ആവര്‍ത്തനപ്പട്ടികയും മെന്‍ദലീഫും

സംഗീത ചേനംപുല്ലി

എഴുത്തുകാരി, രസതന്ത്ര അധ്യാപിക

രസതന്ത്രത്തെ വിവിധ ശാസ്ത്രശാഖകളുമായും, ശാസ്ത്രത്തെ സമൂഹവുമായും വ്യവസായ രംഗവുമായും കൂട്ടിയിണക്കാന്‍ കഴിഞ്ഞ മെന്‍ദലീഫ് ഒരു അപൂര്‍വ്വ പ്രതിഭ തന്നെയായിരുന്നു.

മെന്‍ദലീഫ് – റഷ്യൻ സ്റ്റാമ്പില്‍ | copyrighted image : .pinterest.com

ഭൂമിയില്‍ കാണപ്പെടുന്ന എല്ലാ വസ്തുക്കളും നിര്‍മിക്കപ്പെട്ടിരിക്കുന്നത് പ്രകൃതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന തൊണ്ണൂറ്റിരണ്ട് മൂലകങ്ങളും അവ പല അളവില്‍ കൂടിച്ചേര്‍ന്നുണ്ടായ സംയുക്തങ്ങളും കൊണ്ടാണ്. തൊണ്ണൂറ്റിരണ്ടിന് പുറമേ മനുഷ്യനിര്‍മ്മിതമായ ഇരുപത്താറ് മൂലകങ്ങള്‍ കൂടിച്ചേര്‍ന്നതാണ് രസതന്ത്ര കുടുംബം. ഈ മൂലകങ്ങള്‍ തികച്ചും വ്യത്യസ്തമായ സ്വഭാവ സവിശേഷതകള്‍ കാണിക്കുന്നവയാണ്. ഒരു ലോഹമായ ഇരുമ്പ് ഖരാവസ്ഥയിലാണെങ്കില്‍ മറ്റൊരു ലോഹമായ മെര്‍ക്കുറി ദ്രാവകമാണ്. ബള്‍ബുകളുടെ ഫിലമെന്‍റ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹമായ ടങ്സ്റ്റണ്‍ മൂവായിരം ഡിഗ്രിസെല്‍ഷ്യസിലധികം താപനിലയിലും ഉരുകുന്നില്ല, എന്നാല്‍ മറ്റൊരു ലോഹമായ ഗാലിയം കൈവെള്ളയില്‍ വെക്കുമ്പോഴേ ഉരുകിയൊലിക്കുന്നു. അലോഹമായ കാര്‍ബണിന്റെ വിവിധരൂപങ്ങളെല്ലാം ഖരാവസ്ഥയില്‍ കാണപ്പെടുമ്പോള്‍ അലോഹങ്ങളില്‍ തന്നെ ഉള്‍പ്പെട്ട ഓക്സിജനും, നൈട്രജനുമെല്ലാം വാതകങ്ങളാണ്. മൂലകങ്ങളുടെ ഇത്തരം വളരെ വ്യത്യസ്തമായ സ്വഭാവങ്ങള്‍ കാരണം അവയെപ്പറ്റി പഠിക്കുക വളരെ പ്രയാസമാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. പക്ഷേ ഇവയുടെ പഠനം വളരെ എളുപ്പമാക്കുന്ന ഒരു സൂത്രമുണ്ട്. അതാണ്‌ രസതന്ത്രജ്ഞരുടെയും ഭൗതികശാസ്ത്രജ്ഞരുടെയുമെല്ലാം സഹായിയായ ആവര്‍ത്തനപ്പട്ടിക. ഒറ്റ നോട്ടത്തില്‍ വളരെ വ്യത്യസ്തരെന്നു തോന്നുന്ന മൂലകങ്ങളെ വിവിധ ഗ്രൂപ്പുകളായി തരംതിരിച്ച് അവയുടെ പഠനം വളരെ എളുപ്പമാക്കുന്നു ഈ പട്ടിക. മൂലകങ്ങളെ തരംതിരിക്കാന്‍ മാത്രമല്ല ഏതൊക്കെ തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച് സംയുക്തങ്ങള്‍ ഉണ്ടാകുമെന്ന് പ്രവചിക്കാനും, ഈ സംയുക്തങ്ങളുടെ സ്വഭാവങ്ങള്‍ മനസ്സിലാക്കാനുമൊക്കെ ആവര്‍ത്തനപ്പട്ടിക സഹായിക്കും. ശാസ്ത്രരംഗത്തുള്ള മറ്റനേകം ഉദാഹരണങ്ങള്‍ പോലെ ആവര്‍ത്തനപ്പട്ടികയും ഒരാളുടെ  മാത്രം കണ്ടെത്തലാണെന്ന് പറയാനാവില്ല.പല ശാസ്ത്രജ്ഞര്‍ പല നൂറ്റാണ്ടുകളിലായി അവതരിപ്പിച്ച നിരീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ടും പരിഷ്കരിച്ചുമാണ് ആവര്‍ത്തനപ്പട്ടിക ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന രൂപത്തില്‍ എത്തിയത്. ആ കഥയാവട്ടെ ശാസ്ത്രത്തിന്‍റെ യുക്തിബോധത്തിനൊപ്പം മനുഷ്യഭാവന കൂടി പ്രവര്‍ത്തിക്കുന്നതിനുള്ള മികച്ച ഉദാഹരണവുമാണ്.

സ്ലോവാക് സര്‍വകലാശാലയില്‍ സ്ഥാപിച്ച മെന്‍ദലീഫ് സ്മാരകം | കടപ്പാട് : വിക്കിമീഡിയ

ആയിരത്തി എണ്ണൂറ്റി അറുപതുകളില്‍ റഷ്യയിലെ സെന്റ്‌ പീറ്റേഴ്സ് ബര്‍ഗിലുള്ള ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രസതന്ത്രാധ്യാപകനായിരുന്നു ദിമിത്രി മെന്‍ദലീഫ്. തന്റെ വിദ്യാര്‍ഥികള്‍ക്കായി രസതന്ത്രപാഠപുസ്തകങ്ങള്‍ എഴുതുമ്പോഴാണ് അദ്ദേഹം ഒരു പ്രതിസന്ധിയില്‍ എത്തിപ്പെട്ടത്. അന്ന് അറിവുണ്ടായിരുന്ന അറുപതിലധികം മൂലകങ്ങളെ വര്‍ഗ്ഗീകരിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതാണ് രസതന്ത്രത്തെ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാകും വിധം ആവിഷ്കരിക്കാനും  മൂലകങ്ങളേയും സംയുക്തങ്ങളെയും പറ്റി വേണ്ടവിധത്തില്‍ പഠിക്കാനും തടസ്സമാകുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കി. തുടര്‍ന്ന് മൂലകങ്ങളെ അവയുടെ രാസഗുണങ്ങളുടെ അടിസ്ഥാനത്തില്‍ തരാം തിരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. രസതന്ത്രത്തിന്റെയും മറ്റ് ശാസ്ത്രശാഖകളുടെയുമെല്ലാം മുഖച്ഛായ മാറ്റിയ ആവര്‍ത്തനപ്പട്ടികയുടെ പിറവിയുണ്ടാകുന്നത് അങ്ങനെയാണ്. വസ്തുക്കളെ അവയുടെ ഗുണങ്ങള്‍ അടിസ്ഥാനമാക്കി തരംതിരിക്കാനുള്ള പ്രവണത മനുഷ്യര്‍ക്കിടയില്‍ പണ്ടുമുതലേ ഉള്ളതാണ്. പഞ്ചഭൂത സിദ്ധാന്തമടക്കം നിരവധി ശ്രമങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ കൂടുതല്‍ കാര്യക്ഷമമായ ഒരു വര്‍ഗ്ഗീകരണ സമ്പ്രദായം മുന്നോട്ട് വെച്ചുകൊണ്ട് ശാസ്ത്രപഠനത്തെ കൂടുതല്‍ ചിട്ടയായതും ദിശാബോധമുള്ളതുമാക്കിത്തീര്‍ക്കാന്‍ ആവര്‍ത്തനപ്പട്ടികയുടെ കണ്ടെത്തലിന് കഴിഞ്ഞു. മാത്രമല്ല രസതന്ത്രത്തിന് പുറമേ ഭൗതികശാസ്ത്രം, ജീവശാസ്ത്രം, ജിയോളജി എന്നിവയുടെയെല്ലാം പഠനങ്ങളെ കൂടുതല്‍ എളുപ്പമുള്ളതാക്കിത്തീര്‍ക്കാനും, വിവിധ ശാസ്ത്രശാഖകളെ തമ്മില്‍ കൂട്ടിയിണക്കാനും ആവര്‍ത്തനപ്പട്ടികയുടെ കണ്ടെത്തല്‍ കൊണ്ട് സാധിച്ചു. ദിമിത്രി മെന്‍റലീഫ്  ഇന്നുപയോഗിക്കുന്ന ആവര്‍ത്തനപ്പട്ടികയുടെ പ്രാഗ്രൂപം അവതരിപ്പിച്ചതിന്റെ നൂറ്റന്‍പതാം വാര്‍ഷികമാണിത്. ശാസ്ത്രത്തെ പുതിയ വഴികളിലേക്ക് നയിക്കുന്നതില്‍ ഈ കണ്ടുപിടിത്തം വഹിച്ച പങ്ക് തിരിച്ചറിഞ്ഞുകൊണ്ടാണ് ഐക്യരാഷ്ട്രസഭ 2019 ആവര്‍ത്തനപ്പട്ടികയുടെ വര്‍ഷമായി ആചരിക്കുന്നത്.

1887 ല്‍ നടന്ന ബ്രിട്ടീഷ് ആസോസിയേഷൻ ഓഫ് ദി അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ് (BAAS) ന്റെ 52-മത് കോണ്‍ഗ്രസിലെ പ്രതിനിധികള്‍. | കടപ്പാട് : വിക്കിപീഡിയ

മെന്‍ദലീഫ് എന്ന ഭാവനാശാലി

റഷ്യയിലെ സൈബീരിയയിലെ ടോബോള്‍സ്കിലുള്ള ഒരു ഗ്രാമത്തിലാണ് 1834 ല്‍ ദിമിത്രി മെന്‍ദലീഫ് ജനിച്ചത്. അച്ഛനായ ഇവാന്‍ പാവ്ലോവിച് മെന്‍ദലീഫ് അധ്യാപകനും അമ്മയായ മരിയ ദിമിത്രിയേവ്ന വീട്ടമ്മയുമായിരുന്നു. ഒരു ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച മെന്‍ദലീഫ് പില്‍ക്കാലത്ത് ആ വിശ്വാസം ഉപേക്ഷിക്കുന്നുണ്ട്. പതിനേഴ്‌ മക്കളില്‍ ഏറ്റവും ഇളയയാളായിരുന്നു അദ്ദേഹം.മെന്‍ദലീഫിന്റെ ചെറിയ പ്രായത്തില്‍ തന്നെ പിതാവിന് കാഴ്ചയും അതിനെത്തുടര്‍ന്ന് ജോലിയും  നഷ്ടപ്പെടുകയും അമ്മക്ക് അവരുടെ കുടുംബത്തിന്‍റെ പൂട്ടിയിട്ട ഗ്ലാസ് ഫാക്ടറി ഏറ്റെടുത്ത് നടത്തേണ്ടി വരികയും ചെയ്തു. ഗ്ലാസ് ഫാക്ടറിയും കത്തിനശിച്ചതോടെ കുടുംബം ദാരിദ്ര്യത്തിലേക്ക് വീണു. മകന്റെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അമ്മ അവനെക്കൂട്ടി മോസ്കോയില്‍ എത്തിയെങ്കിലും മോസ്കോ സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിച്ചില്ല. ദാരിദ്ര്യം കാര്‍ന്നുതിന്നുമ്പോള്‍ സൈബീരിയയില്‍ നിന്ന് ഏറെ അകലെ മോസ്കൊയിലെക്കുള്ള അവരുടെ യാത്ര വലിയ സാഹസം തന്നെയായിരുന്നു. പിന്നീട് കുടുംബം സെന്റ്‌പീറ്റേഴ്സ്ബര്‍ഗിലേക്ക് മാറുകയും അവിടത്തെ മെയിന്‍ പെഡഗോജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെന്‍ദലീഫിന് പ്രവേശനം ലഭിക്കുകയും ചെയ്തു. ബിരുദം കഴിഞ്ഞയുടനെ ക്ഷയരോഗം ബാധിച്ചതിനാല്‍ ക്രിമിയയിലേക്ക് താമസം മാറുകയും അവിടെ വെച്ച് ബിരുദാനന്തര ബിരുദം നേടുകയുമായിരുന്നു. കേശികത്വവും സ്പെക്ട്രോസ്കോപ്പിയുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഗവേഷണ മേഖല. സെന്റ്‌പീറ്റേഴ്സ് ബര്‍ഗ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും അവിടത്തെ തന്നെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുമായിരുന്നു ആദ്യകാലത്ത് ജോലി ചെയ്തത്. 1867 സെന്റ്‌പീറ്റേഴ്സ് ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ സ്ഥിരം അധ്യാപകനായി ചേരുകയും രസതന്ത്രഗവേഷണത്തിലെ മുന്‍നിരസ്ഥാപനമായി അതിനെ മാറ്റുകയും ചെയ്തു. ഇക്കാലത്താണ് രസതന്ത്ര പാഠപുസ്തകങ്ങള്‍ എഴുതുന്നതും അങ്ങനെ ആവര്‍ത്തനപ്പട്ടികയുടെ കണ്ടെത്തലിലേക്ക് എത്തുന്നതും. പെട്രോളിയം ഉള്‍പ്പടെ വിവിധ മേഖലകളില്‍ അദ്ദേഹം ഗവേഷണം നടത്തുകയും റഷ്യയിലെ  ആദ്യ പെട്രോളിയം റിഫൈനറി സ്ഥാപിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തു. ഇന്ധനം എന്നതിനപ്പുറം പലതരം രാസവസ്തുക്കളുടെ ഉറവിടമാണ് പെട്രോളിയം എന്ന് മെന്‍റ്ലീഫ്മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ഇന്ധനമായി പെട്രോളിയം ഉപയോഗിക്കുന്നത് ബാങ്ക് നോട്ടുകള്‍ കൊണ്ട് അടുപ്പില്‍ തീയെരിക്കുന്ന പോലെയാണെന്ന് അദ്ദേഹം പറഞ്ഞത്. 1893 ല്‍ അളവുതൂക്ക ബ്യൂറോയുടെ ഡയരക്ടറായി സ്ഥാനമേറ്റ അദ്ദേഹം മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു. നോബല്‍ സമ്മാനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും മറ്റൊരു പ്രമുഖ ശാസ്ത്രജ്ഞനായ അറീനിയസിന്റെ ഇടപെടല്‍ മൂലമാണ് നോബല്‍ ലഭിക്കാതെ പോയതെന്ന് കരുതപ്പെടുന്നു. രസതന്ത്രം, ഭൗതികശാസ്ത്രം, കെമിക്കല്‍ ടെക്നോളജി, ജിയോളജി തുടങ്ങി വിവിധ മേഖലകളില്‍ മെന്‍ദലീഫ് ഗണ്യമായ സംഭാവനകള്‍ നല്‍കി. 101 അറ്റോമിക സംഖ്യയുള്ള മൂലകത്തിന് മെന്‍ദലീവിയം എന്ന് പേരുനല്‍കിയത് അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ്. റോയല്‍ സൊസൈറ്റിയുടെ ഡേവി മെഡല്‍, കൊപ്ലെ മെഡല്‍, വിവിധ അക്കാദമി അംഗത്വങ്ങള്‍ തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹം നേടി. ശാസ്ത്രത്തിന്റെ അതിരുകള്‍ വിശാലമാക്കിയ ഭാവനാശാലികളില്‍ മുന്‍പന്തിയില്‍ തന്നെയാണ് മെന്‍ദലീഫിന്റെ സ്ഥാനം.

മെന്‍ദലീഫും ആവര്‍ത്തനപ്പട്ടികയും

മെന്‍ദലീഫിന്റെ ആവര്‍ത്തനപ്പട്ടിക |കടപ്പാട്: വിക്കിമീഡിയ

പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ധാരാളം പുതിയ മൂലകങ്ങള്‍ കണ്ടെത്തപ്പെട്ടിരുന്നു. ഒരു വര്‍ഷത്തില്‍ ഒന്നെന്ന തോതില്‍ പുതിയ മൂലകങ്ങള്‍ കണ്ടെത്തിക്കൊണ്ടിരുന്നു. അത് കൊണ്ടുതന്നെ ഇവയുടെ യുക്തിസഹമായ വര്‍ഗ്ഗീകരണം രസതന്ത്ര പഠനത്തിന് അത്യാവശ്യമായിരുന്നു. ശാസ്ത്രത്തിന്റെ സൗധത്തെ നിര്‍മ്മിച്ചെടുക്കാന്‍ നിര്‍മ്മാണവസ്തുക്കള്‍ മാത്രം പോരാ, അവയുടെ അനുപാതങ്ങള്‍ തിരിച്ചറിഞ്ഞ് അടുക്കിവെക്കാനുള്ള ഒരു രീതിശാസ്ത്രം കൂടി ഉണ്ടാവേണ്ടതുണ്ട് എന്ന് മെന്‍ദലീഫ് മനസ്സിലാക്കി.

[box type=”info” align=”” class=”” width=””]മൂലകങ്ങളെ അവയുടെ ഭൗതികാവസ്ഥയുടെ അടിസ്ഥാനത്തില്‍  വര്‍ഗ്ഗീകരിക്കുന്ന രീതിയും അറ്റോമിക ഭാരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിക്കുന്ന രീതിയും അന്നുണ്ടായിരുന്നു. എന്നാല്‍ ഇവ രണ്ടും സംയോജിപ്പിച്ച് സമഗ്രമായ ഒരു വര്‍ഗ്ഗീകരണ പദ്ധതി കൊണ്ടുവരാന്‍ കഴിഞ്ഞതാണ് മെന്‍ദലീഫിന്‍റെ നേട്ടം. [/box]

സോളിറ്റയര്‍ എന്ന ചീട്ടുകളിയില്‍ ചിഹ്നം അടിസ്ഥാനമായും സംഖ്യാവില  അടിസ്ഥാനമായുമുള്ള രണ്ടുതരം വര്‍ഗ്ഗീകരണങ്ങള്‍ ഒരേ സമയം നടക്കുന്നുണ്ട്. ഇതേ മാതൃകയില്‍ മൂലകങ്ങളുടെ സ്വഭാവവും അറ്റോമിക ഭാരവും ഉള്‍പ്പെടുത്തിയ അറുപത്തിമൂന്ന് ചീട്ടുകള്‍ മെന്‍റ്ലീഫ് തയ്യാറാക്കി എന്നാണ് കഥ. അവയുടെ വ്യത്യസ്തമായ ക്രമീകരണങ്ങള്‍ വഴിയാണത്രേ ആവര്‍ത്തനപ്പട്ടികയുടെ അടിസ്ഥാനമായ ആവര്‍ത്തന നിയമം അദ്ദേഹം കണ്ടെത്തിയത്. രാസസ്വഭാവങ്ങളിൽ സമാനങ്ങളായ മൂലകങ്ങളുടെ അണുഭാരങ്ങള്‍ ഏതാണ്ട്  തുല്യമോ ക്രമാനുഗതമായി വര്‍ധിക്കുന്നതോ ആണെന്ന് അദ്ദേഹം കണ്ടെത്തി.മൂലകങ്ങളുടെ രാസസ്വഭാവങ്ങള്‍ അവയുടെ അറ്റോമിക ഭാരത്തെ ആശ്രയിച്ചിരിക്കുന്നു എന്ന ആവര്‍ത്തന സിദ്ധാന്തവും അദ്ദേഹം മുന്നോട്ട് വെച്ചു. പ്രകൃതിയില്‍ സുലഭമായി കാണപ്പെടുന്ന മൂലകങ്ങളുടെ അറ്റോമിക ഭാരം കുറവാണ് എന്നുകൂടി അഭിപ്രായപ്പെട്ടു. മൂലകങ്ങളുടെ സ്ഥിരത സംബന്ധിച്ച് ഈ നിരീക്ഷണം പില്‍ക്കാലത്ത് ഏറെ പ്രസക്തമായി. കൂടുതല്‍ മൂലകങ്ങള്‍ കണ്ടെത്താം എന്ന് പ്രവചിക്കുക മാത്രമല്ല അവക്കായി തന്റെ പട്ടികയില്‍ സ്ഥലം ഒഴിച്ചിടുകയും അവയുടെ ഭൗതികരാസസ്വഭാവങ്ങള്‍ കൃത്യമായി പ്രവചിക്കുകയും ചെയ്തു.  ഇന്നത്തെ ആവര്‍ത്തനപ്പട്ടികയുടെ രൂപത്തില്‍ നിന്ന് വ്യത്യസ്തമായി ഗ്രൂപ്പുകളെ വരികളായും പിരീഡുകളെ കുത്തനെയുള്ള നിരകളായുമാണ് ആദ്യം മെന്റലീഫ് ക്രമീകരിച്ചത്. 1871 ല്‍ പ്രസിദ്ധീകരിച്ച പുതുക്കിയ പട്ടികയില്‍ ഗ്രൂപ്പുകളെ കുത്തനെയുള്ള വരികളായും പിരീഡുകളെ നിരകളായും മാറ്റി രൂപം പരിഷ്കരിച്ചു. ഓക്സൈഡുകളുടെ രാസസൂത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു.. മൂലകങ്ങളെ 8 ഗ്രൂപ്പുകളായി വേർതിരിച്ചതിനാല്‍ മൂലകങ്ങളുടെയും സംയുക്തങ്ങളുടേയും പഠനം എളുപ്പമായി. ഒറ്റനോട്ടത്തില്‍ തന്നെ രാസപ്രവര്‍ത്തനശേഷി, തിളനില എന്നിവയെല്ലാം പ്രവചിക്കാവുന്ന അവസ്ഥയുണ്ടായി. മാത്രമല്ല ചില മൂലകങ്ങളെ അറ്റോമികഭാരത്തിന്‍റെ ക്രമം ലംഘിച്ച് രാസസ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയതും  അദ്ദേഹത്തിന്‍റെ വിജയമാണ്. തന്റെ പട്ടികയുടെ അടിസ്ഥാനത്തില്‍ ചില മൂലകങ്ങളുടെ തെറ്റായി കണക്കാക്കപ്പെട്ട അറ്റോമിക ഭാരങ്ങളെ മെന്‍ദലീഫ് തിരുത്തുകയും ചെയ്തു. പ്രവചിക്കപ്പെട്ട മൂന്ന്‌ മൂലകങ്ങള്‍ക്ക്‌ അദ്ദേഹം ഏക ബോറോണ്‍; ഏക അലൂമിനിയം; ഏക സിലിക്കണ്‍ എന്നിങ്ങനെ പേരും നല്‍കി. 1875-ൽ പോള്‍ എമിലി ലെക്കോക്‌ ദി. ബോയിബാദ്രന്‍ എന്ന ഫ്രഞ്ചുശാസ്‌ത്രകാരന്‍ ഏക-അലൂമിനിയം കണ്ടുപിടിക്കുകയും അതിന്‌ ഗാലിയം എന്ന് പേര് നല്‍കുകയും ചെയ്തു. നിൽസണ്‍ എന്ന സ്വീഡിഷ്‌ ശാസ്‌ത്രജ്ഞന്‍ എക്ക-ബോറോണ്‍ കണ്ടുപിടിച്ച്‌ സ്‌കാന്‍ഡിയം എന്നും 1886-ൽ സി.എ. വിങ്ക്‌ളർ എക്ക-സിലിക്കണ്‍ കണ്ടെത്തി ജർമേനിയം എന്നും പേരിട്ടു. മെന്‍ദലീഫിന്റെ പ്രവചനങ്ങള്‍ അങ്ങനെ ശരിയാണെന്ന് തെളിയിക്കപ്പെടുകയും ഏറെക്കാലം രസതന്ത്രജ്ഞര്‍ക്ക് സഹായിയായി മെന്‍ദലീഫിന്റെ ആവര്‍ത്തനപ്പട്ടിക തുടരുകയും ചെയ്തു. പിന്നെയും വളരെക്കാലം കഴിഞ്ഞാണ് ആറ്റം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ കണങ്ങള്‍ കൊണ്ടാണെന്നും അറ്റോമിക സംഖ്യയും ഭാരവും ഇവയുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും കണ്ടെത്തുന്നത് എന്നും ഓര്‍ക്കേണ്ടതുണ്ട്. അറ്റോമിക ഭാരം സംബന്ധിച്ച മെന്‍ദലീഫിന്റെ ഉള്‍ക്കാഴ്ച ക്രിയാത്മകം എന്നതിനപ്പുറം ഭാവനാത്മകവുമായിരുന്നു എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.

ഇങ്ങനെയൊക്കെയാണെങ്കിലും മെന്‍ദലീഫിന്റെ ആവര്‍ത്തനപ്പട്ടിക പഴുതുകള്‍ ഇല്ലാത്തതായിരുന്നില്ല. ആർഗണ്‍-പൊട്ടാസിയം (Ar-K), കൊബാള്‍ട്‌-നിക്കൽ (Co-Ni), ടെല്യൂറിയം-അയഡിന്‍(Te-I), പലേഡിയം-തോറിയം (Pd-Th) എന്നീ നാലു ജോടി മൂലകങ്ങളിൽ അറ്റോമികഭാര ക്രമം  ലംഘിച്ചിരിക്കുന്നതുകാണാം. ഒരേ സ്വഭാവമുള്ള മൂലകങ്ങള്‍ വിവിധ ഗ്രൂപ്പുകളില്‍ പെടുത്തുകയും(ബേരിയം, ലെഡ്‌, കോപ്പർ, മെർക്കുറി തുടങ്ങിയവ ഉദാഹരണം) സാദൃശ്യമില്ലാത്തവയെ ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചെമ്പ് (Co), വെള്ളി (Ag), സ്വര്‍ണ്ണം (Au) എന്നിവയെ സോഡിയം, പൊട്ടാസ്യം തുടങ്ങിയയുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത് ഉദാഹരണം. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ അലസവാതകങ്ങള്‍ കണ്ടെത്തി. ആറ്റത്തിന്റെ ഘടന സംബന്ധിച്ച ധാരണകളും പൊളിച്ചെഴുതപ്പെട്ടു.  ഐസോടോപ്പുകളുടെ കണ്ടെത്തലോടെ അറ്റോമികഭാരത്തെ അടിസ്ഥാനമാക്കിയുള്ള വര്‍ഗ്ഗീകരണം അപ്രസക്തമായി. മാത്രമല്ല ക്വാണ്ടം ബലതന്ത്രത്തിന്റെ ആവിര്‍ഭാവത്തോടെ ഇലക്ട്രോണ്‍ വിന്യാസങ്ങള്‍ വിപുലീകരിക്കപ്പെടുകയും ശാസ്ത്രം കൂടുതല്‍ മുന്നോട്ട് പോയതോടെ കൂടുതല്‍ മൂലകങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ആറ്റങ്ങളുടെ ന്യൂക്ലിയാര്‍ ചാര്‍ജ്ജും രാസസ്വഭാവവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നത് ഹെന്‍റി മോസ് ലി എന്ന ശാസ്ത്രജ്ഞനാണ്. മൂലകങ്ങള്‍ പുറപ്പെടുവിക്കുന്ന എക്സ് കിരണങ്ങളുടെ തരംഗദൈര്‍ഘ്യവും അറ്റോമിക സംഖ്യയും താരതമ്യം ചെയ്തുള്ള പഠനമാണ് ഇതിന് അദ്ദേഹത്തെ സഹായിച്ചത്. . 1913ല്‍ അറ്റോമിക് നമ്പര്‍ അഥവാ പ്രോട്ടോണുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ ആവര്‍ത്തന നിയമം അദ്ദേഹം മുന്നോട്ടുവെച്ചു. അലുമിനിയത്തിനും സ്വര്‍ണ്ണത്തിനും ഇടക്കായി കണ്ടെത്തപ്പെടാത്ത നാലുമൂലകങ്ങള്‍ അദ്ദേഹം പ്രവചിക്കുകയും ചെയ്തു. ഇവ പിന്നീട് കണ്ടെത്തപ്പെട്ടു. ഇങ്ങനെയൊക്കെയാണെങ്കിലും ഹൈഡ്രജന്റെ സ്ഥാനവും ലാന്തനൈഡുകളുടെയും ആക്റ്റിനൈഡുകളുടെയും സ്ഥാനവും ഇന്നും വിവാദവിഷയമായി തുടരുന്നു .

മെൻദലീഫ് ജീവിതകാലം – സമകാലികര്‍ 

രസതന്ത്രത്തിനപ്പുറം

[box type=”info” align=”” class=”” width=””]റഷ്യന്‍സംസ്കാരത്തിന്റെ ഭാഗമായ ആത്മീയത ശാസ്ത്രപഠനത്തെ ദോഷകരമായി ബാധിക്കുമെന്ന കാഴ്ചപ്പാട് പത്തോമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മെന്‍റ്ലീഫിന് ഉണ്ടായിരുന്നു. ശാസ്ത്രത്തെ സമൂഹത്തിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹം പൊതുവായനക്കായി ധാരാളം ശാസ്ത്രലേഖനങ്ങള്‍ എഴുതി. വിദ്യാര്‍ത്ഥിസമരത്തെ പിന്തുണച്ചതിനാണ് മെന്‍ദലീഫിന് തന്റെ അധ്യാപകജോലി രാജിവെക്കേണ്ടി വന്നത്.[/box]

അദ്ദേഹം കൂടി  മുന്‍കൈയെടുത്താണ് റഷ്യന്‍ കെമിക്കല്‍ സൊസൈറ്റി സ്ഥാപിക്കപ്പെട്ടത്. കൂടാതെ റഷ്യയിലെ പെട്രോളിയം വ്യവസായത്തിനും അളവുതൂക്ക വ്യവസ്ഥക്കും അടിത്തറയിട്ടത് മെന്‍ദലീഫ് ആയിരുന്നു. വ്യവസായം, കൃഷി, ജനസംഖ്യാവര്‍ദ്ധനവ് തുടങ്ങിയവയുമായി ബന്ധപ്പെട്ടും അദ്ദേഹം പഠനങ്ങള്‍ നടത്തിയിരുന്നു. സാമ്പത്തിക വിദഗ്ദ്ധന്‍ അല്ലായിരുന്നുവെങ്കിലും റഷ്യയിലെ വ്യവസായവളര്‍ച്ചക്ക് സഹായകമായ വിധത്തില്‍ നിയമങ്ങള്‍ കൊണ്ടുവരാന്‍  ഭരണാധികാരികളെ പ്രേരിപ്പിച്ചു.

[box type=”info” align=”” class=”” width=””]രസതന്ത്രത്തെ വിവിധ ശാസ്ത്രശാഖകളുമായും, ശാസ്ത്രത്തെ സമൂഹവുമായും വ്യവസായ രംഗവുമായും കൂട്ടിയിണക്കാന്‍ കഴിഞ്ഞ മെന്‍ദലീഫ് ഒരു അപൂര്‍വ്വ പ്രതിഭ തന്നെയായിരുന്നു.[/box]

പില്‍ക്കാലത്ത് പരിഷ്കരണങ്ങള്‍ ഉണ്ടായെങ്കിലും ഇന്ന് കാണുന്ന പിരീഡുകളും ഗ്രൂപ്പുകളും അടങ്ങിയ ആവര്‍ത്തനപ്പട്ടികയുടെ അടിസ്ഥാന രൂപം മെന്‍ദലീഫിന്‍റെ സംഭാവനയാണ്. നൂറ്റിപ്പതിനെട്ട് മൂലകങ്ങള്‍ കണ്ടെത്തിയതോടെ ആവര്‍ത്തനപ്പട്ടികയുടെ ഏഴാമത്തെ നിരയും പൂര്‍ണ്ണമായിക്കഴിഞ്ഞു. പുതിയ മൂലകങ്ങള്‍ ഇനിയും കണ്ടെത്താനുള്ള സാധ്യതകളെപ്പറ്റി വിഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. എങ്കിലും കാലമേറെക്കഴിഞ്ഞാലും പ്രസക്തി ചോരാതെ, മുന്നോട്ട് കുതിക്കുന്ന ശാസ്ത്രത്തിനൊപ്പം മാറാനുള്ള സാധ്യതകള്‍ അവശേഷിപ്പിച്ചുകൊണ്ട് തന്നെ ആവര്‍ത്തനപ്പട്ടിക നിലനില്‍ക്കും.

ആവര്‍ത്തനപ്പട്ടികയുടെ ചരിത്രവും മെന്‍ദലീഫിന്റെ ജീവിതവും വിഷയമായ ഡോക്യമെന്ററി കാണാം – The Mystery of Matter: “UNRULY ELEMENTS”

Leave a Reply