയിലെ അല്‍ഫെരാട്സ് (Alpheratz) എന്ന നക്ഷത്രം യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രോമിഡ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണ്. ഭാദ്രപഥത്തിനും താഴെയായാണ് ആന്‍ഡ്രോമിഡയുടെ സ്ഥാനം. M31 എന്ന ഗാലക്സിയെ (ആന്‍ഡ്രോമിഡ ഗാലക്സി) ടെലിസ്കോപ്പിന്റെ സഹായത്തോടെ ഈ ഭാഗത്ത് നിരീക്ഷിക്കാന്‍ സാധിക്കും. ഭാദ്രപഥത്തിനു മുകളില്‍ ഇടതുമാറി സിഗ്നസ്സ്, അതിനും മുകളില്‍ ഇടതുമാറി ലൈറ എന്നീ നക്ഷത്ര സമൂഹങ്ങളാണുള്ളത്. സിഗ്നസ്സിലെ ദെനബ്, ലൈറയിലെ വീഗ എന്നിവ പ്രഭയേറിയ നക്ഷത്രങ്ങളാണ്. സന്ധ്യയ്ക്ക് 7 മണിയോടെ തലയ്ക്കുമുകളില്‍ കാണുന്ന പ്രഭയേറിയ നക്ഷത്രം ശ്രവണനാണ് (Altair). ഇത് അക്വില എന്ന നക്ഷത്ര സമൂഹത്തില്‍ പെടുന്നു. ശ്രവണനും, ശ്രവണന്റെ ഇരുഭാഗത്തുമായി കാണുന്ന പ്രഭകുറഞ്ഞ രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നതാണ് തിരുവോണം. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം ‘എന്നൊരു ചൊല്ല് മലയാളത്തില്‍ ഉണ്ടായിരുന്നു. പടിഞ്ഞാറേ ആകാശത്ത് ചക്രവാളത്തിന് മുകളിലായി ഒഫ്യൂക്കസ്, വടക്ക് പടിഞ്ഞാറായി ഹെര്‍ക്കുലീസ്, വടക്ക് സെഫിയുസ്, കാസിയോപ്പിയ, വടക്ക് കിഴക്കായി പെഗാസസ്, എന്നിവയാണ് മറ്റ് പ്രധാന നക്ഷത്രസമൂഹങ്ങള്‍.

ഗ്രഹങ്ങള്‍

എറ്റവും പ്രഭയേറിയ ഗ്രഹമായി ശുക്രന്‍തന്നെയാണ് ഈ മാസം നമ്മുടെ ശ്രദ്ധയില്‍ വളരെ വേഗത്തില്‍ വരുന്ന ഗ്രഹം. പടിഞ്ഞാറേ ചക്രവാളത്തില്‍ സൂര്യാസ്തമനത്തോടെ തന്നെ ദൃശ്യമാകുന്ന ഈ ഗ്രഹം പക്ഷേ 8മണിയോടെ പൂര്‍ണമായും അസ്തമിക്കും. മാസത്തിന്റെ തുടക്കത്തില്‍ തുലാം രാശിയില്‍ കാണപ്പെടുന്ന ശുക്രന്‍ ഒക്ടോബര്‍ മൂന്നാം ആഴ്ചയോടെ വൃശ്ചികം രാശിയിലേക്ക് കടക്കും. ശനി വൃശ്ചികം രാശിയുടെ തലഭാഗത്തുതന്നെ തുടരും. എന്നാല്‍ സെപ്തംബര്‍ തുടക്കത്തില്‍ വൃശ്ചികം രാശിയുടെ തൃക്കേട്ട ഭാഗത്തുണ്ടായിരുന്ന ചൊവ്വ ഈമാസം ധനു രാശിയിലാണ് ഉണ്ടാവുക. കഴിഞ്ഞമാസം സന്ധ്യയ്ക്ക് ദൃശ്യമായിരുന്ന ബുധനും വ്യാഴവും ഈമാസം പുലര്‍ച്ചെയാണ് കാണാന്‍ സാധിക്കുക. ബുധനെ മാസത്തിന്റെ ആദ്യപകുതിയിലും വ്യാഴത്തെ രണ്ടാംപകുതിയിലും പുലര്‍ച്ചെ സൂര്യോദയത്തിന് തൊട്ടുമുന്‍പായി കിഴക്കേ ചക്രവാളത്തില്‍ കാണാം.

ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം

orinoid-meteor-shower
ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം | വര – എന്‍. സാനു

ഓക്ടോബര്‍ 2 മുതല്‍ നവംബര്‍ 7 വരെ ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം കാണാനുള്ള സമയമാണ്. ഹാലിയുടെ ധൂമകേതു കടന്നുപോയ വഴിയില്‍ ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങളാണ് ഓറിയോനിഡ് ഉല്‍ക്കകളായി ഭൂമിയില്‍ പതിക്കുന്നത്. ഒക്ടോബര്‍ 10 മുതല്‍ 21വരെയാണ് പരമാവധി ഉല്‍ക്കാപതനങ്ങള്‍ കാണാന്‍ കഴിയുന്നത്. ഓറിയോണ്‍ (വേട്ടക്കാരന്‍) നക്ഷത്രസമൂഹത്തിന്റെ ഭാഗത്ത് കാണുന്നതിനാലാണ് ഇവയ്ക്ക് ഓറിയോനിഡ് എന്ന പേര് വന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം ഓറിയോണിലെ തിരുവാതിര നക്ഷത്രത്തിനുസമീപത്തുനിന്നും എല്ലാ ദിശയിലേക്കും ഇവ നിപതിക്കും. ഈ സമയത്ത് ഈഭാഗത്ത് ചന്ദ്രന്‍ പ്രകാശിക്കുന്നത് നിരീക്ഷണത്തിന് അല്പം തടസ്സം സൃഷ്ടിക്കുമെങ്കിലും ഉത്സാഹികളെ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കാം.

രാശിപ്രഭ (Zodiac light or False dawn)

Zodiacal Light over La Silla
രാശിപ്രഭ | By ESO/Y. Beletsky via Wikimedia Commons
 ശരത്കാല പ്രഭാതങ്ങളില്‍ സൂര്യോദയത്തിനു മുമ്പായി കിഴക്കന്‍ ചക്രവാളത്തില്‍ കാണുന്ന പിരമിഡ് ആകൃതിയിലുള്ള പ്രഭയാണ് രാശിപ്രഭ (കള്ളപ്രഭാതം) എന്ന് അറിയപ്പെടുന്നത്. ഇത് ആകാശഗംഗയുടെ പ്രഭയെ ഓര്‍മ്മപ്പെടുത്തുമെങ്കിലും അതിനേക്കാള്‍ തിളക്കമുള്ളതും ആകാശഗംഗയുമായി ബന്ധമില്ലാത്തതുമാണ്. സൗരയൂഥാന്തര്‍ഭാഗങ്ങളിലുള്ള (ഗ്രഹാന്തര ) പൊടിപടലങ്ങളില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശമാണ് ഈ പ്രതിഭാസത്തിന് കാരണം. സൗരയൂഥ രൂപീകരണ വേളയില്‍ ഗ്രഹങ്ങളോ ചെറിയ ജ്യോതിര്‍ ഗോളങ്ങളോ പോലും ആകാന്‍ കഴിയാതിരുന്ന ശിഷ്ടപദാര്‍ത്ഥങ്ങളാണിവ. പുലര്‍ച്ചക്ക് ഉണരുന്നവര്‍ ഇതിനെ പ്രഭാതവെളിച്ചമായി തെറ്റിദ്ധരിക്കാറുള്ളതിനാലാണ് കള്ളപ്രഭാതം എന്ന പേര് വന്നത്.

 

Leave a Reply