Read Time:18 Minute


പി.കെ.ബാലകൃഷ്ണൻ

ഭൂമിയിലെ മനുഷ്യ പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങൾ വർധിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം മൂലം അന്തരീക്ഷത്തിലെ പ്രധാന ഹരിതഗൃഹ വാതകമായ CO2 വിന്റെ അളവിൽ വലിയ തോതിലുള്ള വർധനവുണ്ടാകുന്നു.ഇത് അന്തരീക്ഷ ഊഷ്മാവിന്റെയും, സമുദ്രജല ഊഷ്‌മാവിന്റെയും ഉയർന്ന നിലയിലുള്ള വർധനവിന് സാഹചര്യമൊരുക്കുന്നു. തല്ഫ ലമായി കാലാവസ്ഥയിൽ അപ്രതീക്ഷിതമായ തോതിലുള്ള മാറ്റമുണ്ടാവുന്നു. കാലാവസ്ഥാ ദുരന്തങ്ങൾ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാ ദുരന്തങ്ങളും പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണവും വലിയ തോതിലുള്ള ജൈവ വൈവിധ്യനാശവുമുണ്ടാക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് കാലാവസ്ഥാ മാറ്റത്തെ മനുഷ്യനിർമിത കാലാവസ്ഥാ മാറ്റമെന്ന്(Anthropogenic Climate Change) വിശേഷിപ്പിക്കുന്നതും , നാം ജീവിക്കുന്ന വർത്തമാനജിയോളജിക്കൽ കാലഘട്ടത്തെ ആന്ത്രോപ്പോസീൻ (Anthropocene)എന്ന് നാമകരണം ചെയ്യണമെന്ന് നിർദ്ദേശിക്കപ്പെട്ടതും.

ഭൂമിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കിയാണ് ജിയോളജിക്കൽ കാലഘട്ടങ്ങളെ നിർണയിക്കുന്നതും നാമകരണം ചെയ്യുന്നതും. ഭൂമിയുടെ 4500 ദശലക്ഷം വർഷക്കാലത്തെ പ്രീ കാംബ്രിയൻ(Precambrian), ഫാനെറോസോയിക്(Phanerozoic) എന്ന പേരിലുള്ള രണ്ടു യുഗങ്ങളായി(eons) വിഭജിച്ചിരിക്കുന്നു.

പ്രീകാംബ്രിയൻ യുഗത്തെ ആർക്കിയൻ(Archaean), പ്രോട്ടെറോസോയിക്(Proterozoic) എന്നും ഫാനെറോസോയിക്ക് യുഗത്തെ പാലിയോസോയിക്(Palaeozoic), മെസോസോയിക്(Mesozoic), സെനോസോയിക്(Cenozoic) എന്നുമുള്ള ആകെ അഞ്ച് അബ്ദങ്ങളായും(eras) വിഭജിച്ചിരിക്കുന്നു. അവയെ വീണ്ടും കാലയളവുകളായും(periods) വിശിഷ്ടകാലങ്ങളായും(epochs) വിഭജിച്ചിരിക്കുന്നു. നാമിപ്പോഴുള്ളത് ക്വാർട്ടെർനറി കാലഘട്ടത്തിലെ(Quarternary) ഹോളോസീൻ(Holocene)എന്ന വിശിഷ്ടകാലത്തിലാണ്(epoch). ക്വാർട്ടെർന റി കാലഘട്ടത്തെ 2.58 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാരംഭിച്ച പ്ലീസ്റ്റോസീൻ(Pleistocene) എന്നും 11700 വർഷങ്ങൾക്ക് മുമ്പാരംഭിച്ച ഹോളോസീൻ(Holocene) എന്നുമുള്ള രണ്ട് വിശിഷ്ടകാലങ്ങളായി(epochs) വിഭജിച്ചിരിക്കുന്നു.  ഹോളോസീൻ മനുഷ്യൻ ഭൂമിയിൽ കൃഷിയാരംഭിച്ച 11700 വർഷങ്ങൾക്ക് മുമ്പ് തുടങ്ങുന്ന കാലവും ഏറ്റവും ഒടുവിലത്തെ ഹിമയുഗത്തിനു ശേഷമുള്ള ഒരു കാലവും കൂടിയാണ്.

കൃഷിയാരംഭിച്ച ഈ ഹോളോസീൻ കാലഘട്ടത്തിലാണ് മനുഷ്യ സംസ്ക്കാരം രൂപപ്പെടുന്നതും മനുഷ്യ ചരിത്രത്തില പല സുപ്രധാന മാറ്റങ്ങൾ സംഭവിക്കുന്നതും. ഏറ്റവും നവീനവും ഹ്രസ്വവുമായ ഈ വിശിഷ്ടകാലത്താണ് മനുഷ്യന്റെ ലിഖിത ചരിത്രവും , വിവിധങ്ങളായ സംസ്ക്കാരങ്ങളുടെ രൂപീകരണവും, ശാസ്ത്ര പുരോഗതിയും , സാങ്കേതികവിദ്യാ വികാസവുമെല്ലാമുണ്ടാവുന്നത്. ഇപ്പോൾ ഹോളോസീൻ വിശിഷ്ടകാലത്തിന്റെ അവസാന ഘട്ടത്തിലെ വ്യവസായ വിപ്ലവാനന്തര കാലത്തെ ആന്ത്രോപ്പോസീൻ(Anthropocene) എന്ന് നാമകരണം ചെയ്യണമെന്ന ഒരു നിർദ്ദേശം സജീവമായ ചർച്ചയ്ക്ക് വിധേയമായി ക്കൊണ്ടിരിക്കുകയാണ്.

2000 ഫെബ്രുവരി മാസത്തിൽ മെക്സികോവിൽ നടന്ന അന്താരാഷ്ട്ര ജിയോസ്ഫിയർ ബയോസ്ഫിയർ പ്രോഗ്രാമിന്റെ(IGBP) സമ്മേളനത്തിൽ ഡച്ച് രസതന്ത്രജ്‌ഞനും നൊബേൽ സമ്മാന ജേതാവുമായ പോൾ ജോസഫ് ക്രൂട്ട് സെൻ മുന്നോട്ടു വെച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചർച്ചകൾ നടക്കുന്നത്.

അന്തരീക്ഷത്തിൽ  സ്ട്രാറ്റോസ്ഫിയറിൽ എത്തുന്ന നൈട്രജൻ ഓക്സൈഡ് വാതകം സൂര്യനിൽ നിന്നും പ്രസരിക്കുന്ന അൾട്രാവൈലറ്റ് രശ്മികളിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന ഓസോൺ പാളി ക്ഷയിക്കാൻ കാരണമാവുന്നു എന്ന് 1970 ൽ ആദ്യമായി കണ്ടെത്തിയത് പോൾ ജോസഫ് ക്രൂട്ട് സെൻ ആയിരുന്നു. തന്റെ ഈ കണ്ടുപിടുത്തത്തിനായിരുന്നു 1995 ൽ അദ്ദേഹത്തിന് മറ്റു രണ്ടു ശാസ്ത്രജ്ഞരോടൊപ്പം  നൊബേൽ സമ്മാനം ലഭിച്ചത്.

പോൾ ജോസഫ് ക്രൂട്ട്സൺ, മറിയോ മോലിന, എഫ്. ഷെർവുഡ് റൗലാൻഡ് – 1995 ലെ രസതന്ത്ര നൊബേൽ ഇവർക്കായിരുന്നു

ആന്ത്രോപോസീൻ എന്ന ജിയോളജിക്കൽ കാലഘട്ടത്തെക്കുറിച്ചുള്ള ചർച്ചകൾ നേരത്തെ തന്നെ നടക്കുന്നുണ്ടായിരുന്നു. അത്തരം ചർച്ചകൾക്ക് തുടക്കം കുറിച്ചത് സോവിയറ്റ് ശാസ്ത്രജ്ഞരാണ്. 1922 ൽ സോവിയറ്റ് ഭൗമശാസ്ത്രജ്ഞൻ അലക്സി പെട്രോവിച്ച് പാവ് ലോവ് ഭൂമിയിൽ ആദ്യത്തെ അധുനിക മനുഷ്യൻ ഉണ്ടായതുമുതലുള്ള കാലത്തെ അതായത്160000 വർഷങ്ങൾക്ക് മുമ്പാരംഭിക്കുന്ന കാലത്തെ ആന്ത്രോപ്പോസീൻ എന്ന് നാമകരണം ചെയ്യണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. പിന്നീട് 1938 ൽ വ്ലാഡ്മീർ വെർനാഡ്സ്കി എന്ന ഭൗമശാസ്ത്രജ്ഞൻ മനുഷ്യന്റെ ശാസ്ത്ര ചിന്തകൾ ഉടലെടുത്ത കാലം തൊട്ടിങ്ങോട്ടുള്ള കാലത്തെ ജിയോളജിക്കൽ കാലനിർണയത്തിനുള്ള ഉപാധിയാക്കണമെന്നു നിർദ്ദേശിക്കുകയും ഭൂമിയുടെ വികാസത്തെ മൂന്നു ഘട്ടങ്ങളായി വിഭജിക്കുന്നതു സംബന്ധിച്ച ആശയങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്തു.

അജൈവ വസ്തുക്കളുടെ വികാസവുമായി ബന്ധപ്പെട്ട ജിയോസ്ഫിയർ എന്ന ഒന്നാം ഘട്ടവും, ജീവന്റെ ഉത്ഭവവും വികാസവുമായി ബന്ധപ്പെട്ട ബയോസ്ഫിയർ എന്ന രണ്ടാം ഘട്ടവും, ശാസ്ത്ര വികാസത്തിന്റെതായ നൂസ്ഫിയർ എന്ന ഒരു മൂന്നാംഘട്ടവുമാണദ്ദേഹം നിർദ്ദേശിച്ചത്. ഈ നൂസ്ഫിയർ ഘട്ടം മുതലിങ്ങോട്ടുള്ള കാലത്തെ ആന്ത്രോപ്പോസീൻ എന്നു വിശേഷിപ്പിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതിനു ശേഷം 1980 കളിൽ അമേരിക്കൻ മറൈൻ ബയോളജിസ്റ്റായ യൂജീൻസ്റ്റോർമർ (Eugene Stoermer) തന്റെ പല പ്രബന്ധങ്ങളിലും ആന്ത്രോപോസീൻ എന്ന വാക്ക് ഉപയോഗിക്കുകയുമുണ്ടായി. എന്നാൽ ശാസ്ത്ര ലോകം വേണ്ടത്ര പരിഗണിക്കാതെ പോയ ആന്ത്രോപ്പോസീൻ പിന്നീട് സജീവമായ ചർച്ചാ വിഷയമാവുന്നത് 2000 ഫെബ്രുവരി മാസം മെക്സിക്കോയിലെ ക്യൂവർണാവാകയിൽ നടന്ന ഇന്റർനാഷനൽ കൗൺസിൽ ഓഫ് സയന്റിഫിക് യൂനിയൻസിന്റെ ആഭിമുഖ്യത്തിലുള്ള ജിയോസ്ഫിയർ , ബയോസ്ഫിയർ പരിപാടിയുടെ സമ്മേളനത്തിലാണ്. അവിടെ നടന്ന ചർച്ചകളിൽ നാം ജീവിക്കുന്ന വർത്തമാന ജിയോളജിക്കൽ കാലത്തെ ഹോളോസീൻ എന്നു പരാമർശിക്കുന്നതിനെ അവിടെയുണ്ടായിരുന്ന പോൾ ജോസഫ് ക്രൂട്ട് സെൻ തിരുത്തുകയായിരുന്നു. വ്യവസായ വിപ്ലവാനന്തര കാലത്തെ ആന്ത്രോപ്പോസീൻ എന്ന് നാമകരണം ചെയ്യേണ്ടുന്നതിന്റെ ആവശ്യകത വിശദമാക്കുന്ന  ക്രൂട്ട് സെനും യൂജീൻസ്റ്റോർമറും ചേർന്നെഴുതിയ ഒരു പ്രബന്ധം സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ന്യൂസ് ലെറ്ററിൽ പ്രസിദ്ധീകരിച്ചു.

രണ്ടു നൂറ്റാണ്ട് മുമ്പു വരെ ഭൂമിയിലെ മനുഷ്യന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് സാരമായ പോറലുകൾ ഏല്പിച്ചിരുന്നില്ല. എന്നാൽ വ്യവസായ വിപ്ലവാനന്തരം ,അതായത് 1800 ന് ശേഷം, ഭൂമിയിൽ വലിയ മാറ്റങ്ങളാണ് മനുഷ്യ പ്രവർത്തനങ്ങൾ മൂലം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത് പ്രകൃതിയിൽ സ്വാഭാവികമായുണ്ടാവുന്ന മാറ്റങ്ങളെ മറികടക്കുന്ന രൂപത്തിലുള്ളതാണ്.

ബ്രിട്ടനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയായ നേച്ചറിന്റെ 2002 ജനുവരി ലക്കത്തിൽ ക്രൂട്ട്സെൻ തന്റെ നിർദ്ദേശത്തെ കുറച്ചു കൂടി വിശദമാക്കി ‘ജിയോളജി ഓഫ് മേൻ കൈൻഡ്’ (Geology of mankind)എന്ന പേരിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. പ്രസ്തുത പ്രബന്ധത്തിൽ ഭൂമിയുടെ ഭൗതിക തലത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മനുഷ്യ പ്രവർത്തനങ്ങളെ അദ്ദേഹം വിശദമായി പ്രതിപാദിക്കുകയുണ്ടായി.

  • കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകൾക്കുള്ളിൽ ഭൂമിയിലെ ജനസംഖ്യയിൽ പത്തിരട്ടി വർധനവാണുണ്ടായത്.
  • മീഥെയിൻ ഉല്പാദിപ്പിക്കുന്ന കന്നുകാലികളുടെ എണ്ണം 140 കോടിയിലധികമായിരിക്കുന്നു.
  • നൂറുകണക്കിന് ദശലക്ഷം വർഷങ്ങൾ കൊണ്ട് ഭൂമിയിൽ സൃഷ്ടിക്കപ്പെട്ട ഫോസിൽ ഇന്ധനങ്ങൾ മനുഷ്യരുടെ ഏതാനും തലമുറകൾ ഉപയോഗിച്ചു തീർക്കാൻ പോകുന്നു.
  • ജൈവ വൈവിധ്യത്തെയും പോഷക ചാക്രികതയെയും , മണ്ണിനെയും , കാലാവസ്ഥയെയും എല്ലാം സാരമായി ബാധിക്കും വിധം ഭൂമിയുടെ ഉപരിതലത്തിന്റെ 50 ശതമാനവും മാറ്റപ്പെട്ടിരിക്കുന്നു. ട്രോപ്പിക്കൽ വനങ്ങൾ വലിയ തോതിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നു.
  • ഭൂമിയിൽ ലഭ്യമായ ശുദ്ധജലത്തിന്റെ 50 ശതമാനത്തിലധികവും ചൂഷണം ചെയ്തു കഴിഞ്ഞു.
  • ഇരുപതാം നൂറ്റാണ്ടിൽ മാത്രം ഊർജ ഉപഭോഗത്തിൽ 16 ഇരട്ടി വർധനവുണ്ടായിരിക്കുന്നു. ഇതിന്റെ ഫലമായി സൾഫർ ഡൈയോക്സൈഡിന്റെ ഉത്സർജനം ഇരട്ടിയായി വർധിച്ചിരിക്കുന്നു.
  • രാസവളങ്ങളുടെ അമിത ഉപയോഗം മൂലം നൈട്രജൻ ഉപയോഗത്തിന്റെ അളവ് സ്വാഭാവികമായതിന്റെ ഇരട്ടിയായിരിക്കുന്നു.
  • അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ളുടെ അളവ് കഴിഞ്ഞ 4 ലക്ഷം വർഷങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു.
പോൾ ജോസഫ് ക്രൂട്ട്സെൻ

പിന്നീട് 2007 ൽ ക്രൂട്ട്സെനും കാലാവസ്ഥാ ശാസ്ത്രജ്ഞനായ വിൽ സ്റ്റെഫനും, പരിസ്ഥിതി ചരിത്രകാരനായ ജോൺ.ആർ. മക്നിലും ചേർന്നെഴുതിയ ‘ആന്ത്രോപ്പോ സീൻ : മനുഷ്യൻ പ്രകൃതി ശക്തികളെ മറികടക്കുകയാണോ?'(Anthropocene:Are Humans Now Overwhelming the Great Forces of Nature)എന്ന പേരിലുള്ളപ്രബന്ധത്തിൽ വ്യവസായ വിപ്ലവത്തിനു ശേഷമുള്ള കാലത്തെ രണ്ടു ഘട്ടങ്ങളെന്ന നിലയിൽ വിഭജിച്ച് പ്രതിപാദിക്കുന്നു.1800 മുതൽ രണ്ടാം ലോകയുദ്ധാന്ത്യം വരെയുള്ള ഒന്നാം ഘട്ടത്തെ വ്യവസായ കാലമെന്നും(Industrial era),1945 നു ശേഷമുള്ള രണ്ടാം ഘട്ടത്തെ മഹാത്വരണ കാലമെന്നും(period of great acceleration) വിശേഷിപ്പിക്കുന്നു. 1945 നു ശേഷമുള്ള കാലഘട്ടത്തിൽ ഭൂമിയിൽ എല്ലാ മാറ്റങ്ങളുടെയും വേഗത കൂടിക്കൊണ്ടിരിക്കുകയാണ്. 1950 കൾക്കു ശേഷം അന്തരീക്ഷത്തിലെ CO2 വിന്റെ അളവ് ഹോളോസീൻ കാലത്തെ ഏറ്റവും കൂടിയ നിലയിലുള്ള 310 ppm ൽ നിന്ന് വർധിച്ച് ഇപ്പോൾ 415ppm ൽ എത്തി നിൽക്കുന്നു.

1958 മുതൽ 2019 വരെയുള്ള അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ (CO2) സാന്ദ്രതകാണിക്കുന്ന ഗ്രാഫ് കടപ്പാട് വിക്കിപീഡിയ

അന്തരീക്ഷതാപനിലയിലും സമുദ്രങ്ങളുടെ താപനിലയിലും വൻ തോതിലുള്ള വർധനവുണ്ടാവുന്നു. ഭൂമിയിലെ ഒരു ദശലക്ഷത്തോളം ജീവജാതികൾ വംശനാശ ഭീഷണി നേരിടുന്നു. ഇതെല്ലാം സംഭവിക്കുന്നത് ഭൂമിയിൽ 1950 കൾക്കു ശേഷം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ വന്നിട്ടുള്ള വലിയ തോതിലുള്ള മാറ്റങ്ങളുടെ ഫലമായാണ്. എന്നാൽ ഇതിന് കാരണക്കാർ മാനവരാശി മൊത്തമല്ല. ഭൂമിയിലെ 25 ശതമാനത്തിൽ താഴെയുള്ള ജനങ്ങളുടെ പ്രവർത്തനങ്ങളാണിതിനു കാരണമായിട്ടുള്ളത്.

1950 കൾക്കു ശേഷമുള്ള മഹാത്വരണ കാലത്തെയാണ് ആന്ത്രോപോസീൻ കാലമെന്നു നാമകരണം ചെയ്യേണ്ടത് എന്ന ഒരഭിപ്രായമാണ് ഇപ്പോൾ ശാസ്ത്രജ്ഞർക്കിടയിൽ പ്രബലമായിട്ടുള്ളത്. ഇത്തരത്തിൽ ജിയോളജിക്കൽ കാലഘട്ടത്തിനു നിർദ്ദേശിക്കപ്പെടുന്ന പേരിന് ഔദ്യോഗികമായ അംഗീകാരം നൽകുന്നത്  ഇന്റർനാഷനൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസസിന്റെ ആഭിമുഖ്യത്തിലുള്ള ഇന്റർനാഷനൽ കമ്മീഷൻ ഓൺ സ്ട്രാറ്റിഗ്രഫിയാണ്. 1950 കൾക്കു ശേഷമുള്ള കാലത്തെ ആന്ത്രോപ്പോസീൻ എന്ന് പേരിട്ടു വിളിക്കാൻ ഏതാണ്ട് ധാരണയായിക്കഴിഞ്ഞിരിക്കുന്നു. ഇതു സംബന്ധമായി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട ആന്ത്രോപ്പോസീൻ വർക്കിംഗ് ഗ്രൂപ്പ് 2019 മെയ് 21 ന് അനുകൂലമായ തീരുമാനമെടുത്തു കഴിഞ്ഞു.

ഇനി ഇതുമായി ബന്ധപ്പെട്ടുള്ള കാലനിർണയത്തിനാവശ്യമായ അതിരടയാളങ്ങൾ രൂപപ്പെടുത്തണം. ഈ അതിരടയാളങ്ങളെ ഗ്ലോബൽ ബൗണ്ടറി സ്ട്രാറ്റോടൈപ്പ് സെക്ഷൻ ആന്റ് പോയിന്റ്(GSSP) അല്ലെങ്കിൽ ഗോൾഡൻ സ്പൈക്(Golden Spike) എന്നാണ് സാങ്കേതികമായി വിശേഷിപ്പിക്കുന്നത്. ഈ രൂപത്തിൽ നിർണയിക്കപ്പെടുന്ന അടയാളങ്ങൾ ഭാവിയിൽ വർഷങ്ങൾക്കു ശേഷം, ചിലപ്പോൾ ലക്ഷക്കണക്കിനു വർഷങ്ങൾക്കു ശേഷവും ആന്ത്രോപ്പോസീൻ ആരംഭത്തിന്റെ അടയാളങ്ങളായി നിലനിൽക്കുന്നതായിരിക്കണം. 1950 കളിലെ തെർമോ ന്യൂക്ലിയർ ബോംബുപരീക്ഷണത്തിന്റെ ഫലമായുള്ള റേഡിയോ ന്യൂക്ലൈഡ് സിഗ്നലുകളും, ഫോസിൽ ഇന്ധന ഉപയോഗം മൂലം കാർബൺ രസതന്ത്രത്തിൽ സംഭവിച്ച മാറ്റങ്ങളും ഉൾപ്പെടെ 65 ഓളം ഇനങ്ങൾ ഇതിനായി പരിഗണിക്കപ്പെടുന്നുണ്ട്. സമുദ്രത്തിന്റെയും തടാകങ്ങളുടെയും അടിത്തട്ടിലും, മഞ്ഞുപാളികൾക്കുള്ളിലും ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും കണ്ടെത്താൻ കഴിയുന്നതായിരിക്കണം ഈ ഗോൾഡൻ സ്പൈക്. ഇതു സംബന്ധമായി അന്തിമമായ ഒരു തീരുമാനം 2021 വർഷാന്ത്യത്തിനു മുമ്പായുണ്ടാവുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.


അധിക വായനയ്ക്ക്

  1. Facing the Anthropocene:Ian Angus
  2. https://www.nature.com/articles/d41586-019-02381-2
  3. https://www.nature.com/articles/415023a
  4. https://www.sciencedaily.com/releases/2018/01/180115095158.htm

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post മാമ്പഴവിശേഷങ്ങൾ
Next post സ്‌പുട്നിക് 5 വാക്സിൻ പരീക്ഷണം: ഫലം തെളിയിക്കപ്പെട്ടു
Close