Read Time:9 Minute


പി.എം.സിദ്ധാർത്ഥൻ

 2022 ആഗസ്റ്റ് മാസം ലൂക്ക Science in India കവർസ്റ്റോറിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖനം…

ആഗസ്ത് 1, 2022   ഡോ .പുഷ്പാ ഭാർഗ്ഗവയുടെ അഞ്ചാം ചരമ വാർഷികമാണ് . ജനകീയ ശാസ്ത്ര പ്രവർത്തകർക്ക് അല്പം വേദനയോടെ മാത്രം ഓർക്കാനാവുന്ന വർഷമാണ് 2017.  ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കൂടെ അചഞ്ചലരായി നിന്ന പ്രൊഫ .യശ്‌പാലിനെയും ഡോ .പുഷ്പാ ഭാർഗ്ഗവയെയും നമുക്ക് നഷ്ടപെട്ട വർഷമാണ് 2017. ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയിൽ അവരുടെ വേർപാട് ഉണ്ടാക്കിയ വിടവ് നികത്താനാവുന്നതല്ല.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ശാസ്ത്രജ്ഞരും ഇരട്ട  മുഖമുള്ളവരാണ് (dual faced). ലബോറട്ടറികളിൽ, തങ്ങളുടെ പ്രവർത്തന-ഗവേഷണ രംഗത്ത് അവർ ശാസ്ത്രത്തിന്റെ രീതി കിറുകൃത്യമായി ഉപയോഗിക്കുന്നു. എന്നാൽ ലബോറട്ടറിക്ക് പുറത്ത് അവർ തികഞ്ഞ അന്ധവിശ്വസികളും അനാചാരരുമായാണ് പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. അവരെ ശാസ്ത്രജ്ഞർ എന്ന് വിളിക്കാമോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് അവരുടെ പ്രവർത്തങ്ങൾ. എന്നാൽ പുഷ്പാ ഭാർഗവ  ഈ ഇരുണ്ട ശാസ്ത്രനഭസ്സിൽ യുക്തി ചിന്തയും മാനവികതയും ഉയർത്തിപ്പിടിച്ച് ഒരു ശുക്രതാരകം പോലെ തിളങ്ങി നിന്നു.

അനാചാരങ്ങൾക്കെതിരെ തുറന്നടിക്കാൻ ഭാർഗവ ഒട്ടും തന്നെ അറച്ച്  നിന്നില്ല. ജനാധിപത്യത്തിൽ വിവേകത്തോടെയുള്ള വിമർശനങ്ങൾ അനിവാര്യമാണെന്നുംവിമർശനം ഉൾക്കൊള്ളാതെ ശാസ്ത്രം അസാധ്യമാണെന്നും അദ്ദേഹം പൊതുജനങ്ങളെയും അധികാരികളെയും നിരന്തരം ഓർമിപ്പിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മെല്ലെ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ കുറിച്ച് പറയവേ അദ്ദേഹം “വൈവിധ്യം പരിണാമത്തിലേക്ക് നയിക്കുന്നു, ഏകാല്മകത്വം വംശനാശത്തിലേക്ക് നയിക്കുന്നു  (diversity leads to evolution and homogeneity leads to extinction)” എന്ന ജീവശാസ്ത്രത്തിലെ പ്രസിദ്ധമായ മൗലിക തത്വം എല്ലാവരെയും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

ആരായിരുന്നു ഡോ പുഷ്പാ ഭാർഗവ ?

കാൻസർ ബയോളജിയിലും പ്രതുല്പാദന ജീവശാസ്ത്രത്തിലും പ്രാഗത്ഭ്യം തെളിയിച്ച ഒരു ഉത്തമ ശാസ്ത്രജ്ഞൻ , ദീർഘദർശി, ഗ്രന്ഥകാരൻ, ചിന്തകൻ, ഗവേഷണ സ്ഥാപനങ്ങൾ വളർത്തിയെടുക്കുന്നതിൽ അഗ്രഗണ്യൻ, ശ്രേഷ്ഠനായ ഭരണാധികാരി, ഒരു പൗരൻ എന്ന നിലയിൽ തന്റെ ചുമതലകൾ ഏറ്റവും ഗൗരവത്തോടെ കണ്ടു പ്രവർത്തിച്ച ആൾ, എല്ലാത്തിനുമുപരി താൻ  ശരിയെന്നു കരുതുന്ന കാര്യങ്ങളെ ആരോടും തുറന്ന് പറയുന്ന, അധികാരികളുടെ മുന്നിൽ തലകുനിക്കാത്ത നിർഭയനായ ശാസ്ത്രജ്ഞൻ. അതൊക്കെ യായിരുന്നു ഡോ.പുഷ്പാ ഭാർഗവ.  അദ്ദേഹമായിരുന്നു ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലർ ബിയോളജി (CCMB) എന്ന പ്രശസ്തമായ ഗവേഷണ സ്ഥാപനത്തിന്റെ സ്ഥാപകൻ .

അസോസിയേഷൻ ഓഫ് സയന്റിഫിക് വർക്കേഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ സ്ഥാപക നിർവഹ സമിതി അംഗവും ഹൈദരാബാദ് ബ്രാഞ്ച് സെക്രെട്ടറിയുമായിരുന്നു അദ്ദേഹം. ക്രമേണ ഈ സംഘടനാ നിഷ്ക്രിയമായപ്പോൾ  പ്രൊഫ്. സതീഷ്  ധവാൻ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ, പിന്നീട ISRO യുടെ ചെയർമാൻ ), ശാസ്ത്ര ചരിത്രകാരനായ അബ്ദുൾ റഹ്മാൻ എന്നിവരുമായി ചേർന്ന് സൊസൈറ്റി ഫോർ ദി പ്രമോഷൻ ഓഫ് സയന്റിഫിക് ടെമ്പർ  എന്ന സംഘടനാ ഉണ്ടാക്കി. ഈ സംഘടനയിൽ അംഗമാവുന്ന ആൾ ” മനുഷ്യരുടെ പരിശ്രമം  കൊണ്ട് മാത്രമേ അറിവ് നേടാനാകൂ, ജ്ഞാനോദയം കൊണ്ട് സാധ്യമല്ല. മനുഷ്യരുടെ ധാർമികവും ബൗദ്ധികവും ആയ കഴിവുകളെക്കൊണ്ടല്ലാതെ പ്രകൃത്യാതീത ശക്തികളെകൊണ്ട് നമ്മൾ നേരിടുന്ന പ്രശ്ങ്ങളെ പരിഹരിക്കാനാവുകയില്ല” എന്ന ഒരു പ്രസ്താവനയിൽ  ഒപ്പുവെക്കണമായിരുന്നു. അത്ഭുതമെന്ന് പറയട്ടെ ബഹുഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും ഒപ്പിടാൻ തയ്യാറായില്ല. അങ്ങിനെ ഈ സംഘടനയും ജനിക്കുന്നതിനു മുൻപുതന്നെ മരണമടഞ്ഞു.  എങ്കിലും അതിനൊന്നും   ഡോ ഭാർഗ്ഗവയുടെ നിശ്ചയ ധാർഢ്യത്തെ  ഇളക്കാനായില്ല. അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും ശാസ്ത്ര രംഗത്തെ പിന്തിരിപ്പൻ രീതികൾക്കുമെതിരെ അദ്ദേഹം ഊർജ്വസ്വലതയോടെ തന്റെ പ്രവർത്തനങ്ങൾ തുടർന്നു.

ശാസ്ത്രത്തിന്റെ രീതി -പ്രദർശനം

1970 കളുടെ മധ്യകാലത്ത്  അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്ദിര ഗാന്ധിയുടെ പിന്തുണയോടെ ഡോ. ഭാർഗവ “ശാസ്ത്രത്തിന്റെ രീതി (Method of Science)” എന്ന ഒരു പ്രദർശനം തയ്യാറാക്കുന്നതിൽ വ്യാപൃതനായി.  പ്രശസ്തരായ ചിത്രകാരന്മാരും കലാകാരന്മാരും അതിൽ പങ്കാളികൾ ആയിരുന്നു. ഒരു വസ്തുതയും ചോദ്യം ചെയ്യാതെ സ്വീകരിക്കരുത് എന്ന സന്ദേശമായിരുന്നു ഈ പ്രദർശനം കാണികൾക്കു നൽകിയത്.

ഡൽഹിയിലെ നെഹ്‌റു സെന്ററിൽ പ്രദർശിപ്പിക്കാനായിരുന്നു പ്ലാൻ. പ്രദർശനം തയ്യാറായപ്പോഴേക്കും ഇലക്ഷനിൽ ജനതാപാർട്ടി അധികാരത്തിൽ വരികയും മൊറാർജി ദേശായി പ്രധാനമന്ത്രി ആകുകയും ചെയ്തു. പുതിയ സർക്കാരിനും മൊറാർജി ദേശായിക്കും പ്രദർശനത്തിൽ താല്പര്യം ഇല്ലായിരുന്നു എന്ന മാത്രമല്ല, അവർ അതിനെ എതിർക്കുകയും ചെയ്തു. ജനങ്ങളെ ചോദ്യം ഉയർത്താൻ  പഠിപ്പിക്കുന്ന ഈ പ്രദർശനത്തെ അവർ ഭയപ്പെട്ടു.  അവർ ഈ പ്രദർശനം പൊതുജനങ്ങളെ കാണിക്കുന്നത് തടഞ്ഞു. അവരുടെ ഒത്താശയോടെ പ്രദര്ശനത്തിൻലെ പല പാനലുകളും നശിപ്പിക്കാൻ ശ്രമിച്ചു എന്നും പറയപ്പെടുന്നു.

പിന്നീട് ആന്ധ്രപ്രദേശിലെ  സർക്കാരിന്റെ സഹായത്തോടെ ഡോ .ഭാർഗവ ഈ പ്രദർശനം ഹൈദരാബാദിലേക്ക് കൊണ്ടുവന്നു, അറ്റകുറ്റപണികൾ തീർത്ത പ്രദർശിപ്പിച്ചു. പ്രസിദ്ധമായ നേച്ചർ, സയൻസ് എന്നീ മാഗസിനുകളിൽ ഇതിനെ കുറിച്ചുള്ള ലേഖനങ്ങൾ വന്നിരുന്നു. അവസാനമായി ബിർള മ്യൂസിയം അത് ഏറ്റെടുത്തു. അത് പ്രദർശനത്തിന്റെ ശവമടക്കൽ ആയിപ്പോയി എന്ന് ഭാർഗ്ഗവയുടെ ശിഷ്യ  ആയ ചന്ദന ചക്രവർത്തി പറയുന്നു. പ്രദർശനത്തിലെ ആകർഷകമായ പെയിന്റിങ്ങുകൾ മാത്രമേ അവർ പ്രദർശിപ്പിച്ചുള്ളൂ.

ശാസ്ത്രബോധം ഉയർത്തിപിടിക്കുന്നതിൽ മുന്നണിയിൽ നിന്ന് പ്രവർത്തിക്കുകയും, ഗവേഷണത്തോടൊപ്പം അതും തന്റെ കടമ ആണെന്ന് വിശ്വസിച്ച് അതിനായി കഠിനമായി ജീവിതകാലം മുഴുവൻ പ്രവർത്തിക്കുകയും ചെയ്ത പ്രഗത്ഭനായ ശാസ്ത്രജ്ഞൻ  ആയിരുന്നു ഡോ .പുഷ്പ ഭാർഗവ.


ശാസ്ത്രത്തിന്റെ രീതി (Method of Science) – ഹൈദരാബാദിൽ നടന്ന പ്രദർശനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി കാണാം


അനുബന്ധ വായനയ്ക്ക്

  1. ശാസ്ത്രബോധം -ലൂക്കയിൽ പ്രസിദ്ധീകരിച്ച 50 ലേഖനങ്ങളുടെ ക്രോഡീകരണം
  2. നെഹ്റുവും ശാസ്ത്രബോധവും – ലൂക്ക പ്രത്യേക പതിപ്പ്

 


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രകൃതി സംരക്ഷണത്തിന്റെ പാലപ്പൂവൻ മാതൃക 
Next post ഫോർട്രാൻ എന്ന പ്രോഗ്രാമിംഗ് ഭാഷയും കാലാവസ്ഥാ പ്രവചനവും
Close