Read Time:21 Minute


ടി.വി.വിനീഷ്
റിസര്‍ച്ച് ഓഫീസര്‍, എസ്.സി.ഇ.ആര്‍.ടി. കേരളം.

നിതരസാധാരണമായ ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ച വിദ്യാഭ്യാസമേഖലക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ട താൽക്കാലിക രക്ഷാമാർഗ്ഗം ആയിട്ടാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തെ നമ്മൾ ഇതുവരെ കണ്ടിരുന്നത്. സ്കൂൾ എന്ന സ്ഥാപനത്തിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുകയും ഒപ്പം പഠന പാതയിൽ നിന്ന് അകലാതെ നോക്കുകയും ചെയ്യേണ്ട വൈതരണിയെ മറികടക്കാൻ മറ്റ് മാർഗ്ഗമില്ലായിരുന്നു. സാമൂഹിക  ഇടപഴകലുകളില്ലാത്ത അന്തരീക്ഷത്തിൽ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ എല്ലാം സാക്ഷാത്കരിക്കാൻ ആവില്ല എന്ന ബോധ്യത്തിൽ, ഇത് ബദലല്ല താൽക്കാലിക ആശ്രയം മാത്രമാണ് എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടും, കുറവുകളും വിടവുകളും പരിഹരിക്കാൻ സാധ്യമായ ഇടപെടലുകൾ നടത്തിക്കൊണ്ടുമാണ് നമ്മള്‍ മുന്നോട്ടു പോയത്. അധികം വൈകാതെ കുട്ടികളെ സ്കൂളിലെത്തിക്കാനാവും എന്ന പ്രതീക്ഷ നീണ്ടുനീണ്ടങ്ങനെ  ഒരു അധ്യയന വർഷം പൂർണ്ണമായും ഡിജിറ്റൽ വിദ്യാഭ്യാസത്തെ ആശ്രയിച്ച് കഴിഞ്ഞുപോയി. പ്രവചനാതീതമായ കോവിഡ് സാഹചര്യത്തിൽ രണ്ടാം വർഷവും ഡിജിറ്റൽ വിദ്യാഭ്യാസം തുടരുമ്പോൾ താൽക്കാലിക ആശ്രയം എന്ന നിലയിൽ നിന്ന് ഇനിയങ്ങോട്ട്  ഒഴിച്ചു നിർത്താനാകാത്തതും ഒരേ സമയം സാധ്യതകളുടെയും പരിമിതികളുടെയുമായ ലോകം എന്ന നിലയില്‍ ഡിജിറ്റൽ വിദ്യാഭ്യാസം ചർച്ചചെയ്യപ്പെടുന്ന സാഹചര്യത്തിലേയ്ക്ക് നാം എത്തി. കഴിഞ്ഞ അധ്യയന വർഷാരംഭത്തിൽ നിറഞ്ഞ കൗതുകത്തോടെ ആയിരുന്നെങ്കിൽ ഈ അധ്യയന വർഷാരംഭത്തിൽ നിറഞ്ഞ ആശങ്കകളേടെയാണ് പൊതുസമൂഹം ഡിജിറ്റൽ വിദ്യാഭ്യാസത്തെ ഉറ്റ് നോക്കുന്നത്.  വിജ്ഞാന കൈമാറ്റത്തിനുള്ള വിനിമയോപാധി എന്ന നിലയിൽ ഡിജിറ്റൽ മാധ്യമങ്ങൾ തുറന്നിടുന്ന അനന്തസാധ്യതകളെ വേണ്ടെന്നുവച്ച് വിദ്യാഭ്യാസത്തിന് മുന്നോട്ടുപോകാൻ കഴിയാത്ത ഭാവി സാഹചര്യത്തിൽ, അതുണ്ടാക്കുന്ന പാർശ്വഫലങ്ങളും ചര്‍ച്ചയാവുന്നത് സ്വാഭാവികമാണ്. ഡിജിറ്റൽ സാധ്യതകൾ വിവേകപൂർവ്വം പ്രയോജനപ്പെടുത്തുന്ന ഒരു ശീലം വളര്‍ന്നുവരണമെങ്കിൽ ഇതുസംബന്ധിച്ച് ആഴത്തിലുള്ള വിശകലനങ്ങളും ചർച്ചകളും അനിവാര്യവുമാണ്. എന്നാൽ ഇന്ന് സമൂഹമാധ്യമ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും നടക്കുന്ന ചർച്ചകൾ കുട്ടികളുടെ സാമൂഹികരണത്തിനും വൈകാരിക വളർച്ചയ്ക്കും തടസ്സം നിൽക്കുന്നത് ഓൺലൈൻ വിദ്യാഭ്യാസമാണ് എന്ന് വ്യാജ ആഖ്യാനം സൃഷ്ടിച്ചെടുക്കുന്നത് കാണാം. ഇത്തരം പ്രതീതികളില്‍ ചർച്ചകൾ കുരുങ്ങി പോകുന്നത് ആശാസ്യമല്ല. സാമൂഹികരണത്തിന്  തടസ്സം നിൽക്കുന്നത് കോവിഡാണെന്നും, അതിനെ ആവുംവിധം അതിജീവിക്കാനുള്ള ഒരു രക്ഷാമാർഗ്ഗമാണ്  ഡിജിറ്റൽ വിദ്യാഭ്യാസം എന്നും അതിൻറെ ഒരു ഭാഗം മാത്രമാണ് ഓൺലൈൻ വിദ്യാഭ്യാസം എന്നും ഉള്ള സാമാന്യ യഥാർത്ഥ ബോധത്തിൽ ഉറച്ചുനിന്നുകൊണ്ട് വേണം പാര്‍ശ്വഫലങ്ങളും പരിഹാരമാർഗ്ഗങ്ങളും ചർച്ച ചെയ്യേണ്ടത്. നമ്മളെപ്പോലെ തന്നെ ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് ലഭ്യമായ സാധ്യതകളും സാഹചര്യങ്ങളും ഉപയോഗിച്ച് ഓടിക്കയറിയവരാണ് ലോകമെമ്പാടുമുള്ള ജനസമൂഹം. ഡിജിറ്റൽ വിദ്യാഭ്യാസത്തിൻറെ ഗുണദോഷങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള നൂറുകണക്കിന് പഠനങ്ങളും ലോകമെമ്പാടും നടന്നിട്ടുണ്ട്. ഇൻറർനെറ്റില്‍ ലഭ്യമായ ഇത്തരത്തിലുള്ള പഠന റിപ്പോർട്ടുകളിലൂടെ കടന്നുപോയാൽ പ്രാപ്യത, പഠനവിടവ്, സ്ക്രീൻ അഡിക്ഷനും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും തുടങ്ങി ഏതാണ്ട് സമാനമായ പ്രശ്നങ്ങളാണ് എല്ലാവരും അഭിമുഖീകരിക്കുന്നത് എന്ന കാര്യം വ്യക്തമാകും.

അവസാനത്തെ കുട്ടിയുടെയും കയ്യിൽ ഡിജിറ്റൽ ഉപകരണം എത്തി എന്ന് ഉറപ്പാക്കാൻ കേരള സമൂഹം പുലർത്തുന്ന ജാഗ്രതയും ഇടപെടലും അനന്യമാണ്. എന്നാൽ ഡിജിറ്റൽ ഉപകരണം കയ്യിൽ വെച്ച് കൊടുക്കുമ്പോൾ തന്നെ അതിൻറെ ഗുണദോഷങ്ങൾ സംബന്ധിച്ച അറിവും, ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച ധാരണകളും കൂടി ഉറപ്പിക്കുന്നതിൽ നാം പിന്നോട്ട് പോയി കൂടാ. ഉപകരണ ലഭ്യത ഉറപ്പാക്കാൻ പൊതുസമൂഹം ഇടപെട്ടതുപോലെ, ഡിജിറ്റൽ സാക്ഷരത ഉറപ്പിക്കാനും ഒരു യജ്ഞം നടക്കേണ്ടതുണ്ട്. അതിന് വഴി തുറക്കേണ്ടത് നിശ്ചയമായും അക്കാദമിക് സമൂഹമാണ്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും വിദ്യാഭ്യാസ പ്രവർത്തകരും തങ്ങളുടേതായ തരത്തില്‍ ഇതിൽ കണ്ണ് ചേരേണ്ടതുണ്ട്.

പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ 

ഡിജിറ്റൽ വിദ്യാഭ്യാസത്തെ പ്രതിനിധീകരിക്കാൻ ഓൺലൈൻ എന്ന സംജ്ഞ പൊതുവെ പ്രയോഗിക്കപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് കടക്കാൻ ആലോചിക്കുന്നതേ ഉള്ളൂ. ടി.വി. പ്രധാന മാധ്യമമാക്കികൊണ്ടുള്ള ബ്രോഡ്കാസ്റ്റ് രീതിയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസം ഇതുവരെ പിൻതുടര്‍ന്നത്. ഡിജിറ്റൽ ഡിവൈഡ് മറികടക്കാനുള്ള മാർഗമായി കൂടിയാണ് ടി.വി.യെ മുഖ്യ ഉപാധി ആക്കിയത്. മൊബൈൽ ,ലാപ്ടോപ്പ്, കമ്പ്യൂട്ടർ, ടാബ്‌ലറ്റ് എന്നിവയെക്കാൾ പ്രാപ്യത ടി.വി. യ്ക്കാണ് എന്ന നിഗമനമാണ് ഇതിന്റെ അടിസ്ഥാനം. എന്നാൽ ഇതുവരെ നടന്ന പല പഠനങ്ങളും പറയുന്നത് കേരളത്തിലെ കുട്ടികൾക്ക്  ടി.വി. യെക്കാൾ കൂടുതൽ മൊബൈൽ ഫോണ്‍ ലഭ്യത ഉണ്ട് എന്നാണ്. എസ്. സി. ഇ.ആർ.ടി. കേരളവും തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് സൈക്കോളജിക്കൽ റിസോഴ്സ് സെൻററും ചേര്‍ന്ന് നടത്തിയ പഠനത്തിലെ കേരളത്തിലെ കുട്ടികളുടെ ഉപകരണ ലഭ്യത സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കാം. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ 97.6  ശതമാനത്തിന് സ്മാർട്ട്ഫോൺ ലഭ്യത ഉള്ളപ്പോൾ 82 ശതമാനത്തിനാണ് ടിവിയുടെ ലഭ്യത. പ്രൈമറിയിൽ സ്മാർട്ട്ഫോൺ ലഭ്യത 92.7 ശതമാനവും ടിവി ലഭ്യത 85.69 ശതമാനമാണ്. ആകെ നോക്കുമ്പോൾ സ്മാർട്ട്ഫോൺ ലഭ്യത 95.3 ശതമാനവും ടിവി ലഭ്യത  84.62 ശതമാനവുമാണ് .വിദ്യാഭ്യാസത്തിനായി പുതുതായി വാങ്ങിയ ഉപകരണങ്ങളിൽ സ്മാർട്ട്ഫോൺ 23.4 7 ശതമാനവും ടിവി 6.4 ശതമാനവും കമ്പ്യൂട്ടർ 4.05 ശതമാനവുമാണ്.

ഈ  കണക്കുളെല്ലാം വ്യക്തമാക്കുന്നത് പഠനോപാധി എന്ന നിലയിൽ ടി വി യെക്കാൾ സ്വീകാര്യത സ്മാർട്ട്ഫോണിന് ഉണ്ടെന്നതാണ്. പൊതുവേ വിനോദോപാധിയായി പരിഗണിക്കപ്പെടുന്ന ടി.വി. ക്ക് വിജ്ഞാനഉപാധി എന്ന നിലയിലുള്ള സ്വീകാര്യത കുറവാണ്. ടിവിയുടെ മുമ്പിൽ കുട്ടികള്‍ പ്രേക്ഷകരാണ്. അധ്യാപകർ അവതാരകരും. ടിവിയും കുട്ടിയും തമ്മിലുള്ള അകലം ശാരീരികവും മാനസികവുമായി കൂടുതലാണ്. എന്നാൽ സ്മാർട്ട്ഫോൺ കുട്ടിയുടെ വളരെ അടുത്താണ്. അറിയാത്തത് പലതും കണ്ടു മനസ്സിലാക്കാനുള്ള ഉപാധി ആണെന്ന മുൻ ബോധം സ്മാർട്ട്ഫോൺ കാണുന്ന കുട്ടിയിൽ മാനസികമായ പഠനസന്നദ്ധത സ്വാഭാവികമായി ഉണ്ടാക്കുന്നുണ്ട് എന്നുവേണം കരുതാൻ. നമ്മൾ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും ഭാവിയിലെ പഠനത്തിനുള്ള മുഖ്യ ഉപാധിയായി  സ്മാർട്ട്ഫോൺ മാറിക്കഴിഞ്ഞു എന്നതാണ് വസ്തുത. പഠനത്തിനായി ഇൻറർനെറ്റ് ഉപയോഗിക്കുന്ന പ്രൈമറി ക്ലാസ് കുട്ടികൾ 58.7ശതമാനമാണ് എന്നതും ഹൈസ്കൂൾ ഹയർ സെക്കൻഡറി തലത്തിൽ പഠനാവശ്യത്തിനോ അല്ലാതെ സ്മാർട്ട്ഫോൺ രണ്ട് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കുന്നവർ 50 ശതമാനത്തിനു മുകളിലാണ് എന്നതും ദിശാസൂചകങ്ങളായ ദത്തങ്ങളാണ്. ഇൻറർനെറ്റ് ഉപയോഗം സംബന്ധിച്ച് വിദ്യാഭ്യാസം പ്രൈമറി തലം മുതൽ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യത്തിലേയ്ക്കാണ് ഇത് വിരൽചൂണ്ടുന്നത്.

കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ 

എസ്.സി.ഇ.ആർ.ടി. കേരളയും തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് സൈക്കോളജിക്കൽ റിസോഴ്സ് സെൻറും ചേർന്ന് നടത്തിയ പഠനത്തിൽ ഡിജിറ്റൽ പഠനകാലത്തെ ആരോഗ്യ പ്രശ്നങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ട്. ഹൈസ്കൂള്‍-ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളില്‍ 23.44ശതമാനത്തിന് വിഷാദലക്ഷണങ്ങള്‍ ഉള്ളതായും 11.16 ശതമാനത്തിന് ഗണ്യമായ ഉല്‍ക്കണ്ഠ ഉള്ളതായും പഠനം പറയുന്നു.കോവിഡ് കാലത്തെ ആഗോളശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ കുട്ടികള്‍ വളരെ ഭേദപ്പെട്ട അവസ്ഥയിലാണെന്ന് പറയാമെങ്കിലും, മാനസികാരോഗ്യം സവിശേഷശ്രദ്ധ പതിയേണ്ട മേഖലയാണെന്നതില്‍ തര്‍ക്കമില്ല. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഡിജിറ്റൽ ക്ലാസ്സുകളുടെ മാത്രം അനന്തരഫലമാണ് എന്ന് പറഞ്ഞുകൂടാ. ഡിജിറ്റൽ ഉപകരണങ്ങൾ എല്ലാവർക്കും ലഭ്യമാകുന്ന സാഹചര്യത്തിൽ ഒരു ഉപാധി എന്നതിനപ്പുറം നമ്മുടെ ജീവിതഗതിയെ നിർണയിക്കുന്ന ഒരു ജീവിത പരിസ്ഥിതി ആയി ഡിജിറ്റൽ സാങ്കേതികവിദ്യ മാറുകയാണ്. അതുകൊണ്ടുതന്നെ, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതഉപയോഗം ഏതെല്ലാം വിധത്തിൽ നമ്മെ സ്വാധീനിക്കുന്നു എന്നത്  നിരന്തരം വിലയിരുത്താനും ആരോഗ്യത്തെ ബാധിക്കാത്ത വിധം ഉപയോഗം നിയന്ത്രിക്കാനും ഓരോരുത്തരും ശീലിക്കേണ്ടതാണ്. പൊതുഇടങ്ങളിൽ പുലർത്തുന്ന എല്ലാ മാന്യതയും മര്യാദയും ജാഗ്രതയും സാമൂഹ്യ മാധ്യമ ഇടപെടലുകളിലും പുലർത്തുക, സൈബർ നിയമങ്ങളെ സംബന്ധിച്ച് സാമാന്യ ധാരണ കൈവരിക്കുക, ചതിക്കുഴികളും ചൂഷണസാധ്യതയും തെറ്റായ വിവരങ്ങളും തിരിച്ചറിയാനും മുൻകരുതലെടുക്കാനും വേണ്ട ശേഷി ആർജിക്കുക എന്നിവയെല്ലാം നാളത്തെ അതിജീവനത്തിന് അവശ്യം വേണ്ട സംഗതികളാണ്. സ്കൂൾ വിദ്യാഭ്യാസത്തിൽ എന്നപോലെ തുടർ വിദ്യാഭ്യാസത്തിലും ജനകീയ വിദ്യാഭ്യാസ പരിപാടികളും എല്ലാം ഡിജിറ്റൽ സാക്ഷരത പ്രധാനഘടകമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ  പ്രാധാന്യമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

മാനസികാരോഗ്യം- സവിശേഷ പരിഗണന അർഹിക്കുന്ന വിഷയം 

പ്രാഥമികമായി, ഓരോ കുട്ടിയെയും അറിയാനും മാനസികമായ പിന്തുണ നൽകാനും ചുമതലപ്പെട്ടവരാണ് ഓരോ അധ്യാപകരും എന്നു പറയാമെങ്കിലും പരീക്ഷാ കേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ബൗദ്ധിക മേഖലയ്ക്ക് ലഭിക്കുന്ന മുൻതൂക്കം സാമൂഹിക വൈകാരിക മേഖലകൾക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ അധ്യാപകരുടെ ദൈനംദിന ആസൂത്രണത്തിലും വിലയിരുത്തൽ പ്രവർത്തനങ്ങളിലും മനോ സാമൂഹ്യ ഘടകങ്ങൾ പരിഗണിക്കപ്പെടുന്നില്ല. കോവിഡ്കാലത്തെ കുട്ടികളുടെ മനോ-സാമൂഹികാവസ്ഥ സംബന്ധിച്ച വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നത് എൽ.പി. തലത്തിൽ കുട്ടികൾക്ക് ഏറ്റവും കൂടുതൽ പ്രയാസമുണ്ടാക്കുന്നത് പഠനസംബന്ധമായ പ്രശ്നങ്ങളാണ് എന്നാണ്. എന്നാൽ യു.പി തലത്തില്‍ എത്തുമ്പോള്‍ മൊബൈൽഫോൺ ഇൻറർനെറ്റ് സംബന്ധിയായ പ്രശ്നങ്ങളും പഠന സംബന്ധിയായ പ്രശ്നങ്ങൾക്കൊപ്പം ഉയർന്നുവരുന്നുണ്ട് .ഹൈസ്കൂൾ ഹയർ സെക്കൻഡറി തലത്തിൽ എത്തുമ്പോൾ മൊബൈൽ ഇൻറർനെറ്റ് സംബന്ധിയായ പ്രശ്നങ്ങൾ ഒന്നാം സ്ഥാനത്തേക്കും സംബന്ധിയായ പ്രശ്നങ്ങൾ രണ്ടാം സ്ഥാനത്തേക്കും മാറുന്നുണ്ട്. മൊബൈൽ ഇൻറർനെറ്റ് പ്രാപ്യത പ്രൈമറി തലം മുതൽ വ്യാപിക്കുമ്പോൾ സമീപഭാവിയിൽ പ്രായവ്യത്യാസമില്ലാതെ എല്ലാതലങ്ങളിലും ഉണ്ടാകുന്ന പ്രധാന പ്രശ്നം ഇൻറർനെറ്റ് – മൊബൈൽ ഫോൺ അമിതോപയോഗം സംബന്ധിച്ചതാകാം. വികസിത രാജ്യങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ ഇതിനെ സാധൂകരിക്കുന്നതാണ്. ഈ പ്രശ്നത്തെ മറികടക്കണമെങ്കിൽ മൊബൈൽ ഇൻറർനെറ്റ് നിരോധനമല്ല, നിയന്ത്രിത ഉപയോഗ ശീലം വളർത്താൻ തന്നെയാണ് വഴി.

കുട്ടികളിൽ മാത്രമായി ഇത്തരമൊരു ശീലം വളർത്തിയെടുക്കാൻ ആവില്ല. മുതിർന്നവർ ചെയ്യുന്നത് കണ്ടു പഠിക്കുന്നവരാണ് കുട്ടികൾ. അതിനാൽ ഫോൺ-ഇൻറർനെറ്റ് ഉപയോഗത്തിൽ സമയപരിധി പുലര്‍ത്തുന്നതടക്കമുള്ള മാതൃകാ രീതികളും ആദ്യം പ്രയോഗത്തിൽ വരുത്തേണ്ടത് കുട്ടിക്ക് ചുറ്റുമുള്ള മുതിർന്നവരാണ്. കുട്ടികളിലെ വിഷാദ പ്രവണതയും മാതാപിതാക്കളിലെ വിഷാദപ്രവണതയും തമ്മിൽ വര്‍ധിച്ച കോറിലേഷൻ ഉള്ളതായി പഠനം പറയുന്നു. ഉയർന്ന വിഷാദ പ്രവണതയും ഉത്കണ്ഠ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്ന കുട്ടികളിൽ ഭൂരിഭാഗം പേരുടെയും രക്ഷിതാക്കൾ കര്‍ക്കശ പാരന്റിംഗ് രീതികള്‍ പിൻതുടരുന്നവരാണ്. കുട്ടികളുടെ പ്രശ്നങ്ങൾ കുട്ടികളെ മാത്രം കേന്ദ്രീകരിച്ച് പരിഹരിക്കപ്പെടേണ്ടവയല്ല എന്നതിലേക്കുള്ള മറ്റൊരു സൂചനയാണ് ഈ വിവരങ്ങൾ.

അധ്യാപകരിലെ ആരോഗ്യപ്രശ്നങ്ങൾ 

കുട്ടികളുടെ പ്രശ്നങ്ങളും തെറ്റായ പ്രവണതകളും നിരന്തരം വിലയിരുത്തി പിന്തുണ നൽകേണ്ടവരാണ് അധ്യാപകർ. എന്നാൽ, ഡിജിറ്റൽ ലോകത്തേക്കുള്ള പെട്ടെന്നുള്ള ചുവടുമാറ്റം അധ്യാപകരിലും നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പിന്‍തുടര്‍ന്നു വന്നിരുന്ന ശീലങ്ങളും സമയക്രമങ്ങളും എല്ലാം മാറിമറിഞ്ഞു. കുട്ടികളുമായുള്ള ജൈവബന്ധം നഷ്ടമായതില്‍ വിഷമിക്കുന്നവരാണ് ഏറെയും. ആഴ്ചയിൽ ഏഴു ദിവസവും അധ്യയനവും തുടർപ്രവർത്തനങ്ങൾ നല്‍കലും വിലയിരുത്തി ഫീഡ്ബാക്ക് നൽകലും ഒക്കെയായി പ്രവർത്തനനിരതരായ അധ്യാപകരുമുണ്ട്. പലവിധ സമ്മര്‍ദ്ധങ്ങളും ആരോഗ്യപ്രശ്നങ്ങളും അധ്യാപകരെ അലട്ടുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്ന പ്രകാരം, അത്ര ആരോഗ്യകരമായ ജീവിതശീലങ്ങളല്ല കോവിഡ് കാലത്ത് അധ്യാപകര്‍ പിൻതുടരുന്നത്. 97.6 ശതമാനം അധ്യാപകരും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണ്. എന്നാൽ ആഴ്ചയിൽ നാലു ദിവസമെങ്കിലും അര മണിക്കൂർ വ്യായാമം ശീലമാക്കിയാൽ 30 ശതമാനം മാത്രം. കോവിഡ് കാലത്ത് അസ്വസ്ഥത വർദ്ധിച്ചതായി 53.86 ശതമാനം അധ്യാപകർ പറയുന്നുണ്ട് വിഷാദരോഗ സാധ്യത ഉള്ളവർ 12.8 ശതമാനം ആണെന്ന് പഠനം പറയുന്നു. അധ്യാപകരിൽ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ വിവരങ്ങൾ വിരൽ ചൂണ്ടുന്നത്.

ഭാവിയിലേക്ക് 

മിശ്രപഠനരീതി അഥവാ ഹൈബ്രിഡ് അല്ലെങ്കിൽ ബ്ളെൻഡഡ് പഠനം എന്നത് സമീപഭാവിയിൽ വിദ്യാഭ്യാസരംഗത്തെ അനിവാര്യതയാണെന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അത് പ്രാവര്‍ത്തികമാക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യയില്‍ സജീവമാണ്. ഓൺലൈൻ മുഖാമുഖ അനുപാതത്തെ സംബന്ധിച്ചാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ. യുജിസി മുന്നോട്ടുവച്ചിരിക്കുന്ന ചർച്ചാരേഖ നിർദ്ദേശിക്കുന്നത് 60-40 അനുപാതമാണ്. പതിയെ ഓൺലൈൻ പഠനത്തിന് മുഖാമുഖ പഠനത്തിന് മേൽ ആധിപത്യം വരാനുള്ള സാധ്യതകൾ ഒരു ആശങ്കയായി നിലനിൽക്കുന്നുണ്ട്. വിപരീത സാഹചര്യത്തെയും അനുകൂലമാകുന്ന ലാഭക്കണ്ണുകൾ കോവിഡിനെയും തുടര്‍ന്നുണ്ടായ മാറ്റങ്ങളെയും ഒരു അവസരമായി എടുത്ത് വിദ്യാഭ്യാസത്തെയും ലക്ഷ്യമിടുന്നുണ്ട് എന്നതിൽ സംശയമില്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയ SARTHAQ എന്ന രേഖയിൽ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങളും വിവിധ സ്ഥാപനങ്ങളും ഏറ്റെടുത്തു പൂർത്തിയാക്കേണ്ട ചുമതലകൾ സമയബന്ധിതമായി വിവരിക്കുന്നുണ്ട്. ഇതിൽ എൻസിഇആർടി യും എസ് സി ഇ ആർ ടി യും പുതിയ പാഠപുസ്തകങ്ങൾ നിർമ്മിക്കുകയും 6 മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് 40% MOOC (Massive Open Online Courses) ആക്കി മാറ്റുകയും ചെയ്യണം എന്ന് നിർദ്ദേശിക്കുന്നു. അതിന്റെ നടത്തിപ്പും അനന്തരഫലങ്ങളും ഒക്കെ സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകളാണ് ഇനിയുള്ള ദിവസങ്ങളില്‍ വിദ്യാഭ്യാസരംഗത്ത് നടക്കാനിരിക്കുന്നത്. കോവിഡാനന്തരം, സ്കൂൾ മുതൽ യൂണിവേഴ്സിറ്റി തലം വരെ ഓൺലൈൻ വിദ്യാഭ്യാസം എന്നത് നോർമൽ ആകുന്ന സമീപഭാവിയെമുന്നില്‍ കണ്ടുകൊണ്ട്, സാധ്യതകളെ വിവേകപൂർവം പ്രയോജനപ്പെടുത്താനും പാർശ്വഫലങ്ങളെ മറികടക്കാനുമായി നമ്മൾ നിശ്ചയമായും തയ്യാറെടുക്കേണ്ടിയിരിക്കുന്നു.


മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലാവസ്ഥാവ്യതിയാനം മൂലം വന ആവാസവ്യവസ്ഥയിൽ‍ ഉണ്ടാകുന്ന മാറ്റങ്ങൾ
Next post മൂങ്ങ രാജ്യത്തെ കട്ടപ്പ – മീൻ കൂമൻ
Close