Read Time:22 Minute
വിദ്യാഭ്യാസ പ്രവർത്തകയായ കെ ടി മാർഗരറ്റ് തെരുവിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ അനുഭവങ്ങൾ ‘തുറന്ന ക്ലാസ്മുറി’ എന്ന പുസ്തകത്തിൽ ക്രോഡീകരിച്ചിരിക്കുന്നു. നമ്മുടെ ചിന്തകൾക്ക് ദിശാബോധം നൽകാൻ ഈ കൃതി വഴിയൊരുക്കും. എഴുതിയത് : ഡോ.ടി.പി.കലാധരൻ, അവതരണം : താഹ കൊല്ലേത്ത്

ദരിദ്രപക്ഷ ബോധനശാസ്ത്രത്തിന്റെ പ്രായോഗികാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് നാം നമ്മെ തിരിച്ചറിയുന്നത്. എല്ലാവിധ ഭൗതിക സൗകര്യങ്ങളുമുള്ള വിദ്യാലയങ്ങളിൽ കൃത്യസമയത്ത് വന്ന് ഇരുന്നു തരുന്ന കുട്ടികളെ പഠിപ്പിക്കുമ്പോൾ വലിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നില്ലെന്ന്! ‘ഇവറ്റകൾ പഠിക്കില്ല’. ‘നല്ല കുട്ടികളെല്ലാം ഇംഗ്ലീഷ് മീഡിയത്തിൽ പോയി’, ‘ഓ ഇത് ഇവരുടെ മക്കളല്ലെ; എങ്ങനെ പഠിക്കാനാ ” എന്നിങ്ങനെ കുട്ടികളെ പഴിപറയുന്ന ചില അധ്യാപക സുഹൃത്തുക്കൾ നമുക്കുണ്ടാകും. വെളിച്ചം കെട്ടു പോകുന്ന ജീവിതങ്ങൾക്ക് ഇരുളിന്റെ ലോകം സമ്മാനിക്കുകയല്ലല്ലോ നമ്മുടെ ദൗത്യം? വിദ്യാഭ്യാസ പ്രവർത്തകയായ കെ ടി മാർഗരറ്റ് തെരുവിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ അനുഭവങ്ങൾ ‘തുറന്ന ക്ലാസ്മുറി’ എന്ന പുസ്തകത്തിൽ ക്രോഡീകരിച്ചിരിക്കുന്നു. നമ്മുടെ ചിന്തകൾക്ക് ദിശാബോധം നൽകാൻ ഈ കൃതി വഴിയൊരുക്കും.

ചിത്രം കടപ്പാട് : Jaikishan Patel from Pixabay

തെരുവു ജീവിതം ദൂരെ നിന്നു കണ്ട് അകന്നു നടന്നു പോയ ഇടത്തരക്കാരുടെ മനസ്സിൽ അതിന്റെ ദുരിതങ്ങൾ സ്പർശിക്കില്ല. അവിടെ കുട്ടിക്കാലംതന്നെ അന്യമായ കുട്ടികൾ. ഇളംപ്രായത്തിൽത്തന്നെ പരുക്കൻ യാഥാർത്ഥ്യങ്ങൾ അനുഭവിക്കേണ്ടിവന്നവർ. അവരുടെ മാതാപിതാക്കളോ? സ്ഥിരമായി പണിയില്ലാത്തവർ, കടം വാങ്ങി കടം കേറി ജീവിതം പണയംവെച്ചവർ പാത്രങ്ങളും വിളക്കുകളും വരെ പലിശയടയ്ക്കാൻ വിൽക്കേണ്ടിവരുന്നവർ, പണി ചെയ്തു കിട്ടുന്ന പണം തിന്നാനും കുടിക്കാനും പിന്നെ സിനിമയ്ക്കും. മിച്ചമുണ്ടെങ്കിൽ ഉത്സവം, നേർച്ച. നാളെയെക്കുറിച്ച് സ്വപ്നങ്ങൾ ഇല്ലാത്തവർ എന്തിനു സമ്പാദിക്കണം? ഏപ്പോൾ വേണമെങ്കിലും നഗര വികസനക്കാർ ഇടിച്ചുനിരത്തി കിടപ്പാടം ഓർമ്മയിലാകുന്ന അവസ്ഥ. അഴുക്കു ചാലിട്ട അതിരുകൾ, കശാപ്പുശാലയിലെ ചോരയും ചലവും ദുർഗന്ധവും ഒലിച്ചു വന്നു നിറഞ്ഞ കാനകൾ, ഒറ്റമുറിക്കുടിലുകൾ, മൂത്രപ്പുരയോ കക്കൂസോ കുളിമുറിയോ ഇല്ല. എന്തിന് സ്വകാര്യതപോലും! ദുരിതങ്ങൾ നിയന്ത്രണം തെറ്റിക്കുമ്പോൾ ഭർത്താവ് ഭാര്യയെ തല്ലിക്കൊല്ലാതെ കൊല്ലുന്ന കാഴ്ചകളിൽ വിങ്ങുന്ന ഭയന്ന ഇളം കണ്ണുകൾ, അരിശം മൂത്ത് വലിച്ചെറിയുന്ന ചോറും കറിപ്പാത്രങ്ങളും നോക്കി നെടുവീർപ്പിടുന്ന കുട്ടികൾ. തെറി വിളിക്കാനും അസഭ്യം പറയാനും നേരവും കാലവും നോക്കാത്തവരുടെ മക്കൾ. ചെറുപ്രായത്തിൽ തെണ്ടാൻ പറഞ്ഞയക്കപ്പെടുന്നവർ. ഇതൊക്കെയാണെങ്കിലും അവരുടെ അച്ഛനമ്മമാർക്ക് മനസ്സിൽ സ്നേഹവും ഔദാര്യവും സഹായ മനസ്ഥിതിയുമേറെ. അയൽവാസി തളർന്നാൽ താങ്ങും തണലുമാകാൻ മടിയില്ലാത്തവർ. പണി ഉപേക്ഷിച്ചും ആശുപത്രിയിൽ കാവലിരിക്കാൻ വിശാലഹൃദയമുള്ളവർ. കഷ്ടപ്പാടിന്റെ പൊള്ളുന്ന അനുഭവങ്ങൾകൊണ്ട് തഴമ്പിച്ചു പോയ, സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയേണ്ടി വരുന്ന, മുഖമില്ലാത്തവരുടെ മക്കൾക്കെന്തിനു വിദ്യാഭ്യാസം? ഇവിടെ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ അപ്രിയം ‘സ്കൂൾ’ എന്ന വാക്ക്. ബാംഗ്ലൂരിലെ ഏറ്റവും വലിയ ചേരികളിലൊന്നായ തിലക്നഗറിന്റെ മനസ്സറിയാനും അവരുടെ ഇടയിൽ അക്ഷരവെളിച്ചവുമായി എത്താനും ശ്രമിക്കുന്ന ഒരാൾ തന്റെ അനുഭവങ്ങൾ വിവരിക്കുമ്പോൾ അതിന് വിശുദ്ധമായ സ്നേഹത്തിന്റെ തെളിനീർ സ്പർശമുണ്ട്. ഞാൻ ആരുടെ അദ്ധ്യാപികയാണ് എന്ന ചോദ്യത്തിന് ‘പാവങ്ങളുടെ’ എന്ന് അഭിമാനത്തോടെ മറുപടി പറയാൻ എന്നാണ് നിങ്ങൾക്കു കഴിയുക? എന്നൊരു ചോദ്യവും ‘തുറന്ന ക്ലാസ്മുറി’ എന്ന പുസ്തകം ഉയർത്തുന്നുണ്ട്.

കെ.ടി.മാർഗരറ്റ്

മധ്യവർഗ വിഭാഗത്തിന്റെയോ ഉപരിവർഗ വിഭാഗത്തിന്റെയോ വീക്ഷണകോണിൽനിന്ന് പഠനാനുഭവങ്ങൾ ഒരുക്കുന്ന അധ്യാപിക താൻ കുട്ടികളിൽനിന്നും അന്യവത്കരിക്കപ്പെടുകയാണെന്ന് ഒരിക്കലും തിരിച്ചറിയുന്നില്ല. സ്വന്തം ബോധത്തെ വിശകലനം ചെയ്യുന്നില്ല. മുറ്റത്ത് സിമന്റിട്ടതുകൊണ്ടാണ് കിണറ്റിൽ വെള്ളം കുറയുന്നത് എന്ന് മുത്തശ്ശി പറയുന്നു. നിങ്ങൾ യോജിക്കുന്നുണ്ടോ?’ എന്ന് കോളനി പ്രദേശങ്ങളിൽനിന്ന് വരുന്ന കുട്ടികളുടെ നിഷ്കളങ്കമായ മുഖത്തു നോക്കി ചോദിക്കുന്നതിന് നമ്മുടെ അധ്യാപകരിലൊരു വിഭാഗത്തിന് ഒരു മടിയുമില്ല. അവർ കുട്ടികളുടെ ജീവിതം കാണുന്നില്ല.

ആദിവാസിക്കുട്ടികൾക്കും പാർപ്പിടമില്ലാത്തവരുടെ മക്കൾക്കും മുമ്പാകെ തറ മൊസൈക്ക് ഇടുന്നതുമായി ബന്ധിപ്പിച്ചാണ് പരപ്പളവ് പഠിപ്പിക്കുന്നത്! പലർക്കും ബിപിഎൽ എന്നത് കേവലം മൂന്നക്ഷരം മാത്രമാണ്. ഞാനായിരുന്നു ഈ കുട്ടി എങ്കിൽ എങ്ങനെ ഈ പഠനപ്രശ്നങ്ങൾ നെഞ്ചേറ്റി വാങ്ങും എന്ന് ചിന്തിക്കലാണ് പ്രസക്തം. ചിന്തിക്കാതിരിക്കൽ കുറ്റകരമായ എതിർപാഠങ്ങളും, പ്രസക്തമായ ചിന്താരീതികൾ അധ്യാപന പ്രക്രിയയുടെ ഭാഗമാക്കിമാറ്റാൻ മനസ്സൊരുക്കണം. അത്തരം സന്മാർഗികൾക്ക് മാർഗരറ്റിന്റെ ഈ വിശിഷ്ട ഗ്രന്ഥം ആശയബലവും പ്രചോദനവും നൽകും.

ചിത്രം കടപ്പാട് : Jaikishan Patel from Pixabay

“ടീച്ചറേ, ഞങ്ങൾ പഠിക്കാനില്ല. അടുത്ത പ്രദേശത്ത് നല്ലനിലയിൽ കഴിയുന്ന ആളുകളുണ്ട്. അവിടെ മക്കളെ കാശുകൊടുത്തു പഠിപ്പിക്കും. നിങ്ങൾക്ക് പഠിപ്പിക്കണമെങ്കിൽ അവിടെപ്പോകൂ” ഇതായിരുന്നു തിലക്നഗറിലെ കുട്ടികളുടെ ആദ്യപ്രതികരണം. സർവ്വതന്ത്രസ്വതന്ത്രരായി കഴിയുന്ന ഈ കിളികളെ എങ്ങനെ പഠിപ്പിക്കാനാകും? അടങ്ങി ഒതുങ്ങി ഒരിടത്ത് കൂട്ടിലകപ്പെട്ടപോലെ ഇരിക്കുവാൻ ഇഷ്ടപ്പെടാത്ത കുട്ടികൾ! മാർഗരറ്റ് എന്ന ലക്ഷ്യബോധമുള്ള വിദ്യാഭ്യാസ പ്രവർത്തക നേരിട്ട വെല്ലുവിളി വലുതായിരുന്നു. ഇച്ഛാശക്തിയും പ്രതിബദ്ധതയും നൽകിയ പ്രതീക്ഷയിൽ അവർ എന്നും ചേരി സന്ദർശിക്കാനും കുട്ടികളുമായി അടുക്കുവാനുമുള്ള ശ്രമം തുടർന്നു. അവരുടെ കളികളുടെ കാഴ്ചക്കാരിയായി, പ്രോത്സാഹകയായി, സഹായിയായി, പങ്കാളിയായി അവരിലൊരാളായപ്പോൾ, ആ ആത്മബന്ധം വേരുപിടിച്ചപ്പോൾ കുട്ടികൾ ഇങ്ങോട്ട് ആവശ്യപ്പെടുകയാണ് തങ്ങളെ തമിഴ് പഠിപ്പിക്കാമോ? പുതിയ സിനിമാ പോസ്റ്ററുകൾ അപ്പോൾ തന്നെ വായിക്കാൻ അവർക്കും തമിഴ് വേണം.

തിലക്നഗറിലെ കുട്ടികളുടെ ഏറ്റവും വലിയ ഒരാവശ്യത്തെ നിറവേറ്റാനായാണ് കുട്ടികളുടെ തന്നെ മുൻകൈയിൽ തെരുവിലാദ്യമായി ഒരു വിദ്യാകേന്ദ്രം ആരംഭിക്കുന്നത്. ക്രമേണ ആവശ്യങ്ങൾ കൂടിവന്നു. ബാലവേല ചെയ്യുന്ന കുട്ടികൾക്ക് കണക്കും പഠിക്കണം. കൂലിയുമായി ബന്ധപ്പെട്ടവ. പക്ഷേ ഒരു കാര്യം ബെല്ലടിക്കുമ്പോൾ വരിവരിയായി ക്ലാസിലെത്തി മിണ്ടാതിരിക്കുന്ന കുട്ടികളുടെ സ്കൂൾ അവർക്കുവേണ്ട. കളിക്കേണ്ടപ്പോൾ കളിക്കണം. തോന്നുമ്പോൾ വീട്ടിൽപ്പോണം. പഠിക്കണമെന്ന് പറയുമ്പോൾ പഠിപ്പിക്കണം. ശ്രീമതി മാർഗരറ്റ് കുട്ടികളുടെ അധ്യാപികയായി സ്വയം മാറിക്കൊണ്ടിരിക്കുകയായിരുന്നു. അതിനാൽ ഇത്തരം ആവശ്യങ്ങൾക്കു വഴങ്ങി പഠിപ്പിക്കുന്ന രീതികളും വികസിച്ചുവന്നു. 

ടൈംടേബിളും പഠനരീതികളും വഴങ്ങാതെനിന്ന വിദ്യാകേന്ദ്രത്തിൽ കുട്ടികളാഗ്രഹിച്ച പ്രവർത്തനങ്ങളാണ് നടക്കുക. പ്രാർഥന, കഥപറച്ചിൽ, സിനിമാപ്പാട്ട്, ചിത്രംവര, കളികൾ, എഴുത്ത്, കഥാവായന, നിർമാണ പ്രവർത്തനങ്ങൾ, തുന്നൽ, ചർച്ചകൾ എന്നിങ്ങനെ ഇടയ്ക്ക് കുട്ടികൾ വിട്ടിലേക്കോടും. ചിലർ വിശപ്പുകാരണം, മറ്റുചിലർ പാചകത്തിന്, ഇളയകുട്ടികളെ നോക്കാൻ, മാതാപിതാക്കൾക്ക് ഭക്ഷണം കൊണ്ടു കൊടുക്കാൻ… ചില നേരങ്ങളിൽ ക്ലാസിൽ ടീച്ചർ ഒറ്റയ്ക്കാവും. എങ്കിലും ക്ഷമ മാർഗരറ്റ് എന്ന സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകയ്ക്ക് ആന്തരികോർജ്ജം നൽകി.

കുട്ടികൾ സ്വയം വിദ്യാലയത്തിലെത്തി അഡ്മിഷൻ നേടുക! അതാണിവിടെ സംഭവിച്ചത്. കുട്ടികൾ മറ്റു കൂട്ടുകാരെയും സഹോദരങ്ങളെയും കൂട്ടിക്കൊണ്ടുവന്ന് വിദ്യാകേന്ദ്രത്തെ വളർത്താൻ തുടങ്ങി. അമലയ്ക്ക് പഠിക്കാൻ താൽപര്യമുണ്ട്. സാഹചര്യം അനുവദിക്കുന്നില്ല. പക്ഷേ അവൾ ഇളയസഹോദരങ്ങളെ അക്ഷരം പഠിക്കാൻ കൊണ്ടുവന്നു. ആരെ ചേർക്കണം ആരെ ചേർക്കണ്ട എന്ന് തീരുമാനിക്കുന്നതിലൊക്കെ കുട്ടികൾക്ക് നിർണായക പങ്കുണ്ട്. പത്തുവയസ്സുകാരനായ ഭീമ പഠിക്കാൻ വന്നപ്പോൾ കുട്ടികൾ സമ്മതിച്ചില്ല. പാവം ഭീമയ്ക്ക് പുറത്തിരുന്ന് ദയനീയമായി നിലവിളിക്കേണ്ടി വന്നു. ഒടുവിൽ ടീച്ചറുടെ അഭ്യർഥന മാനിച്ചാണ് അവർ ഭീമയെ വിദ്യാകേന്ദ്രത്തിന്റെ പടികയറ്റിയത്. വിദ്യാലയ നടത്തിപ്പിലെ ഉത്തരവാദിത്വബോധം കുട്ടികൾ ഏറ്റെടുത്തത് ക്രമേണ വിദ്യാലയ പ്രവർത്തനങ്ങൾക്ക് പുതിയ മാനങ്ങൾ നൽകാൻ സഹായകമായി.

രണ്ടുകൊല്ലത്തെ അനൗപചാരിക രീതിയിൽ നിന്ന് ക്രമേണ ക്രമീകരിക്കപ്പെട്ട പഠന സമ്പ്രദായത്തിലേക്ക് വിദ്യാകേന്ദ്രം മാറി. കന്നഡ, തമിഴ്, ഹിന്ദി, സാമൂഹികശാസ്ത്രം, നൃത്തം, സംഗീതം തുടങ്ങിയവയും പാഠ്യവിഷയങ്ങളായി. തുടക്കത്തിൽ പതിനഞ്ചു കുട്ടികളായിരുന്നെങ്കിൽ ക്രമേണ എണ്ണം കൂടി തൊണ്ണൂറു പഠിതാക്കളിലെത്തി. അധ്യാപകരെയും കൂടുതലായി വേണ്ടിവന്നു.

കുട്ടികൾ നിയമങ്ങൾ ഉണ്ടാക്കുകയും പുതുക്കുകയും പാലിക്കുകയും ചെയ്തു. പരസ്പരം സഹായിക്കാനും കളിയെ വ്യക്തിത്വ വികസനത്തിനുള്ള ഉപാധിയാക്കാനും അവർക്ക് കഴിഞ്ഞു. ലിംഗവിവേചനനെതിരായ കൂട്ടായ അവബോധം വളർന്നത് ചൂടായ ചർച്ചകളിലൂടെയാണ്. (ഈ കേന്ദ്രത്തിൽ പഠിച്ചു വളർന്ന് വിവാഹം കഴിഞ്ഞവർ ഇപ്പോൾ വീടിനകത്തും പുറത്തും തുല്യതയുടെ അടിസ്ഥാനത്തിൽ ജീവിക്കുന്നതായി മാർഗരറ്റ് സാക്ഷ്യപ്പെടുത്തുന്നു. മറ്റുള്ളവരുടെ കളിയാക്കലുകൾ കൂടാതെ ലിംഗസമത്വത്തിന്റെ പ്രായോഗിക ജീവിതമാതൃക സ്വീകരിച്ച പൂർവ്വവിദ്യാർത്ഥികൾ ഈ പാഠശാല ലക്ഷ്യം കാണുന്നതിൽ വിജയിക്കുന്നു എന്നതിന്റെ തെളിവാണല്ലോ) സ്വയം വിമർശനത്തിന്റെ അടിസ്ഥാനത്തിലുള്ള തെറ്റുതിരുത്തൽ പ്രക്രിയയിലൂടെയാണ് കുട്ടികൾ കടന്നുപോയത്. എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്ന് സ്വയം തീരുമാനിക്കാനുള്ള പ്രാപ്തി നേടാൻ അവർക്ക് കഴിയുന്നു. ഗണിതത്തെയും പ്രായോഗിക ജീവിതത്തെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള പാടവത്തിന്റെ ഒരുദാഹരണം മാർഗരറ്റ് പങ്കുവയ്ക്കുന്നുണ്ട്. ഒരു അതിഥി കുട്ടികളെ പത്രം ഉപയോഗിച്ച് ബാഗ് നിർമ്മിക്കുന്ന വിധവും അതുകൊണ്ട് ലഭിക്കാവുന്ന വരുമാന സാധ്യതകളും പരിചയപ്പെടുത്തി. അപ്പോൾ ഒരു കുട്ടി, ഒരു പത്രത്തിൽനിന്നും ഉണ്ടാക്കാവുന്ന പരമാവധി ബാഗുകൾ, അതിനുവേണ്ട സമയം, അധ്വാനം, പശയുടെ ചെലവ്, കിട്ടുന്ന വില ഇവ കണക്കുകൂട്ടിയിട്ടു പറഞ്ഞു ഈ പരിപാടി നഷ്ടമാണെന്ന്. അത് ശരിയുമായിരുന്നു.

ഞങ്ങളെ നന്നാക്കാൻ സഹായിക്കുന്ന എന്തോ ഇവിടെയുണ്ട്” ഇതാണ് വിദ്യാലയത്തെക്കുറിച്ചുള്ള കുട്ടികളുടെ വിലയിരുത്തൽ. “ഞങ്ങൾക്ക് ഞങ്ങളായി കഴിയാവുന്ന ഏക സ്ഥലമാണിത്. ഇവിടെ ഞങ്ങൾക്ക് കലഹിക്കാനും ചീത്തവിളിക്കാനും പറ്റും. ശിക്ഷിക്കപ്പെടാതെയും ചീത്തക്കുട്ടികളെന്നു വിളിക്കപ്പെടാതെയും ഇവിടെ കഴിയാം. ഞങ്ങളുടെ ചിന്തകൾ സ്വതന്ത്രമായി പ്രകടിപ്പിക്കാനിവിടെ അവസരമുണ്ട്. കാര്യങ്ങൾ ചർച്ചചെയ്യാനും സാധിക്കുന്നു. ശണ്ഠകൂടാതിരിക്കാനും ചീത്തപറയാതിരിക്കാനും ഇത് ഞങ്ങളെ സഹായിക്കുന്നു. ഞങ്ങൾ വലുതാവുമ്പോൾ കലഹിക്കില്ല.” കുട്ടികൾ എങ്ങനെ സ്വയം നിർമ്മിച്ചെടുക്കുന്നു എന്നതിന്റെ പ്രതിഫലനമല്ലേ ഈ സാക്ഷ്യങ്ങൾ?

മാർഗരറ്റ് സ്വയം വിലയിരുത്തുന്നതിങ്ങനെ “എനിക്ക് ഈ കുട്ടികളുമായി ഇടപഴകിയതുമൂലം ഉന്നതമായ സാമൂഹ്യബോധം നേടാനായി. എന്റെ മൂല്യങ്ങളെ ചോദ്യം ചെയ്യാനും പുനഃസൃഷ്ടിക്കാനുമുള്ള മഹത്തായ അവസരം അതെനിക്കു നൽകുകയും ചെയ്തു.” “സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം സ്വാർഥതയുടെ കടുംപിടുത്തം അയച്ചു.” ആവശ്യത്തെ പരിഗണിച്ചുള്ള വിദ്യാഭ്യാസത്തിൽ കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകി ആന്തരിക അച്ചടക്കം വികസിപ്പിക്കാനായതിൽ മാർഗരറ്റ് സന്തുഷ്ടയാണ്. 

അധ്യാപകരെ മാർഗരറ്റ് മൂന്നായി തരംതിരിക്കുന്നുണ്ട്.

  1. പെട്ടെന്നുള്ള പ്രതിഫലം പ്രതീക്ഷിക്കുന്നവരും പ്രയത്നിക്കാതെ കാര്യങ്ങൾ നടക്കണമെന്നാഗ്രഹിക്കുന്നവരും അറിവിന്റെ പ്രയോഗത്തിൽ സൂക്ഷ്മാലുക്കളല്ലാത്തവരും സർഗാത്മക ചർച്ചകളിൽ പങ്കെടുക്കുന്നതും സ്വന്തം വിചാരവികാരങ്ങൾ പ്രകടിപ്പിക്കുന്നതിനു സമയവും ഊർജവും ചെലവിടുന്നതും മോശമായി കരുതുന്നവരുമാണ് ഒന്നാമത്തെ കൂട്ടർ.
  2. ക്ഷമയും സഹനവുമുള്ളവരാണ് രണ്ടാമത്തെ വിഭാഗം. ഇവർ കഠിനാധ്വാനികളുമാണ്. പക്ഷെ വിധേയരും നിഷ്ക്രിയരുമാണ്. നിങ്ങൾ പറയുന്നതുപോലെ ഞങ്ങൾ ചെയ്യാം എന്ന മനോഭാവം. വിമർശനങ്ങളോടു പ്രതികരിക്കുകയുമില്ല.
  3. തുറന്ന മനസ്സോടെയും നിർഭയമായും കാര്യങ്ങളെ സമീപിക്കുന്നവർ, ആവേശഭരിതർ, കുട്ടികളിൽ വിശ്വാസമുള്ളവർ, അവരെ സ്വയം തിരിച്ചറിയാൻ സഹായിക്കുന്നവർ ഈ സവിശേഷതയാണ് മൂന്നാമത്തെ കൂട്ടർക്കുള്ളത്. ഈ മൂന്നു വിഭാഗത്തിന്റെയും പ്രത്യേകതകൾ ഏറിയും കുറഞ്ഞും ഓരോരുത്തരിലുമുണ്ടാകും. മാർഗരറ്റ് മൂന്നാം വിഭാഗത്തിനോട് ഒട്ടിനിന്നുകൊണ്ടാണ് അതിലൊന്നായി സ്വയം മാറിക്കൊണ്ടാണ് പ്രവർത്തനങ്ങളുമായി മുന്നേറിയതെന്ന് വ്യക്തം.

വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പരിവർത്തനത്തിന് ആഗ്രഹിക്കുന്നവർ വിപ്ലവകരമായ വിദ്യാഭ്യാസ പദ്ധതിയിലൂടെ കടന്നുപോവുകയും സ്വയം പരിവർത്തനത്തിനു വിധേയരാവുകയും ചെയ്യേണ്ടതുണ്ട്. പുരോഗമന വിദ്യാഭ്യാസ പ്രവർത്തകർക്ക് ഉൾക്കാഴ്ച നൽകുന്ന ഈ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് അഴീക്കോട് യുപി സ്കൂളിലെ എ കെ മൊയ്തീൻ മാസ്റ്ററാണ്. ഓറിയന്റ് ലോംഗ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ ഈ പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ശാസ്ത്ര സാഹിത്യപരിഷത്താണ്.

“വിദ്യാലയത്തിൽ ഞങ്ങളെ വരിവരിയായി ഇരുത്തും. ഒന്നും മിണ്ടാതെ ചുണ്ടിൽ വിരലുവെച്ചിരിക്കണം. ബല്ലടിക്കും വരെ ഞങ്ങളിവിടിരിക്കണം. അതിനാലാണ് ഞങ്ങൾക്ക് വിദ്യാലയങ്ങൾ ഇഷ്ടമല്ലാത്തത്” -തിലക്നഗറിലെ കുട്ടികൾ നിശബ്ദതയുടെ സംസ്കാരത്തിനെതിരായ കലാപമായി വിദ്യാഭ്യാസത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾക്ക് വഴിവെളിച്ചം പകരുന്ന ഒരു പുസ്തകം എന്ന നിലയിലും ‘തുറന്ന ക്ലാസ് മുറി’ പ്രസക്തമാണ്.


Happy
Happy
64 %
Sad
Sad
0 %
Excited
Excited
29 %
Sleepy
Sleepy
7 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പുതിയ ധൂമകേതു ‘നിഷിമുറ’ വരുന്നു…
Next post പുതുമ തേടുന്ന അധ്യാപകർക്കൊരു പുസ്തക വെളിച്ചം
Close