Read Time:22 Minute
ലുപ്പത്തിൽ ചെറുതാണെങ്കിലും ഘടനാപരമായ ഒട്ടേറെ സങ്കീർണ്ണതകളുള്ള ക്രോമസോമാണ് ‘വൈ’ ക്രോമസോം (Y chromosome). ഈ സങ്കീർണ്ണതയാണ് ഏറ്റവും അവസാനമായി ശ്രേണീകരിക്കപ്പെട്ട ക്രോമസോം എന്ന സവിശേഷത ‘വൈ’ ക്രോമസോമിന് ലഭിക്കാൻ കാരണം. 119 വർഷത്തെ ചരിത്രമുണ്ട് വൈ ക്രോമസോമുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക്. 1905 ൽ നെറ്റി മറിയ സ്റ്റീവൻസ് (Nettie Maria Stevens) എന്ന അമേരിക്കൻ ശാസ്ത്രജ്ഞയാണ് ടെനിബ്രോ മോളിട്ടർ (Tenebrio molitor) എന്ന കൊച്ചു പ്രാണിയുടെ പുംബീജത്തിൽ പിൽക്കാലത്ത് ‘വൈ’ ക്രോമസോം എന്ന് വിളിക്കപ്പെട്ട കുഞ്ഞൻ ക്രോമസോം കണ്ടെത്തിയത്. ആ കണ്ടുപിടുത്തം വിശദീകരിക്കും മുൻപ് നെറ്റി സ്റ്റീവൻസിനെ പരിചയപ്പെടാം.

മരപ്പണിക്കാരന്റെ മകൾ

അമേരിക്കയിലെ വെർമോണ്ട് (Vermont) സംസ്ഥാനത്തിലെ കാവൻഡിഷിൽ (Cavendish) 1861 ജൂലൈ ഏഴിന് ഒരു മരപ്പണിക്കാരന്റെ മകളായാണ് നെറ്റിയുടെ ജനനം. മൂന്ന് മക്കളിൽ രണ്ടാമത്തെ ആൾ. അമ്മയുടെ അകാല വേർപാടിനെ തുടർന്ന് 1863 ൽ അച്ഛൻ പുനർവിവാഹം ചെയ്യുകയും  കുടുംബം മസാച്ചുസെറ്റ്സിലേക്ക് താമസം മാറ്റുകയും ചെയ്തു. പഠിക്കാൻ ബഹുമിടുക്കിയായിരുന്നു നെറ്റി. 1880 ൽ വെസ്റ്റർഡ് അക്കാദമിയിൽ പഠനം പൂർത്തിയാക്കുകയും തുടർന്ന് അദ്ധ്യാപക ജോലിയ്ക്ക് യോഗ്യത നേടാനായി വെസ്റ്റ് സ്റ്റേറ്റ് നോർമൽ സ്കൂളിൽ രണ്ട് വർഷത്തെ കോഴ്സിന് ചേരുകയും ചെയ്തു (1881-1883). കോഴ്സ് പൂർത്തിയാക്കിയതിനെത്തുടർന്ന് സ്കൂൾ അദ്ധ്യാപികയായി. എന്നാൽ എന്നും മനസ്സിൽ കൊണ്ടുനടന്ന സ്വപ്നം ഒരു ശാസ്ത്രജ്ഞയാകുക എന്നതായിരുന്നു. അദ്ധ്യാപക ജോലിയിൽ നിന്നും സമ്പാദിച്ച പണമുപയോഗിച്ച് 1886-ൽ സ്റ്റാൻഫോർഡ് യൂണിവേർസിറ്റിയിൽ (Stanford University) തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ അവർ ബി.എ ക്ക് ചേർന്നു. 1889 ൽ ബി.എ. യും 1890 ൽ എം.എ യും കരസ്ഥമാക്കി. തുടർന്ന് ബ്രിൻ മോർ കോളേജിൽ (Bryn Mawr College) ഗവേഷണ   വിദ്യാർത്ഥിനിയായി. ചെറിയ കോളേജാണെങ്കിലും പിൽക്കാലത്ത് ലോകപ്രശസ്ത ശാസ്ത്രജ്ഞരായി മാറിയ ഇ. ബി. വിൽസണും (E. B. Wilson) ടി. എച്ച്. മോർഗനും (T. H. Morgan) അവിടെ ജീവശാസ്ത്ര അദ്ധ്യാപകരായിരുന്നു. വിൽസൺ നെറ്റിയെക്കാൾ അഞ്ചു വയസ്സിന് മൂത്തതും മോർഗൻ അഞ്ചു വയസ്സിന് ഇളയതുമായിരുന്നു. അവരുമായുള്ള സംസർഗ്ഗം നെറ്റിയുടെ ഗവേഷണ ജീവിതത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. 1903 ൽ മോർഗന്റെ കീഴിൽ പി. എച്ച്. ഡി ലഭിക്കുമ്പോഴേക്കും എണ്ണം പറഞ്ഞ ഒൻപത്  ശാസ്ത്രലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ജനിതകശാസ്ത്രം ജന്മം കൊണ്ടിട്ട് അപ്പോഴേക്കും 3 വർഷങ്ങളായതേയുള്ളൂ. ഗവേഷണ വിദ്യാർഥിയായുള്ള കാലത്തെ പ്രാഗൽഭ്യം അവരെ ബ്രിൻ മോർ പ്രസിഡണ്ടിന്റെ യൂറോപ്പ്യൻ ഫെലോഷിപ്പിന് അർഹയാക്കി. നേപ്പിൾസ് സുവോളജിക്കൽ സ്റ്റേഷനിലും (Naples Zoological Station) വൂയിർസ്ബർഗ് സർവകലാശാലയിലും (University of Wuirzburg) ഗവേഷണം ചെയ്യാനുള്ള അവസരമാണ് ആ ഫെലോഷിപ്പ് തുറന്നുകൊടുത്തത്. ആ കാലത്ത് പ്രഗൽഭ ജർമ്മൻ  ജീവശാസ്ത്രജ്ഞനായ തിയോഡോർ ബവേറിയുടെ (Theodor Boveri) കൂടെ ഗവേഷണം ചെയ്യാനുള്ള അസുലഭമായ ഭാഗ്യവും സിദ്ധിച്ചു. നേപ്പിൾസിലുള്ള കാലത്ത് മറ്റൊരു ഫെലോഷിപ്പ് കൂടി കിട്ടി. വനിതാ ഗവേഷകരെ പ്രോൽസാഹിപ്പിക്കുന്നതിനുള്ള ആയിരം ഡോളറിന്റെ ഫെലോഷിപ്പ്. തുടർന്ന് അമേരിക്കയിൽ തിരിച്ചെത്തിയപ്പോൾ വാഷിങ്ടണിലെ കാർണഗി അസോസിയേഷനിൽ നിന്ന് ലഭിച്ച പോസ്റ്റ് ഡോക്ടറൽ റിസർച്ച് അസിസ്റ്റന്റ്ഷിപ്പ് (postdoctoral research assistantship) ഉപയോഗിച്ച് 1904-1905 കാലഘട്ടത്തിൽ കീടങ്ങളുടെ ലിംഗനിർണ്ണയവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ  തുടർന്നു. 

മോർഗന്റേയും വിൽസന്റേയും ശക്തമായ ശുപാർശകൾ കാർണഗി അസോസിയേഷന്റെ അവാർഡിന് പിന്നിലുണ്ടായിരുന്നു. മോർഗൻ ഇങ്ങനെയെഴുതി: “കഴിഞ്ഞ 12 വർഷത്തിനിടയ്ക്ക് ഞാൻ പഠിപ്പിച്ച വിദ്യാർത്ഥികളുടെ കൂട്ടത്തിൽ മിസ്സ് സ്റ്റീവൻസിനെ പോലെ സ്വതന്ത്രമായി ഗവേഷണം ചെയ്യാൻ കഴിവുള്ള ആരുമില്ലായിരുന്നു.”  വിൽസന്റെ ശുപാർശക്കത്ത്  ഇങ്ങനെ പോകുന്നു: “മിസ്സ് സ്റ്റീവൻസിന്റെ ഗവേഷണങ്ങളെ കുറിച്ച് എനിക്ക് നല്ലപോലെ അറിയാം. ഏത് നിലയ്ക്ക് നോക്കിയാലും അത് സ്വതന്ത്രവും പ്രശംസനീയവുമാണ്. അവർ ഗവേഷണ രംഗത്തെ ഏറ്റവും മികച്ച വനിത മാത്രമല്ല മറിച്ച് ഈ രംഗത്തുള്ള ഏത് പുരുഷനോടും കിടപിടിക്കാൻ കെൽപ്പുള്ളവരുമാണ്.”

1891 ൽ തന്നെ വിൽസൺ ബ്രിൻ മോർ വിട്ട് കൊളമ്പിയ സർവകലാശാലയിലേക്ക് പോയെങ്കിലും 1904 വരെ മോർഗൻ അവിടെ തന്നെ തുടർന്നു. അങ്ങനെ മോർഗന്റെ വിദ്യാർത്ഥിനി അദ്ദേഹത്തിന്റെ സഹപ്രവർത്തകയുമായി.

‘വൈ ക്രോമസോം’ കണ്ടെത്തുന്നു

ജനിതകശാസ്ത്രത്തിന്റെ പിറവിക്ക് മുൻപുതന്നെ, 1888 ൽ ഹെൻറിക്ക് വിൽഹം വാൾഡയർ (Heinrich Wilhelm Waldeyer) ക്രോമസോമുകൾ  കണ്ടെത്തിയിരുന്നു. തുടർന്ന് 1891 ൽ ഹെർമൻ ഹെൻകിങ് (Hermann Henking) എക്സ് ക്രോമസോം കണ്ടെത്തി. രണ്ടുപേർക്കും ക്രോമസോമുകൾക്ക് പാരമ്പര്യത്തിലുള്ള പങ്കിനെ കുറിച്ച് അറിവില്ലായിരുന്നു. 1901ൽ ക്ലാരൻസ് എർവിൻ മക്ലങ് (Clarence Erwin McClung) എക്സ് ക്രോമസോമുകൾക്ക് ലിംഗനിർണയത്തിൽ പങ്കുണ്ടാകാമെന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹം എക്സ് ക്രോമസോമിനെ വ്യത്യസ്ത ക്രോമസോം (accessory chromosome ) എന്ന് വിളിച്ചു. ക്രോമസോമുകളെ കുറിച്ചുള്ള ഈ പഠനങ്ങൾ നെറ്റി ഉൽസാഹത്തോടെ പിന്തുടരുന്നുണ്ടായിരുന്നു. അങ്ങനെയാണ് അവരുടെ പഠനം കീടങ്ങളുടെ ലിംഗനിർണയത്തിൽ ക്രോമസോമുകൾക്കുള്ള പങ്കിൽ കേന്ദ്രീകരിച്ചത്. കീടങ്ങളുടെ പുംബീജോൽപാദന പ്രക്രിയയും (spermatogenesis) അതിനോടനുബന്ധിച്ച് ക്രോമസോമുകളിലുണ്ടാകുന്ന മാറ്റങ്ങളുമാണ് വിശദമായി പരിശോധിച്ചത്.

അഞ്ച് വ്യത്യസ്ത കീടങ്ങളെയാണ് നെറ്റി തന്റെ പഠനത്തിനായി തെരഞ്ഞെടുത്തത്. അവയിലൊന്നായിരുന്നു ടെനിബ്രോ മോളിട്ടർ (Tenebrio molitor). നമ്മൾ സൂക്ഷിച്ചു വെക്കുന്ന ധാന്യങ്ങൾ തിന്നു നശിപ്പിക്കുന്ന ഒരു കൊച്ചു വണ്ടാണ് (beetle) ടെനിബ്രോ മോളിട്ടർ. അവയുടെ പുഴുക്കൾ ‘മീൽവേമുകൾ’ (mealworms) എന്നാണ് അറിയപ്പെടുന്നത്.

ഇവയെ പരീക്ഷണശാലയിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയും. കോശവിഭജന വേളയിൽ അവയുടെ വൃഷണകോശങ്ങളിൽ 20 ക്രോമസോമുകളുണ്ടെന്ന് നെറ്റി നിരീക്ഷിച്ചു. അവയിൽ ഒരെണ്ണമൊഴികെ വലുതും ഏകദേശം ഒരേ വലുപ്പമുള്ളതുമായിരുന്നു. എന്നാൽ ഇരുപതാമൻ തീരെ ചെറുതായിരുന്നു. ചെറുത് എന്ന അർത്ഥത്തിൽ നെറ്റി അവയെ ‘s’ എന്ന ഇംഗ്ലീഷ് അക്ഷരമുപയോഗിച്ചാണ് രേഖപ്പെടുത്തിയത്.

ഊനഭംഗ സമയത്ത് (meiosis) 18 ക്രോമസോമുകൾ ജോഡികളാകുമ്പോൾ ഈ കുഞ്ഞ് ക്രോമസോമും ഒരു വലിയ ക്രോമസോമും ഒറ്റകളായി പിരിഞ്ഞു നിന്നു. പുംബീജങ്ങളുണ്ടാകുമ്പോൾ  ഒരു പകുതിക്ക് ഇങ്ങനെ ഒറ്റതിരിഞ്ഞു നിൽക്കുന്ന ക്രോമസോമുകളിൽ ചെറിയ ക്രോമസോമുകളും  മറുപകുതിക്ക്  വലിയ ക്രോമസോമുകളും ലഭിച്ചു. അങ്ങനെ  ടെനിബ്രോ മോളിട്ടറിൽ രണ്ടുതരം പുംബീജങ്ങളുള്ളതായി നെറ്റി സ്റ്റീവൻസ് കണ്ടെത്തി: 10 വലിയ ക്രോമസോമുകളുള്ളവയും ഒൻപത് വലുതും ഒരു ചെറുതുമുള്ളവയും. ഈ കൊച്ചു ക്രോമസോമുകൾക്ക് ലിംഗ നിർണ്ണയത്തിൽ എന്തെങ്കിലും പങ്കുണ്ടോ എന്നതായി അടുത്ത അന്വേഷണം. അതിനായി അവർ ആൺ വണ്ടുകളുടെ ശരീര കോശങ്ങളും (somatic cells) പെൺ വണ്ടുകളുടെ  അണ്ഡാശയ കോശങ്ങളും പരിശോധിച്ചു. പ്രതീക്ഷിച്ചത് പോലെ ആൺ കോശങ്ങളിൽ 19 വലിയ ക്രോമസോമുകളും ഒരു ചെറിയ ക്രോമസോമും കണ്ടെത്തി. എന്നാൽ പെൺ കോശങ്ങളിൽ 20 ക്രോമസോമുകളും വലുതും ഒരേ വലുപ്പമുള്ളവയുമായിരുന്നു.

ഈ നിരീക്ഷണങ്ങളിൽ നിന്നും അവരെത്തിച്ചേർന്ന നിഗമനങ്ങൾ ഇവയായിരുന്നു:

  1. ടെനിബ്രോ മോളിട്ടറിന്റെ എല്ലാ അണ്ഡകോശങ്ങളിലും 10 വലിയ ക്രോമസോമുകളുണ്ടാകും. എന്നാൽ പുംബീജങ്ങളിൽ ഒന്നുകിൽ 10 വലിയ ക്രോമസോമുകളുണ്ടാകും അല്ലെങ്കിൽ 9 വലിയ  ക്രോമസോമുകളും ഒരു ചെറിയ ക്രോമസോമുമുണ്ടാകും.
  2. പെൺ കോശങ്ങളിൽ 20 വലിയ ക്രോമസോമുകളും ആൺ കോശങ്ങളിൽ 19 വലിയ ക്രോമസോമുകളും ഒരു ചെറിയ ക്രോമസോമും ഉള്ളതിനാൽ ഇത് വ്യക്തമായും ഒരു ലിംഗ നിർണ്ണയ പ്രക്രിയ തന്നെയാണ് (sex determination mechanism). മക്ലങ് അഭിപ്രായപ്പെട്ടതുപോലെ വ്യത്യസ്ത ക്രോമസോം (accessory chromosome ) അല്ല, മറിച്ച് പുംബീജങ്ങളിൽ കാണുന്ന ഒരു ജോഡി  ക്രോമസോമുകളുടെ വ്യത്യസ്തതയാണ് ലിംഗവ്യത്യാസത്തിന് കാരണം (വൈ ക്രോമസോമിന് മാത്രമായി ലിംഗനിർണ്ണയം സാധിക്കുമെന്ന് അവർ വിശ്വസിച്ചിരുന്നില്ല). ചെറിയ ക്രോമസോമുകളുള്ള പുംബീജങ്ങൾ ആൺ വണ്ടുകളേയും വലിയ ക്രോമസോമുകൾ മാത്രമുള്ളവ പെൺ വണ്ടുകളേയും സൃഷ്ടിക്കും.
  3. മറ്റ് പല കീടങ്ങളിലും, ടെനിബ്രോ മോളിട്ടറിലുള്ളതുപോലെ സുവ്യക്തമല്ലെങ്കിലും, ക്രോമസോമുകളിൽ സമാനമായ വ്യത്യസ്തത ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ മറ്റ് കീടങ്ങളിലും സമാനമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്.

1905 മെയ് 15 ന് തന്റെ കണ്ടെത്തലുകൾ നെറ്റി സ്റ്റീവൻസ് വിൽസണ് അയച്ചു കൊടുത്തു. അദ്ദേഹത്തിന്റെ അംഗീകാരത്തോടെ സപ്തംബറിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അക്കാലത്ത് മോർഗന് ക്രോമസോമുകളിൽ തീരെ താൽപ്പര്യവും വിശ്വാസവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് പ്രസ്തുത ഗവേഷണം സ്വന്തം പേരിൽ സ്വതന്ത്രമായി പ്രസിദ്ധീകരിക്കാൻ അദ്ദേഹം നെറ്റി സ്റ്റീവൻസിന് അനുവാദം കൊടുത്തു.

മോർഗന്റെ പേരും അതിലുണ്ടായിരുന്നെങ്കിൽ  ചിലപ്പോൾ ആ കണ്ടെത്തലിന്റെ  മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിന് ലഭിച്ചേനെയെന്ന് അഭിപ്രായമുള്ളവരുണ്ട്. തുടർന്ന് നടത്തിയ സമാനമായ പഠനങ്ങളിൽ ഡസൻ കണക്കിന് കീടങ്ങളിൽ നെറ്റി സ്റ്റീവൻസ് എക്സ്, വൈ ക്രോമസോം ജോഡികൾ കണ്ടെത്തി.  നെറ്റി സ്റ്റീവൻസിന്റെ കണ്ടെത്തലുകൾ മറ്റ് ചില കീടങ്ങളിൽ 1905 ൽ  തന്നെ വിൽസണും സ്ഥിരീകരിച്ചു. അദ്ദേഹം ആ ക്രോമസോമുകളെ ഇഡിയോ ക്രോമസോമുകൾ (idiochromosomes) എന്നാണ് വിളിച്ചത്. ഈ രണ്ട് പേരിൽ ആരാണ് ‘വൈ’ ക്രോമസോമിന് ലിംഗനിർണ്ണയത്തിലുള്ള പങ്ക് ആദ്യമായി കണ്ടെത്തിയത് എന്നുള്ളത് ഇപ്പോഴും തർക്കവിഷയമാണ്. ഭൂരിപക്ഷം പേരും നെറ്റിയെ ആണ് അനുകൂലിക്കുന്നത്. കാരണം നെറ്റിയുടെ പഠനങ്ങളെ കുറിച്ച് വിൽസണ് അറിയാമായിരുന്നു. പ്രസിദ്ധീകരിക്കുന്നതിന് മുൻപുതന്നെ അതേക്കുറിച്ച് അദ്ദേഹത്തിന്റെ ഒരു ലേഖനത്തിൽ അടിക്കുറിപ്പായി കൊടുത്തിട്ടുമുണ്ട്. 1909 ൽ വിൽസൺ തന്നെയാണ് ഈ കൊച്ചു ക്രോമസോമുകൾക്ക് ‘വൈ’ ക്രോമസോം എന്ന് പേര് കൊടുത്തത്. നേരത്തെ കണ്ടുപിടിച്ച ‘എക്സ്’ ക്രോമസോമിന്റെ പങ്കാളി എന്ന നിലയ്ക്കാണ് അങ്ങനെയൊരു പേര് നൽകിയത്. 1908 ൽ നെറ്റി സ്റ്റീവൻസിന് ആലിസ് ഫ്രീമാൻ പാമർ അവാർഡ് (Alice Freeman Palmer Fellowship) ലഭിക്കുകയും ഒരിക്കൽ കൂടി യൂറോപ്പിലെ ഏതാനും പ്രശസ്ത സ്ഥാപനങ്ങളിൽ ഗവേഷണം ചെയ്യാനുള്ള അവസരം കിട്ടുകയും ചെയ്തു.

ലഭിക്കാത്ത അംഗീകാരങ്ങൾ

ജനിതക ശാസ്ത്രത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരു കണ്ടുപിടുത്തം തന്നെയായിരുന്നു നെറ്റി സ്റ്റീവൻസിന്റേത് . നോബൽ പുരസ്കാരം പോലും അർഹിക്കുന്ന ഒരു കണ്ടുപിടുത്തമായിരുന്നു അതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. പുരസ്കാരങ്ങളൊന്നും ലഭിച്ചില്ല എന്ന് മാത്രമല്ല, പിൽക്കാലത്തെ പല പ്രസിദ്ധീകരണങ്ങളിലും നെറ്റി സ്റ്റീവൻസ് വിൽസന്റെ കൂട്ടു ഗവേഷകയായോ അല്ലെങ്കിൽ അദ്ദേഹം തെളിച്ചു കൊടുത്ത വഴി പിന്തുടർന്ന ഒരു ശിഷ്യയായോ ആണ്  ചിത്രീകരിക്കപ്പെട്ടത്. ശാസ്ത്രലോകത്ത് നിലനിന്നിരുന്ന കടുത്ത ലിംഗവിവേചനത്തിനുള്ള ഒരു ഉദാഹരണമായാണ് ഈ ചിത്രീകരണം വ്യാഖ്യാനിക്കപ്പെടുന്നത്. വനിതകളെ ശാസ്ത്ര ഗവേഷണത്തിന്  പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ വനിതാ ശാസ്ത്രജ്ഞരുടെ ഉദാഹരണങ്ങൾ എടുത്തുപറയുന്നവർ പോലും പലപ്പോഴും നെറ്റി സ്റ്റീവൻസിനെ അവഗണിക്കുകയാണ് ചെയ്തത്. അതിന് കാരണം ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ലിംഗസൂചനകൾ നൽകാത്ത  എൻ. എം. സ്റ്റീവൻസ് എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത് എന്നതാണ്. ബ്രിൻ മോർ കോളേജ് പോലും അംഗീകാരം കൊടുക്കുന്നതിൽ അമാന്തം കാണിച്ചു എന്നാണ് അവിടുത്തെ പൂർവ്വവിദ്യാർത്ഥികൾ   ആരോപിക്കുന്നത്. അസോസിയേറ്റ് ഇൻ എക്സ്പെരിമെന്റൽ മോർഫോളജി (Associate in Experimental Morphology) എന്ന സ്ഥാനമായിരുന്നു അവർക്ക് അവിടെ  ലഭിച്ച ഏറ്റവും ഉയർന്ന തസ്തിക. ഒടുവിൽ അവർക്കായി ഒരു റിസർച്ച് പ്രൊഫസർ തസ്തിക സൃഷ്ടിക്കപ്പെട്ടെങ്കിലും അനാരോഗ്യം കാരണം ഒരു ദിവസം പോലും ആ കസേരയിലിരിക്കാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. 1912 മെയ് നാലിന് സ്തനാർബുദ ബാധയെ തുടർന്ന് ജോൺ ഹോപ്കിൻസ് ആശുപത്രിയിൽ വെച്ച് അൻപത്തിയൊന്നാം വയസ്സിൽ നെറ്റി സ്റ്റീവൻസ് എന്ന അപൂർവ്വ ശാസ്ത്രപ്രതിഭ അന്ത്യശ്വാസം വലിച്ചു. പി. എച്ച്. ഡി. ലഭിച്ചിട്ട് അപ്പോഴേക്കും ഒൻപത് വർഷങ്ങളായതേയുള്ളുവെങ്കിലും കനപ്പെട്ട നാൽപ്പതോളം പ്രസിദ്ധീകരണങ്ങൾക്കുടമയായിരുന്നു അവർ. മരണം തിരക്ക് കൂട്ടിയിരുന്നില്ലെങ്കിൽ ഒരു പക്ഷേ ഇനിയും എത്രയോ മികച്ച സംഭാവനകൾ അവരിൽ നിന്ന് ലോകത്തിന് ലഭിക്കുകയും നോബൽ സമ്മാന ജേതാവ് തന്നെയുമാകുമായിരുന്നിരിക്കാം. മരണത്തിന്റെ വിളിയിൽ നോബേൽ പുരസ്കാരം നഷ്ടപ്പെട്ട റോസ്ലിൻഡ് ഫ്രാൻക്ളിന്റെ മുൻഗാമിയായിരുന്നു നെറ്റി സ്റ്റീവൻസ് എന്ന് വേണമെങ്കിൽ പറയാം. രണ്ടു പേരും മുട്ടുമടക്കിയത് കാൻസറിന്  മുൻപിലായിരുന്നു എന്നത് മറ്റൊരു യാദൃച്ഛികത.  ചാടും ജീനുകൾ (jumping genes) കണ്ടുപിടിച്ച ബാർബറ മക്ലിൻറ്റോക്കിന് എൺപത്തിയൊന്നാം വയസ്സിലും പെനിസിൽവാനിയ സർവകലാശാലയിലെ നീണ്ട ഗവേഷണകാലത്ത് ഒരു സ്ഥിരം ജോലി ലഭിക്കാതെ അവഗണിക്കപ്പെട്ട കാറ്റലിൻ കരീക്കോയ്ക്ക് അറുപത്തിയെട്ടാം വയസ്സിലും നോബൽ സമ്മാനം കിട്ടിയത് ഇതോടൊപ്പം ചേർത്തു വായിക്കാം.

അധികവായനയ്ക്ക്

  1. Brush SG (1978). Nettie M. Stevens and the Discovery of Sex Determination by Chromosomes. ISIS 69(247): 163-172.
  2. Carey SB, Aközbek L, Harkess A ( 2022).  The contributions of Nettie Stevens to the field of sex chromosome biology. Phil. Trans. R. Soc. B 377: 20210215.
  3. Rhie A,  Nurk S, Cechova M et al (2023). The complete sequence of a human Y chromosome. Nature, August 2023.
  4. Stevens NM (1905). Studies in spermatogenesis with special reference to the “accessory chromosome”. Publication No. 36, Carnegie Institution of Washington.
  5. Stevens NM (1906). Studies in spermatogenesis: a comparative study of the heterochromosomes in certain species of Coleoptera, Hemiptera and Lepidoptera, with especial reference to sex determination. Washington, DC: Carnegie Institution of Washington.

ലൂക്ക ലേഖനങ്ങൾ

female engineer in space station

വനിതാ ശാസ്ത്രപ്രതിഭകളുടെ ചിത്രഗാലറി

200 വനിതാശാസ്ത്രജ്ഞർ – ലൂക്ക തയ്യാറാക്കിയ പ്രത്യേക ഇന്ററാക്ടീവ് പതിപ്പ് സ്വന്തമാക്കാം

നിങ്ങളറിഞ്ഞിരിക്കേണ്ട 10 വനിതാ ജ്യോതിശ്ശാസ്ത്രജ്ഞര്‍

പ്രപഞ്ചോല്പത്തിയുടെ രഹസ്യങ്ങള്‍ തേടി, പ്രപഞ്ചഗോളങ്ങളുടെ ഗതിവിഗതികളന്വേഷിച്ച് ശാസ്ത്രലോകത്തിന് വിലയേറിയ സംഭാവനകള്‍ നല്കിയ വനിതകളായ 10 ജ്യോതിശ്ശാസ്ത്ര ഗവേഷകരെ പരിചയപ്പെടാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
33 %
Angry
Angry
33 %
Surprise
Surprise
0 %

Leave a Reply

Previous post ആധുനിക ബയോളജിയിലെ പെൺകരുത്ത്
Next post ലിംഗനീതിയും ശാസ്ത്ര-സാങ്കേതിക ഭാഷയും 
Close