സെപ്റ്റംബർ 27 – ശാസ്ത്രചരിത്രത്തിൽ ഇന്ന്

മാർട്ടിൻ റൈൽ

നൊബേൽ പുരസ്കാര ജേതാവും ബ്രിട്ടീഷ് റേഡിയോ ശാസ്ത്രജ്ഞനുമായ മാർട്ടിൻ റൈലിന്റെ (Martin Ryle 1918-1984) ജന്മദിനം. വിപ്ലവകരമായ റേഡിയോ ടെലിസ്‌കോപ്പ് സംവിധാനങ്ങൾ വികസിപ്പിച്ച അദ്ദേഹം, കൃത്യമായ സ്ഥാനനിർണ്ണയത്തിനും ദുർബലമായ റേഡിയോ സ്രോതസ്സുകളുടെ ഇമേജിംഗിനും അവ ഉപയോഗിച്ചു. റേഡിയോ ജ്യോതിശാസ്ത്രത്തിൽ നൂതനമായ പല പഠനങ്ങൾക്കും തുടക്കം കുറിച്ച അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ മഹാസ്ഫോടനസിദ്ധാന്തത്തെ പിന്തുണക്കുന്നതാണ്.

ഒരേസമയം ഒന്നിലധികം ദൂരദർശിനികൾ ഒരു ഖഗോള വസ്തുവിലേക്ക് തന്നെ കേന്ദ്രീകരിച്ച് കൂടുതൽ വിഭേദന ക്ഷമതയുള്ള ചിത്രങ്ങൾ ലഭ്യമാക്കുന്ന സാങ്കേതിക വിദ്യയായറേഡിയോ ഇന്റർഫെറോമീറ്റർ വികസിപ്പിച്ചത് ഇദ്ദേഹമാണ്.  മെച്ചപ്പെടുത്തിയ ടെലിസ്‌കോപ്പ് ഉപയോഗിച്ച്, ആ കാലഘട്ടത്തിൽ പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ള ഗാലക്‌സികളെ റയിൽ നിരീക്ഷിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ആദ്യ റേഡിയോ ആസ്‌ട്രോണമി പ്രൊഫസ്സറും, മുള്ളാർഡ് റേഡിയോ ആസ്‌ട്രോണമി ഒബ്‌സർവേറ്ററി സ്ഥാപക ഡയറക്ടറും ആയിരുന്നു അദ്ദേഹം. 1972 മുതൽ 1982 വരെ അസ്‌ട്രോണോമർ റോയൽ പദവി അദ്ദേഹം അലങ്കരിച്ചു. 1974 ൽ റൈലും ആന്റണി ഹെവിഷിലും (Antony Hewish) ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു. ജ്യോതിശാസ്ത്ര ഗവേഷണത്തിനുള്ള സാംഭാവനകൾക്കായിരുന്നു അത്.

Leave a Reply