Read Time:23 Minute

ഒരു വർഷം കൂടി കടന്നു പോവുന്നു. നമ്മുടെ ജീവിതത്തിൽ ഒരു വർഷം എന്നത് വലിയ കാലയളവാണെങ്കിലും പ്രപഞ്ചത്തിന്റെ കണക്കിലിതൊരു ചെറിയ സമയം മാത്രമാണ്.

ഏകദേശം മൂന്നു ലക്ഷത്തോളം വർഷക്കാലത്തോളമായി ഭൂമിയിൽ ജീവിച്ചു വരുന്ന ഹോമോ സാപ്പിയൻ എന്ന നമ്മൾ കലണ്ടർ ഉപയോഗിക്കാൻ തുടങ്ങിയിട്ട് അധിക കാലമായില്ല. അതുകൊണ്ടു തന്നെ, പോയ വർഷത്തെ സംഭവങ്ങളുടെ കണക്കെടുക്കാനും വരും വർഷത്തെ പ്രതീക്ഷകളുടെ മേൽ ആശ്വാസം കണ്ടെത്താനും തുടങ്ങിയിട്ടും കുറച്ചു കാലമേ ആയിക്കാണൂ. മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ശാസ്ത്ര രംഗത്തും ഒട്ടേറെ സംഭവബഹുലമായിരുന്നു 2023. ഇതിൽ പ്രധാനപ്പെട്ടത് എന്ന് എനിക്കു തോന്നിയ പത്തു കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

1. ഇന്ത്യയുടെ ചാന്ദ്രയാൻ-3

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ശാസ്ത്രനേട്ടങ്ങളിലൊന്നാണ് ചാന്ദ്രയാൻ.3 വിക്ഷേപണം. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം പേടകമിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ. മാത്രമല്ല, അമേരിക്കക്കും റഷ്യക്കും ചൈനക്കും പിന്നാലെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാണ് നമ്മുടെ ഇന്ത്യ. രണ്ടാഴ്ചയോളം നടത്തിയ പര്യവേക്ഷണത്തിനു ശേഷം പിന്നീട് വന്ന രാത്രിയിലെ കൊടുംതണുപ്പിൽ പ്രവർത്തനക്ഷമമല്ലാതായെങ്കിലും വിക്രം ലാൻഡറും വിഗ്യാൻ റോവറും പ്രധാനപ്പെട്ട വിവരങ്ങൾ നമുക്ക് തന്നിട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിൽ സൾഫർ, അലൂമിനിയം, സിലിക്കൺ, കാൽസ്യം, ഇരുമ്പ് എന്നിവയുണ്ടെന്ന് കണ്ടെത്താനും കഴിഞ്ഞു.. ഇതിൽ സൾഫറിന്റെ കണ്ടെത്തൽ ആദ്യത്തേതാണ്. മാത്രമല്ല, പേടകം ചന്ദ്രനിലിറങ്ങിപ്പോൾ ഉപരിതലത്തിലുണ്ടായ കുലുക്കങ്ങളും പിന്നീടുണ്ടായ അനക്കങ്ങളും അടയാളപ്പെടുത്താനും കഴിഞ്ഞു. ശേഖരിച്ച വിവരങ്ങൾ ഇനിയും വിശകലനം ചെയ്യേണ്ടതുണ്ട്.

സൌര പഠനത്തിനുള്ള ആദ്യ ഇന്ത്യൻ ദൌത്യമായ ആദിത്യ എൽ.1 വിക്ഷേപിക്കപ്പെട്ടതും 2023ൽത്തന്നെ. ഈ വരുന്ന ജനുവരി ആദ്യ വാരത്തിലാണ് ലെഗ്രാൻഷ് പോയിന്റ് 1ൽ ആദിത്യയെ സ്ഥാപിക്കുക.

ഇന്ത്യക്കാരനെന്ന നിലയിലുള്ള ദേശാഭിമാനം കൊണ്ടുമാത്രമല്ല, ചാന്ദ്രയാൻ 3 നെ കഴിഞ്ഞ വർഷത്തെ ശാസ്ത്രനേട്ടങ്ങളിൽ ഒന്നാമത്തേതായി പറഞ്ഞത്. ലോകമാകെ ചാന്ദ്രയാൻ.3 ദൌത്യത്തെ പുകഴ്ത്തുകയുണ്ടായി. നേച്ചർ (Nature) എന്ന ലോകപ്രസിദ്ധ ശാസ്ത്രമാസിക കഴിഞ്ഞ വർഷത്തെ മികച്ച 10 ശാസ്ത്രജ്ഞരെ പട്ടികപ്പെടുത്തിയതിൽ ഒന്നാമത്തെ പേര് ചാന്ദ്രയാൻ ദൌത്യത്തിന് നേതൃത്വം നൽകിയ കൽപ്പന കാളഹസ്തിയുടെതാണ് എന്നതും എടുത്തുപറയേണ്ടതാണ്.

2. നിർമ്മിത ബുദ്ധിയുടെ വർഷം

2023 ൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗംഭീര പ്രകടനമാണ് കണ്ടത്. 2022 അവസാനത്തോടെ OpenAI-യുടെ ChatGPT പുറത്തിറങ്ങിയതിന് ശേഷം, മെഷീൻ ലേണിംഗ് കൂടുതലായി ശ്രദ്ധിക്കപ്പെട്ടു. ഗൂഗിളിന്റെ BARD AI യും രംഗത്തെത്തിയത് സാധാരണക്കാർക്കു പോലും ഈ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യാനുള്ള അവസരമൊരുക്കി. ശാസ്ത്രരംഗത്ത്, ഈ അത്യാധുനിക സാങ്കേതികവിദ്യ പുതിയ കണ്ടെത്തലുകളിലേക്കും ഡാറ്റയുടെ കൂടുതൽ വിപുലമായ പ്രോസസ്സിംഗിലേക്കും കടക്കുകയാണ്. സ്ട്രോക്ക്, തളർവാതം തുടങ്ങിയ രോഗങ്ങളാൽ അനക്കമറ്റുപോയ ആളുകളുടെ മസ്തിഷ്കസ്കാനുകളെ അടിസ്ഥാനമാക്കി അവരുടെ ചിന്ത മനസ്സിലാക്കാനും അതിലൂടെ ആശയവിനിമയം നടത്താനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസത്തിലും വ്യവസായത്തിലും ഗതാഗതരംഗത്തും ആരോഗ്യമേഖലയിലും കൃഷിയിലും തൊഴിൽമേഖലയിലുമെല്ലാം വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.

അതേസമയം, അതിവേഗം പുരോഗമിക്കുന്ന ഈ സാങ്കേതികവിദ്യയുടെ മേൽ സാമൂഹ്യ നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും മനുഷ്യരുടെ സ്വകാര്യത കവരാനും മനുഷ്യരുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന തരത്തിൽ തെറ്റായി ഇതിനെ ഉപയോഗപ്പെടുത്താനും സാധ്യത നിലനിൽക്കുന്നുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

3. ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിളെത്തി

ബെന്നൂ എന്ന ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ 2016 ലാണ് നാസയുടെ OSIRIS-REx എന്ന ദൌത്യത്തിന്റെ വിക്ഷേപണം നടന്നത്. ഏഴു വർഷത്തിനു ശേഷം, 2023 സെപ്തംബർ 24 ന് ബെന്നുവിൽ നിന്ന് ശേഖരിച്ച പാറയും പൊടിയും നിറച്ച കാപ്സ്യൂൾ യൂട്ടാ മരുഭൂമിയിൽ പതിച്ചു. സാമ്പിൾ എടുക്കുന്നതിനായി ഛിന്നഗ്രഹത്തിലേക്ക് 12 കോടി കിലോമീറ്റർ യാത്ര ചെയ്തു. 450 കോടി വർഷത്തിലധികം പഴക്കമുള്ള ബെന്നൂ നമ്മുടെ ഭൂമി രൂപം കൊള്ളുന്നതിനു മുമ്പേ രൂപം കൊണ്ടതാണ്. നമ്മുടെ ഗ്രഹം എങ്ങനെ രൂപപ്പെട്ടുവെന്നും ഭൂമിയിൽ ജീവൻ ഉണ്ടാകുന്നതിന് കാരണമായത് ഇതുപോലുള്ള ഉൽക്കാപതനങ്ങളായിരുന്നുവോ എന്നും സാമ്പിളുകളുടെ പഠനത്തിലൂടെ വെളിവായേക്കും.

4. മക്കളെ കൊന്നതിന് ശിക്ഷിക്കപ്പെട്ട അമ്മയെ ശാസ്ത്രം മോചിപ്പിച്ചു

തന്റെ നാല് മക്കളെ കൊലപ്പെടുത്തിയതിന് 40 വർഷം തടവിന് ശിക്ഷിക്കപ്പെട്ട കാത്‌ലീൻ ഫോൾബിഗിനെ 20 വർഷത്തെ ജയിൽവാസത്തിന് ശേഷം കുറ്റക്കാരിയല്ലെന്ന് കണ്ട് 2023 ജൂണിൽ വിട്ടയച്ചു. രണ്ട് ഓസ്‌ട്രേലിയൻ നോബൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 90 ശാസ്ത്രജ്ഞർ നടത്തിയ പ്രചാരണത്തെത്തുടർന്നാണ് ന്യൂ സൗത്ത് വെയിൽസ് അറ്റോർണി ജനറൽ മൈക്കൽ ഡാലി ഈ തീരുമാനമെടുത്തത്.

ഫോൾബിഗിന്റെയും അവളുടെ കുട്ടികളുടെയും ഡിഎൻഎ പഠിച്ച വിദഗ്ധർ അവരുടെ മരിച്ചുപോയ രണ്ടു പെൺകുട്ടികളിൽ CALM2-G114R എന്ന വളരെ അപൂർവമായ ജനിതകമാറ്റം വന്നതായി കണ്ടെത്തി. ഇത് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമാകും. മൂന്നരക്കോടിയിലൊരാൾക്ക് മാത്രമുണ്ടാകുന്ന ജനിതക രോഗമാണിത്. നാല് കുട്ടികൾക്കും മറ്റൊരു ജനിതകമാറ്റം, REM2, അവരുടെ പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ചിട്ടുണ്ടെന്നും ഡിഎൻഎ പഠനം കാണിച്ചു. ഈ കോമ്പിനേഷൻ CALM2-G114R മാരകമാകാനുള്ള സാധ്യത കൂടുതലാക്കി.

ഫോൾബിഗിന്റെ ആദ്യത്തെ കുട്ടി മരിക്കുമ്പോൾ 19 ദിവസവും രണ്ടാമത്തെ കുട്ടി മരിക്കുമ്പോൾ 8 മാസവും പ്രായമുണ്ടായിരുന്നു. മൂന്നാമത്തെ കുട്ടി 10 മാസവും നാലാമത്തെ കുട്ടി 18 മാസവുമാണ് ജീവിച്ചിരുന്നത്. കുട്ടികളുടെ മരണത്തിന് കാരണക്കാരി തന്റെ ഭാര്യയാണെന്ന് സംശയം തോന്നിയ കുട്ടികളുടെ അച്ഛൻ പാട്രിക്കും ഫോൾബിഗിനെ ശിക്ഷിക്കുന്നതിൽ പ്രധാന സാക്ഷിയായി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ അവർക്ക് 40 വർഷം ശിക്ഷ വിധിക്കപ്പെട്ടു. എന്നാൽ ജനിതക പഠനത്തിന്റെ അടിസ്ഥാനത്തിൽ, നാല് കുട്ടികളിൽ മൂന്ന് പേർ സ്വാഭാവിക കാരണങ്ങളാൽ മരണമടഞ്ഞതിന്റെ തെളിവുകളോടെ, 2023ൽ ഫോൾബിഗ് മോചിപ്പിക്കപ്പെട്ടു.

ശാസ്ത്രത്തിന്റെ പുത്തനറിവുകൾ കോടതികളിൽ പരിഗണിക്കപ്പെടുന്നത് പുതുമയല്ലെങ്കിലും സ്വന്തം മക്കളുടെ കൊലയാളിയായി ചിത്രീകരിക്കപ്പെട്ട ഒരമ്മയുടെ മോചനത്തിന് ജനിതക ശാസ്ത്രത്തിലെ പുതിയ സങ്കേതങ്ങൾ സഹായിച്ചു എന്നതിൽ നമുക്ക് ആശ്വസിക്കാം. എങ്കിലും ആ അമ്മയുടെ ദുരനുഭവങ്ങൾക്ക് എങ്ങനെയാണ് നഷ്ടപരിഹാരമുണ്ടാവുക എന്ന ചോദ്യം നമ്മെ നീറ്റുക തന്നെ ചെയ്യും.

5. പുരുഷ കോശങ്ങളിൽ നിന്നും കുട്ടികളെയുണ്ടാക്കാം

രണ്ട് ആൺ എലികളുടെ വാലിൻമേൽ നിന്നെടുത്ത കോശങ്ങളിൽ നിന്ന് അണ്ഡം ഉത്പാദിപ്പിക്കുകയും ഇത് വളർത്തിയെടുത്ത് എലിക്കുഞ്ഞുങ്ങളെ ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു ഗവേഷകർ. ജപ്പാനിലെ ഒസാക്ക സർവകലാശാലയിലെ സ്റ്റെം സെൽ ബയോളജിസ്റ്റ് കട്സുഹിക്കോ ഹയാഷിയും സംഘവുമാണ് പ്രായപൂർത്തിയായ ആൺ എലിയിൽ നിന്ന് ആദ്യമായി ഒരു മൂലകോശം അണ്ഡമാക്കി മാറ്റിയത്. നേച്ചറിലാണ് അവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനുമുമ്പ് പെൺ ജീവികളുടെ കോശങ്ങളിൽ നിന്നാണ് അണ്ഡകോശമുണ്ടാക്കിയിരുന്നത്.

എലിയുടെ വാലിൽ നിന്നെടുത്ത കോശങ്ങളെ ഇൻഡ്യൂസ്ഡ് പ്ലൂറിപോട്ടന്റ് സ്റ്റെം സെല്ലുകളാക്കി മാറ്റുകയാണ് ആദ്യം ചെയ്തത്. ഈ സ്റ്റെം സെല്ലുകളിൽ നിന്ന് രക്താണുക്കളോ, ന്യൂറോണുകളോ അല്ലെങ്കിൽ മറ്റേതൊരു കോശമോ ഉണ്ടാക്കിയെടുക്കാനാകും. ഇതിൽ നിന്നാണ് ഗവേഷകർ ബീജവും അണ്ഡവും സൃഷ്ടിക്കുന്നത്. ഇതിനെ പിന്നീട് ഭ്രൂണമായി വളർത്തിയെടുത്താണ് എലിക്കുഞ്ഞുങ്ങളാക്കിയത്.

ഇപ്പോൾ, കട്സുഹിക്കോ ഹയാഷിയുടെ ലാബ് വടക്കൻ വെളുത്ത കാണ്ടാമൃഗത്തിന്റെ Northern white rhinoceros (Ceratotherium simum cottoni). കുട്ടികളെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. അറിഞ്ഞിടത്തോളം രണ്ട് വടക്കൻ വെളുത്ത കാണ്ടാമൃഗങ്ങൾ മാത്രമേ ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ, അതു രണ്ടും പെണ്ണാണ്. വംശനാശമില്ലാതാക്കാൻ, ആൺ മൃഗമില്ലാതെ തന്നെ അടുത്ത തലമുറയെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രം.

6. ടൈററാനിക്കിനെപ്പോലെ ടൈറ്റനും ദുരന്തമായി

അറ്റ്‌ലാന്‍റിക്‌ സമുദ്രത്തിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ അന്തർവാഹിനിയിലെ യാത്രക്കാരായ അഞ്ചു പേരും മരണപ്പെട്ടത് ദുഖകരമായ വാർത്തയായി. അവര്‍ യാത്ര ചെയ്ത ടൈറ്റന്‍ എന്ന മുങ്ങിക്കപ്പലിനുള്ളിലെ മര്‍ദ്ദം കൂടി ഉള്ളിലേക്ക് പൊട്ടിത്തെറിച്ചത് (Implosion) മൂലമാണ് ദുരന്തമുണ്ടായത് എന്ന് കരുതപ്പെടുന്നു.

ബഹിരാകാശ യാത്ര പോലെത്തന്നെ പ്രധാനപ്പെട്ടതാണ് ആഴക്കടൽ പര്യവേക്ഷണവും. ഏറെ സാങ്കേതിക മികവോടെ തയ്യാറാക്കിയതെങ്കിലും ടൈറ്റന്റെ ദാരുണമായ അന്ത്യം ആഴക്കടലിൽ ശാസ്ത്രീയ പര്യവേക്ഷണം നടത്തുന്നതിൽ നമുക്കുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയിലേക്ക് വെളിച്ചം വീശുന്നു. ഗൌരവമായ പഠനത്തിനായി സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഡൈവ് ചെയ്യുന്ന ശാസ്ത്രജ്ഞർ നേരിടുന്ന പ്രയാസങ്ങൾ ഇല്ലാതാക്കാൻ ഇനിയും ഏറേ പഠനങ്ങൾ നടക്കേണ്ടതുണ്ട്.

7. ഏറ്റവും ചൂട് കൂടിയ വർഷമായി 2023 

125 വർഷത്തിനിടയിൽ ലോകത്ത് ഏറ്റവും ചൂട് കൂടിയ വർഷമായി 2023 മാറി. വ്യവസായ വിപ്ലവ പൂർവ കാലത്തേക്കാൾ 1.46 ഡിഗ്രി സെൽഷ്യസ് അധികമായിരുന്നു 2023 ലെ ആഗോള ശരാശരി താപനില. കൂടാതെ, കഴിഞ്ഞ ഒക്‌ടോബർ ലോകത്തിലെ ഏറ്റവും ചൂടേറിയ  മാസമായിരുന്നതായും യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് (സി3എസ്) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ, എൽ നിനോ എന്നിവയാണ് ചൂട് കൂടിയതിന് പ്രധാന കാരണമായി പറയുന്നത്.  

ആഗോള താപനത്തിന്റെ ആഘാതം കൂടുകയാണ്. ചൂടുള്ള കടലും ചൂടുള്ള അന്തരീക്ഷവും ഭയാനകമായ തോതിൽ പ്രകൃതിദുരന്തങ്ങൾക്ക് കാരണമായി. ലിബിയയിൽ, ഡാനിയൽ കൊടുങ്കാറ്റിനെത്തുടർന്ന് കനത്ത മഴയിൽ ഡെർന അണക്കെട്ട് തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു നഗരം കടലിൽ മുങ്ങി 20,000-ത്തിലധികം ആളുകൾ മരിച്ചു. ഗ്രീക്ക് ദ്വീപുകളിലും കനേഡിയൻ വനങ്ങളിലും തീ പടർന്നു. ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഫ്രെഡി കിഴക്കൻ ആഫ്രിക്കയിലെ ഗ്രാമങ്ങളെ ദാരിദ്ര്യത്താൽ തകർത്തു. വരൾച്ചയും ചൂടും ചില പ്രദേശങ്ങളെ വാസയോഗ്യമല്ലാതാക്കി. ആഗോളതാപനം തടയാൻ രാഷ്ട്രങ്ങൾ ഒന്നിച്ചു നിൽക്കേണ്ടത് നമ്മുടെ നിലനിൽപ്പിന് തന്നെ അത്യന്താപേക്ഷിതമാണെന്ന് കൂടുതൽ ബോധ്യപ്പെട്ടുകൊണ്ടിരികക്കുകയാണ്.

8. സിക്കിൾ സെൽ, താലസീമിയ രോഗങ്ങൾക്കെതിരെ ജീൻ തെറാപ്പിക്ക് അംഗീകാരം

ജനിതക രോഗങ്ങൾ ഭേദമാക്കാൻ ലക്ഷ്യമിടുന്ന ഒരു ജീൻ തെറാപ്പിക്ക് യു.കെയും യു എസ് എയും അംഗീകാരം നൽകിയത് 2023 ലെ പ്രധാന സംഭവമായി. ക്രിസ്‌പ്രർ (CRISPR/Cas9) എന്നറിയപ്പെടുന്ന ജീൻ എഡിറ്റിംഗ് ടൂൾ ഉപയോഗിച്ച് സിക്കിൾ സെൽ ഡിസീസ്, ബീറ്റാ തലസീമിയ എന്നിവയ്ക്കുള്ള ചികിത്സയാണ് ആദ്യമായി ലൈസൻസ് നേടിയത്, അതിന്റെ കണ്ടുപിടുത്തക്കാർക്ക് 2020 ൽ നൊബേൽ സമ്മാനം ലഭിക്കുകയുണ്ടായി.

ഹീമോഗ്ലോബിന്റെ ജീനിലെ പിഴവുകളാൽ ഉണ്ടാകുന്ന രണ്ട് പാരമ്പര്യ രോഗങ്ങൾക്കുള്ള ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റമാണിത്. സിക്കിൾ സെൽ രോഗമുള്ള ആളുകൾ അരിവാൾ ആകൃതിയിലുള്ള ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നു, അവ ആരോഗ്യകരമായ രക്തകോശങ്ങളെപ്പോലെ പ്രവർത്തിക്കാത്തതിനാൽ കഠിനമായ വിളർച്ചയുണ്ടാക്കും. രക്തക്കുഴലുകളെ തടയുകയും അധികഠിനമായ വേദനയ്ക്കും ജീവന് ഭീഷണിയായ അണുബാധകൾക്കും കാരണമാകുകയും ചെയ്യും.

ബീറ്റാ തലസീമിയ ഉള്ള ആളുകളിൽ ആവശ്യത്തിന് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കുന്നില്ല, ബീറ്റാ തലസീമിയ രോഗികൾക്ക് ഏതാനും ആഴ്ചകൾ കൂടുമ്പോൾ പലപ്പോഴും രക്തം മാറ്റൽ ആവശ്യമാണ്. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ജീൻ എഡിറ്റിംഗ് സാങ്കേതിക വിദ്യയിലൂടെ കാസ്ഗെവി Casgevy ചികിത്സ സഹായകരമാകുന്നത്.

9. ജൈവവൈവിധ്യ നാശം കൂടുന്നു

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ യൂറോപ്പിലുടനീളമുള്ള പക്ഷികളുടെ എണ്ണം 5.50 കോടിയായി കുറഞ്ഞു. ആവാസവ്യവസ്ഥയുടെ നഷ്ടവും മലിനീകരണവുമാണ് പ്രധാന കാരണങ്ങളെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാൽ സ്റ്റാനിസ്ലാസ് റിഗലിന്റെ നേതൃത്വത്തിലുള്ള ഒരു ഗവേഷക സംഘം 28 രാജ്യങ്ങളിലെ 20,000 സൈറ്റുകളിലായി 170 പക്ഷി ഇനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. കീടനാശിനികളുടെയും രാസവളങ്ങളുടെയും വർദ്ധിച്ച ഉപയോഗമാണ് പ്രധാന കാരണമായി കണ്ടെത്തിയത്, ഇത് പക്ഷികൾക്ക് ഭക്ഷണം നഷ്ടപ്പെടുത്തുക മാത്രമല്ല, അവയുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നു. ശാസ്ത്രീയവും നിയന്ത്രിതവുമായ രീതിയിൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കേണ്ടുന്നതിന്റെ പ്രാധാന്യമാണ് ഈ പഠനം എടുത്തു പറയുന്നത്.

10. പൊണ്ണത്തടി കുറക്കാൻ ഫലപ്രദമായ മരുന്ന്

ലോകമെമ്പാടുമുള്ള 735 ദശലക്ഷം ആളുകൾ പട്ടിണിയിലാണ് . അതേ സമയം 650 ദശലക്ഷം മുതിർന്നവർ പൊണ്ണത്തടിയുള്ളവരാണ്, പോഷകാഹാരക്കുറവ് മൂലം മരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ പൊണ്ണത്തടി മൂലമാണ് മരിക്കുന്നത്. അതിനാൽത്തന്നെ ഗ്ലൂക്കോൺ ലൈക്ക് പെപ്റ്റൈഡ്-1 (GLP-1) റിസപ്റ്റർ ഉത്തേജകങ്ങൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം മരുന്നുകളുടെ കണ്ടെത്തൽ ആരോഗ്യമേഖലയിൽ പ്രധാനപ്പെട്ടതായി മാറിയിട്ടുണ്ട്.

ഈ GLP-1 മരുന്നുകൾ പ്രമേഹം നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്നു, അവയ്ക്ക് ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളായി ലൈസൻസ് ലഭിച്ചത് ഇപ്പോഴാണ്. വീഗോവി എന്ന ഈ മരുന്ന് രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്നതിലൂടെയും ഭക്ഷണം കഴിക്കുമ്പോൾ ആളുകൾക്ക് വേഗത്തിൽ വയറുനിറഞ്ഞതായി തോന്നുന്നതിലൂടെയുമാണ് പ്രവർത്തിക്കുന്നത്. Wegovy പക്ഷാഘാതം, ഹൃദ്രോഗം മൂലമുള്ള മരണം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

2023 വിടപറയുമ്പോൾ, ജിജ്ഞാസയ്ക്ക് അതിരുകളില്ലെന്ന് ഈ ശാസ്ത്ര നാഴികക്കല്ലുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. അറിവിനായുള്ള അന്വേഷണം തുടരുന്നു, ശാസ്ത്രത്തിന്റെ അത്ഭുതങ്ങൾ വരും വർഷങ്ങളിൽ നമ്മെ കാത്തിരിക്കുന്നു


Happy
Happy
35 %
Sad
Sad
4 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
12 %

Leave a Reply

Previous post 2024 – അന്താരാഷ്ട്ര ഒട്ടകവർഷം
Next post 2024 ജനുവരിയിലെ ആകാശം
Close