കർക്കിടകം രാശിയിലായാണ് നിഷിമുറ ധൂമകേതു ഇപ്പോഴുള്ളത്. ഇന്ത്യൻ സമയം പുലർച്ചെ നാലു മണിയോടെ കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിനു മുകളിൽ കർക്കിടകം ഉദിച്ചുയരും. പുലർച്ചെ അഞ്ചര വരെ അവിടെയുള്ള നക്ഷത്രങ്ങളെ കാണാനാകും. തുടർന്ന് സൂര്യശോഭയാൽ നക്ഷത്രങ്ങളെ കാണാനാകാതെയാകും. നക്ഷത്രരാശികളിൽ തന്നെ മങ്ങിയ നക്ഷത്രങ്ങളാണ് കർക്കിടകത്തിലുള്ളത്. അതിനാൽ തുടക്കക്കാർക്ക് കർക്കിടകം രാശിയെ കണ്ടെത്താൻ അല്പം പ്രയാസമാണ്. എന്നാൽ നമുക്ക് സഹായമായി ശുക്രൻ അവിടെയുണ്ടാകും. ശുക്രന്റെ അടുത്ത് അല്പം വടക്കു താഴെയായാണ് നിലവിൽ നിഷിമുറയുടെ സ്ഥാനം. നല്ല ഇരുട്ടുള്ള സമയം, മറ്റു തടസ്സങ്ങളൊന്നുമില്ല എങ്കിൽ ഒരു ബൈനോക്കുലർ ഉപയോഗിച്ച് നിഷിമുറയെ നിരീക്ഷിക്കാം. ഫോട്ടോഗ്രാഫി സാങ്കേതിക വിദ്യ ഉപയോഗിച്ചും ഇതിനെ കണ്ടെത്താനാകും. 5-ാം തീയതിയോടെ അത് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും.
നിഷിമുറ ഭൂമിയോട് ഏറ്റവും അടുത്താകുന്നത് 2023 സെപ്തംബർ 12നും സൂര്യനോടടുക്കുന്നത് സെപ്തംബർ 17നും ആണ്.
നിലവിൽ നിഷിമുറ ധൂമകേതുവിന്റെ വാല് കണ്ണുകൾ കൊണ്ട് നിരീക്ഷിക്കവിധം വളർന്നിട്ടില്ല. അതിന്റെ പ്രത്യക്ഷകാന്തിമാനം ഇപ്പോൾ 6.4 ആയാണ് കണക്കാക്കിയിരിക്കുന്നത്. (എന്നാൽ അന്തരീക്ഷത്തിലെ മാലിന്യങ്ങളും പ്രകാശമലിനീകരണവും മൂലം നമുക്ക് കാണാനാകുന്ന ശോഭ അതിലും വളരെ കുറവായിരിക്കും.) അതിനെ കണ്ടെത്തിയ സമയത്ത് അതിന്റെ പ്രത്യക്ഷകാന്തിമാനം കേവലം 10.4 മാത്രമായിരുന്നു, അതായത് നിഷിമുറയുടെ ശോഭ കൂടിക്കൂടി വരികയാണ്.
ഒരു ആകാശവസ്തുവിനെ ഭൂമിയിൽ നിന്നും കാണാനാകുന്ന ശോഭയുടെ സൂചകമാണ് പ്രത്യക്ഷകാന്തിമാനം (Apparent magnitude). ശോഭ കൂടുന്തോറും പ്രത്യക്ഷകാന്തിമാനം കുറയുന്നു. ഒരു ആകാശവസ്തുവിനെ നഗ്നനേത്രങ്ങളാൽ കാണണമെങ്കിൽ അതിന്റെ കാന്തിമാനം 6 എങ്കിലും ആയിരിക്കണം. 5 – ഓ 4- ഓ ആണെങ്കിൽ കൂടുതൽ വ്യക്തമാകും.
നിലവിലെ കണക്കുകൂട്ടൽ പ്രകാരം നിഷിമുറ ആവർത്തന സ്വഭാവമുള്ള ഒരു ധൂമകേതുവാണ്. അതിന്റെ പരിക്രമണകാലം ഏതാണ്ട് 500 വർഷമാണെന്നാണ് കണക്കുകൂട്ടിയിട്ടുള്ളത്. ഇത്രയും കുറഞ്ഞ പരിക്രമണകാലമുള്ള ഈ ധൂമകേതു സൂര്യസമീപമെത്തിയാലും നശിച്ചുപോകാതെ തിരികെയാത്രനടത്താൻ ശേഷിയുള്ളതാകും. സെപ്തംബർ 17ന് അത് സൗരസമീപകമാകും എന്ന് കണക്കാക്കുന്നു. അപ്പോഴതിന്റെ പ്രത്യക്ഷകാന്തിമാനം 2.6 വരെ എത്താം. എന്നിരുന്നാലും അപ്പോഴത് ചിങ്ങം രാശിയിൽ സൂര്യന് സമീപമായിരിക്കുന്നതിനാലും അന്തരീക്ഷമലിനീകരണം, പ്രകാശ മലിനീകരണം എന്നിവയാലും നഗ്നനേത്രങ്ങൾ കൊണ്ടുള്ള നിരീക്ഷണത്തിനു പ്രയാസമായിരിക്കുമെന്നാണ് കരുതുന്നത്. കേരളത്തിൽ നിന്നും നിരീക്ഷിക്കുന്നവർക്ക് സൂര്യാസ്തമനത്തിനു ശേഷം കുറച്ചു സമയം മാത്രം അനുകൂല കാലാവസ്ഥയുണ്ടെങ്കിൽ പടിഞ്ഞാറെ ചക്രവാളത്തോടുചേർന്ന് കാണാനായേക്കും. പിന്നീട് തിരിച്ചുള്ള യാത്രയിൽ എത്രമാത്രം ദൃശ്യമാകും എന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
ഇതിന്റെ പേരിൽ എന്തിരിക്കുന്നു?
നിഷിമുറ ധൂമകേതുവിന്റെ ജ്യോതിശാസ്ത്രനാമം C/2023 P1 (Nishimura) എന്നാണല്ലൊ. ഇതിലെ C എന്ന അക്ഷരം സൂചിപ്പിക്കുന്നത് ഇതൊരു ദീർഘകാല പരിക്രമണപഥമുള്ള (200 വർഷത്തിലധികം) ധൂമകേതുവാണ് എന്നാണ്. തുടർന്ന് കാണിച്ചിട്ടുള്ള നാലക്ക സംഖ്യ അതിനെ കണ്ടെത്തിയ വർഷമാണ്. P എന്നത് അതിനെ കണ്ടെത്തിയ മാസത്തെ സൂചിപ്പിക്കുന്നു. ഓരോ മാസത്തെയും രണ്ടു പകുതികളാക്കി തിരിച്ച് അവയ്ക്ക് ഇംഗ്ലീഷ് അക്ഷരങ്ങൾ നൽകിയിയാണ് നാമകരണത്തിന് ഉപയോഗിക്കുന്നത്. ജനുവരി 1-15 -ന് A, 16-31-ന് B, ഫെബ്രുവരിക്ക് C യും D യും അങ്ങനെ പോകും. I എന്ന അക്ഷരത്തെ ഒഴിവാക്കിയാട്ടുണ്ട്; 1 – ആയി തെറ്റിദ്ധരിക്കരുതല്ലോ. അതനുസരിച്ച് ആഗസ്റ്റ് ആദ്യ പകുതിയെ സൂചിപ്പിക്കുന്ന അക്ഷരമാണ് P. ആ അർദ്ധമാസത്തിൽ കണ്ടെത്തിയ ആദ്യ വസ്തുവായതിനാലാണ് P1 എന്ന് എഴുതിയിരിക്കുന്നത്.
‘നിഷിമുറ’ എന്നത് ധൂമകേതുവിനെ കണ്ടെത്തിയ ജാപ്പനീസ് വാനിരീക്ഷകന്റെ പേരാണ്. മൂപ്പർ ഇതിനു മുമ്പും ധൂമകേതുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കോമെറ്റുകളെ കണ്ടെത്തുന്നത് പ്രധാനമായും റോബോട്ടിക് കാമറകളും സോഫ്റ്റ് വെയറുകളും ചേർന്നാണ്. അങ്ങനെ നോക്കുമ്പോൾ നിഷിമുറയുടെ നേട്ടം എടുത്തു പറയേണ്ടതാണ്.
എങ്ങനെ നിരീക്ഷിക്കാം
കോമെറ്റ് നിഷിമുറയെ കേരളത്തിൽ നിന്ന് കണ്ടെത്താനുള്ള നിരീക്ഷണ പട്ടിക ചുവടെ ചേർത്തിരിക്കുന്നു.
തീയതി | നക്ഷത്രരാശി, സ്ഥാനം | പ്രതീക്ഷിക്കുന്ന കാന്തിമാനം | കാണാൻ പറ്റിയ സമയവും സ്ഥാനവും |
---|---|---|---|
സെപ്തംബർ 3 | കർക്കിടകം | 7.22 | പുലർച്ചെ 5.30 ന് കിഴക്ക്-തെക്കുകിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 15° മുകളിൽ |
സെപ്റ്റംബർ 6 | ചിങ്ങം | 6.35 | പുലർച്ചെ 5.30 ന് കിഴക്ക്-തെക്കുകിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 12° മുകളിൽ |
സെപ്തംബർ 9 | ചിങ്ങം | 5.39 | പുലർച്ചെ 5.30 ന് കിഴക്ക്-തെക്കുകിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 5° മുകളിൽ |
സെപ്തംബർ 12 | ചിങ്ങം | 4.39 | സുര്യസാമീപ്യം കാരണം ദൃശ്യമാകില്ല. |
സെപ്തംബർ 14 | ചിങ്ങം | 3.65 | സൂര്യാസ്തമനത്തിനു ശേഷം പടിഞ്ഞാറെ ചക്രവാളത്തോടു ചേർന്ന് അല്പസമയം കാണാനാകും. |
സെപ്തംബർ 17 | കന്നി | 3.35 | പടിഞ്ഞാറെ ചക്രവാളത്തിനു തൊട്ടുമുകളിലായി സൂര്യാസ്തമനത്തിനു ശേഷം അല്പസമയം കാണാനാകും |
സെപ്തംബർ 20 | കന്നി | 4.02 | പടിഞ്ഞാറെ ചക്രവാളത്തിനു തൊട്ടുമുകളിലായി സൂര്യാസ്തമനത്തിനു ശേഷം അല്പസമയം കാണാനാകും |
C/2023 P1 (നിഷിമുറ) ധൂമകേതുവിനെ നിരീക്ഷിക്കാൻ സാധിക്കുന്ന ഉത്തമമായ സമയം സെപ്തംബർ 8 പുലർച്ചെയാണ്. അർദ്ധചന്ദ്രന്റെ സാമീപ്യം വെല്ലുവിളിയാണെങ്കിലും ബൈനോക്കുലറിലൂടെ നിങ്ങൾക്ക് നിഷിമുറയെ കാണാൻ സാധിച്ചേക്കും; ഭാഗ്യമുണ്ടെങ്കിൽ നേരിട്ടും. അല്ലെങ്കിൽ നമ്മുടെ ശരത് പ്രഭാവ്, ഡോ. നിജോ വർഗീസ് എന്നിവർ എടുക്കുന്ന ഫോട്ടോകൾക്കായി കാത്തിരിക്കാം. ഏവർക്കും നിഷിമുറ നിരീക്ഷണാശംസകൾ.