Read Time:10 Minute
രചന : ഡോ.ഡാലി ഡേവിസ് അവതരണം : ദീപ്തി ഇ.പി , 2020 നവംബർ ലക്കം യുറീക്കയിൽ പ്രസിദ്ധീകരിച്ചത്.

കേൾക്കാം


‘അമ്മേ എന്തൊരു നല്ല മണം! ഇതെവിടെന്നു വരുന്നു?’ നനഞ്ഞ് നടക്കുമ്പോൾ ഋതുക്കുട്ടി അമ്മയോട് ചോദിച്ചു.

ഋതുക്കുട്ടിയും അമ്മയും കൂടി നടക്കാനിറങ്ങിയതായിരുന്നു. പെട്ടെന്നാണ് മഴ പെയ്തത്. വേനൽക്കാലമായതുകൊണ്ട് അവർ കുടയെടുത്തിരുന്നില്ല.

‘ഇത് പുതുമഴയുടെ മണമാണ്. എല്ലാ പുതുമഴയ്ക്കും ഈ മണം ഉണ്ടാകും. അതെങ്ങനെ വരുന്നു എന്ന് അമ്മക്കറിയില്ലാലോ.’

‘അമ്മേ അമ്മേ… നമുക്ക് വീട്ടിലെത്തിയിട്ട് ഗൂഗിളമ്മച്ചിയോട് ചോദിക്കാമമ്മേ’ ഋതുക്കുട്ടി പറഞ്ഞു.

വര : സതീഷ് കെ.

വീട്ടിലെത്തി ഉടുപ്പ് മാറാൻ പോലും സമ്മതിക്കാതെ ഋതുക്കുട്ടി അച്ഛന്റെ മൊബൈൽ ഫോണിൽ തിരയാൻ തുടങ്ങി. അവളുടെ ആവേശം കണ്ട് അമ്മയും സ്വന്തം ഫോണുമായി കൂടെ കൂടി.

ഇതാ കിട്ടിപ്പോയി… ആദ്യം ഉത്തരം കണ്ടുപിടിച്ചത് ഋതുക്കുട്ടിയായിരുന്നു. ‘അമ്മേ.. നോക്കമ്മേ, ജിയോസ്മിൻ എന്ന വസ്തുവാണ് ഈ മണം ഉണ്ടാക്കുന്നത്. അതുണ്ടാക്കുന്നത് ഒരുതരം ആക്റ്റിനോ ബാക്ടീരിയകൾ ആണെന്ന്.

‘അല്ല ഋതൂ.. ഇതു നോക്കൂ… ജിയോസ്മിൻ മാത്രമല്ല, ചില സസ്യ എണ്ണകളും ഈ മണമുണ്ടാക്കാൻ സഹായിക്കുന്നുണ്ട്.’

‘മുഴുവൻ നോക്കൂ അമ്മേ..’ ഋതുവിനു തിരക്കായി.

‘ഓ.. ചില സസ്യങ്ങൾ ഉണ്ടാക്കുന്ന പ്രത്യേക തരം എണ്ണകൾ വരണ്ട കാലാവസ്ഥയിൽ മണ്ണിലും കളിമണ്ണിലും പാറകളിലും പറ്റിപ്പിടിക്കുമെന്ന്.’

‘എന്നിട്ട്, എന്നിട്ട്…’ ഋതുവിന് ആകാംക്ഷ സഹിക്കാൻ വയ്യ.

‘പുതുമഴ പെയ്യുമ്പോൾ ആദ്യം വെള്ളം വരണ്ട മണ്ണിൽ തട്ടും. അപ്പോൾ അവിടെ ഒരു വായുകുമിള ഉണ്ടാവും. ആ വെള്ളവും വായുകുമിളയും ചേർന്ന് ഒരു സ്പ്രേ അടിക്കുന്ന പോലെ ആ നൈസർഗീക എണ്ണകളെ വായുവിൽ പടർത്തും. അപ്പോൾ അവയുടെ മണവും പുതുമഴയിൽ ചേരും.’

‘അതുശരി… ജിയോസ്മിനും ഉണ്ട്… പിന്നെ, സസ്യ എണ്ണകളും ഉണ്ട് അല്ലേ, ഈ പുതുമണത്തിനു പിന്നിൽ..’

‘ഉംം.. പക്ഷേ, എന്തിനായിരിക്കും ബാക്ടീരിയകൾ ഈ ജിയ്യോസ്മിൻ ഉണ്ടാക്കുന്നത്?’

‘അതുതന്നെയാ നോക്കുന്നത്. എത്ര തിരഞ്ഞിട്ടുംഅതിനു ഉത്തരം കിട്ടുന്നില്ല.’ അമ്മ ആലോചനയിലാണ്ടു.

‘എന്താ രണ്ടാൾക്കും പറ്റിയത്. മൊട്ടക്കച്ചോടത്തിലു നഷ്ടം വന്നോ?’ അവിടേക്ക് കടന്നുവന്ന അരുവി ചോദിച്ചു.

‘കളിയാക്കാതെടീ.. ഞങ്ങളൊരു കാര്യത്തിന് ഉത്തരം തേടുകയായിരുന്നു.’ അമ്മ പറഞ്ഞു.

‘ചേച്ചി വേണേല്‍ കൂടിക്കോ…’ ഋതു വീണ്ടും തിരച്ചിലിൽ മുഴുകിയിരുന്നു.

അരുവീ… പുതുമഴയ്ക്ക് മണം ഉണ്ടാകാൻ കാരണം, ജിയോസ്മിനും മഴപെയ്യുമ്പോൾ പുറത്ത് വരുന്ന സസ്യഎണ്ണകളും ആണെന്നു ഞങ്ങൾ തിരഞ്ഞ് കണ്ടുപിടിച്ചു. പക്ഷേ, എന്തിനാണ് ബാക്ടീരിയങ്ങൾ ജിയോസ്മിൻ ഉണ്ടാക്കുന്നതെന്നു തിരഞ്ഞിട്ട് കിട്ടുന്നില്ല. നിനക്ക് വല്ല ഐഡിയയുമുണ്ടോ?’ അമ്മ ചോദിച്ചു.

‘അമ്മ ആ ഫോൺ ഇങ്ങു താ. ചില താക്കോൽ വാക്കുകൾ കൊടുത്താൽ ഉത്തരം പെട്ടെന്ന് കിട്ടും. നമുക്ക് നോക്കാം’ എന്നും പറഞ്ഞു അരുവി അമ്മയുടെ മൊബൈൽ ഫോൺ വാങ്ങി ടൈപ്പ് ചെയ്യാന്‍ തുടങ്ങി. ടൈപ്പ് ചെയ്യുന്ന വാക്കുകള്‍ അവള്‍ പതുക്കെ പറയുന്നുമുണ്ടായിരുന്നു.’ മഴ.. ജിയോസ്മിൻ… ആക്റ്റിനോമൈസെറ്റ് ബാക്ടീരിയങ്ങൾ…’

വര സതീഷ് കെ

‘ഇതാ കിടക്കുന്നു ഏറ്റവും പുതിയ ഗവേഷണ ഫലം!’ അരുവി പെരുവിരല്‍ ഉയര്‍ത്തിക്കാട്ടി.

‘വായിക്ക്.. വായിക്ക്..’ ഋതുവും അമ്മയും ഒരുമിച്ചാണ് പറഞ്ഞത്.

‘അതായത് ഈ ആക്റ്റിനോ ബാക്ടീരിയകൾ ഉണ്ടാക്കുന്ന ജിയോസ്മിൻ, സ്പ്രിങ്റ്റെയിൽ (springtails) എന്ന പ്രാണികളെ ആകർഷിക്കും. ഈ പ്രാണികൾ ബാക്ടീരിയങ്ങളെ ഭക്ഷിക്കുന്ന സമയത്ത് അവയുടെ സ്പോറുകൾ (spores) ഈ പ്രാണികളുടെ ദേഹത്ത് പറ്റിപ്പിടിക്കും. ഈ പ്രാണികൾ മറ്റിടങ്ങളിൽ സഞ്ചരിക്കുമ്പോൾ സ്പോറുകള്‍ അവിടെ വീഴുകയും പുതിയ ബാക്ടീരിയ കോളനികൾ ഉണ്ടാകുകയും ചെയ്യും.’

മഴമണത്തിന്റെ കാരണങ്ങൾ

‘ഒഹോ! സ്വയം പ്രാണികൾക്ക് ഭക്ഷണമായി പുതിയ തലമുറയെ ഉണ്ടാക്കുകയാണല്ലേ ബാക്ടീരിയങ്ങൾ. കൊള്ളാമല്ലോ ഐഡിയ!’ ഋതു സ്വയം പറഞ്ഞു

‘അതുമാത്രമല്ല അമ്മേ… മറ്റൊരു ഗവേഷണത്തിൽ എന്തുകൊണ്ടാണ് തരിശു ഭൂമിയിൽ മഴ പെയ്യുമ്പോൾ ഈ മണം കൂടുതൽ അനുഭവപ്പെടുന്നത് എന്നും പറയുന്നുണ്ട്.’ അരുവി മൊബൈൽ ഫോണിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

‘എന്താത്?’ അമ്മ ചോദിച്ചു.

‘പുതുമഴയുടെ മണത്തിനു ഇടയാക്കുന്ന സസ്യഎണ്ണകൾ സ്വാഭാവികമായി മഴയത്ത് മുളയ്ക്കുന്ന ചെടികളുടെ വളർച്ചയെ തടയുമെന്ന്. അതുകൊണ്ടാണത്രെ അവിടം തരിശാകുന്നത്. അതു മാത്രമല്ലട്ടോ വിശേഷം.. ഇന്ത്യയിലെ കനൗജിൽ ഈ സസ്യ എണ്ണകൾ കളിമൺ കട്ടകളിൽ നിന്നും ശുദ്ധീകരിച്ചെടുക്കുന്ന പാരമ്പര്യ തൊഴിൽ ചെയ്യുന്നവർ ഉണ്ടെന്ന്. മിട്ടീ കാ അത്തർ (മണ്ണിന്റെ അത്തർ) എന്ന പേരിൽ ഇതുണ്ടാക്കി വിൽക്കുന്നുണ്ടെന്ന്.’

‘ഉവ്വോ.. അത്തറിന്‍ സുഗന്ധവും പൂശിയെന്‍, മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ..’ ഋതു പാട്ടുമൂളാന്‍ തുടങ്ങി.

‘പിന്നേയ് അമ്മേ.. ജിയോസ്മിന്റെ മണം മനുഷ്യർക്ക് പെട്ടെന്ന് തിരിച്ചറിയാൻ പറ്റുമെന്ന്. പതിനായിരംകോടിയിൽ അഞ്ചെണ്ണം ഉണ്ടെങ്കിൽ പോലും നമ്മുടെ മൂക്ക് ഈ മണത്തെ പിടിച്ചെടുക്കുമെന്ന്…’ അരുവി അത്ഭുതം കൂറി

മഴയത്ത് ഇടിമിന്നൽ ഉണ്ടാകുമ്പോൾ ഓസോൺ ഉണ്ടാകുമെന്നും അതുണ്ടാക്കുന്ന മണവും മഴയിൽ ചേരാമെന്നും വായിക്കുകയായിരുന്നു അപ്പോൾ ഋതു.

‘അയ്യോ മഴയത്ത് നനഞ്ഞു വന്നിട്ട് തല പോലും തോർത്തിയില്ല. പോയി കുളിക്ക് ഋതൂ. ഞാനിതാ കുളിക്കാന്‍ പോവുന്നു.’ അമ്മ തോര്‍ത്തെടുത്ത് ചുമലിലിട്ടു.

മിട്ടീ കാ അത്തറിനു എന്തൊരു മണമായിരിക്കും…അരുവി സോഫയിലിരുന്ന് തിരച്ചിൽ തുടർന്നു.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
90 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
10 %

Leave a Reply

Previous post കാലാവസ്ഥമാറ്റത്തിന്റെ ഭൗതിക ശാസ്ത്രം
Next post ക്യാൻസർ രോഗികളിലെ രക്തം കട്ടപിടിക്കലും ഹൃദയ സ്തംഭനവും  – പുതിയ ഗവേഷണങ്ങള്‍
Close