Read Time:34 Minute
[author title=”ഡോ പി വി പുരുഷോത്തമന്‍” image=”https://luca.co.in/wp-content/uploads/2019/09/dr-pv-purushothaman.jpg”]വിദ്യാഭ്യാസ പ്രവർത്തകൻ, എഴുത്തുകാരൻ[/author]

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്‌കൂൾ വിദ്യാഭ്യാസ പുരോഗതി വിലയിരുത്താൻ സഹായിക്കുന്ന സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക റിപ്പോർട്ട് – നീതി ആയോഗ് പ്രസിദ്ധീകരിച്ചിരിക്കുന്നു. കേരളം 76.6% ഓവറോൾ സ്‌കോർ നേടിക്കൊണ്ട് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നതിൽ നമുക്ക് അഭിമാനിക്കാം. നീതി ആയോഗ് റിപ്പോർട്ടിന്റെ വിശകലനവും, പഠനത്തിന്റെ പരിമിതികളും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളും – ഡോ.പി.വി.പുരുഷോത്തമൻ എഴുതുന്നു.

[dropcap]ഇ[/dropcap]ന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ പുരോഗതി വിലയിരുത്താൻ സഹായിക്കുന്ന ഒരു റിപ്പോർട്ട് നീതി ആയോഗ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക (School Education Quality Index- SEQI) ഉപയോഗിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. 20 വലിയ സംസ്ഥാനങ്ങൾ, 8 ചെറിയ സംസ്ഥാനങ്ങൾ, 7 കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗമായാണ്  നിലവാര താരതമ്യം നിർവഹിച്ചിരിക്കുന്നത്. ഇതിൽ വലിയ സംസ്ഥാനങ്ങളുടെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന കേരളം ആ വിഭാഗത്തിൽ 76.6% ഓവറോൾ സ്‌കോർ നേടിക്കൊണ്ട് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു എന്നത് നമ്മെ സംബന്ധിച്ച് അഭിമാനകരമാണ്. കേരളീയരെ നോക്കി നിങ്ങൾ കണ്ടു പഠിക്കേണ്ടത് എന്ന് ചിലർ ചൂണ്ടിക്കാട്ടിയ  ഉത്തർപ്രദേശാണ് 36.4% സ്കോറോടെ ഏറ്റവും പിറകിൽ നിൽക്കുന്നത് എന്നത് അത്തരക്കാർക്കുള്ള ചുട്ട അടിയായും തീർന്നിരിക്കുന്നു.

വിദ്യാഭ്യാസം കൺകറന്റ്  ലിസ്റ്റിൽപ്പെട്ട ഒരു ഇടപെടൽ മേഖലയാകയാൽ ഈ റിപ്പോർട്ട് കേന്ദ്രത്തിനും, സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒരുപോലെ ഒട്ടേറെ തിരിച്ചറിവുകൾ നൽകും. കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷയുടെ ഊന്നലുകളില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നും പട്ടികവർഗം, പട്ടികജാതി, മറ്റു പിന്നോക്ക വിഭാഗങ്ങൾ, പെൺകുട്ടികൾ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ (Chilidren With Special Needs – CWSN) എന്നിവർക്കായുള്ള  പരിപാടികളിൽ ഇനി ഏതേത് സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ആലോചിക്കാൻ ഇത് കേന്ദ്രസർക്കാരിനെ സഹായിക്കും. കേരളത്തെ സംബന്ധിച്ചാകട്ടെ, സമഗ്ര ശിക്ഷയുടെ നടത്തിപ്പ്, [box type=”success” align=”” class=”” width=””]സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ഹൈടെക് പഠനപരിപാടി, ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള നിരവധി പാക്കേജ് പദ്ധതികൾ (മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് etc.) എന്നിവയുടെ നിർവഹണം കാര്യക്ഷമമാക്കാൻ ഈ  പഠന റിപ്പോർട്ട് പ്രയോജനകരമാകും. [/box] ഒപ്പം നമ്മുടെ പരിമിതികളും പോരായ്മകളും മനസ്സിലാക്കാനും നേട്ടങ്ങളെ എങ്ങനെ ആഴത്തിലേക്കും പരിപ്പിലേക്കും കൊണ്ടുപോകാമെന്നു ചിന്തിക്കാനും ഇത് നമ്മെ പ്രേരിപ്പിക്കും.

കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, ലോകബാങ്ക്, സ്വതന്ത്ര മൂല്യനിർണയ ഏജൻസി എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് റിപ്പോർട്ട് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.  സർവശിക്ഷാ അഭിയാൻ വഴി ശേഖരിച്ചിട്ടുള്ള UDISE (Unified District Information on School Education), MHRD യുടെ ദേശീയ വിവര പോർട്ടലായ Shagun, NCERTയുടെ മുൻകൈയിൽ നടന്ന NAS (National Achievement Servey) എന്നിവയിലൂടെ ലഭിച്ച വിവരങ്ങളും സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ച്  നിരവധി ശിൽപ്പശാലകളിലൂടെ നടത്തിയ ആധികാരിക വിലയിരുത്തലുകളുമാണ് ഈ റിപ്പോർട്ട് പുറത്തിറക്കാൻ നീതി ആയോഗ് പ്രയോജനപ്പെടുത്തിയത്. 2015-16 അടിസ്ഥാന വർഷമായും 2016-17 പഠനവർഷമായും പരിഗണിച്ചാണ് ഇപ്പോഴത്തെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത് എന്നത് പ്രത്യേകമോർക്കണം. അങ്ങനെ വരുമ്പോൾ നിലവിലുള്ള സംസ്ഥാന സർക്കാറിന്റെ ആദ്യവർഷത്തെ നേട്ടമാണ് റിപ്പോർട്ടിൽ പ്രതിഫലിക്കുന്നത് എന്ന് വേണമെങ്കിൽ വാദിക്കാം. അതിനു മുമ്പത്തെ വർഷവും കേരളം തന്നെയാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നതെങ്കിലും ഇൻക്രിമെന്റ് സ്‌കോറിൽ 4.6% ന്റെ വളർച്ച ഉണ്ടാക്കിയാണ് വീണ്ടും ഒന്നാം സ്ഥാനം നേടിയത് എന്നത് ശ്രദ്ധേയമാണ്. നിലവിലുള്ള സംസ്ഥാന സർക്കാർ രണ്ടും മൂന്നും വർഷങ്ങളിൽ നടത്തിയ ഇടപെടലുകളുടെ തിളക്കം വരുംവർഷങ്ങളിൽ പ്രതിഫലിക്കും എന്നു കരുതുന്നതിലും  തെറ്റില്ല.

[box type=”info” align=”” class=”” width=””]ഈ പഠനത്തിൽ 30 സൂചകങ്ങളാണ് ആകെ പരിഗണിച്ചത്. ഇതിൽ 16 സൂചകങ്ങൾ നേട്ടവുമായി (Outcome) ബന്ധപ്പെട്ടതും 14  സൂചകങ്ങൾ ഭരണനിർവഹണവുമായി(Governance) ബന്ധപ്പെട്ടതുമാണ്.  [/box] നേട്ടം എന്ന വിഭാഗത്തിലാണ് പഠനനേട്ടം (Learning Outcome), സ്കൂൾ ലഭ്യത (Access), ഭൗതികസൗകര്യങ്ങൾ (Infra structure & Facilities), തുല്യത (Equity) എന്നീ പ്രധാന മേഖലകൾ വരുന്നത്. ഭരണനിർവഹണം എന്ന വിഭാഗത്തിലാവട്ടെ അധ്യാപകരുടെയും കുട്ടികളുടെയും ഹാജർ നില, സെക്കൻഡറിയിലെ വിഷയാധ്യാപക ലഭ്യത,  പ്രധാനാധ്യാപക സാന്നിധ്യം, SCERT, DIET എന്നിവിടങ്ങളിലെ ഫാക്കൽറ്റികളുടെ ലഭ്യത, അധ്യാപക നിയമനം – ട്രാൻസ്ഫർ എന്നിവയ്ക്കുള്ള ഓൺലൈൻ സൗകര്യങ്ങൾ തുടങ്ങിയ മേഖലകളും കടന്നുവരുന്നു.

പഠനനേട്ടം

പഠനനേട്ടം എന്ന മേഖലയിൽ 3,5,8  ക്ലാസുകളിലെ മാതൃഭാഷ, ഗണിതം എന്നീ വിഷയങ്ങളിൽ ലഭിച്ച NAS  സ്കോറുകളാണ് പരിഗണിച്ചിരിക്കുന്നത്.

ക്ലാസ്  വിഷയം  നേട്ടം 
3 ഭാഷ  72%
3 ഗണിതം  72%
5 ഭാഷ  69%
5 ഗണിതം  63%
8 ഭാഷ  63%
8 ഗണിതം  50%

നേരത്തെ സൂചിപ്പിച്ച 30 സൂചകങ്ങളിൽ മൂന്നെണ്ണം 3,5,8 ക്ലാസ്സുകളിലെ മേല്‍വിഷയങ്ങളിലെ പഠനനേട്ടമാണ്.  30 സൂചകങ്ങള്‍ക്കും കൂടി 965 സ്‌കോറുകൾ കണക്കാക്കിയതിൽ 360 സ്കോറും ഇപ്പറഞ്ഞ പഠനനേട്ടത്തിലൂടെയാണ് ലഭിക്കുക. അതിനർഥം, വിദ്യാഭ്യാസനിലവാര സൂചികയിൽ കേരളം പോലുള്ള സംസ്ഥാനങ്ങളെ മുന്നിലെത്തിച്ചതിൽ പഠനനിലവാരത്തിൽ  പുലർത്തുന്ന മികവ് മുഖ്യപങ്കുവഹിച്ചിട്ടുണ്ട് എന്നാണ്. എന്നാൽ പഠന നിലവാര നിർണയത്തിൽ ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നില്ല എന്നത് ഈ പഠനത്തിന്റെ പരിമിതിയായും മനസ്സിലാക്കേണ്ടതുണ്ട്. [box type=”warning” align=”” class=”” width=””]സ്വയം വിമർശനപരമായി വിലയിരുത്തുമ്പോൾ, ഭാഷയിലായാലും ഗണിതത്തിലായാലും ഉയർന്ന ക്ലാസുകളിലേക്ക് പോകുമ്പോൾ നിലവാരം ക്രമമായി കുറഞ്ഞു വരുന്നു എന്നത് ഈ അഭിമാനനേട്ടത്തിനിടയിലും കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തകരെ ആകുലരാക്കണം.[/box]

സ്കൂൾ ലഭ്യതയുടെയും  പ്രവേശനത്തിന്റെയും കാര്യത്തിൽ നമ്മുടെ നില പ്രതീക്ഷിക്കും വിധം മികച്ചതാണ്. എൽ.പി.യിൽ നിന്നും  യു.പി.യിലേക്കും, യു.പി.യിൽ നിന്ന് ഹൈസ്ക്കൂളിലേക്കും ഉള്ള ക്ലാസ് കയറ്റവും 100% തന്നെ. ഓള്‍ പ്രമോഷൻ സമ്പ്രദായം നിലനിൽക്കുന്നിടത്തോളം കാലം അത് അങ്ങനെ  ആവാതെ തരമില്ല. ഓരോ ക്ലാസിലും നേടേണ്ടത് നേടിയാണോ ഈ ക്ലാസ് കയറ്റം എന്ന് പൊതുവിൽ ആരും അന്വേഷിക്കുന്നില്ല. എന്നാൽ കേരളത്തെ സംബന്ധിച്ച്‌, പ്രൈമറി ക്ലാസുകളിൽ  മലയാളത്തിലും ഇംഗ്ലീഷിലും ഗണിതത്തിലും ഹിന്ദിയിലും പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്താൻ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, സുരീലി ഹിന്ദി എന്നീ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്  എന്നതില്‍ നമുക്ക് തത്കാലം ആശ്വാസം കണ്ടെത്താം. 

അടുത്തയിനം സ്കൂളിലെത്താത്തവരോ,  എത്തിയ ശേഷം വിട്ടുപോയവരോ ആയ കുട്ടികളെ തിരിച്ചെത്തിക്കുന്നതിൽ  സംസ്ഥാനം കൈവരിച്ച മികവാണ്. ഇതിൽ 2016-17ൽ 64% മാത്രമേ വിജയിക്കാനായുള്ളൂ എന്നതും അത് മുൻവർഷത്തേക്കാൾ 24.3% കുറവാണ് എന്നതും  നമ്മെ ജാഗരൂകരാക്കേണ്ടതുണ്ട്. ആദിവാസി മേഖലകളിൽ ഇതിനായി നടക്കുന്ന പ്രവർത്തനങ്ങൾ ഫലവത്താകുന്നില്ല എന്നാണ് ഇതിൽ നിന്നും അനുമാനിക്കേണ്ടത്. പട്ടികജാതി-പട്ടികവർഗ വകുപ്പും, വിദ്യാഭ്യാസവകുപ്പും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒത്തുചേർന്നുകൊണ്ട് ആദിവാസി മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്തേണ്ട ആവശ്യകതയിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്ന തൊഴിലാളികളുടെ കുട്ടികൾ കൂടി ഈ വിഭാഗത്തിൽ ഉൾപ്പെടുമെന്നതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ ഗൗരവശ്രദ്ധ തന്നെ  ഈ വിഷയത്തിൽ പതിയേണ്ടതുണ്ട്. എറണാകുളത്ത് നടക്കുന്ന ‘റോഷ്നി’ എന്ന പേരിലുള്ള ട്രൈഔട്ട് പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.

കമ്പ്യൂട്ടർ സഹായത്തോടെയുള്ള പഠനം

ഈ റിപ്പോർട്ട് പ്രകാരം കമ്പ്യൂട്ടർ സഹായത്തോടെയുള്ള പഠനം (Computer Aided Learning- CAL) പ്രൈമറി വിദ്യാലയങ്ങളിൽ 49.6%  ഇടത്തു മാത്രമാണുള്ളത്. കമ്പ്യൂട്ടർ ലാബ് സൗകര്യമുള്ളത് സെക്കൻഡറിയിൽ 45.1% സ്കൂളുകളിലും ആണ്. ഈ കണക്ക് സംസ്ഥാന സർക്കാരിന്റെ  ഹൈടെക് പദ്ധതി നിലവിൽ വരുന്നതിനു മുമ്പുള്ളതാണ് എന്നതിനാൽ ആശങ്കപ്പെടാനില്ല. പ്രൈമറിയിൽ 58.3% ഓടെ ഗുജറാത്ത് മാത്രമാണ് മുന്നിൽ.  സെക്കൻഡറിയിലാകട്ടെ പഠനവർഷമായ 2016-17ൽ നാം നാലാംസ്ഥാനത്താണ്. 45000 സെക്കണ്ടറി- ഹയർസെക്കണ്ടറി ക്ലാസ് മുറികൾ കേരളത്തിൽ ഇതിനു ശേഷം ഹൈടെക് പദവിയിൽ എത്തിക്കഴിഞ്ഞു.  വരുന്ന നവംബറോടെ എയ്ഡഡ് – സ്കൂളിൽ ഉൾപ്പെടെ പ്രൈമറിയിൽ കമ്പ്യൂട്ടർ പഠനസൗകര്യം നിലവിൽ വരുമ്പോൾ കേരളത്തോട് മത്സരിക്കാൻ ഒരു സംസ്ഥാനത്തിനും ആവില്ല എന്നതാവും സ്ഥിതി. പക്ഷേ എത്ര അധ്യാപകർ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു എന്ന വിഷയം വരുമ്പോൾ നാം പരുങ്ങലിലാവും. [box type=”success” align=”” class=”” width=””]സ്കൂൾ ലൈബ്രറികളുടെ ലഭ്യതയിലാവട്ടെ 96.7% സ്കൂളുകളിലും ലൈബ്രറി  ഉള്ള കേരളം മൂന്നാം സ്ഥാനത്താണ്. സമീപകാലത്ത് വ്യാപകമായി വരുന്ന ക്ലാസ് ലൈബ്രറികളും, ഒപ്പം വായനമൂലയും വായനാവാരവും ഒക്കെ ചേരുമ്പോൾ ദേശീയ തലത്തിലെ മൂന്നാംസ്ഥാനത്തിന് നല്ല തിളക്കം തന്നെ ഉണ്ടാകും എന്നതിൽ സംശയമില്ല.[/box]

തൊഴിൽവിദ്യാഭ്യാസം 

എന്നാൽ റിപ്പോർട്ട് പ്രകാരം 9 മുതൽ 12 വരെ ക്ലാസുകളിൽ തൊഴിൽവിദ്യാഭ്യാസം  ഏർപ്പെടുത്തിയിട്ടുള്ളത് 0.01% സ്കൂളുകളിൽ മാത്രമാണ്! ഈ കണക്ക് ശരിയോ എന്ന കാര്യത്തിൽ സംശയം തോന്നാം.  കാരണം 2018ലെ സാമ്പത്തികാവലോകനം അനുസരിച്ച് 2462 ഹയർസെക്കണ്ടറി സ്‌കൂളുകൾ ഉള്ളതിൽ 389 എണ്ണത്തിൽ (അതായത് 15.8%) വൊക്കേഷണൽ കോഴ്‌സുകൾ ഉണ്ട്. ഹയർസെക്കണ്ടറി ഇല്ലാത്ത ഹൈസ്‌കൂളുകൾ പരിഗണിച്ചാലും കണക്കിൽ ഇത്ര അന്തരം ഉണ്ടാവാൻ ഇടയില്ല. എന്നാൽ തൊഴിൽവിദ്യാഭ്യാസത്തിന് നാം വലിയ പ്രാധാന്യം നൽകുന്നില്ല എന്നത്  പൊതുവായ ഒരു വസ്തുതയായി നിലനിൽക്കുന്നു. ഗോവയിൽ 68.3% സ്‌കൂളുകളിൽ തൊഴിൽ പഠനസൗകര്യമുണ്ടെന്ന കണക്ക് ശരിയെങ്കിൽ നാം ഏറെ പിന്നിലാണെന്നതിൽ തർക്കമില്ല. [box type=”info” align=”” class=”” width=””]ഹയർസെക്കണ്ടറി കഴിയുമ്പോൾ എല്ലാ കുട്ടികളും ഒരു തൊഴിലിൽ പരിചയം നേടണം എന്ന ലക്ഷ്യംവെച്ച് മുന്നോട്ടുപോകാൻ കേരളം ഇനിയും വൈകരുത്.[/box]

പട്ടികവർഗ വിദ്യാർഥികളുടെ പഠന നിലവാരം

പൊതുവിഭാഗവുമായി തട്ടിച്ചുനോക്കുമ്പോൾ പട്ടികജാതിക്കാരുടെ കാര്യത്തിൽ അന്തരം വളരെ കുറവാണ്. ഗ്രാമത്തിലെയും  നഗരത്തിലെയും കുട്ടികൾ തമ്മിലും ആൺകുട്ടികളും പെൺകുട്ടികളും തമ്മിലും പഠന നിലവാരത്തിൽ കാര്യമായ അന്തരം ഇല്ലെന്ന് കണക്കുകൾ പറയുന്നു. എന്നാൽ പട്ടികവർഗ വിഭാഗങ്ങളുടെ പഠനമികവിൽ  പ്രകടമായ അന്തരമുണ്ടെന്നു പേജ് 67ൽ കാണുന്നു. ഇതാകട്ടെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലുമാണ്. . സ്‌കൂളിൽ എത്താത്തവരും കൊഴിഞ്ഞുപോയവരും കൂടുതലും പട്ടികവർഗക്കാരായിരിക്കും എന്നതിലും സംശയമില്ല. [box type=”warning” align=”” class=”” width=””]പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ അജണ്ടയിൽ  ഗൗരവത്തോടെ ഇടം പിടിക്കേണ്ട ഒരു വിഷയമായി പട്ടികവർഗ വിദ്യാർഥികളുടെ പഠനം മാറിയിരിക്കുന്നു എന്നാണ് ഇതൊക്കെയും സൂചിപ്പിക്കുന്നത്..[/box]

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് എസ് എസ് എ വഴി നൽകുന്ന ഉപകരണങ്ങൾ ആവശ്യക്കാരിൽ 98.1% പേർക്കും നൽകാൻ കഴിഞ്ഞിരിക്കുന്നു എന്നതാണ് മറ്റൊരു മികവ്. കേന്ദ്രഫണ്ട് ലഭ്യമായിട്ടും  ഒറീസ , തെലുങ്കാന തുടങ്ങിയ 7 സംസ്ഥാനങ്ങളിൽ 0% വിതരണമേ നടന്നിട്ടുള്ളൂ എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഇത്തരം കുട്ടികളെ സഹായിക്കാൻ ഏർപ്പെടുത്തിയ സ്പെഷലിസ്റ്റ് അധ്യാപകരെ സംബന്ധിച്ച്  പഠനത്തിൽ സൂചനകളില്ല. കേരളത്തിൽ പോലും ഇവരുടെ എണ്ണം തീരേ കുറവാണെന്നും സേവനം പേരിനു മാത്രമാണെന്നും പറയാതെ വയ്യ. അന്താരാഷ്ട്ര നിലവാരത്തിൽ മുന്നിൽ നിൽക്കുന്ന ഫിൻലൻറ് പോലുള്ള രാജ്യങ്ങൾ എല്ലാ വിദ്യാലയങ്ങളിലും സ്പെഷലിസ്റ്റ് അധ്യാപകരെയും സ്കൂൾ കൗൺസിലർമാരെയും ലഭ്യമാക്കിക്കൊണ്ടാണ് നേട്ടങ്ങൾ കൊയ്തത് എന്നത് നമുക്കും മാതൃകയാവണം.

ഏകാധ്യാപക വിദ്യാലയങ്ങള്‍

ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണമാണ് റിപ്പോർട്ടിലെ മറ്റൊരു ഇനം.  ജാർഖണ്ഡിൽ 16.9%, അരുണാചൽ പ്രദേശത്തിൽ 26.6%, ആന്ധ്രപ്രദേശിൽ 14.1 %,  ഗോവയിൽ 19.7% സ്കൂളുകൾ ഏകാധ്യാപക വിദ്യാലയമാണ്. കേരളത്തിൽ 2.1% സ്കൂളുകളേ ഇന പട്ടികയിൽ ഉള്ളൂ എന്നത് മികവ് തന്നെ. എന്നാൽ കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് എന്തുകൊണ്ട് ഏകാധ്യാപക വിദ്യാലയങ്ങളെ പൂർണമായും ഒഴിവാക്കുന്നതിനുള്ള അടിയന്തരശ്രമം ഏറ്റെടുത്തു കൂടാ?  ഏതാനും വർഷങ്ങൾക്കു മുമ്പ് എസ്.എസ്.എ യുടെ കീഴിലുള്ള ഏകാധ്യാപക വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തിരുന്നു. പക്ഷേ സൗകര്യങ്ങൾ ഒരുക്കുന്നതിലും അധ്യാപകരെ കൂടുതലായി നൽകുന്നതിലും ഒരു മുന്നേറ്റവും ഉണ്ടായില്ല. ദുർബലമെന്നു നാം നേരത്തെ വിലയിരുത്തിയ  ആദിവാസി മേഖലയിലാണ് ഇത്തരം വിദ്യാലയങ്ങളിൽ മിക്കതും എന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് തുല്യമായ അവസരങ്ങൾക്ക് എല്ലാ കുട്ടികൾക്കും അർഹതയുണ്ട് എന്നിരിക്കെ നമുക്കെങ്കിലും ഈ അനീതി അവസാനിപ്പിക്കാനാവണം.

അധ്യാപക ലഭ്യത കേരളത്തിൽ

RTE മാനദണ്ഠം  അനുസരിച്ചുള്ള അധ്യാപക ലഭ്യത കേരളത്തിൽ  എൽ.പി.യിൽ 94.9% ആണ്. ഇക്കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. എന്നാൽ യു.പി.യിൽ ഇത് 65.3% മാത്രമാണ്. യു.പി ക്ലാസുകളിൽ  സബ്ജക്റ്റ് ടീച്ചർ സമ്പ്രദായം വേണമെന്ന കാഴ്ചപ്പാടിൽ തയ്യാറാക്കിയതാണ് ഈ കണക്ക്. കേരളത്തിലെ യു പി ക്ലാസുകളിൽ ബി എഡ് ഉള്ള അധ്യാപകരെ നിയമിക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പി.ഡി.  ടീച്ചർ എന്ന നിലയിൽ നേരത്തെ നിയമനം ലഭിച്ച ടി ടി സിക്കാർ യു.പി. ക്ലാസുകളിൽ തുടരുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിലും ആറു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ വിഷയം തിരിച്ച് ബിരുദവും ബി എഡും ഉള്ള അധ്യാപകരാണ് വിവിധ വിഷയങ്ങൾ പഠിപ്പിക്കേണ്ടത് എന്ന് നിർദേശിച്ചിട്ടുണ്ട്. നിലവിലുള്ള പി.ഡി. ടീച്ചർമാർ റിട്ടയർ ചെയ്യുകയും വിഷയാധിഷ്ഠിത നിയമനം പൂർണമാക്കുകയും ചെയ്യുമ്പോഴേ നമുക്ക് 100% എന്ന ആത്യന്തിക ലക്ഷ്യത്തിൽ എത്തിച്ചേരാനാകൂ. 

ഹൈസ്കൂളുകള്‍ 

ഹൈസ്കൂളുകളുടെ  കാര്യമാണ് പഠനവിധേയമാക്കുന്ന മറ്റൊരു ഇനം.  ഇംഗ്ലീഷ്, മാതൃഭാഷ, ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ അഞ്ചു വിഷയങ്ങൾക്ക് പ്രത്യേകമായി അധ്യാപകരുള്ള  സ്കൂളുകളുടെ എണ്ണമെടുത്തപ്പോൾ കേരളത്തിൽ 44.7% സ്കൂളുകളിലേ അതുള്ളൂ എന്ന് റിപ്പോർട്ടിൽ കാണുന്നു. ഡൽഹിയിൽ 91.9% സ്കൂളുകളിലും  ചണ്ഡീഗഡിൽ 86.9% സ്കൂളുകളിലും ഈ മാനദണ്ഡം പാലിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ജാർഖണ്ഡ് (3.5%), ഒഡീഷ ( 4%), ഉത്തർപ്രദേശ് (7%), പോണ്ടിച്ചേരി (2.7%) എന്നിങ്ങനെയാണ് പിറകിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ 2016-17 വർഷത്തെ  സ്ഥിതി. കേരളത്തിൽ പകുതി ഹൈസ്കൂളിൽ പോലും വെവ്വേറെ വിഷയങ്ങള്‍ക്ക്   അധ്യാപകരില്ല എന്നത് ഒട്ടും വിശ്വസനീയമല്ല. ഇംഗ്ളീഷിൽ ഉൾപ്പെടെ അതാത് വിഷയങ്ങളിൽ ഡിഗ്രി ഉള്ളവർ തന്നെയാണ്  ഇപ്പോൾ നിയമിക്കപ്പെടുന്നത്. ഈ കണക്ക് എങ്ങനെ വന്നു എന്നത് പരിശോധിക്കപ്പെടണം.

എന്നാൽ RTE  മാനദണ്ഡപ്രകാരം ക്ലാസുകളിൽ കലാ-കായിക- പ്രവൃത്തി പരിചയവിഷയങ്ങൾക്ക്  സ്പെഷലിസ്റ്റ് അധ്യാപകരെ വേണമെന്നുണ്ട്. എസ്.എസ്.എ പദ്ധതിപ്രകാരം പേരിനു  കുറച്ചു പേരെ നിയമിക്കാനേ കേന്ദ്രസർക്കാർ ഫണ്ട് നീക്കിവെക്കുന്നുള്ളു. കഴിഞ്ഞവർഷം 25,000 രൂപയ്ക്ക് മേൽ ശമ്പളം കിട്ടിയിരുന്ന ഈ വിഭാഗക്കാരുടെ  ശമ്പളത്തിനായി 7000 രൂപ മാത്രമാണ് ഇക്കൊല്ലം കേന്ദ്രം പദ്ധതിയിൽ വക കൊള്ളിച്ചിട്ടുള്ളത് ! അതിൽ തന്നെ 40% തുക വഹിക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണെന്നും ഓർക്കണം. നിലവിൽ സംസ്ഥാന സർക്കാർ 7000 രൂപ കൂടി നൽകിയാണ് ഇവർക്ക് 14000 രൂപയെങ്കിലും  ഈ വർഷം ശമ്പളമായി നൽകിവരുന്നത്. സ്കൂള്‍ വിദ്യാഭ്യാസ വളർച്ച പഠിക്കാൻ ഉത്സാഹിച്ച നീതി ആയോഗ് ഈ വിഭാഗം അധ്യാപകരുടെ ലഭ്യത റിപ്പോർട്ടിൽ ചേർക്കാതിരുന്നത് കേന്ദ്ര സർക്കാരിനെ സഹായിക്കാൻ ആവാം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ച സംസ്ഥാന സർക്കാരും  ഈ വിഷയത്തിൽ കൂടുതൽ ഒന്നും ചെയ്യുന്നില്ല എന്നത് ഖേദകരമാണ്. കലാ-കായിക-പ്രവൃത്തി പരിചയ വിഷയങ്ങളിൽ ചെറിയ ശമ്പളത്തിൽ ആണെങ്കിൽ പോലും എല്ലാ വിദ്യാലയങ്ങളിലും അധ്യാപകരെ ലഭ്യമാക്കുമ്പോഴേ ‘ടാലന്റ് ലാബ്’ പോലുള്ള വലിയ പ്രഖ്യാപനങ്ങൾ അർത്ഥപൂർണമാവൂ.

ഉന്നത അക്കാദമിക സ്ഥാപനങ്ങളിലെ ഫാക്കൽറ്റി ലഭ്യത

അതീവ ഗൗരവമായി പരിഗണിക്കപ്പെടേണ്ട മറ്റൊരു വിഷയം ഉന്നത അക്കാദമിക സ്ഥാപനങ്ങളിലെ ഫാക്കൽറ്റി ലഭ്യതയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2016 -17 ൽ കേരളത്തിലെ എസ്. സി.ഇ.ആർ.ടി. യിൽ  53.8% അക്കാദമിക തസ്തികകളിൽ മാത്രമേ ആളുള്ളൂ. അതിൽ നല്ലൊരു ഭാഗം ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ എത്തിച്ചേർന്നവരാവണം. DIETകളിൽ 42.3% തസ്തികകളിലാണ് അക്കാദമിക് വിദഗ്ധരുള്ളത്. അക്കാദമിക നിലവാരം പടിപടിയായി ഉയർത്തി ലോകോത്തരമാവാൻ  ശ്രമിക്കുന്നു എന്നു കരുതപ്പെടുന്ന ഒരു സംസ്ഥാനത്തിന് ഇത് ഒട്ടും ഭൂഷണമല്ല. DIET കളിൽ കഴിഞ്ഞവർഷം കുറച്ചുപേരെ സ്കൂളുകളിൽനിന്നും വർക്ക് അറേഞ്ചുമെന്റ് രീതിയിൽ നിയമിച്ചിട്ടുണ്ട്. ഒരു വർഷം ഇതിനകം പൂർത്തീകരിച്ച അവർ അവിടെത്തന്നെ തുടരണമെങ്കിൽ പുതിയ ഉത്തരവ് ഇറങ്ങണം. സ്പെഷ്യൽ റൂൾ സംബന്ധിച്ച് വർഷങ്ങളായി തുടരുന്ന അനിശ്ചിതത്വമാണ് ഈ വിധം SCERT യിലും DIET ലും  അക്കാദമിക് തസ്തികളിൽ ആളില്ലാതാവാൻ ഇടവരുത്തുന്നത്. ഓരോ ഗവൺമെന്റ് വരുമ്പോഴും അവർക്ക് വേണ്ടപ്പെട്ടവരെ തൽക്കാലം വെച്ച് കാര്യങ്ങൾ നടപ്പിലാക്കുന്ന രീതി അവസാനിപ്പിച്ചില്ലെങ്കിൽ അക്കാദമിക് രംഗത്ത് ശക്തമായ നേതൃത്വം ഇല്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നായി കേരളം തുടരും. അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്ത് ആരൊക്കെ വരണം എന്നതിലും അതിൽ പ്രവർത്തിക്കുന്നവർ എത്തരക്കാരായിരിക്കണം എന്നതിലും ഇപ്പോഴും നമുക്ക് ഒരു കാഴ്ചപ്പാടില്ല എന്നത് ആശ്ചര്യജനകമാണ്.

സ്കൂളുകളുടെ സ്വയം വിലയിരുത്തലും  സ്കൂൾ വികസന പദ്ധതി രൂപീകരണവും 

പരിശോധിക്കപ്പെട്ട മറ്റൊരു വിഷയം സ്കൂളുകളുടെ സ്വയം വിലയിരുത്തലും  സ്കൂൾ വികസന പദ്ധതി രൂപീകരണവുമാണ്. ‘ശാലാസിദ്ധി’ എന്ന പേരിൽ കേന്ദ്ര മാനവശേഷി മന്ത്രാലയം കഴിഞ്ഞ വർഷം നടത്തിയ ശ്രമത്തിനു മുന്‍പായി NIEPA ( ഇൻസ്റ്റിട്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ് ആന്‍ഡ്‌  അഡ്മിനിസ്ട്രേഷൻ)  NPSSE എന്ന പദ്ധതി (നാഷണൽ പ്രോഗ്രാം ഓണ്‍  സ്കൂൾ സ്റ്റാൻഡേർഡ്സ് ആന്‍ഡ്‌ ഇവാലുവേഷൻ) നടപ്പിലാക്കുകയുണ്ടായി. ഇതനുസരിച്ച് ദേശീയതലത്തിൽ നൽകുന്ന സൂചകങ്ങൾ ഉപയോഗിച്ചുകൊണ്ട് ഓരോ സ്കൂളും സ്വയം വിലയിരുത്തൽ നടത്തുകയും പോരായ്മകൾ മറികടക്കാൻ സ്കൂൾ വികസന പദ്ധതി തയ്യാറാക്കുകയും വേണം. നീതി ആയോഗിന്റെ കണക്കുപ്രകാരം 2015- 16 ല്‍  14.7% സ്കൂളുകളേ കേരളത്തിൽ സ്വയം വിലയിരുത്തൽ പൂർത്തീകരിച്ചിട്ടുള്ളൂ. 2016-17ൽ അത് 49.9% ആയി ഉയർത്താനായെന്ന് പുതിയ സർക്കാറിന് അഭിമാനിക്കാം. അപ്പോഴും പന്ത്രണ്ടാം സ്ഥാനത്തേ കേരളം വരുന്നുള്ളൂ. 84.6% സ്കൂളുകളിൽ ഇത് യാഥാർഥ്യമാക്കിയ ഹിമാചൽപ്രദേശാണ് മുന്നിൽ. എന്നാൽ സ്കൂൾ വികസന പദ്ധതി തയ്യാറാക്കുന്നതിൽ നമുക്ക് 100% ലക്ഷ്യം നേടാനായി. സ്വയം വിമർശനം പൂർത്തീകരിക്കാത്ത സ്കൂളുകൾ ഉണ്ടാക്കിയ സ്കൂൾ വികസന പദ്ധതിയുടെ നിലവാരം എന്തായാലും മെച്ചമാവാനിടയില്ല. 2018-19ൽ  പൊതു വിദ്യാഭ്യാസ വകുപ്പും മന്ത്രിയും പ്രത്യേകം താല്പര്യമെടുത്താണ് സ്കൂള്‍ വികസന പദ്ധതികള്‍ ഉണ്ടാക്കിയത്. എന്നാല്‍ പദ്ധതി ഉണ്ടാക്കുന്നതിനപ്പുറം എത്ര വിദ്യാലയങ്ങളില്‍ അത് പ്രയോഗത്തിൽ കൊണ്ടുവന്നു എന്ന് നീതി ആ യോഗ് അന്വേഷിച്ചിരുന്നെങ്കിൽ നമ്മുടെ സ്ഥിതിയും പരുങ്ങലിലാവും. പദ്ധതി ഉണ്ടാക്കാന്‍ കാണിച്ച ഉത്സാഹം അധികൃതരിൽ നിന്ന് പിന്നീട് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. തത്കാലം ഒരു പദ്ധതി തട്ടിക്കൂട്ടി, നല്ല കവറുമിട്ട് മേലുദ്യോഗസ്ഥർക്ക് കൈമാറുക എന്നതിലപ്പുറം ഇത് നടപ്പിലാക്കേണ്ട പരിപാടിയാണ് എന്ന ബോധ്യത്തോടെയല്ല പല സ്കൂളുകളും പദ്ധതി ഉണ്ടാക്കിയത്. മുൻകാലങ്ങളിൽ ഉണ്ടാക്കിയ പദ്ധതികളുടെ സ്ഥിതി അങ്ങനെ ചിന്തിക്കാൻ അവരെ പ്രേരിപ്പിച്ചിരിക്കാം ! വാസ്തവത്തിൽ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ മുന്നോട്ടുപോകാനുള്ള പ്രധാന ഉദ്യമമായി അതിനെ മാറ്റാന്‍ ആവുമായിരുന്നു. 

ചില  സ്കൂളുകൾ തങ്ങളുടെ പദ്ധതി യാഥാർഥ്യമാക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നതിൽ തര്‍ക്കമില്ല. അങ്ങനെ അല്ലാതെയും ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടക്കുന്നു എന്നതിലും സംശയമില്ല. എന്നാൽ യാഥാർഥ്യബോധത്തോടെ പദ്ധതി ഉണ്ടാക്കാൻ നിർദേശിക്കുകയും, അത് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ പ്രാദേശികമായ മുൻകൈ ഉറപ്പു വരുത്തുകയും പദ്ധതി പുരോഗതി കൃത്യമായി മോണിറ്റർ ചെയ്യുകയും ചെയ്തിരുന്നെങ്കിൽ  വിദ്യാഭ്യാസരംഗത്തെ നവീകരിക്കാൻ കേരളം ഏറ്റെടുത്ത മികച്ച ഇടപെടലായി അത് മാറുമായിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയിൽ സമീപകാലത്ത് ഉണ്ടായ മുന്നേറ്റത്തെ അംഗീകരിച്ചു കൊണ്ട് തന്നെയാണ് ഈ വിമർശനം ഉന്നയിക്കുന്നത്.

ഇത്തരം ചില പോരായ്മകൾ നിലനിൽക്കുമ്പോഴും നീതി ആയോഗ് തന്നിരിക്കുന്ന അംഗീകാരം കേരളത്തെ  സംബന്ധിച്ച് അഭിമാനകരമാണ് എന്നതിൽ തർക്കമില്ല. വരുംവർഷങ്ങളിലും ഒന്നാം സ്ഥാനത്ത് തുടരാൻ നമുക്ക് വലിയ പ്രയാസം ഉണ്ടാവാനിടയില്ല. എന്നാൽ അപ്പോഴും ഈ റിപ്പോർട്ടിന്റെ ചില പരിമിതികൾ ബാക്കി നിൽക്കുന്നു. എന്തെന്നാൽ, സമഗ്ര ശിക്ഷാ അഭിയാൻ വഴി ഉണ്ടാവുന്ന പുരോഗതിയെ സംബന്ധിച്ച് അതിന്റെ നിര്‍വഹണ ഘടകങ്ങളിൽ നിന്ന് അവർ തന്നെ ശേഖരിച്ച ചില വിവരങ്ങളാണ് റിപ്പോർട്ടിന്റെ  മുഖ്യ ആധാരം. NCERT യുടെ NAS പഠനത്തിലാവട്ടെ , രണ്ടു വിഷയങ്ങളിൽ, അതും പ്രൈമറി ഘട്ടത്തിലെ പഠന നേട്ടമേ പരിഗണിച്ചിട്ടുള്ളൂ. [box type=”info” align=”” class=”” width=””]വിദ്യാഭ്യാസ രംഗത്തെ സമഗ്രമായി വിലയിരുത്തണമെങ്കിൽ വരും വർഷങ്ങളിൽ നീതി ആയോഗ് ഇതിലുള്ള സൂചകങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടു്. അതായത് ഈ റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തെത്തി എന്നതുകൊണ്ടു മാത്രം എല്ലാമായി എന്ന ചിന്ത നമ്മെ ബാധിക്കരുത്.[/box]

അങ്ങനെ നോക്കുമ്പോൾ അന്തർദേശീയ നിലവാരത്തിലേക്കുള്ള പ്രയാണത്തിന് ഈ റിപ്പോർട്ടിനെ  ഒരു ഉത്തേജകമായി മാത്രം പരിഗണിക്കാം. നമ്മുടെ ലക്ഷ്യം ഈ റിപ്പോർട്ടിനും അപ്പുറം പോവുക എന്നതാവണം. അതിനു വേണ്ടത് ഫിൻലൻറ്, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ചൈന തുടങ്ങി വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളോട്‌ എങ്ങനെ കിടപിടിക്കാനാവും എന്ന് ആത്മാർഥമായി അന്വേഷിക്കുകയാണ്. അതിന്റെ  അടിസ്ഥാനത്തിൽ നടത്തുന്ന സ്വയം വിമർശനവും, പദ്ധതി രൂപീകരണവും, കൂട്ടായ നിർവഹണവും ഒരു തുടർപ്രക്രിയയായി നാം മുന്നോട്ടു കൊണ്ടുപോകണം. അതിന് കക്ഷിരാഷ്ട്രീയം ഒരു തടസ്സമാകരുത്. സർക്കാരുകൾ മാറി വന്നാലും വിദ്യാഭ്യാസരംഗത്തെ നവീകരണ പദ്ധതികൾ അതേ വേഗതയിലും ആർജവത്തോടെയും മുന്നോട്ടു പോകണം. ഫിൻലന്റിലൊക്കെ ഇതാണ് സ്ഥിതി എന്ന്  അതെ കുറിച്ച് പഠനം നടത്തിയവർ എടുത്തു പറയുന്നുണ്ടു്. അത്തരമൊരു സംവാദത്തിനും ആശയസമന്വയത്തിനും കൂടി നിലവിലുള്ള സർക്കാർ മുൻകൈ എടുക്കുമോ  എന്നതാണ് ഈ സന്ദർഭത്തിൽ ഉയരുന്ന ഏറ്റവും പ്രസക്തമായ ചോദ്യം.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കൊബാള്‍ട്ട്‌ – ഒരു ദിവസം ഒരു മൂലകം
Next post വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം-അറിയേണ്ടെതെല്ലാം
Close