കേരളത്തിൽ മൂന്നാമതും നിപ എത്തിച്ചേർന്ന സാഹചര്യത്തിൽ ചില ചിന്തകൾ

ഡോ.കെ.പി.അരവിന്ദൻ
നിപ്പ രോഗം മൂന്നാമതും കേരളത്തിൽ എത്തിച്ചേർന്ന സാഹചര്യത്തിൽ ചില ചിന്തകൾ ഡോ.കെ.പി.അരവിന്ദൻ പങ്കുവെക്കുന്നു

1

രോഗം ഇവിടെ ഉണ്ടാവുന്നത് ഇവിടെ തന്നെയുള്ള Pteropus വിഭാഗത്തിൽ പെട്ട പഴം തീനി വവ്വാലുകളിൽ നിന്നാണ് എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി 2019 ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ നിന്ന് ഇത് വ്യക്തമാണ്. കേരളത്തിൽ 2018 ൽ ഉണ്ടായ എപ്പിഡമിക്കിലെ രോഗികളിൽ നിന്നു ശേഖരിച്ച സാമ്പിളുകളിലേയും പേരാമ്പ്ര ഭാഗത്തു നിന്നു ശേഖരിച്ച വവ്വാലുകളിൽ നിന്നു കണ്ടെത്തിയ വൈറസും തമ്മിലുള്ള സാമ്യം 99.7%–100% ആയിരുന്നു. മറീച്ച് ബംഗ്ളാദേശിൽ നിന്ന് കണ്ടെത്തിയ വൈറസുമായി ഇവയ്ക്കുള്ള സാമ്യം 96% മാത്രമേ ഉണ്ടായിരുന്നുള്ളൂ.
2.
പഠനത്തിൽ Pteropus വിഭാഗത്തിൽപ്പെട്ട  52 വവ്വാലുകളിൽ 13 എണ്ണത്തിൽ (25%) വൈറസ്സിന്റെ സാന്നിധ്യം കണ്ടെത്തി എന്നത് ആ പ്രദേശത്തെങ്കിലും വവ്വാലുകളിൽ വ്യാപകമായി വൈറസ് ബാധ ഉണ്ടെന്നു വ്യക്തമാക്കുന്നു.
3.
നിപ്പ രോഗം കണ്ടെത്തിക്കഴിഞ്ഞാൽ തുടർനടപടികൾ ചിട്ടയോടെ നടത്താനുള്ള സംവിധാനങ്ങൾ ഇന്ന് കേരളത്തിലുണ്ട്. അക്കാര്യത്തിൽ വലിയ ആശങ്ക വേണ്ടതില്ല. എന്നാൽ വീണ്ടും വീണ്ടും രോഗം വരുന്ന സാഹചര്യത്തിൽ അതെങ്ങിനെയുണ്ടായി എന്നു കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു തവണയും ആദ്യരോഗിയ്ക്ക് (Index case) രോഗം എങ്ങിനെ കിട്ടി എന്ന് നമുക്ക് കണ്ടെത്താനായില്ല. ഇനി അതിനായിരിക്കണം ഊർജ്ജിത ശ്രമം.
4.
ചിട്ടയായ എപ്പിഡമിയോളജി – പാരിസ്ഥിതിക – വൈറോളജിക – ജിനോമിക പഠനങ്ങൾ വഴി മാത്രമേ കേരളത്തിൽ രോഗം വരുന്ന സാഹചര്യങ്ങളെ പറ്റി കൂടുതൽ മനസ്സിലാക്കാൻ കഴിയൂ. ഇതിനായി ഒരു മൾട്ടി-ഡിസിപ്ളിനറി ടീം രൂപീകരിക്കണം.
5.
തിരുവനന്തപുരം തോന്നക്കലിൽ സ്ഥാപിച്ച Institute of Advanced Virology എന്ന സ്ഥാപനം മുൻഗണനാക്രമത്തിൽ വളർത്തിയെടുക്കണം. എല്ലാ കാര്യത്തിനും കേരളത്തിനു പുറത്തുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടുകളെ ആശ്രയിക്കേണ്ടി വരുന്നത് അഭികാമ്യമല്ല. കേരളത്തിലെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ മേൽ പറഞ്ഞ രീതിയിലുള്ള മൾട്ടി ഡിസിപ്ളിനറി പഠനങ്ങൾ നടത്താനാവണം. വൈറസ്സുകളെ കൈകാര്യം ചെയ്യാൻ പറ്റുന്ന ഏറ്റവും ഉയർന്ന സുരക്ഷാ ലെവൽ ലബോറട്ടറികൾ അവിടെ സ്ഥാപിക്കണം.
6.
കേരളത്തിലെ എൻകഫലൈറ്റിസ് (പലപ്പോഴും വൈറസുകൾ കാരണമുണ്ടാവുന്ന മസ്തിഷ്ക രോഗങ്ങൾ) കേസുകളിൽ വലിയൊരു ഭാഗവും കാരണം കണ്ടെത്താതെ പോവുകയാണിപ്പോഴും. ഇവയെല്ലാം ഇവിടെ തന്നെ ടെസ്റ്റ് ചെയ്ത് കണ്ടെത്താനുള്ള സംവിധാനങ്ങൾ ആവിഷ്കരിക്കണം. ഇവിടെ ഉണ്ടാകാനിടയുള്ള വൈറസ് / മറ്റ് രോഗാണുക്കൾ എന്നിവയ്ക്ക് പറ്റുന്ന മൾട്ടിപ്ളക്സ് PCR ടെസ്റ്റുകൾ നിർമിക്കണം. TRUNAT പോലുള്ള ഉടൻ റിസൾട്ട് കിട്ടുന്ന Point of care ടെസ്റ്റുകൾക്ക് രൂപം നൽകി വ്യാപകമായി ഉപയോഗിക്കണം.
7.
കോവിഡ് രോഗം വന്നതു കാരണം നമ്മുടെ രോഗനിർണയ / തീവ്ര ചികിത്സാ സംവിധാനങ്ങളിൽ വലിയ അടിസ്ഥാന സൗകര്യ വികസനം നടന്നിട്ടുണ്ട്. അവ കോവിഡ് പോയിക്കഴിഞ്ഞാലും നില നിർത്തി ഭാവിയിലെ പ്രശ്നങ്ങളെ നേരിടാൻ കഴിയും വിധം നമ്മുടെ പ്രാപ്തി വർധിപ്പിക്കണം

Leave a Reply