Read Time:9 Minute
ക്യാൻസർ രോഗികളിൽ സാധാരണ കൂടുതലായി കാണുന്നതാണ് രക്തംകട്ട പിടിക്കുന്നതും ഹൃദയസ്തംഭനവും. ക്യാൻസർ ഒരു സ്ഥലത്ത്‌ നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക്‌ പടരുന്നത്‌ എങ്ങനെ എന്നതും ശാസ്ത്രലോകം പഠിച്ച്‌ കൊണ്ടിരിക്കുകയാണു. ക്യാൻസർ കോശങ്ങൾ ദൂരെയുള്ള ആരോഗ്യമുള്ള കോശങ്ങളുമായി ആശയവിനിമയം നടത്തുന്നത്‌ എക്സൊസോമുകൾ വഴിയാണു എന്ന വാദത്തിനു തെളിവുകൾ ഈയിടെയായി വന്നു കൊണ്ടിരിക്കുന്നു. കോശങ്ങളുടെ ഉള്ളിലുള്ള പ്രോട്ടീനുകളും മറ്റും ചെറിയ കുമിളകളായി കോശത്തിനു പുറത്തേയ്ക്ക്‌ വരുന്നു. ഈ കുമിളകളെ പൊതുവെ എക്സ്ട്രാ സെല്ലുലാർ വെഹിക്കിൾസ്‌ (sEVs)എന്നാണു പറയുക. വലുപ്പം തീരെ കുറഞ്ഞവയെ എക്സൊസോമുകൾ എന്നു വിളിക്കുന്നു.. ഈ കുമിളകൾ കോശത്തിൽ നിന്ന് രക്തത്തിലേയ്ക്ക്‌ പ്രവേശിച്ച്‌ ശരീരത്തിലെ മറ്റുഭാഗങ്ങളിലേക്ക് എത്തുന്നു. അവിടെ ഒരു ആരോഗ്യമുള്ള കോശത്തിനുള്ളിലേയ്ക്ക്‌ ക്യാൻസർ കോശത്തിൽ നിന്നുള്ള സന്ദേശം കൈമാറുന്നു.

രക്തകുഴലിൽ വെച്ച്‌ ഈ കുമിളകളെ പ്ലേറ്റ്‌ലെറ്റുകൾ വിഴുങ്ങുവാനും അത്തരം പ്ലേറ്റ്‌ലെറ്റുകൾ ഉത്തേജിക്കപ്പെടുവാനും സാധ്യതയുണ്ട്‌. ഇത്തരം സാഹചര്യത്തെ പറ്റിയുള്ള ഒരു പഠനം ശാസ്ത്ര ജേർണ്ണലായ Circulation Research ൽ അമേരിക്കയിലെ ക്ലീവ്‌ലാന്റ്‌ ക്ലിനിക്കിലെ ഗവേഷകർ പ്രസിദ്ധീകരിച്ചു. ഈ പഠനത്തിന്റെ പ്രാധാന്യം കൊണ്ട്‌ ജേർണ്ണലിലെ എഡിറ്റോറിയലിലും ചർച്ച ചെയ്യുന്നുണ്ട്‌.

പ്ലേറ്റ്‌ലെറ്റുകൾ

മനുഷ്യ ശരീരത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ കാലാവധി ഏകദേശം ഒരാഴ്ചയാണ്. ഇവയുടെ എണ്ണം ചുവന്ന രക്താണുക്കൾക്ക്‌ പുറകിൽ രണ്ടാമതാണ്. ഡെങ്കി പനി ബാധിക്കുമ്പോൾ പ്ലേറ്റ്‌ലെറ്റുകൾ തീരെ കുറഞ്ഞ് അത്‌ രോഗിയുടെ മരണത്തിലേയ്ക്ക്‌ വരെ കാരണമാകും. ചെറിയ മുറിവുകൾ ഉണ്ടാകുമ്പോൾ ഈ പ്ലേറ്റ്‌ലെറ്റുകൾ ഉത്തേജിക്കപ്പെടുകയും രക്തംകട്ട പിടിച്ച്‌ കൂടുതൽ രക്തം നഷ്ടമാകുന്നത്‌ തടയുകയും മുറിവുകൾ ഉണക്കാൻ മറ്റു സഹായകോശങ്ങളെ വിളിച്ച്‌ വരുത്തുകയും ചെയ്യുന്നു. പ്ലേറ്റ്‌ലെറ്റുകൾ പുതിയ രക്തകുഴലുകൾ ഉണ്ടാക്കുവാൻ (ആഞ്ജിയോജെനെസിസ്‌) സഹായിക്കും. ക്യാൻസർ ചുറ്റുപാടിൽ അനിയന്ത്രിതമായി ഇങ്ങനെ രക്തക്കുഴൽ വളരുന്നത്‌ ക്യാൻസർ കടുപ്പമാകുന്നതിലേയ്ക്ക്‌ നയിക്കും. പ്ലേറ്റ്‌ലെറ്റുകളാണ് രക്ത കുഴലിൽ രക്തം കട്ട പിടിക്കുവാൻ ഇടയാക്കുന്നത്‌. ചുരുക്കത്തിൽ പ്ലേറ്റ്‌ലെറ്റുകൾ ഗുണകരവും ദോഷകരവും ആയി മാറാം.

ചിത്രം : www.ahajournals.org/

പ്ലേറ്റ്‌ലെറ്റുകളും ക്യാൻസർകോശങ്ങളും

പുതിയ പഠനത്തിൽ ക്യാൻസർ കോശങ്ങളിൽ നിന്ന് പുറത്ത്‌ വരുന്ന കുമിളകളെ പ്ലേറ്റ്‌ലെറ്റുകൾ വിഴുങ്ങുന്നതായി കണ്ടെത്തി. പ്രോസ്റ്റേറ്റ്‌ ക്യാൻസർ കോശങ്ങളിൽ നിന്ന് പുറത്ത്‌ വരുന്ന കുമിളകൾ ശേഖരിച്ച്‌ അതിലെ പ്രോട്ടീനുകളെ കണ്ടെത്തി കോശങ്ങളുമായി താരതമ്യം ചെയ്തു. രോഗികളുടെ രക്തം ശേഖരിച്ച്‌ പ്ലേറ്റ്‌ലെറ്റുകൾ പരിശോധിച്ചപ്പോൾ കാൻസർ കോശങ്ങളിലെയും കുമിളകളിലെയും ചില പ്രോട്ടീനുകൾ പേറ്റ്ലെറ്റുകളിലും കണ്ടു. എന്നാൽ ഇതേ രോഗികൾക്ക്‌ പ്രോസ്റ്റേറ്റ്‌ ഓപ്പറേഷൻ കഴിഞ്ഞ്‌ മൂന്നു മാസം കഴിഞ്ഞപ്പോൾ ഈ പ്രോട്ടീനുകൾ പ്ലേറ്റ്‌ലെറ്റിൽ നിന്ന് അപ്രത്യക്ഷമായി.

ഈ കുമിളകൾ പേറ്റ്ലെറ്റുകളിലേയ്ക്ക്‌ ക്യാൻസർ പ്രോട്ടീനുകളെ എത്തിക്കുന്നത്‌ എങ്ങിനെയെന്ന് പരിശോധിച്ചു. കുമിളകൾക്ക്‌ പുറമേയുള്ള ആവരണത്തിൽ കാണുന്ന CD63 എന്ന പ്രോട്ടീനും പ്ലേറ്റ്‌ലെറ്റുകളുടെ പുറമേയുള്ള ആവരണത്തിലെ RPTP ആൽഫ എന്ന പ്രോട്ടീനും തമ്മിൽ കൈ കോർക്കുമ്പോൾ കുമിളകൾ പ്ലേറ്റ്‌ലെറ്റിനഅകത്ത്‌ കയറി മറ്റു പ്രോട്ടീനുകളെ ഉത്തേജിപ്പിച്ച്‌ പ്ലേറ്റ്‌ലെറ്റിനു പുറമേയുള്ള Integrin എന്ന പ്രോട്ടീനെ ഉണർത്തുന്നു. ഇങ്ങനെ ഉത്തേജിക്കപ്പെട്ട പ്ലേറ്റ്‌ലെറ്റുകൾ രക്തകുഴലിൽ അടിഞ്ഞ്‌ കൂടി മറ്റു പ്ലേറ്റ്‌ലെറ്റുകളെ കട്ടപിടിച്ച്‌ രക്തകുഴലിൽ തടസം ഉണ്ടാക്കുന്നു. സാധാരണ രക്തം കട്ട പിടിക്കുമ്പോൾ പ്ലേറ്റ്‌ലെറ്റുകൾ ഉത്തേജിക്കപ്പെടുവാൻ മിനിറ്റുകൾ മതിയാകുമ്പോൾ ക്യാൻസർ കുമിളികൾ വഴി അര മണിക്കൂറിനു മുകളിൽ സമയം എടുത്താണു പ്ലേറ്റ്‌ലെറ്റുകൾ ഉത്തേജിപ്പിക്കപ്പെടുന്നത്‌.

മുൻപ്‌ പറഞ്ഞ CD63യെയോ RPTP ആൽഫയെയോ അവയുടെ ആന്റിബോഡി ഉപയോഗിച്ച്‌ തടഞ്ഞാൽ കുമിളകൾ പ്ലേറ്റ്‌ലെറ്റിനു അകത്ത്‌ കയറുന്നതും ഉത്തേജിപ്പിക്കപ്പെട്ട്‌ കട്ടപിടിച്ച്‌ രക്തകുഴലിൽ തടസം ഉണ്ടാക്കുന്നതും ഇല്ലാതാകും എന്ന് ക്യാൻസർ പിടിച്ച എലികളിൽ പരീക്ഷിച്ചു കണ്ടെത്തി.

ഈ പഠനം രണ്ട്‌ കാര്യങ്ങൾ മുന്നോട്ട്‌ വെയ്ക്കുന്നു. ഒന്ന് പ്രോസ്റ്റേറ്റ്‌ ക്യാൻസറുകൾ രക്ത പരിശോധനയിൽ കണ്ടെത്തുവാൻ പുതിയ പ്രോട്ടീനുകളെ നോക്കുന്നതിലൂടെ സഹായിക്കും. രണ്ട്‌ നിലവിലെ ചില മരുന്നുകൾ ഉപയോഗിച്ച് തന്നെ രക്തക്കുഴലിൽ രക്തം കട്ടപിടിച്ചുള്ള ഹൃദയാഘാതത്തിലൂടെയുള്ള മരണത്തിൽ നിന്നും ക്യാൻസർ രോഗികളെ രക്ഷിക്കാം. എന്നാൽ ഇതിനു ക്ലിനിക്കൽ ട്രയലുകൾ നടത്തേണ്ടതുണ്ട്‌. അതിലേയ്ക്കായി ഈ ഗവേഷകർ പേറ്റന്റിനും ക്ലീനിക്കൽ ട്രയലിനും ശ്രമിക്കുകയാണ്..


അധികവായനയ്ക്ക് :

 

Happy
Happy
40 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
40 %

Leave a Reply

Previous post പുതുമഴയുടെ മണം
Next post ജൂണ്‍ 26 – അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
Close