എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം | ഡോ.വി.രാമൻകുട്ടി RADIO LUCA

 

കോവിഡ് മഹാമാരിയുടെ കാലത്ത് സംഭവിച്ച ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്ന് രോഗം സംബന്ധിച്ചുള്ള കണക്കുകൾ നേടിയ പൊതുശ്രദ്ധയാണ്. രോഗബാധിതർ എത്ര, മരണങ്ങൾ എത്ര, ഏത് പ്രായത്തിലുള്ളവരെ രോഗം ഗുരുതരമായി ബാധിക്കുന്നു, വിവിധ രാജ്യങ്ങളിലെ രോഗവ്യാപനനിരക്ക് എത്ര എന്നിങ്ങനെ പല കണക്കുകളും വലിയ രീതിയിൽ ചർച്ചാ വിഷയമായി. ലോക്ക്ഡൗൺ ചെയ്യുന്നതും തുറക്കുന്നതും എല്ലാം രോഗത്തിന്റെ നിലവിലുള്ള അവസ്ഥയെ അടിസ്ഥനപ്പെടുത്തിയായതുകൊണ്ട് ഈ ജനശ്രദ്ധ ഇന്നും രോഗത്തിന്റെ കണക്കുകളെ വിടാതെ പിന്തുടരുകയാണ്. ഇത്തരം ഒരു പശ്ചാത്തലത്തിൽ ആണ് എപ്പിഡമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്ന പുസ്തകം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ പൊതുജനാരോഗ്യ വിദഗ്ദനും ഹെൽത്ത് ഇക്കണോമിസ്റ്റും ആയ ഡോ രാമൻകുട്ടി ലൂക്കയിൽ എഴുതിയ ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം. രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്തുകൊണ്ട് പൊതുജനങ്ങൾ അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം വിശദീകരിക്കുന്നു.  ആരോഗ്യരംഗത്ത് കൃത്യമായ വിവരശേഖരണം, അതിന്റെ വിലയിരുത്തൽ, അതിനെ അടിസ്ഥാനമാക്കിയുള്ള നയതീരുമാനങ്ങളുടെ പ്രസക്തി എന്നീ വിഷയങ്ങളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.. വിവര വിശകലനങ്ങളുടെയും പ്രവചനങ്ങളുടെയും ഒരു വെള്ളപ്പാച്ചിൽ ആണു കൊറോണ കാലത്ത് നമ്മൾ കണ്ടത്. എന്നാൽ തീർത്തും പുതിയതും മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്നതുമായ ഒരു രോഗത്തെ കൃത്യമായി പ്രവചിക്കാനുള്ള ശ്രമങ്ങൾ എത്രത്തോളം  ഇന്നുള്ള രോഗവ്യാപന ശാസ്ത്രത്തിന്റെ അറിവുകളെ അടിസ്ഥാനമാക്കിയാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. വ്യത്യസ്ത രീതിയിലുള്ള വിവരങ്ങളുടെ കുത്തൊഴുക്കിൽ പെട്ടുപോകുന്ന സാധാരണക്കാർ അവശ്യം അറിയേണ്ട ചില രോഗവ്യാപന ശാസ്ത്ര തത്വങ്ങൾ ഉണ്ട്. അവയെ കുറിച്ചും അവ വിശദമായി പറയുന്ന പുസ്തകത്തെ കുറിച്ചുമാണ് ഈ എപ്പിസോഡിലെ സംസാരം. ഡോ.രാമൻകുട്ടിയോടൊപ്പം ഡോ.ഡാലി ഡേവിസ്, ജി.സാജൻ, രാജേഷ് പരമേശ്വരൻ എന്നിവരും സംസാരിക്കുന്നു.

കേൾക്കാം


പുസ്തകം ഓൺലൈനായി വാങ്ങാം ക്ലിക്ക് ചെയ്യുക

 

Leave a Reply