ഡോ. ബേസിൽ സാജു
വൈറോളജിയുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പയിലെ നാലാമത്തെ ലേഖനം. സാര്‍സ് (സിവിയര്‍ അക്യൂറ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം – SARS)
സിവിയര്‍ അക്യൂറ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം ( സാര്‍സ്/SARS) വൈറസ് പടര്‍ത്തുന്ന ശ്വാസകോശരോഗമാണ്. SARS കോറോണാവൈറസ് (SARS-CoV) പടര്‍ത്തുന്ന ഈ രോഗം 2002 – ല്‍ ചൈനയിലാണ് വലിയ പകർച്ചവ്യാധിയായി രൂപംകൊണ്ടത്. അന്നേവരെ ലോകമെമ്പാടും ചുരുക്കം ചില കേസുകള്‍ മാത്രം റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന സാർസ് 2002 നവംബര്‍- 2003 ജൂലൈ കാലയളവില്‍ എണ്ണായിരത്തില്‍ പരം ആളുകളെ ബാധിച്ചു. ആ കാലയളവില്‍ സാർസ് സ്ഥിരീകരിച്ച 8092 പേരില്‍ 774 പേര്‍ മരണപ്പെട്ടു. 2004 തൊട്ട് ഇന്നുവരെ മറ്റ് SARS കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ 2019 ഡിസംബറില്‍ ആരംഭിച്ച കോവിഡ് 19 നു കാരണം SARS-CoV-2 വൈറസ് ആണ് എന്ന് സ്ഥിരീകരിക്കപ്പെട്ടു. ജനിതകമായി SARS-CoV യുമായി വളരെ അധികം സാമ്യം ഉള്ളതിനാല്‍ ആണ് ഇങ്ങനെ നാമനിര്‍ദേശം ചെയ്യപ്പെട്ടത്.
രോഗം പകരുന്ന വിധം
സാര്‍സ് എപ്പിഡെമിക് 26 രാജ്യങ്ങളില്‍ ആണ് 2003 -ല്‍ സ്ഥിരീകരിക്കപ്പെട്ടത്. പ്രധാനമായും വ്യക്തികളില്‍ നിന്ന് മറ്റ് വ്യക്തികളിലേക്ക് ആണ് രോഗം പടര്‍ന്നു പിടിച്ചത്. ശാസ്വാകോശ സ്രവങ്ങലൂടെയാണ് വൈറസ് പ്രധാനമായും പകര്‍ന്നത്. ആശുപത്രികളിലെ രോഗാണു നിയന്ത്രണ മാര്‍ഗങ്ങളിലെ പോരായ്മകള്‍ ആണ് ഇതിന് വഴി ഒരുക്കിയത്. മികച്ച രോഗാണു നിയന്ത്രണ മാര്‍ഗങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടുകൂടി സാര്‍സ് നിയന്ത്രണ വിധേയമാവുകയും തുടർന്നു പകര്‍ച്ചവ്യാധി കെട്ടടങ്ങുകയും ചെയ്തു. SARS-CoV ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ 2 മുതല്‍ 7 ദിവസം വരെ സമയം എടുത്തേക്കാം. മനുഷ്യ ശരീരത്തിന് പുറത്തും മണിക്കൂറുകളോളം ജീവിക്കാന്‍ ഈ വൈറസിനു സാധ്യമാണ്.
രോഗലക്ഷണങ്ങള്‍
ഇന്‍ഫ്ലുവന്‍സയുടെ ലക്ഷണത്തോടെയാണ് രോഗത്തിന്‍റെ തുടക്കം. പനി, ശ്വാസം മുട്ടൽ, പേശിവേദന, തളര്‍ച്ച, തലവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ആണ് SARS-ല്‍ പ്രധാനമായും കണ്ടുവരുന്നത്. ചുമ, ശ്വാസം മുട്ടൽ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ അസുഖത്തിന്‍റെ ആദ്യത്തെ അല്ലെങ്കില്‍ രണ്ടാമത്തെ ആഴ്ച്ചയില്‍ പ്രകടമാകും.
ചികിത്സ
ചെസ്റ്റ് എക്സ് റേയിൽ നിന്നും , വൈറസ് സാന്നിധ്യം ലാബ് പരിശോധനയിൽ കണ്ടുപിടിച്ചും രോഗ നിര്‍ണയം നടത്താം. സാര്‍സ് പടര്‍ത്തുന്നത് വൈറസ് ആയതിനാല്‍ ആന്റിബയോട്ടിക്‌സ് ഫലപ്രദമല്ല. റിബവറീന്‍, ലോപിനാവിര്‍ തുടങ്ങിയ ആന്‍റിവൈറല്‍ മരുന്നുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അവ എത്രത്തോളം ഫലപ്രദം ആണ് എന്ന് വ്യക്തമല്ല.
പ്രതിരോധം
സാര്‍സ്-നു എതിരെ വാക്സിന്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. സാര്‍സ് ബാധിതരെ കണ്ടെത്തി സഞ്ചാരവും സമ്പര്‍ക്കവും പരിമിതപ്പെടുത്തുക, ഓരോ വ്യക്തിയും വ്യക്തിശുചിത്വം പാലിക്കുക, കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകുക, ഒരു കൈ അകലത്തില്‍ നിന്ന് മറ്റുള്ളവരുമായി ഇടപ്പെടുവാൻ ശ്രദ്ധിയ്ക്കുക. ഗവണ്‍മെന്‍റ് നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുവാൻ ശ്രമിക്കുക എന്നിവയൊക്കെ രോഗം തടയാൻ സഹായിക്കും.
മെർസ് – (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം)ത്തെക്കുറിച്ച് അടുത്ത ലേഖനത്തില്‍ വായിക്കാം
ഡോ. ബേസിൽ സാജു, പബ്ലിക് ഹെൽത്ത് പി ജി വിദ്യാർത്ഥി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസെസ്
പരമ്പരയില്‍ പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങള്‍
1 | വൈറോളജിക്ക് ഒരാമുഖം | ഡോ. ഷാന ഷിറിൻ |
2 | എബോള വൈറസ് | ഡോ. സ്റ്റെഫി ആൻ വര്‍ഗീസ് |
3 | നിപ വൈറസ് | ഡോ. സ്നേഹ ജോർജി |
4 | സാര്‍സ് വൈറസ് |
ഡോ. ബേസിൽ സാജു |