എന്താണ് 4Gയിൽ നിന്നും 5Gക്കുള്ള വ്യത്യാസം ?

സുജിത് കുമാർ

ഇപ്പോൾ നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നാലാം തലമുറ സെല്ലുലാർ കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യകളിൽ നിന്നും വ്യത്യസ്ഥമായി എന്തായിരിക്കും  അഞ്ചാം തലമുറയിൽ നമുക്ക് ലഭിക്കാൻ പോകുന്നത്? 5Gയെ കുറിച്ച്‌ സുജിത് കുമാർ എഴുതുന്ന ലേഖനപരമ്പരയിലെ രണ്ടാമത്തെ ലേഖനം

എന്താണ് 4Gയിൽ നിന്നും 5Gക്കുള്ള വ്യത്യാസം ?

ഇപ്പോൾ 10 Mbps വേഗതയിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന സിനിമ ഇനി 100 Mbps വേഗതയിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും എന്നത് മാത്രമാണോ? നമ്മൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 4Gയുടെ ശരാശരി ഡാറ്റാ റേറ്റ് അല്ലെങ്കിൽ സ്പീഡ്  പ്രായോഗിക തലത്തിൽ 3Gയുടെ പരമാവധി ഡാറ്റാ റേറ്റ് ആയിരുന്നു എന്ന് മനസ്സിലാക്കാമല്ലോ. അതുപോലെ തന്നെ ആണ്‌ 5G യുടെ കാര്യവും. 4Gയുടെ പരമാവധി ഡേറ്റാ റേറ്റ് 100 Mbps ആണെങ്കിൽ 5 Gയുടേത് 10 Gbps ആണ്‌. അതായത് 4Gയേക്കാൾ നൂറു മടങ്ങ് അധികവേഗത. [box type=”success” align=”” class=”” width=””]പ്രായോഗിക തലത്തിലും ഇപ്പോൾ 4ജിയിൽ കിട്ടുന്നതിന്റെ നൂറിരട്ടി വേഗത എങ്കിലും 5Gയിൽ പ്രതീക്ഷിക്കാവുന്നതാണ്‌.[/box]

വേഗതയ്ക്ക്  അപ്പുറത്തും 5Gയ്ക്ക് മറ്റു പല പ്രത്യേകതകളും വിഭാവനം ചെയ്തിട്ടുണ്ട്. അതിൽ പ്രധാനമാണ്‌ ‘ലാറ്റൻസി’. നമ്മൾ ഒരു പന്ത് ചുവരിലേക്ക് അടിച്ചാൽ അത് അവിടെ ചെന്ന് തട്ടി തിരിച്ചു വരാൻ എടുക്കുന്ന സമയം ഉണ്ടല്ലോ അതിനെ ലാറ്റൻസിയോട് ഉപമിക്കാം. 4Gയിൽ ഇത് 10 മില്ലി സെക്കന്റ് ആണെങ്കിൽ 5Gയിൽ 1 മില്ലി സെക്കന്റിൽ താഴെ ആണ്‌ വിഭാവനം ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ്‌ ഈ ലാറ്റൻസി ഇത്രയധികം പ്രാധാന്യമർഹിക്കുന്നത്? 4G അടിസ്ഥാനപരമായി ഒരു മൊബൈൽ ബ്രോഡ്ബാൻഡ്  സംവിധാനം ആണെങ്കിൽ 5G അതിലും അപ്പുറത്താണ്‌. അതായത് വിർച്വൽ റിയാലിറ്റിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും പൂക്കാലമായിരിക്കും 5Gയുടേത്. ലാറ്റൻസിയുടെ കാര്യം മനസ്സിലാക്കാൻ ചില ഉദാഹരണങ്ങൾ പറയാം. 

ലേറ്റൻസി

ഇപ്പോൾ ഇന്റർനെറ്റിലൂടെ ലോകത്ത് പലഭാഗത്തുമിരിക്കുന്ന ആളുകളുമായി ചേർന്ന് കളിക്കുന്ന ഉഗ്രൻ കമ്പ്യൂട്ടർ / മൊബൈൽ ഗേമുകൾ ഇല്ലേ. ഇതിലൊക്കെ ലാറ്റൻസി ഒരു വലിയ വിഷയമാണ്‌. അതായത്  ഒരു ആക്ഷൻ ഗേം ആണെങ്കിൽ നിങ്ങൾ എതിരാളിയെ വെടിവയ്ക്കുമ്പോൾ ഒട്ടും തന്നെ സമയവ്യത്യാസം ഇല്ലാതെ തന്നെ എതിരാളിക്ക് അത് കൊള്ളുവാനോ അല്ലെങ്കിൽ മനസ്സിലാക്കി ഒഴിഞ്ഞ് മാറാനോ ഉള്ള അവസരം ഉണ്ടായിരിക്കണം.

Image Credit : glassdoor.co.in

നെറ്റ് വർക്കിൽ ലേറ്റൻസി മൂലം ഉണ്ടാകുന്ന സമയ വ്യത്യാസം കാരണം, വെടി വച്ചാൽ പത്തു സെക്കന്റിനു ശേഷം കൊള്ളുന്ന അവസ്ഥ ഉണ്ടാകുന്നത്  കളിയുടെ രസം കൊല്ലുന്നതല്ലേ. അതിൽ സ്വാഭാവികത തീർച്ചയായും നഷ്ടപ്പെടുന്നു. മറ്റൊരു ഉദാഹരണമാണ്‌ റോബോട്ടിക് സർജറി. അമേരിക്കയിൽ ഇരിക്കുന്ന ഒരു വിദഗ്ദ്ധ ഡോക്ടർ കമ്പ്യൂട്ടർ സ്ക്രീനിലൂടെ ഇന്ത്യയിലെ ആശുപത്രിയിലെ റോബോട്ട് നടത്തുന്ന സർജറി തത്സമയം കണ്ടുകൊണ്ട് അതിനെ നിയന്ത്രിക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച് ചിന്തിച്ചു നോക്കുക. ഇവിടെ നെറ്റ് വർക്കിൽ ഉള്ള ഡിലേ വളരെ പ്രധാനപ്പെട്ടതാണ്‌. റോബോട്ടിന്റെ പ്രവർത്തനം നിയന്ത്രിക്കാനുള്ള കമാൻഡ് നൽകിയ ഉടൻ തന്നെ ഒട്ടും തന്നെ സമയമെടുക്കാതെ ആ സന്ദേശം റോബോട്ടിലേക്ക് എത്തുകയും അതിന്റെ പ്രതികരണം കമാൻഡ് നൽകിയ ഡോക്ടറിലേക്ക് തിരിച്ച് എത്തുകയും ചെയ്യുക ഒരു വിദൂര നിയന്ത്രിത റോബോട്ടിക് സർജറിയെ സംബന്ധിച്ചിടത്തോളം പരമ പ്രധാനമാണ്‌. ഇവിടെ ലേറ്റൻസി എത്രത്തോളം കുറഞ്ഞിരിക്കുന്നുവോ അത്രത്തോളം നല്ലതാണെന്ന് മനസ്സിലാക്കാം.

Image Credit: rpc.senate.gov

ഇപ്പോൾ വാട്സപ്പിലും മറ്റും വീഡിയോ ചാറ്റ് നടത്തുന്നവർക്ക്  അറിയാം എത്ര വേഗതയുള്ള 4G നെറ്റ് വർക്ക് ആണെങ്കിലും അത്യാവശ്യം നല്ല ഡിലേ തന്നെ വീഡിയോയിൽ കാണാവുന്നതാണ്‌. ആ പ്രശ്നങ്ങളെല്ലാം പരിഹരിക്കുക എന്ന ലക്ഷ്യവും അഞ്ചാം തലമുറ സെല്ലുലാർ നെറ്റ് വർക്കുകൾക്ക് ഉണ്ട്.

ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (IoT)

4Gയോട് താരതമ്യെപ്പെടുത്തുമ്പൊൾ അടുത്ത പ്രധാന വ്യത്യാസം ആണ്‌  ഒരു നിശ്ചിത ദൂരപരിധിയ്ക്കുള്ളിൽ സാദ്ധ്യമാകുന്ന പരമാവധി ഉപകരണങ്ങളുടെ എണ്ണം. നിലവിൽ 4G നെറ്റ് വർക്കിൽ ഉപകരണങ്ങൾ എന്നാൽ പ്രധാനമായും മൊബൈൽ ഫോണുകളും ഡാറ്റാ ഡോംഗിളുകളും മാത്രമാണല്ലോ ഉള്ളത്. ഇവയുടെ എണ്ണം പരിമിതമാണെങ്കിൽ 5Gയുടെ കാര്യത്തിൽ ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (IoT) എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ഇന്റർനെറ്റ് കണക്റ്റഡ് ആയിട്ടുള്ള കൊച്ചു കൊച്ച് ഉപകരണങ്ങൾ കൂടി വരുന്നതോടെ ഒരു ചതുരശ്ര കിലോമീറ്ററിൽ പരമാവധി പത്തുലക്ഷം കണക്ഷനുകൾ വരെ യാതൊരു പ്രശ്നവുമില്ലാതെ കണക്റ്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്‌.  അതോടൊപ്പം തന്നെ നിലവിൽ 4ജിയിൽ മൊബൈൽ ഉപകരണങ്ങൾ പിൻതുണയ്ക്കപ്പെടുന്ന പരമാവധി വേഗത 350 കിലോമീറ്റർ പ്രതി മണിക്കൂർ ആണെങ്കിൽ 5ജിയിൽ ഇത് 500 കിലോമീറ്റർ പ്രതി മണിക്കൂർ ആയി വർദ്ധിപ്പിച്ചിരിക്കുന്നു. 

Image Credit: wikipedia

ഊർജ്ജക്ഷമത

അടുത്ത എടുത്തു പറയേണ്ട ഒരു പ്രത്യേകത ഊർജ്ജക്ഷമതയാണ്‌. ബാറ്ററിയിൽ പ്രവർത്തിക്കുന്ന അഞ്ചാം തലമുറ മൊബൈൽ ഉപകരണങ്ങൾ വളരെ ഊർജ്ജക്ഷമം ആയിരിക്കും. ഇവിടെ മൊബൈൽ ഉപകരണങ്ങൾ എന്നതുകൊണ്ട്  മൊബൈൽ ഫോണുകൾ മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. മൊബൈൽ നമ്പരുകളെപ്പോലെത്തന്നെ സ്വന്തമായി വിലാസമുള്ള കൊച്ചു കൊച്ച് ഇന്റർനെറ്റ് കണക്റ്റഡ് ആയുള്ള ഉപകരണങ്ങൾ ഉയർന്ന ഊർജ്ജക്ഷമത ഉള്ളതായിരിക്കുമെന്നതിനാൽ അതിലെ ബാറ്ററികൾ ഇടയ്ക്കീടെ മാറ്റേണ്ടതിനെക്കുറിച്ചോ റീ ചാർജ്ജ് ചെയ്യേണ്ടതിനെക്കുറിച്ചോ ചിന്തിക്കേണ്ട ആവശ്യമുണ്ടാകില്ല.   

3GPP’s 5G logo

ഇതിനെല്ലാം  അപ്പുറമായി ഇക്കാലത്ത് ഏറ്റവും വിലപിടിപ്പുള്ള ഒരു പ്രകൃതി വിഭവം ആയി കണക്കാക്കപ്പെടുന്ന ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിനെ ഒട്ടും പാഴാക്കാതെ അതിന്റെ പരമാവധി സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്ന ആധുനിക സാങ്കേതിക വിദ്യകൾ ആയിരിക്കും അഞ്ചാം തലമുറ സെല്ലുലാർ നെറ്റ് വർക്കുകളിലേത്. വലിയ വെല്ലുവിളികളെ ആണ്‌ 5G സാങ്കേതിക വിദ്യകൾക്ക് നേരിടാനുള്ളത്. നിലവിലെ 4G നെറ്റ് വർക്കുകൾ ചവിട്ടൂപടിയായി ഉപയോഗിച്ചുകൊണ്ട്  പടിപടിയായുള്ള മാറ്റമാണ്‌ 5Gയിലേക്ക് ഉണ്ടാവുക. ഇന്റർ നാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയന്റെ വർക്ക് ഗ്രൂപ്പ് ആയ 3GPP ആണ്‌ ഇതിനായുള്ള പൊതു മാനദണ്ഡങ്ങൾ ഉണ്ടാക്കുകയും വിലയിരുത്തുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി 5G NR (5G ന്യൂ റേഡിയോ) എന്ന പേരിൽ 4Gയിൽ നിന്നും 5Gയിലേക്ക് നെറ്റ് വർക്കുകളെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ്‌  അദ്യപടിയായി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ലോകത്ത് പല രാജ്യങ്ങളിലും നിലവിൽ വന്ന 5G നെറ്റ് വർക്കുകൾ എല്ലാം 5G NR ആണ്‌.

[box type=”note” align=”” class=”” width=””]ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടത് ഈ പറഞ്ഞ 5GNR ൽ നൽകുന്ന അടിസ്ഥാന വേഗത്തേക്കാൾ കൂടൂതൽ വേഗമാർന്ന ഡേറ്റ നൽകുന്ന 4G നെറ്റ് വർക്കുകൾ നിലവിലുണ്ട് എന്നതാണ്‌. അതുകൊണ്ട് തന്നെ പതിവുപോലെത്തന്നെ 5Gയുടെ കാര്യത്തിലും കുറച്ച് സാങ്കേതിക വിദ്യയും അതിലേറെ മാർക്കറ്റിംഗും ആണ്‌  പ്രമുഖ മൊബൈൽ കമ്പനികൾ എല്ലാം നടത്തുന്നത്.[/box]

ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌‌വർക്കുകൾ ശക്തമാക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ്‌  ഏത് രാജ്യത്തായാലും 5Gയിലേക്കുള്ള ആദ്യ ചവിട്ടുപടി. വളരെ അധികം ചെലവു വരുന്നതും സമയമെടുക്കുന്നതും ആയതിനാൽ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിൽ അതിനായി ഇനിയും വർഷങ്ങൾ എടുക്കും. നിലവിൽ തന്നെ വളരെ മെച്ചപ്പെട്ട ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് ഉള്ള രാജ്യങ്ങളിൽ 5G നടപ്പിൽ വരുത്തുന്നത് താരതമ്യേന എളുപ്പമാണ്‌.  ഏതെല്ലാം സാങ്കേതിക വിദ്യകൾ ഏതെല്ലാം വെല്ലുവിളികളെ നേരിടാൻ എങ്ങിനെയെല്ലാം ആയിരിക്കും 5G നെറ്റ് വർക്കുകളിൽ ഉപയോഗിക്കുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അടുത്ത ഭാഗത്തില്‍ പറയാം.

 

Image Credit: zhuanlan.zhihu.com

ഈ ലേഖനത്തിന്റെ ഒന്നാംഭാഗം വായിക്കാം

3 thoughts on “എന്താണ് 4Gയിൽ നിന്നും 5Gക്കുള്ള വ്യത്യാസം ?

Leave a Reply