Read Time:8 Minute

അഭിജിത് സുദർശൻ

അൽഷിമേഴ്‌സ്‌ രോഗിയുടെ മസ്തിഷ്‌ക്കത്തില്‍ ഓര്‍മകള്‍ ഏകീകരിക്കാന്‍ കഴിയാതെ വരുന്നതിന് കാരണം, ഹിപ്പോകാമ്പസില്‍ ഒരു ‘മൈക്രോ-ആര്‍എന്‍എ’യുടെ പ്രവര്‍ത്തന വ്യത്യാസമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍

[dropcap][/dropcap]റവിരോഗമായ അൽഷിമേഴ്സിന്റെ കൂടുതൽ സൂക്ഷ്മമായ കാരണങ്ങളിലേക്ക് വെളിച്ചം വീശുകയാണ് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് മെഡിസിനിൽ ഗവേഷകരായ സജികുമാർ ശ്രീധരൻ, നിമ്മി ബേബി എന്നീ മലയാളികൾ ഉൾപ്പെടുന്ന ഗവേഷക സംഘം. അൽഷിമേഴ്സിന് മെച്ചപ്പെട്ട ചികിത്സാപദ്ധതികൾ ഒരുക്കുന്നതിനും ഒരു പക്ഷെ രോഗസാധ്യത മുൻകൂട്ടി അറിയുവാനുള്ള  സാഹചര്യമൊരുക്കുന്നതിനും സഹായിച്ചേക്കാവുന്ന പഠനം ഏജിങ്‌ സെൽ (Aging cell) എന്ന ഗവേഷണ ജേർണലിൽ പ്രസിദ്ധീകരിച്ചു.

 

അൽഷിമേഴ്‌സ് ആദ്യം ബാധിക്കുക തലച്ചോറിലെ ഹിപ്പോക്യാമ്പസ് (Hippocampus) എന്ന ഭാഗത്തെയാണ്.|കടപ്പാട് : pixabay

തലച്ചോറിലെ അതിസങ്കീർണ്ണമായ പ്രവർത്തനങ്ങൾ ക്രമാനുഗതമായി നശിച്ചുപോകുന്ന ഡിമെൻഷ്യ (Dementia) രോഗങ്ങളുടെ വിഭാഗത്തിൽപ്പെട്ട രോഗമാണ് അൽഷിമേഴ്‌സ്. ആദ്യം പുതിയകാര്യങ്ങൾ പഠിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും പതിയെ പതിയെ ഓർമ്മകൾ തന്നെ നശിച്ചുപോകുകയും ചെയ്യും. 1906 ൽ ആലോയ്‌സ് അൽഷിമേഴ്‌സ് എന്ന ജർമ്മൻ സൈക്യാട്രിസ്റ്റാണ് ഈ രോഗം ബാധിച്ച നാഡീകോശങ്ങളെ ആദ്യമായി നിരീക്ഷിക്കുന്നത്. അൽഷിമേഴ്‌സ് ആദ്യം ബാധിക്കുക തലച്ചോറിലെ ഹിപ്പോക്യാമ്പസ് (Hippocampus) എന്ന ഭാഗത്തെയാണ്. ഹ്രസ്വകാല ഓർമ്മകളെ ദീർഘകാല ഓർമ്മകളാക്കി ഏകീകരിക്കുന്നതിലും, ശരീരത്തിന്റെ നാവിഗേഷനിലും (Navigation) ഒക്കെ പ്രധാന പങ്കുവഹിക്കുന്നഭാഗമാണ് ഹിപ്പോക്യാമ്പസ്. അമൈലോയ്‌ഡ് ബീറ്റാ പെപ്റ്റൈഡുകളുടെ (Amyloid β peptide) അടിഞ്ഞുകൂടലും ന്യൂറോഫൈബ്രില്ലറി ടാങ്കിൾസുമാണ് (Neurofibrillary tangles- NFT) അൽഷിമേഴ്‌സ് രോഗത്തിന് പ്രധാന കാരണം. അത് നാഡീകോശങ്ങളുടെ പ്രവർത്തനങ്ങളെയും സംവേദന ക്ഷമതയെയും താളംതെറ്റിക്കുന്നു.

സിരാകോശങ്ങളിൽ അമൈലോയ്ഡ് ബീറ്റാ പെപ്‌റ്റൈഡുകൾ (Amyloid β peptide) അടിഞ്ഞുകൂടുന്നത് അൽഷിമേഴ്‌സിന് കാരണമാകുന്നു.| കടപ്പാട് : chemistryworld.com

 നാഡീകോശങ്ങളിടെ സ്വാഭാവിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ചില പ്രോട്ടീനുകളുണ്ട്. അവയെ പ്ലാസ്റ്റിസിറ്റി റെസ്പോൺസിബിൾ പ്രോട്ടീനുകൾ (Plasticity responcible proteins- PRPs) എന്നു വിളിക്കുന്നു. cAMP റെസ്പോൺസ് എലമെന്റ് ബൈൻഡിങ് പ്രോട്ടീൻ  (cAMP response element binding protein- CRBP), ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്റ്റർ ( Brain derived neurotrophic factor- BDNF) തുടങ്ങിയവ ഇതിന് ഉദാഹരണങ്ങൾ ആണ്. ഇവ ആവശ്യത്തിന് നാഡീകോശങ്ങളിൽ ഉള്ളപ്പോൾ മാത്രമേ അതിന്റെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ നടക്കുകയുള്ളൂ. ഈ പ്രോട്ടീനുകളുടെ ഉത്പാദനം ക്രമാതീതമായി കുറയുബോൾ ഓർമ്മ നശിക്കുന്നു. ഇതാണ് അൽഷിമേഴ്സിലേക്ക്‌ നയിക്കുന്നത്.

 

miRNA 134 5p എന്ന മൈക്രോ-ആര്‍എന്‍എ

മൈക്രോ RNAകളുടെ പ്രവർത്തനം 

     മൈക്രോ RNA (റൈബോ ന്യൂക്ലിക് ആസിഡുകൾ) എന്ന miRNA കൾ ഏകദേശം ഇരുപത്തിരണ്ട് ന്യൂക്ലിയോടൈഡുകൾ (Nucleotide= Ribose sugar+ Nitrogen base+ Phosphate group) മാത്രമുള്ള RNA തന്മാത്രകളാണ്. പ്രോട്ടീനുകൾ നിർമ്മിക്കാനാവശ്യമായ വിവരങ്ങൾ ഉള്ളടങ്ങിയിരിക്കുന്ന mRNA (മെസഞ്ചർ RNA) കളെ റെഗുലേറ്റ് ചെയ്യുന്നതിൽ ഇവയ്ക്ക് വലിയ പങ്കുണ്ട്. അമൈലോയ്‌ഡ് ബീറ്റാ പെപ്റ്റൈഡുകൾ കൊണ്ട് ട്രീറ്റ് ചെയ്ത ഹിപ്പോക്യാമ്പസിൽ miRNA കളുടെ പ്രവർത്തങ്ങളെ പറ്റിയാണ് ഗവേഷക സംഘം പഠനം നടത്തിയത്. തലച്ചോറിൽ മാത്രം കണ്ടുവരുന്ന miRNA 134 5p യുടെ സാന്നിധ്യമുള്ള കോശങ്ങളിൽ പ്ലാസ്റ്റിസിറ്റി റെസ്പോൺസിബിൾ  പ്രോട്ടീനുകളുടെ അളവ് ഗണ്യമായി കുറയുന്നതായി ഗവേഷകസംഘം കണ്ടെത്തി. miRNA 134 5p പ്ലാസ്റ്റിസിറ്റി റെസ്പോൺസിബിൽ പ്രോട്ടീനുകൾ (PRPs) ഉണ്ടാക്കാനാവശ്യമായ വിവരങ്ങൾ ഉള്ളടങ്ങിയിരിക്കുന്ന മെസഞ്ചർ RNA (mRNA) കളിൽ പോയി ബൈൻഡ് ചെയ്ത് ട്രാൻസലേഷൻ പ്രക്രിയ (Translation- mRNA യിൽ ഉള്ളടങ്ങിയിരിക്കുന്ന വിവരങ്ങൾ വായിച്ച് പ്രൊട്ടീനുകൾ ഉണ്ടാക്കുന്ന പ്രക്രിയ) തടസ്സപ്പെടുത്തുന്നതാണ് ഇതിനുകാരണം. ട്രാൻസലേഷൻ പ്രക്രിയ നടക്കാത്തിടത്ത് പ്ലാസ്റ്റിസിറ്റി റെസ്പോൺസിബിൾ പ്രോട്ടീനുകൾ ഉണ്ടാകുന്നില്ല. PRP കൾ ഇല്ലാത്തിടത്ത് നാഡീകോശങ്ങളുടെ പ്രവർത്തനം താളംതെറ്റുകയും അത് അൽഷിമേഴ്സിന് കാരണമാകുകയും ചെയ്യുന്നു. miRNA 134 5p എന്ന മൈക്രോ RNA നിയന്ത്രിക്കുന്നതിലൂടെയോ (Regulation) അവയുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുന്നതിലൂടെയോ (Inhibition) PRP കളുടെ ഉത്പാദനം പുനരാരംഭിക്കാമെന്നും നാഡീകോശങ്ങളുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കാമെന്നുമാണ് പഠനം പറയുന്നത്.

അൽഷിമേഴ്‌സ് വരാനുള്ള സാധ്യത പ്രായമേറുംതോറും കൂടി കൂടി വരും. അറുപത്തഞ്ചുവയസ്സിന് ശേഷമുള്ള ഓരോ അഞ്ചുവർഷത്തിലും രോഗസാധ്യത ഇരട്ടിയാകും. പ്രതീക്ഷ നല്കുന്ന ഒരു വസ്തുത  പ്രായം ചെന്ന എലികളുടെ തലച്ചോറിൽ ഈ പഠനത്തിലേക്ക് നയിച്ച പരീക്ഷണങ്ങൾ വിജയിച്ചിട്ടുണ്ട് എന്നതാണ്. രോഗത്തെ മുൻകൂട്ടി അറിയാനുള്ള ബയോ മാർക്കറുകൾ (Biomarker) കണ്ടെത്താനുള്ള ശ്രമങ്ങളും ഈ പഠനത്തിന്റെ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു.

ഡോ. സജികുമാർ

ഓർമയുടെ തന്മാത്രാശാസ്ത്രവുമായി ബന്ധപ്പെട്ട് രണ്ടു  പതിറ്റാണ്ടായി പഠനരംഗത്തുള്ള ഡോ.സജികുമാർ സിങ്കപ്പൂർ നാഷണല്‍  യൂണിവേഴ്സിറ്റിയില്‍  അസോസിയേറ്റ് പ്രൊഫസറാണ്. ഹരിപ്പാട് ചിങ്ങോലി സ്വദേശിയാണ്. സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ ന്യൂറോസയന്റിസ്റ്റുമായ ഡോ.ഷീജ നവക്കോട്  ഭാര്യയാണ്.

ഡോ.നിമ്മി ബേബി

അമ്പലപ്പുഴ സ്വദേശിയായ ഡോ.നിമ്മി. 2015-ൽ സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ന്യൂറോസയൻസിൽ പി.എച്ച്.ഡി. കരസ്ഥമാക്കി. 2016 മുതൽ അൾഷൈമേഴ്സ് രോഗവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുന്നു.

 


അധികവായനയ്ക്ക്‌

  1. ഏജിങ്‌ സെൽ (Aging cell) എന്ന ഗവേഷണ ജേർണലിൽ വന്ന പഠനം
  2. ജോസഫ് ആന്റണി മാതൃഭൂമി പത്രത്തിൽ എഴുതിയ റിപ്പോർട്ട്‌
Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്താണ് 4Gയിൽ നിന്നും 5Gക്കുള്ള വ്യത്യാസം ?
Next post നാഗം ശലഭമായതല്ല നാഗ ശലഭം
Close