വെറും മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ ഓടിക്കളിക്കുന്ന 4 വയസ്സുകാരൻ വരെ മൊബൈലിന്റെയോ ടിവിയുടെയോ സ്ക്രീനിന്റെ മുൻപിൽ ചിലവഴിക്കുന്ന അധികസമയം അവരുടെ സാമൂഹികവും ബുദ്ധിപരവുമായ വളർച്ചയെ ബാധിക്കുമോ ?!
ടെക്‌നോളജിയാൽ നയിക്കപ്പെടുന്ന ഇന്നത്തെ ജീവിതത്തിൽ നിന്ന് ഫോൺ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഗാഡ്ജറ്റ് മാറ്റി വച്ചൊരു നിമിഷം നമുക്ക് പ്രയാസമാണെന്നിരിക്കെ, സ്വന്തം ആവശ്യത്തിനു വേണ്ടിയല്ലാതെ ഒരു സ്ക്രീനുമായി പരിചയപ്പെടുന്നവരാണ് നമ്മുടെ കുഞ്ഞുമക്കൾ. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും ആഹ്ളാദിപ്പിക്കാനും, മുതിര്‍ന്നവരുടെ ജോലിയില്‍ ഇടപെടാതിരിക്കാനുമായി ഒരു കുഞ്ഞുഫോണിന്‍റെ സ്ക്രീനോ ടിവിയോ ചില്ലറ ഉപകാരമൊന്നുമായിരിക്കില്ല മാതാപിതാക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഒരുപാട് അനന്തരഫലങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ നമ്മള്‍ തന്നെ വഴി തെളിച്ചു കൊടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
പൊതുവിടങ്ങളിൽ , കുഞ്ഞുങ്ങളെയുമായി കാത്തുനിൽക്കേണ്ടി വരുന്ന അവസരങ്ങളിൽ , താല്പര്യം കാണിക്കാത്ത ഭക്ഷണം കഴിപ്പിക്കേണ്ടി വരുമ്പോൾ , മുതിർന്നവരുടെ സമയലാഭത്തിനു എന്നിങ്ങനെ പല കാരണങ്ങളാൽ വന്നുചേരുന്ന തീരുമാനമാണ് ഫോൺ അല്ലെങ്കിൽ ടിവിയുടെ മുൻപിൽ കുഞ്ഞുങ്ങളെ എത്തിക്കുന്നത്. വേണ്ടത്ര ആൾ സഹായം ഇല്ലാതെ വരുന്ന , ജോലിഭാരം കൂടി വരുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ ഇഷ്ട്ടത്തോടെയല്ലെങ്കിലും ചെയ്തുപോകുന്നതാണെങ്കിലും അത് കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ലെന്നു വേണം കരുതാൻ.
വിവിധ ഗാഡ്ജറ്റുകളുടെ അമിതോപയോഗം കാരണം കുഞ്ഞുങ്ങളിൽ വ്യായാമക്കുറവ് , അമിതവണ്ണം, തലവേദന, നടുവേദന, കാഴ്ചാപരമായ ബുദ്ധിമുട്ടുകൾ എന്നിവ കാണുന്നതോടൊപ്പം വിവിധമായ മാനസിക സാമൂഹ്യ ബുദ്ധിമുട്ടുകളാണ് കാണപ്പെടുന്നത്. ജനിച്ചത് മുതൽ ആറ് വയസ്സ് വരെയുള്ള കാലയളവിൽ ത്വരിതമായ മസ്തിഷ്ക വളർച്ച നടക്കുന്നതിൽ കുഞ്ഞുങ്ങൾ കടന്നുപോകുന്ന അനുഭവങ്ങൾക്കുള്ള പങ്കു ചെറുതല്ല. ഈ കാലങ്ങളിൽ ഒരു കുഞ്ഞിടപെടുന്ന സാമൂഹ്യ, ശാരീരിക, ആശയവിനിമയ മേഖലകളിലൊക്കെ അധിക സ്ക്രീൻടൈം പറയത്തക്ക സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ബുദ്ധിപരമായ വളർച്ച
രണ്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ദ്വിമാന (two dimensional) സ്‌ക്രീനിൽ കാണുന്ന ആശയങ്ങൾ എന്താണെന്ന് മനസ്സിലാക്കുന്നതിലും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലും പരിമിതികളുണ്ട്. തങ്ങളേക്കാൾ ചില കഴിവുകളിൽ മുൻപിൽ നിൽക്കുന്ന സമപ്രായക്കാരിൽ നിന്നോ മുതിർന്നവരിൽ നിന്നോ നേരിട്ട് ഇടപെട്ടു കണ്ടു മനസ്സിലാക്കുന്നതിനോളം അറിവ് സ്‌ക്രീനിൽ നിന്ന് കുഞ്ഞുങ്ങൾക്ക് കിട്ടുന്നില്ലെന്നാണ് കണ്ടെത്തൽ. എന്നിരുന്നാലും കോ- വ്യൂയിങ് (co- viewing) അഥവാ മുതിർന്നവരോടൊത്തുള്ള സ്ക്രീൻ കാണൽ കുഞ്ഞുങ്ങൾക്ക് ഉപകാരപ്രദമാണ് എന്നും വീഡിയോയിലെ ആശയങ്ങളോട് ചേരുന്നതോ അല്ലെങ്കിൽ അവയെകുറിച്ചുള്ള കൂടുതൽ അറിവോ മുതിർന്നവരുടെ ഇടപെടലിലൂടെ എത്തിക്കാൻ സാധിക്കുന്നു എന്നുമാണ് മറ്റു ചില പഠനങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ടത്. ഇത്തരം ഒന്നിച്ചിരിക്കലിലൂടെ കുട്ടികളോട് ഇടപെടാനുള്ള കൂടുതൽ അവസരങ്ങളും മാതാപിതാക്കൾക്ക് വന്നു ചേരുന്നു.
ഭാഷാ വളർച്ച
രണ്ടോ മൂന്നോ വയസ്സിനു താഴെയുള്ള കുട്ടികളിലെ അധിക സ്ക്രീൻ സമയം ഭാഷാ വളർച്ചയിൽ താമസം സൃഷ്ടിക്കുന്നതായാണ് കണ്ടുവരുന്നത്.2 മേൽപ്പറഞ്ഞ വയസ്സിലുള്ള കുട്ടികൾ വീഡിയോകളിൽ നിന്ന് മാത്രമായി പുതിയ വാക്കുകൾ പഠിക്കുന്നില്ല, എന്നാൽ മുതിർന്നവരോടൊപ്പം കാണുമ്പോൾ അവർ കാണുന്ന ആശയങ്ങളെക്കുറിച്ചോ വാക്കുകളെക്കുറിച്ചോ ഉണ്ടാകുന്ന ചർച്ചയിൽ നിന്നും, തുറന്ന ചോദ്യങ്ങളിൽ നിന്നുമൊക്കെയാണ് കുഞ്ഞുങ്ങൾക്കു ഭാഷാവളർച്ചയിൽ ഗുണം ചെയ്യുന്നത് . ഭാഷാവളർച്ചയിലെ കാലതാമസം മാത്രമല്ല സ്‌കൂൾ പഠനത്തിലെ ആദ്യ ഘട്ടങ്ങളിൽ കുഞ്ഞുങ്ങളിൽ ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ്, വായിക്കാനുള്ള ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നതായും പഠനങ്ങൾ തെളിയിക്കുന്നു. അതായത് ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗത്തിൽ നിന്ന് ഉണ്ടാകുന്ന നന്മയെക്കാൾ ഒരുപക്ഷെ താരതമ്യം ചെയ്യുമ്പോൾ ദോഷങ്ങളാണ് കൂടുതൽ എന്ന് വേണം കരുതാൻ.
സാമൂഹികവും വികാരപരവുമായ വളർച്ച
കളികളിലൂടെയാണ് കുഞ്ഞുങ്ങളുടെ സാമൂഹ്യ വൈകാരിക വളർച്ചയെല്ലാം സംഭവിക്കുന്നത് എന്നിരിക്കെ പൂർണ്ണമായും പരസ്പരവ്യവഹാരം ഇല്ലാതെ കേവലം ദൃശ്യപരമായ ഉത്തേജനങ്ങളിൽ നിന്ന് കാര്യപ്പെട്ട നേട്ടങ്ങളൊന്നും കുഞ്ഞിന് കിട്ടുന്നില്ല എന്ന് മാത്രമല്ല വ്യക്തികൾ തമ്മിലുള്ള വ്യവഹാരങ്ങളിൽ നിന്ന് നേടുന്ന ഗുണങ്ങളെല്ലാം തന്നെ കമ്മിയാകുന്നു.
ശ്രദ്ധയെ ബാധിക്കുന്നു
തികഞ്ഞ ശ്രദ്ധയോടെ, വേണ്ട സമയം ഒരു കാര്യത്തിൽ ചിലവഴിക്കുക എന്നത് ഒരു ആശയം മനസ്സിലാക്കാൻ കുട്ടിക്ക് വേണ്ട അടിസ്‌ഥാന കഴിവാണ്. പല നിറത്തിലും വെളിച്ചത്തിലും കണ്മുന്നിൽ മിന്നി മറയുന്ന സ്ക്രീൻ കുട്ടിയുടെ തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നു എന്ന് മാത്രമല്ല കാണുന്ന ആശയത്തെ മനസ്സിലാക്കാനുള്ള സമയം തലച്ചോറിന് നൽകുന്നുമില്ല. ഇപ്രകാരം ഏറെ സമയം സ്ക്രീനിൻ്റെ മുൻപിൽ ചിലവഴിക്കുന്ന ഒരു കുഞ്ഞിൻ്റെ ഭാഷപരമായ വളർച്ചയെ ബാധിക്കുന്നതായി കാണാറുണ്ട്. എന്ന് മാത്രമല്ല, ഒരു പ്രത്യേക കാര്യത്തിലേക്കുള്ള ശ്രദ്ധ നിലനിർത്താനും പ്രയാസപ്പെടുന്നതായി ഭാവിയിൽ കണ്ടേക്കാം. ഇത് അക്കാദമിക കാര്യങ്ങളിൽ വരുമ്പോൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനും സാധ്യതകളേറെയാണ്.
അമിതാവേശം അല്ലെങ്കിൽ ആത്മനിയന്ത്രണം കുറയുന്ന മാനസികാവസ്ഥ
കുട്ടികൾ ഒരു പരിധി വരെ ബോറടി അനുഭവിക്കുക എന്നുള്ളത് അവരിലെ നിരാശ എങ്ങനെ നേരിടണം എന്ന് സ്വയമേ കണ്ടുപിടിക്കാനുള്ള ഉൾപ്രേരണ നൽകുന്ന ഒന്നാണ്. അവരിൽ ക്രിയാത്മകതയും, പ്രചോദനവും വളർത്താൻ ഈ അവസരങ്ങൾ ഉപകാരപ്പെടും. എന്നാൽ കുട്ടികൾ നേരത്തെ പറഞ്ഞ പ്രകാരം ഇടതടവില്ലാതെ ഉത്തേജിപ്പിക്കപ്പെടുന്ന വിഡിയോ കാണുന്നതിലൂടെ എങ്ങനെയാണ് അവരവരിലോ തൻ്റെ പരിസരത്തിലോ ഉള്ളവയിൽ നിന്ന് ആവേശം ഉൾകൊള്ളുന്നത്, രസിക്കാനുള്ള വഴി കണ്ടെത്തുന്നത് എന്ന് അറിയാതെ പോകുന്നു.
സഹാനുഭൂതി
സോഷ്യൽ സ്കിൽസ് അഥവാ സാമൂഹികമായി ഇടപെടാനുള്ള കഴിവ് കുട്ടികളിൽ വളരുന്നത് മനുഷ്യരുടെ മുഖഭാവങ്ങൾ അവസരങ്ങൾക്കനുസരിച്ച് മാറുന്നതും, കയ്യും കണ്ണും ദേഹവും ഒക്കെ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നതിലെ കൗതുകത്തിലൂടെ പഠിച്ചെടുത്തും ഒക്കെയാണ്. ഇത്തരം അവസരങ്ങൾ കുറവും, കുട്ടിയോട് സംവദിക്കാത്ത വിഡിയോകളുടെ സാന്നിധ്യം കൂടുകയും ചെയ്യുമ്പോൾ കുഞ്ഞുങ്ങളുടെ വൈകാരിക വളർച്ചയെ അത് ബാധിച്ചേക്കാം.
രണ്ടു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് മുതിർന്നവരുടെ ഇടപെടലും, സംഭാഷണങ്ങൾ കോർത്തിണക്കിയുമായി മാത്രം സ്ക്രീൻ അനുവദിക്കുകയും , അവർ കാണുന്നത് ആശയവിനിമയ സാധ്യതയുള്ളതുമായ കാര്യങ്ങളാണെന്നും നമുക്ക് ഉറപ്പുവരുത്താം. അതായത് കുഞ്ഞിന്റെ കയ്യിൽ മേൽനോട്ടമില്ലാതെ ഫോൺ കൊടുക്കുകയോ യാതൊരു വിധ പരസ്പരവ്യവഹാരവുമില്ലാതെ ടിവിയുടെ മുൻപിലോ ഇരുത്തരുത് എന്നർത്ഥം. പരിസരങ്ങളോട് സംവദിച്ചും ഇടപെടലുകളിലെ സാമൂഹ്യ നിയമങ്ങൾ കണ്ടറിഞ്ഞുമാണ് കുഞ്ഞുങ്ങൾ സ്വാഭാവികമായി വളരേണ്ടത്. ഇതിനു പിന്തുണയേകുന്ന തരത്തിൽ ദൃശ്യമാധ്യമങ്ങൾ ഏത് പ്രായക്കാരിലും ഉപയോഗിക്കാമെങ്കിലും മുതിർന്നവരുടെ മേൽനോട്ടം അഭികാമ്യം തന്നെയാണ്.
മുതിർന്ന കുട്ടികളിൽ ഗാഡ്ജറ്റ് ഉപയോഗം പൂർണ്ണമായി നിരോധിക്കുന്നത് പ്രാവർത്തികമല്ലെന്നിരിക്കെ ദൈനംദിന പ്രവൃത്തികളിൽ സ്ക്രീൻ സമയത്തിനായി പ്രത്യേകം സമയം അനുവദിക്കുകയും, കാണുന്നതെന്ത് എന്നതിൽ വ്യക്തമായ ധാരണ ഉണ്ടാക്കുന്നതും ഉചിതമായിരിക്കുമെന്നു പഠനങ്ങൾ സ്‌ഥിതീകരിക്കുന്നു.
വളർച്ചയുടെ ആദ്യ നാളുകളിൽ ഉണ്ടാകുന്ന താളപ്പിഴകളിൽ തിരിച്ചറിയപ്പെടാതെ പോകുന്ന, എന്നാൽ എത്ര നേരത്തെ തിരിച്ചറിയുന്നുവോ അത്രയും വേഗത്തിൽ ഇടപെടൽ നടത്തി മാറ്റങ്ങൾ കൊണ്ടുവരേണ്ടതുള്ള ചില അവസ്ഥകൾ നമുക്ക് നോക്കാം .
- സ്വന്തം പേരിനോട് പ്രതികരിക്കാതെയിരിക്കുക,
- സംസാരിക്കുമ്പോൾ മുഖത്തു നോക്കാതെയിരിക്കുക,
- വിളിച്ചാൽ തിരിഞ്ഞു നോക്കാതെയിരിക്കുക (കേൾവിക്കുറവെന്നു സംശയിക്കാവുന്ന തരത്തിൽ)
- മറ്റു കുട്ടികളോടോ മുതിർന്നവരോടോ കൂടെ ചേർന്ന് കളിക്കാൻ താല്പര്യം കാണിക്കാതെയിരിക്കുക
- ഒരു വയസ്സിനു ശേഷവും ചെറിയ നിർദേശങ്ങൾ (കളിപ്പാട്ടങ്ങൾ എടുക്കുക .. വെക്കുക തുടങ്ങിയവ) അനുസരിക്കാൻ കഴിയാതെ വരുക
- പരിചിത സാധനങ്ങളുടെ പേര് കേട്ടാൽ തിരിച്ചറിയാതെയിരിക്കുക
- ഒന്നര വയസ്സിനപ്പുറവും ഒറ്റ വാക്കുകളാൽ ആശയവിനിമയം കഴിയാതെ വരുക
- രണ്ടു വയസ്സിനു ശേഷം കൂടി ചേർന്നുള്ള കളികളിൽ ഒട്ടുമേ താല്പര്യം കാണിക്കാതെയിരിക്കുക (പരിസരം മറന്നു ഒറ്റക്കിരുന്നു കളിക്കുന്നതിൽ മാത്രം സന്തോഷം കണ്ടെത്തുക)
- മൂന്നു വയസ്സിനു ശേഷവും വാക്കുകൾ കൂട്ടി ചേർത്ത ചെറിയ വാചകങ്ങൾ പറയാൻ കഴിയാതെ വരുക …
തുടങ്ങിയവയാണ് ചിലത് …
ഇതിന് സമാന്തരമായ നിരീക്ഷണങ്ങൾ മുന്നോട്ടു വെക്കുകയാണ് 2022- ൽ നടന്ന ഒരു പഠനം. 9-10 വയസ്സിനു ഇടയിലുള്ള കുഞ്ഞുങ്ങളിൽ നിശ്ചിത ബൗദ്ധിക പ്രവൃത്തികളെ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ഡിജിറ്റൽ ഗെയ്മുകൾക്ക് രണ്ട് വർഷങ്ങൾ നീണ്ടുനിന്ന നിരീക്ഷണത്തിന് ഒടുക്കം കുഞ്ഞുങ്ങളിലെ ബൗദ്ധിക മാറ്റങ്ങൾക്ക് അത്തരം ഗെയ്മുകൾ സഹായകരമാകുന്നു എങ്കിലും സാമൂഹ്യപരമായ കഴിവുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പല പഠനങ്ങളിലും മാതാപിതാക്കളുടെ ഇടപെടൽ, കാണുന്ന ഉള്ളടക്കങ്ങളുടെ വിശദ വിവരങ്ങൾ എന്നിവ വ്യക്തമല്ല താനും.4
ADHD, പോലുള്ള വളർച്ചാവെല്ലുവിളികളിൽ പ്രാഥമിക ഇടപെടലുകൾ നടത്താൻ വേണ്ടി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച ഗെയ്മുകൾ പ്രകടമായ മാറ്റങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്നതായി തെളിയിച്ച പഠനങ്ങളിൽ അതേ ഗേമുകൾ ഉപയോഗിച്ച സമപ്രായക്കാരായ ( ക്ലിനിക്കലായി വൈകല്യങ്ങളേതും നിർണ്ണായിക്കപ്പെടാത്ത ) കുഞ്ഞുങ്ങളിൽ കാര്യപ്പെട്ട മാറ്റങ്ങൾ ബൗദ്ധിക പ്രക്രിയകളിൽ ഉണ്ടാക്കിയിട്ടില്ലെന്നുമാണ് തെളിഞ്ഞത്.5 ഗെയ്മുകൾ, ഡിജിറ്റൽ രൂപേണയുള്ള ആശയങ്ങൾ എന്നിവ വ്യക്തമായ മസ്തിഷ്ക പ്രവർത്തനങ്ങളെ ലക്ഷ്യമിട്ട് ചികിത്സാരൂപേണ നൽകുന്നത് ഫലപ്രദമാണെന്ന് വേണം ഇതിനാൽ അനുമാനിക്കാൻ.
ഈയടുത്ത് നടന്ന പഠനങ്ങളിൽ തെളിയുന്നത് മനുഷ്യ സംസർഗ്ഗത്തിൽ നിന്നും മെഷീനുമായുള്ള ഇടപെടലിൽ നിന്നും കുഞ്ഞുങ്ങൾ പഠിച്ചെടുക്കുന്ന കാര്യങ്ങളിൽ വലിയ അന്തരമുണ്ട് എന്നാണ്.6,7 എത്ര ശ്രദ്ധ നേടിയെടുക്കുന്ന വിഡിയോകൾ കാണിച്ചാലും അത് ഒരു മനുഷ്യനിൽ നിന്നുള്ള ആശയവിനിമയത്തിന് തുല്യമാകുന്നില്ലെന്നതാണ് പുതിയ അറിവ്. അതുകൊണ്ട് തന്നെ കാണുന്ന വിഡിയോകളിലെ ആശയങ്ങൾ പ്രായത്തിനനുസരിച്ചുള്ളത് കൂടി അല്ലാതാകുമ്പോൾ യാതൊരു ഗുണവും കുഞ്ഞിന് ചെയ്യുന്നില്ലെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ആയതിനാൽ തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് മുതിർന്നവരുടെ യാതൊരു ഇടപെടലുമില്ലാതെ മണിക്കൂറുകളോളം സ്ക്രീൻ സമയം നൽകുന്നത് അഭികാമ്യമല്ല എന്ന് പറയാം.
മുതിർന്നവരുമായുള്ള ഇടപെടലിൽ സ്ക്രീൻ എന്നത് ഒരു സഹായകഘടകം ആക്കുന്നതിൽ വിരോധമില്ല. എങ്കിലും അതിലൂടെ കുഞ്ഞുങ്ങളുടെ പ്രായത്തിനും വളർച്ചക്കും ഉതകുന്ന ആശയങ്ങൾ ആവുകയും ക്രിയാത്മകമായ ഇടപെടൽ നടക്കുന്നു എന്ന് മുതിർന്നവർ ഉറപ്പ് വരുത്തുകയും വേണം.
സഹജീവികളുടെ വികാരവിചാരങ്ങൾ ഒരു പരിധി വരെ മനസ്സിലാക്കുകയും സ്വന്തം നിരാശകൾ മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കും തരത്തിലുള്ള പെരുമാറ്റമായി മാറാതിരിക്കാനും പഠിക്കുക എന്നത് സ്വയവും അതിലുപരി ഒരു സമൂഹത്തിന്റെ വളർച്ചക്ക് തന്നെ വളരേ അത്യാവശ്യമെന്നിരിക്കെ, നമുക്ക് കുഞ്ഞുങ്ങളോട് കൂടുതൽ അടുത്തിടപഴകാം, മനുഷ്യസംസർഗത്തോളം വലിയ പാഠങ്ങൾ ഇല്ലെന്ന അറിവോടെ ഒന്നിച്ചു വളരാം.
References
- Marshall SJ. Biddle SJH. Gorely T, et al. Relationships between media use, body fatness and physical acvity in children and youth: A meta-analysis. Int J Obes Relat Metab Disord. 2004;28:1238-1246. >>>
- Zimmerman FJ, Christakis DA, Meltzo AN.Associations between media viewing and language development in children under age 2 years. J Paediatr 2007;151:346-8 >>>
- Duch H, Fisher EM, Ensari I, et al. Association of screen me use and language development in Hispanic toddlers: a cross-sectional and longitudinal study.Clin Pediatr 2013;52(9):857-65 >>>
- https://www.nature.com/articles/s41598-020-78916-9 – Effect of internet use and electronic game-play on academic performance of Australian children >>>
- https://www.nature.com/articles/s41398-024-02964-2?fromPaywallRec=false – A mobile device-based game prototype for ADHD >>>
- https://www.nature.com/articles/s41598-022-11341-2?fromPaywallRec=false – The impact of digital media on children’s intelligence while controlling for genetic differences in cognition and socioeconomic background >>>
- Enhancing attention in children using an integrated cognitive-physical videogame: A pilot study https://www.sciencedirect.com/ >>>