സെപ്റ്റംബർ 28 – ശാസ്ത്രചരിത്രത്തിൽ ഇന്ന്

പോൾ വില്ലാർഡ്

ഗാമാ വികരിരണങ്ങളെ ( γ) കണ്ടെത്തിയ ഫ്രഞ്ചുഭൌതിക ശാസ്ത്രജ്ഞനായ പോൾ വില്ലാർഡിന്റെ (Paul Ulrich Villard 1860-1934) ജനനം. 1900 ൽ റേഡിയത്തിൽ നിന്ന് പുറപ്പെടുന്ന വികിരണങ്ങളെക്കുറിച്ച് പഠിക്കുന്നതിനിടെയാണ് അദ്ദേഹം ഗാമാ കിരണങ്ങൾ കണ്ടെത്തിയത്. താൻ കണ്ടെത്തിയ വികിരണത്തിന് ഒരു പ്രത്യേക പേര് അദ്ദേഹം നിർദ്ദേശിച്ചിട്ടില്ലായിരുന്നു. 1903-ൽ, ഏണസ്റ്റ് റഥർഫോർഡാണ് വില്ലാർഡിന്റെ കിരണങ്ങളെ ആൽഫ, ബീറ്റ കിരണങ്ങൾക്കൊപ്പം ഗാമാ കിരണങ്ങൾ എന്ന് വിളിക്കാൻ നിർദ്ദേശിച്ചത്.

അലസവാതകമായ ആർഗണിന്റെ ഹൈഡ്രേറ്റുകൾ കണ്ടെത്തിയതിന്റെ ബഹുമതിയും വില്ലാർഡിനുണ്ട്. 1888 മൂതൽ 8 വർഷക്കാലം അദ്ദേഹം ഉയർന്ന മർദ്ദം ഉപയോഗിച്ച് നിർമ്മിക്കാവുന്ന ഇത്തരം സംയുക്തങ്ങളെ സംബന്ധിച്ചുള്ള പഠനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. റേഡിയേഷന്റെ അയോണീകരണ തോത് കണ്ടെത്തുന്നതിനും അദ്ദേഹം സുരക്ഷിതമായ രീതി കണ്ടെത്തി.

സീമോർ ആർ. ക്രേ

സൂപ്പർകമ്പ്യൂട്ടറിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സീമോർ ആർ. ക്രേയുടെ (Seymour Cray 1925- 1996) ജന്മദിനം. കൺട്രോൾ ഡേറ്റാ കോർപ്പറേഷൻ (Control Data Corporation — CDC) എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് സൂപ്പർ കമ്പ്യൂട്ടർ എന്ന ആശയം തോന്നിയതും അതു വികസിപ്പിച്ചെടുത്തതും. അന്ന് ഉണ്ടായിരുന്ന കമ്പ്യൂട്ടറുകളെക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ 1957ൽ അദ്ദേഹം നിർമ്മിച്ചു. CDC 1604 എന്നാണ് ആ കമ്പ്യൂട്ടറിനു നൽകിയ പേര്. പൂർണമായും ട്രാൻസിസ്റ്ററുകളുപയോഗിക്കുന്ന (വാൽവുകളില്ലാത്ത) ആദ്യത്തെ കമ്പ്യൂട്ടറായിരുന്നു അത്. തുടർന്ന് കൂടുതൽ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ അദ്ദേഹം രൂപകല്പന ചെയ്തു നിർമിച്ചു. 1976 ആയപ്പോഴേക്കും CDC 1604ന്റെ 18 മടങ്ങു വേഗമുള്ള കമ്പ്യൂട്ടർ അദ്ദേഹം തയ്യാറാക്കി. അതിന് അദ്ദേഹത്തിനു സഹായമായത് ഇലക്ട്രോണിക്സ് നിർമാണരംഗത്തെ പുതിയ ഒന്നിച്ചാക്കൽ (integration) സാങ്കേതികവിദ്യയാണ്. അനേകം ട്രാൻസിസ്റ്ററുകളും മറ്റു ഘടകങ്ങളും ഒന്നിച്ച് ചെറിയൊരു സിലിക്കൺ പാളിയിൽ നിർമിക്കുന്ന വിദ്യയാണ് ഇത്. അങ്ങനെ കിട്ടുന്ന ആ കുഞ്ഞു ചിപ്പിന് ഇന്റഗ്രേറ്റഡ് ചിപ് (ic) എന്നാണു പേര്. ഇത്തരം ചിപ്പുകളാണ് ക്രേ ഈ കമ്പ്യൂട്ടറിൽ ഉപയോഗിച്ചത്. വേറെ ആരെങ്കിലും ചെയ്യുന്നത് എന്തെങ്കിലുമൊക്കെ മാറ്റമില്ലാതെ അതേപോലെതന്നെ താൻ ഒരിക്കലും ചെയ്യില്ല എന്ന വാശി അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. ഹ്യൂലെറ്റ് പെക്കാഡ് എന്റർപ്രൈസ് എന്ന കമ്പനിയുടെ ഒരു വിഭാഗത്തിന് സീമോർ ക്രേയുടെ ബഹുമാനാർഥം ക്രേ ഇൻകോർപറേറ്റഡ് എന്നാണ് പേരു നൽകിയത്. അവരുടെ ഉല്പന്നങ്ങളിൽ ഏറ്റവും പ്രധാനം സൂപ്പർ കമ്പ്യൂട്ടറുകളാണ്. ലോകത്തെ ഏറ്റവും വേഗമുള്ള കമ്പ്യൂട്ടറുകൾ ആ കമ്പനിയുടെയാണ്. (കുറിപ്പിന് കടപ്പാട് : പി.കെ.മാധവപ്പണിക്കർ)


ലോക പേവിഷബാധ ദിനം

ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബർ 28 നാണ് നാം ഈ ദിനാചരണം നടത്തുന്നത്. ഓരോ വർഷവും അനേകം പേരുടെ മരണത്തിനിടയാക്കുന്ന ഈ ഭയാനകരോഗം പ്രതിരോധകുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാൻ സാധിക്കും എന്ന് സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

ലൂയി പാസ്ചർ

സെപ്തംബർ 28 ലോക വ്യാപകമായി പേവിഷബാധ ദിനമായി ആചരിക്കുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സാമൂഹിക ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പേവിഷബാധ. ഇന്ത്യയിൽ ഏകദേശം 20,000 പേർ പ്രതിവർഷം ഈ രോഗം ബാധിച്ചു മരണപ്പെടുന്നുണ്ട്. അതിൽ 5മുതൽ 10വയസ്സ് പ്രായമുള്ള കുട്ടികൾക്കാണ് പേവിഷ ബാധയേൽക്കുന്നതിനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നത്‌. വളർത്തു മൃഗങ്ങളായ പട്ടി, പൂച്ച എന്നിവയിൽ നിന്നാണ് 99%പേർക്കും പേവിഷബാധ യുണ്ടാകുന്നത്. കുരങ്ങ്, അണ്ണാൻ, കുറുക്കൻ, ചെന്നായ എന്നീ മൃഗങ്ങളിൽ നിന്നും പേവിഷബാധ ഉണ്ടാകാറുണ്ട്.

Leave a Reply