Read Time:10 Minute

ഡോ. സ്നേഹ ജോർജി

വൈറോളജിയുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പയിലെ മൂന്നാമത്തെ ലേഖനം. നിപ വൈറസ്

നിപ്പ വൈറസ് ഒരു സൂനോട്ടിക് വൈറസ് ആണ്. അതായത് ഇത് മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്നതാണ്. നിപ വൈറസ്, പാരാമിക്സോ വൈറസ് എന്ന ഫാമിലിയിലും ഹെനിപാ വൈറസ് എന്ന ജീനസിലും ഉള്‍പ്പെടുന്നതാണ്. സ്റ്റെറോപസ് ജീനസ്സിലെ വലിയ  പഴംതീനി വവ്വാലുകളാണ് ഇവയുടെ സ്വാഭാവിക സംഭരണി.(natural reservoirs)

ഹെനിപ വൈറസ് ഘടന കടപ്പാട് വിക്കിപീഡിയ

 

പകരുന്ന രീതി  

ആദ്യമായി മലേഷ്യയിലും പിന്നീട് സിംഗപ്പൂരിനെയും ബാധിച്ച നിപ്പ  പകർച്ചവ്യാധി, രോഗമുള്ള പന്നികളുമായും മലിനമായ  ടിഷ്യുകളുമായും മനുഷ്യൻ നേരിട്ട് സമ്പർക്കം പുലർത്തിയതിന്റെ ഫലമായിരുന്നു. അതായത്, പന്നികളിൽ നിന്നുള്ള സ്രവങ്ങളുമായി അല്ലെങ്കിൽ  രോഗിയായ മൃഗത്തിന്റെ ടിഷ്യുവുമായി സുരക്ഷിതമല്ലാത്ത സമ്പർക്കം വഴിയാണ് സംക്രമണം നടന്നതെന്ന് കരുതുന്നു.

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും കഴിക്കുന്നതിലൂടെയും രോഗം പകരാം.

റ്റീറോപ്പസ് വവ്വാൽ

നിപ്പ വ്യാപനം

ആദ്യമായി വൻതോതിൽ നിപ്പ ഉണ്ടായത് മലേഷ്യയിലും സിംഗപ്പൂരിലും ആണ്. 1998 സെപ്റ്റംബർ മുതൽ 1999 മെയ് വരെയുള്ള കാലഘട്ടത്തില്‍ 276 കേസുകൾ അവിടെ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ, 2001 ലും 2007ലുമായി പശ്ചിമബംഗാളിൽ നിന്നും അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്നും ഇതു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ  രോഗം പൊട്ടിപ്പുറപ്പെട്ട സമയത്ത്, 33 ആരോഗ്യ പ്രവർത്തകരും ആശുപത്രി സന്ദർശകരും നിപ രോഗികളുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്ന് രോഗബാധിതരായി.

കേരളത്തില്‍
2018 മേയ് മാസത്തിലാണ് കേരളത്തിൽ നിപാ വൈറസ് ബാധ ഉണ്ടായത്. പേരാമ്പ്രയില്‍ രോഗം പരത്തിയ ആദ്യരോഗിക്ക് ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലുള്ള അവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 18 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. 2018-ല്‍ കോഴിക്കോട്ട് 17 പേരുടെ ജീവനെടുത്ത ‘നിപ’ എന്ന മഹാവ്യാധി 2019-ല്‍ എറാണാകുളത്തെ പറവൂരിലേക്ക് എത്തിയപ്പോഴേക്കും നിപ പ്രതിരോധത്തില്‍ പൊതുജനാരോഗ്യ രംഗത്ത് യു.എന്‍. അംഗീകാരംവരെ നേടിക്കൊടുത്ത  മോഡലായി കേരളം മാറി.

രോഗലക്ഷണങ്ങള്‍ എന്തൊക്കെ?

നിപ്പ വൈറസിന്റെ ഇൻകുബേഷൻ കാലയളവ് (അണുബാധ മുതൽ ലക്ഷണങ്ങളുടെ ആരംഭം വരെയുള്ള ഇടവേള) 4 മുതൽ 14 ദിവസം വരെയാണ്. എന്നിരുന്നാലും, ഇൻകുബേഷൻ കാലയളവ് 45 ദിവസം വരെ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

രോഗം ബാധിച്ച ആളുകൾക്ക് തുടക്കത്തിൽ പനി, തലവേദന, പേശിവേദന, ഛർദ്ദി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നു. ഇതിനു ശേഷം, അക്യൂട്ട് എൻസെഫലൈറ്റിസ് സൂചിപ്പിക്കുന്ന ന്യൂറോളജിക്കൽ അടയാളങ്ങൾ അതായത് തലകറക്കം, മയക്കം, ബോധക്കേട് എന്നിവ സംഭവിക്കാം. ചില ആളുകൾക്ക് ന്യൂമോണിയയും കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടാം. ഗുരുതരമായ കേസുകളിൽ എൻസെഫലൈറ്റിസും അപസ്മാരവുംകാണുകയും തുടര്‍ന്നു 24 മുതൽ 48 മണിക്കൂറിനുള്ളിൽ കോമ സ്റ്റേജിലേക്കു പോകുന്നതായും കാണുന്നു.

അക്യൂട്ട് എൻ‌സെഫലൈറ്റിസിനെ അതിജീവിക്കുന്ന ഭൂരിഭാഗം ആളുകളും പൂർണ്ണമായി സുഖം പ്രാപിക്കുന്നു. പക്ഷേ അതിജീവിച്ചവരിൽ ദീർഘകാല ന്യൂറോളജിക് അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 20% രോഗികൾക്ക് ന്യൂറോളജിക്കൽ അനന്തരഫലങ്ങളും വ്യക്തിത്വ മാറ്റങ്ങളും ഉണ്ടാകാനിടയുണ്ട്. പൊതുവേ, മരണനിരക്ക് 40-75% ആണ്; എന്നിരുന്നാലും, ഈ നിരക്ക് ഓരോ ഔട്ബ്രെകിലും വ്യത്യാസപ്പെടാം, ചിലപ്പോൾ ഇത് 100% വരെ ആകാം.

രോഗം എങ്ങനെ സ്ഥിരീകരിക്കും?

നിപ വൈറസ് അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍ അധികം വ്യക്തമായിരിക്കുകയില്ല, മാത്രമല്ല ആദ്യ സമയത്ത് പലപ്പോഴും നിപ്പ വൈറസ് സംശയിക്കപ്പെടുന്നില്ല. ഇവ കൃത്യമായ രോഗനിർണയം, ഫലപ്രദവും സമയബന്ധിതവുമായ അണുബാധ നിയന്ത്രണ നടപടികൾ, ഔട്ബ്രേയകിനെതിരെയുള്ള പ്രതികരണ പ്രവർത്തനങ്ങൾ എന്നിവയിൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നു.

കൂടാതെ, ക്ലിനിക്കൽ സാമ്പിൾ ശേഖരണത്തിന്റെ ഗുണനിലവാരം, അളവ്, തരം, സമയം, ലബോറട്ടറിയിലേക്ക് സാമ്പിളുകൾ കൈമാറാൻ ആവശ്യമായ സമയം എന്നിവ ലബോറട്ടറി ഫലങ്ങളുടെ കൃത്യതയെ ബാധിക്കും.

നിപ 2018 ല്‍ കോഴിക്കോടുനിന്നുമുള്ള ദൃശ്യം കടപ്പാട് Reuters

രോഗനിര്‍ണയത്തിന് അനുയോജ്യമായ സാംപിളുകള്‍

  • വൈറൽ ട്രാൻസ്പോർട്ട് മീഡിയത്തിൽ തൊണ്ടയില്‍നിന്നുള്ള സ്വാബ്
  • അണുവിമുക്തമായ പാത്രത്തിൽ 5 മില്ലി മൂത്രം.
  • രക്തം (5 മില്ലി)(റെഡ് വാക്യുടൈനേരില്‍).
  • അണുവിമുക്തമായ പാത്രത്തിൽ CSF(സെറെബ്രോ സ്പൈനല്‍ ഫ്ലൂയിഡ്) (1-2 മില്ലി).

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ എന്ന പരിശോധന ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും. എന്നാൽ രോഗനിർണ്ണയം നടത്താൻ സമയമെടുക്കും എന്നതുകൊണ്ട് നിപാ വൈറസ് അണുബാധ സംശയിക്കപ്പെടുന്നവരെ പ്രത്യേകം പരിചരിക്കുകയാണ് ചെയ്യുക. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ, ശരീരകലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും.  എൻ‌.ഐ‌.വി.  അലപ്പുഴയാണ് കേരളത്തിലെ നിപ വൈറസ് പരിശോധനാ കേന്ദ്രം.

എന്താണ് ചികിത്സ?

നിപ വൈറസ് അണുബാധയ്ക്ക് പ്രത്യേകമായി മരുന്നുകളോ വാക്സിനുകളോ നിലവിൽ ഇല്ല. അതേസമയം, നിപാ വൈറസിനെ പ്രതിരോധിക്കാൻ വാക്സിൻ വികസിപ്പിച്ച് വരികയാണെന്ന് ലോകാരോഗ്യസംഘടന പറയുന്നുണ്ട്. റെസ്പിററ്റെറി അല്ലെങ്കില്‍, ന്യൂറോളജിക് സങ്കീർണതകൾ ചികിത്സിക്കാൻ തീവ്രമായ സഹായ പരിചരണം മാത്രമേ ശുപാർശ ചെയ്യുന്നുളളൂ. രോഗബാധ തടയുകയാണ് ഏറ്റവും ഫലപ്രദം.

രോഗബാധ എങ്ങനെ തടയാം?

രോഗബാധിതരിൽ നിന്ന് ആരോഗ്യപ്രവര്‍ത്തകരിലേയ്ക്ക് രോഗം പടരുന്നത് അടുത്ത കാലത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗിയുടെ ശരീരസ്രവങ്ങളിൽ നിന്ന് രോഗം പടരാമെന്നതിനാൽ രോഗിയെ പരിചരിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണം. ചികിത്സാസമയത്ത് മാസ്കും കൈയ്യുറയും ധരിക്കണം. ഒപ്പം രോഗിയുടെ സമീപത്തുനിന്നും ഒരു മീറ്ററെങ്കിലും മാറി നിൽക്കണം. രോഗി മരണപ്പെട്ടാൽ മൃതദേഹം കൈകാര്യം ചെയ്യുന്നവരും ശ്രദ്ധിക്കണം. രോഗിയെ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സോപ്പ് ഉപയോഗിച്ച് കൈകഴുകി വൃത്തിയാക്കണം.

അടുത്ത ലേഖനത്തില്‍ സാര്‍സ് വൈറസിനെക്കുറിച്ചറിയാം


ഡോ. സ്നേഹ ജോർജി , എം.ഡി കമ്മ്യൂണിറ്റി മെഡിസിൻ വിദ്യാർത്ഥിനി , അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി
പരമ്പരയില്‍ പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങള്‍

1 വൈറോളജിക്ക് ഒരാമുഖം ഡോ. ഷാന ഷിറിൻ
2 എബോള വൈറസ് ഡോ. സ്റ്റെഫി ആൻ വര്‍ഗീസ്
3 നിപ വൈറസ് ഡോ. സ്നേഹ ജോർജി
4 സാര്‍സ് വൈറസ്
ഡോ. ബേസിൽ സാജു

 

Happy
Happy
47 %
Sad
Sad
20 %
Excited
Excited
20 %
Sleepy
Sleepy
7 %
Angry
Angry
0 %
Surprise
Surprise
7 %

Leave a Reply

Previous post പ്രാചീന ഇന്ത്യ സയൻസിൽ പുലിയായിരുന്നോ ?
Next post അയിരുകളെ അറിയാം
Close