Read Time:5 Minute


ഡോ.എം.പി.വാസുദേവൻ

ഉദയ സൂര്യൻ വലയ സൂര്യനായി പ്രത്യക്ഷപ്പെടുന്ന അപൂർവ്വമായ ഈ കാഴ്ച, താരതമ്യേനെ ജനവാസം കുറഞ്ഞ, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വടക്കുകിഴക്കൻ അമേരിക്കയിലും കാനഡയിലും ഗ്രീൻലാന്റ്, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും ദൃശ്യമാകും. ഈ ഗ്രഹണത്തിന്റെ പാതയിൽ ഇന്ത്യ ഇല്ലാത്തതിനാൽ നമുക്ക് ഇത് നേരിട്ട് കാണാൻ കഴിയുന്നില്ല. എന്നാൽ timeanddate.com, AAS (American Astronomical Society) തുടങ്ങി പല ഏജൻസികളും ഇത് ലൈവായി കാണിക്കുന്നുണ്ട്. അത് നമുക്ക് പ്രയോജനപ്പെടുത്താം.

തത്സമയം കാണാം – ജൂൺ 10 , ഇന്ത്യൻസമയം ഉച്ചയ്ക്ക് 2.30 മണിയോടെ തത്സമയം കാണാം

ഭൂമിയെ ചുറ്റുന്ന ചന്ദ്രൻ അതിനിടയിൽ ഒരിക്കൽ ഭൂമിക്കും സൂര്യനും ഇടയിൽ വരുകയും അത് കറുത്തവാവ് ,അമാവാസി. new moon എന്നീ പേരിൽ അറിയപ്പെടുകയും ചെയ്യുന്നു. അതുപോലെ ഭുമിയും ഒരു പ്രാവശ്യം ചന്ദ്രനും സൂര്യനും ഇടയിൽ വരുകയും അന്ന്, പൗർണമി, വെളുത്ത വാവ്, full moon എന്നീ പേരുകളിൽ അറിയപ്പെടുകയും ചെയ്യുന്നു. എന്നാൽ ചില പ്രത്യേക വാവുകളിൽ മാത്രം ഇവ മൂന്നും (സൂര്യൻ, ചന്ദ്രൻ, ഭുമി) കുറച്ച് സമയത്തേക്ക് ഏതാണ്ട് കൃത്യം നേർരേഖയിൽ വരുകയും തൽഫലമായി ഒന്നിന്റെ നിഴൽ മറ്റൊന്നിൽ വീഴുകയും ഗ്രഹണം സംഭവിക്കുകയും ചെയ്യുന്നു.

എന്തുകൊണ്ട് ചില പ്രത്യേക വാവുകളിൽ മാത്രം ?

ഉത്തരം ലളിതമാണ്. ഭുമി സൂര്യനെ ചുറ്റുന്ന പഥവും ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന പഥവും ഒരു തലത്തിൽ അല്ല എന്നതു തന്നെ കാരണം. അവതമ്മിലുള്ള 5 ഡിഗ്രിയുടെ ചരിവാണ് ഗ്രഹണങ്ങളെ അപൂർവ്വമാക്കുന്നത്. കൂടാതെ ചന്ദ്രന്റെ ദീർഘവൃത്ത പഥവും ആ പഥത്തിന്റെ തന്നെ ഏകദേശം 18 വർഷങ്ങൾ കൊണ്ടുള്ള ഒരു കറക്കവും വ്യത്യസ്ത തരം സൂര്യഗ്രഹണങ്ങൾക്ക് കാരണമാകുന്നു. മുകളിൽ പറഞ്ഞ മൂന്നു കാര്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ നമുക്ക് എല്ലാ മാസവും സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ദൃശ്യമാകുമായിരുന്നു.


ജൂൺ 10ന് നടക്കുന്ന സൂര്യഗ്രഹണം വലയസൂര്യഗ്രഹണമാണ്. കറുത്ത വാവ് ദിവസമായ അന്ന് ചന്ദ്രൻ, ഭുമിക്കും സൂര്യനും ഇടയിൽ കൃത്യം നേർരേഖയിൽ എത്തുന്നു. തൽഫലമായി ചന്ദ്രന്റെ നിഴൽ ഭൂമിക്കു നേരെ എത്തുന്നു. ഈ വേളയിൽ ചന്ദ്രൻ ഭുമിയിൽ നിന്ന് ഏറെ അകലെ ആയതിനാൽ
നിഴൽ ഭുമിയിൽ സ്പർശിക്കുന്നില്ല. ആയതിനാൽ ഈ നിഴൽ (umbra) കടന്നു പോകുന്ന പ്രദേശങ്ങളിൽ (line of annularity) മാത്രം സൂര്യബിംബം ഒരു അഗ്നി വലയം (ring of fire) പോലെ കാണപ്പെടുന്നു. ഇരുവശവുമുള്ള മറ്റു നിഴൽ പ്രദേശങ്ങളിൽ (Penumbra) ഭാഗിക ഗ്രഹണം ദൃശ്യമാകും.
ചന്ദ്രന്റെ നിഴൽ ഭൂമിയിൽ സ്പർശിക്കുന്ന ഗ്രഹണമാണ് സമ്പൂർണ സൂര്യഗ്രഹണമെന്ന് അറിയപ്പെടുന്നത്. ആ സമയത്ത് സൂര്യബിംബം ചന്ദ്രനാൽ പൂർണമായി മറയപ്പെടുകയും സൂര്യന്റെ കൊറോണ, ബെയ്ലിയുടെ മുത്തുകൾ, ഡയമണ്ട് റിങ്ങ് തുടങ്ങിയവ ദൃശ്യമാവുകയും ചെയ്യും. ഇത്തവണ വലയസൂര്യഗ്രഹണമായതിനാൽ
ഇവയൊന്നും ദൃശ്യമല്ല.

അടുത്ത ഗ്രഹണങ്ങൾ

ഈ വർഷത്തെ രണ്ടാമത്തെ ഗ്രഹണമാണ് ജൂൺ 10ന് നടക്കുന്നത് .ആദ്യത്തേത് ബ്ലഡ് മൂൺ ചന്ദ്രഗ്രഹണം മേയ് 26ന് ആയിരുന്നു. ഇനി ഈ വർഷം രണ്ട് ഗ്രഹണങ്ങൾ കൂടിയുണ്ട്. നവംബറിൽ ഒരു ഭാഗിക ചന്ദ്രഗ്രഹണവും ഡിസംബറിൽ ഒരു സമ്പൂർണ സൂര്യഗ്രഹണവും. എന്നാൽ ഇവ ഒന്നും ഇന്ത്യയിൽ നിന്ന് ദൃശ്യമല്ല. എങ്കിലും ആധുനിക സാങ്കേതിക വിദ്യകൾക്ക് നന്ദി പറയുക, ഇവയുടെ ലൈവ് സ്ട്രീമിങ്ങ്‌ നമുക്ക് എല്ലായിടത്തു നിന്നും കാണാൻ കഴിയും. കേരളത്തിൽ നിന്ന്‌ ദൃശ്യമാകുന്ന അടുത്ത ഗ്രഹണം 2022 ഒക്ടോബർ 25 ന് വൈകിട്ട് 5.53 ന് ആണ്. അത് ഒരു ഭാഗിക സൂര്യഗ്രഹണമാണ്. വളരെ കുറച്ച് മാത്രമേ മറയ്ക്കുന്നുള്ളു.

എന്നാൽ 2031 മേയ് 21ന് നടക്കുന്ന വലയസൂര്യഗ്രഹണത്തിന്റെ പാത മധ്യ കേരളത്തിലെ പാലക്കാട്,തൃശൂർ, കൊച്ചി, ആലപ്പുഴ, തിരുവല്ല ,തൊടുപുഴ, പുനലൂർ തുടങ്ങിയ സ്ഥലങ്ങളിലുടെയാണ് എന്നത് നമുക്ക് വളരെ ആവേശം പകരുന്നു. അന്ന് സൂര്യൻ ഏകദേശം നാല് മിനിട്ടിൽ കൂടുതൽ സമയം വലയസൂര്യനായി ദൃശ്യമാകും.ഇപ്പോൾ ഒന്നാം ക്ലാസിൽ ചേർന്നിട്ടുള്ള കൂട്ടുകാർ പത്താംതരമാകുമ്പോൾ മാനത്തെ ഈ വിസ്മയം കാണുമാറാകും.

2019 ഡിസംബർ 26 ന് കേരളത്തിൽ നിന്നും പകർത്തിയ വലയസൂര്യഗ്രഹണക്കാഴ്ച്ച


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post കോവിഡിന്റെ രണ്ടാം തരംഗം പടിയിറങ്ങുമ്പോൾ
Next post ജൂനോ പകർത്തിയ ഗാനിമേഡിന്റെ ചിത്രം ഭൂമിയിലെത്തി!
Close