Read Time:16 Minute
[author image=”http://luca.co.in/wp-content/uploads/2014/09/ekbal_b.jpg” ]ഡോ. ബി. ഇക്ബാല്‍
ചീഫ് എഡിറ്റര്‍
[email protected] [/author] ശാസ്ത്രബോധവും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി 1914 ല്‍ രൂപീകരിച്ച ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ 2015ജനുവരി 3 മുതല്‍ 7 വരെ മുംബൈയില്‍ നടന്ന 102 ആം സമ്മേളനം ദു:ഖരകമായ രൂപത്തില്‍, ഇന്ത്യന്‍ ശാസ്ത്രലോകത്തെ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യമാക്കികൊണ്ടായിരുന്നു സമാപിച്ചത്.

science congress_2015

ശാസ്ത്രബോധവും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി 1914 ല്‍ രൂപീകരിച്ച ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ 2015 ജനുവരി 3 മുതല്‍ 7 വരെ മുംബൈയില്‍ നടന്ന 102 ആം സമ്മേളനം ദു:ഖരകമായ രൂപത്തില്‍, ഇന്ത്യന്‍ ശാസ്ത്രലോകത്തെ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യമാക്കികൊണ്ടായിരുന്നു സമാപിച്ചത്. ബ്രിട്ടീഷ് ഭരണകാലത്താരംഭിച്ച സയന്‍സ് കോണ്‍ഗ്രസ്സ് സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം ജവഹര്‍ലാല്‍ നെഹൃവിന്റെ പ്രത്യേക താത്പര്യപ്രകാരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞരെല്ലാം പങ്കെടുക്കയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര സമ്മേളനമായി മാറിയിരുന്നു. പ്രധാന മന്ത്രിമാരുടെ ചടങ്ങ് പ്രസംഗങ്ങളും സ്ഥാപിത താത്പര്യക്കാ‍രായ ചില ശാസ്ത്രജ്ഞരുടെ വിരസമായ പ്രഭാഷണങ്ങളും അവാര്‍ഡ് ദാനവും മറ്റുമായി ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ മൂല്യത്തിന് അടുത്തകാലത്ത് ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രസക്തിയെ കുറച്ച് കാണാനാവില്ല. കേരള സര്‍വ്വകലാശാല കാമ്പസില്‍ വച്ച് 2010 ല്‍ നടന്ന 97 മത് ശാസ്ത്രകോണ്‍ഗ്രസ്സ് യുവ ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച് മികച്ച് ശാസ്ത്ര പ്രബന്ധങ്ങള്‍ കൊണ്ടും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെ പ്രശസ്ത്ര ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്താന്‍ കാട്ടിയ ഉത്സാഹം കൊണ്ടും ശ്രദ്ധേയമായ ശാസ്ത്ര ഉത്സവം തന്നെയായി മാറിയിരുന്നു.

ഭാരതത്തിന്റെ ഭൂതകാല ശാസ്ത്രമഹത്വത്തിന്റെ പേരില്‍ അശാസ്ത്രീയ നിരീക്ഷണങ്ങളിലേക്കൂം പ്രാകൃത മത ഭാവനയിലേക്കും തിരിച്ച് പോകാന്‍ നടത്തിയ ശ്രമങ്ങളാണ് പക്ഷേ ഇത്തവണത്തെ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ശാസ്ത്രബോധമുള്ളവരെയെല്ലാം ഞെട്ടിച്ച് കൊണ്ട് നടന്നത്. “പ്രാചീന ശാസ്ത്രങ്ങള്‍ സംസ്കൃതത്തിലൂടെ” എന്ന വിചിത്രമായ പേരിട്ട് നടത്തിയ ശില്പശാലയില്‍ ആനന്ദ ബോഡാസ്, അമേയ യാദവ് എന്നിവര്‍ അവതരിപ്പിച്ച പ്രബന്ധങ്ങളാണ് പരിഹാസ്യമായ ആശയങ്ങള്‍ മുന്നോട്ട് വച്ചത്. ഇവര്‍ അവതരിപ്പിച്ച് പ്രബന്ധത്തില്‍ അവകാശപ്പെട്ടത് ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ ഗ്രഹാന്തര യാത്രകള്‍ നടത്താന്‍ പ്രാപ്തമായ വിമാനങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ്. അക്കാലത്തെ വിമാനങ്ങള്‍ ഇന്നത്തെക്കാള്‍ വലിപ്പമേറിയവയും ഇടത്തേക്കും വലത്തേക്കും പുറകിലേക്കു, ചലിപ്പിക്കാന്‍ കഴിയുന്നവയുമായിരുന്നുവെന്ന് ഇവര്‍ അവകാശപ്പെട്ടു. ഭര്ദ്വാജ് മുനി ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് രചിച്ച “വൈമാനിക പ്രകരണം” എന്ന ആധികാരിക ഗ്രന്ഥത്തില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നാണ് പ്രബന്ധ കര്‍ത്താക്കള്‍ അറിയിച്ചത്. ഈ വിശ്രുത ഗ്രന്ഥത്തിന്റെ ഏതാനും ഭാഗം മാത്രമേ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്നും ശേഷിച്ച ഭാഗങ്ങള്‍ വൈദേശിക ശക്തികള്‍ അപഹരിച്ച് അവരുടെ നാട്ടിലേക്ക് കൊണ്ടുപോയി എന്നുമുള്ള ഗൂഡാലോചനാ സിദ്ധാന്തവും അവര്‍ അവതരിപ്പിച്ചു.

“രൂപാകര്‍ഷണ രഹസ്യം” എന്ന പ്രാചീന സംസ്ക്രത ഗ്രന്ഥത്തില്‍ റഡാറുകളെ പറ്റി പറഞ്ഞിട്ടുണ്ടെന്നും വിമാനത്തിന്റെ ഘടന തന്നെ വിശദമായി ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ അവകാശപെട്ടു.  വൈമാനിക പരിശീലകനായി വിരമിച്ചയാളാണ് ക്യാപ്റ്റന്‍ ആനന്ദ് ബോധാസ് എന്നോര്‍ക്കണം. ചെറുവിമാനങ്ങള്‍ മുതല്‍ ജംബോജറ്റ് വരെ ഭാരതീയര്‍ പുരാതനകാലത്ത് പറത്തിയിരുന്നുവെന്നാണ് ഇദ്ദേഹം അവകാശപ്പെട്ടത്. ശില്പശാലയില്‍ പങ്കെടുത്ത് തുടര്‍ന്ന് സംസാരിച്ചവരിലൊരാള്‍ ചൊവ്വായുടെ ഉപരിതലത്തില്‍ കണ്ടെത്തീയ ഹെല്‍മറ്റ് ആകൃതിയിലുള്ള വസ്തു വ്യോമസഞ്ചാരികളുടെ തലയില്‍ ധരിച്ചിരുന്ന മുടിയാണെന്ന് അവകാശപ്പെടാന്‍ മടിച്ചില്ല. ക്വാണ്ടം ഫിസിക്സിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ അനിശ്ചിതത്വ നിയമം (Uncertainty Principle) അത് കണ്ടെത്തിയ ഹൈസന്‍ ബര്‍ഗ് (Werner Karl Heisenberg: 1901-1976) വേദങ്ങളില്‍ നിന്നും മോഷ്ടിച്ചതാണെന്നു വരെ ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി.

ശാസ്ത്ര കോണ്‍ഗ്രസ്സിന് ശേഷം വൈമാനിക പ്രകരണം എന്ന ഗ്രന്ഥത്തെസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ എച്ച് എസ് മുകുന്ദ, എസ് എം ദേശ് പാണ്ഡെ, എം ആര്‍ നാഗേന്ദ്ര, എ പ്രഭു, എസ് പി ഗോവിന്ദ രാജു തുടങ്ങിയ ശാസ്ത്രജ്ഞര്‍ ജേര്‍ണല്‍ ഓഫ് സയിന്റിഫിക്ക് ഒപ്പീനിയന്‍ എന്ന ശാസ്ത്രമാസികയില്‍ എഴുതിയ ഗവേഷണ പ്രബന്ധത്തില്‍ ഭരദ്വാജ് എഴുതിയ വൈമാനികശാസ്ത്രം ആയിരത്തിതൊള്ളായിരത്തി നാലിനോ അതിനു ശേഷമോ എഴുതപ്പെട്ടതാണെന്നതിനുള്ള തെളിവുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല പുസ്തകത്തില്‍ പറയുന്ന വിമാനമാതൃക പ്രയോഗിച്ച് വിമാനമൊന്നും പറത്താനാവില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 1903 ല്‍ തന്നെ റൈറ്റ് സഹോദരന്മാര്‍ വിമാനത്തിന്റെ ആദ്യമാതൃക തയ്യാറാക്കി അമേരിക്കയിലെ നോര്‍ത്ത് കരോലിന സംസ്ഥാനത്തെ കിറ്റി ഹോക്ക് എന്ന സ്ഥലത്ത് പരീക്ഷണ പറക്കന്‍ വിജയകരമായി നടത്തിയിരുന്നുവല്ലോ. ഈ ശാസ്ത്രശാഖയില്‍ വിദഗ്ദനായ പ്രസിദ്ധ ശാസ്ത്രജ്ഞന്‍ റോസാം നരസിംഹ പൌരാണിക ഭാരതത്തില്‍ വൈമാനിക ശാസ്ത്രപരമായി ഗൌരവമായി പരിഗണിക്കേണ്ട യാതൊന്നും എഴുതപ്പെട്ടിട്ടില്ലെന്നും വൈമാനിക് പ്രകരണത്തില്‍ രേഖപ്പെടുത്തിയതൊന്നും ശാസ്ത്ര ദൃഷ്ട്യാ സാധുകരിക്കാനാവുന്നതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഭാരതത്തില്‍ മാത്രമല്ല സമ്പന്നമായ പ്രാചീന സംസ്കൃതിയുള്ള ഈജിപ്ത് , ചൈന തൂടങ്ങിയ രാജ്യങ്ങളിലെല്ലാം ദേശീയ പുരാണ ഗ്രന്ഥങ്ങളില്‍ മനുഷ്യന്റെ ഭാവനയില്‍ നിന്നുള്ള നിരവധി മിത്തുകളും ഭാവനകളും രേഖപ്പെടുത്തിയിട്ടുള്ളതായി കാണാന്‍ കഴിയും. കേവലം ഉപരിപ്ലവമായ സാമ്യങ്ങള്‍ കൊണ്ട് വേദഗ്രന്ഥങ്ങളിലുള്ള പരാമര്‍ശങ്ങളെ ശാസ്ത്രങ്ങളായി പരിഗണിക്കാനാവില്ല. എന്തിന് ആധുനിക കാലത്ത് എസ് ജി വെല്‍ത്സും കാള്‍ സാഗനും മറ്റും രചിച്ച ശാസ്ത്ര നോവലുകളില്‍ പില്‍ക്കാലത്ത് ശാസ്ത്രീയമായി കണ്ടുപിടിക്കപ്പെട്ട നിരവധി സാങ്കേതിക വിദ്യകളെ പറ്റി സൂചിപ്പിക്കുന്നുണ്ട്. ഇതൊന്നും മുന്‍ കൂട്ടി കണ്ട് പിടിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളായി ആരും കണക്കിലെടുക്കാറില്ല. മറിച്ച് മനുഷ്യ ഭാവനയുടെ സൃഷ്ടിമാത്രമായിട്ടാണ് കരുതാറുള്ളത്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുക്കുന്ന ശാസ്ത്ര വിജ്ഞാനത്തിന്റെ അടിസ്ഥാനം പുനരാവര്‍ത്തനവും പരിശോധനാവിധേയത്വവുമാണ്. ഈ സ്വഭാവങ്ങളൊന്നുമില്ലാത്ത ഭാവന സൃഷ്ടി മാത്രമായ അഭിപ്രായപ്രകടനങ്ങളൊന്നും ശാസ്ത്രീയം എന്ന വിശേഷണം അര്‍ഹിക്കുന്നില്ല.

ഇവിടെ പക്ഷേ ഇത്തരം അഭിപ്രായപ്രകട്രനത്തെ നിര്‍ദ്ദോശമായ നിരീക്ഷണങ്ങളായി കാണാന്‍ നിവൃത്തിയില്ല. എല്ല്ലാ വിജ്ഞാനങ്ങളൂടെയും ഉറവിടം പ്രചീന ഭാരത്തിലെ പൌരാണിക ഗ്രന്ഥങ്ങളാണ് എന്ന് അവകാശപ്പെടുന്ന അതിദേശീയ വാദത്തിന്റെയും തീവ്ര ഹിന്ദുത്വത്തിന്റെയും നവ പുനരുത്ഥാന വാദത്തിന്റെയും ഭാഗമായിട്ടാണ് ദേശീയ കോണ്‍ഗ്രസ്സില്‍ ശാസ്ത്രത്തിന്റെ ആവരണത്തോടെ ഇത്തരം അഭ്പ്രായങ്ങള്‍ ഉയര്‍ന്നു വന്നതെന്ന് വ്യക്തമാണ്.

ശാസ്ത്രകോണ്‍ഗ്രസ്സിനു മുന്‍പ് തന്നെ നമ്മുടെ ബഹുമാനപ്പെട്ട പ്രധാന മന്ത്രി നരേന്ദ്ര മോഡിയും ഇതേമട്ടില്‍ തികച്ചും ബാലിശമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി ഇത്തരം ശാസ്ത്ര വിരുദ്ധമായ സമീപനത്തിന് തുടക്കം കുറിച്ച് കഴിഞ്ഞിരുന്നു.. പൌരാണിക കാലത്ത് തന്നെ ഭാരത്തത്തില്‍ പ്ലാസ്റ്റിക്ക് സര്‍ജറി അറിയാവുന്നവര്‍ ഉണ്ടായിരുന്നു വെന്ന് ഗണപതിയുടെ ശരീരഘടന ഉദാഹരിച്ച് നമ്മുടെ പ്രധാനമന്ത്രി വാദിക്കയുണ്ടായി. മാത്രമല്ല ഗര്‍ഭപാത്രത്തിന് പുറത്ത് ഭൂണം ഉല്പാദിപ്പിക്കുന്ന സാങ്കേതിക ജ്ഞാനം പോലും ഭാരത്തില്‍ നിലനിന്നിരുന്നുവെന്ന് പ്രധാനമന്ത്രി അവകാശപെട്ടു. (പാട്രിക്ക് സ്റ്റെപ്റ്റൊ, റോബര്‍ട്ട് എഡ്വ് വേര്‍ഡ്സ് എന്നീ ശാസ്ത്രജ്ഞര്‍ വിജയകരമായ ആദ്യത്തെ ശരീര ബാഹ്യ ബീജ സങ്കലനം (In vitro fertilisation) 1977 ല്‍ നടത്തുകയും തുടര്‍ന്ന് ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു വെന്ന് വിശേഷിപ്പ്ക്കപ്പെട്ട ലൂയിസ് ബ്രൌണ്‍ 1978 ജൂലൈ 25 നു ജനിക്കയും ചെയ്ത വിവരം ഓര്‍മ്മിക്കുമല്ലോ) പ്രധാനമന്ത്രിയുടെ ചുവടുപിടിച്ച് കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങള്‍ സമാന അഭിപ്രായപ്രകടനങ്ങള്‍ നടത്തി ശാസ്ത്ര ബോധമുള്ളവരുടെ മുന്നില്‍ പരിഹാസ്യരായതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടാന്‍ കഴിയും. ഇന്ത്യന്‍ വിദേശകാ‍ര്യ മന്ത്രി സുഷമാ സ്വരാജാവട്ടെ ഒരു പടി മുന്നോട്ട് പോയി ഭഗവത് ഗീത ഇന്ത്യയുടെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കേണ്ടതാണെന്ന് അഭിപ്രായപ്പെടാനും മടിച്ചില്ല.

യഥാര്‍ത്തില്‍ ഇത്തരം പ്രസ്താവനകളിലൂടെ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്. . ഇന്ത്യന്‍ ഭരണഘടനയുടെ 51 എ (എച്ച്) അനുശ്ചേദത്തില്‍ ശാസ്ത്രബോധം, മാനവികത, ശാസ്ത്രാന്വേഷണ ത്വര എന്നിവ പ്രോത്സാഹിപ്പികേണ്ടത് പൌരന്മാരുടെ ചുമതലയും കടമയുമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. (citizens have a duty to develop the scientific temper, humanism and the spirit of inquiry and reform) പ്രചരിപ്പിക്കേണ്ടതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യ ഒരു മതേതര സോഷ്യലിസ്റ്റ് പരമാധികാര ജനാധിപത്യ രാഷ്ടമാണെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നും (Sovereign, Socialist, Secular, Democratic Republic) മതേതരം, സോഷ്യലിസ്റ്റ് എന്നീ ഭാഗങ്ങള്‍ നീക്കം ചെയ്ത് പരസ്യം നല്‍കിയ ഒരു സര്‍ക്കാരില്‍ നിന്നും ഭരണഘടനയോട് ബഹുമാനമൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ.

പാശ്ചാത്യ കേന്ദ്രീകൃതമായ ശാസ്ത്ര ചരിത്ര രചനയില്‍ ഇന്ത്യ, ചൈന, അറേബ്യ തുടങ്ങിയ പൌരസ്ത്യ രാജ്യങ്ങളുടെ സംഭാവനകള്‍ തമസ്കരിക്കപ്പെട്ടിട്ടുണ്ട് എന്നത് ശരിയാണ്. ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ നിരവധി മേഖലകളില്‍ മൌലിക സംഭാവനകള്‍ പൌരസ്ത്യ രാജ്യങ്ങളീലെ ശാസ്ത്ര പ്രതിഭകള്‍ നല്‍കിയിട്ടുണ്ട്. പാശ്ചാത്യ നാടുകളേക്കാള്‍ മുന്‍പ് വിപുലമായ ഗണിത പദ്ധതി കേരളത്തിന് സ്വന്തമായിട്ടുണ്ടായിരുന്നുവെന്ന് പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞന്‍ ജോര്‍ജ്ജ് ഗീവര്‍ഗീസ് ജോസഫ് തന്റെ ഗവേഷണ ഫലമായി കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭാവനകള്‍ വ്യത്യസ്ത ശാസ്ത്ര മേഖലകളില്‍ ശാസ്ത്രീയ സിദ്ധാന്ത രൂപീകരണ രീതീശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയിട്ടുള്ളവയാണ്. കെട്ടുകഥകളേയും ഐതിഹ്യങ്ങളേയും ചോദ്യം ചെയ്യപ്പെടാതെ അംഗീകരിക്കേണ്ട മതഗ്രന്ഥങ്ങളേയും ആശ്രയിച്ചിട്ടുള്ളവയല്ല. ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ മുന്‍ കാലങ്ങള്‍ നല്‍കിയിട്ടുള്ളവയും പില്‍കാലത്ത് വിസ് മൃതിയില്‍ ലയിക്കയോ പാശ്ചാത്യ അധിനിവേശത്തിന്റെ ഭാഗമായി തിരസ്കരിക്കപ്പെടുകയോ ചെയ്യപ്പെട്ട ശാസ്ത്ര സംഭാവനകളെ പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ ഇത്തരം അശാസ്ത്രീയ വിതാണ്ഡ വാദങ്ങള്‍ ദുര്‍ബലപ്പെടുത്തും എന്നുതാണ് ഖേദകരമായ കാര്യം.

[divider]

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുരങ്ങ് പനിയും ഗൂഡാലോചനയും വലയുന്ന ആദിവാസികളും
Next post ശാസ്ത്രം, ചരിത്രം, ഐതിഹ്യം – ഹിന്ദുത്വത്തിന്റെ കണ്ടെത്തല്‍
Close