Read Time:17 Minute

കേൾക്കാം


കുട്ടികളുടെ അഭിപ്രായം എന്തിനു ചോദിക്കുന്നു ? വയസ്സിനു മൂത്തവരോട് ചോദ്യം ചോദിക്കുന്നോ? മുതിർന്നവർ പറയുന്നത് മറു ചോദ്യങ്ങളില്ലാതെ അനുസരിച്ചാൽ പോരെ ? ഇത്തരം ചോദ്യങ്ങൾ നമ്മൾ വളർന്നു വന്ന കാലഘട്ടങ്ങളിൽ എത്രയോ തവണ കേട്ടിട്ടുണ്ടാകില്ലേ? ചിലതെങ്കിലും സ്വന്തം കുഞ്ഞുങ്ങളോട് ചോദിച്ചിട്ടുമുണ്ടാകാം.. കുട്ടികളോടെന്തിന് നമ്മൾ സംസാരിക്കണം ?

പ്രായ- ലിംഗ ഭേദമന്യേ ആശയപ്രകടനത്തിനുള്ള, ചോദ്യം ചെയ്യാനുള്ള അഥവാ തന്റേതായ താല്പര്യങ്ങൾ പങ്കുവെക്കാനുള്ള സുരക്ഷിതമായ ഗൃഹാന്തരീക്ഷം ഉണ്ടാവുക എന്നത് കുട്ടികളുടെ അവകാശങ്ങളിൽ ചിലത് മാത്രമാണ്. മാറി വരുന്ന സാമൂഹ്യാന്തരീക്ഷങ്ങൾ ആശാവഹമെങ്കിലും ഇപ്പോഴും ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര വെളിച്ചമെത്താത്തതാണ് ഒരു പക്ഷെ കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങളുടെയും അതിനോടനുബന്ധിച്ചു വരുന്ന മാതാപിതാക്കളുടെ മാനസിക സമ്മർദ്ദത്തിനും ഒരു പരിധി വരെ കാരണമാകുന്നത്. ജീവിതത്തിന്റെ പലവഴിയിൽ കുട്ടികളോട് സംവദിക്കേണ്ടി വരുന്നവരാണ് നമ്മൾ എല്ലാവരും. ഒന്നുകിൽ സ്വന്തം കുഞ്ഞുങ്ങളോട് അല്ലെങ്കിൽ ജോലി സംബന്ധമായിട്ട്,  അതുമല്ലെങ്കിൽ കുട്ടികളോട് ഇടപെടേണ്ടി വരുന്ന മറ്റേത് സാഹചര്യങ്ങളിലും ആവാം. എന്നാൽ ഒരു മുതിർന്ന മനുഷ്യനോട് ആശയപ്രകടനം നടത്താൻ നമ്മളെടുക്കുന്ന മാനസിക തയ്യാറെടുപ്പൊന്നും മിക്കപ്പോഴും കുട്ടികളോട് സംസാരിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഉണ്ടാവാറില്ല എന്നതാണ് കണ്ടു വരാറുള്ളത്.

എന്നാൽ മറ്റു ചിലർക്ക് എന്താണ് എങ്ങിനെയാണ് സംസാരിക്കേണ്ടത് എന്ന ആശങ്കയും ഉണ്ടാകാം. അത്തരം അവസ്ഥയിൽ ഓർമിക്കാവുന്ന ചിലത് നമുക്കിവിടെ ചർച്ച ചെയ്യാം.

അടിസ്ഥാനപരമായ 4 നിയമങ്ങൾ

കുട്ടിയുടെ പ്രായത്തിനനുസരിച്ചുള്ള ആശയങ്ങൾ മാത്രം പങ്കു വെക്കുക. ഉദാഹരണത്തിന്, “ഞാൻ എങ്ങിനെയാണ് ഉണ്ടായത് അമ്മെ /അച്ഛാ ?” എന്ന് ചോദിക്കുന്ന നാല് വയസ്സുകാരനോടും പതിനൊന്നു വയസ്സുകാരനോടും ഒരു പോലെയല്ല ഉത്തരം കൊടുക്കേണ്ടത് എന്നർത്ഥം. നാല് വയസ്സുകാരനോട് കഥാപാത്രങ്ങൾ, ചിത്രങ്ങൾ,കഥകൾ, പാട്ടുകൾ എന്നിവയുടെയൊക്കെ സഹായത്തോടെ അവതരിപ്പിക്കാം. എന്തുതന്നെയായാലും വസ്തുനിഷ്ഠമായി അവതരിപ്പിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. പതിനൊന്നു വയസ്സുകാരനോട് ജീവശാസ്ത്രപരമായി തന്നെ സംസാരിക്കാം. സഹായം ആവശ്യമെന്നു  തോന്നിയാൽ മാതാപിതാക്കൾ വിദഗ്ദ്ധോപദേശം തേടുന്നതിലും തെറ്റില്ല.

സംശയങ്ങൾ ദുരീകരിക്കുമ്പോൾ കുട്ടിയുടെ സമ്പൂർണ വളർച്ച കണക്കിലെടുത്തു വേണം അത് കൈകാര്യം ചെയ്യാൻ. കുട്ടിയുടെ വായടപ്പിക്കുക എന്ന ഉദ്ദേശത്തോടെ എന്തെങ്കിലും പറഞ്ഞൊപ്പിക്കരുത് എന്നർത്ഥം.ഉദാഹരണത്തിന് മേൽപ്പറഞ്ഞ അതേ സംശയത്തിന് “നിന്നെ തവിടു കൊടുത്ത് വാങ്ങിയതാണ്” അല്ലെങ്കിൽ “കളഞ്ഞു കിട്ടിയതാണ്’ എന്നുള്ള മറുപടികൾ കുട്ടിയിൽ അരക്ഷിതാവസ്ഥ വളർത്തുകയും ഒരുപക്ഷെ പിന്നീടൊരിക്കലും കുട്ടി ഉറക്കെ ചോദിക്കാതെ സ്വയം തെറ്റുത്തരങ്ങൾ കണ്ടുപിടിക്കുന്ന മറ്റു പല ചോദ്യങ്ങളിലുമാണ് ചെന്നവസാനിക്കുക.

കുട്ടികളോടുള്ള ആശയവിനിമയമെല്ലാം അവരുടെ കരുത്തുകളെ ഉദ്ധരിച്ചുകൊണ്ടായിരിക്കണം. പഠിക്കാൻ ഏറെ മിടുക്കിയാണ്. എന്നാൽ അശ്രദ്ധ/പിരുപിരിപ്പ് കാരണം മാർക്ക് കുറയുന്നു എന്ന അവസ്ഥയിൽ “ഇങ്ങനെ പോയാൽ നീ തോറ്റു പോവുകയേ ഉള്ളു “ അല്ലെങ്കിൽ “പെൺകുട്ടികളിങ്ങനെ അടങ്ങിയിരിക്കാതായാൽ കൊള്ളില്ല” തുടങ്ങിയ മാതാപിതാക്കളുടെ പ്രതികരണങ്ങൾ കുട്ടികളിൽ പല തലങ്ങളിലാണ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. അതിനു പകരം “നിനക്കു പെട്ടന്ന് കാര്യങ്ങൾ മനസ്സിലാകുന്നുണ്ടല്ലോ ..അല്പം കൂടി ശ്രദ്ധിച്ചാൽ ഇതിലും വേഗം ഇതിലും കൂടുതൽ കാര്യങ്ങൾ പഠിച്ചെടുക്കാം ‘ എന്ന് പറയാം.

എപ്പോഴും മയത്തിൽ പറയാനുള്ള ക്ഷമ ഒന്നും ഉണ്ടാവില്ലെന്നല്ലേ നിങ്ങളിൽ ചിലരെങ്കിലും ഇപ്പോൾ മനസ്സിൽ കരുതിയത് ? എന്നാൽ ഓർക്കുക … ഓരോ പ്രശ്നങ്ങളോടുമുള്ള മുതിർന്നവരുടെ പ്രതികരണങ്ങൾ കുട്ടികൾ സസൂഷ്മം മനസ്സിലാക്കുന്നുണ്ട്. ഏതൊരു കാര്യത്തിനോടും നമ്മൾ എല്ലായ്പോഴും ഒരേ തരത്തിൽ പ്രതികരിക്കുക എന്നുള്ളത് പ്രധാനം തന്നെയാണ്. അത് വളരെ പോസിറ്റീവ് ആയ പ്രതികരണങ്ങൾ ആണെങ്കിൽ കുട്ടിയിൽ അതിന്റെ പ്രഭാവം കാണുക തന്നെ ചെയ്യും

ഇത്തരം ഏതെങ്കിലും അവസരങ്ങളിൽ നന്നായി പ്രതികരിക്കാൻ പറ്റിയില്ലെന്നിരിക്കട്ടെ, പിന്നീട് എപ്പോഴെങ്കിലും ഇതേക്കുറിച്ച് കുഞ്ഞിനോട് തുറന്നു സംസാരിക്കാം. “അമ്മക്ക് / അച്ഛന് തെറ്റ് പറ്റിപ്പോയി. അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് തന്നെ പറയാം. ഇപ്രകാരം ചെയ്യുന്നതിലൂടെ കുട്ടിയിൽ “ആത്മപരിശോധനക്കും” തെറ്റ് തിരുത്തലിനും നിങ്ങളൊരു നല്ല മാതൃകയാവുക കൂടിയാണ് ചെയ്യുന്നത്.

കുട്ടികളോട് പറയുന്നതിനെല്ലാം തന്നെ സാമൂഹ്യമായൊരു സ്വാധീനം ഉണ്ടെന്നു എപ്പോഴും ഓർമിക്കുക. കുട്ടികൾ ഉപയോഗിക്കുന്ന/കാണുന്ന ഓൺലൈൻ വിഡിയോകൾക്ക് അല്ലെങ്കിൽ ടിവിയിലെ പരിപാടിയിലെ ഉള്ളടക്കങ്ങൾക്കൊക്കെ മാതാപിതാക്കളുടെ മേൽനോട്ടം വേണ്ടാതാണെന്നുള്ളത് ഇക്കാലയളവിൽ നമ്മൾ ഏറെ ചർച്ച ചെയ്തതാണല്ലോ. മാതാപിതാക്കൾ വീട്ടിൽ പറയാത്തതും പ്രവർത്തിക്കാത്തതുമായ കാര്യങ്ങളോ ആശയങ്ങളോ പങ്കുവെക്കുന്ന വിഡിയോ കുട്ടി കാണാനിടയായാൽ അഥവാ അതിനെക്കുറിച്ചു സംശയങ്ങൾ ചോദിച്ചാൽ തികഞ്ഞ ഉത്തരവാദിത്തത്തോടെ അത് കൈകാര്യം ചെയ്യേണ്ടതാണ്.

മുതിർന്നവർ ഓർമിക്കാൻ ചിലത്...

വികാരങ്ങളെ പേരെടുത്തു പറഞ്ഞും ചോദിച്ചും ശീലിക്കാം – “നിനക്കെന്ത് പറ്റി?” എന്ന ചോദ്യം കുട്ടിക്ക് (ഏത് പ്രായക്കാരിലും ) ഉത്തരം നൽകുന്നതിൽ തികഞ്ഞ അവ്യക്തത ഉണ്ടാക്കുമെന്നിരിക്കെ “നിന്റെ മുഖത്തു എന്താ ഒരു സങ്കടം / നിരാശ ?” എന്നിങ്ങനെ വ്യക്തമായ വാക്കുകൾ ഉപയോഗിക്കുന്നത് കുട്ടികളിൽ വ്യക്തതയോടെ മനസ്സ് തുറക്കാൻ സഹായിച്ചേക്കാം. ഓർമിക്കുക …വാക്കുകളാൽ ആശയപ്രകടനം നടത്താൻ കഴിവുള്ള കുട്ടികളിൽ മനഃസംഘർഷങ്ങൾക്ക് സഹായം തേടാനുള്ള സാധ്യതകൾ കൂടുതലും, അനാവശ്യ പിടിവാശി കുറയുന്നതായും കാണാറുണ്ട്.

കേൾക്കാം… മനസ്സുകൊണ്ടും ശരീരംകൊണ്ടും –നമ്മുടെ പ്രശ്നങ്ങളെ മുൻവിധികളോടെയല്ലാതെ കേട്ടിരിക്കുന്നഒരു വ്യക്തിയെങ്കിലും ജീവിതത്തിൽ ഉണ്ടായെങ്കിലെന്നു തോന്നി പോകുന്ന സന്ദർഭങ്ങളില്ലേ ? ഓരോ കുട്ടിയും അത് തന്നെ ആഗ്രഹിക്കുന്നുണ്ട്. സ്കൂളിലായാലും വീട്ടിലായാലും പലപ്പോഴും കുട്ടികളുടെ ലോകത്തിലെ പ്രശ്നങ്ങൾക്ക് ഉത്തരങ്ങളെക്കാൾ അവർ ആഗ്രഹിക്കുന്നത് അവരെ “കേൾക്കണം” എന്നാകും. കുട്ടികൾ പറഞ്ഞു തുടങ്ങുമ്പോൾ വാചകങ്ങൾ മുഴുവനാക്കാൻ നമ്മൾ തന്നെ വാക്കുകൾ കൊടുക്കുന്നതിനു പകരം, അവർ വാക്കിന് വേണ്ടി തപ്പുമ്പോൾ, അല്ലെങ്കിൽ പറയാൻ പ്രയാസപ്പെടുമ്പോൾ “പറഞ്ഞോളൂ”, “എന്നിട്ട്?”, “എനിക്ക് മനസ്സിലാകുന്നുണ്ട്, തുടരൂ തുടങ്ങിയ പ്രതികരണങ്ങൾ ഏറെ സഹായകരമായേക്കും. വാക്കുകൾ കൊണ്ട് മാത്രമല്ല, നിങ്ങളുടെ ശരീരഭാഷയിലൂടെയും അവർക്ക് വേണ്ട ശ്രദ്ധ നിങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്താം. കണ്ണുകളിൽ നോക്കി, തികഞ്ഞ ഉൾക്കൊള്ളലോടെ കുട്ടികളെ കേൾക്കാൻ ശ്രമിക്കുക. കയ്യിൽ ഫോണുണ്ടെങ്കിൽ തത്കാലത്തേക്കെങ്കിലും മാറ്റിവവെക്കാം.

കുട്ടികളുടെ പ്രവൃത്തികൾ വിമർശിക്കുമ്പോൾ പ്രശംസിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്- കുട്ടികളെ വിമർശിക്കുമ്പോഴും പ്രശംസിക്കുമ്പോഴും വളരെ വസ്തുനിഷ്ഠമായി തന്നെ ആകണമെന്ന് ശ്രദ്ധിക്കാം. ഒരു വ്യക്തി എന്ന നിലക്ക് അവർക്ക് നിയന്ത്രണം ഉള്ള കാര്യങ്ങളെ മാത്രം പ്രശംസിക്കാം. അതായത് ‘നീ നല്ല വെളുത്ത സുന്ദരി/സുന്ദരൻ ആണല്ലോ!” അല്ലെങ്കിൽ “ആഹാ! നിന്റെ കുടുംബം എത്ര വലുതാണ്!” തുടങ്ങിയ, കുട്ടിക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ബാഹ്യപരമായ കാര്യങ്ങളെ ഉദ്ധരിച്ചു പ്രശംസിക്കാതിരിക്കാം. മറിച്ചു, “നീ നന്നായി കഥ പറയുന്നല്ലോ ..”, “നിന്റെ സുഹൃത്തിനെ പഠിക്കാൻ സഹായിച്ച മിടുക്കിയാണല്ലോ നീ എന്ന പോലെയൊക്കെ കുട്ടികൾ ചെയ്യുന്ന പ്രവൃത്തികളെ വിമർശിക്കുകയോ പ്രശംസിക്കുകയോ ആവാം.

നിങ്ങളുടെ വികാര വിചാരങ്ങൾ കുട്ടിയുമായി പങ്കുവെക്കാം – “ഞാൻ പണ്ട് നിന്റെ പ്രായത്തിൽ എന്ന് തുടങ്ങി നമ്മൾ കുട്ടികളോട് എത്രയോ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. “കേട്ട് കേട്ട് ബോറടിക്കുന്നു ” എന്ന മറുപടിയും പലർക്കും കിട്ടിയിട്ടുണ്ടാവാം. എന്നാൽ നമ്മൾ കുട്ടികളിലേക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്ന  ആശയം അവർക്ക് മടുക്കാത്ത വിധമാവാൻ, അനുഭവങ്ങളെ നിങ്ങൾ ഒരു കുട്ടി എന്ന നിലയിൽ എങ്ങനെ കണ്ടു, അത് പോലെ വർണ്ണിക്കാം.” അമ്മക്ക് വീട്ടിൽ പറയാതെ കളിക്കാൻ പോയ ആ ദിവസം മനസ്സിൽ നല്ല പേടിയായിരുന്നു ” എന്ന് പറയുന്നതിനോടും ‘നിന്റെ പ്രായത്തിൽ ഞാൻ പറയാതെ കളിക്കാനൊന്നും പോവില്ലായിരുന്നു” എന്നതിനോടും കുട്ടി രണ്ടു വിധത്തിലാണ് പ്രതികരിക്കുക എന്നർത്ഥം.

ഭാഷയിലൂടെയല്ലാതെയും കുഞ്ഞുങ്ങളിലേക്ക് ആശയങ്ങളെത്താം. അത്തരമൊന്നായി വിഡിയോ ഗെയിമുകൾ കുട്ടികൾക്ക് ഒരുപാട് അദൃശ്യ പാഠങ്ങൾ നൽകുന്നുണ്ട്. ഈയടുത്ത് ഒരു അഞ്ചു വയസ്സുകാരനുമായി അവൻ കളിക്കുന്ന ഗെയിമിനെക്കുറിച്ചു സംസാരിക്കുകയുണ്ടായി. പലതരം ആയുധങ്ങൾ ഉപയോഗിച്ചു ചില പ്രത്യേക തരം മനുഷ്യ രൂപങ്ങളെ കൊന്നൊടുക്കുന്നു. എത്ര പേരെ കൊന്നു എന്നതനുസരിച്ചാണ് കളി ജയിക്കുന്നത്. ഒന്ന് നിരീക്ഷിച്ചപ്പോൾ മനസ്സിലായി കറുത്തിരുണ്ട് . കറുത്ത വസ്ത്രം ധരിച്ച് രൂപങ്ങളെയാണ് കൊല്ലേണ്ടത്. അതിന്റെ പിന്നിലെ യുക്തി ആരാഞ്ഞപ്പോൾ ആ കുഞ്ഞു പറഞ്ഞതാണ് “കറുത്ത ‘ ugly ‘ (വിരൂപരായ) ആൾക്കാരൊക്കെ കള്ളന്മാരാണ്. കള്ളന്മാരെ പിന്നെ കൊല്ലണ്ടേ ?“ഒന്നാലോചിച്ചു നോക്കു… സൗന്ദര്യ സങ്കല്പങ്ങളെക്കുറിച്ചും മൂല്യബോധത്തെക്കുറിച്ചും ഒക്കെ എത്ര വികലമായ ചിത്രമാണ് കുട്ടിക്ക് ആ ഗെയിം നൽകുന്നത്.

നമ്മളെല്ലാവരും തന്നെ നമ്മുടെ ജീവിതാനുഭവങ്ങളുടെ ആകെത്തുകയാണെന്നിരിക്കെ തികച്ചും കുറ്റമറ്റതായ പാരന്റിങ് സാധ്യമല്ലെന്നുള്ളത് നമുക്കോർമ്മിക്കാം. മുതിർന്നവരുടെ ജീവിത വീക്ഷണങ്ങൾ, സാമൂഹ്യവും വ്യക്തിപരവുമായ മൂല്യബോധം, കാഴ്ചപ്പാടുകൾ എന്നിവയെല്ലാം തന്നെ നമ്മൾ കുട്ടികളിലേക്കും അറിഞ്ഞോ അറിയാതെയോ പങ്കുവെക്കാറാണ് പതിവ്. എന്നാൽ മാറ്റങ്ങൾ വരുന്നത് തിരുത്തലുകളിൽ നിന്നാണ്. അത് ചെയ്യാൻ നമ്മൾ ഒരിക്കലും മറക്കാതിരുന്നാൽ ഒരു പരിധി വരെ പ്രശ്നങ്ങൾ ഒഴിവാക്കാം. ഒരു പക്ഷെ നമ്മൾ അടിവരയിട്ട് ചിന്തിക്കേണ്ട കാര്യം “കുട്ടികൾ എന്നും കുട്ടികളായിരിക്കില്ല എന്നതായിരിക്കണം. തികച്ചും നിസ്വാർത്ഥമായി, നമ്മുടെ ദുരഭിമാനം മാറ്റി വച്ച്, “മുതിർന്നവർ” എന്ന പദവി അധികാരമാക്കി കുട്ടികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാതെയുള്ള വളർത്തൽ ആണ് ഏറ്റവും അഭികാമ്യം . ഇതിനായി നമ്മുടെ വീടകങ്ങളിൽ കുട്ടികളോടൊത്ത് ഇനിയും ഒരുപാട് തുറന്ന ചർച്ചകൾ നടക്കേണ്ടതുണ്ട് എന്ന് ഓർമിപ്പിക്കട്ടെ …


മറ്റു ലേഖനങ്ങൾ

ലേഖനം വായിക്കാം
Happy
Happy
84 %
Sad
Sad
0 %
Excited
Excited
11 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
5 %

Leave a Reply

Previous post വിജ്ഞാനവും വിജ്ഞാനഭാഷയും – ഇ ബുക്ക് സൗജന്യമായി വായിക്കാം
Next post ഗുരുത്വ തരംഗങ്ങളും ന്യൂട്രിനോകളും – LUCA TALK-കളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
Close