പെൻസിൽ ലെഡ് മുതൽ ടാൽക്കം പൗഡർ വരെ

നാം ജീവിക്കുന്ന ഭൂമി ഭൂമിശാസ്ത്രപഠന പരിപാടിയിലെ കല്ലിനുമുണ്ടൊരു കഥപറയാന്‍ എന്ന മൊഡ്യൂളിലെ ആറാം ഭാഗം. നിത്യ ജീവിതത്തിൽ ഉപയോഗിക്കപ്പെടുന്ന ചില ധാതുക്കളെ പരിചയപ്പെടാം.

കറുത്തീയം (Lead) എന്ന ലോഹം ഗലീന എന്ന അയിരിൽ നിന്നുമാണ് ലഭിക്കുന്നത്. അത്യന്തം മൃദുവും എന്നാൽ ആപേക്ഷിക സാന്ദ്രത വളരെ കൂടിയതുമായ ധാതുവാണ് ഗലീന. ലെഡ് സൽഫൈഡ് (PbS) ആണ് രാസഘടന.

എളുപ്പം പോറലുണ്ടാക്കുന്ന ഈ ലോഹം വെട്ടിയെടുക്കുമ്പോൾ ഒരു നീലിമ കലർന്ന തിളക്കം കാട്ടുമെങ്കിലും വായു സമ്പർക്കത്താൽ പെട്ടന്നു ക്ലാവു പിടിച്ചു നിറംമങ്ങുന്നു. കടലാസ്സിൽ ഉരച്ചാൽ അതു അതിൻ്റെ നിറം കാണിക്കും. അതു കൊണ്ടായിരിക്കും പെൻസിലിനു ലെഡ് പെൻസിൽ എന്നു പേരു വന്നത്. വാണിജ്യ പ്രധാനമായ ഒട്ടേറെ ആവശ്യങ്ങൾക്ക് ലെഡ് ഉപയോഗിച്ചു വരുന്നു. ബാറ്ററി, മെഡിക്കൽ രംഗം, ഗ്ലാസ്സ് , ചായങ്ങൾ എന്നിവ നിർമ്മിക്കാനും ഉപയോഗിക്കുന്നു.

ഗ്രാഫൈറ്റ്

യഥാർത്ഥത്തിൽ പെൻസിലിൽ എഴുതാനായി ഉപയോഗിക്കുന്നത് വേറൊരു ധാതുവാണ് – ഗ്രാഫൈറ്റ്. ഇത്‌ കാർബണിൻ്റെ ക്രിസ്റ്റലിയ രൂപമാണ്‌. കാഠിന്യം വളരെ കുറവുള്ള ഈ കടുംചാര നിറമുള്ള ധാതു. ക്രൂസിബിൾ, പെയിൻറ്, ലൂബ്രിക്കൻ്റ് എന്നിവ നിർമ്മിക്കാൻ ഉപയോഗിച്ചു വരുന്നു.

അഭ്രം (മൈക്ക) അലുമിനിയത്തിൻ്റെ ഓർത്തോ സിലിക്കേറ്റുകളാണ്.ഈ ധാതുവിൻ്റെ പ്രത്യേകത പെട്ടന്ന് പാളികളായി അടർന്നു പോരുന്നു എന്നതാണ്.മസ്കൊവൈറ്റ്, ബയോട്ടൈറ്റ്, ലെപ്പിഡോലൈറ്റ് എന്നിങ്ങനെ പ്രധാന മായി മൂന്നു തരത്തിൽ കാണപ്പെടുന്നു. അവയുടെ രാസഘടന യിൽ വ്യത്യാസമുണ്ടെങ്കിലും ഒരേ പരൽഘടനയെ തന്നെ ആശ്രയിച്ചിരിക്കുന്നു. മസ്കവൈറ്റ് സാധാരണയായി വർണ്ണരഹിതമാണെങ്കിലും ഇളം പച്ച, ചാരനിറം എന്നീ നിറങ്ങളും കാണിക്കാറുണ്ട്.. ബയോട്ടൈറ്റ് കറുത്തതോ തവിട്ടു നിറമോ ആവാം. ലെപ്പി ഡോലൈറ്റ് മഞ്ഞയോ ചുവപ്പോ നിറമാകാം.എല്ലാത്തരം ശിലകളിലും അഭ്രാംശ ങ്ങൾ പരക്കെ കാണപ്പെടുന്നു.വൈദ്യുത പ്രവാഹത്തെ തടയുന്ന പദാത്ഥമായതിനാൽ ഇലക്ട്രിക്കൽ വ്യവസായരംഗത്ത് അധികമായി ഉപയോഗിച്ചു വരുന്നു. നമ്മുടെ വീടുകളിലെ വൈദ്യുത ഇസ്തിരിപ്പെട്ടികളിൽ ഇത് ഉപയോഗിക്കുന്നുണ്ട്. ഓട്ടോമൊബൽ ,പേപ്പർ, പെയിൻ്റ്, വ്യവസായ രംഗത്തും ധാരാളം ഉപയോഗിച്ചു വരുന്നു. ഇൻഡ്യ അഭ്രത്തിൻ്റെ ഉത്പാദനത്തിൽ മുൻ പന്തിയിലാണ്. ബീഹാറിലാണ് ഏറ്റവും കൂടുതൽ.

നമ്മുടെ വാച്ചുകളിലെയും ക്ലോക്കുകളിലെയും ഇലക്ട്രോണിക് സർക്യൂട്ടുകളിലെ അവശ്യവസ്തുവാണ് ക്വാർട്സ്. വെള്ളാരംകല്ലുകളായി നമ്മുടെ ചുറ്റിലുമുള്ള ഈ ധാതു, നമ്മുടെ നിത്യജീവിതത്തിൽ എങ്ങിനെ ഇടപെടുന്നു എന്നത് ഏറെ രസകരമായ കാര്യമല്ലേ?

ടാൽക്ക് (Talc) ഏററവും മൃദുവായ ഒരു ധാതുവാണ് .കൈയ്യിൽ എടുക്കുമ്പോൾ ഒരു സോപ്പ് പിടിക്കുന്ന അനുഭവമുണ്ടാകും. രാസപരമായി അലുമിനിയം സിലിക്കേറ്റ് ആണ് .പേപ്പർ ,ടെക്സ്റ്റൈൽ, റബ്ബർ ,സിറാമിക്സ് ,സോപ്പ്, ഡിറ്റർജൻ്റ് എന്നീ വ്യവസായങ്ങളിലെ പ്രധാനപ്പെട്ട ഒരു പദാത്ഥമാണ്.

പെൻസിൽ ലെഡ് മുതൽ ടാൽക്കം പൗഡർ വരെ – വീഡിയോ കാണാം

 

5 & 6 പ്രവർത്തനം:

നമ്മുടെ നിത്യോപയോഗ സാധനങ്ങളിൽ ഏതെല്ലാം ലോഹങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് അന്വേഷണം നടത്തുക. ഇവ വേർതിരിച്ചെടുക്കുന്ന അയിരുകൾ ഏതെല്ലാം എന്ന് എഴുതുക.


ഡോ. എസ്‌. ശ്രീകുമാർ.

ജിയോളജി പ്രൊഫസർ & ഡയറക്ടർ, IRTC പാലക്കാട്.

നാം ജീവിക്കുന്ന ലോകം – മറ്റു പേജുകള്‍ വായിക്കാം.

0. നാം ജീവിക്കുന്ന ഭൂമി -ആമുഖം
1.കല്ലിനുമുണ്ടൊരു കഥ പറയാൻ –
2. വീണ്ടും ചില ഭൂമിക്കാര്യങ്ങൾ
3. കടൽ, കാറ്റ്, മഴ
4. ജലവും ജീവനും
5. ഇന്ത്യയും കേരളവും.

 

Leave a Reply