പെട്രോളിന്റെ വിലയിടിവും കൊത്തമര കൃഷിയുടെ ഭാവിയും


ഡോ.ജോർജ്ജ് തോമസ്

കഴിഞ്ഞ ഏതാനും വർഷങ്ങളായി അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞു വരികയാണ് (ഇന്ത്യയിൽ കുറയാത്തതു സർക്കാരിന്റെ കളി!). ഈ പ്രതിഭാസത്തിനു പല കാരണങ്ങളുമുണ്ടെങ്കിലും അമേരിക്കയിലെ ഷെയ്ൽ ഗ്യാസ് (shale gas) ശേഖരവും അതിന്റെ ഉപയോഗവുമാണ് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. ഇത് പെട്രോളിയം ഭീമന്മാരെ വെട്ടിലാക്കി. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ ഷെയ്ൽ എന്ന കളിമൺ ഊറൽപാറകളിൽ ( sedimentary rocks) കുടുങ്ങിക്കിടക്കുന്ന വൻ പെട്രോളിയം ശേഖരമുണ്ട്. ഈ പാറയിൽ നിന്ന് ഹൈഡ്രോളിക് ഫ്രാക്ച്ചറിങ് (hydraulic fracturing) എന്ന സാങ്കേതിക വിദ്യ മുഖേനയാണ് പെട്രോളിയം പുറത്തെടുക്കുക. ഹൈഡ്രോളിക് ഫ്രാക്ച്ചറിങിന് കൊത്തമരയുടെ ധാന്യമണികളിൽ നിന്നും കിട്ടുന്ന കൊത്തമരപ്പൊടി അഥവാ ഗുർ ഗം (gur gum) വൻതോതിൽ ഉപയോഗപ്പെടുത്തുന്നു (ഈ പെട്രോൾ ശേഖരത്തിനു പൊതുവെ ഷെയ്ൽ ഗ്യാസ് എന്നാണ് പറയുന്നത്.) കൊത്തമര പൊടിക്ക് വെള്ളത്തെ കട്ടിയുള്ള ‘ജെൽ’ ആക്കി മാറ്റാൻ കഴിയും. ഷെയ്ൽ പെട്രോളിയം രംഗത്തുള്ള ഡ്രില്ലിങ് കമ്പനികൾക്കു കട്ടിയുള്ള ജെൽ വൻതോതിൽ ഹൈഡ്രോളിക് ഫ്രാക്ച്ചറിംഗിന് വേണ്ടി ആവശ്യമുണ്ട് .

ഷെയ്ൽ ഗ്യാസ് (shale gas)- ഹൈഡ്രോളിക് ഫ്രാക്ച്ചറിങ് (hydraulic fracturing) സാങ്കേതിക വിദ്യ കടപ്പാട് വിക്കിപീഡിയ

ഇങ്ങനെ ഒരു പുതിയ ഉപയോഗം വന്നതോടെ ഗുർ ഗമ്മിന്റെ വിലയും ആവശ്യവും കുതിച്ചുയുർന്നു. കൊത്തമരപ്പൊടിക്ക് സാധാരണ സ്റ്റാർച്ചിനേക്കാൾ 5 -8 ഇരട്ടി കട്ടിയാകാനുള്ള കഴിവുണ്ട്. മന്നോഗാലക്ടോൺ (mannogalacton) എന്ന പദാർത്ഥമാണ് ഈ സ്വഭാവ സവിശേഷതക്ക് പിന്നിൽ. ചിലയിനം കടലാസുകളുടെ ബലം വർധിപ്പിക്കാനും തപാൽ സ്റ്റാമ്പുകളിൽ പശയായും , തുണി വ്യവസായത്തിലുമൊക്കെ ഗുർ ഗം ഉപയോഗിക്കുന്നു. ഐസ്ക്രീമിന്റെ കട്ടി വർധിപ്പിക്കാനും പ്രയോജനപ്പെടുത്താറുണ്ട്.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പച്ചക്കറിക്കു വേണ്ടിയും ഗുർഗമ്മിന് (gur gum) വേണ്ടിയും വൻതോതിൽ കൃഷി ചെയ്യുന്ന ഒരു പയർ വർഗ വിളയാണ് കൊത്തമര (cluster beans). സാമ്പാർ പയർ എന്നും പേരുണ്ട്. ഹൈഡ്രോളിക് ഫ്രാക്ച്ചറിംഗിന് ആവശ്യം വന്നതോടെ കൊത്തമരയുടെ ആഗോള ഉപയോഗം വൻതോതിൽ വർധിക്കുകയുണ്ടായി. സ്വാഭാവികമായും കർഷർക്ക് പ്രതീക്ഷകളും. ഉത്തരേന്ത്യയിൽ കൊത്തമരക്കൃഷി യുടെ വിസ്തീർണം കുതിച്ചുയർന്നു. പക്ഷേ, അടുത്ത കാലത്തു കൊത്തമര കൃഷിക്കാർ കഷ്ടത്തിലായിരിക്കയാണ്. ഷെയ്ൽ ഗ്യാസ് ബൂമിനെ നേരിടുന്നതിന് ക്രൂഡ് ഓയിൽ വിലകുറക്കുകയേ സാമ്പ്രദായിക പെട്രോളിയം കമ്പനികൾക്ക് മാർഗമുണ്ടായിരുന്നുള്ളു. വില ഒരു പരിധിയിലും താഴെപ്പോയാൽ ഷെയ്ൽ ഗ്യാസ് ഫ്രാക്ച്ചറിംഗ്‌ ലാഭകരമാവില്ല. പെട്രോളിന്റെ വില തകർച്ചയെത്തുടർന്നു ഷെയ്ൽ ഗ്യാസ് ഫ്രാക്ച്ചറിംഗ്‌ പല കമ്പനികളും നിർത്തി വെച്ചിരിക്കുകയാണ്. വില കൂടിയാൽ അവർ രംഗത്തിറങ്ങും! എന്താണ് ഭാവിയിൽ സംഭവിക്കുക എന്ന് കാത്തിരുന്ന് കാണാം.

Leave a Reply