Read Time:74 Minute

കേരള പ്ലാനിംഗ് ബോർഡിന് വേണ്ടി ഐ.ആർ.ടി.സി പാലക്കാട് നടത്തിയ പഠനത്തിന്റെ സംഗ്രഹം

ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ, മുണ്ടൂർ സോഷ്യൽ സയൻസ് ഡിവിഷൻ കേരള സംസ്ഥാന ആസൂത്രണ ബോർഡിന് വേണ്ടി കേരളത്തിലെ പട്ടിക വർഗ വിഭാഗക്കാർക്കായി നിലവിലുള്ള ഇരുപത് മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് 2019-20 ൽ പഠനം
പരിഭാഷ : എൻ. ശാന്തകുമാരി

ഇന്ത്യയിലെ ജനസംഖ്യയുടെ 8.6 ശതമാനം പട്ടികവർഗ വിഭാഗത്തിൽ പെട്ടവരാണ് (സെൻസസ് 2011). കേരളത്തിൽ  ഇത് മൊത്തം ജനസംഖ്യയുടെ 1.45 ശതമാനമാണ്. ഭരണഘടനയുടെ 342ാം അനുച്ചേദത്തിൽ അംഗീകരിച്ചിട്ടുള്ള 574 ഗോത്രവർഗ വിഭാഗങ്ങളുടെപട്ടികയിൽപെട്ട 36 വിഭാഗത്തിൽപ്പെട്ടവരാണ് കേരളത്തിലുള്ളത്. കേരളത്തിൽ മികച്ച സാമൂഹ്യസൂചകങ്ങൾ നിലനിൽക്കുമ്പോഴും പട്ടികവർഗത്തിൽ പെട്ടവർ ചരിത്രപരമായ അധസ്ഥിതാവസ്ഥയും അരികുവൽക്കരണവും കാരണം ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെ മിക്കവാറും എല്ലാ മേഖലകളിലും മുഖ്യധാരയിൽ നിന്ന് വളരെ പുറകിലാണ്.  

2011 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ പട്ടികവർഗ വിഭാഗക്കാരുടെ സാക്ഷരത 58.96 ശതമാനമാണ്. ദേശീയസാക്ഷരതാനിരക്ക് 74.4 ശതമാനമായിരിയ്ക്കുമ്പോഴാണ് ഇത്. കേരളത്തിൽ ഇത് യഥാക്രമം 75.81 ശതമാനവും 94 ശതമാനവും ആണ്. വിദ്യാഭ്യാസത്തിന് ഏതൊരു ദരിദ്ര-ദുർബല വിഭാഗത്തേയും ശാക്തീകരിയ്ക്കാൻ കഴിയുമെന്ന് നമുക്കറിയാം. എന്നാൽ  ഭൂരിപക്ഷം പേരും ദരിദ്രരായ, അവികസിതമായ  ഗോത്രവർഗ വിഭാഗത്തിന് ലഭ്യമായ വിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല എന്നത് വ്യക്തമാണ്. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പുരോഗതിയും അതുവഴി കൈവരുന്ന ഗുണപരമായ മാറ്റവും സാധ്യമാവണമെങ്കിൽ ഏറ്റവും കുറഞ്ഞ ജീവിതനിലവാരമെങ്കിലും നേടിയിരിയ്ക്കണം. അതായത്  സാമൂഹ്യപുരോഗതി സാമ്പത്തിക വികസനത്തെ കൂടി ആശ്രയിച്ചിരിക്കുന്നു.

ഗോത്രവർഗ വിഭാഗക്കാരുടെ വിദ്യാഭ്യാസപരമായ വികസനം അവരുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിയ്ക്കുന്നു. അതുകൊണ്ട്തന്നെ അവരുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിയ്ക്കുന്നതിന് മുമ്പ് ഭക്ഷണാവശ്യങ്ങൾ, പോഷകാഹാര ലഭ്യത ഒക്കെ പരിഹരിയ്ക്കുന്നതിനായുള്ള മുൻകൈകൾ രൂപപ്പെടേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തരം  ഇന്ത്യാ ഗവൺമെന്റ് പഞ്ചവൽസര പദ്ധതികളിലൂടെ ദരിദ്രവിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു  സൗജന്യ വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ട് ആരംഭിച്ച മാതൃകാ റസിഡൻഷ്യൽ സ്ക്കൂളുകൾ. ഇവിടെ താമസ സൗകര്യത്തിന് പുറമെ സ്റ്റൈപ്പൻഡും നൽകിയിരുന്നു. സാധാരണഗതിയിൽ രാജ്യത്തെ വികസനപ്രക്രിയയുടെ  മുഖ്യധാരയിൽ നിന്ന് അകന്നു പോകുന്ന പട്ടികവർഗ വിദ്യാർഥികളെ ആകർഷിയ്ക്കാനും അതുവഴി ഭാവിയിൽ അവരും സമൂഹത്തിൽ  അർഹമായ സ്ഥാനങ്ങളിൽ കണ്ണിചേർക്കപ്പെടാനും ആയിരുന്നു പദ്ധതി ലക്ഷ്യം വെച്ചത്. ഏകലവ്യ സ്ക്കൂളുകളും ആശ്രമം സ്ക്കൂൾ, ട്രൈബൽ സ്ക്കൂൾ എന്നിവയും ഇത്തരത്തിൽ പെട്ടവയായിരുന്നു. കേന്ദ്രഗവൺമെന്റ് ആവിഷ്കരിയ്ക്കുന്ന ഇത്തരം പദ്ധതികളുടെ നടത്തിപ്പ് സംസ്ഥാന ഗവൺമെന്റുകൾക്കായിരുന്നു. തുടർന്ന് കോളേജ് തലത്തിലും സൗജന്യവിദ്യാഭ്യാസം ഏർപ്പെടുത്തി. അതോടൊപ്പം ലമ്പ് സംഗ്രാന്റ്, മറ്റ് സ്കോളർഷിപ്പുകൾ എന്നിവയും നൽകിയിരുന്നു.

ഇന്ത്യയിലേയും കേരളത്തിലേയും  മോഡൽ റസിഡൻഷ്യൽ സ്ക്കൂൾ സംവിധാനങ്ങളുടെ പശ്ചാത്തലത്തിൽ ഗോത്രവർഗ വിദ്യാഭ്യാസനയങ്ങളും അവ പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുടെ സാമൂഹ്യ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും പരിശോധിച്ചു നോക്കാം.

ഇന്ത്യയിലെ  ഗോത്രവർഗ വിദ്യാഭ്യാസത്തിന്റെ ചരിത്രം  

ആഫ്രിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗോത്രവർഗക്കാരുള്ളത് ഇന്ത്യയിലായിരിയ്ക്കും. അവരുടെ അരികു വൽക്കരണത്തിനും ഏറെ പഴക്കമുണ്ട്. സമൂഹത്തിലെ മറ്റു മനുഷ്യരിൽ നിന്ന് പല തരത്തിൽ അവർ മാറ്റി നിർത്തപ്പെടുന്നു. പിന്നോക്കാവസ്ഥയും അരികുവൽക്കരണവും മറികടക്കാനുള്ള മുന്നുപാധിയാണ് വിദ്യാഭ്യാസം. അതുകൊണ്ട് തന്നെ  ഗോത്രവർഗക്കാരെപ്പോലെ അരികുവൽക്കരിയ്ക്കപ്പെട്ട ദുർബല ജനവിഭാഗങ്ങളെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ മുന്നണിയിലേയ്ക്കും ദേശീയ വികസനത്തിന്റെ മുഖ്യധാരയിലേയ്ക്കും കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

വിദ്യാഭ്യാസം വഴി അറിവ് നേടുകയും ആത്മവിശ്വാസം വർധിയ്ക്കുകയും ചെയ്യും. ഇത് തങ്ങൾ അനുഭവിയ്ക്കുന്ന  ചൂഷണങ്ങളെ നേരിടാൻ അവരെ പ്രാപ്തരാക്കും. തങ്ങൾക്ക് അർഹമായ സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ അവസരങ്ങൾ ഉപയോഗപ്പെടുത്താനുള്ള ശേഷി വർധിപ്പിക്കാനും അവർക്ക് സഹായകമാവും.

ബ്രിട്ടീഷ് ഭരണകാലത്ത്  ആദ്യമൊന്നും ഗോത്രവർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനോ അവരുടെ സാമ്പത്തിക സുസ്ഥിതിക്കോ പ്രാധാന്യം നൽകിയിരുന്നില്ല. എന്നാൽ കോളനി ഭരണ കാലഘട്ടത്തിന്റെ അവസാന കാലത്ത് പട്ടികവർഗ ക്ഷേമത്തിനും ഭരണനിർവഹണത്തിനും രണ്ടു വ്യത്യസ്ത സമീപനങ്ങൾ സ്വീകരിച്ചിരുന്നു. അത് നാഷണൽ പാർക്ക് പോളിസിയും പൂർണമായ ഏകീകരണവുമായിരുന്നു. പാർക്ക് പോളിസി പ്രകാരം ഗോത്രവർഗ സംസ്കാരത്തിന്റെയും ധാർമിക മൂല്യങ്ങളുടേയും സംരക്ഷണത്തിനെന്ന പേരിൽ മറ്റു വിഭാഗക്കാരുമായുള്ള ഇടപെടലുകളിൽ നിയന്ത്രണമുണ്ടായിരുന്നു. അതേ സമയം പൂർണമായ ഏകീകരണ സമീപനം അനുസരിച്ച് ഇതര വിഭാഗങ്ങളുമായി ഇടപെടാനും മുഖ്യധാരാ സമൂഹത്തിന്റെ ജീവിതം പിന്തുടരാനും അനുവാദമുണ്ടായിരുന്നു ( Guriya and Thakkar  in Sujatha, 1999) കോളനി ഭരണം സമൂഹത്തിലെ  ഉന്നത വർഗത്തിന്റെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകിയിരുന്നത്. വിദൂര പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനുള്ള ബുദ്ധിമുട്ടും സംഘടിത വിദ്യാഭ്യാസ സംവിധാനങ്ങളുമായി ഗോത്രവർഗക്കാർക്കുള്ള അകൽച്ചയും പ്രശ്നങ്ങളായിരുന്നു.വിദ്യാഭ്യാസ സംവിധാനങ്ങളും മറ്റും  ഏർപ്പെടുത്തിയത് ഗോത്രവർഗക്കാരുടെ താൽപര്യങ്ങൾക്കോ സൗകര്യത്തിനോ അനുസരിച്ചായിരുന്നില്ല. പൊതുവായി ബ്രിട്ടീഷ് വിദ്യാഭ്യാസനയം താഴെക്കിടയിലുള്ളവരെ പരിഗണിയ്ക്കുന്നതായിരുന്നില്ല. അത് സമ്പന്നവർഗത്തിനാണ് പിന്തുണ നൽകിയത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങണമെങ്കിൽ സർക്കാർ വലിയ തുക ചെലവഴിയ്ക്കണമായിരുന്നു. അതിനെക്കാളേറെ ഗോത്രവർഗക്കാർ നിലവിലുള്ള സംഘടിത വിദ്യാഭ്യാസ സംവിധാനവുമായി മുൻപൊരിയ്ക്കലും ബന്ധപ്പെട്ടിട്ടുമില്ലായിരുന്നു. ഇതൊക്കെ കണക്കിലെടുത്ത് 1854 ൽ ഗോത്രവർഗക്കാർക്ക് വിദ്യാഭ്യാസം നൽകാനായി കൃസ്ത്യൻ മിഷനറിമാരോട് ആവശ്യപ്പെട്ടു. അതനുസരിച്ച് അവർ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ഊന്നിയ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. പക്ഷേ അവരുടെ സേവനം വളരെ കുറച്ച് സ്ഥലങ്ങളിൽ  മാത്രം ഒതുങ്ങുന്നതായിരുന്നു.

ബ്രിട്ടീഷുകാർ പ്രധാനമായും നിയമം, ക്രമസമാധാനം, നികുതി പിരിയ്ക്കൽ എന്നിവയാണ് ശ്രദ്ധിച്ചിരുന്നത്. 1935 ൽ കൊണ്ടു വന്ന പുറത്താക്കപ്പെട്ടതും ഭാഗികമായി പുറത്താക്കപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച നിയമം ഗോത്ര വിഭാഗക്കാരും അല്ലാത്തവരും തമ്മിലുള്ള വിടവ് വീണ്ടും വർധിപ്പിയ്ക്കാൻ ഇടയാക്കി. 

സ്വാതന്ത്ര്യാനന്തര കാലഘട്ടം

സ്വാതന്ത്ര്യാനന്തരം പുതിയ ജനാധിപത്യ ഭരണത്തിന്റേയും സോഷ്യലിസ്റ്റ് സമീപനത്തിന്റേയും ഫലമായി    ഇന്ത്യാ ഗവണ്മെന്റ് വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിനായി ജനകീയ ഇടപെടലുകൾക്ക് രൂപം നൽകി. ഇത് പ്രധാനമായും ലക്ഷ്യം വെച്ചത് പട്ടികവർഗക്കാരെപ്പോലെയുള്ള പിന്നോക്കക്കാർക്ക് വിദ്യാഭ്യാസത്തിലൂടെ തങ്ങളെയും രാജ്യത്തെ തുല്യ പൗരൻമാരായി രൂപപ്പെടുത്താനുള്ള സാധ്യതകളായിരുന്നു.

ഭരണഘടനയിൽ ഗോത്രവർഗ വിഭാഗങ്ങളെ പ്രത്യേക പട്ടികകളിലാണ് ഉൾപ്പെടുത്തിയത്. അഞ്ചാം പട്ടികയിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പട്ടികവർഗ പ്രദേശങ്ങളുടേയും അവിടത്തെ ജനങ്ങളുടേയും ഭരണപരമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി. ആറാം പട്ടികയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പെടുത്തി.

അങ്ങനെ ഗോത്രവർഗ വിഭാഗങ്ങളുടെ ക്ഷേമവും വികസനവും ദേശീയ ലക്ഷ്യത്തിന്റെ ഭാഗമായി. മാത്രമല്ല അത് സംസ്ഥാന സർക്കാരുകളുടെ സവിശേഷ ഉത്തരവാദിത്വവുമായി മാറി. ഇന്ത്യൻ ഭരണഘടന പട്ടികവർഗക്കാർക്ക് പ്രത്യേക പദവി നൽകുന്നുണ്ട്. ഇവരിൽ ആദിവാസി (തദ്ദേശവാസികൾ), വനവാസി (കാട്ടിൽ കഴിയുന്നവർ), പ്രാക്തന വിഭാഗങ്ങൾ (aboriginal), പരമ്പരാഗത നിവാസികൾ (indigenous people) എന്നീ വിഭാഗങ്ങളുണ്ട്‌. ഏറ്റവും കൂടുതൽ അരികുവൽക്കരിക്കപ്പെട്ടവരും തഴയപ്പെട്ടവരും ഗോത്രവർഗക്കാരാണ് എന്ന തിരിച്ചറിവിൽ സ്വാതന്ത്യാനന്തരം ഒട്ടേറെ വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. പ്രാഥമിക തലം തൊട്ട് ഹയർ സെക്കണ്ടറി തലം വരെയുള്ള വിദ്യാഭ്യാസ ആസൂത്രണവും ഇതിൽ പെടുന്നു.

അഞ്ചാം പഞ്ചവൽസര പദ്ധതി (1974-79) മുതൽ  പ്രാഥമിക വിദ്യാഭ്യാസത്തിന് മുൻഗണന നൽകി വരുന്നുണ്ട് (ആസൂത്രണ കമ്മീഷൻ 1974:25). ഭരണഘടനാപരമായ ബാധ്യത എന്നതിനപ്പുറം പട്ടികവർഗ വിഭാഗത്തിന്റെ സമഗ്ര വികസനത്തെ ശക്തമായി സ്വാധീനിക്കാൻ കഴിയുന്ന ഒരു ഘടകം എന്ന നിലയിൽ കൂടിയാണ് ഇത് (Khullar, 2006:14). ഭൂരിഭാഗം പട്ടികവർഗക്കാരും ജനവാസം കുറഞ്ഞ ഉൾപ്രദേശങ്ങളിലാണ് വസിക്കുന്നത്. ഇത്തരത്തിൽ പെട്ട 22 ശതമാനം പ്രദേശങ്ങളിൽ നൂറിൽ കുറഞ്ഞ ആളുകളാണുള്ളത്. 40 ശതമാനം സ്ഥലങ്ങളിൽ ഏതാണ്ട് നൂറിനും മുന്നൂറിനും ഇടക്ക് ആളുകളാണുള്ളത്. ബാക്കിയുള്ളിടത്ത് മുന്നൂറ് മുതൽ അഞ്ഞൂറ് വരെയാണ് ജനസംഖ്യ. (Khu||ar, 2006:14)

എന്നാൽ 1999 നു ശേഷം വിദൂരമായ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വന്ന ബുദ്ധിമുട്ടുകൾ ഈ മുൻഗണനക്കും വെല്ലുവിളിയായി മാറി. പട്ടിക വർഗക്കാർക്കായുള്ള ദേശീയ കമ്മീഷൻ  പ്രകാരം  അവർക്കുള്ള വിദ്യാഭ്യാസപരവും സാംസകാരികവുമായ സംരക്ഷണങ്ങൾ താഴെ പറയുന്നവയാണ്.

  1. സാമൂഹ്യമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന പട്ടിക ജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടതോ അല്ലാത്തതോ ആയ എല്ലാ പൗരരുടേയും  മുന്നേറ്റത്തിനായി പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ അനുച്ഛേദം 15(4)  സംസ്ഥാന ഗവൺമെന്റിന് അധികാരം നൽകുന്നുണ്ട്. അനുച്ഛേദം 16(4) ലും സമാനമായ  രീതിയിൽ വ്യവസ്ഥകൾ  നിലവിലുണ്ട്
  2. അനുച്ഛേദം 29(1) പ്രകാരം ഇന്ത്യയ്ക്കകത്ത്  താമസിയ്ക്കുന്ന സവിശേഷമായ ഭാഷയോ ലിപിയോ സംസ്ക്കാരമോ ഉള്ള  പൗരർക്ക് അവ സംരക്ഷിയ്ക്കാനുള്ള അവകാശമുണ്ട്. ഇത് പട്ടികവർഗ വിഭാഗങ്ങളുടെ കാര്യത്തിൽ ഏറെ പ്രസക്തമാണ്.
  3. അനുച്ഛേദം 350 പ്രകാരം ഭാഷാന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട കുട്ടികൾക്ക് പ്രാഥമിക തലത്തിൽ മാതൃഭാഷയിൽ വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള നടപടികളെടുക്കാൻ സർക്കാരിനും പ്രാദേശിക ഭരണകൂടത്തിനും ബാധ്യതയുണ്ട്. ഗോത്ര വർഗങ്ങളിൽ മിക്കതും തനത് ഭാഷയോ ഭാഷാഭേദങ്ങളോ ഉള്ളവയാണ്.

ഇതിന് പുറമെ അനുച്ഛേദം 275(1) പ്രകാരം  പട്ടികവർഗ കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രാലയം പട്ടികവർഗക്കാരുടെ ക്ഷേമത്തിനായുള്ള ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ  പശ്ചാത്തല വികസനത്തിനായി ഫണ്ട് നൽകുന്നുമുണ്ട്.

ദേശീയ വിദ്യാഭ്യാസ നയങ്ങളും ഗോത്ര വർഗ വിദ്യാഭ്യാസവും 

ഒന്നാം പഞ്ചവൽസര പദ്ധതിയിൽ തന്നെ (I951-1956) ഗോത്രവർഗ വിഭാഗക്കാർക്കായി ആശ്രമം സ്കൂൾ സ്ഥാപിക്കാൻ നിർദേശമുണ്ടായിരുന്നു. പക്ഷേ അതിന് വേണ്ട ശ്രമങ്ങളുണ്ടായില്ല. 1964 ലെ ദേശീയ വിദ്യാഭ്യാസ കമ്മീഷനും തുടർന്ന് വന്ന 1968 ലെ ദേശീയ വിദ്യാഭ്യാസ നയവും പ്രാഥമിക വിദ്യാഭ്യാസത്തെക്കാൾ മുൻഗണന നൽകിയത് സെക്കണ്ടറി തലത്തിനായിരുന്നു. മാത്രമല്ല പിന്നോക്കക്കാരുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് വേണ്ട നിർദേശങ്ങൾ നൽകുന്നതിൽ അത് പരാജയപ്പെടുകയും ചെയ്തു.

പിന്നീട്   1986 ൽ ശിശു കേന്ദ്രിത വിദ്യാഭ്യാസം   ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി. പട്ടികവർഗ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി അവർ താമസിക്കുന്ന പ്രദേശങ്ങളിൽ പ്രൈമറി സ്ക്കൂളുകൾ, അംഗനവാടികൾ തുടങ്ങിയവ സ്ഥാപിയ്ക്കാനും വ്യവസ്ഥകളുണ്ടായിരുന്നു. 1992 ൽ രാമമൂർത്തി കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് ദേശീയ വിദ്യാഭ്യാസ നയം പരിഷ്ക്കരിച്ചു. പുതിയ നയത്തിൽ ഗോത്രവർഗ വിഭാഗക്കാരുടെ വിദ്യാഭ്യാസവും പ്രാധാന്യത്തോടെ പരിഗണിച്ചിരുന്നു. അതിന്റെ ഭാഗമായി  മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളോ ആശ്രമം സ്ക്കൂളുകളോ സ്ഥാപിയ്ക്കുക, വിദ്യാഭ്യാസ ചെലവിലേയ്ക്കുള്ള സാമ്പത്തിക സഹായം വർധിപ്പിയ്ക്കുക എന്നീ നിർദേശങ്ങളുണ്ടായിരുന്നു. 2002 ൽ 86ാം ഭരണഘടനാ ഭേദഗതിയിലൂടെ ദേശീയ വിദ്യാഭ്യാസ നയം ശക്തിപ്പെടുത്തുകയും 6 മുതൽ 14 വരെ പ്രായക്കാർക്ക്  നിർബന്ധിതമായ സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തുകയും ചെയ്തു. എന്നാൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ ഗോത്രവർഗ വിഭാഗങ്ങൾക്ക് ഇത് പ്രായോഗികമായിരുന്നില്ല.

സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ, രാഷ്ട്രീയ ഉച്ചതർ അഭിയാൻ എന്നീ മൂന്ന് മിഷനുകൾ യഥാക്രമം പ്രാഥമിക, സെക്കണ്ടറി, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ആരംഭിച്ചിരുന്നു. ഇവയൊക്കെ ഗോത്രവർഗക്കാരുടെ  താൽപര്യങ്ങളും പരിഗണിച്ചിരുന്നു. 2018 ൽ മാനവ വിഭവശേഷി വികസന മന്ത്രാലയം നേരത്തെ സ്ക്കൂൾതലത്തിലുണ്ടായിരുന്ന സർവ ശിക്ഷാ അഭിയാൻ, ദേശീയ വിദ്യാഭ്യാസ കാമ്പയിൻ, അധ്യാപക പരിശീലന കേന്ദ്രങ്ങൾ (ഡയറ്റ്) എന്നീ പദ്ധതികളെല്ലാം കൂട്ടിചേർത്ത് സമഗ്രശിക്ഷ എന്ന പുതിയ പദ്ധതി കൊണ്ടു വന്നു. പ്രസ്തുത മിഷൻ പ്രവർത്തനങ്ങളിലൂടെ ഗോത്രവർഗക്കാരും മറ്റു സാമൂഹ്യ വിഭാഗങ്ങളും തമ്മിലുള്ള അന്തരം നേർത്തു വന്നിരുന്നു. മാത്രമല്ല ഗ്രാമീണ മേഖലയിലെ സ്ക്കൂളുകളുടെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുകയും അധ്യാപക-വിദ്യാർഥി അനുപാതം വർധിയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഗോത്രവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചിട്ടുണ്ടെന്നാണ് അടുത്ത കാലത്ത് നടന്ന പഠനങ്ങൾ കാണിക്കുന്നത്.

ഗോത്രവർഗ വിദ്യാഭ്യാസത്തിനായുള്ള കമ്മീഷനുകൾ

യു.എൻ.ദെബാർ ചെയർമാനായി പട്ടിക പ്രദേശങ്ങൾ, പട്ടികവർഗ കമ്മീഷൻ ( 1960-61), ഡി.എസ്.കോത്താരി ചെയർമാനായി ഇന്ത്യൻ വിദ്യാഭ്യാസ കമ്മീഷൻ (1964-66) എന്നിവ പട്ടിക വർഗക്കാരുടെ വിദ്യാഭ്യാസത്തെക്കുറിച്ചും മറ്റു ജനവിഭാഗങ്ങളിൽ നിന്നും  അതിനുള്ള അസന്തുലിതാവസ്ഥയും പരിശോധനാവിധേയമാക്കുകയുണ്ടായി. 

ദെബാർ കമ്മീഷൻ പിന്തുടർന്നിരുന്നത് അടിസ്ഥാന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗാന്ധിയൻ സമീപനമായിരുന്നു. ഒപ്പം ഗോത്രവർഗ വികസനത്തെക്കുറിച്ചുള്ള നെഹ്റുവിയൻ സമീപനവും ഉൾചേർത്തിരുന്നു. ഗോത്രവർഗത്തിൽ നിന്ന് തന്നെ അധ്യാപകരെ കണ്ടെത്തി പരിശീലിപ്പിച്ചുകൊണ്ട്  പഠനമാധ്യമം നാട്ടുഭാഷയാക്കാനും കമ്മീഷൻ നിർദേശിച്ചിരുന്നു. ഗോത്രവർഗസംസ്ക്കാരം പ്രോൽസാഹിപ്പിയ്ക്കുന്നതിനായി തനത് കലകളും സംഗീതവും കരിക്കുലത്തിൽ ഉൾപ്പെടുത്താനും നിർദേശിച്ചു.

ദെബാർ കമ്മീഷന്റെ മറ്റ്  പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയായിരുന്നു.

  1. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ എല്ലാ ഗോത്രവർഗ വിദ്യാർഥികൾക്കും ഉച്ചഭക്ഷണം, പുസ്തകങ്ങൾ, വസ്ത്രം, എഴുത്ത് സാമഗ്രികൾ എന്നിവ നൽകണം.
  2. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് നിൽക്കുന്ന ഗോത്രവർഗ പ്രദേശങ്ങളിൽ സ്ക്കൂളിൽ പോകുന്ന 30 കുട്ടികളെങ്കിലും ഉണ്ടെങ്കിൽ പുതിയ സ്ക്കൂൾ തുറക്കണം 
  3. സ്ക്കൂളിൽ ഗോത്ര സമൂഹ അന്തരീക്ഷം സൃഷ്ടിയ്ക്കണം.
  4. ഗോത്രവർഗ സമുദായങ്ങളുടെ ഉൽസവങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ആവശ്യമനുസരിച്ച് അവധിക്കാലവും മറ്റ് അവധികളും ക്രമീകരിയ്ക്കണം.

കോത്താരി കമ്മീഷൻ (1966) ഈ നിർദേശങ്ങളെ പിന്തുണയ്ക്കുകയും ചില കാര്യങ്ങൾ കൂട്ടിചേർക്കുകയും ചെയ്തു. അടുത്ത അഞ്ചു വർഷത്തിൽ ശിശുവിദ്യാഭ്യാസവും രക്ഷാകർതൃ വിദ്യാഭ്യാസവും പ്രോൽസാഹിപ്പിയ്ക്കാൻ വേണ്ട നടപടികൾ ഉടൻ കൈക്കൊള്ളാനും നിർദേശിച്ചു.

പഞ്ചവൽസര പദ്ധതികൾ

ഗോത്രവർഗ വിദ്യാഭ്യാസത്തിനായി പഞ്ചവൽസര പദ്ധതികളിലൂടെയുള്ള  കേന്ദ്ര സഹായത്തെ മൂന്ന് ഘട്ടങ്ങളായി തിരിയ്ക്കാം.

  1. ഒന്നാം പഞ്ചവൽസര പദ്ധതി(1951-56) മുതൽ നാലാം പഞ്ചവൽസര പദ്ധതി (1969-74) വരെ
  2. അഞ്ചാം പഞ്ചവൽസര പദ്ധതി (1974-78) മുതൽ എട്ടാം പഞ്ചവൽസര പദ്ധതി (1992-97) വരെ.
  3. ഒമ്പതാം പഞ്ചവൽസര പദ്ധതി (1997-2002) മുതൽ പന്ത്രണ്ടാം പഞ്ചവൽസര പദ്ധതി വരെ.

ഒന്നാമത്തെ ഘട്ടത്തിൽ  ഗോത്രവർഗക്കാരുടെ ദീർഘകാല ശാക്തീകരണം ലക്ഷ്യമിട്ട് ജീവനോപാധി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ആണ് ഇടപെട്ടത്. അവരുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനായി ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലും അവർക്കായി ആശ്രമം, സേവാശ്രമം, സാംസ്ക്കാരിക കേന്ദ്രങ്ങൾ, ബാലവാടികൾ, കമ്മ്യൂണിറ്റി സെന്ററുകൾ  സ്കൂളുകൾ എന്നിവ ആരംഭിച്ചു.

രണ്ടാം ഘട്ടത്തിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് സംഭവിച്ചത്. അതിന്റെ പ്രധാന കാരണം 1974 മുതൽ നടപ്പാക്കി വരുന്ന പട്ടികവർഗ ഉപപദ്ധതി ആയിരുന്നു. അത് പ്രകാരം മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വിവിധ മേഖലകളിൽ വലിയ അളവിൽ ഫണ്ട് ലഭ്യമായിരുന്നു. ആറാം പദ്ധതി കാലത്ത് രാജ്യത്തൊട്ടാകെ പട്ടികവർഗ മേഖലകളിൽ 3000 ഹോസ്റ്റലുകളും 9000 ആശ്രമം സ്കൂളുകളും ആരംഭിച്ചു. 1978-79 ൽ മെഡിക്കൽ, എഞ്ചിനിയറിംഗ് കോഴ്സുകൾ പഠിയ്ക്കുന്ന വിദ്യാർഥികൾക്കായി ബുക്ക് ബാങ്ക് സമ്പ്രദായം  തുടങ്ങി. ഏഴാം പദ്ധതിക്കാലത്ത് 101 പരീക്ഷാപരിശീലന കേന്ദ്രങ്ങളിലായി 8000 പേർക്ക് വിവിധ കേന്ദ്ര-സംസ്ഥാന പരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള അവസരമൊരുക്കിയിരുന്നു. എട്ടാം പദ്ധതിക്കാലത്ത് 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ശുപാർശകൾ കൂടി കണക്കിലെടുത്തുകൊണ്ട് പട്ടികവർഗ മേഖലകളിൽ പ്രൈമറി സ്കൂളുകൾ തുടങ്ങിയിരുന്നു. ഇതിന് പുറമെ കരിക്കുലം പരിഷ്ക്കരിയ്ക്കുകയും വിദ്യാർഥികളുടെ സംസാര ഭാഷയിൽ തന്നെ പഠിപ്പിയ്ക്കുന്നത് പ്രോൽസാഹിപ്പിക്കുകയും ചെയ്തു.

മൂന്നാമത്തെ ഘട്ടത്തിൽ സ്കൂളിൽ തുടരുന്ന കുട്ടികളുടെ നിരക്കിൽ വർധനവ് ഉണ്ടാക്കാനായി ഉച്ചഭക്ഷണ പദ്ധതി തുടങ്ങാനുള്ള മുൻകൈ ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. പതിനൊന്നാം പദ്ധതിയിൽ മുന്നോട്ട് വെച്ച എല്ലാവരും ഉൾപ്പെടുന്ന വികസന കാഴ്ച്ചപ്പാട് (inclusive growth) അനുസരിച്ച് സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ വികസനത്തിനായുള്ള ഇടപെടലുകൾ ഉണ്ടായി. 2006ൽ രാജീവ് ഗാന്ധി നാഷണൽ ഫെലോഷിപ്പ് സ്കീം പ്രകാരം പട്ടിക വർഗത്തിൽപ്പെട്ട 667 വിദ്യാർഥികൾക്ക് സാമ്പത്തികസഹായം നൽകി. ഇതിന് പുറമെ വിദേശത്ത് പഠിക്കാനായി 15 പട്ടികവർഗ വിദ്യാർഥികളെ നാഷണൽ ഓവർസീസ് സ്ക്കോളർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി. (five year plan reports 2003;2008;2013 &2018)

റസിഡൻഷ്യൽ സ്ക്കൂളുകൾ ഇന്ത്യയിൽ

ചരിത്രപരമായി രണ്ടു തരം റസിഡൻഷ്യൽ സ്കൂളുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഒന്നാമത്തേത് ഇന്ത്യൻ പൗരാണികതയുടെ ഭാഗമായ ആശ്രമം, ഗുരുകുലം എന്നിവയായിരുന്നു. അവിടെ പ്രവേശനം ലഭിച്ചിരുന്നത് രാജാക്കൻമാരുടെയും മറ്റും ആൺ മക്കൾക്ക്  മാത്രമായിരുന്നു. രണ്ടാമത്തേത് സാമ്പത്തികമായും സാമൂഹ്യമായും ഉയർന്ന ശ്രേണിയിലുള്ളവർക്ക് മാത്രം പ്രാപ്യമായിരുന്ന ബോർഡിംഗ് സ്കൂളുകൾ എന്ന്  അറിയപ്പെട്ട റസിഡൻഷ്യൽ സ്ക്കൂളുകളായിരുന്നു. ബ്രിട്ടീഷ് മാതൃകയിൽ നിർമ്മിക്കപെട്ട അവയിൽ ഉന്നതശ്രേണിയിൽപ്പെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായിരുന്നു പ്രവേശനം. പിന്നീട് വന്ന ആശ്രമം സ്കൂളുകളുടെ ഒരു ധാരക്ക് ഗാന്ധിജി, ടാഗോർ, വിനോബ ബാവെ തുടങ്ങിയ ചിന്തകരും സാമൂഹ്യ പരിഷ്ക്കർത്താക്കളും ആയിരുന്നു തുടക്കമിട്ടത്. ദളിതർക്കും ഗോത്രവർഗ വിഭാഗക്കാർക്കും പ്രവേശനമുണ്ടായിരുന്നെങ്കിലും ഇവ  വിവിധ സംസ്ഥാനങ്ങളിലായി വളരെ കുറച്ച് എണ്ണമേ ഉണ്ടായിരുന്നുള്ളൂ.

മറ്റൊരു വിഭാഗം റസിഡൻഷ്യൽ ആശ്രമം സ്കൂളുകൾ മത സംഘടനകളുടെ പിന്തുണയുള്ള സർക്കാരിതര സംഘടനകൾ ആയിരുന്നു നടത്തിയത്. അവർ ഗോത്രവർഗക്കാരെ പരിഷ്ക്കരിച്ച് ഹിന്ദുവാക്കാനോ അല്ലെങ്കിൽ കൃസ്ത്യൻ ആക്കാനോ ആയിരുന്നു ശ്രമിച്ചത്. ഇപ്പോഴും ഇത്തരം സ്ക്കൂളുകൾ പ്രവർത്തിയ്ക്കുന്നുണ്ട്.

ഇന്ത്യയിൽ ട്രൈബൽ റസിഡൻഷ്യൽ സ്ക്കൂളുകളുടെ വികാസം

ഇന്ത്യയിലേയോ കേരളത്തിലേയോ വിദ്യാഭ്യാസ നിലവാരം പരിശോധിച്ചാൽ സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്നവരുടേയും പ്രത്യേകിച്ചും പട്ടികജാതി പട്ടികവർഗക്കാരുടേയും അവസ്ഥ വളരെ പരിതാപകരമാണെന്ന് കാണാം. പട്ടികവർഗക്കാരുടെ കാര്യത്തിൽ വിദൂര സ്ഥലങ്ങളിലെ വാസം, യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത, പശ്ചാത്തല സൗകര്യങ്ങളുടെ കുറവ്, മാതാപിതാക്കളുടെ നിരക്ഷരത,  ഒപ്പം ഒറ്റപ്പെട്ട  ജനത എന്നതൊക്കെയാണ് വിദ്യാഭ്യാസ നേട്ടം കൈവരിയ്ക്കുന്നതിൽ നിന്നും പ്രാഥമികമായി പട്ടികവർഗ വിദ്യാർഥികളെ അകറ്റുന്നത്. ഇത് മറികടക്കാനായിരുന്നു നയരൂപകർത്താക്കളും പദ്ധതി ആസൂത്രണം ചെയ്യുന്നവരും പട്ടികവർഗ വിദ്യാർഥികൾക്കായി ആശ്രമം മാതൃകയിൽ റസിഡൻഷ്യൽ സ്കൂളുകൾ വിഭാവനം ചെയ്തത് (MoTA 2017).  ഈ സമീപനത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് പട്ടിക വർഗ വിദ്യാർഥികൾക്കായി പട്ടികവർഗ ഉപപദ്ധതിനടപ്പാക്കുന്ന പ്രദേശങ്ങളിൽ  ആശ്രമം സ്കൂളുകളും ഏകലവ്യ മാതൃകാ റസിഡൻഷ്യൽ സ്കൂളുകളും ആരംഭിക്കാൻ ആവശ്യപ്പെട്ടത്.

1939 ൽ ആദ്യത്തെ ആശ്രമം സ്കൂൾ തക്കർ ബാപയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ സ്ഥാപിയ്ക്കപ്പെട്ടു. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനവും ലക്ഷ്യമിട്ടിരുന്നു. ഇത്തരം സ്ക്കൂളുകളുടെ വിജയത്തെ തുടർന്ന് ഒന്നാം പഞ്ചവൽസര പദ്ധതിക്കാലം മുതൽ തന്നെ ചില സംസ്ഥാന സർക്കാരുകൾ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട പ്രദേശങ്ങളിലെ പട്ടികവർഗ വിഭാഗത്തിലെ കുട്ടികളുടെ  പ്രാഥമിക വിദ്യാഭ്യാസം പ്രോൽസാഹിപ്പിയ്ക്കാനായി ആശ്രമം സ്കൂളുകൾ തുടങ്ങിയിരുന്നു. 

പട്ടികവർഗ ഉപപദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങളിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 1990-91 മുതൽ ആശ്രമം സ്കൂളുകൾ തുടങ്ങാൻ കേന്ദ്രഗവൺമെന്റ് ശ്രമിച്ചിരുന്നു. പ്രധാനമായും പട്ടിക വർഗ വിദ്യാർഥികളുടെ സാക്ഷരതാനിരക്ക് മെച്ചപ്പെടുത്താനാണ് ലക്ഷ്യം വെച്ചത്. റസിഡൻഷ്യൽ സൗകര്യങ്ങൾ നൽകുന്നത് വഴി അവരെയും സമൂഹത്തിന്റെ മുഖ്യധാരയിലുള്ള വിദ്യാർഥികളോടൊപ്പം  എത്തിയ്ക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം (MoTA2017). ആശ്രമം സ്കൂളുകളിലെ വിദ്യാർഥികൾക്കായി പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാനും അക്കാദമിക സാമഗ്രികൾ എത്തിയ്ക്കാനുമായി വാർഷിക ബഡ്ജറ്റിൽ തുക വകയിരുത്തുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്കായിരുന്നു. എങ്കിലും പെൺകുട്ടികൾക്കായുള്ള ആശ്രമം സ്കൂളുകൾ നിർമ്മിക്കാൻ കേന്ദ്ര ഗവൺമെന്റ് 100 ശതമാനം സഹായം നൽകിയിരുന്നു. എന്നാൽ ആൺകുട്ടികളുടെ സ്കൂളുകൾക്ക് 50 ശതമാനമായിരുന്നു നൽകിയിരുന്നത്.

ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകൾ

1997-98 മുതൽ കേന്ദ്ര മന്ത്രാലയം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ തുടങ്ങിയിരുന്നു. ജവഹർ നവോദയ വിദ്യാലയങ്ങളുടെയും കേന്ദ്രീയ വിദ്യാലയങ്ങളുടേയും രീതിയിലായിരുന്നു ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ആരംഭിച്ചത്.

ആദിമ ഗോത്രവർഗക്കാരുടെ കുട്ടികൾക്കും പുതിയ പഠിതാക്കൾക്കും മുൻഗണന നൽകിക്കൊണ്ട് നടത്തിയ പരീക്ഷകൾ വഴിയാണ് പ്രവേശനം നൽകിയത്. ഭരണഘടനയുടെ അനുച്ഛേദം 275(1) പ്രകാരം പ്രത്യേക പ്രദേശങ്ങൾക്കായുള്ള പദ്ധതിയിലെ ഗ്രാന്റ് ഉപയോഗിച്ചാണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്കൂളുകൾ സ്ഥാപിച്ചത്. ചെലവുകൾ കേന്ദ്രവും സംസ്ഥാന സർക്കാരുകളും  ചേർന്ന് വഹിയ്ക്കുന്ന രീതിയാണ് പിന്തുടർന്നത്. ഗുണമേൻമയുള്ള വിദ്യാഭ്യാസം പട്ടികവർഗത്തിൽ പെട്ട കുട്ടികൾക്കും ലഭിയ്ക്കാനും അതുവഴി പ്രൊഫഷണൽ കോഴ്സുകളിലടക്കം അവർക്ക് പ്രവേശനവും  പൊതു സ്വകാര്യ മേഖലകളിൽ തൊഴിലും  ലഭിയ്ക്കുന്നത് മാത്രമായിരുന്നില്ല ഒപ്പം മറ്റു വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രാപ്യമായ വിദ്യാഭ്യാസ അവസരങ്ങളുടെ നിലവാരം അവർക്കും ഉറപ്പാക്കുക എന്നതും ലക്ഷ്യമായിരുന്നു. 

കേരളത്തിലെ ഗോത്രവർഗ വിദ്യാഭ്യാസം

പട്ടിക വർഗ വികസന പദ്ധതികളുടെ ഭാഗമായി കേരളത്തിലും ഗോത്ര വർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസം  മെച്ചപ്പെടുത്താനായി ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രീ-മെട്രിക് ഹോസ്റ്റലുകളും പോസ്റ്റ്-മെട്രിക് ഹോസ്റ്റലുകളും, മോഡൽ റസിഡൻഷ്യൽ സ്കൂളുകളും സ്ഥാപിച്ചിരുന്നു.

പട്ടികവർഗവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മുഖ്യധാരാ സമൂഹത്തിന് ലഭ്യമാവുന്ന എല്ലാ വിദ്യാഭ്യാസ സൗകര്യങ്ങളും അവസരങ്ങളും ലഭ്യമാക്കുകയും കൊഴിഞ്ഞുപേക്ക് തടയുകയും അതുവഴി അവരുടെ അവസ്ഥ മെച്ചപ്പെടുത്തുകയുമായിരുന്നു പ്രധാന ലക്ഷ്യം.

1989-90 ൽ ഡോ.അംബേദ്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേരള ഗവണ്മെന്റ് വയനാട്ടിലും തിരുവനന്തപുരത്തും രണ്ടു റസിഡൻഷ്യൽ സ്കൂളുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആരംഭിച്ചു. ഇതിന്റെ ചെലവിലേയ്ക്കായി അമ്പത് ശതമാനം കേന്ദ്രസഹായമുണ്ടായിരുന്നു.

1991 നു ശേഷം കേരളത്തിൽ 11 മോഡൽ റസിഡൻഷ്യൽ സ്കൂൾ, 2 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ , 5 ആശ്രമം സ്കൂൾ, 2 സി ബി എസ് ഇ സ്കൂൾ എന്നിവ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ആരംഭിച്ചു. തുടക്കത്തിൽ ജില്ലാതല അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയായിരുന്നു മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളുടെ നടത്തിപ്പ് ഏറ്റെടുത്തിരുന്നത്.പിന്നീട് 

1995 ആഗസ്റ്റ് 11 ന് 663/95 നമ്പറായി ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സൈന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം പട്ടികവർഗ /പട്ടികജാതി  റസിഡൻഷ്യൽ സ്ക്കൂൾ സൊസൈറ്റി രൂപീകരിച്ചു. സൊസൈറ്റിയുടെ സുഗമമായ നടത്തിപ്പിനായി1996 നു ശേഷം മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ ഭരണപരമായ നിയന്ത്രണങ്ങൾക്കുള്ള അധികാരം നൽകി (G.O.24/95/SCSTDD). ബൈലോ അനുസരിച്ച് സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമായി മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് രണ്ട് ഭരണസമിതികൾ ഉണ്ട്. സംസ്ഥാനതല ഭരണസമിതിയുടെ ചെയർമാൻ പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ജില്ലാതലത്തിൽ അത് ജില്ലാ കലക്ടറുമാണ്. ഇതിന് പുറമെ എല്ലാ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടേയും പ്രവർത്തനം സുതാര്യവും ജനാധിപത്യപരവുമാക്കാൻ ഒരു ഉപദേശകസമിതി രൂപീകരിയ്ക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളിലെ പശ്ചാത്തല സൗകര്യങ്ങൾ

ഒരു റസിഡൻഷ്യൽ സ്ക്കൂളിൽ സാധാരണ സ്കൂളിൽ നിന്ന് വിഭിന്നമായി വിദ്യാർഥികൾ പഠനം നടത്തുക മാത്രമല്ല അവിടെ ജീവിക്കുക കൂടിയാണ്. അതുകൊണ്ട് തന്നെ പശ്ചാത്തല സൗകര്യങ്ങൾക്ക് പഠനപ്രക്രിയയിൽ വലിയ പങ്കുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്, ഡി പി ഇ പി, എസ് എസ് എ, ആർ എം എസ് എ  തുടങ്ങിയ പദ്ധതികളിലൂടെ സ്ക്കൂൾ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ നടന്നിട്ടുണ്ട്. കേരളത്തിൽ പട്ടിക വർഗ റസിഡൻഷ്യൽ സ്ക്കൂളുകൾ കെട്ടിട നിർമാണത്തിനും മറ്റു പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനും എല്ലാം പിന്തുടരുന്നത് 1959 ലെ കേരള വിദ്യാഭ്യാസ നിയമങ്ങൾ ആണ് (Kerala Educational Rules 1959). ആശ്രമം സ്ക്കൂളുകളും ഇതേ രീതിയാണ് പിന്തുടരുന്നത്. എന്നാൽ കൂടുതൽ കേന്ദ്ര വിഹിതം ലഭിയ്ക്കുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് ഇതിനേക്കാൾ മികച്ച മാനദണ്ഡങ്ങൾ നിലവിലുണ്ട്.

ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ, മുണ്ടൂർ സോഷ്യൽ സയൻസ് ഡിവിഷൻ കേരള സംസ്ഥാന ആസൂത്രണ ബോർഡിന് വേണ്ടി കേരളത്തിലെ പട്ടിക വർഗ വിഭാഗക്കാർക്കായി നിലവിലുള്ള ഇരുപത് മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് 2019-20 ൽ പഠനം നടത്തിയിരുന്നു. പ്രസ്തുത പഠനത്തിൽ ഇത്തരം സ്കൂളുകളുടെ നിലവിലെ അവസ്ഥ പരിശോധിച്ചത് താഴെ പറയുന്ന മാനദണ്ഡങ്ങൾ വെച്ചായിരുന്നു.

1.അടിസ്ഥാന സൗകര്യങ്ങൾ

  • സ്കൂൾ
  • ക്ളാസ് മുറി
  • അക്കാദമികം
  • ഹൈസ്ക്കൂൾ ലബോറട്ടറി
  • ഹയർ സെക്കണ്ടറി  ലബോറട്ടറി

2.വിശ്രമം /വിനോദം സൗകര്യങ്ങൾ

  • വിദ്യാർഥികൾക്ക്
  • അധ്യാപകർക്ക്

3.കുടിവെള്ള ലഭ്യത

4.വിദ്യാർഥികൾക്കുള്ള ശുചിമുറി

5.ഹോസ്റ്റൽ സൗകര്യങ്ങൾ

  • അടിസ്ഥാന സൌകര്യങ്ങൾ
  • ശുചിമുറി
  • അടുക്കള/ഭക്ഷണഹാൾ

മേൽപറഞ്ഞ പ്രധാന വിഭാഗങ്ങളെ ഉപ വിഭാഗങ്ങളായി തിരിച്ച്  യഥാർഥ സ്ഥിതി വിലയിരുത്തുകയാണ് ചെയ്തത്. ഉദാഹരണമായി ക്ലാസ് മുറിയിലെ അടിസ്ഥാന സൗകര്യങ്ങൾ പഠനവിധേയമാക്കിയത് താഴെ പറയുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ്.

  • ഓരോ വിദ്യാർഥിക്കുമുള്ള ഇരിപ്പിടം
  • അലമാര, ഷെൽഫ് തുടങ്ങിയവ
  • എഴുത്ത് ബോർഡ്
  • വൈദ്യുതി- ഫാൻ
  • വായുസഞ്ചാരത്തിനുള്ള സൗകര്യം
  • അനൗൺസ്മെന്റ് സാധ്യതകൾ
  • മറ്റ് ഫർണീച്ചറുകളുടെ ലഭ്യത

പഠനത്തിലെ കണ്ടെത്തലുകളുടെ സംക്ഷിപ്തം

  1. ഭൂരിപക്ഷം സ്ക്കൂളുകളിലും കെട്ടിട ഉടമസ്ഥത, ഭൂമിയുടെ വിസിതൃതി തുടങ്ങിയവ തൃപ്തികരമാണ്.
  2. കുറ്റിച്ചാൽ, കൊറഗ എന്നീ സ്കൂളുകൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിയ്ക്കുന്നത്.
  3. തിരുനെല്ലി സ്കൂളിനായി നിർദേശിയ്ക്കപ്പെട്ട സ്ഥലം ദുരന്ത സാധ്യതയുള്ള പ്രദേശമാണ്. അത് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റേണ്ടതുണ്ട്.
  4. ഇരുപത് സ്കൂളുകളിൽ ഒമ്പത് സ്ഥലത്താണ് ക്ലാസ് മുറികളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ളത്. നിലമ്പൂർ പോലെ പ്രത്യേക വിഭാഗങ്ങൾക്കായി ആരംഭിച്ചിട്ടുള്ള സ്കൂളുകളിൽ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവേശനം നടത്തുന്നതിനാൽ വീർപ്പുമുട്ടുന്ന അവസ്ഥയിലാണ്. അതിനാൽ വിദ്യാർഥികളുടെ എണ്ണം കൂടെ കണക്കിലെടുത്ത് പ്രദേശത്ത് മറ്റൊരു സ്കൂൾ കൂടെ ആരംഭിച്ച്  പ്രശ്നം പരിഹരിയ്ക്കേണ്ടതുണ്ട്.
  5. ഞാറനീലി സ്കൂൾ ഇംഗ്ലീഷ് മീഡിയം ആയതുകൊണ്ട് വ്യത്യസ്ത സംവിധാനങ്ങൾ വഴി ലഭിച്ച സാമ്പത്തിക വിഹിതം സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ നിലനിർത്തുന്നതിന്  കാരണമായിട്ടുണ്ട്.
  6. ഹൈസ്കൂളുകൾ  ഹയർ സെക്കണ്ടറിയായി ഉയർത്തിയവയാണ് പരിമിതികൾ നേരിടുന്ന ഒരു വിഭാഗം.  പുതിയ കോഴ്സുകൾ നൽകുന്നതിന് മുൻപ് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ ദീർഘകാല ആസൂത്രണം അനിവാര്യമാണ്. 
  7. ഭൂരിപക്ഷം സ്ക്കൂളുകളിലും മികച്ച അക്കാദമിക സൗകര്യങ്ങളുണ്ട്. ഇരുപതിൽ അഞ്ചിടത്ത് ഇത് വേണ്ടത്രയില്ല. 
  8. ലാബുകൾ, കമ്പ്യൂട്ടറുകൾ, ലൈബ്രറി എന്നിവ ഉപയോഗിക്കാതിരിക്കുന്ന പ്രവണത കൂടുതലാണ്. ഭൂരിപക്ഷം സ്കൂളുകളിലും ലൈബ്രറികളിൽ ഇരുന്നു വായിയ്ക്കാൻ സ്ഥലമില്ല എന്നതും അവിടെ പ്രത്യേകമായി ജീവനക്കാരില്ല എന്നതും  ലൈബ്രറിയുടെ മികച്ച ഉപയോഗം സാധ്യമാകാതിരിയ്ക്കാൻ കാരണമാവുന്നുണ്ട്. 
  9. റസിഡൻഷ്യൽ സ്ക്കൂളിൽ വിദ്യാർഥികളെ പോലെ അധ്യാപകരും താമസിയ്ക്കേണ്ടതാണ്. എന്നാൽ നാല് സ്കൂളുകളിൽ അധ്യാപകർക്ക് താമസ സൗകര്യമില്ല. ഒരു സ്കൂളിൽ ഇത് വളരെ പരിമിതമായ തോതിലേ ഉള്ളൂ.
  10. ഭൂരിപക്ഷം സ്കൂളുകളിലും വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. കുളത്തൂപ്പുഴ പോലുള്ള സ്കൂളുകൾ വെള്ളം വാങ്ങിയ്ക്കാൻ വലിയ തുകയാണ് ചെലവഴിയ്ക്കുന്നത്. മഴവെള്ള സംഭരണം, കിണർ റീചാർജിംഗ് എന്നിവയുടെ ആവശ്യം ഇത് സ്പഷ്ടമാക്കുന്നുണ്ട്.
  11. ചുരുക്കം ഇടങ്ങളിലൊഴിച്ച് ശുചിമുറികളുണ്ട്. എന്നാൽ ചാലക്കുടി സ്കൂളിൽ മാത്രമാണ് ആവശ്യത്തിന് ആനുപാതികമായി നിലവിലുള്ളത്. ഭൂരിപക്ഷം സ്കൂളുകളിലും സ്ത്രീസൗഹൃദ ശുചിമുറികളും സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷിൻ, ഇൻസിനിറേറ്റർ എന്നിവയോ ഇല്ല.  ശുചിമുറികൾ വൃത്തിയാക്കാൻ ജീവനക്കാർ വേണ്ടത്ര ഉള്ളപ്പേഴും വിദ്യാർഥികളാണ് അത് ചെയ്യുന്നത്. ശുചീകരണ പ്രോട്ടോക്കോളും അതിന്റെ നിരന്തരമായ നിരീക്ഷണവും അനിവാര്യമാണെന്ന് ഇത് കാണിയ്ക്കുന്നു.
  12. മിക്ക സ്കൂളുകളിലും മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ ഇല്ല.
  13. ഭൂരിപക്ഷം ഹോസ്റ്റലുകളിലും തുണികൾ അലക്കാനും ഉണക്കിയെടുക്കാനുമുള്ള സ്ഥലം ലഭ്യമല്ല. ഇത് വിദ്യാർഥികൾക്ക് ത്വക്ക്  രോഗ സാധ്യതയ്ക്ക് വരെ കാരണമാവുന്നുണ്ട്. 
നിർദേശങ്ങൾ
  • അടുത്ത രണ്ട് പതിറ്റാണ്ട് കാലത്തേയ്ക്ക് സ്കൂളിന്റെ വികസനം കണക്കിലെടുത്തുകൊണ്ടുള്ള അടിസ്ഥാന സൗകര്യ മാസ്റ്റർ പ്ലാൻ അഭികാമ്യമാണ്. പെൺകുട്ടികൾ, ഭിന്നശേഷിക്കാരായ കുട്ടികൾ എന്നിവരെ ഉൾക്കൊള്ളുന്ന വിധമായിരിയ്ക്കണം മാസ്റ്റർ പ്ലാൻ  ഉണ്ടാക്കേണ്ടത്.
  • പുതിയ പന്ത്രണ്ടാം ക്ലാസ് ബാച്ചുകൾ അനുവദിയ്ക്കുമ്പോൾ കുറഞ്ഞത് രണ്ടു വർഷത്തെ ഇടവേളയുണ്ടാവണം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ ഫണ്ട് ബാച്ചുകൾ അനുവദിയ്ക്കുന്ന സമയത്ത് തന്നെ ലഭ്യമാക്കേണ്ടതാണ്.
  • സ്കൂളിന്റെ മികവിന്റെ മേഖലകൾ കണക്കിലെടുത്തു കൊണ്ട് അനുബന്ധ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി പ്രത്യേക സഹായം നൽകുന്നതും പരിഗണിക്കേണ്ടതാണ്.

വിദ്യാർഥികളുടെ ആരോഗ്യ സുസ്ഥിതി

ആരോഗ്യ സുസ്ഥിതിയും അക്കാദമിക മികവിനെ സ്വാധീനിക്കുന്ന ഘടകം എന്ന നിലക്ക് ലഭ്യമായ സൗകര്യങ്ങൾ പഠന വിധേയമാക്കിയതിന്റെ ഫലങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. ആരോഗ്യ പരിചരണ സൗകര്യങ്ങൾ, വൈകാരിക പരിചരണവും പിന്തുണയും, ഭക്ഷണത്തിന്റെ ഗുണമേൻമ, വിതരണം ബന്ധപ്പെട്ട മറ്റു സൗകര്യങ്ങളുടെ മികവുകൾ എന്നിവയാണ് പരിശോധിച്ചത്.

  1. ആൺ കുട്ടികൾക്കിടയിലേയോ പെൺകുട്ടികൾക്കിടയിലേയോ ഇടപെടലുകൾ തന്നെ ആരോഗ്യപരമായിരുന്നില്ല. വ്യത്യസ്ത ജെൻഡർ ഗ്രൂപ്പിൽപ്പെട്ടവർക്കിടയിലെ ഇടപെടലുകൾ പലപ്പോഴും അധ്യാപകരും അധികൃതരും സംശയത്തോടെയാണ് വീക്ഷിച്ചത്. ഇത് തുല്യ പ്രായക്കാർക്കിടയിലെ ആരോഗ്യകരമായ ഇടപെടലുകൾക്ക് വിഘാതമായിട്ടുണ്ട്. ഇരുപത് സ്കൂളുകളിൽ ആറെണ്ണം ഗേൾസ് സ്കൂളും അഞ്ചെണ്ണം ബോയ്സ് സ്കൂളുമാണ്. ഇത്തരം വേർതിരിവുകളും വ്യത്യസ്ത ജെൻഡറുകൾക്കിടയിൽ ആരോഗ്യകരമായ ഇടപെടലുകൾ വളർത്തുന്നന് തടസമാവുന്നുണ്ട്.
  2. സീനിയർ ജൂനിയർ തർക്കങ്ങൾ മിക്കയിടത്തും നിലവിലുണ്ട്. പ്രത്യേകിച്ച് ആൺകുട്ടികളുടെ ഇടയിൽ. വിദ്യാർഥികൾക്ക് ജെൻഡർ വ്യത്യാസങ്ങൾ ഉൾക്കൊണ്ട് കൊണ്ടുള്ള ആരോഗ്യകരമായ ഇടപെടൽ  നടത്താനാവശ്യമായ പരിശീലനം ലഭിച്ചിട്ടില്ലാത്തതു കൊണ്ട് മിക്കപ്പോഴും സംഘർഷങ്ങളും ഉടലെടുക്കുന്നുണ്ട്. ഇത് ലൈംഗിക അധിക്ഷേപത്തിലേക്കും എത്തുന്നു. ഇത്തരം പ്രശ്നങ്ങൾ സമഗ്രമായി സമീപിക്കാനും പരിഹരിക്കാനും ആവശ്യമായ പരിശീലനം അധ്യാപകർക്കോ അനധ്യാപകർക്കോ ലഭിക്കുന്നില്ല. അതു കൊണ്ട് തന്നെ അവരവരുടെ ധാർമിക മൂല്യങ്ങൾക്ക് അനുസരിച്ചാണ് ഇവ പരിഹരിക്കപ്പെടുന്നത്. ഇത് പ്രശ്ന പരിഹാരത്തിന് പകരം  വൈകാരിക അടിച്ചമർത്തലിനും അതുവഴി അസംതൃപ്തി വളരുന്നതിനും കാരണമാവുന്നുണ്ട്.
  3. കലോൽസവങ്ങളും കായിക മത്സരങ്ങളും ആണ് മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലെ കുട്ടികൾക്ക് മറ്റ് പൊതു സ്കൂളിലെ കുട്ടികളുമായി സംവദിക്കാൻ കിട്ടുന്ന അവസരങ്ങൾ. അക്കാദമികമായ മികവ് ഒരു പരിധി വരെയെങ്കിലും ഉയർത്തിക്കൊണ്ടുവരാൻ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കായിട്ടുണ്ട്. എന്നാൽ വൈകാരികവും സാമൂഹ്യവുമായ വളർച്ചക്ക് വേണ്ടത്ര ഇടപെടൽ നടത്താൻ ഇവക്കായിട്ടില്ല. വിദ്യാഭ്യാസ മൂല്യങ്ങളിൽ ഉൾചേരുന്ന സഹകരണം, സഹവർത്തിത്വം, സഹിഷ്ണുത, ജനാധിപത്യം, സാമൂഹ്യ നേതൃത്വം തുടങ്ങിയവയ്ക്ക് സവിശേഷ പരിഗണന നൽകിയിട്ടില്ല. (UNESCO 2000)
  4. സ്കൂളിൽ തന്നെ താമസിക്കുന്ന അധ്യാപകരുടെ അഭാവത്തിൽ ആനുപാതികമായി ആയമാരോ   കൗൺസിലർമാരോ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. എന്നാൽ ആയമാരുടെ എണ്ണം വളരെ കുറവാണ് എന്നതും കൗൺസിലർമാർക്ക് ഒന്നിലധികം സ്കൂളുകളിൽ പോകേണ്ടതും പ്രശ്നമുണ്ടാക്കുന്നുണ്ട്. ഒപ്പം സ്ഥിര നിയമനം കിട്ടുന്ന ആയമാർ വളരെ കുറവാണ്. ഇതെല്ലാം വിദ്യാർഥികൾക്ക് വ്യക്തിപരമായ പിന്തുണ ലഭിക്കുന്നതിനുള്ള സംവിധാനത്തെ ദുർബലപ്പെടുത്തുന്നു.
  5. ഇരുപതിൽ ആറ് സ്ക്കൂളുകളിലും ഒന്നാം ക്ലാസ് മുതൽ തന്നെ കുട്ടികളെ പ്രവേശിപ്പിക്കുന്നുണ്ട്. ഇത് മാതാപിതാക്കളോടൊപ്പം കഴിയാനുള്ള കുട്ടികളുടെ മനുഷ്യാവകാശത്തെ തന്നെ ഹനിക്കുന്നതാണ്. ഇതോടൊപ്പം സ്ക്കൂൾ അന്തരീക്ഷവുമായി ഇണങ്ങി ചേരാൻ ആവശ്യമായ പിന്തുണ നൽകാൻ ഗോത്രവർഗ പശ്ചാത്തലത്തെക്കുറിച്ച് ധാരണയുള്ള അധ്യാപകരോ ആയമാരോ ഇല്ലാത്തത് പ്രശ്നം സങ്കീർണമാക്കുന്നു.
  6. വിദ്യാർഥികളും രക്ഷാകർത്താക്കളും തമ്മിലുള്ള ഇടപെടലുകൾക്ക് അവസരം കുറയുന്നതായി പഠനം കാണിക്കുന്നു. പലപ്പോഴും രക്ഷാകർത്താക്കൾ സ്കൂളിൽ വരുന്നത് പി.ടി.എ യോഗങ്ങൾക്ക് മാത്രമാണ്. ആഴ്ചയിൽ ഒരിക്കൽ ടെലഫോണിൽ സംസാരിക്കാൻ നൽകുന്ന സമയം 5 -10 മിനിറ്റ് മാത്രമാണ്.
  7. പരാതി പരിഹാരത്തിന് ഐകരൂപ്യമില്ല എന്നത് വിദ്യാർഥികളുടെ ഇടയിൽ അസംതൃപതി വളരാൻ ഇടയാക്കുന്നു. (Section 17 RTE Act 2009)
  8. NCC, സ്കൗട്ട് & ഗൈഡ്സ് എന്നിവ മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളിൽ ഒന്നിലും പ്രവർത്തിക്കുന്നില്ല.
  9. വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി രേഖപ്പെടുത്താനും തുടർ നിരീക്ഷണം നടത്താനും പൊതുവിൽ സംവിധാനങ്ങളില്ല. ഞാറനീലി, മുക്കാലി സ്കൂളുകളിൽ മാത്രമാണ് ബന്ധപ്പെട്ട രേഖകൾ സൂക്ഷിച്ചിട്ടുള്ളത്. വേതനം കുറവായതുകൊണ്ട്  മിക്ക സ്കൂളുകളിലും ഹെൽത്ത് നഴ്സിന്റെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്.
  10. ഭക്ഷണ മെനുവുമായി ബന്ധപ്പെട്ട് കിട്ടിയ പ്രതികരണങ്ങൾ കാണിക്കുന്നത് ഭൂരിപക്ഷം വിദ്യാർഥികളും സംതൃപ്തരല്ല എന്നാണ്. പ്രാദേശിക ഭക്ഷ്യവിഭവങ്ങൾ നൽകാത്തതു കൊണ്ട് തന്നെ വിദ്യാർഥികൾക്ക് മെനുവിൽ താൽപര്യം കുറവായിരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് മെനുവിൽ മാറ്റം വരുത്താനുള്ള അനുവാദം ഉണ്ടെങ്കിലും അത് ഉപയോഗപ്പെടുത്താറില്ല.
നിർദേശങ്ങൾ
  • ലിംഗസമത്വത്തിൽ അധിഷ്ഠിതമായ ആരോഗ്യകരമായ ഇടപെടലുകൾ ഉറപ്പു വരുത്തുന്നതിനായി ആൺ പെൺ സ്കൂളുകൾ എന്ന വേർതിരിവ് ഒഴിവാക്കാവുന്നതാണ്.
  • എൻ.സി.സി, സ്ക്കൗട്ട് & ഗൈഡ്സ് എന്നിവ വിദ്യാർഥികളുടെ സമഗ്ര വികസനത്തിന് സഹായകമാവും
  • ഗോത്രവർഗ വിദ്യാർഥികളുടെ സാംസ്ക്കാരിക പശ്ചാത്തലം ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിശീലനം അധ്യാപകർക്കും അനധ്യാപകർക്കും സ്ഥിരമായി നൽകേണ്ടതുണ്ട്.
  • അഞ്ചാം തരം വരെയുള്ളവർക്ക് റസിഡൻഷ്യൽ സ്ക്കൂളുകൾ നിർത്തലാക്കാനുള്ള നിയമപരമായ തീരുമാനം ആവശ്യമാണ്.
  • പ്രാദേശിക സാഹചര്യമനുസരിച്ചുള്ള ഭക്ഷണ മെനുവിലെ മാറ്റം നിയമപരമായി തന്നെ നടപ്പിലാക്കണം.
  • എല്ലാ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും ശിക്ഷകൾ, സമ്മാനങ്ങൾ എന്നിവയ്ക്ക് ഐകരൂപ്യമുണ്ടാക്കേണ്ടതുണ്ട്.
  • എല്ലാ സ്കൂളുകളിലും ഓരോ വിദ്യാർഥിയുടേയും ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്താനും തുടർ വിശകലനത്തിനും ശാസ്ത്രീയമായ സംവിധാനങ്ങൾ ആവശ്യമാണ്‌.

ഭരണ സംവിധാനങ്ങൾ

  • മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന പട്ടികജാതി-പട്ടികവർഗ റസിഡൻഷ്യൽ എഡ്യുക്കേഷണൽ സൊസൈറ്റി സ്ഥാപിതമായത് GO ( MS) No. 24/95/SCSTDD dated 11. 08.1998 പ്രകാരമാണ്. സൊസൈറ്റിയുടെ ഉന്നത തലത്തിൽ ഒരു ഗവേണിംഗ് ബോഡിയാണ് ഉള്ളത്. അതിന്റെ പ്രസിഡന്റെ് പട്ടികജാതി-പട്ടികവർഗ വികസന സൊസൈറ്റിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്.
  • വകുപ്പിലെ പ്രതിനിധികൾ, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ, പ്രത്യേക ക്ഷണിതാക്കൾ എന്നിവരടക്കം 19 അംഗങ്ങളാണ്  സംസ്ഥാനതല ഗവേണിംഗ് ബോഡിയിൽ ഉള്ളത്. നയരൂപീകരണം, തീരുമാനമെടുക്കൽ, നടത്തിപ്പിനുള്ള പൊതുവായ മേൽനോട്ടം എന്നിവ ഗവേണിംഗ് ബോഡിയുടെ ഉത്തരവാദിത്തമാണ്.
  • ജില്ലാതല മേൽനോട്ടത്തിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയുണ്ട്. ഇതിന് പുറമെ ഓരോ സ്കൂളിലും സ്കൂൾ തല കമ്മിറ്റിയുമുണ്ട്. പിന്നെ സ്വാഭാവികമായും പി.ടി.എ, മദർ പി.ടി.എ എന്നിവയുമുണ്ട്.
  • ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ നിന്ന് മനസ്സിലാവുന്നത് സംസ്ഥാന തല ഗവേണിംഗ് ബോഡി സ്ഥിരമായി യോഗം ചേരുന്നില്ല എന്നാണ്. മാത്രമല്ല ആരോഗ്യ വകുപ്പ്, തദ്ദേശഭരണ വകുപ്പ് തുടങ്ങിയവയുടെ പ്രതിനിധികളും, നാഷണൽ സർവ്വീസ് സ്കീം, സ്റ്റുഡന്റ് പോലീസ് കാഡറ്റ്  പോലുള്ള ഫോറങ്ങളുടെ പ്രതിനിധികളും ഗവേണിംഗ് ബോഡിയിൽ  ഇല്ല.
  • ജില്ലാതല എക്സിക്യൂട്ടീവ് കമ്മിറ്റിയിലും സ്കൂൾ ഉപദേശക സമിതിയിലും ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളുടെ പ്രാതിനിധ്യം വളരെ പരിമിതമാണ്. പി.ടി.എ യുടേയോ വിദ്യാർഥികളുടെയോ പ്രതിനിധികൾ സ്കൂൾ തല ഉപദേശകസമിതിയിലില്ല.
  • ഞാറനീലിയിലൊഴികെ പി.ടി.എ.യുടെ പ്രവർത്തനം ഏതാണ്ട് നിലച്ചതു പോലെയാണ് പഠനത്തിൽ കണ്ടത്. രക്ഷിതാക്കൾ താമസിക്കുന്ന ഇടങ്ങളിൽ നിന്ന് സ്കൂളിലേക്കുള്ള ദൂരവും യാത്രയ്ക്ക് സാമ്പത്തിക സഹായങ്ങളൊന്നും ലഭ്യമല്ലാത്തതും എല്ലാം ഇതിന് കാരണമാവുന്നുണ്ട്.
  • സ്കൂൾ തല ഉപദേശകസമിതിയ്ക്ക്  ഭരണപരമായ തീരുമാനം എടുക്കാനോ നടപ്പാക്കാനോ കഴിയാത്തതിനാൽ പി.ടി.എ. പ്രവർത്തനവും ഇല്ലാതെ വരുമ്പോൾ ജനാധിപത്യപരമായ തീരുമാനമെടുക്കൽ  അസാധ്യമാവുകയാണ്.
  • സ്കൂളിന്റെ ഭരണപരമായ അധികാരം സൂപ്രണ്ടിനും അക്കാദമികമായ അധികാരം പ്രിൻസിപ്പൽ/ഹെഡ് മാസ്റ്റർക്കും ആവുന്നത് സ്കൂൾ ഭരണസംവിധാനത്തിൽ ഐക്യമില്ലാതാക്കുന്നു. ഉദാഹരണമായി കരാർ ജീവനക്കാർക്കെതിരെ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് അച്ചടക്ക നടപടി ശുപാർശ ചെയ്യാനുള്ള അധികാരം സൂപ്രണ്ടിന് മാത്രമാണ്. ചുരുക്കത്തിൽ സ്കൂളിൽ ഏക അധികാര കേന്ദ്രത്തിന്റെ അഭാവം ഫലപ്രദമായ  നടത്തിപ്പിന് തടസവുന്നുണ്ട്.  
  • സ്ഥിര നിയമനം നടത്താനുള്ള അധികാരം വിദ്യാഭ്യാസ വകുപ്പിനും താൽക്കാലിക നിയമനത്തിന്റേത് പട്ടികവർഗ വകുപ്പിനുമാണ്. ഇത് സ്കൂൾ സംവിധാനത്തിൽ കാര്യക്ഷമമായ ഏകോപനത്തിന് തടസം സൃഷ്ടിയ്ക്കുന്നുണ്ട്.
  • തുടർച്ചയായി മൂന്നു വർഷം സ്കൂളിൽ താമസിക്കണമെന്നത്  സ്ഥിര നിയമനം ലഭിച്ച അധ്യാപകരും പാലിയ്ക്കുന്നില്ല. ഇത് റസിഡൻഷ്യൽ എന്ന ആശയത്തിന് തന്നെ വെല്ലുവിളി ഉയർത്തുന്നു. 
  • ഹൈസ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ അധ്യാപകരുടെ നിയമന നിരക്ക് ഹയർ സെക്കണ്ടറിയിൽ കുറവാണ്. മാത്രമല്ല പ്രാദേശികമായ ഏറ്റക്കുറച്ചിലും ഉണ്ട്. വിദൂരസ്ഥമായ സ്കൂളുകളിലെ കുറഞ്ഞ നിരക്കും കട്ടേല പോലുള്ളിടത്തെ ഉയർന്ന നിരക്കും  ഉദാഹരണമാണ്.
  • വിദ്യാർഥികളുടെ എണ്ണക്കൂടുതലും അധ്യാപകരുടെ കുറവും  അതീവ ദുർബല വിഭാഗങ്ങൾ ഉള്ള നിലമ്പൂർ പോലുള്ളിടത്ത് പ്രശ്നങ്ങൾ സൃഷ്ടിയ്ക്കുന്നുണ്ട്.  
  • സംസ്ഥാനത്ത് ഇത്തരത്തിൽ പ്രവർത്തിയ്ക്കുന്ന ഒരേയൊരു സി.ബി.എസ്.ഇ. സ്ക്കൂൾ കരാർ ജീവനക്കാരാണ് പൂർണമായും നോക്കി നടത്തുന്നത്. 
  • നിലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സ്കൂളുകളായതു കൊണ്ട് പല കുട്ടികൾക്കും ഏറ്റവും അടുത്തുള്ള സ്കൂളുകളിൽ പ്രവേശനത്തിന് അവസരമില്ലാതെ പോവുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെ റസിഡൻഷ്യൽ സംവിധാനത്തിൽ പരിചരിയ്ക്കാൻ ബുദ്ധിമുട്ടാണ് എന്ന കാരണം പറഞ്ഞ് അവർക്ക് പ്രവേശനം നൽകുന്നില്ല. ഇത് യഥാർഥത്തിൽ മനുഷ്യാവകാശ നിഷേധം കൂടിയാണ്.
നിർദേശങ്ങൾ
  • സംസ്ഥാന തലത്തിൽ വർഷത്തിൽ കുറഞ്ഞത് രണ്ടു തവണയെങ്കിലും ജനറൽ ബോഡി മീറ്റിംഗുകൾ ചേരുന്നത് നിയമപരമാക്കണം.
  • സംസ്ഥാനതല ഗവേണിംഗ് ബോഡിയിൽ പഞ്ചായത്ത് വകുപ്പ് ,ആരോഗ്യവകുപ്പ് , എസ്.പി.സി, എൻ.എസ്.എസ് പോലെ വ്യത്യസ്ത തലത്തിൽ പെട്ടവരുടെ പങ്കാളിത്തം ഉറപ്പാക്കണം 
  • സ്ക്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരെ ജില്ലാതല എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്തണം 
  • സ്ക്കൂൾ തല ഉപദേശക സമിതിയിൽ പഞ്ചായത്ത് പ്രസിഡണ്ടിൻറെപ്രാതിനിത്യം ഉറപ്പാക്കണം .ഈ സമിതിയെ സ്ക്കൂൾ ഡവലപ്മെൻറ് മാനേജ്മെൻറ് കമ്മിറ്റിയാക്കി നിയമപരമായ അധികാരങ്ങൾ നൽകണം.വിദ്യാർഥികളുടേയും പി.ടി.എ യുടേയും പ്രതിനിധികളെ ഉൾപ്പെടുത്തണം.

വിദ്യാർഥികളുടെ അക്കാദമിക നിലവാരം

സ്വാതന്ത്ര്യാനന്തരം പട്ടിക വർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക്  വിദ്യാഭ്യാസം ലഭിയ്ക്കാനുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മറ്റ് സാമൂഹ്യവിഭാഗങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ നിലവാരം അത്ര കണ്ട് ഉയർന്നിട്ടില്ല എന്ന് കാണാം. രക്ഷിതാക്കളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, പഠനമാധ്യമം, കരിക്കുലത്തിനും സിലബസിനും ജീവിത സാഹചര്യങ്ങളുമായി പൊരുത്തമില്ലായ്മ, എന്നിവയൊക്കെ പരിമിതികളാണ്. ഇവ മറികടക്കാനും വിദ്യാർഥികൾക്ക് വ്യക്തിപരമായ ശ്രദ്ധയും പരിചരണവും ലഭിക്കാനുമായിരുന്നു മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ  ലക്ഷ്യമിട്ടിരുന്നത്. മെച്ചപ്പെട്ട സ്കൂൾ സൗകര്യങ്ങളും പഠനാന്തരീക്ഷവും വിദ്യാർഥികളുടെ പഠനനിലവാരം വർധിപ്പിയ്ക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.

2005 ൽ കേരളത്തിൽ തിരുവനന്തപുരത്തെ കട്ടേല, വയനാട്ടിലെ നല്ലൂർനാട് എന്നീ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ ഹയർ സെക്കണ്ടറി കോഴ്സുകൾ ആരംഭിച്ചു. പിന്നീട് അത് 14 സ്കൂളുകളിലേയ്ക്ക് വ്യാപിപ്പിച്ചു. ഞാറനീലി സ്കൂളിൽ സി.ബി.എസ്.ഇ. സിലബസാണ് നടപ്പാക്കിയത്. പട്ടുവം, നല്ലൂർനാട്, കൽപ്പറ്റ, പരവനടുക്കം, ചാലക്കുടി, കട്ടേല, നൂൽപ്പുഴ, നിലമ്പൂർ,മൂന്നാർ,വടശ്ശേരിക്കര എന്നീ പത്ത് മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളാണ് പഠനവിധേയമാക്കിയത്. ഭാഷ, ശാസ്ത്ര വിഷയങ്ങൾ, മാനവികവിഷയങ്ങൾ എന്നിവയിലെ  വിദ്യാർഥികളുടെ നിലവാരമാണ് പരിശോധിച്ചത്. ഒപ്പം 16 സ്കൂളുകളിലെ 2018-19 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലങ്ങളും പരിശോധിച്ചു.

കണ്ടെത്തലുകൾ  

  • ഹയർ സെക്കണ്ടറിയിലെ വിദ്യാർഥികൾ പൊതുവെ ഇംഗ്ലീഷിൽ പിന്നോക്കമാണെന്നാണ് പഠനം കാണിയ്ക്കുന്നത്. സയൻസ്, കൊമേഴ്സ് വിഭാഗക്കാർ മലയാളത്തിൽ മികവ് പുലർത്തുന്നുണ്ട്. ഹ്യുമാനിറ്റീസ് വിഭാഗക്കാർ അതിലും പിന്നോക്കമാണ്. സയൻസ് ബാച്ചിലെ വിദ്യാർഥികൾ ബയോളജി, ഫിസിക്സ് എന്നീ വിഷയങ്ങളിൽ മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളെക്കാൾ മികച്ച നിലവാരം പുലർത്തുന്നതായി കാണുന്നു. കരിക്കുലത്തിന്റെ സങ്കീർണതകൾ, പ്രക്രിയാധിഷ്ഠിത പഠനത്തിന്റെ അഭാവം, ലബോറട്ടറികളുടെ പരിമിതമായ ഉപയോഗം എന്നിവയൊക്കെ അവരുടെ പ്രകടനത്തെ ബാധിയ്ക്കുന്നുണ്ട്. ബയോളജിയിലെ മികച്ച പ്രകടനത്തിന് കാരണം വിഷയത്തിന് അവരുടെ ജീവിത സാഹചര്യവുമായുള്ള  അടുപ്പവുമാകാം. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാർഥികളുടെ എക്കണോമിക്സിലെ പ്രകടനം ശ്ലാഘനീയമാണ്. അതേ സമയം മറ്റ് മാനവിക വിഷയങ്ങളായ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ജ്യോഗ്രഫി എന്നിവയിൽ വളരെ പിന്നോക്കമാണ്. ജ്യോഗ്രഫിയിൽ തോൽക്കുന്നവരുടെ നിരക്ക് വളരെ കൂടുതലാണ്. കൊമേഴ്സ്  ബാച്ചിലെ മറ്റ് വിഷയങ്ങളായ ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി എന്നിവയിലും  മോശം പ്രകടനമാണ്. ഓപ്ഷണൽ വിഷയമായ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലും പിന്നോക്കമാണ്. സാങ്കേതികശേഷി ആവശ്യമായി വരുന്ന വിഷയങ്ങളിലെല്ലാം വിദ്യാർഥികൾ പിന്നോക്കം പോകുന്നതായാണ് പൊതു പ്രവണത.
  • മിക്കവാറും എല്ലാ മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളിലും പന്ത്രണ്ടാം ക്ലാസിലെ വിജയശതമാനം 75 ആണ്. മുഖ്യധാരാ സ്കൂളുകളിൽ അത് 84 ശതമാനമാണ്. 
  • ഇംഗ്ലീഷ് ഭാഷയിലെ പിന്നോക്കാവസ്ഥ മറ്റു വിഷയങ്ങൾ പ്രത്യേകിച്ച് അവയിലെ സാങ്കേതിക പദാവലികളും മറ്റും മനസിലാക്കാൻ തടസമാവുന്നുണ്ട്. അതുകൊണ്ട് തന്നെ പഠനത്തെ ജീവിതവുമായി ബന്ധപ്പെടുത്തുകയും ഒപ്പം ആവശ്യമായ മറ്റു പിന്തുണാസംവിധാനങ്ങൾ നൽകുകയും വേണം.
  • ഹയർ സെക്കണ്ടറിയിലേയ്ക്കുള്ള പ്രവേശനം വിദ്യാർഥികളുടെ താൽപര്യമോ ശേഷിയോ കണക്കിലെടുക്കാതെയാണ് നടക്കുന്നത്. ലഭ്യമായ ചുരുക്കം ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാൻ വിദ്യാർഥികൾ നിർബന്ധിതരാവുന്നുണ്ട്. ആൺ/പെൺ സ്കൂളുകൾ എന്ന വേർതിരിവ് വീണ്ടും കോഴ്സുകളുടെ ലഭ്യത കുറക്കുന്നു.
  • എസ്.എസ്.എൽ.സി. ഫലം പരിശോധിക്കുമ്പോൾ എല്ലാ മോഡൽ റസിഷൻഷ്യൽ സ്ക്കൂളുകളും 100 ശതമാനം വിജയം നേടിയതായി കാണാം. എന്നാൽ മലയാളം, ഹിന്ദി, ഫിസിക്സ്, ബയോളജി എന്നിവയിലാണ് താരതമ്യേന മികവുള്ളത്.
  • തൊഴിൽ സംബന്ധമായ ദിശാബോധം നൽകാനാവശ്യമായ കോഴ്സുകൾ എട്ടാം സ്റ്റാൻഡേർഡ് മുതൽ തുടർച്ചയായി നടത്തേണ്ടതുണ്ട്. ഒപ്പം കോഴ്സ് കഴിഞ്ഞ് പുറത്തു പോയ വിദ്യാർഥികൾക്കും തൊഴിൽ ഉറപ്പാക്കാൻ വേണ്ട പിന്തുണാ സംവിധാനം ഒരുക്കണം.

പൊതു നിർദേശങ്ങൾ

രാജ്യമൊട്ടുക്കും പട്ടികവർഗ വിഭാഗക്കാരുടെ വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത സംവിധാനമാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. ഓരോ വിദ്യാർഥിയ്ക്കും ആവശ്യമായ വൈകാരിക പിന്തുണയും പരിചരണവും ഉറപ്പാക്കിക്കൊണ്ട് ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകുകയായിരുന്നു ലക്ഷ്യം. വിദ്യാർഥികൾ, അധ്യാപകർ, അധ്യാപകേതര ജീവനക്കാർ എല്ലാവരും ഒരുമിച്ച് സ്കൂൾ കാമ്പസിൽ താമസിക്കുന്ന ഒരു കമ്മ്യൂണിറ്റി ജീവിതമാണ് വിഭാവനം ചെയ്തത്. ഈ ലക്ഷ്യം കൈവരിക്കാൻ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് എത്ര മാത്രം കഴിഞ്ഞു എന്നാണ് പഠനവിധേയമാക്കിയത്.

ഇപ്പോൾ നിലവിലുളള പട്ടികവർഗ സ്കൂൾ സംവിധാനം പട്ടികവർഗത്തിലുള്ള കുട്ടികൾക്ക് സാർവത്രിക വിദ്യാഭ്യാസം നേടാനുള്ള അവസരം ഉറപ്പാക്കുന്നതിൽ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. പക്ഷേ റസിഡൻഷ്യൽ അധ്യാപകരുടെ നിരന്തരമായ കരുതലും പിന്തുണയും  വഴി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിൽ വലിയ പരാജയമാണ്  നേരിട്ടിരിക്കുന്നത്.

  • എല്ലാ അധ്യാപകരും സ്കൂൾ കാമ്പസിൽ തന്നെ താമസിക്കുന്നത് നിയമപരമായ ബാധ്യതയായി മാറണം.
  • മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ  അധ്യാപകരെ നിയമിക്കാൻ വിദ്യഭ്യാസ വകുപ്പിന് ഒരു പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് തന്നെ രൂപീകരിക്കാവുന്നതാണ്.
  • മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ജോലി ചെയ്യുന്നതിന് ആവശ്യമായ നിബസനകൾ ഉൾപ്പെടുത്തിയ സമ്മതപത്രം വാങ്ങിക്കാവുന്നതാണ്. പിന്നീട് പ്രസ്തുത നിബന്ധനകൾ ലംലിക്കുകയാണെങ്കിൽ അവരെ തങ്ങളുടെ വകുപ്പിലേക്ക് തന്നെ മടക്കി അയക്കാനും കഴിയണം.
  • വിദ്യാഭ്യാസ വകുപ്പിൽ ആവശ്യത്തിന് അധ്യാപകർ ഇല്ലെങ്കിൽ പി.എസ്.സി വഴി ഒരു പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവ് തന്നെ നടത്താവുന്നതാണ്.
  • ആയമാർ, മാനേജർ/റസിഡൻഷ്യൽ ട്യൂട്ടർ എന്നിവരുടെ അനുപാതം സ്കൂളിലെ കുട്ടികളുടെ എണ്ണത്തിനുസരിച്ച് പുതുക്കി നിശ്ചയിക്കണം. ജീവനക്കാർക്ക് സ്ഥിര നിയമനം  തന്നെ നൽകേണ്ടതുണ്ട്. താൽക്കാലിക ജീവനക്കാരാണെങ്കിൽ അവരുടെ കരാർ കാലാവധി ഏറ്റവും കുറഞ്ഞത് മൂന്ന് വർഷം വരെ എങ്കിലും നീട്ടണം.
  • വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ ബ്ലോക്കിൽ തന്നെ അധ്യാപകർക്കും താമസ സൗകര്യം നൽകണം. ഇത് അവർക്ക് കൂടുതൽ അടുത്ത് ഇടപഴകാനുള്ള അവസരം നൽകും.
  • നിലവിലെ പഠന മാധ്യമം  വിദ്യാർഥികളുടെ പഠന മികവിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനായി സ്കൂളിൽ പ്രവേശനം നേടുന്ന ക്ലാസുകളിൽ ഭാഷയ്ക്കായി ഒരു ബ്രിഡ്ജ് സംവിധാനം ഒരുക്കേണ്ടതുണ്ട്. ഇത് ഗോത്രവർഗ സംസക്കാരത്തെക്കുറിച്ച് ധാരണയുള്ള, അവരുടെ ഭാഷ അറിയുന്ന മെന്റർ ടീച്ചർമാരെ നിയമിച്ചു കൊണ്ട് പരിഹരിക്കാൻ കഴിയും.
  • വ്യക്തിപരമായ പരിചരണ പദ്ധതി (Individual Care plan ICP) ഓരോ കുട്ടിക്കായും വികസിപ്പിക്കേണ്ടതുണ്ട്. അതിന്റെ നടത്തിപ്പിനായി അധ്യാപകരെ പരിശീലിപ്പിക്കുകയും വേണം. അതോടൊപ്പം അധ്യാപകരുടെ  പങ്ക് നിരന്തരമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും വേണം. എല്ലാ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും എല്ലാ വർഷവും അധ്യാപകർ വിലയിരുത്തപ്പെടണം. കൂടാതെ  പുറത്തുള്ള വിദ്യാഭ്യാസ വിദഗ്ധരോ അധ്യാപകരോ പരിശോധിക്കുന്ന (Peer review) സംവിധാനവും പിന്തുടരാവുന്നതാണ്.

കേരളത്തിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ

SL NONAME OF SCHOOLDistrict
1Dr. Ambedkar Vidyanikethan, CBSE School Njaraneeli (M)Thiruvananthapuram
2G .Karthikeyan Memorial Model Residential School,Kuttichal (M)Thiruvananthapuram
3Dr. Ambedkar Memorial MRS, Kattela (G)Thiruvananthapuram
4Model Residential School Kulathoopuzha (B)Kollam
5Model Residential School Vadasserikkara (B)Pathanamthatta
6Model Residential School Ettumanoor (G)Kottayam
7Ekalavya Model Residential School Idukki (M)Idduki
8Model Residential School Munnar (B)Idduki
9Model Residential School Chalakkudy (G)Thrissur
10Asram Model Residential School Malampuzha, Palakkad (M)Palakkad
11Model Residential School Attappady (G)Palakkad
12Model Residential School Kannur, Pattuvam (B)Kannur
13Dr. Ambedkar Memorial MRS, Nalloornadu, Mananthavaday (B)Wayanad
14Model Residential School Kalpetta (G)Wayanad
15Sri. Rajeev Gandhi Memorial Asram School Noolppuzha (M)Wayanad
16Asram Model Residential School Thirunelli, Mananthavady (M)Wayanad
17Ekalavya Model Residential School Pookkode (M)Wayanad
18Model Residential School, Paravanadukkam, Kasargod (G)Kasaragode
19Model Residential School,koraga, Kasargod (M)Kasaragode
20Smt. Indiragandhi Memorial Asram school Nilambur (M)Malappuram

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുറയ്ക്കാം കുഞ്ഞുങ്ങൾക്ക് സ്ക്രീൻ സമയം, നൽകാം കൂടുതൽ പരസ്പര വ്യവഹാരം
Next post ആഫ്രിക്കയിലെ എംപോക്സ് വ്യാപനവും ആരോഗ്യ അടിയന്തരാവസ്ഥയും
Close