ഡെങ്കിപ്പനി – അറിയേണ്ട കാര്യങ്ങൾ
- ഡെങ്കിപ്പനി
- ഡെങ്കി വൈറസ്
- ഡെങ്കി വൈറസ് ജീനോമും ഘടനയും
- ഡെങ്കി ജീനോടൈപ്പുകൾ
- ഡെങ്കിപ്പനിയുടെ വ്യാപനം
- ഡെങ്കി വൈറസ് :മനുഷ്യനിലെ അണുബാധയും വിഭജനവും
- ഡെങ്കി വൈറസ് അണുബാധയും ശരീരപ്രതിരോധ സംവിധാനവും
- രോഗലക്ഷണങ്ങൾ
- രോഗനിർണ്ണയം
- ഡെങ്കിപ്പനി വാക്സിൻ
- കാലാവസ്ഥ വ്യതിയാനവും ഡെങ്കിപ്പനിയും
- കാലാവസ്ഥ മാതൃകകളും ഡെങ്കിപ്പനിയും
- ഉപസംഗ്രഹം
2023 ൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളുടെ വർദ്ധനവ് ഭയപ്പെടുത്തുന്നതും വെല്ലുവിളികൾ ഉയർത്തുന്നതുമാണ്. ആഗോളതലത്തിൽ ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നാണ്, ഈ മേഖലയിൽ ഏറ്റവും കൂടുതൽ രോഗം രേഖപ്പെടുത്തിയ രാജ്യങ്ങൾ പെറുവും, ബ്രസീലുമാണ്. ഈഡിസ് ഈജിപ്തി കൊതുകുകളുടെ പ്രജനനത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റായ യാകു ചുഴലിക്കാറ്റും, 2023 ഏപ്രിൽ, മേയ് മാസങ്ങളിൽ തീരദേശ എൽ നിനോ പ്രഭാവവും കൊണ്ടുവന്ന ചൂടും, മഴയുമുള്ള കാലാവസ്ഥയാണ് അസാധാരണമാംവിധം ഉയർന്ന ഡെങ്കിപ്പനി വ്യാപനത്തിന് ഭാഗികമായി കാരണമായത്. കൂടാതെ യൂറോപ്പിലെ അസാധാരണമായ കാലാവസ്ഥ മാറ്റങ്ങളും ഡെങ്കി പനി പരത്തുന്ന ഈഡിസ് കൊതുകുകൾക്ക് വളരാനും അസുഖം പരത്താനുമുള്ള സാഹചര്യം ഒരുക്കുന്നുണ്ട്.
ഇന്ത്യയിലും, അയൽരാജ്യങ്ങളായ ശ്രീലങ്കയിലും, ബംഗ്ലാദേശിലും, ഉയർന്ന തോതിലുള്ള ഡെങ്കിപനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളം, ഒഡീഷ, അസം, ഡൽഹി എന്നിവയുൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇതിനകം ഡെങ്കിപ്പനി കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.കനത്ത മഴയും അപര്യാപ്തമായ നിയന്ത്രണ നടപടികളും കാരണം കൊതുകുകളുടെ എണ്ണം പെരുകുകയും തത്‌ഫലമായി ഡെങ്കി വൈറസിന്റെ വ്യാപനം വർദ്ധിക്കുകയും ചെയ്തു, ഇത് ഡെങ്കിപ്പനി കേസുകളുടെ വർദ്ധനവിന് കാരണമായി.
ഡെങ്കിപ്പനി
ഡെങ്കി വൈറസ് (Dengue Virus-DENV) മൂലമുണ്ടാകുന്ന ഒരു അണുബാധയാണ് ഡെങ്കിപ്പനി. അണുബാധയുള്ള കൊതുകുകളുടെ കടിയിലൂടെ ഈ രോഗം മനുഷ്യരിലേക്ക് പകരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകജനസംഖ്യയുടെ പകുതിയോളം പേർ ഇപ്പോൾ ഡെങ്കിപ്പനി ഭീഷണിയിലാണ്. ഓരോ വർഷവും 100-400 ദശലക്ഷം അണുബാധകൾ ഉണ്ടാകുന്നു. ഉഷ്‌ണമേഖല, മിതോഷ്ണമേഖല പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായും കാണപ്പെടുന്നത്. മിക്ക ഡെങ്കി അണുബാധിതരും രോഗലക്ഷണം പ്രകടിപ്പിക്കാറില്ല. എന്നാൽ ചില രോഗബാധിതരിൽ കടുത്ത പനി, തലവേദന, ശരീരവേദന, ഓക്കാനം, എന്നീ ലക്ഷണങ്ങൾ കണ്ട് വരുന്നു. മിക്ക രോഗികളും ഒന്ന് മുതൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ രോഗമുക്തി നേടാറുണ്ട്, എന്നാൽ ചിലരിൽ ഈ രോഗം വളരെ ഗുരുതരമാകാറുണ്ട്.
ഡെങ്കി വൈറസ്
ആർ.എൻ.എ (RNA) ജനിതക വസ്‌തുവായുള്ള, ബാഹ്യ ആവരണമുള്ള (enveloped virus) ഒരു വൈറസാണ് ഡെങ്കി വൈറസ്. ഇവ ഫ്ലാവിവിരിഡേ വൈറസ് കുടുംബത്തിലെ, ഫ്ലാവി വൈറസ് ജനുസ്സിൽ പ്പെടുന്നു. മറ്റു കൊതുക് ജന്യ രോഗങ്ങളായ യെല്ലോ ഫീവർ, ജപ്പാൻ ജ്വരം ( Japanese encephalitis) , വെസ്റ്റ് നൈൽ പനി, സിക്ക പനി എന്നിവ ഉണ്ടാകുന്ന വൈറസുകൾ ഫ്ലാവി വൈറസ് ജനുസ്സിലെ അംഗങ്ങളാണ്. ഡെങ്കി വൈറസുകളെ നാല് വ്യത്യസ്ത ആന്റിജനിക് സെറോടൈപ്പുകളായി (DENV 1–4) തരംതിരിച്ചിരിക്കുന്നു.
നാല് സെറോടൈപ്പുകൾ കൂടാതെ അഞ്ചാമത്തെ ഡെങ്കി സെറോടൈപ്പും (DENV 5) കണ്ടുപിടിച്ചിട്ടുണ്ട്. 2013 ഒക്ടോബറിലാണ് ഇതിന്റെ കണ്ടുപിടുത്തം പ്രഖ്യാപിച്ചത്. 2007-ൽ മലേഷ്യയിലെ സരവാക്ക് സംസ്ഥാനത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച 37 വയസ്സുള്ള ഒരു കർഷകനിൽ നിന്ന് എടുത്ത വൈറൽ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് DENV 5 കണ്ടെത്തിയത്. സരവാക്കിലെ വനങ്ങളിൽ മാത്രമാണ് പുതിയ സെറോടൈപ്പ് കണ്ടുവരുന്നത്. ഈ സെറോടൈപ്പ് പ്രാഥമികമായി ആൾകുരങ്ങുകൾക്കിടയിൽ പ്രചരിച്ചുവരുന്നു . കൂടാതെ മനുഷ്യർക്കിടയിൽ പകരുന്ന ഡെങ്കിപ്പനിയുടെ മറ്റ് നാല് സെറോടൈപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഈ സെറോടൈപ്പ് സിൽവാറ്റിക് സൈക്കിൾ (വന്യജീവികളിലൂടെയുള്ള വൈറസിന്റെ ജീവിത ചക്രം) പിന്തുടരുന്നു. വന നശീകരണമാണ് ഇവയുടെ മനുഷ്യനിലേക്കുള്ള വ്യാപനത്തിന് കാരണം.
പൊതുവായ ഒരു കൂട്ടം ആന്റിജനുകളാൽ വേർതിരിച്ചറിയപ്പെടുന്ന ഒരു കൂട്ടം അടുത്ത ബന്ധമുള്ള സൂക്ഷ്മാണുക്കളാണ് സെറോടൈപ്പുകൾ (serotypes) എന്നറിയപ്പെടുന്നത്. ഓരോ ഡെങ്കിസെറോടൈപ്പുകളും പൊതുവായ ആന്റിജനിക് സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നു. അതിനാൽ ഓരോ സെറോടൈപ്പും വ്യത്യസ്തമായാണ് രക്തത്തിൽ/ സെറത്തിൽ (സെറം-രക്തത്തിലെ ഒരു ഘടകം) കാണുന്ന ശരീര പ്രതിരോധ കോശങ്ങളായ ആന്റിബോഡികളുമായി പ്രതിപ്രവർത്തിക്കുന്നത്. നാല് ഡെങ്കി സെറോടൈപ്പുകളും ഏകദേശം 65% ജനിതക സാമ്യം പ്രകടിപ്പിക്കുന്നു, എന്നാൽ ഒരു സെറോടൈപ്പിനുള്ളിൽപോലും ചില ജനിതക വ്യതിയാനങ്ങൾ കാണാം. ഈ വ്യതിയാനങ്ങൾ ഉണ്ടെങ്കിലും, നാല് ഡെങ്കി സെറോടൈപ്പുകളും ഒരേ അസുഖത്തിനും, ഒരേ രോഗ ലക്ഷണങ്ങൾക്കും കാരണമാകുന്നു.
ഡെങ്കി വൈറസ് ജീനോമും ഘടനയും
ഒറ്റ ഇഴയുള്ള പോസിറ്റീവ് സെൻസ് ആർഎൻഎ-യാണ് (single stranded RNA) ഡെങ്കി വൈറസിന്റെ ജനിതക വസ്തു അഥവാ ജീനോം. പോസിറ്റീവ് സെൻസ് ജീനോമിന് (ആർഎൻഎ) മെസഞ്ചർ ആർഎൻഎ (mRNA ) ആയി പ്രവർത്തിക്കാനും, ആതിഥേയ കോശത്തിന്റെ സംവിധാനങ്ങൾ ഉപയോഗിച്ച് വൈറൽ പ്രോട്ടീനുകളിലേക്ക് നേരിട്ട് വിവർത്തനം (translation) ചെയ്യാനും സാധിക്കും. ഇതിനു സമാനമായി ഡെങ്കി വൈറസ് ജീനോം പത്തു പ്രോട്ടീനുകളുള്ള ഒരു ശൃംഖലയായി നേരിട്ട് വിവർത്തനം (translation) ചെയ്യപ്പെടുകയും പിന്നീട് പത്ത് ഒറ്റ പ്രോട്ടീനുകളായി മുറിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രോട്ടീനുകളെ ഘടനാപരമായ പ്രോട്ടീനുകളെന്നും (Structural proteins) ഘടനാപരമല്ലാത്ത പ്രോട്ടീനുകളെന്നും (non structural proteins) തരം തിരിച്ചിട്ടുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ ഘടനാപരമായ പ്രോട്ടീനുകൾ (Structural proteins) വൈറസിന്റെ ഘടന രൂപീകരണത്തിൽ ഉൾപെട്ടിട്ടുള്ളവയാണ്. മൂന്ന് ഘടനാപരമായ പ്രോട്ടീനുകളാണ് ഡെങ്കി വൈറസിൽ കാണപ്പെടുന്നത് അവ ക്യാപ്സിഡ് (C )-ന്യുക്ളിക് ആസിഡ് ആവരണം, എൻവലപ്പ് (E ), മെംബ്രൻ (M) പ്രോട്ടീനുകൾ എന്നിവയാണ് (ചിത്രം 1). NS1, NS2A, NS2B, NS3, NS4A, NS4B, NS5 എന്നീ നോൺസ്ട്രക്ചറൽ പ്രോട്ടീനുകൾ വൈറസിന്റെ വിഭജനത്തിലും (replication), വൈറസ് കണികകളുടെ (virus particle) സംയോജനത്തിലും (assembly) പങ്ക് വഹിക്കുന്നു.
ഗോളത്തിന്റെ (50 nm വ്യാസം) ആകൃതിയിലാണ് ഡെങ്കി വൈറസ് കാണപ്പെടുന്നത്. വൈറസിന്റെ അന്തർ ഭാഗത്ത് വൈറസ് ജീനോമും (ആർഎൻഎ), അതിനെ പൊതിഞ്ഞു ക്യാപ്സിഡ് പ്രോട്ടീനുകളാൽ നിർമ്മിതമായ ന്യൂക്ലിയോകാപ്‌സിഡും (nucleocapsid) കാണപ്പെടുന്നു. ന്യൂക്ലിയോകാപ്സിഡിന് ചുറ്റും വൈറൽ എൻവലപ്പ് എന്ന് വിളിക്കുന്ന ഒരു സ്തരമുണ്ട്, ഇത് ആതിഥേയനിൽ നിന്ന് എടുത്ത കൊഴുപ്പ് തന്മാത്രകളാൽ നിർമ്മിച്ച രണ്ട് പാളികളാണ് (കൊഴുപ്പ് ദ്വയപാളി-lipid bilayer). എൻവലപ്പ് (E ), മെംബ്രൻ (M) എന്നീ പ്രോട്ടീനുകൾ വൈറൽ എൻവലപ്പിന്റെ കൊഴുപ്പ് ദ്വയപാളികളുമായി ഉൾച്ചേർന്ന് കാണപ്പെടുന്നു. ഈ പ്രോട്ടീനുകൾ മനുഷ്യകോശങ്ങളിലേക്കുള്ള വൈറസിന്റെ പ്രവേശനത്തെ നിയന്ത്രിക്കുന്ന ഒരു സംരക്ഷിത പുറം പാളി ഉണ്ടാക്കുന്നു (ചിത്രം 2).
ഡെങ്കി ജീനോടൈപ്പുകൾ
ഭൂമിശാസ്ത്രപരമായ വിതരണവും പകർച്ചവ്യാധി സാധ്യതയും അനുസരിച്ച് ഓരോ ഡെങ്കി സെറോടൈപ്പും പല ജീനോടൈപ്പുകളായി (ജനിതകതരം) തിരിച്ചിരിക്കുന്നു.
DENV-1 സെറോടൈപ്പിൽ അഞ്ച് (I-V) ജീനോടൈപ്പുകൾ ഉൾക്കൊള്ളുന്നു. ജീനോടൈപ്പ് I ഏഷ്യയിൽ നിന്നാണ് ഉത്ഭവിച്ചത്, അതേസമയം ജീനോടൈപ്പ് II തായ്‌ലൻഡിനെ പ്രതിനിധീകരിക്കുന്നു. ജെനോടൈപ്പ് III വൈറസുകൾ കാടുകളുമായി ബന്ധപ്പെട്ട ജീനോടൈപ്പാണ് (വന ജനിതകതരം-sylvatic genotype). ജീനോടൈപ്പ് IV-ൽ പെട്ട വൈറസുകൾ ദക്ഷിണ പസഫിക് മേഖലയിൽ നിന്നുള്ളവയാണ്, അതേസമയം ജീനോടൈപ്പ് V-ൽ പെട്ട വൈറസുകൾ അമേരിക്കയിലും, ആഫ്രിക്കയിലും നിന്നുള്ളതാണ്.
DENV-2 സെറോ ടൈപ്പിൽ ആറ് ജീനോടൈപ്പുകളാണ് ഉള്ളത്. ഇതിൽ ഏഷ്യൻ/അമേരിക്കൻ ജീനോ ടൈപ്പുകൾ മുമ്പ് ദക്ഷിണ കിഴക്കനേഷ്യൻ രാജ്യങ്ങളിൽ പ്രബലമായിരുന്നവയാണ്. എന്നാൽ ഇപ്പോൾ ഇവയുടെ സാന്നിധ്യം മധ്യ, ദക്ഷിണ അമേരിക്കയിൽ കണ്ടുവരുന്നു. ഏഷ്യൻ 1, 2 എന്നീ ജനിതക തരങ്ങൾ ഏഷ്യയിൽ കാണുന്നവയാണ്, കോസ്‌മോപൊളിറ്റൻ ജീനോടൈപ്പ് ലോകവ്യാപകമായി കാണപ്പെടുന്നു, അമേരിക്കൻ ജനിതക തരം മധ്യ, ദക്ഷിണ അമേരിക്കയിൽ കാണപ്പെടുന്നു. DENV-2-ലെ വന ജനിതകതരം (sylvatic genotype) ആഫ്രിക്കയിലേയും, ദക്ഷിണ കിഴക്കനേഷ്യൻ രാജ്യങ്ങളിലേയും ആൾകുരങ്ങുകളിൽ കണ്ടുവരുന്നു.
DENV-3 സെറോ ടൈപ്പിൽ DENV-3-ൽ I, II, III, IV, V എന്നീ ജനിതകരൂപങ്ങൾ ഉൾപ്പെടുന്നു. ഇതിൽ ജനിതകതരം-I ദക്ഷിണ കിഴക്കേഷ്യൻ രാജ്യങ്ങളിലും, ദക്ഷിണ ശാന്തസമുദ്ര ദ്വീപുകളിലും കാണപ്പെടുന്നു. ജനിതകതരം-II ഉത്ഭവ സ്ഥാനം തായ്‌ലാൻഡാണെന്ന് കരുതുന്നു. ജനിതകതരം III-നെ ആദ്യമായി വേർതിരിച്ചത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നാണ്, കൂടാതെ ജനിതകതരം-IV -നെ വേർതിരിച്ചത് അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നാണ്. ജനിതക തരം V അമേരിക്കൻ ഭൂഖണ്ഡങ്ങളിലും, ആഫ്രിക്കയിലും കാണപ്പെടുന്നു
DENV-4 സെറോ ടൈപ്പിൽ അഞ്ച് ജനിതകരൂപങ്ങളാണ് ഉള്ളത്. 1956-ൽ ഫിലിപ്പീൻസിലാണ് ജനിതകതരം-I ന്റെ ആദ്യരൂപം റിപ്പോർട്ട് ചെയ്തത് ), കൂടാതെ ജനിതകമാതൃക IIA തെക്കുകിഴക്കൻ ഏഷ്യയിലും ചൈനയിലും കാണപ്പെടുന്നു.ജനിതകതരം IIB തെക്കുകിഴക്കൻ ഏഷ്യയിലും പസഫിക് ദ്വീപുകളിലും കണ്ടുവരുന്നു , 1997 മുതൽ തായ്‌ലൻഡിൽ മാത്രമേ ജനിതകതരം III -ന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ളൂ. DENV-4 വന ജനിതകതരം (sylvatic genotype) ആൾകുരങ്ങുകളിൽ മാത്രമേ കാണുന്നുള്ളൂ.
ഡെങ്കിപ്പനിയുടെ വ്യാപനം
ഈഡിസ് ഈജിപ്തി (ചിത്രം 3) എന്ന കൊതുകാണ് ഡെങ്കി വൈറസിന്റെ പ്രധാന വാഹകർ. കൂടാതെ ഈഡിസ് ആൽബോപിക്റ്റസ് എന്ന കൊതുകും ഡെങ്കിപനി പരത്തുന്നുണ്ട് മനുഷ്യന്റേയും കൊതുകുകളുടേയും ഇടയിലുള്ള ചംക്രമണമാണ് ഡെങ്കി വൈറസുകളുടെ അതിജീവനത്തിനും വ്യാപനത്തിനും സഹായിക്കുന്നത്. 500 മുതൽ 1000 വർഷങ്ങൾക്ക് മുമ്പ് ആള്‍ക്കുരങ്ങുകളിൽ (non human primate) നിന്ന് ഡെങ്കി വൈറസുകൾ പരിണമിച്ച് ആഫ്രിക്കയിലോ തെക്കുകിഴക്കൻ ഏഷ്യയിലോ ഉള്ള മനുഷ്യരിലേക്ക് ചാടിയതായി ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. മനുഷ്യനുമായുള്ള സഹവര്‍ത്തിത്വം ഈഡിസ് ഈജിപ്തിയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. സാധാരണയായി ഒരാഴ്ചയാണ് ഈ പെൺ കൊതുകുകളുടെ ആയുസ്സ്. എന്നാൽ ചിലവ രണ്ടാഴ്ചയിൽ കൂടുതൽ ജീവിക്കാറുണ്ട്. വൈറീമിയയും (രക്തത്തിൽ വൈറസ് കാണപ്പെടുന്ന അവസ്ഥ) , കഠിനമായ പനിയും ഉള്ള രോഗികളിലെ രക്തം കുടിക്കുന്നതിന്റെ ഫലമായാണ് കൊതുകുകളിൽ ഡെങ്കി വൈറസ് ബാധ ഉണ്ടാകുന്നത്. തുടർന്ന് ഡെങ്കി വൈറസ് കൊതുകിന്റെ കുടലിനെ (midgut) ബാധിക്കുന്നു തുടർന്ന് കൊതുകിന്റെ മറ്റ് ശരീര കോശങ്ങളിലേക്ക് പടരുകയും, വിഭജിക്കുകയും ചെയ്യും. അവസാനമായി 5-12 ദിവസങ്ങൾക്ക് ശേഷം വൈറസ് ഉമിനീർ ഗ്രന്ഥികളിലേക്ക് വ്യാപിക്കും , ഈ പ്രക്രിയയെ അന്തരീക്ഷ ഊഷ്മാവ്, വൈറസിന്റെ ഇനം, കൊതുകിന്റെ ക്ഷമത എന്നിവ സ്വാധീനിക്കുന്നു. ഉമിനീർ ഗ്രന്ഥികളിലേക്കുള്ള വൈറസിന്റെ വ്യാപനം മനുഷ്യനിലേക്ക് വൈറസിനെ പരത്താൻ കൊതുകിനെ പ്രാപ്തമാക്കുന്നു.രക്‌തം കുടിക്കുന്നതിലൂടെ വൈറസ് മനുഷ്യ ശരീരത്തിലേക്ക് പകരുന്നു, കൊതുകൾക്ക് അതിന്റെ ജീവിതകാലം മുഴുവൻ മനുഷ്യനിൽ വൈറസ് ബാധ ഉണ്ടാക്കാൻ കഴിയും . മനുഷ്യരിൽ വൈറസ് ബാധ മുതൽ അസുഖം ആരംഭിക്കുന്നത് വരെയുള്ള സമയം 3 മുതൽ 14 ദിവസം വരെയാണ്. ഡെങ്കി വൈറസ് ബാധിച്ച പെൺ കൊതുകളിലിൽ നിന്ന് മുട്ടകളിലൂടെ അവയുടെ സന്തതികളിലേക്ക് വൈറസ് പകരാം, ഇത് വെർട്ടിക്കൽ ട്രാൻസ്മിഷൻ എന്നറിയപ്പെടുന്നു.
കഴിഞ്ഞ ദശകങ്ങളിൽ ലോകമെമ്പാടും ഡെങ്കിപ്പനിയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു, ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 2000-ൽ 505 430 കേസുകളിൽ നിന്ന് 2019-ൽ 5.2 ദശലക്ഷമായി വർദ്ധിച്ചു. ഭൂരിഭാഗം കേസുകളും ലക്ഷണമില്ലാത്തതോ സൗമ്യമായതോ സ്വയം നിയന്ത്രിണ വിധേയമാകുന്നതോ ആണ്; അതിനാൽ, ഡെങ്കിപ്പനി കേസുകളുടെ യഥാർത്ഥ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പല കേസുകളും മറ്റ് പനി രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നു.
പതിനെട്ടാം നൂറ്റാണ്ടിലും, പതിനേഴാം നൂറ്റാണ്ടിലും ഡെങ്കി വൈറസുകൾ ഉഷ്ണമേഖല പ്രദേശങ്ങളിൽ കാണപ്പെട്ടിരുന്നെങ്കിലും ഇരുപത്, ഇരുപത്തൊന്നാം നൂറ്റാണ്ടുകളിലുണ്ടായ ആഗോളവത്‌ക്കരണവും, നഗരവത്കരണവും വൈറസുകളുടെ ത്വരിതഗതിയിലുള്ള വ്യാപനത്തിന് കാരണമായി. ഇതിന്റെ ഫലമായി ഒന്നിലധികം സെറോടൈപ്പുകൾ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പ്രചരിച്ചു (hyperendemic region). ഡെങ്കി മഹാമാരിയുടെ വ്യാപനം ആദ്യമായി കാണപ്പെട്ടത് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ്. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം തെക്ക് കിഴക്കൻ ഏഷ്യയിലുണ്ടായ നഗരവത്കരണവും, സാമ്പത്തിക വളർച്ചയും ഈ ഭൂപ്രദേശങ്ങളിൽ ഡെങ്കി മഹാമാരി പൊട്ടിപുറപ്പെടുന്നതിന് കാരണമായി. ജനസംഖ്യാ വർദ്ധനവും, നഗരവത്കരണവും, ആധുനിക യാത്രാ സൗകര്യങ്ങളും, വർദ്ധിച്ച ആഗോള വ്യാപാരവും ഡെങ്കി വൈറസിന്റെയും, അതിന്റെ വാഹകരായ കൊതുകുകളുടേയും ആഗോള വ്യാപനത്തിന് കാരണമായി. ഇതിന്റെ ഫലമായി 1970 കളിലും,1980 കളിലും ഉഷ്‌ണ, മിതോഷ്ണ മേഖലകളിൽ ഡെങ്കി എപ്പിഡെമിക്കുകൾ പൊട്ടിപ്പുറപ്പെട്ടു. പല എപ്പിഡെമിക്കുകളുടേയും രോഗതീവ്രത വലുതായിരുന്നു. പല എപ്പിഡെമിക്കുളേയും തുടർന്ന് രോഗലക്ഷണങ്ങൾ കാണിക്കാത്ത അല്ലെങ്കിൽ അദൃശ്യമായ ഡെങ്കി രോഗവ്യാപനം കാണപ്പെട്ടു.
ലോകത്തിലെ പകുതിയിലധികം ആളുകളും ജീവിക്കുന്നത് ഡെങ്കി അണുബാധയുടെ ഭീഷണി ഉള്ള സ്ഥലങ്ങളിലാണ്. ഏഷ്യയിലാണ് ഏറ്റവും അധികം ഡെങ്കി അണുബാധ കണ്ടുവരുന്നത്, ഇവിടെങ്ങളിൽ 5നും 15നും ഇടയിലുള്ള കുട്ടികൾക്കാണ് അണുബാധ കൂടുതലായും കാണപ്പെടുന്നത്. ഏഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡെങ്കി അണുബാധ കണ്ടുവരുന്നത് അമേരിക്കൻ വൻകരകളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്. ഇവിടെങ്ങളിൽ 19 മുതൽ 40 വരെ വയസുള്ളവർക്കാണ് അസുഖം കണ്ടുവരുന്നത്. ആഫ്രിക്കയിലെ ഡെങ്കിപ്പനി നിരക്ക് അജ്ഞാതമാണ്. കഴിഞ്ഞ 45 വർഷത്തിനിടയിൽ, ആഫ്രിക്കയിലും പസഫിക്കിലെയും ഇന്ത്യൻ മഹാസമുദ്രങ്ങളിലെയും ചില ദ്വീപുകളിലും ഡെങ്കിപ്പനിയുടെവ്യാപനത്തിൽ ക്രമാനുഗതമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡെങ്കിപ്പനിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ചുള്ള പഠനങ്ങൾ കുറവാണ്. പക്ഷെ , അസുഖവുമായി ബന്ധപ്പെട്ട കണക്കുകൾ കാണിക്കുന്നത്, ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ ശ്വാസകോശ സംബന്ധമായ അണുബാധകൾ, ഹെപ്പറ്റൈറ്റിസ് ബി വൈറസ് അണുബാധ പോലുള്ള മിക്ക പ്രധാന പകർച്ചവ്യാധികളുടെയും അതേ അളവിലുള്ളതോ അതിലധികമോ ആണെന്നാണ്.
ഡെങ്കിപ്പനി ഇന്ത്യയിൽ
1943-ൽ ജപ്പാനിലാണ് ആദ്യമായി ഡെങ്കി വൈറസിനെ വേർതിരിച്ചെടുത്തത്, 1944-ൽ കൊൽക്കത്തയിൽ അമേരിക്കൻ സൈനീകരുടെ രക്തത്തിൽ നിന്ന് ഇന്ത്യയിൽ ആദ്യമായി ഡെങ്കി വൈറസിനെ വേർതിരിച്ചെടുത്തു. ഡെങ്കി പനിയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ ഉള്ള ഒരു എപ്പിഡെമിക് ആദ്യമായി ഇന്ത്യയിൽ രേഖപ്പെടുത്തിയത് 1780-ൽ മദ്രാസിലാണ് . 1963-1964 കാലഘട്ടത്തിൽ കൽക്കട്ടയിലും ഇന്ത്യയുടെ കിഴക്കൻ തീരത്തുമാണ് ഇന്ത്യയിൽ ആദ്യമായി വൈറോളജിക്കലി തെളിയിച്ച ഡെങ്കി പനി ഉണ്ടായത്. പിന്നീട് ഈ എപ്പിഡെമിക് ഡൽഹിയിലേക്കും (1967) കാൺപൂരിലേക്കും(1968) വ്യാപിച്ചു. ഇതിന് സമാന്തരമായി ഇന്ത്യയുടെ ദക്ഷിണ ഭാഗത്തും ഈ അസുഖം വ്യാപിച്ചിരുന്നു, ക്രമേണ രാജ്യം മുഴുവൻ ഡെങ്കി പനി വ്യാപിച്ചു. ഡെങ്കി വൈറസിന്റെ രോഗവ്യാപന രീതിയും അതുണ്ടാക്കുന്ന സെറോടൈപ്പുകളും മാറിക്കൊണ്ടിരുന്നു. ഉദാഹരണത്തിന് കാൺപൂരിൽ 1968-ൽ ഉണ്ടായ ഡെങ്കി പനിയുടെ പൊട്ടിപുറപ്പെടലിന് കാരണമായ സെറോടൈപ്പ് DENV-4 ആയിരുന്നു, എന്നാൽ 1969-ൽ പൊട്ടിപുറപ്പെടലിന് ഉത്തരവാദികൾ DENV-2, DENV-4 എന്നിവയായി. എന്നാൽ 1970-ൽ കാൺപൂരിന് സമീപം ഉണ്ടായ ഡെങ്കി വ്യാപനത്തിന് ഉത്തരവാദി DENV-2 ആയിരുന്നു. ഇതിന് സമാനമായി 1966-ൽ വെല്ലൂരിൽ ഉണ്ടായ ഡെങ്കി എപ്പിഡെമിക്കിന് ഉത്തരവാദി DENV-3 ആയിരുന്നു, എന്നാൽ 1968-ലെ എപ്പിഡെമിക്കിന് ഡെങ്കി വൈറസിന്റെ നാല് സീറോടൈപ്പുകളും കാരണമായി. 1988-ലും 1989-ലും ഗുജറാത്തിലുണ്ടായ ഡെങ്കി എപ്പിഡമിക്കിന് കാരണം DENV-2 സെറോടൈപ്പ് ആയിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിവിധ ഡെങ്കി സെറോ ടൈപ്പുകളായ DENV-1, DENV-2, DENV-3 തുടങ്ങിയവ എപിഡെമിക്കുകൾക്ക് കാരണമായി. 1997-ൽ ഡൽഹിയിൽ ഡെങ്കി എപിഡെമിക്കിന് DENV-1 ആയിരുന്നു.
ഇന്ത്യയിൽ 2002 മുതൽ 2018-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഡെങ്കി കേസുകളിൽ 25% -ൽ അധികം വർദ്ധനവ് രേഖ പെടുത്തിയിട്ടുണ്ട് . വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ്-മധ്യേന്ത്യ എന്നിങ്ങനെ നാല് ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളും 2-4 വർഷത്തിനുള്ളിൽ ഡെങ്കിപ്പനി കേസുകളിലും മരണങ്ങളിലും കാലാനുസൃതമായ വർദ്ധനവ് കാണിക്കുന്നു. ഇന്ത്യയിൽ നിന്ന് 2018 വരെ പ്രസിദ്ധീകരിച്ച എല്ലാ ഡെങ്കിപ്പനിയുടെ എപ്പിഡെമിയോളോജിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നത് 2000 മുതൽ രാജ്യത്ത് നാല് ഡെങ്കി സെറോടൈപ്പുകളും ഒരുമിച്ച് പ്രചരിക്കുന്നു എന്നതാണെന്നാണ്.
2011 മുതൽ DENV-2 ഉം 2014 മുതൽ DENV-4 ഉം മൂലമുള്ള ഡെങ്കി പനി കെസുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് ഡൽഹിയിൽ ഡെങ്കി പനി പൊട്ടിപുറപ്പെടലിന് കാരണമായ സെറോട്ടിപ്പുകളിൽ വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ട്. 2006-ൽ പൊട്ടിപ്പുറപ്പെട്ട സമയത്ത് DENV-3 ആധിപത്യം പുലർത്തിയെങ്കിൽ 2010 ലേയും 2013-ലേയും ഡെങ്കിപനി വ്യാപനത്തിന് കാരണമായത് DENV-1, DENV-2 സെറോടൈപ്പുകളാണ്. 2016-ൽ DENV-2 കിഴക്കൻ ഇന്ത്യയിൽ പ്രബലമായ സെറോടൈപ്പായി ഉയർന്നുവന്നു, അതേസമയം 2016 മുതൽ 2018 വരെ പശ്ചിമ-മധ്യ ഇന്ത്യയിൽ ഉണ്ടായ ഡെങ്കി പനി വ്യാപനത്തിന് എല്ലാ സെറോടൈപ്പുകളും ഉത്തരവാദികളായിരുന്നു. ദക്ഷിണേന്ത്യയിൽ കഴിഞ്ഞ ദശകത്തിൽ പ്രബലമായ സെറോടൈപ്പുകൾ DENV-1, DENV-2 എന്നിവ ആയിരുന്നെങ്കിൽ അടുത്തിടെ DENV-4 ദക്ഷിണേന്ത്യയിൽ ഒരു പ്രധാന സെറോടൈപ്പായി ഉയർന്നുവന്നിട്ടുണ്ട്.ചുരുക്കത്തിൽ, DENV-1 ഉം DENV-3 ഉം 2012 വരെ ഇന്ത്യയിൽ ആധിപത്യം പുലർത്തിയിരുന്ന സെറോടൈപ്പുകളായിരുന്നു. അതിനുശേഷം ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും DENV-2 പ്രബലമായ സെറോടൈപ്പായി മാറി, എന്നാൽ ഇപ്പോൾ DENV-4 ദക്ഷിണേന്ത്യയിൽ ഒരു പ്രബലമായ സെറോടൈപ്പായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ ഡെങ്കിപ്പനിയുടെ വ്യാപനത്തെ കുറിച്ച് ശ്രദ്ധേയമായ ഒരു പഠനം മുർഹേക്കറും സംഘവും നടത്തിയിട്ടുണ്ട്. 2017 ജൂൺ 19 മുതൽ 2018 ഏപ്രിൽ 12 വരെ മുർഹേക്കറും സംഘവും മൂന്ന് പ്രായ വിഭാഗങ്ങളിൽ നിന്നുള്ള 17, 930 വ്യക്തികളിൽ നടത്തിയ പഠനത്തിൽ 12, 300 വ്യക്തികളുടെ രക്തം സെറോളജിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ഈ പഠനത്തിൽ അഞ്ച് ഭൂമിശാസ്ത്രപരമായ മേഖലകളിൻ നിന്ന് 15 ഇന്ത്യൻ സംസ്ഥാനങ്ങളിലെ 60 ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത 240 ക്ലസ്റ്ററുകളിൽ (118 ഗ്രാമങ്ങൾ, 122 നഗരങ്ങൾ) നിന്നുള്ള സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പഠനം സൂചിപ്പിക്കുന്നത് ഇന്ത്യയിൽ DENV അണുബാധയുടെ മൊത്തത്തിലുള്ള സെറോപ്രെവലൻസ് (രോഗത്തിനെതിരായുള്ള ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയ ആളുകൾ) 48·7% ആണെന്നാണ്, ഇതിൽ , 18-45 വയസ്സിനിടയിൽ പ്രായമുള്ള വ്യക്തികളിലാണ് ഏറ്റവും കൂടുതൽ സെറോപ്രെവലൻസ് കണ്ടത് (56·2% ). പഠനത്തിന് വിധേയമായ അഞ്ച് ഭൂമിശാസ്ത്രപരമായ മേഖലകളിൻ, ഏറ്റവും കൂടുതൽ സെറോപ്രവലൻസ് തെക്കൻ പ്രദേശങ്ങളിലാണ് (76·9%) കണ്ടത് , തുടർന്ന് പടിഞ്ഞാറൻ (62·3%), വടക്കൻ (60·3%) മേഖലകൾളിലാണ് ഡെങ്കിയുടെ വ്യാപനം കണ്ടത് . ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് (42·3%) നഗരങ്ങളിൽ (70·9%) സെറോപ്രെവലൻസ് കൂടുതലായിരുന്നു, ഡെങ്കിപ്പനി വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് നഗരവൽക്കരണമാണെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്.
ഇന്ത്യയിൽ ഡെങ്കി പനി ഉണ്ടാക്കിയ ജീനോടൈപ്പുകളെ ( ജനിതകരൂപങ്ങൾ) കുറിച്ചും പഠനം നടന്നിട്ടുണ്ട്. ഏഷ്യൻ സീക്വൻസുകളിൽ എല്ലാ സെറോടൈപ്പുകൾക്കും രണ്ട് പ്രബലമായ ജനിതകരൂപങ്ങൾ അടങ്ങിയിരിക്കുന്നു, എന്നാൽ സമീപകാല ഇന്ത്യൻ ഡെങ്കിപ്പനി ജനിതകരൂപങ്ങൾ അവയിൽ ഒന്നിനെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ (DENV-1 ഒഴികെ). DENV-1-ൽ ഉൾപ്പെട്ട ജനിതകരൂപം III, DENV-2-ൽ ഉൾപ്പെട്ട കോസ്‌മോപൊളിറ്റൻ ജനിതകരൂപം, DENV-3-ൽ ഉൾപ്പെട്ട ജനിതകരൂപം III, DENV-4-നുള്ള ജനിതകരൂപം I എന്നിവയാണ് കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇന്ത്യയിൽ പ്രബലമായ ജനിതകരൂപങ്ങൾ. ഏഷ്യയ്ക്ക് പുറത്ത് ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിലെ ഡെങ്കി ജനിതക രൂപങ്ങളിൽ നിന്ന് ഇന്ത്യൻ ജനിതകരൂപങ്ങൾ വ്യത്യസ്‌തമാണ്, മാത്രമല്ല അവയുടെ പരിണാമ ചലനാത്മകതയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
ഡെങ്കി പനി വ്യാപനം കേരളത്തിൽ
1997-ലാണ് ഡെങ്കിപനി കാരണം കേരളത്തിൽ ആദ്യമായി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്, ഈ കൊല്ലത്തിൽ കോട്ടയം ജില്ലയിൽ 14 പേർക്ക് ഡെങ്കിപനി ബാധിക്കുകയും 4 പേരുടെ മരിക്കാനിടയാക്കുകയും ചെയ്തു. 1979ൽ തന്നെ കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്ന് മനുഷ്യരിൽ ഡെങ്കിപ്പനി ആന്റിബോഡികൾ കണ്ടെത്തിയിരുന്നു. ഇത് 1970 കളിൽ തന്നെ കേരളത്തിൽ ഡെങ്കി പനി ചുവടുറപ്പിച്ചതിന്റെ തെളിവാണ്. 2001 മുതൽ കേരളത്തിൽ ചാക്രികമായി ഡെങ്കി എപ്പിഡെമിക്കുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. 2001-ൽ, പ്രധാനമായും കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ 70 ഡെങ്കി കേസുകളും പിന്നീട് 2002-ൽ 219 ഡെങ്കി കേസുകളും ചില മരണങ്ങളും റിപ്പോർട്ട് ചെയ്തു. 2003-ൽ തീവ്രമായ ഡെങ്കി പനി പകർച്ചവ്യാധി പൊട്ടിപുറപ്പെട്ടു, ഇത് 3546 സ്ഥിരീകരിച്ച കേസുകൾക്കും 68 മരണങ്ങൾക്ക് കാരണമായി , ഈ രോഗം ആദ്യമായി കേരളത്തിലെ പതിനാല് ജില്ലകളിലും പടർന്ന് പിടിച്ചു. ഹെമറാജിക് ഡെങ്കിപനി, ഡെങ്കി ഷോക്ക് സിൻഡ്രോം (DHF/DSS) എന്നീ തീവ്ര ഡെങ്കി അണുബാധകളും 2003-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടു .
2017-ൽ, ഇന്ത്യയിൽ നിന്ന് ഏകദേശം 18,700 ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചു, ഇതിൽ ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമായിരുന്നു അക്കൊല്ലം കേരളത്തിലെ ആകെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 9104 ആയിരുന്നു. 2017-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നാണ്. 2020-ൽ 1,045 സ്ഥിതീകരിച്ച ഡെങ്കി രോഗങ്ങളും 4,819 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തു. 2022ൽ 1,472 കേസുകൾ റിപ്പോർട്ട് ചെയ്തു. 2023-ൽ ഡെങ്കി കേസുകളിൽ വൻ കുതിച്ചു ചാട്ടമുണ്ടായി, ജനുവരി 1 മുതൽ ജൂൺ 28 വരെ 3,409 സ്ഥിരീകരിച്ച കേസുകളും 10,038 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഡെങ്കി വൈറസ് :മനുഷ്യനിലെ അണുബാധയും വിഭജനവും
ചർമ്മ കോശത്തിൽ ഡെങ്കി വൈറസ് പറ്റിപിടിക്കുന്നതോട് കൂടിയാണ് മനുഷ്യനിലെ ഡെങ്കി അണുബാധ ആരംഭിക്കുന്നത്. ഈ പ്രക്രിയയ്ക്ക് ശേഷം ത്വക്കിലെ കോശസ്തരം (plasma membrane) വൈറസിനെ പൊതിയുകയും വൈറസ് സ്തരവും മനുഷ്യ കോശസ്തരവും ചേർന്ന് ഒരു കീശ പോലെയുള്ള ഒരു ഘടന രൂപപ്പെടുകയും ചെയ്യും. ഈ ഘടന എൻഡോസോം എന്നറിയപ്പെടുന്നു. പോഷണത്തിനായി വലിയ തന്മാത്രകൾ വലിച്ചെടുക്കുന്നതിനാണ് ശരീര കോശങ്ങൾ എൻഡോസോം ഉപയോഗിക്കുന്നത്. എന്നാൽ ഡെങ്കി വൈറസ് ഈ സംവിധാനം വിദഗ്ദ്ധമായി അപഹരിച്ച് അതിന്റെ ആതിഥേയ കോശത്തിലേക്കുള്ള പ്രവേശത്തിന് ഉപയോഗിക്കുന്നു. വൈറസ് ആതിഥേയ കോശത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, എൻഡോസോമിനുള്ളിലൂടെ വൈറസ് ആതിഥേയ കോശത്തിന്റെ കൂടുതൽ ഉള്ളിലേക്ക് നീങ്ങുന്നു. ആതിഥേയ കോശത്തിനുള്ളിലെ അമ്ലമയമായ അന്തരീക്ഷം എൻവലപ്പ് പ്രോട്ടീന്റെ (E protein) പുനഃക്രമീകരണത്തിന് കരണമാകൂന്നു. ഇതിന്റെ ഫലമായി വൈറസ് എൻവലപ്പ്, എൻഡോസോമൽ മെംബ്രണുമായി സംയോജിക്കുന്നു, ആ പ്രക്രിയ ഡെങ്കി ന്യൂക്ലിയോകാപ്സിഡ്, ആതിഥേയ കോശദ്രവ്യത്തിലേക്ക് ഇറങ്ങുന്നതിന് കാരണമാകും. കോശദ്രവ്യത്തിലേക്ക് എത്തിയ ന്യൂക്ലിയോകാപ്സിഡ് വിഘടിക്കുന്നതിന്റെ ഫലമായി ന്യൂക്ലിയോകാപ്സിഡിൽ നിന്ന് ആർഎൻഎ പുറത്തേയ്ക്ക് വരുന്നു. ഈ വൈറൽ ആർഎൻഎ പരസ്പരം ബന്ധപ്പെട്ട പ്രക്രിയകളായ പ്രോട്ടീൻ നിർമ്മാണത്തിനും ആർഎൻഎ വിഭജനത്തിനും ആവശ്യമാണ്, അന്തർദ്രവ്യജാലികയിൽ (endoplasmic reticulum-ER ) പ്രോട്ടീൻ നിർമ്മാണത്തിനും ആർഎൻഎ വിഭജനത്തിനുമുള്ള ഒരു അച്ച് (template) ആയി വൈറൽ ആർഎൻഎ പ്രവർത്തിക്കുന്നു. ജീനോമിക് ആർഎൻഎ പിന്നീട് ഒരു നീണ്ട പ്രോട്ടീൻ ശ്രേണിയായി (long polyprotein) മാറുന്നു. ഇതിലെ ഘടനാപരമാല്ലാത്ത പ്രോട്ടീനുകളായ 2B (NS2) അല്ലെങ്കിൽ NS3 വൈറൽ പ്രോട്ടീയേസ് (പ്രോട്ടീനെ മുറിക്കുന്ന എൻസൈം-Protease ) , ആതിഥേയ പ്രോട്ടീയേസുകൾ എന്നിവയാൽ സ്വയം വേര്‍പെടുന്നു.
അടുത്ത പ്രക്രിയയായ വൈറൽ ജീനോമിന്റെ വിഭജനത്തിന് (RNA replication) ട്രാൻസ്ലേറ്റ് ചെയ്യപ്പെടുന്ന പ്രോട്ടീൻ ശ്രേണി ആവശ്യമാണ്. വൈറൽ ആർഎൻഎ ആതിഥേയ കോശത്തിന്റെ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വിഭജിക്കാറുള്ളത്. ഇങ്ങനെ പുതുതായി ഉണ്ടായ ആർഎൻഎ ക്യാപ്സിഡ് പ്രോട്ടീനുകളാൽ പൊതിഞ്ഞ് ഒരു ന്യൂക്ലിയോകാപ്സിഡ് രൂപപ്പെടുന്നു. ന്യൂക്ലിയോകാപ്‌സിഡ് പരുക്കൻ അന്തർദ്രവ്യജാലികയിലേക്ക് (rough endoplasmic reticulum) പ്രവേശിക്കുകയും അതിനുശേഷം ER മെംബ്രണിൽ വച്ച് സ്തരപാളികളാൽ പൊതിയപ്പെടുകയും, M, E പ്രോട്ടീനുകളാൽ ചുറ്റപ്പെടുകയും ചെയ്യുന്നു. അതിന് ശേഷം ഗോൾഗി വസ്തുക്കളിൽ (Golgi bodies) വെച്ച് വൈറസ് പൂർണ വളർച്ച പ്രാപിക്കുന്നു, ഇത്തരത്തിലുള്ള വൈറസുകൾ രോഗം പടർത്താൻ പ്രാപ്തിയുള്ളവയാണ് . പൂർണ്ണവളർച്ച എത്തിയ വൈറസുകൾ കോശത്തിൽ നിന്ന് പുറത്തുവരുകയും മറ്റ് കോശങ്ങളിലേക്ക്പടരുകയും ചെയ്യും (ചിത്രം 4) .
ഡെങ്കി വൈറസ് അണുബാധയും ശരീരപ്രതിരോധ സംവിധാനവും
നാല് പ്രധാന ഘടകങ്ങളാണ് ഡെങ്കി വൈറസിനെതിരയുള്ള ശരീര പ്രതിരോധ സംവിധാനങ്ങളെ ബാധിക്കുന്നത്: ആതിഥേയ പ്രതിരോധശേഷി, വൈറസ് ഇനം അഥവാ സെറോടൈപ്പ്, ആതിഥേയന്റെ ജനിതക നിലയും പ്രായവും.
ഏതെങ്കിലും ഡെങ്കി സെറോടൈപ്പുമൂലമുള്ള അണുബാധയിൽ പ്രധാനമായും രണ്ട് രോഗപ്രതിരോധ പ്രതികരണങ്ങളാണ് കാണപ്പെടുന്നത് :ദീർഘകാല ഹോമോടൈപ്പിക് പ്രതിരോധശേഷി (അണുബാധയ്ക്ക് കാരണമാകുന്ന നിർദ്ദിഷ്ട സെറോടൈപ്പിനെതിരായ പ്രതിരോധശേഷി), ഹ്രസ്വകാല ഹെറ്ററോടൈപ്പിക് പ്രതിരോധശേഷി (മറ്റൊരു സെറോടൈപ്പിനെതിരായ പ്രതിരോധശേഷി).
ഒരു വ്യക്തിയുടെ ആദ്യത്തെ ഡെങ്കി അണുബാധയ്ക്ക് തൊട്ടുപിന്നാലെ ഉണ്ടാകുന്ന ആന്റിബോഡികൾക്ക് ഒന്നിലധികം സെറോടൈപ്പിൽ പെട്ട ഡെങ്കി വൈറസുകളെ നിർവീര്യമാക്കിയേക്കാം എന്നാണ് ഇൻവിട്രോ പഠനങ്ങൾ (in vitro experiments – ജീവനുള്ള വസ്തുക്കൾക്ക് പുറത്ത്, ടെസ്റ്റ് ട്യൂബുകളിൽ നടത്തുന്ന പരീക്ഷണങ്ങൾ) സൂചിപ്പിക്കുന്നത്. അടുത്ത ഏതാനും മാസങ്ങളിൽ, ആന്റിബോഡികൾ അണുബാധയ്ക്ക് കാരണമാകുന്ന നിർദിഷ്ട ഡെങ്കി സെറോടൈപ്പിനെതിരെ പ്രവർത്തിക്കുന്നവ മാത്രമായി തീരുന്നു. ഇൻവിട്രോ പഠനങ്ങളിൽകണ്ടെത്തിയ മുകളിൽ പറഞ്ഞ വസ്തുതകൾ ഇൻവിവോ (ജീവനുള്ള കോശങ്ങളിലോ, ജീവികളിലോ നടത്തുന്ന പരീക്ഷണങ്ങൾ ) നിരീക്ഷണങ്ങളുമായി പരസ്‌പരം ബന്ധപെടുത്താൻ കഴിയുന്നവയാണ്. മോണോടൈപിക്-പ്രതിരോധ ശക്തി (ഒരേ ഒരു വൈറൽ സെറോടൈപ്പിനെതിരേയുള്ള പ്രതിരോധം) ഉള്ള മനുഷ്യർക്ക് മറ്റ് ഡെങ്കി സെറോടൈപ്പുകൾ (ഹെറ്ററോടൈപിക് DENV) മൂലമുള്ള അണുബാധയിൽ നിന്ന് ഹ്രസ്വകാല സംരക്ഷണം (ഏകദേശം 2 മാസം) നേടാൻ സാധിക്കും. കൂടാതെ ഹെറ്ററോടൈപിക് ഡെങ്കി സെറോടൈപ്പുകൾ കാരണമുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്ന് ദീർഘകാലം (ഏകദേശം 2 വർഷം) സംരക്ഷിക്കപ്പെടാനും ഇവർക്ക് സാധിക്കും.
വൈറസിനെ നിർവീര്യമാക്കാൻ ശേഷിയുള്ള, ആജീവനാന്തം ശരീരത്തിൽ പ്രചരിക്കുന്ന ആന്റിബോഡികൾക്ക് (neutralizing antibodies ) മുൻപ് ഡെങ്കി പനിയ്ക്ക് കാരണമായ സെറോടൈപ്പിൽ നിന്ന് രോഗിയെ ദീർഘ കാലം സംരക്ഷിക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നു.
ആന്റിബോഡി-ആശ്രിത രോഗ ആധിക്യം (Antibody-Dependent Enhancement-ADE)
രക്തത്തിൽ ചംക്രമണം ചെയ്യുന്ന ഡെങ്കിയ്‌ക്കെതിരായ ആന്റിബോഡികളിൽ ഭൂരിഭാഗവും ഡെങ്കി വൈറസിനെ നിർവീര്യമാക്കാൻ സാധിക്കാത്തവയാണ്, എന്നാൽ വൈറസിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന വിവിധ ആന്റിജനുകളിൽ ഇവയ്ക്ക് ബംന്ധിതമാകാൻ ഇവയ്ക്ക് കഴിയും. വൈറസിനെ നിർവീര്യമാക്കാൻ ശേഷിയുള്ള നിർദ്ദിഷ്ട ആന്റിബോഡികളുടെ (ന്യൂട്രലൈസിംഗ് ആന്റിബോഡികളുടെ) അഭാവത്തിൽ വൈറസിനെ നിർവീര്യമാക്കാൻ (ന്യൂട്രലൈസ്) കഴിയാത്ത ആന്റിബോഡികൾ ഡെങ്കി വൈറസിന്റെ ആതിഥേയ കോശത്തിലേക്കുള്ള പ്രവേശനത്തെ വര്‍ദ്ധിപ്പിക്കും. ഈ പ്രതിഭാസം ആന്റിബോഡി-ആശ്രിത രോഗ ആധിക്യം (Antibody Dependent Enhancement-ADE) എന്നറിയപ്പെടുന്നു (ചിത്രം 5),
ഈ പ്രതിഭാസം മനുഷ്യ വൈറൽ അണുബാധകൾക്കിടയിൽ ഡെങ്കി വൈറസ് അണുബാധയെ അദ്വിതീയമാക്കുന്നു,ഒന്നോ അതിലധികമോ ഡെങ്കി വൈറസ് കാരണമുള്ള അണുബാധയും അതിന്റെ ഫലമായി ഉണ്ടാകുന്ന ഭാഗിക പ്രതിരോധശേഷിയും പിന്നീട് ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. അതുപോലെ, ആദ്യ അണുബാധയിൽ നിന്ന് വ്യത്യസ്തമായ സെറോടൈപ്പുകൾ (ഹെറ്ററോടൈപിക് ഡെങ്കി വൈറസ് ) കാരണമുള്ള ഡെങ്കി വൈറസ് അണുബാധ ഏൽക്കുന്ന ഹോമോടൈപിക് പ്രതിരോധശേഷിയുള്ള വ്യക്തികളിലാണ് മിക്കപ്പോഴും , ഡെങ്കി ഹെമറാജിക് പനി, ഡെങ്കി ഷോക്ക് സിൻഡ്രോം (DHF/DSS) എന്നീ കടുത്ത രോഗങ്ങൾ കാണാറുള്ളത്.
ഡെങ്കി ഹെമറേജിക് ഫീവർ (രക്തസ്രാവത്തോടെയുള്ള ഡെങ്കിപനി-DHF), ഡെങ്കി ഷോക്ക് സിൻഡ്രോം (ആഘാത ഡെങ്കിപനി -DSS) എന്നിവ വളരെ ഗുരുതരമായ ഡെങ്കിപ്പനിയുടെ അവസ്ഥകളാണ്. സാധാരണ ഡെങ്കിപ്പനി ലക്ഷണങ്ങളെക്കൂടാതെ മൂക്ക്, വായ്, മോണ എന്നിവയിൽ നിന്നുള്ള രക്തസ്രാവം, കൂടെക്കൂടെ രക്തത്തോടെയോ അല്ലാതെയോ ഉള്ള ഛർദി, അസ്വസ്ഥത, ഉറക്കമില്ലായ്മ, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ, ശ്വാസോച്ഛ്വാസത്തിനു വൈഷമ്യം, ത്വക്കിൽ രക്തപ്പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഈ ഘട്ടത്തിൽ കാണാറുണ്ട് .
രോഗലക്ഷണങ്ങൾ
രോഗലക്ഷണങ്ങൾ ഉള്ളതോ, ഇല്ലാത്തതോ ആയ ഡെങ്കി അണുബാധ കാണാറുണ്ട്. അപൂർവ്വമായി, ഡെങ്കിപ്പനി ഗുരുതരമാവുകയും മരണത്തിന് കാരണമാകുകയും ചെയ്യാറുണ്ട്.രോഗലക്ഷണങ്ങൾ ഉണ്ടായാൽ, അണുബാധയ്ക്ക് ശേഷം 4-10 ദിവസങ്ങൾക്ക് ശേഷം അവ ആരംഭിക്കുകയും 2-7 ദിവസം വരെ നീണ്ടുനിൽക്കുകയും ചെയ്യാറുണ്ട് . രോഗലക്ഷണങ്ങൾ ഇവയാണ് :
ഉയർന്ന പനി (40°C) |
കടുത്ത തലവേദന |
കണ്ണുകൾക്ക് പിന്നിൽ വേദന |
പേശികളിലേയും സന്ധികളിലേയും വേദന |
ഓക്കാനം |
ഛർദ്ദി |
ഗ്രന്ഥി വീക്കം |
രണ്ടാം തവണയും രോഗബാധിതരായ വ്യക്തികൾക്ക് കടുത്ത ഡെങ്കിപ്പനി വരാനുള്ള സാധ്യത കൂടുതലാണ്. പനി മാറിയതിന് ശേഷം പലപ്പോഴും ഡെങ്കിപ്പനിയുടെ ഗുരുതരമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു:
കഠിനമായ വയറുവേദന |
സ്ഥിരമായ ഛർദ്ദി |
വേഗത്തിലുള്ള ശ്വസനം |
മോണയിലോ മൂക്കിലോ രക്തസ്രാവം |
ക്ഷീണം, അസ്വസ്ഥത |
ഛർദ്ദിയിലോ മലത്തിലോ രക്തം |
തീവ്ര ദാഹം |
വിളറിയതും തണുത്തതുമായ ചർമ്മം |
ബലഹീനത |
ഈ ഗുരുതരമായ രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിത്സ തേടണം. സുഖം പ്രാപിച്ച ശേഷം, ഡെങ്കിപ്പനി ബാധിച്ച ആളുകൾക്ക് ആഴ്ചകളോളം ക്ഷീണം അനുഭവപ്പെടാം.
രോഗനിർണ്ണയം
വിവിധ മാർഗങ്ങളിലൂടെ ഡെങ്കി രോഗ നിർണ്ണയം നടത്താവുന്നതാണ്. വൈറോളജിക്കൽ (വൈറസിനെ വേർതിരിക്കൽ), മോളിക്യുലാർ (ആർഎൻഎ കണ്ടെത്തൽ) , സീറോളജിക്കൽ (ആന്റിബോഡി,ആന്റിജൻ തുടങ്ങിയവയെ കണ്ടെത്തൽ) തുടങ്ങിയ രീതികൾ ഉപയോഗിച്ച് ഡെങ്കി അണുബാധ കണ്ടെത്താവുന്നതാണ്.
രക്തത്തിൽ വൈറസ് പ്രവേശിക്കുകയ്യും തുടർന്ന് രക്തത്തിലൂടെ മുഴുവൻ ശരീരഭാഗങ്ങളിൽ വൈറസ് വ്യാപിക്കുകയ്യും ചെയ്യുന്ന അവസ്ഥയാണ് വൈറീമിയ (viremia). ഡെങ്കി വൈറസുകളിൽ ഈ അവസ്ഥ പനി ആരംഭിക്കുന്നതിന് 24-48 മണിക്കൂർ മുമ്പ് ആരംഭിക്കുകയ്യും 5-6 ദിവസം വരെ തുടരുകയും ചെയ്യുന്നു. ഈ സമയത്ത് വൈറസ്, അതിന്റെ ആർഎൻഎ, NS1 പ്രോട്ടീൻ (ആന്റിജൻ ) തുടങ്ങിയവ രക്തം, പ്ലാസ്മ, സെറം, എന്നിവയിൽ നിന്ന് കണ്ടെത്താൻ സാധിക്കും.
ഡെങ്കിയ്ക്കെതിരായ ഇമ്മ്യൂണോഗ്ലോബുലിൻ എം ആന്റിബോഡി (ഐജിഎം)-ന്റെ ( IgM antibody-ഒരു ആന്റിജനുമായുള്ള ആദ്യ സമ്പർക്കത്തിന് പ്രതികരണമായി ഉണ്ടാകുന്ന ആദ്യത്തെ ആന്റിബോഡി ) സാന്നിധ്യം കണ്ടുപിടിക്കലാണ് ഏറ്റവും വ്യപകമായി ഉപയോഗിക്കപ്പെടുന്ന ഡെങ്കി പരിശോധന രീതി. ഡെങ്കിപ്പനി ഉണ്ടെന്ന് സംശയിക്കുന്ന രോഗികൾകളിൽ നിന്ന് , ലക്ഷണങ്ങൾ തുടങ്ങായതിന്റെ ആറാം ദിവസം ശേഖരിച്ച സാമ്പിളുകളിൽ ആന്റി-ഐജിഎം ആന്റിബോഡികൾ കണ്ടെത്തുന്നതിലൂടെ ഒരു അനുമാന രോഗനിർണയം (presumptive diagnosis) നടത്താം. IgM:IgG ആന്റിബോഡി അനുപാതം ഡെങ്കി രോഗത്തിൽ നിന്നുമുള്ള നിന്നുമുള്ള രോഗമുക്തിയുടെ തോതിനെ കുറിച്ച് മനസിലാക്കാൻ സഹായിക്കുന്നു.എൻസൈം-ലിങ്ക്ഡ് ഇമ്മ്യൂണോസോർബന്റ് അസെയിൽ (ELISA) ഉപയോഗിച്ചാണ് IgM അല്ലെങ്കിൽ IgG കണ്ടുപിടിക്കാറുള്ളത്.
ഡെങ്കി അണുബാധ സ്ഥിതീകരിക്കുന്നതിനും, തിരിച്ചറിയുന്നതിനും RT‑PCR, കൊതുകിന്റെ സെൽ ലൈൻ (കോശങ്ങൾ) ഉപയോഗിച്ച് ഡെങ്കി വൈറസിനെ വേർതിരിക്കൽ, NS1 പ്രോട്ടീൻ സാന്നിധ്യം കണ്ടുപിടിക്കൽ എന്നീ പരിശോധനകൾ ഉപയോഗിച്ചുവരുന്നു. ഇതിൽ വൈറസ് വേർതിരിക്കൽ ചെലവേറിയതും, സമയം എടുക്കുന്നതുമായ പ്രക്രിയയാണ്. ഇതിന് വിപരീതമായി RT‑PCR ഉപയോഗിച്ചുള്ള ഡെങ്കി ആർഎൻഎ കണ്ടെത്തൽ വേഗതയേറിയതും, കൃത്യതയുള്ളതുമായ പരിശോധന മാർഗമാണ്. NS1 ആന്റിജൻ കണ്ടെത്തൽ ഡെങ്കി അണുബാധയെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്നു.
മറ്റ് ആർത്രോപോഡ് അണുബാധകളായ ചിക്കുൻഗുനിയ, സിക്ക എന്നിവ ഡെങ്കി രോഗനിർണയത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ഡെങ്കിപ്പനി വാക്‌സിൻ
സുരക്ഷിതവും, പൂർണ്ണമായി സംരക്ഷണം നൽകുന്നതുമായ ഡെങ്കിപ്പനി വാക്സിനുകളുടെ വികസനം നിരവധി വെല്ലുവിളികൾ നിറഞ്ഞതാണ്. ഒരു നല്ല ഡെങ്കി വാക്സിനുകൾ നാല് സെറോടൈപ്പുകൾക്കെതിരെയും ദീർഘ കാല സംരക്ഷണം നൽകണം, അല്ലാത്തപക്ഷം ഇത് ഡെങ്കി രോഗ പ്രതിരോധം ക്ഷയിക്കുന്നതിന് കാരണമാകുകയ്യും, തുടർന്ന് വരുന്ന ഡെങ്കി രോഗബാധ (breakthrough infection) മാരകമായ ആന്റിബോഡി-ആശ്രിത രോഗ ആധിക്യത്തിന് (ADE), DHF/DSS-ന് വഴിവയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഡെങ്കി വാക്സിനുകൾ പരീക്ഷിക്കാൻ ആവശ്യമായ നല്ല മൃഗ മാതൃകകൾ ലഭ്യമല്ലാത്തത് ഡെങ്കി വാക്സിൻ വികസനത്തെ പുറകോട്ട് വലിക്കുന്നു . അവസാനമായി സാധ്യത വാക്‌സിനുകളെ (candidate vaccines) രോഗ പ്രസരണ തീവ്രതയുടെ ക്രമം മാറുന്നതിന്റെയും, പ്രചരിക്കുന്ന വൈറസ് ഇനങ്ങളുടേയും പശ്ചാത്തലത്തിൽ വിലയിരുത്തേണ്ടതുണ്ട്, ഇത് വെല്ലുവിളി നിറഞ്ഞ പ്രക്രിയയാണ്. എന്നാൽ മുകളിൽ പറഞ്ഞ വെല്ലുവിളികളെ അതിജീവിച്ച ഡെങ്കി വാക്സിനുകൾ വിപണിയിൽ ലഭ്യമാണ്
1. ഡെങ്‌വാക്സിയ®
ഡെങ്‌വാക്സിയ® എന്ന വിപണി നാമത്തിൽ അറിയപ്പെടുന്ന CYD-TDV വാക്സിൻ മൂന്ന് വ്യത്യസ്ത കുത്തിവയ്‌പ്പുകളായി നൽകപ്പെടുന്ന ദുർബലമാക്കിയ വൈറസ് (live attenuated virus ) ഉപയോഗിച്ചുള്ള വാക്സിനാണ്. ഡെങ്‌വാക്സിയ® ഒരു കൈമെറിക് വാക്സിനാണ് (രണ്ടോ അതിലധികമോ വ്യത്യസ്ത വൈറസുകളുടെ ന്യൂക്ലിക് ആസിഡ് ശകലങ്ങൾ ചേരുന്നതിലൂടെ സൃഷ്ടിക്കപ്പെട്ട വാക്സിൻ). മഞ്ഞപ്പനിയുടെ വാക്സിൻ ഇനമായ 17Dൽ നിന്ന് പുനസ്സംയോജന ഡിഎൻഎ സാങ്കേതിക വിദ്യ(recombinant DNA technology) ഉപയോഗിച്ച് prM (പ്രീ-മെംബ്രൺ), E (എൻവലപ്പ്) ഘടനാപരമായ ജീനുകൾ മാറ്റി പകരം നാല് ഡെങ്കി സെറോടൈപ്പുകളുടെ ഘടനാപരമായ ജീനുകൾ (prM, E) സ്ഥാപിച്ചാണ് ഈ വാക്സിൻ നിർമ്മിക്കുന്നത്. ഏഷ്യയിലും, ലാറ്റിൻ അമേരിക്കയിലും നടന്ന ക്ലിനിക്കൽ പരീക്ഷങ്ങളിൽ വാക്സിന്റെ ഫലപ്രാപ്തി യഥാക്രമം 56.5% ഉം 60.8% ഉം ആയിരുന്നു. ഇതുകൂടാതെ, ഈ വാക്സിനുകൾ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുകയും മുമ്പ് ഡെങ്കി അണുബാധയുണ്ടായിട്ടുള്ള വ്യക്തികളെ സംരക്ഷിക്കുകയും ചെയ്യുന്നു, അതിനാൽ, തുടർ അണുബാധ മൂലമുള്ള Antibody Dependent Enhancement-ADE (ആന്റിബോഡി-ആശ്രിത രോഗ ആധിക്യം) ന്റെ അപകടസാധ്യത കുറയ്ക്കുന്നു. ഗുരുതരമായ രോഗമായ DHF നെതിരെ ഈ വാക്സിന്റെ ഫലക്ഷമത 80%-ൽ അധികമായിരുന്നു.
പക്ഷേ മുൻപ് അണുബാധയേൽക്കാത്ത വ്യക്തികളെ സംരക്ഷിക്കുന്നതിൽ ഈ വാക്സിൻ പരാജയപ്പെട്ടു. കൂടാതെ മുമ്പ് രോഗം ബാധിച്ചിട്ടില്ലാത്തവരിലും വാക്സിൻ സ്വീകരിച്ച ശേഷം രോഗം പിടിപെടുന്നവരിലും ഈ വാക്സിൻ ഗുരുതരമായ അസുഖം വരുത്താൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് വാക്‌സിനേഷൻ സ്വീകരിച്ച ഒരു കൂട്ടം കുട്ടികളിൽ (≤5 വയസ്സ് പ്രായമുള്ള) വാക്സിൻ സ്വീകരിക്കാത്ത കണ്ട്രോൾ ഗ്രുപ്പിനേക്കാൾ അഞ്ചിരട്ടി ഉയർന്ന ആശുപത്രി വാസം ആവശ്യമായ ഡെങ്കി അണുബാധകൾക്ക് (breakthrough infection- വാക്സിനേഷന് ശേഷമുള്ള അണുബാധ) കാരണമായി. ഈ കാരണങ്ങളാൽ 2017-ൽ, വാക്സിൻ നിർമ്മാതാക്കളായ സനോഫി പാസ്ചർ മുമ്പ് ഡെങ്കി അണുബാധ ഉണ്ടായവരിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശം പുറപ്പെടുവിച്ചു.
മെക്സിക്കോ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബ്രസീൽ, എൽ സാൽവഡോർ, കോസ്റ്റാറിക്ക, പരാഗ്വേ, ഗ്വാട്ടിമാല, പെറു, തായ്‌ലൻഡ്, സിംഗപ്പൂർ എന്നീ 11 രാജ്യങ്ങളിൽ 2016-ൽ ഡെങ്‌വാക്‌സിയ വാണിജ്യപരമായി ലഭ്യമായി.2019-ൽ ഈ വാക്സിൻ അമേരിക്കൻ ഐക്യനാടുകളിൽ മെഡിക്കൽ ഉപയോഗത്തിനായി അംഗീകരിച്ചു.ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ പെട്ട വാക്സിനാണിത്.
2. ഡെൻവാക്സ്
ക്ഡെംഗ (Qdenga) എന്ന വിപണി നാമത്തിൽ അറിയപ്പെടുന്ന TAK-003 അല്ലെങ്കിൽ ഡെൻവാക്സ് ഒരു കൈമെറിക് വൈറസ് വാക്സിനാണ് ( recombinant chimeric attenuated vaccine). ഇതിൽ DENV2-ന്റെ prM, E ജീനുകൾ മാറ്റി പകരം മറ്റ് മൂന്ന് ഡെങ്കി വൈറസുകളുടെ (DENV1, DENV3, DENV4) ഘടകങ്ങൾ സ്ഥാപിച്ചാണ് ഈ വാക്സിൻ നിർമ്മിക്കുന്നത്. നാലര കൊല്ലം നീണ്ട TAK-003 വാക്സിൻ ഫലപ്രാപ്തി പഠനത്തിൽ , ഈ വാക്സിൻ രോഗികളുടെ ആശുപത്രിവാസം 84%- ത്തോളം കുറച്ചതായി കണ്ടു , കൂടാതെ DENVax രോഗലക്ഷണങ്ങളുള്ള ഡെങ്കിപ്പനി രോഗത്തിനുള്ള സാധ്യത 61%-ത്തോളം കുറച്ചു. TAK-003 വാക്‌സിനേഷൻ നാല് ഡെങ്കി വൈറസുകളെ (four dengue serotypes) നിർവീര്യമാക്കുന്ന ആന്റിബോഡി നിർമാണത്തിനെ ഉത്തേജിപിച്ചു. CYD-TDV-യിൽ നിന്ന് വ്യത്യസ്തമായി, TAK-003 മുൻപ് ഡെങ്കി രോഗം ബാധിക്കാത്ത വ്യക്തികളിൽ ദോഷ ഫലങ്ങൾ ഉളവാക്കാതെ ഫലപ്രദമായ ഡെങ്കി രോഗ പ്രതിരോധം സൃഷ്ടിച്ചു. 2022 ഓഗസ്റ്റിൽ, ഇന്തോനേഷ്യൻ FDA, ആറ് വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായമുള്ള വ്യക്തികളിൽ ഉപയോഗിക്കുന്നതിന് Qdenga അംഗീകരിച്ചു, കൂടാതെ ക്ഡെംഗ (Qdenga) അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇന്തോനേഷ്യ . പിന്നീട് 2022 ഡിസംബറിൽ യൂറോപ്യൻ യൂണിയൻ Qdenga വാക്സിനെ അംഗീകരിച്ചു.
കാലാവസ്ഥ വ്യതിയാനവും ഡെങ്കിപ്പനിയും
കാലാവസ്ഥ വ്യതിയാനം ഡെങ്കി പനിയുടെ വ്യാപനത്തെ സഹായിക്കുന്ന ഘടകമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഉയരുന്ന ആഗോള താപനില ഈഡിസ് കൊതുകുകളുടെ പ്രജനനത്തിനും നിലനിൽപ്പിനും കൂടുതൽ അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ചൂടുള്ള താപനില കൊതുകിനുള്ളിലെ ഡെങ്കി വൈറസിന്റെ ഇൻകുബേഷൻ കാലയളവ് കുറയ്ക്കും, ഇത് വൈറസ് കൂടുതൽ വേഗത്തിൽ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയെ വർദ്ധിപ്പിക്കുന്നു.
ഉയർന്ന താപനിലയും ദൈർഘ്യമേറിയ ചൂടുള്ള കാലാവസ്ഥയും കൊതുകുകളുടെ പ്രജനന കാലയളവ് വർദ്ധിപ്പിക്കും. ഈ നീണ്ടുനിൽക്കുന്ന പ്രജനനകാലം കൊതുകുകളുടെ എണ്ണം കൂടുന്നതിനും വൈറസ് വേഗത്തിൽ പടരുന്നതിനും ഇടയാക്കും. കൊതുകുകളുടെ അതിജീവനത്തിന് സഹായകരമായ വിധത്തിലുള്ള താപനിലയിലും , ഈർപ്പത്തിലും മാറ്റം വന്ന പ്രദേശങ്ങൾ കൊതുകുകളെ ഇവിടെങ്ങളിലേക്ക് ആകർഷിക്കുന്നു. ഈ വ്യാപനം ഇതിന് മുമ്പ് ഡെങ്കിപ്പനി ഇല്ലാത്ത പ്രദേശങ്ങളിൽ രോഗം പൊട്ടിപ്പുറപ്പെടാൻ ഇടയാക്കും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുന്ന കനത്ത മഴയും, വെള്ളപ്പൊക്കവും പോലുള്ള വർദ്ധിക്കുന്ന തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ ഡെങ്കി വൈറസിന്റെ വ്യാപനത്തെ സഹായിക്കും. പ്രളയത്തിന്റെ ഫലമായി ജനവാസ കേന്ദ്രങ്ങളിലോ, കുളങ്ങളിലോ, പത്രങ്ങളിലോ കെട്ടികിടക്കുന്ന വെള്ളം കൊതുകിന്റെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു , ഇത് കൊതുക്ജന്യ രോഗമായ ഡെങ്കി പനി പോലുള്ള രോഗങ്ങളുടെ വർദ്ധനവിന് കാരണമാകുന്നു.
കാലാവസ്ഥ മാതൃകകളും ഡെങ്കിപ്പനിയും
വിവിധ സാഹചര്യങ്ങളിൽ ഭൂമിയുടെ കാലാവസ്ഥാ സംവിധാനം ഭാവിയിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് കംപ്യൂട്ടറുകളുടെ സഹായത്തോടെ പ്രവചിക്കാൻ സാധിക്കും, ഇതിനെയാണ് കാലാവസ്ഥ മാതൃകാ നിർമ്മാണം (climate modeling) എന്ന് വിളിക്കുന്നത്. ഈ മാതൃകകളിൽ അന്തരീക്ഷ ഘടന, സമുദ്ര പ്രവാഹങ്ങൾ, സൗരവികിരണം, ഹരിതഗൃഹ വാതകങ്ങളുടെ പുറത്തുവിടൽ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്നു. കാലാവസ്ഥാ ക്രമം മനസ്സിലാക്കാനും, ഭാവിയിലെ കാലാവസ്ഥാ മാറ്റങ്ങൾ പ്രവചിക്കാനും, പരിസ്ഥിതിയിൽ മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ആഘാതം വിലയിരുത്താനും, കാലാവസ്ഥാ മാതൃകകൾ ഗവേഷകരെ സഹായിക്കുന്നു.
കാലാവസ്ഥ മാതൃകകൾ ഉപയോഗിച്ച് ഡെങ്കി വൈറസ് പരത്തുന്ന കൊതുകുകളുടെ വിതരണത്തേയും പെരുമാറ്റത്തേയും സ്വാധീനിക്കുന്ന ഘടകങ്ങളായ താപനിലയിലെ മാറ്റം, മഴയുടെ ക്രമം, ഈർപ്പത്തിന്റെ അളവ് എന്നിവയിലെ മാറ്റങ്ങൾ എന്നിവ പ്രവചിക്കാൻ കഴിയും. ഡെങ്കിപനിയുടെ വ്യാപനത്തിനെ സഹായിക്കുന്ന വിവിധ സാഹചര്യങ്ങളെ വിലയിരുത്താൻ കാലാവസ്ഥ മാതൃകകൾക്ക് സഹായിക്കും, അവ ചുവടെ കൊടുത്തിരിക്കുന്നു.
കൊതുകിന്റെ ആവാസവ്യവസ്ഥ പ്രവചനം: കൊതുകിന്റെ ആവാസവ്യവസ്ഥ താപനിലയിലും മഴയുടെ ക്രമത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് എങ്ങനെ മാറുമെന്ന് കാലാവസ്ഥാ മാതൃകകൾ ഉപയോഗിച്ച് പ്രവചിക്കാൻ കഴിയും, കൂടാതെ ഭാവിയിൽ കൊതുകുകൾ വ്യാപിക്കാൻ സാധ്യതയുള്ള ഭൂപ്രദേശങ്ങളെ കുറിച്ച് പ്രവചിക്കാൻ കാലാവസ്ഥ മാതൃകകൾ ഗവേഷകരെ സഹായിക്കും.
രോഗ സാധ്യതപ്രദേശങ്ങളുടെ തിരിച്ചറിയിൽ: ഡെങ്കി പനി വരാൻ സാധ്യതയുള്ള പ്രദേശങ്ങളെ തിരിച്ചറിയാൻ കാലാവസ്ഥ മാതൃകകൾക്ക് സാധിക്കും. കൊതുകിന്റെ ജീവചക്രം, വൈറസിന്റെ വിഭജനം, മനുഷ്യ ജനസംഖ്യ വിതരണം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച് ഡെങ്കിപ്പനി പകരാനുള്ള സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ കാണിക്കുന്ന ഭൂപടങ്ങൾ സൃഷ്ടിക്കാൻ ഗവേഷകർക്ക് കഴിയും.
ഡെങ്കിപ്പനിയുടെ കാലികമായ മാറ്റങ്ങൾ : ഡെങ്കിപ്പനിയുടെ കാലാനുസൃതമായ ചലനാത്മകതയിലെ മാറ്റങ്ങൾ പ്രവചിക്കാൻ കാലാവസ്ഥാ മാതൃകകൾ സഹായിക്കും. ഉദാഹരണത്തിന്, താപനിലയിലെ വർദ്ധനവ് നീണ്ടുനിൽക്കുന്ന അല്ലെങ്കിൽ ക്രമം മാറിയ ഡെങ്കി പ്രസരണത്തിന് കാരണമായേക്കാം. ഈ മാറ്റങ്ങൾ മനസ്സിലാക്കുന്നത് ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും, പൊതുജനാരോഗ്യ പ്രതികരണങ്ങളും ശക്തിപെടുത്താൻ സഹായിക്കും.
എപ്പിഡെമിക് പ്രവചനം: കാലാവസ്ഥാ ഡാറ്റയെ രോഗ സംക്രമണ മാതൃകകളിലേക്ക് സംയോജിപ്പിച്ച് ഗവേഷകർക്ക് ഭാവിയിലെ ഡെങ്കി എപ്പിഡെമിക്കുകളെ പ്രവചിക്കാൻ സാധിക്കും. ഈ പ്രവചനങ്ങൾ ഉപയോഗിച്ച് പൊതുജന ആരോഗ്യ സംവിധാനങ്ങൾക്ക് രോഗ നിയന്ത്രണ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും, എപ്പിഡെമിക്കിന്റെ സാധ്യതയെ കുറിച്ച് പൊതുജങ്ങളെ അറിയിക്കാനും, രോഗാണുവാഹകരായ കൊതുകുകളുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാനും കഴിയും.
കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളുടെ പ്രവചനം: കാലാവസ്ഥ മാതൃകൾക്ക് കാലാവസ്ഥ വ്യതിയാനം കാരണം ഭാവിയിലുണ്ടായേക്കാവുന്ന സാഹചര്യങ്ങളെ വിലയിരുത്താൻ സാധിക്കും, ഇത് ഡെങ്കിപ്പനിയുടെ വ്യാപനത്തിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന സ്വാധീനത്തെ വിലയിരുത്താൻ ഗവേഷകരെ അനുവദിക്കുന്നു.
ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കൽ (data driven decision making): സാധ്യതയുള്ള അപകടസാധ്യതകളും, അനിശ്ചിതത്വങ്ങളും, കണക്കാക്കി തീരുമാനമെടുക്കുന്നതിന് ശാസ്ത്രീയ അടിത്തറ നൽകാൻ കാലാവസ്ഥാ മാതൃകകൾ സഹായിക്കുന്നു. കൊതുക് നിയന്ത്രണ ശ്രമങ്ങൾ, വാക്‌സിനേഷൻ പ്രചാരണങ്ങൾ , സാമൂഹിക ഇടപെടലുകൾ ലക്ഷ്യം വെച്ചുള്ള സംരംഭങ്ങൾ എന്നിവയ്ക്ക് കാലാവസ്ഥ മാതൃകൾക്ക് വഴികാട്ടാനാകും.
കാലാവസ്ഥാ മാതൃകകൾക്ക് അവയുടേതായ പരിമിതികളും അനിശ്ചിതത്വങ്ങളും ഉണ്ട്. അത്തരം കാലാവസ്ഥാ മാതൃകകൾ ഉപയോഗിച്ചുള്ള പ്രവചനങ്ങൾക്ക് ഉപയോഗിക്കുന്ന വിവരങ്ങളുടെ ഗുണനിലവാരം, ഭൗമ പ്രതിഭാസങ്ങളുടെ സങ്കീർണ്ണത, മോഡലിംഗ് പ്രക്രിയയിൽ ഉണ്ടായ അനുമാനങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനം ഡെങ്കിപ്പനിയിലും മറ്റ് രോഗങ്ങളിലും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നതിനും ആ ആഘാതങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നതിനുമുള്ള ഒരു വിലപ്പെട്ട ഉപകരണമാണ് കാലാവസ്ഥാ മോഡലിംഗ്.
ഉപസംഗ്രഹം
ഡെങ്കി പനി ഒരു കൊതുജന്യ രോഗമാണ്. കാലാവസ്ഥയും, മനുഷ്യന്റെ പെരുമാറ്റ രീതികളും ഡെങ്കി വൈറസിന്റെ വ്യാപനത്തിനെ സ്വാധീനിക്കുന്നുണ്ട്. ആഗോള താപനത്തിന്റെ ഫലമായ ഉയർന്ന അന്തരീക്ഷ താപനിലയും, ആഗോളവത്കരണവും, വർദ്ധിച്ച നഗരവത്കരണവും ഡെങ്കി വൈറസ് പുതിയ ഭൂമിശാസ്ത്ര മേഖലകളിലേക്ക് രോഗം വ്യാപിക്കുന്നതിന് കാരണമായി. ഡെങ്കിപ്പനി ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് ഒരു വലിയ ഭാരം ഉണ്ടാക്കുന്നു, കാരണം ആഗോള ജനസംഖ്യയുടെ 40% ഡെങ്കി അണുബാധയുടെ അപകടസാധ്യത ഉള്ള പ്രദേശങ്ങളിലാണ്.ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും വികസ്വര രാജ്യങ്ങളിലെ പൊതു ആരോഗ്യ പ്രശ്‌നമാണ് ഈ അസുഖം. ഈ രാജ്യങ്ങളിൽ ഈ അസുഖം കാരണം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത വളരെ അധികമാണ്. മേല്പറഞ്ഞ കാരണങ്ങൾ ഡെങ്കി പനിയുടെ വ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യതിയിലേക്കാണ് വിരൽചൂണ്ടുന്നത്.
ഡെങ്കിപനിയുടെ രോഗം വ്യാപനം തടയുന്നതിനും ചികിത്സയ്ക്കും വേണ്ടി കൂടുതൽ ഗവേഷണങ്ങൾ ആവശ്യമുണ്ട്. അതുപോലെ, വൈറസ് പകരുന്നതിന് കാരണമായ കൊതുകുകളുടെ പെരുപ്പം തടയാൻ നൂതനമായ സമീപനങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ജനസംഖ്യാ അടിസ്ഥാനമാക്കിയ ഡെങ്കിപ്പനി നിയന്ത്രണ തന്ത്രങ്ങൾ രൂപീകരിക്കുന്നതിന് ഗണിതശാസ്ത്രമടിസ്ഥാനമാക്കിയ കാലാവസ്ഥ മാതൃകകൾ വളരെ ഉപയോഗപ്രദമായേക്കാം, അതിനാൽ കൂടുതൽ ശക്തിമത്തായ കാലാവസ്ഥ മാതൃകകൾ രൂപീകരിക്കാൻ കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്. ഡെങ്കി പനിക്കെതിരെ മെച്ചപ്പെട്ട ചികിത്സ മാർഗങ്ങൾ രൂപപ്പെടുത്തുന്നതിനും, വാക്സിനുകൾ വികസിപ്പിക്കുന്നതിനുമുള്ള കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. രോഗത്തിന്റെ നിലവിലെ എപ്പിഡെമിയോളജിയേയും അതിന്റെ ഭാവി വ്യാപനത്തിനുള്ള സാധ്യതയെയും കുറിച്ചുള്ള മെച്ചപ്പെട്ട ധാരണ ഉപയോഗിച്ച് പൊതുജനാരോഗ്യ വിദഗ്ധർക്ക് ഈ ആഗോള പൊതുജനാരോഗ്യ വെല്ലുവിളിയെ ചെറുക്കുന്നതിനുള്ള മെച്ചപ്പെട്ട തന്ത്രങ്ങൾ രൂപീകരിക്കാനും അതിനനുസരിച്ച് വിഭവങ്ങൾ സമർത്ഥമായി ഉപയോഗിക്കാനും കഴിയും.
പട്ടിക 1: 2018 മുതൽ ഇന്ത്യയിലെ ഡെങ്കിപ്പനി കേസുകളും മരണങ്ങളും
എസ്. നമ്പർ | ബാധിത സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ | 2018 | 2019 | 2020 | 2021 | 2022
| 2023*
| ||||||
സി | ഡി | സി | ഡി | സി | ഡി | സി | ഡി | സി | ഡി | സി | ഡി | ||
1 | ആന്ധ്രാപ്രദേശ് | 4011 | 0 | 5286 | 0 | 925 | 0 | 4760 | 0 | 6391 | 0 | 2718 | 0 |
2 | അരുണാചൽ പ്രദേശ് | 1 | 0 | 123 | 0 | 1 | 0 | 7 | 0 | 114 | 0 | 2 | 0 |
3 | അസം | 166 | 0 | 196 | 0 | 33 | 0 | 103 | 0 | 1826 | 2 | 1756 | 1 |
4 | ബീഹാർ | 2142 | 0 | 6712 | 0 | 493 | 2 | 633 | 2 | 13972 | 32 | 43 | 0 |
5 | ഛത്തീസ്ഗഡ് | 2674 | 10 | 722 | 0 | 57 | 0 | 1086 | 0 | 2679 | 10 | 62 | 0 |
6 | ഗോവ | 335 | 1 | 992 | 0 | 376 | 0 | 649 | 0 | 443 | 1 | 114 | 0 |
7 | ഗുജറാത്ത് | 7579 | 5 | 18219 | 17 | 1564 | 2 | 10983 | 14 | 6682 | 7 | 876 | 1 |
8 | ഹരിയാന | 1898 | 0 | 1207 | 0 | 1377 | 0 | 11835 | 13 | 8996 | 18 | 185 | 1 |
9 | ഹിമാചൽ പ്രദേശ് | 4672 | 7 | 344 | 2 | 21 | 0 | 349 | 0 | 3326 | 1 | 68 | 0 |
10 | ജമ്മു കശ്മീർ | 214 | 0 | 439 | 0 | 53 | 0 | 1709 | 4 | 8269 | 18 | 22 | 0 |
11 | ജാർഖണ്ഡ് | 463 | 1 | 825 | 0 | 79 | 0 | 220 | 1 | 290 | 0 | 139 | 0 |
12 | കർണാടക | 4427 | 4 | 16986 | 13 | 3823 | 0 | 7393 | 7 | 9889 | 9 | 4805 | 0 |
13 | കേരളം | 4083 | 32 | 4652 | 16 | 4399 | 5 | 3251 | 27 | 4432 | 29 | 6608 | 31 |
14 | ലക്ഷദ്വീപ് | 0 | 0 | 0 | 0 | 0 | 0 | 1 | 0 | 67 | 0 | 197 | 0 |
15 | മധ്യപ്രദേശ് | 4506 | 5 | 4189 | 2 | 806 | 0 | 15592 | 11 | 3318 | 2 | 439 | 0 |
16 | മേഘാലയ | 44 | 0 | 82 | 0 | 4 | 0 | 129 | 0 | 26 | 0 | 16 | 0 |
17 | മഹാരാഷ്ട്ര | 11011 | 55 | 14907 | 29 | 3356 | 10 | 12720 | 42 | 8578 | 27 | 3164 | 0 |
18 | മണിപ്പൂർ | 14 | 0 | 359 | 0 | 37 | 0 | 203 | 0 | 503 | 4 | 109 | 0 |
19 | മിസോറാം | 68 | 0 | 42 | 0 | 67 | 0 | 83 | 0 | 1868 | 5 | 330 | 0 |
20 | നാഗാലാൻഡ് | 369 | 0 | 8 | 0 | 1 | 0 | 24 | 0 | 154 | 0 | 67 | 0 |
21 | ഒഡീഷ | 5198 | 5 | 3758 | 4 | 496 | 0 | 7548 | 0 | 7063 | 0 | 875 | 0 |
22 | പഞ്ചാബ് | 14980 | 9 | 10289 | 14 | 8435 | 22 | 23389 | 55 | 11030 | 41 | 463 | 0 |
23 | രാജസ്ഥാൻ | 9587 | 10 | 13706 | 17 | 2023 | 7 | 20749 | 96 | 13491 | 10 | 1030 | 1 |
24 | സിക്കിം | 320 | 0 | 444 | 0 | 11 | 0 | 243 | 1 | 264 | 0 | 113 | 0 |
25 | തമിഴ്നാട് | 4486 | 13 | 8527 | 5 | 2410 | 0 | 6039 | 8 | 6430 | 8 | 3309 | 1 |
26 | ത്രിപുര | 100 | 0 | 114 | 0 | 24 | 0 | 349 | 0 | 56 | 0 | 97 | 0 |
27 | തെലങ്കാന | 4592 | 2 | 13331 | 7 | 2173 | 0 | 7135 | 0 | 8972 | 0 | 961 | 0 |
28 | ഉത്തർപ്രദേശ് | 3829 | 4 | 10557 | 26 | 3715 | 6 | 29750 | 29 | 19821 | 33 | 406 | 0 |
29 | ഉത്തരാഖണ്ഡ് | 689 | 3 | 10622 | 8 | 76 | 1 | 738 | 2 | 2337 | 0 | 117 | 0 |
30 | പശ്ചിമ ബംഗാൾ | NR | NR | 5166 | 0 | 8264 | 7 | 67271 | 30 | NR | NR | ||
31 | ആൻഡമാൻ നിക്കോബാർ ദ്വീപുകൾ | 49 | 0 | 168 | 0 | 98 | 0 | 175 | 0 | 1014 | 3 | 419 | 0 |
32 | ചണ്ഡീഗഡ് | 301 | 0 | 286 | 0 | 265 | 0 | 1596 | 3 | 910 | 1 | 13 | 0 |
33 | ഡൽഹി | 7136 | 4 | 5077 | 0 | 1269 | 0 | 13089 | 23 | 10183 | 9 | 921 | 0 |
34 | ദാദ്ര നഗർ ഹവേലി | 493 | 0 | 1491 | 2 | 248 | 0 | 547 | 0 | 685 | 0 | 78 | 0 |
35 | ദാമൻ & ദിയു | 163 | 0 | 625 | 2 | 71 | 0 | 279 | 0 | 228 | 0 | 16 | 0 |
36 | പുതുച്ചേരി | 592 | 2 | 2030 | 2 | 633 | 1 | 1625 | 1 | 1673 | 3 | 926 | 0 |
ആകെ | 101192 | 172 | 157315 | 166 | 44585 | 56 | 193245 | 346 | 233251 | 303 | 31464 | 36 |
കടപ്പാട്:നാഷണൽ സെന്റർ ഫോർ വെക്റ്റർ ബോൺ ഡിസീസ് കൺട്രോൾ (NCVBDC), കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. Source: https://ncvbdc.mohfw.gov.in/index4.php?lang=1&level=0&linkid=431&lid=3715
കൂടുതൽ വായനയ്ക്ക്
- https://doi.org/10.1371/journal.ppat.1010862
- https://www.nature.com/articles/nrdp201655
- https://www.thequint.com/fit/dengue-india-kerala-odisha-assam-cases-symptoms-prevention
- https://www.ncbi.nlm.nih.gov/pmc/articles/PMC3510884/
- https://www.mdpi.com/2414-6366/6/3/162
- https://academic.oup.com/bfg/article/16/4/217/2883391
- https://www.thehindu.com/sci-tech/science/threat-of-dengue-fever-escalates-globally/article67131786.ece
- Dengue worldwide overview (europa.eu)
- Dengue | CDC
- https://ncvbdc.mohfw.gov.in/index4.php?lang=1&level=0&linkid=431&lid=3715
- https://www.thelancet.com/journals/langlo/article/PIIS2214-109X(19)30250-5/fulltext
- https://www.thelancet.com/journals/langlo/article/PIIS2214-109X(19)30249-9/fulltext
- https://doi.org/10.4414/smw.2020.20249
- https://timesofindia.indiatimes.com/city/thiruvananthapuram/alarming-kerala-in-the-grip-of-dengue/articleshow/101442097.cms?from=mdr
- https://www.ncbi.nlm.nih.gov/pmc/articles/PMC4297835/
- https://main.icmr.nic.in/sites/default/files/icmr_bulletins/april-may06.pdf
- https://www.ncbi.nlm.nih.gov/pmc/articles/PMC5673243/
- https://www.fda.gov/vaccines-blood-biologics/dengvaxia
- https://www.takeda.com/newsroom/newsreleases/2022/takedas-qdenga-dengue-tetravalent-vaccine-live-attenuated-approved-in-indonesia-for-use-regardless-of-prior-dengue-exposure/