Read Time:9 Minute


ഡോ.ജയകൃഷ്ണൻ.ടി.

കോവിഡിനെതിരെയുള്ള റഷ്യൻ വാക്സിനായ സഫുട്നിക് – 5 വാക്സിന്റെ (Sputnik V -Gam Covid Vac) മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല വിശകലന ഫലം കൂടി അന്താരാഷ്ട്ര മെഡിക്കൽ ജേർണൽ ആയ ലാൻസെറ്റിൽ (Lancet) ഫെബ്രുവരി 2 ലക്കത്തിൽ പ്രസീദ്ധീകരിച്ച് വന്നതോടെ  കോവിഡിനെതിരെ മറ്റൊരു വാക്സിൻ കൂടി ലോകത്തിനു ലഭിച്ചിരിക്കയാണ്.

റഷ്യയിലെ ഗമാലിയ നാഷനൽ റിസർച്ച് സെൻറർ ഫോർ എപിഡമിയോളജി ആൻറ് മൈക്രോബയോളജിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ വാക്സിൻ  (rAd26, rAd5) മോസ്കോവിലുള്ള 25-ഓളം ആശുപത്രികളിൽ ഇരുപതിനായിരത്തിലധികം പേരിലാണ് പരീക്ഷണം നടത്തിയത്. ഡച്ച് ഗവേഷണ സ്ഥാപനമായ “ക്രോക്കസ് മെഡിക്കൽ” എന്ന ഏജൻസിയാണ് ഇതിന്റെ മേൽനോട്ടം വഹിച്ചതു്.

മനുഷ്യരെ  ബാധിക്കുന്നതും എന്നാൽ രോഗകാരികളല്ലാത്തതുമായ അഡിനോ വെറസ് 26 ( Ad26), അഡിനോവൈറസ് 5 (Ad5)എന്നീ രണ്ടുതരം  വൈറസുകളെ വാഹകരാക്കി(vector) അവയിൽ കോറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടിൻ ഘടകത്തെ വിളക്കിചേർത്ത് യാഥാക്രമം 21 ദിവസ ത്തെ ഇടവേളകളിൽ രണ്ട് ഡോസുകൾ 0.5ml വീതം കുത്തിവെയ്പ്പ് നൽകിയാണ് ഫലം നോക്കിയത്.

ആളുകളിൽ മുൻകാലങ്ങളിൽ ലഭിക്കുന്ന അഡിനോ വൈറസ്ബാധ മൂലം ശരീരത്തിൽ ആദ്യമേ ഉണ്ടാകാവുന്ന പ്രതിരോധവസ്തുക്കൾ മൂലം വാക്സിനിലെ ആന്റിജനുകൾ നശിപ്പിക്കപ്പെടാൻ  സാധ്യതയുള്ളതിനാലും ഉണ്ടാക്കുന്ന പ്രതിരോധം ദീർഘനാൾ നീണ്ടു നിൽക്കാനും വേണ്ടിയാണ് ഈ വാക്സിനിൽ അഡിനോ   26 ഉം ,5 എന്ന രണ്ട് തരം വൈറസ് വാഹകരെ ഉപയോഗിച്ചതു്.

വാക്സിൻ വാഹകരിൽ ആന്റിജനുകളായി പ്രവർത്തിക്കുന്ന ധാരാളം ഗ്ലൈക്കോപ്രോട്ടിൻ ജനിതക വസ്തുക്കൾ ഉള്ളതിനാൽ ഇതിൽ പുറമേയുള്ള  “അഡ്ജവൻറുകൾ ” ഒന്നും ചേർത്തിട്ടില്ല. പരീക്ഷണം നടത്തപ്പെട്ടവരിൽ (19866 ആളുകൾ) മുഴുവൻ പേരും പതിനെട്ട് വയസ്സിന് മുകളിൽ 85 വയസ്സ് വരെ  ഉള്ളവരും കോവിഡ് ബാധിതരായിട്ടില്ലാത്തവരുമായിരുന്നു. ശരാശരി പ്രായം നൽപ്പത്തി അഞ്ച് വയസ്സാണ്. ഇതിൽ 60% പുരുഷൻമാരും, നാലിലൊന്ന് പേരും കോ-മോർ ബിഡിറ്റികൾ ഉള്ളവരുമായിരുന്നു. ഭൂരിഭാഗം പേരും വെള്ളക്കാരുമായിരുന്നു.

ഇവരിൽ 3:1 അനുപാതത്തിൽ വാക്സിനും , പ്ലാസിബോയും രണ്ടു കുത്തുവെപ്പുകളായി നൽകി  ഇരുപത്തിയൊന്നാം ദിവസം തൊട്ടുള്ള ഫലമാണ് വിലയിരുത്തിയത്.   പ്രോട്ടോക്കോൾ പ്രകാരം ആറു മാസം നീണ്ട് നിൽക്കുന്ന പഠനത്തിന്റെ ഇടക്കാല വിശകലനത്തിൽ   ഇവരിൽ രണ്ടു ഡോസും ലഭിച്ച വരെ ശരാശരി 48 ദിവസത്തോളം ഫോളോ അപ്പ് നടത്തിയിട്ടുണ്ട്.

റഷ്യൻ ഫുട്ബോൾ ടീം കോച്ച് Stanislav Cherchesov സ്പുട്നിക്ക് വാക്സിൻ എടുക്കുന്നു

ഫലപ്രാപ്തിയുടെ(Efficacy) പ്രൈമറി എൻഡ് പോയിന്റുകളായി രണ്ട് ഗ്രൂപ്പിലും രോഗലക്ഷണങ്ങളുണ്ടായി പി.സി.ആർ ടെസ്റ്റ് വഴി കോവിഡ് രോഗം  സ്ഥിരികരിക്കപ്പെട്ടവരുടെ എണ്ണവും  ഇവരിലെ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും  സബ്സാമ്പിളായി  ആൻ്റിബോഡി ലെവലും T സെൽ   ഇമ്മ്യൂണിറ്റിയുമാണ് താരതമ്യം ചെയ്ത്  നോക്കിയിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി പാർശ്വഫലങ്ങളും വിലയിരുത്തിയിട്ടുണ്ട്.

ഇതിൽ വാക്സിൻ എടുത്തവരിൽ 16 പേർക്കും പ്ലാസിബോ  ഗ്രൂപ്പിൽ 62 പേർക്കും കോവിഡ് സ്ഥിരീകരിക്കപ്പെട്ടു (ആകെ 78)  ഇത് പ്രകാരം വാക്സിൻ ഫലപ്രാപ്തി 91.61 % മാണ്. (85.6 തൊട്ട് 95.2% വരെ)  ഇതിൽ 60 വയസ്സ്  കഴിഞ്ഞ വർക്കും ഇതേ ഫലപ്രാപ്തി കിട്ടിയിട്ടുണ്ട്; 91.8%.

ആദ്യത്തെ ഡോസ് നൽകി 14 ദിവസം കഴിയുമ്പോൾ തന്നെ 87.6%  ഫലപ്രാപ്തി കിട്ടിയതായി ഇവർ അവകാശപ്പെടുന്നുണ്ട്. ആദ്യത്തെ ഡോസ് നൽകി ഇരുപത്തി ഒന്ന് ദിവസത്തിന് ശേഷം വാക്സിന്‍ ഗൃപ്പിലെ ആര്‍ക്കും തന്നെ രോഗബാധ ഉണ്ടായിട്ടില്ല.

ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിലും ഗുരുതരാവസ്ഥ തടയുന്നതിലും  ( 95 തൊട്ട് 100 % വരെ) വാക്സിൻ പൂർണ്ണമായും ഫലം തരുന്നതായി ഫലം കാണിക്കുന്നു. ഗുരുതരാവസ്ഥയിലെത്തിയ 20 പേരും പ്ലാസി ബോ ഗ്രൂപ്പിൽ ഉള്ളവരാണ്..

ആകെ നാല് മരണങ്ങൾ ഉണ്ടായതിൽ മൂന്നും വാക്സിൻ നൽകിയവരിലാണെങ്കിലും  അവയൊന്നും വാക്സിനുമായി ബന്ധപ്പെട്ടതല്ല ;എല്ലാം മററ് കാരണങ്ങൾ കൊണ്ടായിരുന്നു. വാക്സിൻ എടുത്തവരിൽ 98% പേർക്കും ആൻറിബോഡി ലെവൽ വളരെ കൂടുതലായി ഉണ്ടായിരുന്നു.

സ്പുട്നിക്ക് 5 വാക്സിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും

ടെലി മെഡിസിൻ കൺസൾടേഷൻ, ഇലക്ട്രോണിക്ക് ഡയറി ഇവ വഴിയാണ് ഇവർ പാർശ്വഫലങ്ങൾ നിരീക്ഷിച്ചതു്.  ഈ ഇടവേളയില്‍ അറുപത്തി എട്ട് പേരിലായി ആകെ റിക്കാർഡ് ചെയ്യപ്പെട്ട 70 പാർശ്വഫലങ്ങളിൽ 45 പേർ വാക്സിൻ നൽകിയവരിലും 23 എണ്ണം പ്ലാസി ബോ ഗ്രൂപ്പിലും ആയിരുന്നു.

ഇവയൊന്നും ഗുരുതരമായിരുന്നില്ല കുത്തിവെച്ച സ്ഥലത്ത് വേദന, ക്ഷീണം, ചെറിയ പനി എന്നിവയായിരുന്നു. ഇവരെ ഇനിയും ആകെആറ് മാസത്തോളം ഫോളോ അപ്പ് ചെയ്താണ് അവസാന വിശകലനം നടത്തുക.

അഡിനോ വൈറസ് വാഹകരെ ഉപയോഗിച്ച്  ഓക്സ്ഫോർഡ് ( ബ്രിട്ടൺ,) ജോൺസൺ ആൻ്റ് ജോൺസൺ Ad 26 (അമേരിക്ക) കാൻസിന Ad 5  (ചൈന )എന്നീ അഡി നോ വാക്സിന കൾക്ക് പുറമേ മറ്റൊരു വക്സിനും കൂടി ലഭിച്ചിരിക്കയാണ്. ഇപ്പോൾ തന്നെ റഷ്യക്ക് പുറമേ അർജന്റീന , പാലസ്തീൻ, വെനിസുല, ഇറാൻ ‘ യു.എ.ഇ എന്നിവടങ്ങളിൽ സ്ഫുട്നിക് 5 വാക്സിൻ ഉപയോഗിച്ച് വരുന്നുണ്ട്.

ഈ വാക്സിനു നിലവിലുള്ള മറ്റ് കോവിഡ് വാക്സിനുകളേപ്പോലെ  എത്ര നാൾ സുരക്ഷ നൽകാനാകും, രോഗലക്ഷണമുണ്ടാകാതെയുള്ള രോഗാണുബാധകളോ, വ്യക്തികളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗാണു പകർച്ചകളോ തടയാനാകുമോ തുടങ്ങിയ കാര്യങ്ങൾ ഇപ്പോൾ വ്യക്തമല്ല.

രണ്ടാം ഘട്ട പരീക്ഷണ  വിജയം കണ്ടതിനെ തുടർന്ന് ആഗസ്റ്റ് മാസം  തൊട്ടേ റഷ്യയിൽ ഈ വാക്സിൻ നൽകുന്നതിനെക്കറിച്ചും സുതാര്യതയെക്കുറിച്ചും മറ്റുള്ളവർക്ക് സംശയങ്ങളുണ്ടായിരുന്നു. ഇതിനെപ്പറ്റി ഈ ലക്കം  ലാൻസറ്റില്‍  ലാന്‍ജോൺസ്‌ , പോളി റോയ് എന്നിവർ ചേർന്ന് എഴുതിയ വിദഗ്ധാഭിപ്രായത്തിൻ ഇങ്ങനെയും എഴുതി ചേർത്തിട്ടുണ്ട് . “റഷ്യൻ വാക്സിന്റെ പരീക്ഷണ വിജയം തികച്ചും ശാസ്ത്രീയവും വ്യക്തവുമാണ്. അതിനർഥം ഇതിന് മററ് ലഭ്യമായ വാക്സിനുകൾക്കൊപ്പം ചേർന്ന് നിന്ന് കോവിഡിന്റെ വ്യാപനം തടയാൻ പറ്റും എന്ന് തന്നെയാണ്.- അതും ഏതു പ്രായത്തിലുള്ളവർക്കും നൽകാമെന്നതും ശക്തി പകരുന്നു “

ഇന്ത്യയിലും സ്പുട്നിക് 5  വാക്സിൻ്റെ മനുഷ്യരിലുള്ള പരീക്ഷണം  2020 ഒക്ടോബർ മാസം തൊട്ട്  ഡോ റെഡ്ഡി സ് ലാബട്ടറിയുടെ കീഴിൽ ആറോളം കേന്ദ്രങ്ങളില്‍ നടന്ന് വരുന്നുണ്ട് ( 1600 പേരിൽ ). ഇത് മാർച്ചിൽ പൂർത്തിയാക്കും.  റഷ്യന്‍ കമ്പനി ഇതിന്റെ നിർമ്മാണ അനുമതി റെഡ്ഡീ ലാബിന് നല്‍കിയിട്ടുണ്ട് . അധികം വിലയില്ലാതെ കിട്ടുകയാണെങ്കിൽ നിലവിലുള്ള കോൾഡ് ചെയിൻ മാത്രം (2- 8 ഡിഗ്രി )  ആവശ്യമുള്ള  കോവിഷീൽഡിനെ ക്കാൾ   ഫലപ്രാപ്തിയുള്ള  ഈ വാക്സിൻ  ഇവിടേയും ലഭ്യമാക്കാം.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പോൾ ജോസഫ് ക്രൂട്ട്സെനും, ആന്ത്രോപ്പോസീൻ കാലഘട്ടവും
Next post Snakepedia: കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായൊരു ആൻഡ്രോയ്ഡ് ആപ്പ്