Read Time:6 Minute

ധൂമകേതുക്കളിൽ ഏറ്റവും പ്രസിദ്ധമായത് ഹാലിയുടെ ധൂമകേതുവാണ്. എഡ്മണ്ട് ഹാലി (Edmond Halley 1656- 1741) എന്ന ശാസ്ത്രജ്ഞന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. പ്രസിദ്ധ ശാസ്ത്രജ്ഞൻ ഐസക് ന്യൂട്ടന്റെ സുഹൃത്തായിരുന്നു ഹാലി. ക്ലാസ്സിക്കൽ ഭൗതികത്തിന് അടിത്തറ പാകിയ ന്യൂട്ടൺ സൈദ്ധാന്തികമായി ഒരു കാര്യം തെളിയിച്ചിരുന്നു. സൂര്യന്റെ  ഗുരുത്വാകർഷണത്തിൽപ്പെട്ട ഒരു വസ്തുവിന്റെ സഞ്ചാരവഴി വൃത്തമോ, പാരബൊളയോ, ദീർഘവൃത്തമോ, ഹൈപ്പർ ബോളയോ  ആയിരിക്കണം. 1680ൽ പ്രത്യക്ഷമായ ഒരു ധൂമകേതുവിന്റെ പഥം ഒരു പാരബോളയോടു അടുത്തു നിൽക്കുന്നതായും ന്യൂട്ടൻ കണ്ടെത്തി. തുടർന്ന് ധൂമകേതുക്കളെക്കുറിച്ചു വിശദമായി പഠിക്കാൻ ഹാലി തീരുമാനിച്ചു. കുറേ അന്വേഷണങ്ങൾക്കുശേഷം 24 ധൂമകേതുക്കളെ  സംബന്ധിച്ച് ഏതാണ്ട് കൃത്യമായ വിവരങ്ങൾ ഹാലിക്കു ലഭിച്ചു. ന്യൂട്ടന്റെ രീതി പിന്തുടർന്ന് ഇവയുടെ പാത പാരബോളയുടേതുമായി അദ്ദേഹം ഒത്തുനോക്കി. അങ്ങനെ 24 പാരബോളകൾ തയ്യാറാക്കിയപ്പോൾ, ഇതിൽ മൂന്നെണ്ണം ഏതാണ്ട് ഒരേപോലെ ഒന്നിനുമുകളിൽ മറ്റൊന്ന് വെച്ചതുപോലെ തോന്നി. ഇവ 1531-ലും 1607ലും 1682ലും കണ്ട് ധൂമകേതുക്കളുടേതായിരുന്നു. ഇതിന്റെ ഇടവേള 76ഉം 75ഉം വർഷങ്ങളാണല്ലോ. ഇതിൽ നിന്ന് ഹാലി ഒരു കാര്യം ഊഹിച്ചു. ഈ പാരബോള ഒരു നീണ്ട ദീർഘവൃത്തത്തിന്റെ അഗ്രഭാഗമാകണം. അതായത് അനന്തതയിലേക്കു നീളുന്ന പാരബോളകൾക്കു പകരം, ഈ ഭ്രമണപഥങ്ങൾ ദീർഘവൃത്താകൃതിയുള്ളവയാണ്. ഒരു ധൂമകേതു തന്നെ ഈ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നതു മൂലം മൂന്നു പ്രാവശ്യം (1531, 1607, 1682) കണ്ടതും ഒന്നിനെത്തന്നെയാണ്. ഹാലി ഒരു കാര്യം കൂടി പ്രവചിച്ചു. ഇത് 1758ൽ തിരിച്ചുവരും. 1681ൽ വ്യാഴത്തിന്റെ അടുത്തുകൂടി സഞ്ചരിച്ചതിനാൽ ഭ്രമണപഥംകുറച്ചുകൂടി ദീർഘമാവുകയും തിരിച്ചുവരവ് ഒരുപക്ഷേ 1759ലേക്കു നീങ്ങുകയും ചെയ്തേക്കാം എന്നുകൂടി പറഞ്ഞുവെച്ചു. ഇതുകാണാനുള്ള ഭാഗ്യം ഹാലിക്കുണ്ടായില്ല. 1742ൽ 83-ാം വയസ്സിൽ ഹാലി അന്തരിച്ചു.

by Richard Phillips, oil on canvas, feigned oval, 1721 or before

1758ലെ ക്രിസ്മസ് ദിനത്തിൽ ജോഹാൻ ജോർജ് പാലിച്ച് എന്ന ജർമൻ നിരീക്ഷകൻ ഇതിനെ കണ്ടെത്തി. ഏതാനും ആഴ്ചകൾക്കുള്ളിൽ അതിന്റെ വ്യക്തത ഏറി വന്നു. അത് സൂര്യനോടടുത്തുവരുന്ന സമയം ഒരു മാസത്തിന്റെ കൃത്യതയോടെ അലക്സിസ് ക്ലോഡ് ക്ലേയിർനോട് എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ കണക്കാക്കിയിരുന്നു. ഇതിന്റെ വിജയത്തോടെ ന്യൂട്ടന്റെ സിദ്ധാന്തത്തിന് ഏറെ സ്വീകാര്യത വന്നു. ആ ധൂമകേതുവാകട്ടെ ഹാലിയുടെ ധൂമകേതു എന്നപേരിൽ പ്രസിദ്ധവുമായി. (ശാസ്ത്രരംഗത്ത് സജീവമാകുന്നതിനു മുമ്പ് അദ്ദേഹം ഒരു നാവികൻ ആയിരുന്നു. അന്ന് ക്യാപ്റ്റൻ ഹാലി എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്കിയതോടെ ഡോക്ടർ ഹാലി ആയി.)

ഹാലിയുടെ വാൽനക്ഷത്രം – 1986, മാർച്ച് 8-ലെ ദൃശ്യം കടപ്പാട് വിക്കിപീഡിയ

പിന്നീട് 1835ലും 1910ലും 1986ലും ഹാലിയുടെ ധൂമകേതു സൂര്യനടുത്തുകൂടി കടന്നുപോയി. ഓരോ തവണയും അത് ധാരാളം പേർ നിരീക്ഷിച്ചു. ഇനി അത് 2061ൽ തിരിച്ചെത്തും. ഹാലി ധൂമകേതുവിന്റെ ഭ്രമണപഥത്തെ ഭൂതകാലത്തേക്കു നീട്ടിയാൽ കഴിഞ്ഞ 23 നൂറ്റാണ്ടിനിടയ്ക്ക് അത് 30 തവണ വന്നതിന് നമുക്ക് വ്യക്തമായ തെളിവുകൾ ഉണ്ട്. ബി.സി. 239-ാമാണ്ടിൽ ഈ ധൂമകേതുവിനെ കണ്ടതായി ചൈനീസ് നിരീക്ഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം 1986വരെ അത് ഓരോ തവണ സൂര്യനടുത്തെത്തിയപ്പോഴും നിരീക്ഷകരുടെ ശ്രദ്ധയിൽ പെടുകയും അത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഹാലി ധൂമകേതുവിനെ സ്വാഗതം ചെയ്യാൻ വിപുലമായ പരിപാടികൾ നക്ഷത്രക്ലാസുകൾ, നാടകയാത്രകൾ – 1985-86 കാലയളവിൽ കേരളത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.

ഓരോ തവണ വന്നുപോകുമ്പോഴും ഹാലിയുടെ ധൂമകേതുവിന് കുറച്ച് ദ്രവ്യനഷ്ടം വരുന്നുണ്ട്. ഓരോ തവണ സൂര്യനടുത്തെത്തുമ്പോഴും കുറേ ഐസ് ബാഷ്പീകരിച്ചു. വാലായി രൂപാന്തരപ്പെടുന്നു, ആ ദ്രവ്യമൊക്കെ നഷ്ടമാവുകയും ചെയ്യുന്നു. ഇതുകൂടാതെ ഓരോ യാത്രയിലും അതിന്റെ പാത കുറച്ചു മാറിക്കൊണ്ടിരിക്കും. വ്യാഴത്തിന്റെ ഗുരുത്വാകർഷണമാണ് ഇതിന്റെ പ്രധാനകാരണം. അതിനാൽ ഇതിന്റെ ഭ്രമണകാലത്തിലും ഒന്നുരണ്ടുവർഷത്തെ വ്യത്യാസമൊക്കെ വരാം.

ഹാലിയുടെ വാൽനക്ഷത്രം- സഞ്ചാരപഥം
Happy
Happy
7 %
Sad
Sad
14 %
Excited
Excited
64 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
14 %

Leave a Reply

Previous post ഒരു X-Ray ഓർഡിനറി പ്രണയകഥ
Next post ആർക്കിമിഡീസ് – കുട്ടിഗവേഷകരുടെ ശാസ്ത്രപരീക്ഷണ മത്സരം – വിജയികൾ
Close