Read Time:39 Minute

ന്യൂഡല്‍ഹിയിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍റ് ലൈബ്രറി ഇനിയുണ്ടാകില്ല. പകരം പ്രൈംമിനിസ്റ്റേഴ്സ് മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയേ ഉണ്ടാകൂ. കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ 19 പ്രധാനമന്ത്രിമാര്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്. അവരില്‍ നെഹ്റുവിന് മാത്രമായി ഒരു മ്യൂസിയം ആവശ്യമില്ല എന്നാണ് മോദി സര്‍ക്കാരിന്റെ തീരുമാനം. നെഹ്റൂവിയന്‍ കാലഘട്ടത്തിലെ ഇന്ത്യയെക്കുറിച്ച് പുതുതലമുറയില്‍പെട്ട ഇന്ത്യക്കാര്‍ ഓര്‍ക്കാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത് എന്ന രാഷ്ട്രീയതീരുമാനമാകാം മോദിസര്‍ക്കാരിനെ ഇതിന് പ്രേരിപ്പിച്ചത്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും തുല്യതയിലും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രത്തെ ഉണ്ടാക്കിയെടുക്കാന്‍ 1920 മുതല്‍ ശ്രമിക്കുകയും 1947 മുതല്‍ 1964 വരെയുള്ള പ്രധാനമന്ത്രി കാലഘട്ടത്തിനുള്ളില്‍തന്നെ സുശക്തമായ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ രൂപപ്പെടുത്തിയെടുത്തു എന്നുള്ളതുമാണ് നെഹ്റുവിന്റെ പേരിൽ ഒരു മ്യൂസിയം ഇന്ത്യയില്‍ ഉണ്ടാക്കാനുള്ള കാരണം. മറ്റ് 18 പ്രധാനമന്ത്രിമാര്‍ക്കുമില്ലാത്ത ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്ത് നടപ്പിലാക്കിയത്. ആ ദൗത്യം അദ്ദേഹത്തെ ഏല്പിച്ചത് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിതന്നെയായിരുന്നു എന്ന കാര്യം തര്‍ക്കമില്ലാത്ത വിഷയമാണല്ലോ. ഹിന്ദുവിനും, മുസല്‍മാനും, പാഴ്സിക്കും മറ്റു മതവിഭാഗങ്ങള്‍ക്കും സ്നേഹത്തോടെ സഹവര്‍ത്തിക്കാനും, എല്ലാവിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പുവരുത്താനും കഴിയുന്ന രാഷ്ട്രത്തെ സൃഷ്ടിക്കുക എന്ന ഗാന്ധിയന്‍ സ്വപ്നത്തിന്‍റെ രാഷ്ട്രീയ പിന്‍തുടര്‍ച്ചക്കാരനായി അദ്ദേഹംതന്നെ പ്രഖ്യാപിച്ചത് നെഹ്റുവിനെയാണ്. തന്റെ ലോകവിജ്ഞാനം ഉപയോഗപ്പെടുത്തി ജനാധിപത്യമാതൃകയില്‍ അത്തരമൊരു രാഷ്ട്രത്തെ രൂപപ്പെടുത്താന്‍ ഒരു ഭരണഘടനയുണ്ടാക്കുകയും അതിന്മേല്‍ ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കാന്‍ അക്ഷീണം ശ്രമിക്കുകയും ചെയ്തു എന്നതാണ് നെഹ്റു ഈ രാജ്യത്തിനു നല്‍കിയ സംഭാവന. ഇത് മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിക്കും അവകാശപ്പെടാവുന്ന സംഭാവനയല്ല. ഓരോ ഇന്ത്യക്കാരനും പിന്‍തുടരേണ്ട രാഷ്ട്രീയ പൈതൃകമാണിത്. ആ പൈതൃകത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നതാണ് നെഹ്റു മ്യൂസിയത്തിന്റെ കര്‍ത്തവ്യം. ഈ പൈതൃകമല്ല നമുക്കു വേണ്ടതെന്നും ആര്‍ക്കും പരിചിതമല്ലാത്ത വിദൂരഭൂതകാലത്തെ പൈതൃകപാതയാണ് നമ്മള്‍ പിന്‍തുടരേണ്ടതെന്നുമുള്ള രാഷ്ട്രീയസംവാദം മുന്നോട്ടുവയ്ക്കുന്നവര്‍ക്ക് അധികാരദണ്ഡ് കൈവശംവയ്ക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അവര്‍ സമകാലീനചരിത്രത്തെ മായ്ക്കാന്‍ വൃഥാ ശ്രമിക്കുന്നു. പാഴ് വേലയാണിതെന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിയുമെന്നുതന്നെ നമുക്ക് പ്രത്യാശിക്കാം.

നെഹ്റു മ്യൂസിയം

ഇന്ത്യക്കാര്‍ക്ക് നെഹ്റു ആരാണ്?

1936 ലക്നോവില്‍വച്ച് ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ സമ്മേളനത്തില്‍വച്ച് നെഹ്റു അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം തന്‍റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കുകയുണ്ടായി. “എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു ലോകത്തിന്റെയും ഇന്ത്യയുടെയും നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം സോഷ്യലിസമാണ്. ഇത് കേവലമായ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ പറയുന്നതല്ല. മറിച്ച് ശാസ്ത്രീയ സാമ്പത്തിക ചിന്തകളുടെ അടിസ്ഥാനത്തില്‍ പറയുന്നതാണ്.”

ഇന്ത്യയിലെ ജനങ്ങളുടെ തീരാദാരിദ്ര്യത്തിനും, തൊഴിലില്ലായ്മക്കും പരിഹാരം കാണണമെങ്കില്‍ നിലവിലെ വ്യവസായ ഭൂബന്ധങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകണം. വിപ്ലവകരമായ മാറ്റം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്വകാര്യസ്വത്ത് അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ ഇല്ലാതാക്കുക എന്നതല്ല, പുതിയ സഹകരണാടിസ്ഥാനത്തിലുള്ള ഉല്‍പാദനബന്ധങ്ങള്‍ ഉണ്ടാകണം. നിലവിലെ മുതലാളിത്ത ഉല്‍പാദനബന്ധങ്ങളില്‍നിന്നും വിപ്ലവകരമായി മാറുന്ന സാഹചര്യത്തിലേക്ക് ഇന്ത്യ മാറണം.

നെഹ്റു താന്‍ ഉദ്ദേശിക്കുന്ന ശാസ്ത്രീയ സോഷ്യലിസത്തെ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ മുന്നോട്ടുവയ്ക്കുന്ന ശാസ്ത്രീയ സോഷ്യലിസത്തില്‍ മനുഷ്യാധ്വാനംകൊണ്ട് ഉല്‍പാദിപ്പിക്കപ്പെടുന്നത് അവര്‍ക്ക് തന്നെ അവകാശപ്പെട്ട രീതിയില്‍ വിതരണം ചെയ്യപ്പെടും. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നതായിരിക്കും എന്ന് മാത്രമല്ല സ്വകാര്യതാല്‍പര്യങ്ങളാല്‍ അവര്‍ ചൂഷണം ചെയ്യപ്പെടില്ല. ഉല്‍പാദന ഉപാധികളുടെ നിയന്ത്രണം സ്വകാര്യതാല്‍പര്യക്കാരുടെ കൈകളിലാകില്ല. ഇത് അര്‍ത്ഥമാക്കുന്നത് വലിയതോതിലുള്ള തുല്യതയിലായിരിക്കും. അന്ന് സോഷ്യലിസത്തിന് മാതൃകയാക്കിയുള്ള റഷ്യയെക്കുറിച്ചും റഷ്യന്‍ വിപ്ലവത്തെക്കുറിച്ചും അദ്ദേഹം പഠിച്ചിരുന്നു എങ്കിലും സോവിയറ്റ് യൂണിയനില്‍ സംഭവിച്ചപോലുള്ള വിപ്ലവം ഇവിടെ സാധ്യമാകുമെന്നദ്ദേഹം കരുതിയിരുന്നില്ല. ഇന്ത്യയ്ക്കനുഗുണമായ സാധ്യതകളാണ് അദ്ദേഹം പരിശോധിച്ചത്.

തന്റെ സോഷ്യലിസ്റ്റ് ചിന്തയ്ക്ക് അടിസ്ഥാനപരമായി രണ്ട് തൂണുകളില്‍ ഉറപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിശദീകരിച്ചിട്ടുള്ളത്.

ഒന്ന് യുക്തിപരതയാണ്. രണ്ട് മാനവികതയാണ്. യുക്തിപരതയിലും മാനവികതയിലും നില്‍ക്കുന്ന സോഷ്യലിസത്തെയാണ് നെഹ്റു സ്വപ്നംകണ്ടത്. 1956 ഏപ്രില്‍ 14ലെ തന്‍റെ പ്രസംഗത്തില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് “Socialistic Pattern of Society” എന്ന അടിസ്ഥാന ഇന്ത്യന്‍ സാമ്പത്തിക-രാഷ്ട്രീയ വികസനത്തിന്റെ ലക്ഷ്യം വ്യക്തമാക്കിയത്. മനുഷ്യമുഖമുള്ള മാനവികതയിലൂന്നിയ സോഷ്യലിസം എന്നതാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദമാക്കി.

1957 ജനുവരി 4 ന് കൂടിയ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ സോഷ്യലിസത്തിന്‍റെ ഇന്ത്യന്‍ വെര്‍ഷനെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നത് “സോഷ്യലിസം പലതരത്തിലുണ്ട്. വികസിക മുതലാളിത്ത വ്യാവസായികരാജ്യങ്ങളില്‍ ഉള്ള സോഷ്യലിസം അതാണ് ഒന്ന്. മറ്റേത് കാര്‍ഷികരാജ്യങ്ങളില്‍ ഉള്ളത്. ഇത് രണ്ടും തികച്ചും വ്യത്യസ്തമാണ്. ഞാന്‍ ചിന്തിക്കുന്നത് മറ്റ് രാജ്യങ്ങളെ അതേപടി അനുകരിക്കുന്നതിന് പകരം അവരവരുടെ അനുഭവങ്ങളെയൊക്കെ ഉപയോഗപ്പെടുത്തി മറ്റൊന്ന് എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ?” എന്നാണ്.

എന്തായാലും മുതലാളിത്തം പ്രശ്നപരിഹാരമല്ല. ഗാന്ധിയുടെ total renunciation (സമ്പൂര്‍ണത്യാഗം) നും പരിമിതിയുണ്ട്. അതുകൊണ്ട് സോഷ്യലിസത്തിന് ഒറ്റവാക്കില്‍ നിര്‍വചനം അസാധ്യമാണ്. എന്തായാലും “സോഷ്യലിസമെന്നത് ഒരു പ്രത്യേക ജീവിതരീതിയല്ല, മറിച്ച് സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ക്കുള്ള ശാസ്ത്രീയമായ സമീപനമാണ്.”

മനുഷ്യത്വം, യുക്തിചിന്ത, തുല്യത എന്നീ പരികല്പനകളുടെ അടിസ്ഥാനത്തില്‍ സോഷ്യലിസ്റ്റ് സാമ്പത്തികക്രമത്തിനനുകൂലമായ സാമ്പത്തിക ഭരണക്രമം ആണ് നെഹ്റു ഇന്ത്യയില്‍ നടപ്പിലാക്കിയത്. പൊതുമേഖലക്ക് വലിയ പ്രാധാന്യം നല്‍കുന്ന, സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ നിക്ഷേപിച്ച് പൊതുസ്വത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുക. ഒപ്പം സ്വകാര്യ മൂലധനനിക്ഷേപം വര്‍ധിക്കുന്ന വിധത്തില്‍ നയസമീപനങ്ങള്‍ കൈക്കൊള്ളുക, ദേശീയതാല്‍പര്യങ്ങളെ സംരക്ഷിക്കുന്ന വിധത്തില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ സ്വകാര്യമേഖലയില്‍ കൊണ്ടുവരിക, പഞ്ചവത്സരപദ്ധതികള്‍ക്ക് രൂപംകൊടുത്ത് സമഗ്ര സാമ്പത്തിക അഭിവൃദ്ധിയിലൂടെ ബ്രിട്ടീഷുകാര്‍ നാശോന്മുഖമാക്കിയ ഇന്ത്യയെ സാമ്പത്തികമായി രക്ഷിച്ചെടുക്കുക തുടങ്ങിയ 1956 ലെ ദേശീയ വികസന കൗണ്‍സിലില്‍ നയം വ്യക്തമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വളരെ പ്രസക്തമാണ്.

“സ്വകാര്യ മൂലധനശക്തികളെ അവരുടെ വഴിക്ക് വിട്ടാല്‍ ഒരു സംശയവും വേണ്ട പണക്കാര്‍ കൂടുതല്‍ പണക്കാരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യും. അതുകൊണ്ട് സ്റ്റേറ്റ് ഇടപെടല്‍ അനിവാര്യമാണ്. സമ്പന്നരില്‍ സമ്പന്നരായവരില്‍നിന്നും ദരിദ്രരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പാര്‍പ്പിടത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമുള്ള സമ്പത്ത് കണ്ടെത്തണം. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപ്പെട്ട വിഭവങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെയാണ് സമ്പന്നര്‍ അവരുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നത്. അതിലൊരുവിഹിതം ദരിദ്രര്‍ക്കു കിട്ടുന്ന വിധത്തിലുള്ള ഗവണ്മെന്‍റ് ഇടപെടലുകള്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പാരമ്പര്യജീവിതരീതികളില്‍നിന്നും ആധുനികജീവിതരീതികളിലേക്കുള്ള മാറ്റമാണ് നമുക്ക് ഉണ്ടാകേണ്ടത്. കുറച്ചുകൂടി ആധുനികമായ സമൂഹവും ശാസ്ത്രവും സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയുള്ള സമൂഹ നിര്‍മിതിയാണ് ഇന്ത്യയിലുണ്ടാകേണ്ടത്.

നെഹ്റുവിന്‍റെ ഫിലോസഫി വളരെ വ്യക്തമാണ്. അത് ആധുനികമാണ്, മനുഷ്യത്വപരമാണ്, നീതിയുക്തമാണ്. തുല്യതയിലും ശാസ്ത്രത്തിലും യുക്തിചിന്തയിലും സാങ്കേതികവിദ്യകളിലും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. നെഹ്റുവിന് തുല്യതയെന്നാല്‍ അവസരസമത്വമാണ്. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ തടസ്സങ്ങളൊന്നുമില്ലാതെ, വ്യക്തിക്കും സമൂഹത്തിനും വികസിക്കാന്‍ കഴിയണം. മനുഷ്യത്വത്തിലാണ് വിശ്വാസം ഉണ്ടാകേണ്ടത്. ഒരു വംശത്തിനും പ്രത്യേക മേന്മയുണ്ടാക്കാന്‍ കഴിയില്ല, അതിനുള്ള സാഹചര്യവും ഉണ്ടാകരുത്.

ഇന്ത്യ എന്ന സ്വതന്ത്രരാജ്യത്തിന് മുന്നോട്ട് പോകാനുള്ള രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ താത്വികചിന്തകള്‍ക്ക് ഇളക്കാന്‍ കഴിയാത്ത അസ്ഥിവാരമിട്ടുകൊണ്ടാണ് നെഹ്റൂവിയന്‍ കാലഘട്ടം അവസാനിക്കുന്നത്. ആ ചിന്തകളെ തമസ്കരിക്കുക എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അവഹേളിക്കുക എന്നാണര്‍ത്ഥം. അതാണ് നെഹ്റുവിന്റെ ഓര്‍മകളുടെ തമസ്കരണത്തിലൂടെ പുതിയ ചെങ്കോല്‍ ഭരണാധികാരികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

പാര്‍ലിമെന്ററി ജനാധിപത്യത്തിന്‍റെ സുവര്‍ണകാലഘട്ടമായാണ് നെഹ്റൂവിയന്‍ കാലഘട്ടം അറിയപ്പെടുന്നത്. പ്രധാനമന്ത്രിയെന്നാല്‍ 40 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണെന്നും. ഭരണകക്ഷിയുടെയോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെയോ പ്രധാനമന്ത്രിയല്ല എന്ന് നിരന്തരബോധ്യത്തോടെ പ്രവര്‍ത്തിച്ച വ്യക്തിയാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു. പാര്‍ലിമെന്‍റിന്റെ ഉത്തരവാദിത്തം ഭരണഘടനാ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും നിയമനിര്‍മാണം നടത്തുകയും ചെയ്യുക എന്നതാണെന്ന് പാര്‍ലിമെന്‍റിനെ ബോധ്യപ്പെടുത്തുന്നതില്‍ ഒരുപക്ഷെ വിജയിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കും നെഹ്റു. പാര്‍ലിമെന്‍റ് ഡിബേറ്റുകള്‍ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യുക മാത്രമല്ല അത് ജനാധിപത്യപരമാണ് എന്ന് ഉറപ്പുവരുത്താനും അദ്ദേഹം ശ്രമിച്ചിരുന്നു.

സ്വന്തം പാര്‍ട്ടിയുടെ പാര്‍ലിമെന്‍റ് മെമ്പര്‍ ബോംബെ ബുല്യന്‍ അസോസിയേഷനെ സഹായിച്ചു എന്ന കാരണത്താല്‍ പാര്‍ലിമെന്‍റ് കമ്മിറ്റിയെ നിയോഗിച്ച് അന്വേഷിപ്പിക്കുകയും സത്യാവസ്ഥ മനസ്സിലാക്കി പാര്‍ലിമെന്‍റംഗത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത പാരമ്പര്യം നെഹ്റുവിന്മാത്രം അവകാശപ്പെട്ടതാണ്.

1955-56 ലെ സംസ്ഥാന റീ ഓര്‍ഗനൈസേഷന്‍ കമ്മീഷന്‍റെ (State reorganisation Commission Report) റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുന്ന വേളയില്‍ പാര്‍ലിമെന്‍റ്, എക്സിക്യുട്ടീവിന്‍റെയോ ഭരിക്കുന്ന പാര്‍ട്ടിയുടെയോ റബ്ബര്‍സ്റ്റാമ്പല്ല എന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ജനങ്ങളുടെ ഹിതമനുസരിച്ച് ചര്‍ച്ചചെയ്ത് നടപടികളിലേക്ക് പോകുക എന്നതാണ് കരണീയമായിട്ടുള്ളത്. അക്കാലത്തെ പാര്‍ലിമെന്‍റ് ഉയര്‍ന്ന ഉത്തരവാദിത്വബോധത്തിന്‍റെ മാതൃകയായിരുന്നു. റെയില്‍വേ അപകടത്തെത്തുടര്‍ന്നാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി രാജിവച്ചത്. LIC നിക്ഷേപവുമായി ബന്ധപ്പെട്ടാണ് ടി.ടി.കൃഷ്ണനാചാരിക്ക് രാജിവയ്ക്കേണ്ടിവന്നത്. ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ടാണ് വി.കെ.കൃഷ്ണമേനോന് രാജിവയ്ക്കേണ്ടി വന്നത്. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ആര്‍മി ചീഫ് തീമയ്യക്ക് രാജിവയ്ക്കേണ്ടിവന്നത്. രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി പണം കൈപ്പറ്റിയ സാഹചര്യത്തിലാണ് ഖനിവകുപ്പ് മന്ത്രിയായ കെ.ഡി.മാളവിയക്ക് രാജിവയ്ക്കേണ്ടിവന്നത് തുടങ്ങിയ ഒട്ടേറെ ഉദാഹരണങ്ങള്‍ പാര്‍ലിമെന്‍റിന്‍റെയും ഭരണകൂടത്തിന്‍റെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടിയായിരുന്നു.

പ്രതിപക്ഷം ദുര്‍ബലമായിരുന്നിട്ടുകൂടി പ്രതിപക്ഷത്തെ കേള്‍ക്കാനും പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനുമുന്‍പ് അവരുമായി കൂടിയാലോചിക്കാനും അദ്ദേഹം നിരന്തരം ശ്രമിച്ചിരുന്നു. അധികാരത്തെക്കാള്‍ രാജ്യവും ജനങ്ങളുമാണ് വലുതെന്നും പ്രതിപക്ഷവും രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്‍റെ സ്പെഷ്യല്‍ അസിസ്റ്റന്‍റ് ആയിരുന്ന എം.ഒ.മത്തായിയുടെ പരാമര്‍ശം പാര്‍ലിമെന്‍റ് അലക്ഷ്യമാണ് (contempt of house) എന്ന് പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ യാതൊരു മടിയുമില്ലാതെ പ്രിവിലേജ് കമ്മിറ്റിക്ക് വിടാന്‍ അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്.

ലോക്സഭാ സെക്രട്ടറി ജനറല്‍ ആയിരുന്ന ശ്രീ. എസ്.എല്‍.ഷക്ധര്‍ (S.L.Shakdhar) പറയുന്നത് പാര്‍ലിമെന്‍റില്‍ എങ്ങനെ പെരുമാറണമെന്ന് നെഹ്റുവിനെ കണ്ട് പഠിക്കണമെന്നാണ്. നെഹ്റു ലോക്സഭാ സ്പീക്കറുടെ സ്ഥാനത്തെ വളരെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. പാര്‍ലിമെന്‍റിന്‍റെ നിഷ്പക്ഷ നേതാവായിരിക്കണം സ്പീക്കര്‍ എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. അതുകൊണ്ട് സ്പീക്കര്‍ പ്രധാനമന്ത്രിയെ കാണാനല്ല വന്നിരുന്നത്. ആരുടെ ആവശ്യമായാലും അദ്ദേഹം സ്പീക്കറെ അങ്ങോട്ടുചെന്നാണ് കണ്ടിരുന്നത്.

പാര്‍ലിമെന്‍റ് ചര്‍ച്ചകള്‍ സുതാര്യവും ജനങ്ങള്‍ക്ക് പ്രാപ്യവുമായിരിക്കണമെന്ന് ചിന്തിച്ച നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ പാര്‍ലിമെന്‍റ് ചര്‍ച്ചകള്‍ പുറത്തുവിടുന്നതില്‍ യാതൊരു സങ്കോചവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പ്രതിരോധത്തെ സംബന്ധിച്ച വിവരങ്ങള്‍വരെ പലപ്പോഴും സുതാര്യമായിരുന്നു.

പാര്‍ലിമെന്‍റിലെ പോളിസി ചര്‍ച്ചകള്‍ അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നവയായിരുന്നു. ലോകത്തിലെ സംഭവവികാസങ്ങള്‍ പാര്‍ലിമെന്‍റ് ചര്‍ച്ചകളുടെ ഭാഗമാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഈജിപ്തിലെ, സൂയിസ് കനാലിന്‍റെ ദേശസാല്‍കരണം, ഇന്ത്യന്‍ പാര്‍ലിമെന്‍റിലെ ചര്‍ച്ചയായിരുന്നു. പാര്‍ലിമെന്‍റിലെ വിസിറ്റേഴ്സ് ഗാലറി പലപ്പോഴും നിറഞ്ഞ് കവിഞ്ഞിരുന്നു. ലോകത്തിലെ മാറ്റങ്ങള്‍ സൂക്ഷ്മതയോടെ വിലയിരുത്തുകയും അത് ഇന്ത്യയുടെ വികസനത്തിന് എങ്ങനെ ഉപയോഗപ്പെടുത്തും എന്ന് ചിന്തിച്ചിരുന്നവരുടെ കൂട്ടായ്മയായിരുന്നു അന്ന് ഇന്ത്യന്‍ പാര്‍ലിമെന്‍റ്.

പാര്‍ലിമെന്‍റംഗങ്ങള്‍ക്ക് സ്വകാര്യബില്ലുകള്‍ അവതരിപ്പിക്കാനുള്ള അവകാശമുണ്ടെങ്കിലും സാധാരണ അവയൊന്നും നിയമമായി വരാറില്ല. ഒരിക്കല്‍ ശ്രീമതി രുഗ്മണി അരുണോദന്‍ കൊണ്ടുവന്ന മൃഗങ്ങള്‍ക്കെതിരായുള്ള ക്രൂരതനിരോധനബില്‍ ചര്‍ച്ചചെയ്യുന്ന അവസരത്തില്‍ ബില്ലിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളെ അംഗീകരിച്ചുകൊണ്ട് അത് ഗവണ്മെന്‍റ് നിയമമാക്കുമെന്ന് പാര്‍ലിമെന്‍റ്സഭയുടെ മുന്നിലേക്കുവന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. 1952 ലെ മുസ്ലീം വഖഫ് ബില്‍, കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീഡിയര്‍ അമെന്‍റ്മെന്‍റ് ബില്‍ 1953, ഹിന്ദു മാരേജ് അമെന്‍റ്മെന്‍റ് ബില്‍, സ്ത്രീധനനിരോധനനിയമം 1952 തുടങ്ങിയവയെല്ലാം സ്വകാര്യബില്ല് നിയമമായതാണ്.

പാര്‍ലിമെന്ററി സംവിധാനം എങ്ങനെ ജനങ്ങളോട് ഉത്തരവാദിത്തപ്പെട്ട് പ്രവര്‍ത്തിക്കാം എന്ന് നടത്തിക്കാണിച്ചുതന്ന കാലഘട്ടമാണ് 1952 മുതല്‍ 1964 വരെയുള്ള നെഹ്റൂവിയന്‍ കാലഘട്ടം. ലോകത്തിലെ അതിപ്രശസ്തരായ നേതാക്കള്‍ക്കിടയിലാണ് നെഹ്റുവിന്‍റെ സ്ഥാനം. ഡോ. സര്‍വേപ്പിള്ളി രാധാകൃഷ്ണന്‍ നെഹ്റുവിനെക്കുറിച്ച് പറഞ്ഞത് “അദ്ദേഹത്തിന് ഒരു ആദരാഞ്ജലിയുടേയും ആവശ്യമില്ല. അദ്ദേഹം സ്വയം നിര്‍മിച്ച ആധുനിക ഇന്ത്യതന്നെയാണ് അദ്ദേഹത്തിനുള്ള സ്മാരകം” എന്നാണ്. ആധുനിക ഇന്ത്യയുടെ സ്രഷ്ടാവിന്‍റെ സ്മാരകമാണ് പ്രധാനമന്ത്രിമാരുടെ സ്മാരകമായി ചരിത്രബോധമില്ലാത്ത പുതിയ ഭരണകൂടം ചെറുതാക്കാന്‍ ശ്രമിക്കുന്നത്.

നെഹ്റുവിന്‍റെ കാലത്താണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കേരള സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടത്. അന്നത്തെ മുഖ്യമന്ത്രിയായ ഇ.എം.എസ്.നമ്പൂതിരിപ്പാട് നെഹ്റുവിനെക്കുറിച്ച് പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. അദ്ദേഹം നെഹ്റുവിനെ വിലയിരുത്തിയിട്ടുള്ളത് ഇപ്പോള്‍ വളരെ പ്രസക്തമാണ്. “ഫാസിസത്തിനെതിരെ ലോകത്തിലെ പുരോഗമനശക്തികളുടെ സഖ്യമുണ്ടാക്കാന്‍ കഴിയുന്ന ശക്തനായ നേതാവായിട്ടാണ് ലോകത്തിലെ കമ്യൂണിസ്റ്റ് മൂവ്മെന്റിന്റെ സഹയാത്രികനും ഇന്ത്യയിലെ രണ്ട് ഇടതുപക്ഷശക്തികളോട് അനുതാപപൂര്‍വമായ നയമെടുക്കുന്ന ആളുമായാണ്.” ഗാന്ധിജിയുടെ ചിന്തകളാണ് നെഹ്റുവിന്‍റെ ആശയതലത്തിന്‍റെ ആഴത്തിനാധാരമെന്നാണ് വി.ആര്‍.കൃഷ്ണയ്യരുടെ വിലയിരുത്തല്‍.

“എന്‍റെ ദേശീയത എന്നാല്‍ ആഴത്തിലുള്ള അന്തര്‍ദേശീയതയാണ്. ദേശങ്ങള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള കലഹത്താല്‍ ഞാന്‍ രോഗാതുരനാണ്” എന്ന ഗാന്ധിയന്‍ ഫിലോസഫിയുടെ വക്താവാണ് നെഹ്റു.

1958ല്‍ പാര്‍ലിമെന്‍റില്‍ വിദേശനയത്തെ സംബന്ധിച്ച് ചര്‍ച്ചനടക്കുന്ന വേളയില്‍ ഇന്ത്യന്‍ വിദേശനയത്തിന്റെ പൊരുള്‍ നെഹ്റു വ്യക്തമാക്കുകയുണ്ടായി.

“ഇന്ത്യയുടെ വിദേശനയത്തെ നെഹ്റുവിന്റെ നയം എന്ന് വിശേഷിപ്പിക്കുന്നത് തീര്‍ത്തും തെറ്റാണ്. ഞാന്‍ നയത്തിന് ശബ്ദം നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഞാനല്ല ഇത് ഉണ്ടാക്കിയത്. ഇന്ത്യയുടെ പാരമ്പര്യത്തില്‍ അന്തര്‍ലീനമായ നയമാണിത്. നമ്മുടെ ഭൂതകാലചിന്തകളില്‍ അന്തര്‍ലീനമായത്, ഇന്ത്യയുടെ മാനസിക കാഴ്ചപ്പാടുകളില്‍ അന്തര്‍ലീനമായത്, സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ രൂപപ്പെട്ട മാനസികഘടനയില്‍നിന്നും അന്തര്‍ലീനമായത്. ഇപ്പോഴത്തെ ലോകസാഹചര്യത്തില്‍നിന്നും അന്തര്‍ലീനമായത്. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ തികച്ചും അവിചാരിതമായി വിദേശനയത്തെ പ്രതിനിധീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരുകാര്യം എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ആര് വിദേശകാര്യം കൈകാര്യം ചെയ്താലും, ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവര്‍ക്ക് ഈ നയത്തില്‍ വലിയ മാറ്റംവരുത്താന്‍ കഴിയില്ല.”

ഇതാണ് ഇന്ത്യയുടെ ചേരിചേരാനയത്തിന്‍റെ പൊരുള്‍. ഈ വിദേശനയത്തില്‍നിന്നും ഇന്ത്യക്ക് മാറണമെങ്കില്‍ അവര്‍ക്ക് ചരിത്രത്തെ നിധേഷിച്ചേ തീരൂ. അതാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യന്‍ വിദേശനയത്തിന്‍റെ പ്രാധാന്യം എന്ന് പറയുന്നത് അന് നിലനിന്നിരുന്ന വരുദ്ധശാക്തിക ചേരികളില്‍നിന്നും അകന്നുനിന്ന് സ്വാതന്ത്ര്യത്തിലും സമാധാനത്തിലും അടിസ്ഥാനമായ സ്വതന്ത്രമായ ഒരു ഇന്ത്യന്‍പാത രൂപപ്പെടുത്തി എന്നതാണ്. അത് നെഹ്റുവിനെപ്പോലുള്ള ആളുകള്‍ ലോകസാഹചര്യത്തെ വിലയിരുത്തിക്കൊണ്ടും ഗാന്ധിയന്‍ മൂല്യങ്ങളില്‍ അടിയുറച്ചും രൂപപ്പെടുത്തിയതാണ്.

ചേരിചേരാനയത്തെ കയ്യൊഴിയുക എന്നാല്‍ ഇന്ത്യന്‍ സ്വതന്ത്രപാരമ്പര്യത്തെ കയ്യൊഴിയുക എന്ന് തന്നെയാണ്. അതാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും.

ശാസ്ത്രത്തിനു മാത്രമേ വിശപ്പും ദാരിദ്ര്യവും തുടച്ചുനീക്കാന്‍ കഴിയൂ എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു നെഹ്റു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനം ശാസ്ത്ര-സാങ്കേതികവിദ്യകളുടെ വികാസത്തിലൂടെ സാധ്യമാക്കുന്നതിനായി ശാസ്ത്രസ്ഥാപനങ്ങളുടെ വലിയ ഒരു നിരതന്നെ നിര്‍മിച്ചുകൊണ്ട് പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. ഹോമിഭാഭ, ശാന്തിനഗര്‍ ഭട്നാഗര്‍ തുടങ്ങിയ പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തില്‍ ഇന്ത്യയെ പുനര്‍നിര്‍മിക്കാനുള്ള ഒട്ടേറെ ഗവേഷണസ്ഥാപനങ്ങള്‍ ആരംഭിച്ചു. 1958 ല്‍ നെഹ്റു മുന്നോട്ടുവച്ച “സയന്‍സ് പോളിസി റെസലൂഷന്‍” ആണ് ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതികവിദ്യയുടെ അടിത്തറ.

നെഹ്റുവിന്റെ ശാസ്ത്രബോധം

രാജ്യത്ത് സാമൂഹികാഭിവൃദ്ധി സാധ്യമാകണമെങ്കില്‍ അവിടത്തെ ജനങ്ങളുടെ ചിന്താരീതി കാര്യകാരണബന്ധത്തില്‍ അധിഷ്ഠിതമാകണമെന്ന് കരുതിയിരുന്ന ആളാണ് നെഹ്റു. ശാസ്ത്രത്തിന്‍റെ സാമൂഹിക സാധ്യതകള്‍ക്കാണ് അദ്ദേഹം കൂടുതല്‍ പരിഗണന നല്‍കിയത്. സത്യം കണ്ടെത്തുന്നതിനുള്ള വ്യക്തികളുടെ അന്വേഷണമല്ല ശാസ്ത്രമെന്നും നമ്മുടെ ചിന്തയുടെയും പ്രവൃത്തിയുടെയും അവിഭാജ്യഭാഗമാണ് ശാസ്ത്രമെന്നു വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത രാഷ്ട്രീയനേതാവും പ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്‍റെ ഭാഷയില്‍തന്നെ പറഞ്ഞാല്‍ “ശാസ്ത്രമെന്നത് കേവലം ടെസ്റ്റ്ട്യൂബ് പരീക്ഷണങ്ങളോ വാതകങ്ങള്‍ ഇടകലര്‍ത്തി നോക്കുന്നതോ അല്ല ശാസ്ത്രം. അടിസ്ഥാനപരമായി നമ്മുടെ ചിന്തയ്ക്കും മനസ്സിനും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുംവിധം നല്‍കുന്ന പരിശീലനമാണ്. അതൊരു സാമൂഹ്യചിന്താപദ്ധതിയാണ്.”

ശാസ്ത്രം നമ്മുടെ പാരമ്പര്യവിശ്വാസങ്ങളേയും ആചാരങ്ങളേയും വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേകരീതിയില്‍ നോക്കിക്കാണാനും വിലയിരുത്താനും സഹായിക്കുന്നു. പരമ്പരാഗതമാണ് എന്നുള്ളതുകൊണ്ട് ചോദ്യങ്ങള്‍ക്ക് അതീതമാണ് എന്ന് കരുതേണ്ടതില്ല. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍, വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യുന്നതാണ് ശാസ്ത്രീയത. രാഷ്ട്രീയത്തിനും സാംസ്കാരികതയ്ക്കും അടിമപ്പെടാതെയുള്ള മനസ്സിനു മാത്രമേ വിമര്‍ശനാത്മകമായും സാധാരണമായും പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്. ശാസ്ത്രമെന്നത് അവസാനിക്കാത്ത യാത്രയാണ്. പുതിയ പുതിയ ഉള്‍ക്കാഴ്ചകളും ജീവിതരീതിയും പുതിയ അര്‍ത്ഥങ്ങളും അത് നല്‍കും. മനുഷ്യന്‍റെ ദീര്‍ഘചരിത്രത്തില്‍ അവനില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് ശാസ്ത്രമാണ് എന്ന് പൂര്‍ണമായും ബോധ്യപ്പെട്ട വ്യക്തിയാണ് നെഹ്റു.

നെഹ്റുവിന്റെ ശാസ്ത്രബോധത്തെ ഡേവിഡ് അര്‍നോള്‍ഡ് വിലയിരുത്തുന്നത് ഇപ്രകാരമാണ്.

  1. സമൂഹത്തെ മാറ്റുന്നതിനും നിലനില്‍ക്കുന്ന സാമൂഹ്യമനോനില മാറ്റുന്നതിനുമുള്ള സാമൂഹ്യ-സാംസ്കാരിക പദ്ധതിയാണിത്.
  2. നെഹ്റുവിന്റെ ശാസ്ത്രം രാഷ്ട്രത്തിന്‍റെ ശാസ്ത്രമാണ്. രാഷ്ട്രത്തിന് നിയന്ത്രണമുള്ള ശാസ്ത്രം ജനങ്ങളില്‍ പ്രയോഗിക്കുകയാണ്.
  3. നെഹ്റുവിന്റെ ശാസ്ത്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബില്‍ഡിങ് പദ്ധതിയാണ്
  4. നെഹ്റുവിന്റെ ശാസ്ത്രം ചരിത്രപരതയുള്ളതാണ്.

ഇന്ത്യയെ കണ്ടെത്തല്‍ എന്ന പ്രസിദ്ധമായ പുസ്തകത്തില്‍ അദ്ദേഹം നമ്മുടെ പാരമ്പര്യം എന്താണ് എന്ന് ചോദിക്കുന്നുണ്ട്. നമ്മുടെ മൂലമെവിടെയാണ് എന്നന്വേഷിക്കുന്നുണ്ട്. ആയിരക്കണക്കിന് ജനങ്ങളുടെ സന്തോഷത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും സാഹസികതയുടെയും നേട്ടമാണ് മാനവരാശിയുടെ പാരമ്പര്യം എന്ന് ലോകമാനവികതയുടെ വക്താവായ നെഹ്റു അവിടെ വ്യക്തമാക്കുന്നുണ്ട്.

അദ്ദേഹം വിശ്വസിച്ചിരുന്നത് ശാസ്ത്രത്തിന് അതിരുകള്‍ ഇല്ല എന്നാണ്. ശാസ്ത്രത്തെ അതിര്‍ത്തികള്‍ക്കുള്ളില്‍ കുടുക്കിയിടാന്‍ കഴിയില്ല, ശാസ്ത്രം അതിനപ്പുറമാണ്. ശാസ്ത്രജ്ഞര്‍ ഇടുങ്ങിയ ദേശീയതക്കും, ജനങ്ങളുടെയും ഗവണ്മെന്‍റിന്‍റെയും ദേശീയതാല്‍പര്യ സമ്മര്‍ദ്ദങ്ങളില്‍നിന്നും വിമുക്തരായി ചിന്തിക്കണം.


ശാസ്ത്രത്തിന്‍റെ നേട്ടങ്ങളില്‍ പങ്കാളികളായി അതിനെ ഉപയോഗപ്പെടുത്തി ജീവിക്കുമ്പോഴും സാമൂഹ്യജീവിതത്തില്‍ മതാധിഷ്ഠിതമായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയസാഹചര്യമാണ് ഇന്ത്യയിലിപ്പോഴുള്ളത്. ചന്ദ്രയാന്‍ ദൗത്യത്തിന്‍റെ വിജയം ആഘോഷിക്കുമ്പോള്‍ തന്നെ ഗ്യാന്‍വ്യാപി പള്ളിയില്‍ ശിവവിഗ്രഹം കണ്ടെത്താന്‍ ശ്രമിക്കുന്ന, അത് ശരിയാണ് എന്ന് കരുതുന്ന പൊതുബോധത്തില്‍ തളച്ചിടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തിന് എതിരായിരുന്നു നെഹ്റു. ചാന്ദ്രയാന്‍-3 ദൗത്യത്തിന്‍റെ ഭാഗമായി റോവര്‍ എന്ന പേടകം ചന്ദ്രനിലിറങ്ങിയ സ്ഥലത്തിന്‍റെ പേര് ‘ശിവശക്തി’ എന്ന് പേരിടാന്‍ ധൈര്യപ്പെട്ട ഭരണനേതൃത്വമാണ് ഇന്നുള്ളത്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പേരിലുള്ള മ്യൂസിയവും ലൈബ്രറിയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. നെഹ്റുവിന്റെ ചിന്താപദ്ധതിക്ക് വിരുദ്ധമായ സങ്കുചിത മതാധിഷ്ഠിത പദ്ധതിയുടെ പ്രചാരകരായ പുതിയ ഭരണകൂടത്തിന് നെഹ്റുവിനെ ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നുതന്നെ ഒഴിവാക്കണം.

കവിതപോലെ ഒസ്യത്ത് എഴുതിയയാളാണ് നെഹ്റു. എനിക്ക് തന്ന സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും അളവ് പരിശോധിച്ചാല്‍ അതിന്‍റെ ഒരു ചെറിയ അംശം പോലും എനിക്ക് തിരികെ നല്‍കാനായിട്ടില്ല എന്ന് വിനയാന്വിതനായി 1954 ജൂണ്‍ 21 ന് എഴുതിവച്ച് ഒസ്യത്തിന്‍റെ രത്നച്ചുരുക്കം ഇപ്രകാരമാണ്: “എന്‍റെ മരണശേഷം എന്റെ ഭൗതികശരീരം യാതൊരു മതാചാരചടങ്ങുമില്ലാതെ സംസ്കരിക്കണം. അതില്‍നിന്നും ലഭിക്കുന്ന ചാരം മുഴുവനായും വാരിയെടുക്കണം. ഒരംശംപോലും സൂക്ഷിച്ച് വയ്ക്കരുത്. അതിലൊരംശം ഗംഗയിലൊഴുക്കണം, മതാചാരത്തിന്‍റെ ഭാഗമായല്ല ഗംഗയിലൊഴുക്കണമെന്ന് ആവശ്യപ്പെടുന്നത്. അലഹബാദില്‍ ജനിച്ച ഞാന്‍ ഗംഗയുടെയും യമുനയുടെയും താളങ്ങള്‍ കേട്ടാണ് ജീവിച്ചത്. മഞ്ഞുമലയില്‍നിന്നും ആരംഭിച്ച ഗംഗ ഇന്ത്യയുടെ താഴ്വരകളിലൂടെയും സമതലത്തിലൂടെയും എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ടാണ് സമുദ്രത്തിലെത്തിച്ചേരുന്നത്. ഇന്ത്യയുടെ പ്രതീകമാണ് ഗംഗ. ഗംഗ എന്നെ സംബന്ധിച്ചിടത്തോളം ഓര്‍മകളിലൂടെ ഭൂതകാലങ്ങളില്‍ നിന്നുത്ഭവിച്ച് വര്‍ത്തമാനത്തിലൂടെ സഞ്ചരിച്ച് സമുദ്രമാകുന്ന ഭാവിയിലേക്ക് ഒഴുകുന്ന എന്‍റെ ജീവിതത്തിന്‍റെ പ്രതീകമാണ്. ഗംഗ അതിന്‍റെ തീരങ്ങളെ നിരന്തരം ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ആ പ്രകൃതിയുടെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചിതാഭസ്മത്തിന്‍റെ വലിയഭാഗം വിമാനത്തില്‍നിന്നും താഴേക്ക് വിതറണം. ഇന്ത്യയിലെ തൊഴിലാളികള്‍ പണിയെടുക്കുന്ന പാടങ്ങളിലെ ചെളിയുടെയും മണ്ണിന്റെയും ഭാഗമായി അത് മാറട്ടെ. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇതിലും സുന്ദരമായ സന്ദേശം നല്‍കാന്‍ ഒരു രാഷ്ട്രീയനേതാവിന് കഴിയുമോ?



Nehruvian India - Punarvayanayude Rashtreeyam
നെഹ്റുവിയന്‍ ഇന്ത്യ: പുനര്‍വായനയുടെ രാഷ്ട്രീയം
Happy
Happy
0 %
Sad
Sad
80 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്റെ അവകാശങ്ങൾ എനിക്കറിയാം – കുട്ടികളുടെ അവകാശങ്ങൾ
Next post ചെറുധാന്യങ്ങൾ: വൈവിധ്യവും സാധ്യതകളും 
Close